1970 ന്റെയും 1995ന്റെയും ഇടയില്‍ ഇന്ത്യയിലെ ആളോഹരി മദ്യപാനത്തിന്റെ ഉപഭോഗം 106.7 ശതമാനമായിരുന്നു. മദ്യത്തിന്റെ ഏറ്റവും നല്ല വിപണി സാധ്യതയുള്ള മാര്‍കറ്റ് ഇന്ത്യയാണെന്ന് ലോക മദ്യകച്ചവടക്കാര്‍ക്ക് ഉറപ്പു നല്‍കിയ കണക്കായിരുന്നുവത്. അവര്‍ ഇന്ത്യയെ അവരുടെ ആവാസമാക്കി. അങ്ങനെ ഇന്ത്യ മദ്യരാജക്കന്മാരുടെ വിപണി മൂല്യമുള്ള ലോകത്തെ മൂന്നമത്തെ മാര്‍ക്കറ്റായി പരിണമിച്ചു. കൂടാതെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ മദ്യനിര്‍മാതാവും ഇന്ത്യയായി. ഈ സ്ഥലങ്ങളില്‍ 65 ശതമാനം മദ്യം നിര്‍മിക്കുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മദ്യപാന അളവുകള്‍ വ്യത്യസ്തമായതുകൊണ്ടു തന്നെ കൃത്യമായി ഇന്ത്യയിലെ ഓരോ വ്യക്തികളും കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവു കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദിനം പ്രതി കേരളക്കര്‍ ആളോഹരി എട്ടുലിറ്റര്‍ മദ്യം അകത്താക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നു പറയുമ്പോള്‍ അത് വളരെ ചെറിയ വ്യത്യാസമാണെന്ന് കരുതരുത്. നലു തവണ ഇനിയും കുടിച്ചാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തോട് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ.
ഈ ഒരാമുഖത്തോടെ നമുക്ക് വിഷയത്തിലേക്ക് കടക്കാം. മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് ബുദ്ധി. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരക്തമാക്കുന്നതും ഈ ലോകത്തുള്ള സകല കണ്ടുപിടുത്തങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നതും അവന്റെ ബുദ്ധിയാണ്. എന്നാല്‍ ഈ ബുദ്ധിയുടെ ശരിയായ ചലനത്തെ തെറ്റിക്കുന്ന പ്രക്രിയയാണ് മദ്യപാനത്തിലൂടെ സംഭവിക്കുന്നത്. ശരിയായ കാര്യങ്ങള്‍ യഥാവിതം ചെയ്യാതിരിക്കുന്നതിനെയാണ് അക്രമം എന്നു പറയുന്നത്. അതുകൊണ്ടു തന്നെ മദ്യപാനം അക്രമമാണ്. സര്‍ക്കാറുകള്‍ മദ്യനിരോധന നിയമങ്ങള്‍ കൊണ്ടു വരുന്നുവെങ്കിലും അത് എത്രമാത്രം കാര്യക്ഷമാമായി നടപ്പില്‍ വരുത്താന്‍ സാധിക്കുന്നുണ്ട് എന്നതാണ് ചിന്തിക്കേണ്ട്. വെറുമൊരു പ്രഹസനാമായി മാത്രം മദ്യ നിരോധനം പരിണമിക്കാറുണ്ട്. ഇന്ത്യയിലെ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഗുജറത്തിനെ കുറിച്ച് ഇങ്ങെനെ പറയാന്‍ വരെ ജാള്യത തോന്നാറുണ്ട് . കാരണം എത്ര മദ്യരഹിതമാണ് ഗുജറത്ത് എന്ന തലക്കെട്ടില്‍ മനോരമ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇകഴിഞ്ഞ ഡിസംബറില്‍ വായിച്ച ഒരു വാര്‍ത്ത ഓര്‍ത്തു പോകുന്നു. ആ ലേഖനത്തിന്റെ തുടക്കം ഇങ്ങെനെയാണ്. വേണമെങ്കില്‍ ഒരു ലോഡ് മദ്യം ഒരു തടസ്സവുമില്ലാതെ നിങ്ങളുടെ ഗാന്ധിനഗറിലെ സര്‍ക്കാര്‍ വക വീട്ടിലെത്തിച്ച് കാണിക്കാം. ഒരാളും തടയില്ല. ഗുജറത്ത് നിയമ സഭയില്‍ മദ്യം കടത്തുന്നതിനുള്ള ശിക്ഷ ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഒരു പ്രതിപക്ഷാംഗം മുഖ്യമന്ത്രി വിജയ് രുപാണിയെ ഇങ്ങനെയാണ് വെല്ലു വിളിച്ചത്. ഈ ഒരു ഭരണ-പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് നമുക്ക് വ്യക്തമാവും ഗുജറാത്ത് എത്രത്തോളം മദ്യമുക്തമാണെന്ന്. പറഞ്ഞുവന്നത് സര്‍ക്കാറുകള്‍ വര്‍ഗീയ, മത പ്രശ്‌നങ്ങലുണ്ടാക്കുന്ന പലനിയമങ്ങളും നടപ്പിലാക്കാന്‍ കാണിക്കുന്ന താല്‍പര്യവും ഉത്സാഹവും മദ്യ നിരോധനമടക്കമുള്ള ജനോപകര കാര്യങ്ങളില്‍ കാണിക്കാത്തതെന്താണ്?. സര്‍ക്കാറുകളും സംവിധാനങ്ങളും മദ്യ നിരോധന നിയമങ്ങള്‍ കൊണ്ടു വരുന്നതിനും നടപ്പിലാക്കുന്നതിനും പരിധികളും പരിമിതികളുമുണ്ട്. പൂര്‍ണ്ണമായും ഇത്തരം പ്രവണതകള്‍ വിപാടനം ചെയ്യാനുള്ള ഏകമാര്‍ഗം സ്വയം നന്നാവുക എന്നതു തന്നെയാണ്.
എന്റെ ചെറുപ്പത്തില്‍ ഞാനെടുത്ത ചില തിരുമാനങ്ങളുണ്ടായിരുന്നു: ജീവിതത്തിലൊരിക്കലും ബീഡി വലിക്കില്ല, അനാശാസ്യങ്ങളില്‍ ഇടപെടൂകയില്ല, താടി വടിക്കൂകയില്ല ഇങ്ങനെ തുടങ്ങിയ ചിലത്. അഭിമാനത്തോടെ പറയട്ടെ ഈ തീരുമാനങ്ങളില്‍ ഒന്നുപോലും ഇതുവരെ തെറ്റിക്കേണ്ടി വന്നിട്ടില്ല. അല്‍ഹംദുലില്ലാഹ്. ഞങ്ങളുടെ കുട്ടിക്കാലത്തെല്ലാം പുകയിലയുടെ ഉപയോഗം വളരെ കൂടുതലായിരുന്നു. പുകവലിക്കാത്തവന്‍ ആണത്വമില്ലാത്തവനെ പോലെയായിരുന്നു ഗണിച്ചിരുന്നത്. ഞാന്‍ കോണോംപാറ ദറസ് ഏറ്റെടുക്കുന്ന സമയത്തെല്ലാം അവിടെ ബീഡി വലിക്കാത്തവരായിട്ട് ഉണ്ടായിരുന്നത് പള്ളിയിലെ മുദരിസ്സായിരുന്ന ഞാന്‍ മാത്രമായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മുതഅല്ലിമീങ്ങള്‍വരെ ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നു. പക്ഷെ, ഇതൊരു മോശം പ്രവര്‍ത്തനമാണെന്നുവരെ അന്ന് ആരും ഗണിച്ചിരുന്നില്ലാ എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. പലപ്പോഴും വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിച്ചു വരുന്ന വിദ്യാര്‍ഥികള്‍ പുകവലിച്ചു കൊണ്ടാണ് വരിക. പള്ളിയുടെ പടിവാതില്‍ക്കല്‍ കാത്തിരുന്നു കൊണ്ട് അത്തരം വിദ്യാര്‍ഥികളെ അടുത്ത് വിളിച്ച് അതിന്റെ ദൂശ്യവഷങ്ങളെ കുറിച്ചും അതുകൊണ്ടുണ്ടാക്കിയേക്കാവുന്ന ഇംപാക്റ്റിനെ കുറിച്ചും അവരെ ഉപദേശിച്ചതെല്ലാം ഇന്നും ഓര്‍മയിലുണ്ട്. കൂടാതെ പുകവലി ഒരു അഭിമാനത്തിന്റെ ഭാഗം കൂടിയായിരുന്നു എന്ന് വേണം പറയാന്‍. വിവാഹ ദിവസങ്ങളില്‍ വിവാഹ വീടുകളില്‍ ഭക്ഷണ ശേഷം ആളുകള്‍ക്ക് വലിക്കാന്‍ ബീഡികള്‍ വെക്കുമായിരുന്നു. ഇന്ന് നമ്മള്‍ മധുര പലഹാരങ്ങളും കാപ്പിയും ജ്യൂസുമെല്ലാം വെക്കുന്നത് പോലെ. അങ്ങെനെ ബീഡിവെക്കാത്ത കല്യാണങ്ങള്‍ അഭിമാനക്കേടായിട്ടായിരുന്നു കാരണവന്മാര്‍ കണ്ടിരുന്നത്. ഞങ്ങളുടെ ഉപ്പ മരിച്ചതിനു ശേഷം വീട്ടില്‍ നടന്ന ആദ്യ കല്യാണം എന്റേതായിരുന്നു. കല്യാണത്തിന് ഒരു നിലക്കും ബീഡി വെക്കാന്‍ സമ്മതിക്കൂല എന്ന് ഞാന്‍ വാശി പിടിച്ചു. കുടുംബത്തില്‍ എല്ലാവരും എന്നൊട് പല നിലക്കും കെഞ്ചി. ഞാന്‍ ഒരു നിലക്കും എന്റെ തീരുമാനത്തില്‍ അയവു വരുത്തിയില്ല. ഉപ്പ മരിച്ചതു കൊണ്ടു തന്നെ അന്ന് കുടുബത്തില്‍ കാരണവരയിട്ടുണ്ടായിരുന്നത് എളാപ്പയായിരുന്നു. എല്ലാവരും എളാപ്പയോട് പോയി കാര്യങ്ങള്‍ പറഞ്ഞു. എളാപ്പ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും എന്ന് അവര്‍ക്ക് ഉറപ്പയായിരുന്നു. എളാപ്പ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് എന്റെ കല്യാണത്തിനായി വന്നു. എന്നെ അടുത്തു വിളിച്ച് കൊണ്ട് ഒരു പാട് ഉപദേശിച്ചു. ബീഡി വച്ചില്ലങ്കില്‍ അത് നമ്മുടെ കുടുംബത്തിന്റെ അഭിമാനത്തെ ബാധിക്കുമെന്നും മറ്റുമെല്ലാം. എനിക്ക് തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥ. ഞാന്‍ എളാപ്പയോട് പറഞ്ഞു: എളാപ്പാ, ഞാന്‍ എന്റെ ചെറുപ്പത്തില്‍ എടുത്ത തീരുമാനമാണ് ജീവിതത്തില്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല എന്നത്. അതേ ഞാന്‍ തന്നെ എന്റെ കല്യാണത്തിന് പുകവലിയെ പ്രോത്സഹിപ്പിക്കണം എന്നത് എത്ര വിരോധാഭാസമാണ്. എനിക്ക് എന്റെ തീരുമാനത്തില്‍ നിന്ന് മാറാന്‍ സാധിക്കില്ല. ഇനി വേണമെങ്കില്‍ എളാപ്പക്ക് എന്തും തീരുമാനിക്കാം എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഞാനിത് പറഞ്ഞപ്പോള്‍ എളാപ്പ എനിക്കൊപ്പം നിന്നു. ബീഡി വേണ്ട എന്നു തീരുമാനമായി. യഥാര്‍ത്ഥത്തില്‍ അന്നെല്ലാം അത്തരം ഒരു തീരുമാനം എടുക്കുക എന്നത് വിപ്ലവകരമായ പ്രവര്‍ത്തനമായിരുന്നു. ഇന്ന് പുകവലി ഏറകുറെ എടുത്തുപോയി. പണ്ടത്തെ പോലെ വ്യാപകമായി കാണാന്‍ സാധിക്കുന്നില്ല. ഇതുപോലെ മദ്യപാന സംസ്‌കാരവും നമ്മുടെ നാടുകളില്‍ നിന്ന് ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും.
മഅ്ദിന്‍ ഡിഅഡിക്ഷന്‍ സെന്ററായ മിംഹാര്‍ ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും കാര്യക്ഷമമായ സെന്ററുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ഡിഅഡിക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ പലകാരണങ്ങളുമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടത്തില്‍ പെടുന്നതും ഒരു നിത്യസംഭവമാവുകയും സമൂഹത്തിലെ കാര്യപ്പെട്ട വ്യക്തികള്‍ വരെ ഇത്തരം ചെയ്തികളിലേക്ക് മുന്നിടുകയും ചെയ്തു. മഅ്ദിനിന്റെ മുമ്പിലെ ഹൈവേയില്‍ തന്നെ ഇത്തരം രംഗങ്ങള്‍ അരങ്ങേറിയിപ്പോള്‍ മാനസികമായി വല്ലാതെ വിഷമിച്ചു. ഡീഅഡിക്ഷന്‍ എന്ന ആശയം മുമ്പേ മനസ്സിലുണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കലിന് വേഗതയേറിയത് ഇത്തരം ദാരുണമായ സംഭവങ്ങളാണ്. മദ്യം വിട്ടു നിറുത്താന്‍ സാധിക്കാത്ത വസ്തുവൊന്നുമല്ല. വേണ്ട രൂപത്തില്‍ ബോധവത്കരണം നടത്തിയാല്‍ പൂര്‍ണ്ണമായും മദ്യവിപാടനത്തിന് സാധിക്കും. ചരിത്രത്തിലതിന് തെളിവുകളുണ്ട്. മദ്യം ജിവിതത്തിന്റെ ഭാഗമാക്കിമാറ്റിയിരുന്ന ഒരു സമുദായത്തെയാണ് അശ്്‌റഫുല്‍ ഖല്‍ഖ് (സ്വ) ഘട്ടം ഘട്ടമായി മദ്യവിമുക്തരാക്കി മാറ്റിയത്. മരിച്ചാല്‍ പോലും മുന്തിരിവള്ളിക്കടിയില്‍ മറവ് ചെയ്യണം എന്നും, എന്നാല്‍ എനിക്ക് മരണ ശേഷവും മദ്യം നുകരാമല്ലോ എന്നും കരുതിയിരുന്ന സമുദായത്തില്‍ അശ്‌റഫുല്‍ ഖല്‍ഖ്(സ്വ) സമഗ്ര ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ മദ്യം കാണാന്‍ പോലും ലഭിക്കാത്ത അപൂര്‍വ്വ വസ്തുവായി മാറിയ ചരിത്രം മക്കയും മദീനയും നമുക്ക് പറഞ്ഞു തരും. ചുരുക്കത്തില്‍ മദ്യപാനം ഒരു സാമൂഹിക വിപത്തായി കണ്ടുകൊണ്ട് സമഗ്രമായി അതിനെതിരെ പ്രവര്‍ത്തിക്കുവാനും ബോധവത്കരണം നടത്തുവാനും ഭരണ കൂടവും ജനങ്ങളും ഒരു പോലെ മുന്നോട്ടു വരണം.