മലപ്പുറത്തെ മുസ്ലീം പാരമ്പര്യത്തിനും മതസൗഹാര്‍ദ്ദത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവര്‍ പെന്നാനി പ്രദേശത്ത് നിന്നും കൂടിയേറി പാര്‍ത്തവരെന്നാണ് പറയപ്പെടുന്നത്. അന്നത്തെ നാടുവാഴി അവര്‍ക്ക് താമസിക്കാനും ജീവിതോപാധിക്ക് വീടും പറമ്പും നല്‍കി. ആരധന കര്‍മത്തിന് പള്ളിയും നിര്‍മിച്ചു കൊടുത്തു. കാലങ്ങള്‍ക്ക് ശേഷം നാടുവാഴിയുടെ മരണത്തോടെ മുസ്ലീം നാഗരികതയെ തകര്‍ക്കാനും അവര്‍ക്ക് ഏകാശ്രയമായ മലപ്പുറത്തെ പള്ളി തകര്‍ക്കാനും കിണഞ്ഞു ശ്രമിച്ചു. ഇതിനെതിരെ മുസ്ലീംങ്ങള്‍ക്ക് ശക്തമായി പേരാടേണ്ടി വന്നു. ഈ പോരാട്ടമാണ് മലപ്പുറം യുദ്ധം. മലപ്പുറത്തെ മുസ്ലിങ്ങളുടെ യശസ്സുയര്‍ത്താനും ഇസ്ലാമിന്റെ നിലനില്‍പ്പിനും പ്രധാന ഹേതുവായത് ഈ സംഭവമാണ്. സംഭവം നടന്ന് നൂറ്റി അമ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പടയെ സംബന്ധിച്ച് ഗഹനമായ കാവ്യം രചിച്ചു. മാപ്പിള സാമ്രാട്ട് മോയിന്‍ കുട്ടി വൈദ്യരാണ് ഇതിന് നേതൃത്വം വഹിച്ചത്. ‘മനോനവ സുഖസാര ഭാസ്‌കരം മനാഖിബ് ശുഹദാഈ മലപ്പുറം’എന്ന് നാമകരണം ചെയ്തു. മതി നിധി മാല എന്നും പേര് പറയാറുണ്ട്.
മലപ്പുറം ക്വിസ്സപ്പാട്ട്
മലപ്പുറത്തിന്റെ ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച് പഴക്കമുള്ള രേഖയായി കരുതപ്പെടുന്നത് വൈദ്യരുടെ മതി നിധി മാല എന്ന മലപ്പുറം ക്വിസ്സപ്പാട്ടാണ്. കേരളീയ ചരിത്രത്തെ സംബന്ധിച്ച് മലയാള ഭാഷയിലെഴുതിയ ആദ്യത്തെ കാവ്യമെന്ന പ്രത്യേകത ഈ രചനക്കുണ്ടെന്ന് എം എന്‍ കാരശ്ശേരി അഭിപ്രായപ്പെടുന്നു. പിന്നീടുണ്ടായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ സ്വാധീനം ഈ കാവ്യം വഹിച്ചിട്ടുണ്ട്. മലപ്പുറം ചരിത്രത്തിലെ വഴിത്തിരിവായ ‘മലപ്പുറം പട’നടക്കുന്നത് ഹിജ്‌റ 1144 (1731) ശഅബാന്‍ 8,9 തിയതികളിലാണ്.
തങ്ങള്‍ ഇസ്ലാമിന് ചെലവഴിച്ച ത്യാഗങ്ങള്‍ പിന്‍തലമുറയിലേക്ക് എത്തിക്കുക മലപ്പുറം ശുഹദാക്കളുടെ അന്ത്യാഭിലാഷമായിരുന്നു.വള്ളുവനാട്ടുകാരായ ജമാല്‍ മുപ്പനും സംഘവും ശുഹദാക്കളുടെ ജനാസ മറ മാറാനെടുത്തപ്പോള്‍ നാല്് പേര്‍ക്ക് ജീവനുണ്ടായിരുന്നു.അവരെ ശുശ്രൂഷിച്ചു. വരും തലമുറയ്ക്ക് അറിയാന്‍ വേണ്ടി തങ്ങളുടെ ത്യാഗ ജീവിതം എഴുതി വെക്കണമെന്ന് അവര്‍ വസിയ്യത്ത് ചെയ്തു.ഈ വസിയ്യത്ത് നിറവേറ്റി മോയിന്‍ കുട്ടി വൈദ്യര്‍ മലപ്പുറം ഖിസ്സപ്പാട്ട് എഴുതി.
മോയിന്‍കുട്ടി വൈദ്യര്‍ ശുഹദാക്കളുടെ ജാറം സിയാറത്തിന് വരികയും നാട്ടിലെ പ്രമാണിമാര്‍ മലപ്പുറം പടയെ കുറിച്ച് ഒരു കാവ്യം രചിക്കുവാന്‍ ആവിശ്യപ്പെടുകയും വൈദ്യര്‍ രണ്ട് വര്‍ഷം മലപ്പുറം പ്രദേശത്ത് താമസിച്ച് മലപ്പുറം ഖാളിയായിരുന്ന സയ്യിദ് അലി ഹൈദ്രോസ് തങ്ങളില്‍ നിന്നും നാട്ടിലെ കാരണവന്മാരുടെ കേട്ടറിവില്‍ നിന്നും ശേഖരിച്ച് പട നേര്‍ച്ച പാട്ടായി എഴുതി.ഇത് എഴുതുമ്പോള്‍ പട നടന്ന് 156 വര്‍ഷം പിന്നിട്ടിരുന്നു.
”ആളേ ഹിജ്‌റത്ത് ഹസാറും ശീനില്‍
അവ്വല്‍ റബീ അഞ്ചും ദിനം സോമനില്‍
എളൈ പയല്‍നാന്‍ ഇക്കഥൈ പോറ്റിയേ
ഇന്തേ നുവല്‍ പാടി അരങ്ങേറ്റിയേ “
ഹിജ്റ വര്‍ഷം 1300 റബീഉല്‍ അവ്വല്‍ 5 ന് തികളാഴ്ച്ചയാണ് മദി നിധി മാലയെന്ന മലപ്പുറം ഖിസ്സ പാട്ട് പൂര്‍ത്തിയാക്കിയതെന്ന് വൈദ്യര്‍ കാവ്യത്തിലൂടെ പറയുന്നു. വലിയ പള്ളിയുടെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘ഒറ്റകത്ത് പുതിയ മാളിയേക്കല്‍ തറവാട്ടില്‍’ വെച്ചായിരുന്നു ഈ കാവ്യത്തിന്റെ പ്രകാശനം നടന്നത്.വലിയ ആഘോഷത്തോടെയായിരുന്നു ഈ കാവ്യത്തിന്റെ പ്രകാശനം നടന്നത.്
ഇതിവൃത്തം
എഴുപത്തിയൊന്ന് ഇശലുകളിലായി അതി വിശാലമായ കാവ്യമാണ് മലപ്പുറം ക്വിസ്സപ്പാട്ട്.പടച്ചവനെ സ്തുതിച്ചും അവന്റെ പ്രീതി കരസ്ഥമാക്കാനും വേണ്ടിയുള്ള തൂലികയാണ് ആദ്യ ഇശലുകളില്‍ കവി വരച്ചിടുന്നത്.മുത്ത് നബി(സ) യുടെ അപദാനങ്ങളും പ്രകീര്‍ത്തനങ്ങളും പാടി പുകഴ്ത്തിയും നാല് ഖലീഫമാരെ ഓരുത്തരേയും പ്രത്യേകം എടുത്തു പറഞ്ഞ് അവരെ പ്രശംസിച്ചും വന്ദിച്ചുമാണ് കവി വിഷയത്തിലേക്ക് പ്രവേശിക്കുന്നത്.നബി (സ)മുഅജിസത്തും അബൂ ജഹ്ലിന്റെ ഇസ്ലാമിനോടുള്ള വിദ്യേഷവും ഇസ്ലാമിനെ തകര്‍ക്കാനുള്ള കുതന്ത്രങ്ങളും അത് നടക്കാതെ പോയതും കവി ചുരുക്കി വിവരിക്കുന്നുണ്ട്.
ഇശല്‍ പതിനഞ്ച് വരെ വളരെ ഗഹനമായ രീതിയില്‍ കേരള ചരിത്രത്തെ പ്രതിപാദിക്കുന്നുണ്ട്.കേരളീയ മുസ്ലിം ചരിത്രവും ഇസ്ലാമിന്റെ വ്യാപനവും വൈദ്യര്‍ വിശദീകരിക്കുന്നുണ്ട്. ഇതില്‍ നിന്നും വൈദ്യരുടെ ചരിത്ര ബോധത്തെ മനസ്സിലാക്കാന്‍ കഴിയുന്നു. ചന്ദ്രന്‍ പിളര്‍ത്തിയത് കണ്ട ചേരമാന്‍ പെരുമാള്‍ തിരു നബിയുടെ അടുക്കല്‍ പോയി താജുദ്ദീനായതും അദ്ദേഹത്തിന്റെ ചെവിയിലെ ദ്വാരം ഇല്ലാതാക്കിയതും മാലിക്ക്ബ്‌നു ദീനാറിന്റ സഹോദരി റജിയ്യത്തിനെ വിവാഹം ചെയ്തതും അഞ്ച് വര്‍ഷം മദീനയില്‍ താമസിച്ച് നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ‘ശഹര്‍ മുഖല്ല’യില്‍ താജുദ്ദീന്‍ ഹാജി വഫാത്തായ സംഭവങ്ങള്‍ സ്പഷ്ടമായ ഭാഷയില്‍ കവി അനാവരണം ചെയ്യുന്നുണ്ട്. മാലിക്ബ്‌നു ദീനാറും സംഘവും കേരളത്തിലെത്തി മതപ്രബോധനം നടത്തുകയും പതിനൊന്ന് പള്ളികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും മുസ്ലിങ്ങള്‍ വര്‍ധിച്ചതോടെ തെരുവുകള്‍ രൂപപ്പെട്ടതും ഹബീബ് ദീനാര്‍ കൊടുങ്ങല്ലൂരില്‍ മണ്‍മറഞ്ഞതും മലപ്പുറം പടയിലൂടെ കവി പറയുന്നുണ്ട്.
ഇശല്‍ പന്ത്രണ്ടിലും പതിമൂന്നിലും കേരളമടക്കി ഭരിച്ച സാമൂതിരിയുടെ പോരിശയും മലപ്പുറത്തെ പാറനമ്പിയും കോട്ടക്കല്‍ തമ്പുരാനും അതിര്‍ത്തി തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. കോട്ടക്കല്‍ സ്വരൂപം വിജയിച്ചു.രണ്ടാമൂഴവും യുദ്ധം നടന്നു. ഇത്തവണ പറനമ്പി വിജയിച്ചു. സഹായത്തിനായി മാപ്പിളമാരും നായര്‍ പടയാളികളുമുണ്ടായിരുന്നു. തന്റെ മാനം കാത്ത മാപ്പിളമാര്‍ക്ക് ശങ്കരന്‍ നമ്പി പള്ളി പണിയാനും കൃഷിയിറക്കാനും സ്ഥലം ദാനമായി നല്‍കി. ശേഷം ശങ്കരന്‍ നമ്പിയുടെ കാല ശേഷം അധികരത്തിലെത്തിയ പാറ നമ്പിക്ക് മുസ്ലിങ്ങളെ പിടിച്ചില്ല. അവരെ പീഢീപ്പിക്കാനും അക്രമിക്കാനും ശ്രമിച്ചു. അവരെ നാടുകടത്താനും പള്ളി പൊളിക്കാനും തീരുമാനിച്ചു. തുടര്‍ന്നുണ്ടായ മാപ്പിളമാരും ഹിന്ദുക്കളും തമ്മിലുണ്ടായ അതി ഘോരമായ സംഘട്ടനമാണ് മലപ്പുറം പട എന്ന മലപ്പുറം യുദ്ധം. പടയുടെ ഓരോ ഘട്ടങ്ങളെയും സംഭവങ്ങളെയും കവി മതിനിധി മാലയില്‍ സ്പഷ്ടമായി വിവരിക്കുന്നുണ്ട്. പാറ നമ്പിയുടെ പടയാളികളിലെ സൈന്യാധിപന്മാരായ മുസ്ലിങ്ങള്‍ക്കനുകൂലമായി നിന്ന മുകുന്ദനും അറുമുഖനും ചെയ്ത പ്രവര്‍ത്തനങ്ങളും മാപ്പിളമാരുടെ അതിശക്തനായ നേതാവും പടയാളിയുമായ കപ്പൂര്‍ പോക്കര്‍ സാഹിബും അദ്ദേഹത്തിന്റെ അത്മ സുഹൃത്തായ തട്ടാന്‍ കുഞ്ഞേലുവിനെയും (യുദ്ധസമയത്ത് സത്യം മനസ്സിലാക്കി മുസ്ലിമായി നാല്‍പത്തി നാലാമത്തെ ആളായി പള്ളിയില്‍ പ്രവേശിച്ച വ്യക്തി) പള്ളിയില്‍ ഒരുമിച്ച് കൂടിയ മുസ്‌ലിങ്ങള്‍ക്ക് ശുഹദാക്കളുടെ മഹത്വത്തെ കുറിച്ചും അവര്‍ക്ക് പടച്ചവനില്‍ നിന്ന് ലഭിക്കുന്ന സ്ഥാനമാനങ്ങളെ കുറിച്ച് ക്ലാസെടുത്ത മങ്കരത്തൊടി യൂസുഫ് മുസ്‌ലിയാരെയും കവി വിസ്മരിക്കാതിരുന്നിട്ടില്ല. മലപ്പുറത്ത് കാരെ കുറിച്ച് വൈദ്യര്‍ പാട്ടിലൂടെ പറയുന്നു…
”പുത്തിരന്‍ ആണോരില്‍ ഒത്ത പിതാവു പോല്‍
പോറ്റും മാതാവുടെ ഊറ്റാമാലെ- തണലുള്‍
പൂങ്കാവും ചൂളുന്ന മങ്കാവാമേ
ശുദ്ധമാം ജ്ഞാനം സല്‍ബുദ്ധിയും നീതിയും
ശുദ്ധമാം ജ്ഞാനം സത്യവും – അത് ലുകള്‍
ചെങ്കന്മാര്‍ തങ്കവും ചിങ്കന്മാരും’
കഠിനാദ്ധാനികളും സത്യസന്ധരുമാണ് ബുദ്ധിമാന്മാരുമാണ് മലപ്പുറത്തുകാര്‍ നീതിപൂര്‍വ്വമായ ജീവിതം നയിച്ച് ഐക്യത്തോടെ ജീവിതം മുന്നോട്ടു പോകുന്നവരാണ്..
‘പടിപുറത്തൊരുന്നാളും കദബുകള്‍ കിശിയാതെ
പതിമാറെ ക്കമര്‍ച്ചയില്‍ ഇരിക്കുന്നോവര്‍’
പരപുരുഷന്മാരെ കാണാതെ അച്ചടക്കത്തോടെ അമര്‍ച്ചയില്‍ ഇരിക്കുന്നവരെന്നാണ് മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് വൈദ്യര്‍ പാട്ടിലൂടെ പറയുന്നത്.
വൈദ്യര്‍ പടയുടെ ആദ്യം മുതല്‍ അവസാനം വരെ ഗഹനമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.തകര്‍ക്കപ്പെട്ട തെരുവുകളും പള്ളികളും മുമ്പെത്ത പടുത്തുയര്‍ത്തിയെന്നും അതിന്റെ കാരണങ്ങളും കഥകളും പറഞ്ഞാല്‍ കവിത നീണ്ടുപോകുമെന്ന് കവി പറയൂന്നു.
“വെശിയാ മലഫുറം ശുഹദാക്കളെ
ഉല്‍മാ തരീഫീരെ ഇഖ് വാങ്കളെ…
എന്ന് തുടങ്ങുന്ന അവസാന ഇശല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് .സഹോദരന്മാരെ മലപ്പുറം ശുഹദാക്കളുടെ മഹത്യം മനസ്സിലാക്കുക.രോഗങ്ങളും ശത്രുതയും ബുദ്ധി മുട്ടുകളുമൊക്കെയുണ്ടാകുന്ന സമയത്ത് അവരെ മുന്‍ നിര്‍ത്തി ദുആ ചെയ്താല്‍ പടച്ചവന്‍ ഉടനെ പ്രത്യൃത്തരം നല്‍കുമെന്നും എല്ലാവര്‍ക്കും വേണ്ടി ദുആ ചെയ്തുമാണ് മലപ്പുറം പടപ്പാട്ടെന്ന മതി നിധി മാല പൂര്‍ത്തികരിക്കുന്നത്.