എട്ടാം തരം പാസ്സായ സമയത്താണ് എന്റെ സ്‌പൈനല്‍ കോഡില്‍ ഒരു ട്യൂമര്‍ വളര്‍ന്നതായി കണ്ടെത്തുന്നത്. തുടര്‍ന്നു സര്‍ജറിയടക്കം ഏറെക്കാലം നീണ്ടചികിത്സകള്‍ നടന്നെങ്കിലും ശരീരം തളര്‍ന്നു കിടപ്പിലായി. ഇപ്പോള്‍ ഏകദേശം 28 വര്‍ഷമായി കിടപ്പിലാണ്. സ്‌പൈനല്‍ കോഡിന് തകരാര്‍ സംഭവിച്ച ഒരാള്‍ നേരിടേണ്ടത് ശരീരം തളരുന്ന അവസ്ഥയെ മാത്രമല്ല, ഒരു കൂട്ടം അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും കൂടിയാണ്. സുഷുംനാ നാഡിയുടെ പരിക്കിനെയും അതിന്റെ പരിണിതഫലങ്ങളേയും കുറിച്ചുള്ള അവബോധത്തിന്റെ അഭാവം ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരിലും അധികാരികളുടെയിടയിലും സമൂഹത്തില്‍ പൊതുവിലും ഉണ്ട്. അത് സ്‌പൈനല്‍ ഇന്‍ജുറിക്ക് വിധേയരാകുന്നവരുടെ പുനരധിവാസത്തിനും തടസ്സമാകുന്നു. അതിനാല്‍ ഈ വിഷയത്തില്‍ ഒരു ബോധവത്ക്കരണം ആവശ്യമുണ്ട്. സോഷ്യല്‍ മീഡിയ വഴി എനിക്കാവുന്ന പോലെ അതിനായി ശ്രമിക്കുന്നുണ്ട്.
വൈകല്യങ്ങള്‍ ജന്മനാ സംഭവിക്കുന്നതും ജീവിതയാത്രയില്‍ പ്രതീക്ഷിക്കാതെ വന്നു ചേരുന്നതുമുണ്ട്. എങ്ങനെയുള്ളതാണെങ്കിലും അത് സാധാരണ ജീവിതത്തെ മാറ്റിമറിക്കുന്നു. വൈകല്യങ്ങള്‍ പല തരത്തിലും തീവ്രതയിലുള്ളതുമുണ്ട്. ഒരു ഹിയറിംഗ് എയ്ഡിന്റെ സഹായത്താല്‍ മറികടക്കാവുന്ന ബധിരത, ചെറിയ മുടന്ത് മുതല്‍ തല പോലും അനക്കാനാവാതെ കിടപ്പിലായ അവസ്ഥ വരെ. ഇന്ന് ഗവണ്‍മെന്റും സമൂഹവും ഒരു പരിധി വരെ തങ്ങളുടെ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അംഗപരിമിതര്‍ക്കു പിന്തുണ നല്‍കുകയും അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ അത്തരം പരിഗണനയും ശ്രമങ്ങളും വേണ്ടത്രയുണ്ടോയെന്നതും തീവ്രതയേറിയ വൈകല്യം അനുഭവിക്കുന്നവര്‍ക്ക് അവര്‍ നേരിടുന്ന ആരോഗ്യപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങളില്‍ അര്‍ഹിക്കുന്ന പിന്തുണയും ശ്രദ്ധയും കൊടുക്കുന്നുണ്ടോ എന്നുമുള്ള ചോദ്യവുമുണ്ട്. അതിന്റെ ഉത്തരം തീര്‍ച്ചയായും ഇല്ല എന്നു തന്നെയാണ്. സര്‍ക്കാരും സമൂഹവും കൂടുതല്‍ ഗൗരവത്തോടെയും സഹാനുഭൂതിയോടെയും സമീപിക്കേണ്ട ശാരീരികവൈകല്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്ന ധാരാളമാളുകള്‍ ഈ സമൂഹത്തിലുണ്ട്.
സ്‌പൈനല്‍ കോഡിന്റെ തകരാര്‍ മൂലം തളര്‍ന്നു പോയവര്‍ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രത്യേകമായ ഒരു വിഭാഗമായി ഇവര്‍ തീര്‍ച്ചയായും കണക്കാക്കപ്പെടുകയും ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും സ്‌പൈനല്‍ കോഡ് ഇന്‍ജുറി(SCI) സംഭവിച്ചവര്‍ക്ക് പ്രത്യേക പിന്തുണ ആവശ്യമുണ്ട്. തളര്‍ന്നു പോയ ശരീരം കൈവരുത്തുന്ന പരാധീനതയോടൊപ്പം പല പ്രശ്‌നങ്ങളോട് ഒരേ സമയം ഇങ്ങനെയുള്ളവര്‍ക്ക് ഏറ്റുമുട്ടേണ്ടതുമുണ്ട്.
ശരീരം തളര്‍ന്ന് ഗുരുതരമായ വൈകല്യം എന്നതിലപ്പുറം ഇത്തരക്കാര്‍ക്ക് മലമൂത്ര വിസര്‍ജനത്തില്‍ നിയന്ത്രണം നഷ്ടമാകുന്നു എന്നുള്ളതാണ് അവര്‍ നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. വിസര്‍ജന കാര്യങ്ങളില്‍ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതി അവരുടെ നിത്യജീവിതം തന്നെ താറുമാറാക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യ ജീവിതം ഏതാണ്ട് അസാധ്യവുമാക്കുന്നു.
പലപ്പോഴും ബെഡ്‌സോര്‍ സ്‌പൈനല്‍ ഇഞ്ചറി സംഭവിച്ചവരുടെ കൂടെപ്പിറപ്പാണ്. വലിയ വൃണങ്ങളായി മാറുന്ന ബെഡ്‌സോര്‍ ഒരു വലിയ പ്രശ്‌നമായി ടഇക വ്യക്തികളില്‍ മാറാറുണ്ട്. ഇത്തരക്കാരിലെ ഏറ്റവും വലിയ മരണകാരണവും ബെഡ്‌സോറാണ്.
യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (UTI) അതായത് വൃക്കകളിലേയും മൂത്രാശയത്തിലേയും അണുബാധയും അതിന്റെ സങ്കീര്‍ണ്ണതകളും, ന്യൂറോ പെയ്ന്‍ അഥവാ തളര്‍ന്ന ശരീരഭാഗങ്ങളിലുണ്ടാകുന്ന അകാരണമായ അസഹ്യവേദന, സ്പാസം അഥവാ ബാധിക്കപ്പെട്ട ശരീരഭാഗത്തിന്റെ വിറയലും മസിലിന്റെ കോച്ചിപ്പിടുത്തവും. ഇവയൊക്കെ സ്‌പൈനല്‍ ഇഞ്ചുറി സംഭവിച്ചവര്‍ സ്ഥിരമായി നേരിടേണ്ട ആരോഗ്യപ്രശ്‌നങ്ങളാണ്. നമ്മുടെ നാട്ടില്‍ സുഷുംനാ നാഡി തകരാറിലായവര്‍ ബഹുഭൂരിപക്ഷവും സ്വന്തമായി ജോലി ചെയ്തു ജീവിക്കാന്‍ പറ്റാത്ത വിധം വീല്‍ചെയറിലോ കിടക്കിയിലോ മാത്രമായി കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവര്‍ ജീവിത കാലം മുഴുവന്‍ എല്ലാ അര്‍ത്ഥത്തിലും പരാശ്രിതരുമാണ്, പ്രാഥമികകൃത്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും.
സ്‌പൈനല്‍ ഇഞ്ചുറി മൂലം ശരീരം തളര്‍ന്നവരുടെ ആയുര്‍ ദൈര്‍ഘ്യത്തെ അത് കാര്യമായി ബാധിക്കുന്നില്ല. അവര്‍ ഏതാണ്ട് സാധാരണ ആള്‍ക്കാരുടെ അത്ര തന്നെ കാലം ജീവിക്കുന്നു. അതുകൊണ്ടു തന്നെ ശാരീരിക വൈകല്യത്താലും അതുമൂലമുള്ള പരാശ്രിതത്വത്താലും വലയുന്ന അവരുടെ കഷ്ടതകള്‍ അത്ര കാലവും സഹിക്കാനും അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു.
സ്‌പൈനല്‍ കോഡ് ഇഞ്ചുറി രോഗികള്‍ നേരിടുന്ന ഈ സാഹചര്യങ്ങളെക്കുറിച്ച് പൊതുവില്‍ സമൂഹം അജ്ഞരാണ്. മലവിസര്‍ജനമോ മൂത്രവിസര്‍ജനമോ ആവശ്യമാകുമ്പോള്‍ സ്‌പൈനല്‍ കോഡിന് തകരാര്‍ സംഭവിച്ച ഒരു വ്യക്തിക്ക് വിസര്‍ജന ശങ്ക തിരിച്ചറിയുവാന്‍ കഴിയുന്നില്ല. മാത്രമല്ല അത്തരമൊരവസ്ഥയില്‍ അയാളുടെ ശരീരം സ്വയം നിയന്ത്രണമേറ്റെടുത്ത് യാന്ത്രികമായി വിസര്‍ജ്യങ്ങളെ പുറന്തള്ളുന്നതിനെ സ്വേച്ഛയാല്‍ നിയന്ത്രിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യം അയാളെ സാമൂഹ്യ ജീവിതത്തില്‍ നിന്നും അകറ്റിക്കളയുന്നു.
സ്‌പൈനല്‍ ഇന്‍ജേര്‍ഡ് ആയ ചിലരുടെ പ്രശ്‌നം കൃത്രിമ മാര്‍ഗങ്ങളുപയോഗിക്കാതെ വിസര്‍ജ്യങ്ങള്‍ പുറത്തു പോവുകയേയില്ല എന്നുള്ളതാണ്. മൂത്രം കൃത്യമായ ഇടവേളകളില്‍ കതീറ്റര്‍ ഉപയോഗിച്ച് എടുത്ത് കളയേണ്ടിവരുന്നു. മലം സ്ഥിരമായി വിരേചന സഹായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുറത്തെടുത്തു കളയേണ്ടിയും വരുന്നു. ഈ അവസ്ഥ നിത്യജീവിതത്തില്‍ പലപ്പോഴും തളര്‍ച്ച വരുത്തുന്ന വൈകല്യങ്ങളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
ഇവര്‍ നേരിടുന്ന അടുത്ത പ്രശ്‌നം തുടര്‍ച്ചയായ കിടപ്പും ഇരിപ്പും മൂലമുണ്ടാവുന്ന വൃണങ്ങളും മുറിവുകളുമാണ് (pressure ulcers). ഇവരുടെ ദുരിതത്തെ ഇത് മറ്റൊരു തലത്തിലെത്തിക്കുന്നു. സ്‌പൈനല്‍ കോഡ് ഇന്‍ജേര്‍ഡ്(SCI) ആയവരില്‍ തളര്‍ന്നു പോയ ശരീരഭാഗങ്ങളിലെ സംവേദന ശേഷി പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടമാകുന്നു. സ്പര്‍ശനവും വേദനയും ചുടും തണുപ്പും മറ്റു സമ്മര്‍ദ്ദങ്ങളും തിരിച്ചറിയാന്‍ നമ്മെ പ്രാപ്തരാക്കുന്ന ശരീരത്തിന്റെ സംവേദനശേഷി ശരീരത്തിനു ഹാനികരമാകാവുന്ന അത്തരം സാഹചര്യങ്ങള്‍ക്കെതിരെയുള്ള ഒരാളുടെ സ്വാഭാവികമായ സുരക്ഷാകവചമാണ്. സ്‌പൈനല്‍ ഇന്‍ജേര്‍ഡ് വ്യക്തികളില്‍ തളര്‍ന്നു പോയ ശരീരഭാഗങ്ങളില്‍ സംവേദനശേഷി നഷ്ടമാകുന്നത് അവരില്‍ വളരെയെളുപ്പം പ്രഷര്‍സോര്‍/ബെഡ്‌സോര്‍ (കിടക്കപ്പുണ്ണ്) ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇരിപ്പിടത്തിലോ കിടക്കയിലോ ശരീരം ഏറെ നേരം അമര്‍ന്നിരിക്കുന്നതിനെത്തുടര്‍ന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന ക്ഷതങ്ങളെയാണ് പ്രഷര്‍ സോര്‍ എന്നു പറയുന്നത്. സ്‌പൈനല്‍ ഇന്‍ജേര്‍ഡ് ആയവര്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണിത്. സുഷുംനാനാഡിയിലെ പരിക്കിനെ തുടര്‍ന്ന് വീല്‍ചെയറില്‍ ജീവിച്ചിരുന്ന പലരും പ്രഷര്‍ സോര്‍ ഉണ്ടായി വലിയ വൃണമായി മാറി വീടുകള്‍ക്കുള്ളില്‍ കിടക്കയില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്നവരായുണ്ട്. ബെഡ്‌സോര്‍ ഗുരുതരമായി മാറി ജീവനു തന്നെ ഭീഷണി നേരിടുന്ന അവസ്ഥയിലുള്ളവരുമുണ്ട്. ഇങ്ങനെയുള്ളവരിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണിത്.
സ്‌പൈനല്‍ ഇന്‍ജുറിക്കാരിലെ സ്ഥിരമായ മറ്റൊരു ആരോഗ്യപ്രശ്‌നമാണ് വൃക്കകളെ പോലും തകരാറിലാക്കുന്ന മൂത്രത്തിലെ അണുബാധ (UTI). ഇക്കാര്യത്തില്‍ ഇവര്‍ എപ്പോഴും കരുതലോടെ ജീവിക്കേണ്ടതുണ്ട്. അതുപോലെ സ്പാസവും ന്യൂറോപെയ്‌നും ഇങ്ങനയുള്ളവരില്‍ പലരിലും ഒരു സ്ഥിരം പ്രശ്‌നമാണ്. സ്‌പൈനല്‍ കോഡ് പേഷ്യന്റ്‌സ് നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ക്ക് അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ സങ്കീര്‍ണ്ണതകളും മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഇത്തരം ഒട്ടേറെ പ്രശ്‌നങ്ങളാല്‍ ഏറെ ബുദ്ധിമുട്ടുന്ന നട്ടെല്ലു തകര്‍ന്നു ശരീരം തളര്‍ന്ന ഭിന്നേശഷിക്കാര്‍ക്ക് സര്‍ക്കാരും സമൂഹവും പ്രത്യേകമായ പരിഗണന നല്കുകയും ഇവരുടെ പ്രശ്‌നങ്ങളില്‍ അല്പം കൂടി ശ്രദ്ധ വെയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങനെയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാരിന് ചിലത് ചെയ്യാന്‍ കഴിയും
സ്‌പൈനല്‍ കോഡിന് പരിക്കു പറ്റി ശരീരം തളര്‍ന്നു ജീവിതം അവതാളത്തിലാകുന്ന ഒരാള്‍ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ ഏറ്റവും അത്യാവശ്യമായ ഒരു കാര്യം വിസര്‍ജന കാര്യങ്ങളില്‍ നിയന്ത്രണം തിരിച്ചു കിട്ടുക എന്നതാണ്. ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടുന്നതിനെ കുറിച്ച് അയാള്‍ക്ക് ചിന്തിക്കാന്‍ പോലും അതിനു ശേഷമേ സാധിക്കൂ. അതുപോലെ ബെഡ്‌സോര്‍ ഉള്ളവര്‍ക്ക് ഫലപ്രദമായ ചികിത്സയിലൂടെ തീര്‍ത്തും അവശരാക്കുന്ന വലിയ വൃണങ്ങളില്‍ നിന്ന് മോചനവും വേണ്ടതുണ്ട്. സുഷുംനാനാഡിയ്ക്കു പരിക്കേറ്റ് ശരീരം തളര്‍ന്ന നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളക്കും പൂര്‍ണ്ണമായ പരിഹാരമില്ലെങ്കിലും വിദഗ്ദ്ധര്‍ക്ക് ആധുനിക പുനരധിവാസ പദ്ധതിയിലൂടെ വലിയൊരു പരിധി വരെ ഇവരെ സഹായിക്കാന്‍ കഴിയും. ഇവര്‍ക്കു വേണ്ടി ആധുനിക വൈദ്യശാസ്ത്രം മുന്നോട്ടു വെക്കുന്ന പുനരധിവാസ പദ്ധതി പല കാര്യങ്ങളുമുള്‍ക്കൊള്ളുന്നു.
നഷ്ടപ്പെട്ട ചലനശേഷി ഫിസിക്കല്‍ തെറാപ്പിയിലൂടെ കഴിയുന്നത്ര വീണ്ടെടുക്കുക, ബ്ലാഡര്‍ ബവല്‍ മാനേജ്‌മെന്റില്‍ പരിശീലനം നല്കി വിസര്‍ജനത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക, ബെഡ്‌സോറുകള്‍ക്ക് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കുക, ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നതിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ശാരീരികമായി തളര്‍ന്നു പോയവര്‍ സ്വാഭാവികമായും നേരിടാനിടയുള്ള മാനസികമായ പ്രശ്‌നങ്ങളും നിരാശയും പരിഹരിക്കാന്‍ കൗണ്‍സലിംഗ് തുടങ്ങി ഒരു കൂട്ടം കാര്യങ്ങള്‍. ഇത് അവരെ ജീവിതത്തിലേക്ക് ഒരു പരിധി വരെയെങ്കിലും തിരികെ വരാന്‍ പ്രാപ്തരാക്കും. പക്ഷേ നമ്മുടെ നാട്ടില്‍ ഇത്തരം രോഗികളില്‍ പലരും പുറംലോകവുമായുള്ള ബന്ധമറ്റ് സമൂഹത്തില്‍ നിന്നും അകന്ന് വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുകയാണ്. കേവലം പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ മതിയാവില്ല ഇവര്‍ക്ക്.
ഇത്തരക്കാര്‍ക്ക് പുനരധിവാസ പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങള്‍ വികസിതരാജ്യങ്ങളില്‍ സാധാരണമാണ്. പക്ഷേ ഇന്ത്യയിലെ കാര്യം വളരെ വ്യത്യസ്തമാണ്. ചില വലിയ നഗരങ്ങളില്‍ മാത്രമേ ഇതിനു സൗകര്യമുള്ള ആശുപത്രികളും വിദഗദ്ധരുമുള്ളൂ. കേരളത്തിലെ കാര്യമാണെങ്കില്‍ വളരെ കഷ്ടമാണ്. 3.5 കോടി ജനസംഖ്യയും പതിനായിരക്കണക്കിനു സ്‌പൈനല്‍ കോഡ് ഇന്‍ജുറി രോഗികളുമുള്ള ഇവിടെ ഇത്തരം ഒരു സെന്റര്‍ പോലുമില്ല. നമുക്ക് ഏറ്റവുമടുത്ത് അത്തരം കേന്ദ്രങ്ങളുള്ളത് ബാംഗ്ലൂരിലെ സെയ്ന്റ് ജോണ്‍സ് ആശുപത്രിയിലും തമിഴ്‌നാട്ടിലെ വെല്ലൂര്‍ സി.എം.സി ആശുപത്രിയിലുമാണ്. തീര്‍ച്ചയായും നമുക്കു കേരളത്തില്‍ ഇത്തരത്തിലുള്ള ഒന്നിലധികം റിഹാബ് സെന്ററുകള്‍ ആവശ്യമുണ്ട്. കേരളത്തിലെ ഒരോ ജില്ലയിലേയും പ്രധാനപ്പട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം സെന്ററുകള്‍ തുടങ്ങേണ്ടതാണ്. പക്ഷെ, ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭാവവും മറ്റു പ്രായോഗിക പരിമിതികളും കണക്കിലെടുത്ത് ഒരു സെന്ററെങ്കിലും ഇവിടെ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ട്. ഈ രംഗത്ത് പരിചയം സിദ്ധിച്ച ഡോക്ടമാരുടെയടക്കം വിദഗ്ദ്ധരുടെ അഭാവം കേരളത്തില്‍ ഒരു പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ ഈ രംഗത്തെ വിദഗ്ദ്ധരെ പുറത്തു നിന്നു കൊണ്ടു വന്നു ഇവിടെയുള്ള ഡോക്ടര്‍മാരടക്കമുള്ളവര്‍ക്കു പരിശീലനം നല്കി ഇത്തരം കേന്ദ്രം നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും അടിയന്തിര പരിഗണന ഉണ്ടാകേണ്ട ഒരു വിഷയമാണിത്. ഈ രംഗത്ത് ഇങ്ങനെയുള്ള ഒരു കേന്ദ്രം പോലും കേരളത്തിലില്ലാത്തതിന്റെ കാരണം ഉത്തരവാദപ്പെട്ടവരുടെ ഇടയില്‍ സുഷുംനാനാഡിയിലെ പരുക്കിനേയും അതിന്റെ സങ്കീര്‍ണ്ണതകളേയും കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതാണ്. അതിനു മാറ്റമുണ്ടാകണം.
സുഷുംനാനാഡിയിലെ പരിക്കിനെ തുടര്‍ന്ന് ശരീരം തളര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ ഇടപെലുകള്‍ ഉണ്ടാകുന്നതിനൊപ്പം സ്‌പൈനല്‍ ഇന്‍ജുറിയെ കുറിച്ചും അതു സംഭവിക്കാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളേക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് മനുഷ്യനെ ജീവച്ഛവമാക്കി മാറ്റാവുന്ന ഈ അത്യാഹിതത്തെ നമ്മില്‍ നിന്നും കഴിയുന്നത്ര അകറ്റി നിര്‍ത്തുന്നതിന് അനിവാര്യമാണ്.
രോഗങ്ങള്‍ മൂലവും സ്‌പൈനല്‍ കോഡിന് തകരാര്‍ സംഭവിക്കാമെങ്കിലും അപകടങ്ങള്‍ മൂലമാണ് ഏറ്റവും കൂടുതലാളുകള്‍ ഈയവസ്ഥയ്ക്കു വിധേയരാകുന്നത്. അതില്‍തന്നെ അപകടങ്ങളില്‍ പെട്ടവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ സംഭവിക്കുന്ന ശ്രദ്ധക്കുറവാണ് പലപ്പോഴും സുഷുംനാനാഡിയില്‍ അപരിഹാര്യമായ കേടുപാടുകള്‍വരുത്തി ശരീരം തളര്‍ത്തുന്ന സാഹചര്യത്തിലേക്കു നയിക്കുന്നത്. ഏത് അസുഖത്തിന്റെ കാര്യത്തിലുമെന്ന പോലെ സംഭവിച്ചതിനു ശേഷം ചികിത്സക്കുന്നതിനേക്കാള്‍ അത് സംഭവിക്കാതെ നോക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനാല്‍ അപകടങ്ങള്‍ക്കെതിരെ എന്തൊക്കെ മുന്‍കരുതലുകളെടുക്കാം എന്നതിനൊപ്പം അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ എങ്ങനെയൊക്കെ മുന്‍കരുതലുകളെടുക്കാമെന്നതിനെ കുറിച്ചുമൊക്കെയുള്ള അറിവുകള്‍ എല്ലാവര്‍ക്കും പകര്‍ന്നു കൊടുക്കേണ്ടതുണ്ട്.
ഈയൊരു ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 5 ലോക സ്‌പൈനല്‍ കോഡ് ഇന്‍ജുറി ദിനമായി ആചരിക്കാന്‍ ഇന്‍ര്‍നാഷണല്‍ സ്‌പൈനല്‍ കോഡ് സൊസൈറ്റി എന്ന സംഘടന തീരുമാനിച്ചിട്ടുണ്ട്. സ്‌പൈനല്‍ ഇന്‍ജുറിയെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വളര്‍ത്താനായി ഈ ദിവസം നമ്മുടെ സര്‍ക്കാരും സന്നദ്ധസംഘടനകളും ഉചിതമായ പരിപാടികളോടെ ആചരിക്കേണ്ടതാണ്.
സ്‌പൈനല്‍ ഇന്‍ജുറി എന്ന അത്യാഹിതം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും ഒപ്പം അങ്ങനെയൊരു വിധിക്കു കീഴ്‌പ്പെട്ടു പോയവരെ എങ്ങനെയെല്ലാം ജീവിതത്തിലേക്കു മടക്കി കൊണ്ടു വരാന്‍ കഴിയുമെന്നതിനെക്കുറിച്ചും സമൂഹത്തിന് മെച്ചപ്പെട്ട ധാരണ ആവശ്യമാണ്. ജനങ്ങളില്‍ കൂടുതല്‍ അവബോധം വളരുന്നതിലൂടെ സ്‌പൈനല്‍ ഇന്‍ജുറി കേസുകള്‍ നമ്മുടെ രാജ്യത്ത് പരമാവധി കുറയട്ടെ എന്നും അതു സംഭവിച്ചവര്‍ക്ക് കഴിയുന്നത്ര ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയട്ടെ എന്നും നമുക്കാശിക്കാം.