Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

നനവുപടരുന്ന സ്നേഹനഗര കാഴ്ചകൾ 

ഹാഫിള് നസ്‌റുദ്ധീന്‍ അദനി മാളിയേക്കല്‍ by ഹാഫിള് നസ്‌റുദ്ധീന്‍ അദനി മാളിയേക്കല്‍
in Articles, Religious
Reading Time: 4 mins read
0
നനവുപടരുന്ന സ്നേഹനഗര കാഴ്ചകൾ 

അങ്ങകലെ വല്ല നിഴലുമുണ്ടോ എന്നാണവർ പരതുന്നത്. ഇല്ല, ഇന്നും കാത്തിരിപ്പ് നിഷ്ഫലമാണ്. തിരുനബി(സ്വ) മക്കയിൽ നിന്ന് പുറപ്പെട്ടു എന്നറിഞ്ഞതു മുതൽ ഇതാണ് മദീനക്കാരുടെ പതിവ്. സുബ്ഹി മുതൽ വെയിൽ കനക്കും വരെ ഹർറയിൽ പോയി ദൂരേക്ക് കണ്ണുനട്ടിരിക്കും. ശേഷം വീട്ടിലേക്ക് മടങ്ങും. അന്നും പലരും വെയിൽ താങ്ങാൻ കഴിയാതെ തിരിച്ചു നടന്നു. അപ്പോഴാണ് ഒരു ജൂതൻ ദൂരെ നിഴൽ കണ്ട്, “ഓ ബനൂഖൈല, നിങ്ങൾ കാത്തിരിക്കുന്നയാൾ ഇതാ എത്തിയിരിക്കുന്നു” എന്ന് വിളിച്ചു പറയുന്നത്. ഉടനെ എല്ലാവരും വീണ്ടും ഒരുമിച്ചുകൂടി. റബീഉൽ അവ്വലിലെ ഒരു തിങ്കളാഴ്ചയായിരുന്നു ഈ സംഭവമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്. മദീന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിൻ്റെ തുടക്കമായിരുന്നു ഇത്.

മദീന, രണ്ട് ശിലാപർവതങ്ങൾക്കിടയിലുള്ള മനോഹരമായ ഒരു താഴ്‌വര. അങ്ങിങ്ങായി പച്ചയണിഞ്ഞു നിൽക്കുന്ന വിശാലമായ പ്രദേശം. സൗർ ഗുഹയിൽനിന്ന് പുറപ്പെട്ട് പന്ത്രണ്ട് ദിവസങ്ങൾക്കു ശേഷമാണ് തിരുനബിയും സംഘവും മദീനയിലെത്തുന്നത്. അവിടെ നബി(സ്വ) തങ്ങൾ പുതിയൊരു സംസ്കാരത്തെ വിളയിച്ചെടുത്തു. അതു വളർന്ന് ലോകമാകെ പന്തലിച്ചു. ഇസ്‌ലാമിൻ്റെ ആസ്ഥാനമായി ആ പുണ്യഭൂമി മാറി. അങ്ങനെ മുസ്‌ലിമിൻ്റെ പരമലക്ഷ്യമായി ആ നഗരം രൂപാന്തരപ്പെട്ടു.

മദീനയുടെ മഹത്വം

പണ്ഡിത ലോകത്ത് എന്തുകൊണ്ട് നബി(സ്വ) തങ്ങളുടെ വഫാത്തിന് മദീന തിരഞ്ഞെടുത്തു എന്നൊരു ചർച്ചയുണ്ട്. മക്കക്ക് ആദ്യമേ പുണ്യനഗര പദവിയുണ്ട്. എന്നാൽ മദീന പുണ്യനഗരമാവാൻ കാരണം, നബി(സ്വ) തങ്ങളുടെ സാന്നിധ്യം മാത്രമാണ്. മദീനയിൽ വെച്ചു മരിക്കാൻ പറ്റുമെങ്കിൽ നീ ഭാഗ്യവാനാണെന്നും ഞാൻ ശഫാഅത് ചെയ്യുമെന്നും അവിടുന്ന് പഠിപ്പിക്കുന്നതു കാണാം. മാത്രമല്ല, മലക്കുകളുടെ കാവലുമുണ്ട് ആ നാടിന്. അതുകൊണ്ടാണല്ലോ ദജ്ജാലിന് പോലും ആ ബോർഡർ കടക്കാൻ കഴിയാതിരിക്കുന്നത്. ഈ സംഭവങ്ങളെല്ലാം മദീന നബി തങ്ങൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നുവെന്ന് സാക്ഷ്യംവഹിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണല്ലോ യസ്രിബ് എന്ന അശുഭ സൂചനയായിരുന്ന പേരു മാറ്റി തിരുനബി(സ്വ) മദീനയെന്ന്, മദീനതു റസൂൽ എന്ന് പുനർനാമകരണം ചെയ്യുന്നത്. ഇനിയും ഒരുപാടുണ്ട്, തിരുനബിയുടെ മദീനാ സ്നേഹ നിമിഷങ്ങൾ. ഹിജ്റ വന്നെത്തിയ സമയത്ത് അബൂബക്ർ(റ) വിനും ബിലാൽ(റ)വിനുമെല്ലാം പനി പിടിക്കുകയും നബി(സ്വ) തങ്ങൾ അതിനെ ജുഹ്ഫയിലേക്ക് നാടുകടത്തുകയും ചെയ്ത ചരിത്രം സുവിദിതമാണല്ലോ. ഇത്രയും പവിത്രമായ മദീനയിൽ ഒരിക്കൽ ഭൂമികുലുക്കമുണ്ടാകുന്നുണ്ട്. തദവസരത്തിൽ ഉമർ(റ) ചാട്ടവാർ നിലത്തടിച്ചു കൊണ്ട് അടങ്ങാൻ പറഞ്ഞു. അങ്ങനെ അതിനെയും അതിർത്തി കടത്തി. പിന്നീട് ഇന്നേവരെ മദീനയിൽ ഭൂമികുലുക്കമുണ്ടായിട്ടില്ലെന്നത് ചരിത്രം. തിരുനബി ഇടക്കിടെ മദീനക്കു വേണ്ടി പ്രാർഥിക്കാറുണ്ടായിരുന്നു. അവിടം ഫലഭൂയിഷ്ഠമായാൽ സ്വഹാബത്ത് ആ ഫലങ്ങളുമായി ഹബീബിൻ്റെ സന്നിധിയിലെത്തും. അതു കാണുമ്പോൾ നബി(സ്വ) തങ്ങൾ പ്രാർഥിക്കും. “അല്ലാഹുവേ… ഈ ഫലങ്ങളിലെല്ലാം നീ ബറകത് നൽകണേ… അതുപോലെ മദീനയിലും ബറകത് നൽകണേ” എന്ന്. ഇങ്ങനെയാണ് മദീന മഹോന്നതമാകുന്നത്. ആ മഹത്വം അറിയുന്നത് കൊണ്ടാണ് മക്കയിലെ വലിയ കച്ചവടക്കാരനായിരുന്ന സുഹൈബ്(റ) തൻ്റെ ലക്ഷങ്ങൾ വിലമതിക്കുന്ന സമ്പാദ്യങ്ങളും മറ്റെല്ലാം ഉപേക്ഷിച്ച് മദീനയെ പുൽകുന്നത്.

“ഇസ്‌ലാം ലോകത്താകെ വ്യാപിക്കുന്ന അവസരത്തിൽ പലരും സാമ്പത്തികമോ ഭൗതികമോ ആയ അഭിവൃദ്ധിക്കു വേണ്ടി മറ്റു നാടുകളിലേക്ക് കുടിയേറ്റം ആരംഭിക്കും. എന്നാൽ മദീനയുടെ മഹത്വം മനസ്സിലാക്കിയവർക്ക് അവിടെ നിന്ന് പോകാൻ കഴിയില്ല. കാരണം ഇരുമ്പയിരിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കും പോലെ മനുഷ്യനെ ശുദ്ധീകരിക്കാൻ മദീനക്കു കഴിയും”. പ്രസിദ്ധമായൊരു ഹദീസിനെ നമുക്കിങ്ങനെ സംഗ്രഹിക്കാം. ഇതിൻ്റെ വിശദീകരണമെന്നോണം ഇബ്നു ഹജർ(റ) പറയുന്നുണ്ട്: ധാർമികവും ആത്മീയവുമായ മദീനയിലെ പരിതഃസ്ഥിതിയെ പറ്റി ജനങ്ങൾ ബോധവാന്മാരായിരുന്നെങ്കിൽ അവർക്ക് സമ്പത്തിനോടോ മറ്റോ താത്പര്യം ഉണ്ടാകുമായിരുന്നില്ല. ഭൗതികമായ സുഖസൗകര്യങ്ങൾക്കപ്പുറം മദീന ആത്മീയാനുഭൂതികളുടെ നികേതമാണ്. ഒരുപാട് വഹ്‌യുകൾ ഇറങ്ങിയ സ്ഥലമാണ്. നബി(സ്വ) തങ്ങൾ നിർമിച്ചെടുത്ത പ്രദേശമാണ്. കാലങ്ങൾക്കു മുമ്പേ നബി(സ്വ) തങ്ങളെ കാത്തിരിക്കുന്ന നാടാണ്. ഇബ്റാഹീം നബി(അ) മക്കയെ പുണ്യസ്ഥലമാക്കിയതുപോലെ ഞാൻ മദീനയെ പുണ്യമാക്കുകയാണ് എന്നാണല്ലോ അവിടുന്ന് പ്രഖ്യാപിച്ചത്. ആയുധമേന്താൻ പറ്റാത്ത, രക്തച്ചൊരിച്ചിലില്ലാത്ത, അനാവശ്യമായി പ്രകൃതിയെപ്പോലും നോവിക്കാൻ പറ്റാത്ത സ്ഥലമായി മദീനയെ രൂപപ്പെടുത്തുകയായിരുന്നു തിരുനബി(സ്വ).

തുല്യതയില്ലാത്ത വരവേൽപ്പ്

തിരുനബി(സ്വ) തങ്ങൾ മദീനയിലേക്ക് കടന്നുവരുന്ന രംഗം ചരിത്രങ്ങളിൽ നമുക്ക് കാണാനാകും. ത്വലഅൽ ബദ്റു പാടി ദഫ്മുട്ടി ആഹ്ലാദത്തോടെ നബി തങ്ങളെ സ്വീകരിക്കാനും ഓരോരുത്തരും ഒട്ടകത്തെ പിടിച്ച് അവരവരുടെ വീടുകളിലേക്ക് ആനയിക്കാനും തുടങ്ങി. ആ സമയത്ത് നബി(സ്വ) തങ്ങൾ എല്ലാവരോടും ഒട്ടകത്തെ വിടാൻ പറയുന്നുണ്ട്. എവിടെ നിൽക്കണമെന്ന് അതിനോട് കൽപ്പിക്കുന്നുണ്ട്. പിന്നീട് ആ ഒട്ടകം നേരെ നടന്ന് അബൂ അയ്യൂബ് അൽ അൻസ്വാരിയുടെ വീടിൻ മുറ്റത്താണ് മുട്ടുകുത്തുന്നത്. ഉടനെ ബനൂ നജ്ജാർ ഗോത്രത്തിലെ കുട്ടികൾ വീണ്ടും ദഫ്മുട്ടി നബിതങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.

نَحْنُ جَوَارٍ مِنْ بَنِي النَّجَّارِ … يَا حَبَّذَا مُحَمَّدٌ مِنْ جَارِ

എന്ന് പാടി അവിടുത്തെ അയൽപക്കത്തെ അവർ ആഘോഷിക്കുന്നുണ്ട്. നബിതങ്ങൾ ഉടനെ ഇറങ്ങിവന്ന് അവരോട് ചോദിച്ചു. “നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ?” ”അതേ, യാ റസൂലല്ലാഹ്” എന്ന് ഊർജസ്വലമായ മറുപടി കേട്ട് നബിതങ്ങൾ പ്രതിവചിച്ചതിങ്ങനെയാണ്.”അല്ലാഹുവാണ് സത്യം, ഞാൻ നിങ്ങളെയും സ്നേഹിക്കുന്നു”. മൂന്ന് തവണ ഇതാവർത്തിച്ചു പറഞ്ഞു,

മുഹാജിറുകൾക്ക് ജീവനോളം സ്നേഹമാണ് അൻസ്വാറുകൾ നൽകിയത്. നബി(സ്വ) തങ്ങൾ അവർക്കിടയിൽ പുതിയൊരു സാഹോദര്യ മാതൃക പരിചയപ്പെടുത്തുകയും ഓരോ അൻസ്വാരിക്കും ഒരു മുഹാജിറെന്ന തരത്തിൽ പകുത്തു നൽകുകയും ചെയ്തു. അൻസ്വാറുകൾ അത്യധികം സന്തോഷത്തോടെയാണ് ഓരോരുത്തരെയും സ്വീകരിച്ചത്. സഅ്ദ് ബിൻ റബീഅ്(റ) ന് അങ്ങനെ സഹോദരനായി കിട്ടിയത് അബ്ദുറഹ്മാൻ ബിൻ ഔഫ്(റ)വിനെയാണ്. അവരോട് സഅ്ദ്(റ) പറയുന്നതു കാണാം. “ ഞാൻ അൻസ്വാരികളിലെ സമ്പന്നനാണ്. പകുതി സമ്പത്ത് ഞാൻ നിങ്ങൾക്കു തരാം. എനിക്ക് രണ്ട് ഭാര്യമാരുമുണ്ട്. നിങ്ങൾക്ക് അതിൽ ആരെയാണ് വേണ്ടതെന്നു പറഞ്ഞാൽ ഞാൻ ത്വലാഖ് ചൊല്ലാം”. അൻസ്വാറുകളുടെ സമർപ്പണബോധത്തിൻ്റെ ഉദാഹരണങ്ങളാണ് ഇത്തരം കാഴ്ചകൾ. ദീനിനു വേണ്ടി മാത്രം എല്ലാം ത്യജിച്ച മുഹാജിറുകൾക്ക് വേണ്ടതും ഇത്തരം മാനസികമായ ഉത്തേജനമായിരുന്നു. അതിൽ അൻസ്വാറുകൾ വിജയിക്കുകയും ചെയ്തു.

അൻസ്വാറുകളുടെ സ്ഥാനം

മദീനയെ തിരുനബി(സ്വ) വളരെ ബഹുമാനിച്ചിരുന്നു. അതുപോലെ അൻസ്വാറുകൾക്കും വലിയ സ്ഥാനം അവിടുന്ന് നൽകിയിരുന്നു. ശത്രു പീഡനം അസഹ്യമായപ്പോൾ മക്കത്ത് നിന്ന് സ്വന്തം വീടും സമ്പാദ്യങ്ങളുമെല്ലാം ഇട്ടെറിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചത് അവരായിരുന്നല്ലോ. മാത്രമല്ല, സ്വന്തം വീട്ടിൽ തലചായ്ക്കാൻ അവർ ഇടംനൽകുക കൂടി ചെയ്തു. അതുകൊണ്ടൊക്കെയാണ് അൻസ്വാറുകളെ തിരുനബി(സ്വ) വല്ലാതെ പരിഗണിച്ചിരുന്നത്. അവിടുന്ന് പറയുന്നുണ്ടല്ലോ. “സത്യവിശ്വാസികൾക്കു മാത്രമേ അൻസ്വാറുകളെ സ്നേഹിക്കാൻ കഴിയൂ. കപടവിശ്വാസികൾക്കു മാത്രമേ അവരെ വെറുക്കാൻ കഴിയൂ. അൻസ്വാറുകളെ സ്നേഹിച്ചവൻ അല്ലാഹുവിനെ സ്നേഹിച്ചവനും അവരെ വെറുത്തവൻ അല്ലാഹുവിനെ വെറുത്തവനുമാണ്” എന്ന്. ഇതിനേക്കാൾ ശക്തമായ രീതിയിൽ താക്കീത് നൽകുന്നുമുണ്ട് തിരുനബി(സ്വ). മദീനക്കാർക്ക് വല്ല മോശവും സംഭവിക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ വെള്ളത്തിൽ ഉപ്പ് ഉരുകിത്തീരും പോലെ അല്ലാഹു അവനെ ഉരുക്കിക്കളയുമെന്ന് അതിനെ നമുക്ക് ഗ്രഹിക്കാം. മുസ്അബ് ബിൻ സുബൈർ(റ) ഒരിക്കൽ ഒരു അൻസ്വാരിയുമായി വാഗ്വാദത്തിലേർപ്പെടുകയുണ്ടായി. തർക്കം മൂത്ത് മുസ്അബ്(റ) അടിക്കാനാഞ്ഞപ്പോൾ അനസ് ബിൻ മാലിക്(റ) ഇടപെട്ടു. “അൻസ്വാരികൾക്ക് വിട്ടുവീഴ്ച ചെയ്യണമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ടല്ലോ”. മുസ്അബ്(റ) അതോടെ ശാന്തനായി.

അൻസ്വാറുകളോടുള്ള ബഹുമാനത്തിൻ്റെ ഒരുദാഹരണമാണിത്.

മദീന: ചരിത്രം

← Back

Thank you for your response. ✨

പ്രതിദിനം അമ്പതിനായിരത്തിൽ പരം മനുഷ്യർ വന്നു പോകുന്ന മദീനയെന്ന ആത്മീയ നഗരത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നൂഹ് നബിയുടെ നാലാം തലമുറക്കാരായ അമാലിയക്കാരാണ് (Amalekites) മദീനയെന്ന് പിൽകാലത്ത് അറിയപ്പെട്ട യസ്രിബിലെ ആദിമ നിവാസികൾ. നാടോടികളായ അവർ ബാബിലോണിൽ നിന്ന് യമനിലെത്തുകയും പിന്നീട് മദീനയടങ്ങുന്ന അറേബ്യൻ പ്രദേശങ്ങളിലേക്ക് വരുകയും വ്യാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജൂത കുടിയേറ്റം നടക്കുന്നത്. ബനൂനളീർ,ബനൂ ഖുറൈദ, ബനൂ ഖൈനുഖാഅ് എന്നീ ഗോത്രങ്ങളായിരുന്നു അവർ. അവർക്കു പിന്നാലെ യമനിൽ നിന്ന് അറബികളുമെത്തി, ഔസും ഖസ്റജും. ഇവരാണ് മദീനയിൽ കൃഷിയൊക്കെ ആരംഭിക്കുന്നത്. പിന്നീടാണ് തിരുനബിയും സ്വഹാബതും ഹിജ്റയിലൂടെ മദീനയിലെത്തുന്നത്. എന്നാൽ ഇതിനൊക്കെ കാലങ്ങൾക്ക് മുമ്പാണ് തുബ്ബഅ് രാജാവ് മദീനയിലേക്ക് വരുന്നത്. മിസ്വ് റിലെ രാജാക്കന്മാർക്ക് ഫിർഔൻ(ഫറോവ) എന്ന് പറയും പോലെ യമൻ രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് തുബ്ബഅ്. അസ്അദ് എന്നു പേരായ തുബ്ബഅ് ഒന്നാമനാണ് ആ വന്നതെന്ന് സ്വാലിഹുശ്ശാമി(റ) സുബുലു റശാദിൽ രേഖപ്പെടുത്തുന്നുണ്ട്. 400 വേദപണ്ഡിതരും രാജാവിൻ്റെ കൂടെ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ വേദപണ്ഡിതരെല്ലാം ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ശപഥം ചെയ്തു. കാര്യമന്വേഷിച്ച തുബ്ബഅ് രാജാവിനോട് അവരുടെ വേദത്തിൽ മുഹമ്മദ് എന്ന പ്രവാചകനെ പറ്റി പറയുന്നുണ്ടെന്നും അദ്ദേഹം ഇവിടെയാണ് വരുകയെന്നും തുടങ്ങി വേദത്തിലെ പ്രവചനങ്ങളൊക്കെ അവതരിപ്പിച്ചു. ഇതോടെ രാജാവ് നിൽക്കാൻ തീരുമാനിക്കുകയും എല്ലാവർക്കും അവിടെ വീടുവെച്ച് നൽകുകയും ചെയ്തു. കൂട്ടത്തിൽ വരാനിരിക്കുന്ന പ്രവാചകർക്കും ഒരു വീട് പണിതു. ഉംദതുൽ ഖാരി ഒക്കെ പറയുന്നത് പ്രകാരം തിരുനബി(സ്വ) യുടെ ജനനത്തിൻ്റെ ആയിരം വർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. മുഹമ്മദ് നബി(സ്വ) യെ വിശ്വസിക്കുന്നു എന്നും പ്രവാചകരുടെ കാലത്ത് ഞാനുണ്ടെങ്കിൽ അവിടുത്തെ മന്ത്രിയാകുമെന്നും രേഖപ്പെടുത്തിയ ഒരു കത്തും നബി തങ്ങൾക്കായി അന്ന് അയാൾ ഒരാളെ കൊടുത്തേൽപ്പിക്കുന്നുണ്ട്. ആ പണ്ഡിതൻ്റെ പരമ്പരയിലാണ് പിൽകാലത്ത് അബൂ അയ്യൂബുൽ അൻസ്വാരി(റ) ജനിക്കുന്നതും കാലത്തിൻ്റെ കാത്തിരിപ്പെന്ന പോലെ ആ മുറ്റത്ത് തിരുനബിയുടെ ഒട്ടകമായ ഖസ്‌വാഅ് മുട്ടുകുത്തുന്നതും. ആ അവസരത്തിൽ അബൂലൈല എന്നയാൾ ഈ കത്ത് നബി(സ്വ) തങ്ങളിലേക്കെത്തിക്കുന്നുണ്ട്. അയാളെ കണ്ടയുടനെ നബി(സ്വ) തങ്ങൾ “നീ അബൂ ലൈലയല്ലേ തുബ്ബഇൻ്റെ കത്തുമായി വന്നതല്ലേ” എന്ന് ചോദിച്ചു. ഞെട്ടിപ്പോയ അബൂലൈലയോട് കത്ത് തരാൻ ആവശ്യപ്പെടുകയും അങ്ങനെയത് വായിക്കുകയും ചെയ്ത നബി(സ്വ) തങ്ങൾ നന്മനിറഞ്ഞ തുബ്ബഇന് സ്വാഗതമെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പിന്നീട് ഇസ്‌ലാമിക ശരീഅത്തിനെ ശിരസ്സാവഹിച്ച് അതിനെ പ്രയോഗവത്കരിച്ചു കൊണ്ടാണ് മദീനയെ ഒരു ലോകോത്തര നഗരമാക്കി തിരുനബി മാറ്റുന്നത്.

മദീന അനുരാഗമാണ്. അനുരാഗിയുടെ അഭയമാണ്. സ്നേഹ പ്രകാശനങ്ങളുടെ മൂർത്തീഭാവമാണ്. തിരുനബി(സ്വ) ജീവിച്ച മദീന അതിലേറെ സുന്ദരവുമായിരുന്നു. അനസ്(റ) പറയുന്നുണ്ടല്ലോ, നബിതങ്ങൾ വന്ന ദിവസം മദീനയാകെ പ്രകാശിക്കുകയും അവിടുന്ന് വഫാതായ സമയം ആ പ്രകാശം കെട്ടുപോവുകയും ചെയ്തെന്ന്. അതുകൊണ്ടാണ് എനിക്കു ശേഷം നിങ്ങളിവിടെ എങ്ങനെയായിരിക്കമെന്ന ആശങ്ക നബി(സ്വ) തങ്ങൾ പങ്കുവെച്ചപ്പോൾ അബൂബക്ർ(റ) “അങ്ങേക്ക് ശേഷം ഞങ്ങളുണ്ടാകുമോ” എന്ന് ഭയപ്പെടുന്നത്. പിന്നീടൊരിക്കൽ മഹാനവർകൾ പരിഭവപ്പെടുന്നതു കാണാം.

“നബിതങ്ങൾക്കു മുമ്പ് എൻ്റെ മേൽ മീസാൻ കല്ലുകൾ വെക്കുമായിരുന്നെങ്കിൽ…

ഇനിയത്തെ കാലത്തെ സംഭവങ്ങളെല്ലാം എൻ്റെ ഹൃദയത്തെ ക്ഷീണിപ്പിച്ചേക്കാം” എന്ന്. നബി(സ്വ) തങ്ങളുടെ വഫാത്ത് മദീനയെ ശൂന്യമാക്കിയെന്ന് ഹസ്സാൻ ബിൻ സാബിതും(റ) വിലപിക്കുന്നത് ചരിത്രങ്ങളിൽ കാണാം. എങ്കിലും ഇന്നും മദീന ജീവിക്കുന്ന നഗരമാണ്. തിരുനബിയുടെ മേനി സ്പർശിച്ച മണ്ണാണ്. അതെന്നും പവിത്രവുമാണ്. മദീനയെ മനോഹരമാക്കുന്നതും ആ സാന്നിധ്യമാണ്. അവിടുന്ന് ഒരിക്കൽ പ്രാർഥിക്കുന്നുണ്ടല്ലോ. അല്ലാഹുവേ, മദീനയെ മക്കയെപ്പോലെയോ അതിനധികമോ എനിക്ക് പ്രിയപ്പെട്ടതാക്കണേ എന്ന്. ഈ പ്രാർഥനയാണ് നമുക്ക് പിടിവള്ളി. ഏറ്റവും പ്രിയപ്പെട്ടവരായ ഹബീബിൻ്റെ(സ്വ) പ്രിയപ്പെട്ടയിടത്ത് എത്തിച്ചേരലാണ് നമ്മുടെ അഭിലാഷവും.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

വോട്ട്ചോരി; ജനാധിപത്യ ചേരിയിൽ രാഹുൽഗാന്ധിയുണ്ട്

Next Post

കൂടെയുണ്ട് എന്നും

ഹാഫിള് നസ്‌റുദ്ധീന്‍ അദനി മാളിയേക്കല്‍

ഹാഫിള് നസ്‌റുദ്ധീന്‍ അദനി മാളിയേക്കല്‍

Next Post
കൂടെയുണ്ട് എന്നും

കൂടെയുണ്ട് എന്നും

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact