സംശുദ്ധമായ സംസ്‌കാരവും സവിശേഷമായ പാരമ്പര്യവും സമ്പന്നമായ ചരിത്രവുമുളള ഒരു പ്രദേശമാണ് മലപ്പുറം. മലപ്പുറം എന്ന പ്രത്യേക ജില്ല പിറവിയെടുക്കുന്നതിനു മുമ്പ് തന്നെ ആ വ്യതിരിക്തതയും പ്രത്യേകതയും പ്രകടമായിരുന്നു. അതിന് അതിന്റെ കഴിഞ്ഞ കാല ചരിത്രവും പ്രത്യേകമായ സാഹചര്യങ്ങളും ഇടയാക്കി.
സുലൈമാന്‍ നബിയുടെ കാലത്ത് നിര്‍മ്മിച്ച പള്ളിക്ക് ആവശ്യമായ തേക്ക് മലബാറില്‍ നിന്നായിരുന്നു എന്ന പരാമര്‍ശം ചരിത്രത്തില്‍ കാണാം. അത്രക്കും മുമ്പു തന്നെ ഇവിടന്ന് വിദേശങ്ങളിലേക്ക് വിനിമയങ്ങളുണ്ടെന്നും അതിനു പാകപ്പെട്ട ജനത ഇവിടെ ഉണ്ടെന്നും വ്യക്തമാകുന്നു. തുടര്‍ന്നും അറബികളുമായും ഇതര വിദേശികളുമായും നിരന്തരം വ്യാപാരത്തിലേര്‍പ്പെട്ട ഒരു ജനതയാണ് മലബാറുകാര്‍. സ്വാഭാവികമായും മലപ്പുറം പ്രദേശത്തുകാരും. മലപ്പുറമെന്ന പ്രത്യേക ദേശവും അതിനു സമീപ പ്രദേശങ്ങളിലും സവിശേഷമായ സംസ്‌ക്കാരം രൂപപ്പെടുന്നതില്‍ നിരന്തരമായുളള വൈദേശിക ആദാന പ്രദാനങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്. ഇന്നു കാണുന്ന രീതിയില്‍ മുസ്‌ലിം സംസ്‌കാരവും ജനാനുപാതവും ഭൂരിപക്ഷം നേടുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്കുളള വൈദേശികാക്രമങ്ങളെ തുടര്‍ന്നാണ്. അറബികള്‍ കച്ചടത്തിനു വന്ന് ഇവിടെ താമസിക്കുകയും തുടര്‍ന്ന് കടല്‍ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്യുകയും വഴി കടലോര മേഖലയില്‍ മുസ്‌ലിം ജനസംഖ്യ ആനുപാതികമായി വളര്‍ന്നു. കച്ചവട സൗകര്യത്തിനും മറ്റുമായി അവര്‍ അവിടെ വന്ന് താമസിക്കാറുമാണ് പതിവ്. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെയും തുടര്‍ന്നങ്ങോട്ടുളള യൂറോപ്യന്‍ ശക്തികളുടെയും തുടരെയുളള നൂറ്റാണ്ടുകള്‍ നീണ്ട അതിക്രമങ്ങളും അതില്‍ ഇതര സമൂധായങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുധായത്തെ നോട്ടമിടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ സ്വാഭാവികമായും പല കുടുംബങ്ങളും കടലോരം വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങി. അങ്ങനെ കടലോരം വിട്ട് മലയും കുന്നും നിറഞ്ഞ പലയിടത്തും ആളുകളെത്തി. ഇതില്‍ പ്രധാനപ്പെട്ട ഒരു ഇടമെന്ന നിലക്കാണ് മലപ്പുറവും സമീപ പ്രദേശങ്ങളും സമ്പുഷ്ടമാകുന്നത്. പടിഞ്ഞാറ് അറബിക്കടല്‍ ദേശത്തു നിന്ന് കിഴക്കോട്ടു വരുമ്പോള്‍ മലക്കപ്പുറമുളള ഒരു പ്രത്യേക സ്ഥലത്ത് പലരും ഒത്തുകൂടി അവിടെയാണ് ഇന്നത്തെ മലപ്പുറം. കടലുണ്ടിപ്പുഴയെന്ന ജല സ്രോതസ്സും അതികം പ്രശ്‌നമല്ലാത്ത കാലാവസ്ഥയും ഈ പ്രദേശത്തെ തിരഞ്ഞെടുക്കുന്നതില്‍ പങ്കു വഴിച്ചു.
അനവധി ഭരണ കര്‍ത്താക്കള്‍ക്കു കീഴില്‍ ചിതറിക്കിടക്കുകയായിരുന്നു സാമൂതിരിക്കു മുമ്പ് മലപ്പുറം. സാമൂതിരിയുടെ പടയോട്ടക്കാലത്ത് ഈ പ്രദേശം ഒരേ ഭരണത്തിനു കീഴില്‍ വന്നു. 800 വര്‍ഷത്തോളം സാമൂതിരിമാര്‍ ഇവിടെ ഭരണം നടത്തി. മലപ്പുറം ഇവരുടെ സൈനിക കേന്ദ്രമായിരുന്നു. കോട്ടപ്പടി മൈതാനം ഒരു കാലത്ത് സാമൂതിരി സൈനികരുടെ പരിശീലന ആസ്ഥാനമായിരുന്നു. മൈസൂര്‍ രാജാവായ ഹൈദരലിയാണ് പിന്നീട് ഇവിടെ ഭരിക്കുന്നത്. 26 വര്‍ഷത്തോളം അവര്‍ ഭരിച്ചു. ടിപ്പുവിന്റെ തകര്‍ച്ചക്ക് ശേഷം ബ്രിട്ടീഷുകാര്‍ ഭരണം കയ്യേറി. നാലര നൂറ്റാണ്ടോളം അവര്‍ ഇവിടെ ഭരിച്ചു. തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്തിന്റെ പ്രമുഖ ജില്ലയായിരുന്ന മലബാറിന്റെ ഭാഗമായിരുന്നു മലപ്പുറം ദേശം. സ്വാതന്ത്ര്യാനന്തരമുണ്ടായ 1956ലെ കേറളപ്പിറവിക്ക് ശേഷം മലബാറിനെ കണ്ണൂര്‍, കോഴിക്കോട് പാലക്കാട് എന്നമൂന്ന് ജില്ലകളായി വിഭജിച്ചു. തടര്‍ന്ന് 1969 ജൂണ്‍ 16 ന് കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിപക്ഷം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം എന്ന ഒരു ജില്ല തന്നെ സ്ഥാപിച്ചു. അന്നു മുതല്‍ ഇന്നു വരെ കേരളത്തിലെ ജനസാന്ദ്രത കൂടിയ, മുസ്‌ലിം ഭൂരിപക്ഷമുളള, സംസ്‌ക്കാരത്തിലും സ്വഭാവ സവിസേശതകളിലും തനിമത്വം പലര്‍ത്തുന്ന മലപ്പുറം ജില്ലയിലെ ഇത്തരം സ്വഭാവങ്ങളെ കൂടുതല്‍ ആര്‍ജ്ജിച്ച ഒരു പ്രദേശമായും ഈ ജില്ലയുടെ ഭരണ കേന്ദ്രമായും മലപ്പുറവും സമീപ പ്രദേശങ്ങളും നില നില്‍ക്കുന്നു.
ജനജീവിതങ്ങള്‍
കാര്‍ഷിക വൃത്തിയും വ്യാപാരവുമായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴില്‍ മേഖലകള്‍. മിക്ക മുസ്‌ലിംകളും സ്വയം ഭൂമിയില്‍ കൃഷി ചെയ്യുന്നവരായിരുന്നില്ല. മറ്റുളളവരുടെ ഭൂമിയില്‍ തൊഴിലെടുത്ത് അത് കടപ്പുറത്ത് കൊണ്ടു പോയി വിദേശികള്‍ക്കും മലപ്പുറത്തെയും സമീപ ജില്ലകളിലേയും ചന്തകളില്‍ കൊണ്ടുപോയി വില്‍ക്കുന്നു. തന്റെ തൊഴിലിടങ്ങളില്‍ നിരവധി അസമത്വങ്ങളും പീഠനങ്ങളും ഇവരനുഭവിച്ചു. ഇതിനിടയില്‍ നാലര നൂറ്റാണ്ടോളം വിദേശികളുടെ കീഴിലായിരുന്നു. പക്ഷെ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാതെ ജന്മി കുടിയാന്മയുടെ ഉടമാവകാശങ്ങളെ ചെറുത്ത് സ്വയം അസ്ഥിത്വം രൂപപ്പെടുത്തിയവരായിരുന്നു ഇവിടത്തെ മാപ്പിളമാര്‍. ഈ ധീരതയിലൂടെയാണ് പ്രധാനമായും മലപ്പുറം എന്ന ദേശത്തിന് സവിശേശമായ സംസ്‌ക്കാരം വരുന്നത്. ധീര സംസ്‌കൃതിയുടെ നാലക്ഷരമാണ് മലപ്പുറം. തന്റെ സ്രഷ്ടാവിനു മാത്രം കീഴടങ്ങുക, മറ്റാര്‍ക്കു മുന്നിലും വണങ്ങി കീഴടങ്ങേണ്ടതില്ല എന്ന ആത്മ വിശ്വാസത്തിലധിഷ്ഠിതമായ പോരാട്ടമാണ് മലപ്പുറത്തെ മാപ്പിളമാര്‍ മുന്നോട്ട് വെച്ചത്. രണ്ടോ മൂന്നോ പതിറ്റാണ്ട് മുമ്പ് വരെ കൈലിമുണ്ടും ബനിയനും അരയിലൊരു മലപ്പുറം കത്തിയുമായിരുന്നു ഇവരുടെ വേഷം.
പോരാട്ടങ്ങള്‍
പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ മിഷണറിയുടെ ഭാഗമായി മുസ്‌ലിം സമൂഹത്തെ പ്രത്യേകം ലക്ഷ്യമാക്കിയ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ അതി ശക്തമായി പോരാടി. കുഞ്ഞാലി മരക്കാര്‍മാര്‍ക്ക് മുമ്പില്‍ അവരുടെ സൈന്യം പതറി. സൈനുദ്ദീന്‍ മഖ്ദൂം(റ) വിന്റെ തുഹ്ഫത്തുല്‍ മുജാഹിദീനിലൂടെയും തഹ്‌രീളിലൂടെയും ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനിലൂടെയും രാജ്യത്തിന്റെ സംരക്ഷണാര്‍ത്ഥം തങ്ങളേറ്റെടുക്കേണ്ട ദൗത്യത്തെ കുറിച്ച് പണ്ഡിതന്മാര്‍ ജനങ്ങളെ ബോധവാന്മാരാക്കുകയും അതിനായി രംഗത്തിറങ്ങുകയും ചെയ്തു. ഈ സമയത്തെല്ലാം തങ്ങളുടെ രാജാവായി സാമൂതിരിയെ അംഗീകരിക്കുകയും അര്‍ക്കു കീഴില്‍ അണി നിരക്കുകയും ചെയ്തു ഇവിടത്തെ മുസ്‌ലിം സമൂഹവും അല്ലാത്തവരും.
മൈസൂര്‍ ഭരണ കാലത്ത് മലപ്പുറത്തും മലബാറില്‍ മുഴുക്കെയും രാഷ്ട്രീയ സാമൂഹിക വികസന മേഖലകളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 1766 മുതല്‍ 1792 വരെ ഇരുപത്താറു വര്‍ഷമാണ് മലബാറില്‍ മൈസൂര്‍ ഭരണം നിലനിന്നത്. ഇതില്‍ പതിനാറു വര്‍ഷമാണ് നേരിട്ട് ഭരണമുണ്ടായത്. കൃഷി, വ്യവസായം, കച്ചവടം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായി. വാഹന ഗതാഗത സൗകര്യമുളള റോഡുകള്‍ കേരളത്തില്‍ തന്നെ ആദ്യമായുണ്ടാകുന്നത് ഹൈദരലിയുടേയും ടിപ്പുവിന്റേയും കാലത്ത് മലബാര്‍ ദേശങ്ങളിലാണ്. കോഴിക്കോട്- പാലക്കാട്, മലപ്പുറം-പുതുപട്ടണം-താമരശ്ശേരി റോഡ് എന്നിവ മലപ്പുറത്തിലൂടെ കടന്നു പോകുന്ന അന്നു നിര്‍മ്മിച്ച പ്രധാന റോഡുകളാണ്. പുറമെ പല പ്രദേശിക ഇടങ്ങളിലും ടിപ്പുറോഡ്് എന്നപേരില്‍ ഇന്നും രോഡുകള്‍ കാണാം. അതുപോലെ മാറുമറക്കാന്‍ സ്ര്ത്രീകള്‍ക്കുളള അവകാശം നടപ്പിലാക്കി. മലബാറില്‍ ഏറ്റവും പ്രശ്‌നമായി നിലനിന്നിരുന്ന ജന്മി കുടിയായ്മക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. പണിയെടുക്കുന്നവര്‍ എന്നും പാവങ്ങളും ആട്ടും തുപ്പും കേള്‍ക്കേണ്ടവരും, അല്ലാത്തവര്‍ സുഖിക്കുന്നവരുമാകുന്ന സാഹചര്യങ്ങളെ മറികടന്ന് പുതിയരീതി നടപ്പിലാക്കി. അന്നത്തെ മാപ്പിളമാരില്‍ ഭൂരിപക്ഷവും കര്‍ഷകരായിരുന്നു. പുതുതായി കൃഷി ചെയ്ത സ്ഥലം കര്‍ഷകന്റേയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും നികുതി കൊടുക്കുന്നിടത്തോളം കാലം സ്ഥലം അവരില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും നിയമം വന്നു. ജന്മികള്‍ക്കും നികുതി നല്‍കേണ്ടി വന്നു.
മൈസൂര്‍ ഭരണാനന്തരം സ്വാതന്ത്ര്യ ലബ്ധി വരെ മലപ്പുറം ബ്രിട്ടീഷുകാരുടെ കയ്യിലായിരുന്നു. മലപ്പുറത്തെ മാപ്പിളമാരുടെ വാശിയും വീറും ധീരതയും ആത്മാഭിമാനവും വിശ്വാസ ദൃഢതയുമെല്ലാം ബോധ്യപ്പെടുന്ന കാലങ്ങളായിരുന്നു പിന്നീട്. കര്‍ഷക ഭൂമിയില്‍ തങ്ങളെ അടിച്ചമര്‍ത്തുന്ന ജന്മിക്കെതിരെയും സ്വന്തം രാജ്യത്ത് നമ്മെ അക്രമിച്ച് മത സ്വാതന്ത്ര്യം പോലും തകര്‍ത്ത് അധീശത്വം വാഴുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെയും നിരന്തര പോരാട്ടങ്ങള്‍ നടന്നു. അംഗബലവും ആയുധബലവും വകവെക്കാതെ തങ്ങളുടെ ആദര്‍ശത്തിനു വേണ്ടി പോരാടി. ഒരര്‍ത്ഥത്തില്‍ മാപ്പിളമാരെ ഇവര്‍ പോരാളികളാക്കുകയായിരുന്നു. തന്റെ തൊഴിലിലും ആത്മീയതയിലൂം സൗഹൃദത്തിലും മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിരന്തര ശല്യങ്ങള്‍ വന്നപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു ഈ പോരാട്ടങ്ങള്‍. 1864 ലെ മാപ്പിള ഔട്ടറേജസ് ആക്ട് പോലുളള പല നടപടികളിലൂടെയും ഇവിടത്തെ മാപ്പിളമാരെ അടിച്ചൊതുക്കി. ഈ സാഹചര്യത്തില്‍, കൊണ്ടു നില്‍ക്കാതെ ധീരതയോടെ തിരിച്ചടിച്ചുവെന്നതാണ് മലപ്പുത്തെ മാപ്പിളമാരെ വ്യതരിക്തമാക്കുന്നത്. ആയിരക്കണക്കിന് കര്‍ഷകരെ ബ്രീട്ടീഷുകാര്‍ കൊന്നു തള്ളി. ആസ്‌ത്രേലിയ, ആന്തമാര്‍ പോലുളള ഇന്ത്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് ആയിരങ്ങളെ നാടുകടത്തി. ഫസല്‍തങ്ങളേയും 57 അനുയായികളേയും അറേബ്യയിലേക്ക് നാടുകടത്തി. ആന്തമാന്‍ ദ്വീപില്‍ മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, വണ്ടൂര്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളുണ്ട്. ആസ്‌ത്രേലിയയില്‍ ഖാളി മുഹമ്മദ് (റ) രചിച്ച മൂഹ്‌യദ്ദീന്‍ മാല ചൊല്ലുന്ന പിന്‍ തലമുറ പോലും ഉണ്ട്. അന്നാട്ടുകളില്‍ ഇവിടത്തെ അതേ സ്ഥല നാമങ്ങളും സംസ്‌ക്കാരങ്ങളും പടുത്തുയര്‍ത്തണമെങ്കില്‍ എത്രമാത്രം ജനങ്ങള്‍ ഇവിടെ നിന്നും അവിടെക്ക് കടിയൊഴിപ്പിക്കപ്പെട്ടു. അവരുടെ സ്വദേശ സ്‌നേഹവും വീര്യവും എത്രയാണ്. മലപ്പുറവും സമീപവും കലാപ കലുഷിതമായ സമയങ്ങളായിരുന്നു അത്. 1921 ആഗസ്തില്‍ തിരൂരങ്ങാടിയില്‍ നടത്തിയ ക്രൂരതകളെ പ്രതിശേധിച്ച് 1921 ആഗസ്റ്റ് 26 ന് നടന്ന കലാപമാണ് പൂക്കോട്ടൂര്‍ യൂദ്ധം എന്ന പേരില്‍ നടന്നത്. 420ലധികം ആളുകള്‍ ഈ കലാപത്തില്‍ രക്തസാക്ഷികളാവുകയുണ്ടായി. ആഗസ്റ്റ് 29 ന് ഏറനാട് വള്ളുവനാട് പൊന്നാനി താലൂക്കുകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 25ന് മലപ്പുറം മേല്‍മുറിയിലെ വീടുകള്‍ പട്ടാളം വളയുകയും വൃദ്ധന്മാരും കുട്ടികളുമടക്കം 246 പേരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. വാഗണ്‍ട്രാജടിയില്‍ ചരിത്രത്തില്‍ തല്യതയില്ലാത്തത്രയും ക്രൂരത നേരിട്ട് പലരും വീരമൃത്യു വരിച്ചു. രണ്ടുമൂന്ന് നൂറ്റാണ്ടില്‍ നടന്ന ഇരുനൂറോളം പ്രാദേശിക കലാപങ്ങളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്. അക്കാലത്ത് ഭൗതിക വിദ്യാഭ്യാസത്തിലോ മറ്റു ആധുനിക ചെയ്തികളിലോ നിപുണരോ പ്രയത്‌നിക്കുന്നവരോ അല്ലങ്കിലും വൈദേശിക വിരുദ്ധതയില്‍ രാജ്യത്തോടൊപ്പം നിന്നു. ഖിലാഫത്ത് സമരവും ഏറ്റം ശക്തി പ്രാപിച്ച ഇന്ത്യയിലെ തന്നെ മുഖ്യ ഇടമായിരുന്നു മലബാര്‍.
എന്നാല്‍ സ്വാതന്ത്രാനന്തരം ഈ അവസ്ഥ തന്ന തുടര്‍ന്ന് സ്വയം നശിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. സ്വാതന്ത്ര്യ ലബ്ധിയും മലപ്പുറം ജില്ലയുടെ രൂപീകരണവും മലപ്പുറത്തെ സാമൂഹികാന്തരീക്ഷം ആകെ മാറ്റി. വിദ്യാഭ്യാസത്തിലും സാമൂഹിക നിലവാരത്തിലും ആരെയും വെല്ലുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. താലൂക്കുകളും പഞ്ചായത്തുകളും അധികരിക്കുകയും. അതുവഴി ഭരണാധികാരികളുടെ ശ്രദ്ധ ജനങ്ങളിലും അവരുടെ ആവശ്യങ്ങളിലുമെത്തുകയും നാടുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരക്കെ ഉയര്‍ന്നു പൊങ്ങാനും ഇടയായി. മുമ്പുണ്ടായിരുന്ന നിരന്തര പട്ടിണിയും, കഠിനമായ തൊഴിലുകളും, ഈ പ്രദേശങ്ങളില്‍ പ്രത്യേകം നില നിന്നിരുന്ന ശക്തമായ സമര പോരാട്ടങ്ങളും, അന്നെന്തു നിലപാട് സ്വീകരക്കണമെന്നതില്‍ മറ്റെന്തും ചിന്തിക്കാതെ മത സാമൂഹിക നേതൃത്വത്തെ അനുസരിച്ച് ഉത്തമ രാജ്യ സേവകരായതും വഴി വിദ്യാഭ്യാസ നിലവാരത്തില്‍ അല്‍പ്പം പുറകിലായിരുന്നങ്കില്‍ ഇതോടെ രംഗം ആകെ മാറി. എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസങ്ങള്‍ നേടിത്തുടങ്ങിയതോടെ മലപ്പുറത്തിന്റെ മുന്‍ കാല മുഖങ്ങളില്‍ അല്‍പ സ്വല്‍പം മാറ്റങ്ങള്‍ വരുകയും പക്വതയാര്‍ന്ന സമൂഹമായിത്തീരുകയും ചെയ്തു. ഇതിനുളള എല്ലാ ക്രഡിറ്റും വലിയ ഒരളവോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിലേക്ക് ജനങ്ങളെ പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ച പണ്ഡിത നേതൃത്വത്തിനുമാണ്. ഇവിടെയാണ് പുതിയ മലപ്പുറത്തെ രൂപപ്പെടുത്തുന്നതിലെ മഅ്ദിനിന്റെയും സയ്യിദ് ഇബ്‌റാബീമുല്‍ ഖലീല്‍ ബുഖാരിയുടെയും ഇടം വ്യക്തമാകുന്നത്.
മതനേതൃത്വം
നൂറ്റാണ്ടുകളായി ദര്‍സ്സ് പാരമ്പര്യവും പണ്ഡിത നേതൃത്വവും കൃത്യമായി സമൂഹത്തെ വഴി നടത്തുന്ന ഏറെ ആത്മീയത നിറഞ്ഞ ഒരു ഇടമാണ് മലപ്പുറവും മലബാറിലെ ഇതര സമീപ പ്രദേശങ്ങളും. പൊന്നാനി കേരളത്തിന്റെ മക്ക എന്നാണറിയപ്പെട്ടിരുന്നത്. അവിടെ നിന്നും വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയ പണ്ഡിതര്‍ മലപ്പുറത്തിന്റെ വിവിധ ദേശങ്ങളില്‍ എത്തുകയും ആത്മീയ മേതൃത്വം നല്‍കുകയും ചെയ്തു. പണ്ഡിതന്മാരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവരും അവരുടെ ആജ്ഞക്കൊത്ത് നീങ്ങുന്നവരുമായിരുന്നു. അത്‌കൊണ്ടു തന്നെയാണ് അന്ന് ധീരമായ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞതും, ഇന്ന് വലിയ വിജ്ഞാന മുന്നേറ്റത്തിനു സാധ്യമാകുന്നതും. മമ്പുറം തങ്ങള്‍, മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ഖാളി, ആലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇവിടത്തുകാരെ നയിച്ചു. ജനങ്ങള്‍ ഒന്നടങ്കം ഇവര്‍ക്കു പിന്നില്‍ അണിനിരന്നു. ഒരു കാലത്ത് പണ്ഡിതരേയും പൊതുജനങ്ങളേയും അടര്‍ത്തി മതത്തെയും മലപ്പുറത്തിന്റെ നല്ല മുഖത്തെയും തല്ലിക്കെടുത്താന്‍ ശ്രമങ്ങളുണ്ടായങ്കിലും നമ്മുടെ നാട് അതിനെയെല്ലാം അതിയജയിച്ച് ഇന്നും പണ്ഡിതന്മാര്‍ക്കു പിന്നില്‍ നിറഞ്ഞ ആത്മീയതയോടെ ജീവിക്കുന്നു. മലപ്പുറം ശുഹദാക്കളും, പൂക്കോട്ടൂര്‍ ശുഹദാക്കളും ഓമാനൂര്‍ ശുഹദാക്കളും ചേറൂര്‍ ശുദാക്കളും തുടങ്ങിയവര്‍ ഇന്നത്തെ മലപ്പുറത്തുകാര്‍ക്ക് ആത്മീയ അത്താണികളാണ്.
സാഹോദര്യം
ഒത്തൊരുമയും സാഹോദര്യവും മലപ്പുറത്തിന്റെ മുഖമുദ്രയാണ്. ജാതിമതഭേതമന്യേ മാനുഷിക പരിഗണനയില്‍ തോളുരുമ്മി ജീവിക്കുന്നു. ഓരോ മതസ്ഥര്‍ക്ക് ഓരോ പ്രദേശങ്ങള്‍ എന്ന ഉത്തരേന്ത്യന്‍ സാഹചര്യമില്ലാതെ എല്ലാവരും ഇടകലര്‍ന്നു ജീവിക്കുന്നു. ആഘോഷങ്ങളില്‍ പരസ്പരം പങ്കുചെരുന്നു. ഓരോ വീട്ടിലും നടക്കുന്ന സത്കാരങ്ങളില്‍ പരസ്പരം ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ആര്‍ക്കെങ്കിലും വല്ല ബുദ്ധിമുട്ടുമെത്തിയാല്‍ എല്ലാവരും പൊതു പ്രശ്‌നമായി ഏറ്റെടത്ത് പരിഹരിക്കുന്നു. മലപ്പുറം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെന്നും അന്യര്‍ക്കിവിടെ ജീവിതം ദുസ്സഹമാണെന്നും തുടങ്ങിയ നുണക്കഥകള്‍ പുറം ദേശങ്ങളില്‍ ശത്രുക്കള്‍ നിരന്തരം പ്രചരിപ്പിക്കാറുണ്ടങ്കിലും അവകളെല്ലാം കെട്ടുകഥകളാണെന്ന് പകല്‍ പോലെ വ്യക്തമാകുന്ന രീതിയില്‍ ഇവിടെ സ്‌നേഹം ജ്വലിച്ചു നില്‍ക്കുന്നു. അങ്ങാടിപ്പുറത്തും മലപ്പുറത്തും തുടങ്ങിയ പട്ടണങ്ങളില്‍ വ്യത്യസ്ഥ മത ആരാധനാലയങ്ങള്‍ തൊട്ടുരുമ്മി കഴിയുന്നു. പച്ചയായ ഇവിടത്തെ ജീവിതം എല്ലാ കെട്ടുകഥളേയും പൊട്ടിച്ചെറിയുന്നു.
2016 ല്‍ കമലാക്ഷി അമ്മ എന്ന പത്തനംതിട്ടക്കാരിയായിരുന്ന സഹോദരിക്ക് അവരുടെ മാതൃത്വത്തെ ആദരിച്ച് നടത്തിയ ആദരവിന്റെ വേദിയിലെ മറുപടി പ്രസംഗത്തില്‍ അവര്‍ പറയുന്ന ചില വാക്കുകള്‍ വളരെ പ്രസക്തമാണ്. ആദ്യം മലപ്പുറമെന്ന് കേട്ടപ്പേള്‍ ഭയമുണ്ടായി. ഞാന്‍ ധരിച്ചിരുന്നത് എന്തെന്നു പറയട്ടെ ഞാന്‍ നായര്‍ തറവാട്ടില്‍ പെട്ടവളല്ലെ, എന്നെ നിങ്ങല്‍ അംഗീകരിക്കില്ല എന്ന ഒരു തോന്നല്‍ നാട്ടുകാര്‍ പറഞ്ഞ് ഭയപ്പെടത്തി. പക്ഷെ 79 വര്‍ഷം ഞാന്‍ പത്തനംതിട്ടയില്‍ ജീവിച്ചിട്ട് അവിടെ നേടിയെടുക്കാന്‍ കഴിയാത്ത മാതൃ നിര്‍വ്വിശേശമായ ഒരു സ്‌നേഹം ഈ മലപ്പുറത്തു നിന്ന് മൂന്ന് വര്‍ഷം കൊണ്ട് എനിക്ക് കിട്ടി…… പണ്ട് എന്റെ മകനെ മലപ്പുറത്തെക്ക് ജോലിക്ക് വിടുമ്പോള്‍ അല്‍പ്പം വിശമമുണ്ടായി. പക്ഷെ മക്കളെ, ഞാന്‍ ഇന്ന് സത്യമായിട്ടും പറയുകയാണ്, അഭിമാന പുരസ്സരം പറയുന്നു എന്റെ മകന്‍ കൂട്ടിക്കൊണ്ടു വന്നത് കാടിക്കുഴിയിലേക്കല്ല, സ്‌നേഹത്തിലേക്കാണ്. മക്കളേ, ആഭിജാത്യമല്ല, സ്വത്തല്ല വലുത് സ്‌നേഹമാണ്. മക്കളേ ഇവിടെ ജാതിയില്ല, … മതമില്ല…
മലപ്പുറത്തെ കുറിച്ചുളള തെറ്റായ പ്രചരണവും സ്‌നേഹമെന്ന മലപ്പുറത്തിന്റെ യഥാര്‍ത്ഥ മുഖവും ബോധ്യപ്പെടുത്തി തരുന്ന ഒരു സംസാരമാണിത്. അതു തന്നെയാണ് മലപ്പുറത്തിന്റെ സംസ്‌ക്കാരവും…