മലപ്പുറം എന്നത് ഒരു ജില്ലയുടെ പേരാണ് എന്നതിനപ്പുറം ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ലഭിച്ച അംഗീകാരമാണ്. കാരണം വൈദേശിക അധിനിവേശത്തിനെതിരെ തങ്ങളുടെ ജീവന്‍ ബലി നല്‍കി പോരാടിയ ഒരു സമൂഹത്തിന് അവരുടെ സ്വത്വം നിലനിര്‍ത്താന്‍ ലഭിച്ച മേല്‍വിലാസമാണ് മലപ്പുറം ജില്ല. വര്‍ഷങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും ചര്‍വിതചര്‍വണങ്ങള്‍ക്കും ശേഷമാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമാക്കുന്നത്.
1956 നവംബര്‍ ഒന്നാം തീയതി ഐക്യ കേരളം രൂപപ്പെടുന്നതിന് മുമ്പ്; മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു നിലവിലെ മലപ്പുറം ജില്ല. പിന്നീട് മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാര്‍ ഐക്യ കേരളത്തിന്റെ ഭാഗമായി. 1956ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിച്ച് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതേ ജില്ലകളെ വീണ്ടും വിഭജിച്ചു കൊണ്ട് മലപ്പുറം പിറവികൊള്ളുന്നത്.
അതില്‍ കോഴിക്കോടു ജില്ലയിലെ ഏറനാടു താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിച്ചത്. മലപ്പുറം ജില്ലയുടെയും മലപ്പുറത്തുക്കാരുടെയും ചരിത്രം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. വൈദേശികര്‍ക്കെതിരെ പട നയിച്ചതിന്റെ പേരില്‍ മലപ്പുറത്തെ പലപ്രദേശങ്ങള്‍ക്കും സ്വാതന്ത്ര്യ ദേശങ്ങളായി പ്രഖ്യാപിച്ചാലോ എന്നുവരെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. അഥവാ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തില്‍ മലപ്പുറത്തിന്റെ ചരിത്രം നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. മലപ്പുറത്തിന്റെ ചരിത്രമന്വേഷിക്കാന്‍ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം അമ്പതാണ്ട് പിന്നിടുന്ന ഈ സന്ദര്‍ഭത്തില്‍ ജില്ല എവിടെ എത്തി നില്‍ക്കുന്നു എന്ന ഒരന്വേഷണം നന്നാകും.
വിദ്യാഭ്യാസം
വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാന അളവുകോല്‍. മറ്റെല്ലാം വികസന പ്രവര്‍ത്തനവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്. അപ്പോള്‍ ഒരു നാടിനെ കുറിച്ച് പഠിക്കുമ്പോഴും മനസ്സിലാക്കുമ്പോഴും അവരുടെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കിയാല്‍ അവരെ കുറിച്ചുള്ള ഏകദേശ ധാരണ ലഭിക്കും.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ രംഗം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കൈവരിച്ചത് അത്ഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്. 2001ല്‍ മലപ്പുറം ജില്ലയിലെ എസ്.എസ്.എല്‍.സി വിജയ ശതമാനം വെറും 30 ശതമാനമായിരുന്നു. എന്നാല്‍ നിലവില്‍ 97 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ വിജയ ശതമാനം. പ്ലസ്ടുവില്‍ 33ല്‍ നിന്ന് 82ന് മുകളിലേക്കും ഉയര്‍ന്നു. മറ്റു ബിരുദ-ബിരുദാനന്തര ഗവേഷണ മേഖലകളിലെല്ലാം കേരളത്തിലെ മറ്റു പല പ്രമുഖ ജില്ലകളുടെയും തലപ്പുറത്തേക്ക് മലപ്പുറം കുതിച്ചു. ബിരുദ ധാരികളില്ലാത്ത വീടുകള്‍ ഇന്ന് മലപ്പുറം ജില്ലയിലില്ലാ എന്നു തന്നെ പറയാം. സര്‍ക്കാറും രാഷ്ട്രീയ-മത സംഘടനകളും നേതാക്കളും അരയും തലയും മുറുക്കിയിറങ്ങിയപ്പോള്‍ ‘കോപ്പിയടിക്കാരായിരുന്ന’ മലപ്പുറത്തുക്കാര്‍ തലഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെ തിരിച്ചടികൊടുത്തു തുടങ്ങി. ജില്ലാ പഞ്ചായത്തുകളുടെ വിജയഭേരി പദ്ധതികളും മതസംഘടനകളുടെ ശക്തമായ ഇടപെടലുകളുമാണ് പ്രധാനമായും ഈ കുതിച്ചുച്ചാട്ടത്തിന് കാരണമെന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പഠനം ജീവിതത്തിന്റെ ഭാഗമായിട്ട് അംഗീകരിക്കപ്പെടാത്ത ഒരുകാലം മലപ്പുറത്തുക്കാര്‍ക്കുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ എക്കാലത്തും അതേ തലത്തില്‍ തന്നെയാണ് മലപ്പുറത്തുക്കാര്‍ എന്ന് ഇന്ന് ധരിക്കുന്നത് മഹാപാതകമാണ്. പഠിക്കാന്‍ മടിക്കാണിച്ചിരുന്ന മലപ്പുറത്തുക്കാര്‍ ഇന്ന് വിദ്യാഭ്യാസ സീറ്റുകള്‍ക്ക് വേണ്ടി കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുകയാണ്!. ഇന്ത്യയിലെ ഏറ്റവും പ്രയാസമുള്ള പരീക്ഷകളില്‍ വരെ റാങ്കു ജേതാക്കളായി വരുന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥി സമൂഹം ജില്ലക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
പ്രവാസം
കേരളം ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട സന്ദര്‍ഭമായിരുന്നു കിഞ്ഞ പ്രളയ കാലം. ഓരോ നാട്ടില്‍ നിന്നും ലഭിക്കുന്ന നാണയത്തുട്ടുകള്‍ കേരളം ആര്‍ത്തിയോടെ വാങ്ങി കൂട്ടി. എന്നാല്‍, കഴിഞ്ഞ ജലപ്രളയ കാലത്ത് കേരളത്തിന്റെ ഗള്‍ഫ് ബന്ധം കണ്ടിട്ട് കേന്ദ്രവും ലോകവും തന്നെ അത്ഭുതപ്പെട്ടിട്ടണ്ട്. അറബികള്‍ക്ക് മലയാളികളോടെന്താണിത്ര മഹബ്ബത്തെന്ന് എല്ലാവരും മൂക്കത്ത് വിരല്‍ ചോദിക്കാറുണ്ട്. ഉത്തരം മലപ്പുറത്തുക്കാര്‍ ഖല്‍ബ് കൊടുത്തപ്പോള്‍ പകരം തന്നതാണവരാ സ്‌നേഹം എന്നാണ്. ഈയടുത്ത് വാട്‌സാപ്പിലൂടെ ഒരു സുഹൃത്ത് ഒരു വീഡിയോ ക്ലിപ്പ് അയച്ചു തന്നു: 199ല്‍ ടി. ദാമോദരന്റെ തിരക്കഥയില്‍ ശാജി കൈലാസ് സംവിധാനവും, നടനും മുന്‍ ബി.ജെ.പി എംപിയുമായിരുന്ന സുരേഷ് ഗോപി കേന്ദ്ര കഥാപാത്രവുമായി അഭിനയിച്ച മഹാത്മാ എന്ന സിനിമയിലെ ഒരു ഡയലോഗായിരുന്നു ആ ക്ലിപ്പില്‍. ഡയലോഗിതാണ്:
‘മംഗലാപുരം മുതല്‍ പാറശാല വരെ കാറില്‍ സഞ്ചരിച്ചിട്ടുണ്ട് ഞാന്‍. റോഡിന്റെ ഇരുവശങ്ങളിലും കൊട്ടാരതുല്യമായ മണിമാളികകള്‍ കണ്ടു, കൂറ്റന്‍ ബഹുനിലകെട്ടിടങ്ങളും, വന്‍കിട വ്യവസായശാലകളും കണ്ടു. അവയിലൊന്നുപോലും ഒരു സവര്‍ണന്റേതായിരുന്നില്ല. ഒരു നമ്പൂതിരിയുടേതായിരുന്നില്ല. കള്ളപ്പണം കൊണ്ടും കുഴല്‍ പണമിടപാടുകള്‍ കൊണ്ടും വാരിക്കൂട്ടിയ ന്യൂനപക്ഷ സമുദായക്കാരന്റേതായിരുന്നു. ആ തൊഴില്‍ ചെയ്യാനും നമ്പൂതിരി പഠിച്ചില്ല. വനഭൂമി കൈയ്യേറി പട്ടയം വാങ്ങാനും, കഞ്ചാവും, റബ്ബറും വിളയുന്ന തോട്ടങ്ങള്‍ ഭൂപരിധിയില്‍ പെടുത്താനും, കള്ളനോട്ടടിക്കാനും നമ്പൂതിരിക്കിവിടെ സംഘടനാ സ്വാധീനമില്ല. അബ്കാരി കോണ്‍ട്രാക്ട് പിടിക്കാനും നിന്റെ വര്‍ഗം പഠിച്ചില്ലെടാ. കള്ളക്കടത്തും, കുഴല്‍പ്പണവും ആയുധമിടപാടും ചില പ്രത്യേക സമുദായക്കാര്‍ക്കു കുത്തകയാക്കാന്‍ വിട്ടു കൊടുക്കാതെ എന്റെ കൂടെ വരൂ. ദേവസ്വം ഭരിച്ചാല്‍ ദേവനെ പ്രീതിപ്പെടുത്തിയാല്‍ കിട്ടുന്ന പ്രതിഫലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം നിനക്കീ ദേവന്‍ തരും” ദേവന്‍ എന്ന കേന്ദ്രകഥാപാത്രം ഒരു പാവം നമ്പൂതിരിയോട് പറയുന്നതാണീ ഡയലോകെങ്കിലും തൊണ്ണൂറുകളിലെ സാമൂഹിക പശ്ചാതലത്തില്‍ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള സമൂഹത്തിന്റെ(സവര്‍ണ) കാഴ്ചപാട് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. എവിടെ നിന്നാണ് ഈ ന്യൂനപക്ഷക്കാര്‍ക്കിത്രയും പണമെന്ന ആധി അവരെ പലവ്യാഖ്യാനങ്ങളിലേക്കും നയിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രവാസമാണ് മലപ്പുറത്തുകാര്‍ക്ക് ജീവന്‍ സല്‍കിയത്.
മലപ്പുറത്തുള്ള 80ശതമാനം വീടുകളിലും ഒരു പ്രവാസിയെങ്കിലും ഉണ്ടാവും. 1960കളില്‍ പത്തേമാരികളില്‍ കയറിയിട്ടാണ് മലപ്പുറത്തുക്കാര്‍ കടലിനക്കരെ പിടിച്ചു തുടങ്ങിയത്. തുടക്ക കാലഘട്ടങ്ങളില്‍ അവിദഗ്ധ തൊഴിലുകളിലാണ് ജില്ലക്കാര്‍ ഏര്‍പ്പെട്ടിരുന്നെതെങ്കിലും 2000 മുതലിങ്ങോട്ട് ഇത്തരം പ്രവണതകളില്‍ മാറ്റംവന്നു. വിദ്യാഭ്യാസ യോഗ്യരായ പലരേയും ജില്ല ഗള്‍ഫു നാടുകളിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങി. നിലവില്‍ ജില്ലയിലെ 15 ലക്ഷം പേരെങ്കിലും ഗള്‍ഫ് നാടുകളില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഓരോ വര്‍ഷവും പിതിനായിരം കോടിയിലേറെ ഗള്‍ഫ് പണം കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. 2018 ലെ ബാങ്കിങ് അവലോകന സമിതിയുടെ കണക്കു പ്രകാരം ഇത് പതിനായിരത്തി അറന്നൂറ്റി മുപ്പത് കോടി രൂപയാണ്(10630).
എന്നാല്‍ ഇന്ന് ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍കരണവും മറ്റു തൊഴില്‍ പ്രതിസന്ധികളും കാരണം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ, ഇതിന് പരിഹാരമായ ഈ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് വേണ്ട പദ്ധതികളാവിഷ്‌കരിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ലായെന്നത് വലിയൊരു പ്രതിസന്ധിയാണ്. കേരളത്തിന് ഇത്രമേല്‍ വികസിക്കാനുള്ള ഊര്‍ജം തന്നത് പ്രവാസികളാണെന്നത് മറക്കരുത്. പ്രവാസികളുടെ പതനം മലപ്പുറം ജില്ലയുടെ കൂടി പതനമാണ്.
ആരോഗ്യം
കേരളത്തിന്റെ ആരോഗ്യ സംരക്ഷണരീതി അഭിമാന പുരസരം ലോകത്തിന് കാണിച്ചുകൊടുത്ത ജില്ലയാണ് മലപ്പുറം. കോട്ടക്കല്‍ ആര്യവൈദ്യാശയിലേക്ക് ചികിത്സതേടിയെത്തുന്നവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. കേരളത്തിലെ ആയുര്‍വേദത്തിന്റെ ആസ്ഥാന നഗരിയായ കോട്ടക്കല്‍ മലപ്പുറം ജില്ലയിലാണ്. ഇതിലൂടെ മെഡിക്കല്‍ ടൂറിസം മേഖയിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് പുതിയ പല പദ്ധതികളുടെയും പരീക്ഷണ മേഖലയിലാണ് ജില്ല.
വ്യവസായം
പ്രവാസം പച്ചപിടിച്ചതോടെ മലപ്പുറം ജില്ലയുടെ വ്യവസായ മേഖലയും പച്ചപിടിച്ചു. ജില്ലയിലെ നിരവധി സംരഭകര്‍ ഇന്ന് ജില്ലക്ക് അകത്തും പുറത്തും ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളിലുമായി വന്‍ നിക്ഷേപങ്ങള്‍ നടത്തി വിജയകരമായ വ്യവസായം നടത്തുന്നുണ്ട്. ഇങ്ങനെ ഓരോ വിഷയങ്ങളും സബ് ഹഡിങിട്ട് കൊടുക്കാനും അവകളെ കുറിച്ചെല്ലാം വളരെ ഡീറ്റേയ്ല്‍ഡ് ആയിട്ട് എഴുതാനുമുള്ള കാര്യങ്ങള്‍ ഇന്ന് മലപ്പുറത്ത് നിരവധിയുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമാക്കാന്‍ ഈ ഇടം പോരാത്തത് കൊണ്ട് മുതിരുന്നില്ല.
മലപ്പുറം ജില്ലാ വിഭജനം
ഇക്കഴിഞ്ഞ ജൂണ്‍ 16ന്(2019) ജില്ലക്ക് അമ്പതാണ്ട് പിന്നിട്ടു. കേരളത്തിലെ ജില്ലകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ജില്ല മൂന്നാം സ്ഥാനത്താണെങ്കിലും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ്. 2011ലെ സെന്‍സസ് അനുസരിച്ച് 42 ലക്ഷം ജനങ്ങള്‍ മലപ്പുറം ജില്ലയില്‍ മാത്രം അധിവസിക്കുന്നുണ്ട്. കേരളത്തിലെ മറ്റു പല ജില്ലകളെയും അപേക്ഷിച്ച് ഇരട്ടിയോളം വരുമിത്. നിലവില്‍ ജില്ലയുടെ വികസനത്തിന് ജില്ലയുടെ വലിപ്പക്കൂടുതലും ജനസംഖ്യാ വര്‍ദ്ധനവും പ്രതികൂലമായി ബാധിക്കുന്നു എന്ന് മുറവിളിക്കൂട്ടിക്കൊണ്ട് പല രാഷ്ട്രീയ പാര്‍ട്ടികളും മലപ്പുറം ജില്ലാ വിഭജനത്തിന് വേണ്ടി വാദിക്കുന്നുണ്ട്. ജനസാന്ദ്രത കൂടിയതിനാല്‍ തന്നെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ലഭ്യതയിലും ഗണ്യമായ കുറവ് കാണുന്നുണ്ട്. ഒരു ജില്ലക്ക് അനുവദിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെ മാത്രം വലിയൊരു ജനവിഭാഗത്തിലെ എല്ലാവരിലേക്കും കണ്ണെത്താന്‍ പ്രയാസമുണ്ട്. അഥവാ മലപ്പുറം ജില്ല രണ്ടായി വിഭജിക്കപ്പെടുമ്പോള്‍ ഒരു ജില്ലക്ക് പ്രത്യേക കലക്ടര്‍ വരികയും ആ ജില്ലയുടെ വികസനത്തിന് ആവശ്യമായ ഫണ്ട് അവര്‍ക്ക് പാസാവുകയും ചെയ്യും. ഇത് നിലവിലെ മലപ്പുറം ജില്ലയിലെ പലപ്രശ്‌നങ്ങളുടെയും പരിഹാരമാകും.
വിദ്യാഭ്യാസം, തൊഴില്‍, സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളുടെ കാര്യക്ഷമത എന്നീ മേഖലയിലെല്ലാം ഈ വിഭജനം പോസിറ്റീവായി ബാധിക്കും. എന്നാല്‍ ഈ പ്രദേശങ്ങളോട് ഭരണത്തിലേറുന്ന പാര്‍ട്ടികള്‍ കാണിക്കുന്ന വിമുഖത; പ്രത്യേകിച്ച് വിദ്യാഭ്യസ മേഖലയില്‍, അസഹിഷ്ണുതാപരമാണ്. ഹയര്‍ എഡ്യൂകേഷന് ക്വളിഫൈഡായ വിദ്യാര്‍ത്ഥികളുടെ അനുപാതത്തിനനുസരിച്ച സീറ്റ് നിലവില്‍ മലബാറിലില്ല പ്രത്യേകിച്ച് മലപ്പുറത്ത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലരും മുന്നോട്ടുവെക്കുന്ന ഒരു ഉപാധിയാണ് ജില്ലാ വിഭജനം. ജില്ലാ വിഭജനത്തിന്റെ സാധ്യതകളും വിപത്തുകളും വളരെ ഗഹനമായി തന്നെ പഠനം നടത്തിയിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.