വി.ടി ഹമീദ് ഹാജി രാജകീയമായി തന്നെ യാത്രയായി. കഴിഞ്ഞ ദിവസം സുബ്ഹ് നിസ്‌കാരം കഴിഞ്ഞയുടനെ വന്ദ്യ ഗുരുവര്യര്‍ ബദ്റുസ്സാദാത്ത് ഖലീലുല്‍ ബുഖാരി തങ്ങളുടെ കൂടെ അവിടുത്തെ വസതിയിലെത്തി. ആ പൂമുഖം ഒരു നോക്കുകൂടി കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. പ്രസന്ന വദനനായി ഇളം പുഞ്ചിരിയോടെ തന്റെ മാര്‍ഗദര്‍ശി ഖലീല്‍ ബുഖാരി തങ്ങളെ സ്വീകരിക്കാന്‍ കാത്തുകിടക്കുന്നത് പോലെ; അവര്‍ തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നല്ലോ.
തങ്ങളുമായി ചെറുപ്പം മുതലേ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചുവെന്ന് ഹമീദ് ഹാജി തന്നെ ഈ എളിയവനോട് പല തവണ പറഞ്ഞിട്ടുണ്ട്. താന്‍ ഏതൊരു പദ്ധതി ആരംഭിക്കുമ്പോഴും ഖലിലുല്‍ ബുഖാരി തങ്ങളില്‍ നിന്ന് സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ തുടങ്ങാറൊള്ളൂവെന്ന് മഅ്ദിന്‍ നോളേജ് ഹണ്ട് ഇറാഖ് ട്രിപ്പില്‍ അദ്ദേഹം പ്രസംഗിച്ചത് ഓര്‍മവരുന്നു. തങ്ങളുസ്താദിന്റെ നേതൃത്വത്തില്‍ ഏത് സിയാറത്ത് യാത്ര ഉണ്ടായാലും പ്രത്യേകം അറിയിക്കണമെന്ന് അദ്ദേഹം പറയുകയും പല നോളേജ് ഹണ്ട് യാത്രയിലും അദ്ദേഹം ഭാഗവാക്കായിട്ടുമുണ്ട്. തങ്ങളുമായി കാത്ത് സൂക്ഷിച്ച ആ ബന്ധം കാരണമാവാം അദ്ദേഹത്തിന്റെ ഏതൊരു പരിപാടിയിലും തങ്ങളുസ്താദിന്റെ മുഴുസമയ സാന്നിധ്യമുണ്ടായിരുന്നു. വേര്‍പാടിനുകാരണമായ അസുഖമുണ്ടായപ്പോള്‍ അതറിഞ്ഞ തങ്ങളുസ്താദിന്റെ അധരങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ക്ക് പകരം തേങ്ങലാണ് പുറത്തുവന്നത്. അഹ്ലുബൈത്തിനെ കൂട്ടിപ്പിടിച്ചതിന്റെ ഫലം. സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളെയുമിരുത്തി നാരിയത്ത് സ്വലാത്ത് ചൊല്ലി പ്രത്യേക ദുആ മജ് ലിസുകള്‍ തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇറാഖ് യാത്രക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അനുസ്മരിച്ചു. ഹമീദ് ഹാജിക്ക് തൊപ്പി നിര്‍ബന്ധമായിരുന്നു. അമേരിക്കയിലേക്ക് ഒരു യാത്രക്ക് അവസരം കിട്ടിയപ്പോള്‍ പോലും ഈ ഐഡിന്റിറ്റി ഞാന്‍ അഴിച്ചുവെച്ചില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. സുന്നത്തിന്റെ വിഷയത്തില്‍ ഇത്രയും കണിശത പുലര്‍ത്തുന്ന മറ്റൊരു സാധാരണക്കാരനെ ഞാന്‍ കൂടുതല്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ക്ലാസിനെക്കുറിച്ച് പലപ്പോഴും തങ്ങളുസ്താദ് വാചാലനാവുന്നത് കണ്ടിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു മത പണ്ഡിതന്‍ സംസാരിക്കുകയാണെന്ന് തോന്നിക്കുംവിധത്തിലാണ് ഹമീദ് ഹാജിയുടെ പല ക്ലാസുകളും. മഅ്ദിനിന്റെ പബ്ലിസിറ്റിക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഹമീദ് ഹാജി മുന്നില്‍ നിന്നത് മഅ്ദിന്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കുകയാണ്. എന്‍കൗമിയം, വൈസനിയം,റമളാന്‍ കാലയളവിലൊക്കെ കൊടിഞ്ഞി പ്രദേശത്തിന് പ്രത്യേക ഡ്യൂട്ടിയാണുണ്ടാവുക. കാരണം ഹമീദ് ഹാജി എന്ന ആത്മാര്‍ത്ഥതയുടെ ആള്‍രൂപമുണ്ടാവുമ്പോള്‍ പദ്ധതി നൂറ് ശതമാനം പൂര്‍ത്തീകരിച്ചിരിക്കും. നേതാവാണെന്ന തലക്കനമില്ലാതെ വീടുവീടാന്തരം കയറിയിറങ്ങാനും വിഭവ സമാഹരണം നടത്താനും അദ്ദേഹം മുന്നിലുണ്ടാകും. തന്റെ രണ്ട് മക്കളുടെ നിക്കാഹ് മഅ്ദിന്‍ എജ്യൂപാര്‍ക്കിലാക്കണമെന്ന് തങ്ങളുസ്താദിനോട് വന്നുപറഞ്ഞ്, മഅ്ദിന്‍ പ്രവര്‍ത്തനങ്ങള്‍ ലോകം അറിയാന്‍ തന്റെ മക്കളുടെ വിവാഹ സത്കാരം കാരണമാവട്ടെയെന്ന് അദ്ദേഹം കരുതി. അന്ന് എജ്യൂപാര്‍ക്ക് വികസിച്ചുവരുന്നതേ ഉണ്ടായിരുന്നൊള്ളൂ.
മഅ്ദിനില്‍ നിന്ന് കൊടിഞ്ഞിയിലെത്തുന്നതുവരെ തങ്ങളുസ്താദിന് പറയാനുള്ളത് ഹമീദ് ഹാജിയുടെ വിശേഷണങ്ങളായിരുന്നു. തിരിച്ച് മഅ്ദിനിലെത്തുന്നത് വരെയും തന്റെ ആത്മ മിത്രത്തിന്റെ സദ്ഗുണങ്ങളുടെ പട്ടിക മടക്കിവെക്കാന്‍ തങ്ങളുസ്താദിന് സാധിച്ചില്ല. മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയ ശേഷം മഅ്ദിനിലെത്തി, തന്റെ കാര്‍മികത്വത്തില്‍ ഇന്ന് വിവാഹിതരാകുന്ന അദനിമാരുടെ നിക്കാഹ് സദസ്സില്‍ വെച്ചും തങ്ങളുസ്താദ് വാചാലനാകുന്നത് ഹമീദ് ഹാജിയെക്കുറിച്ച് തന്നെ. കഴിഞ്ഞ ആഴ്ച ഹമീദ് ഹാജിയുടെ കരങ്ങള്‍ പുതിയ മരുമകന്‍ റോഷന്‍ അദനിയുടെ കരങ്ങളോട് ചേര്‍ത്തുവെച്ചതും അവിടുന്നായിരുന്നു. പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കുമായി ഓടി നടന്നതും തന്റെ ജീവിതം ദീനിനുവേണ്ടി സമര്‍പ്പിച്ചതുമെല്ലാം കരച്ചിലടക്കാന്‍ കഴിയാതെ പറഞ്ഞുതീര്‍ത്ത് ദുആ ചെയ്തപ്പോള്‍ ഹമീദ് ഹാജി ഖബറില്‍ കിടന്ന് ആത്മനിര്‍വൃതി കൊള്ളുന്നുണ്ടാവുമെന്നുറപ്പ്. ഇമാം ഗസ്സാലി(റ) പറഞ്ഞതിങ്ങനെയത്രെ, ഒരാളുടെ തനിനിറമറിയാന്‍ സാമ്പത്തിക ഇടപാടും ഒന്നിച്ചുള്ള യാത്രയും മാത്രം മതി. ഈ രണ്ട് വിഷയത്തിലും ഹമീദ് ഹാജിയുടെ സൂക്ഷ്മതയും കൃത്യനിഷ്ഠതയും പറയാന്‍ തങ്ങളുസ്താദിന് വാക്കുകളില്ല. പുലര്‍ച്ചെ മുതല്‍ മയ്യിത്ത് എടുക്കുന്നത് വരെ തന്റെ ഇഷ്ട പ്രിയന്‍ ഹമീദ് ഹാജിയുടെ സമീപത്തിരുന്ന് കണ്ണീരുവാര്‍ത്ത് ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ അവിടുത്തെ മനസ്സകത്ത് ഹമീദ് ഹാജി എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ആ രംഗങ്ങള്‍ മൗനമായി വാചാലമാകുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള പണ്ഡിതരുടെ നിര്യാണ ഘട്ടങ്ങളിലെ ജനസാന്നിധ്യംപോല്‍ തിങ്ങിനിറഞ്ഞ ശുഭ്രവസ്ത്ര ധാരികളടക്കം പതിനായിരങ്ങളാണ് യാത്രാമൊഴി നല്‍കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഒഴുകിയെത്തിയത്. ജനാസ നിസ്‌കാരത്തിന് ഒരുമിച്ചുകൂടിയപ്പോള്‍ തങ്ങളുസ്താദ് ഹമീദ് ഹാജിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ട് കണ്ണ് നിറയാത്തവരില്ല, ഓരോരുത്തര്‍ക്കും സ്വന്തം ഉപ്പ, മകന്‍, സഹോദരന്‍ വിട പറഞ്ഞ പ്രതീതി. മയ്യിത്ത് നിസ്‌ക്കാരത്തിനായി പള്ളിയിലേക്ക് വരുമ്പോള്‍ കേട്ട പ്രദേശവാസിയായ ഒരു കാരണവരുടെ വാക്കുകളിങ്ങനെ, കൊടിഞ്ഞി ദേശം അനാഥമായിരിക്കുന്നു, മതഭേദമന്യേ ഏവര്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു ഹമീദ് ഹാജി. അതിനെ അടയാളപ്പെടുത്തും വിധമായിരുന്നു മയ്യിത്ത് കൊണ്ടുവരുന്ന വഴികളിലെല്ലാം കണ്ട കാഴ്ച. ഇതര മതസ്ഥര്‍ പോലും ഈറനണിഞ്ഞ് നില്‍ക്കുന്ന ആ രംഗം കൊടിഞ്ഞി ദേശത്തിന്റെ ചരിത്രത്തില്‍ മായ്ച്ചുകളയാനാകാത്ത നിത്യസ്മാരകമായി നിലനില്‍ക്കുമെന്നുറപ്പ്. ഹമീദ് ഹാജിയുടെ വിയോഗം അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെങ്കിലും ഒട്ടേറെ മാതൃകകള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിട ചോദിച്ചത്. ഒരേ സമയം നേതാവായും ഉത്തമ കുടംബനാഥനായും അനുസരണയുള്ള പ്രവര്‍ത്തകനായും ആര്‍ജ്ജവമുള്ള സംഘാടകനായും മാതൃകായോഗ്യനായ ബിസിനസ്സുകാരനായും പ്രവര്‍ത്തിച്ച ഹമീദ് ഹാജി കിട്ടുന്ന അവസരങ്ങളിലെല്ലാം ദീനീ വിജ്ഞാനം സ്വായത്തമാക്കുന്നതിനായി സമയം നീക്കിവെച്ചിരുന്നുവെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. ഹമീദ് ഹാജിയുടെ സഹോദരനും വിനീതന്റെ മൂത്തച്ചനുമായ(ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവ്) മന്‍സൂര്‍ സഖാഫിയുടെ വാക്കുകള്‍ കടമെടുത്താല്‍, ഹമീദ് ഹാജി കാഴ്ച്ചയില്‍ സാധാരണക്കാരനായിരുന്നു. പക്ഷേ, കര്‍മ്മശാസ്ത്രത്തിലടക്കം അവഗാഹമുള്ള ഒരു പണ്ഡിതന്‍ കൂടിയായിരുന്നു ആ വ്യക്തിത്വം. ചില മസ്അലകള്‍ പറയുന്നത് കേട്ടാല്‍ അത്ഭുപ്പെട്ടിരുന്നുവെന്നും മന്‍സൂര്‍ സഖാഫി സാക്ഷ്യപ്പെടുത്തുന്നു. തീര്‍ത്തും നമുക്കൊരു റോള്‍ മോഡലായി സ്വീകരിക്കാനുതകുന്ന ജീവിതം കാഴ്ചവെച്ച് തന്റെ സംഭവബഹുലമായ അന്‍പതിമൂന്ന് വര്‍ഷങ്ങള്‍ നമുക്കായി സമര്‍പ്പിച്ച് സുസ്മേരവദനനായി അദ്ദേഹം നടന്നകന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സാദാത്തുക്കള്‍, പണ്ഡിതര്‍, സനേഹ ജനങ്ങള്‍, വിശിഷ്യാ സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, റഈസുല്‍ ഉലമ ഇ. സുലൈമാന്‍ ഉസ്താദ്, താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ ഉസ്താദ്, ബദ്റുസ്സാദാത്ത് ഖലീലുല്‍ ബുഖാരി തങ്ങള്‍, മുഹ്യിസ്സുന്ന പൊന്മള ഉസ്താദ്, മൗലാനാ പോരോട് ഉസ്താദ് തുടങ്ങി പതിനായിരങ്ങളുടെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനാ അകമ്പടിയോടെ ആറടിമണ്ണില്‍ ഹമീദ് ഹാജി വിശ്രമിക്കുകയാണ്…അള്ളാഹു നമ്മെയും അവരെയും സ്വര്‍ഗീയ ഭവനത്തില്‍ ഒത്തൊരുമിപ്പിക്കട്ടെ…