മദ്യവിരുദ്ധ പരിപാടികളിലെല്ലാം കൂടുതല്‍ ഊന്നിനില്‍ക്കുന്നത് ബോധവത്കരണത്തിലാണ്. മദ്യം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ എണ്ണുന്നതിലാണ് ബോധവത്കരണം കേന്ദ്രീകരിക്കുന്നത്. നിയമവശങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. കൂടുതലായി കണ്ടുവരാത്ത കാര്യമാണ് മദ്യം ഉപേക്ഷിക്കാനുള്ള ചികിത്സ എന്നത്. മദ്യത്തോടുള്ള ആസക്തി ഒരു രോഗമാണ് എന്നത് തന്നെ ഉള്‍ക്കൊള്ളാനാകാത്ത ഒരു സമൂഹത്തില്‍ ചികിത്സയെപ്പറ്റി എങ്ങനെ പറഞ്ഞ് പ്രതിഫലിപ്പിക്കും? പലരും മദ്യാസക്തിയെ വളര്‍ത്തു ദോഷമായിട്ടോ സ്വഭാവദോഷമായിട്ടോ അടി കിട്ടാത്തതിന്റെ കുറവായിട്ടോ കാണുന്നവരാണ്. മദ്യം ഉപയോഗിക്കുന്നതുമൂലം ശാരീരികവും മാനസികവുമായ രോഗങ്ങള്‍ വരുന്നതുകൊണ്ടാണ് അതിനെ രോഗം എന്ന് പറയുന്നത് എന്ന് ചിലര്‍ ചിന്തിക്കുന്നു. ചിലര്‍ മദ്യാസക്തിയെ രോഗം എന്ന് വിളിക്കുന്നത് അലങ്കാരത്തിനു വേണ്ടിയാണ്.
മദ്യത്തോടുള്ള ആകര്‍ഷണം തന്നെ രോഗമാണ് എന്നതാണ് സത്യം. മദ്യപിച്ച് തുടങ്ങുന്നതിനെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ക്ക് നിര്‍ത്താന്‍ സാധിക്കാത്തതിന്റെ കാരണമാണ്. മദ്യപിച്ച് തുടങ്ങുന്നതിനെ അച്ചടക്കമില്ലായ്മയോ സ്വഭാവദൂഷ്യമോ ആയി കണ്ടാലും അടിമപ്പെട്ട ഒരാള്‍ വീണ്ടും മദ്യപിക്കുന്നത് അങ്ങനെ കാണാന്‍ പറ്റില്ല. ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ സംഭവിക്കുന്നതാണ് തുടര്‍ച്ചയായ മദ്യപാനം. മദ്യാസക്തിക്ക് ശാരീരിക കാരണങ്ങള്‍ പറയാം. പഠനങ്ങളില്‍ തെളിയിക്കപ്പെട്ട കാര്യം മദ്യം കഴിക്കുന്നത് കൊണ്ട് തലച്ചോറിലെ രാസഘടനയില്‍ സ്ഥിരമായ മാറ്റം സംഭവിക്കുന്നു എന്നാണ്. ഇതാണ് മദ്യം നിര്‍ത്താന്‍ കഴിയാത്തതിന്റെ കാരണം. വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ വെന്‍ട്രല്‍ ട്രെഗ്മന്റിന്റെയും ന്യൂക്ലിയസ് ആക്യുബന്‍സിന്റെയും ഇടയില്‍ കിടക്കുന്ന രാസ പദാര്‍ഥമായ ഡോപമിനെയാണ് മദ്യം ബാധിക്കുന്നത്. ഏത് രണ്ട് വസ്തുക്കള്‍ കൂടിച്ചേര്‍ന്നാലും മൂന്നാമതൊരു വസ്തുവുണ്ടാകുന്നു. മൂന്നാമതായി ഉണ്ടാകുന്ന വസ്തുവിന്റെ ഉപയോഗവും ധര്‍മവും ആദ്യത്തെ രണ്ട് വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. മൂന്നാമതായി ഉണ്ടാകുന്ന വസ്തുവിനെ പുതിയ പേര് നല്‍കി വിളിക്കുന്നു. അതുപോലെ നിരന്തരമായി ഡോപമിനുമായി മദ്യത്തിലടങ്ങിയ ആല്‍ക്കഹോള്‍ ചേരുമ്പോള്‍ മൂന്നാമതായിതിക്ക് (tetrahydroisuquinoline) എന്ന ഒരു പദാര്‍ത്ഥമുണ്ടാകുന്നു. വീണ്ടും മദ്യത്തോട് ഒരു ആകര്‍ഷണമുണ്ടാക്കുക എന്നതാണ് തിക്കിന്റെ ധര്‍മം. മദ്യം ശീലമാക്കിയവരുടെ അസ്ഥിര പെരുമാറ്റവും ചിലപ്പോള്‍ മാസങ്ങളോളം മദ്യപിക്കാതിരിക്കുകയും അപ്രതീക്ഷിതമായി മദ്യപിക്കുന്നതും തിക്കിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ്. മദ്യത്തിന് അടിമപ്പെട്ട ആള്‍ വീണ്ടും മദ്യപിക്കാനുള്ള കാരണം കൂട്ടുകെട്ടാണെന്ന് പറയുന്നത് വിശപ്പുണ്ടാകാന്‍ വയറ് കാലിയായതാണ് കാരണമെന്ന് പറയുന്നതുപോലെയാണ്. യഥാര്‍ത്ഥത്തില്‍ വയറ് കാലിയായതാണോ കാരണം? വയറില്‍ നടക്കുന്ന രാസപ്രവര്‍ത്തനം മൂലം ദഹനം നടക്കുകയും വയറ് കാലിയാകുകയും ചെയ്യുന്നു എന്നതാണല്ലോ യാഥാര്‍ത്ഥ്യം . അതുപോലെ മസ്തിഷ്‌കത്തിലെ രാസമാറ്റങ്ങളാണ് മദ്യപിക്കാന്‍ കാരണമാകുന്നത്.
ഒരാള്‍ക്ക് മദ്യം നിര്‍ത്താന്‍ സാധിക്കാത്തതിന്റെ കാരണങ്ങളെ മൂന്നായി വിശദീകരിക്കാം. ഒന്ന് : മേല്‍ പറഞ്ഞ തലച്ചോറിലെ രാസമാറ്റങ്ങള്‍. രണ്ട് : മദ്യം നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ (withdrawal symtoms). മൂന്ന് : മനഃശ്ശാസ്ത്രപരവും കുടുംബപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങള്‍. അവസാനം പറഞ്ഞ കാരണങ്ങളാണ് കൗണ്‍സിലിംഗിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. രണ്ടാമത് പറഞ്ഞ കാരണം മരുന്ന് മുഖേന നിയന്ത്രിക്കാം. ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം നീക്കം ചെയ്യാനും മരുന്ന് സഹായിക്കുന്നു. രോഗിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ചെയ്ത് ഒരു മാസക്കാലം നല്‍കുന്ന ചികിത്സ യഥാര്‍ത്ഥത്തില്‍ രണ്ടാമത്തെയും മൂന്നാമത്തെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. തലച്ചോറിന്റെ രാസഘടനയില്‍ വന്ന തകരാറുകള്‍ പരിഹരിക്കാന്‍ കാര്യമായ ചികിത്സകളൊന്നുമില്ല. തലച്ചോറിന്റെ തകരാറുകള്‍ രോഗി മദ്യം നിര്‍ത്തലോടു കൂടി സ്വയം പരിഹരിക്കപ്പെട്ടുവരേണ്ടതാണ്. ഇതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയെടുത്തേക്കും. ഈ കാലമത്രയും രോഗി മദ്യപിക്കാതിരിക്കുക എന്നതാണ് അതിന്റെ മാര്‍ഗം. അതുകൊണ്ടാണ് മദ്യാസക്തി ഒരു മാറാരോഗമാണെന്ന് പറയുന്നത്. ആജീവനാന്ത രോഗമായതിനാല്‍ ആജീവാനന്ത ചികിത്സയും നല്‍കേണ്ടതാണ്. ഇതിനെയാണ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമുള്ള തുടര്‍ചികിത്സയെന്നു പറയുന്നത്. തുടര്‍ചികിത്സ എന്നാല്‍ തുടര്‍ന്നും മരുന്ന് കഴിക്കലും നിര്‍ദിഷ്ട ഘട്ടങ്ങളില്‍ കൗണ്‍സിലിംങ് എടുക്കലുമാണ്. തുടര്‍ചികിത്സയുടെ അതിപ്രധാനവും കൂടുതല്‍ ആളുകളും പല കാരണങ്ങളാലും അവഗണിക്കാറുള്ളതുമായ ഭാഗമാണ് ആല്‍ക്കഹോള്‍ അനോണിമസ് പ്രവര്‍ത്തനം.
മദ്യാസക്തി ഒരു മാറാരോഗമാണെങ്കിലും ഈ രീതിയിലെല്ലാം ചികിത്സയെടുത്ത് നല്ല ജീവിതം നയിക്കുന്ന ആളുകള്‍ എത്രയെങ്കിലുമുണ്ട്. മദ്യാസക്തിക്കുള്ള ചികിത്സയെ ബൃഹത് ചികിത്സ എന്നാണ് പറയുക. മരുന്ന്, കൗണ്‍സിലിംഗ്, തുടര്‍ചികിത്സ, ആല്‍ക്കഹോള്‍ അനോണിമസ് എന്നിവ തുല്യപ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോയാല്‍ മാത്രമേ ഫലം ലഭിക്കുകയുളളൂ. തുടര്‍ ചികിത്സയെപ്പറ്റി പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ഓര്‍ത്തുവെക്കേണ്ടതുണ്ട്. പുനര്‍പതനം, ഡ്രൈഡ്രങ്ക് എന്നീ രണ്ട് വാക്കുകളാണവ. ചികിത്സക്ക് ശേഷം രോഗി വീണ്ടും മദ്യപിക്കുന്നതിനെയാണ് പുനര്‍പതനം എന്ന് പറയുന്നത്. പുനര്‍പതനം സംഭവിച്ചാല്‍ രോഗം അതിതീവ്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇനിയൊന്നും ചെയ്യാനില്ല എന്ന് നിരാശപ്പെട്ട് കാന്‍സര്‍ രോഗിയെ ചികിത്സക്ക് വീണ്ടും കൊണ്ടുപോകാതിരിക്കുന്നില്ല. അതുപോലെ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമെങ്കിലും മനസില്‍ കത്തിച്ച് പുനര്‍പതനം സംഭവിച്ച രോഗിയേയും കൊണ്ട് അടുത്ത ചികിത്സക്ക് പോകേണ്ടതാണ്. പുനര്‍പതനം ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. രോഗി പുനര്‍പതനത്തിലേക്ക്് പോകുന്നതിന് മുമ്പ് ചില ലക്ഷണങ്ങള്‍ കാണിക്കും. അത് ചിലപ്പോള്‍ ആഴ്ചകളോളം നീണ്ടു നില്ക്കും . ഈ സമയത്തെയാണ് ഡ്രൈഡ്രങ്ക് ഘട്ടമെന്ന് പറയുന്നത്. വളരെ അടുത്ത് നിന്ന് പരിചരിക്കുന്നവര്‍ക്ക് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ ഈ ഘട്ടത്തിലാണ് രോഗിയുള്ളതെന്ന് മനസിലാകുകയുള്ളൂ. െ്രെഡഡ്രങ്ക് ലക്ഷണങ്ങളെപ്പറ്റിയും ആ സമയത്ത് ബന്ധുക്കള്‍ എന്ത് ചെയ്യണമെന്നും ചികിത്സാ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞ് കൊടുക്കാറുള്ളതാണ്. ഡ്രൈഡ്രങ്ക് ഘട്ടത്തെ തിരിച്ചറിഞ്ഞ് ഇടപെട്ടാല്‍ രോഗിയെ രക്ഷപ്പെടുത്താം.
രോഗങ്ങളെ സാധാരണ രോഗങ്ങള്‍, പകരുന്നവ, തീവ്രമായവ, ആജീവാനന്ത രോഗങ്ങള്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഓരോന്നിനും നല്‍കുന്ന ചികിത്സയും വ്യത്യാസമുണ്ട്. മദ്യാസക്തിക്കുള്ള ചികിത്സയും പനിയോ തലവേദനയോ വന്നാല്‍ നല്‍കുന്ന ചികിത്സയും ഒരുപോലെയാണ് എന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമുള്ളത്. പ്രമേഹം, പൊണ്ണത്തടി, എയ്ഡ്‌സ് എന്നിവയും മദ്യാസക്തിയും ആജീവനാന്ത രോഗങ്ങള്‍ എന്ന വിഭാഗത്തില്‍പെടുന്നവയാണ്. പൊണ്ണത്തടി കുറക്കാന്‍ ഹോസ്പിറ്റലില്‍ കിടന്ന് പുറത്തിറങ്ങി തോന്നിയപോലെ ജീവിച്ചാല്‍ ഫലമൊന്നുമുണ്ടാകില്ല. പ്രമേഹം വന്നതിനുശേഷവും, എയ്ഡ്‌സ് പിടിപെട്ടിട്ടും വര്‍ഷങ്ങളായി ജീവിക്കുന്ന ആളുകളുണ്ട്. എയ്ഡ്‌സ്, പ്രമേഹം എന്നിവയുടെ കാര്യത്തില്‍ ആജീവനാന്തരോഗമാണ് എന്ന തിരിച്ചറിവുണ്ടാകുന്ന പോലെ മദ്യാസക്തിയുടെ കാര്യത്തിലും ആജീവനാന്ത രോഗമാണ് എന്ന തിരിച്ചറിവുണ്ടാകുന്നില്ല എന്നിടത്താണ് പ്രശ്‌നം. പലരും മദ്യം നിര്‍ത്തി അല്‍പം മാസങ്ങള്‍ പിന്നിട്ടാല്‍ ചികിത്സ തുടരുന്നില്ല. ക്ഷമയോടെ തുടര്‍ന്നും ചികിത്സയെടുക്കുന്നവര്‍ക്ക് ഫലം ലഭിക്കുന്നുമുണ്ട്. പലപ്പോഴും ബന്ധുക്കളാണ് രോഗിയെ തുടര്‍ചികിത്സയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇപ്പോള്‍ മദ്യം നിര്‍ത്തി മൂന്ന് മാസമായല്ലോ, ഇനി എന്തിന് ചികിത്സ തുടരണം എന്ന് ഉപദേശിക്കുന്നതോടെ രോഗിയും ചികിത്സ നിര്‍ത്തുന്നു. രോഗി തുടര്‍ന്നും ചികിത്സ എടുക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് ബന്ധുക്കളുടെ ഉത്തരവാദിത്വമാണ്.
കുടി നിര്‍ത്താന്‍ കുടി ഉപേക്ഷിക്കരുത് എന്നത് വലിയ അര്‍ത്ഥമുള്ള വാചകമാണ്. മദ്യം ഉപേക്ഷിക്കണമെങ്കില്‍ രോഗി കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുകയും കുടുംബം രോഗിയോട് ചേര്‍ന്ന് നില്‍ക്കുകയും വേണമെന്നാണ് പൊരുള്‍. ഒരാള്‍ മദ്യപാനിയാകുന്നതിലും, കുടിക്കുന്നയാള്‍ അത് നിര്‍ത്തുന്നതിലും കുടുംബത്തിന് വലിയ പങ്കുണ്ട്. അവഗണിക്കുന്നത് കൊണ്ട് മദ്യപിക്കുന്നയാള്‍ വഴി കുടുംബത്തിന് വരുന്ന മാനഹാനി, സാമ്പത്തിക പ്രശ്‌നങ്ങള്‍, സുരക്ഷിതത്വമില്ലായ്മ എന്നിവ വരാതിരിക്കുന്നില്ല. കുടുംബത്തിന്റെ പിന്തുണയില്ലാത്ത ചികിത്സ അപൂര്‍ണമാണ്. ചികിത്സകള്‍ പലത് ചെയ്തിട്ടും ഒരാള്‍ മാറുന്നില്ലെങ്കില്‍ അമര്‍ഷവും നീരസവും വരുന്നത് സ്വാഭാവികമാണ്. കുറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കാനേ ഇടയാക്കുകയുള്ളൂ. ഓരോ തവണയും അടുത്ത തവണ ശരിയാകും എന്ന് രോഗിയെ നിരന്തരമായി പ്രചോദിപ്പിച്ചുകൊണ്ടിരിക്കണം. അഗാധമായ ക്ഷമയും സമയവും ആവശ്യമുള്ള കാര്യമാണ് ഒരാളെ മദ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നത്. എത്ര ചികിത്സിച്ചിട്ടും ഒരാള്‍ മദ്യം നിര്‍ത്തുന്നില്ലെങ്കില്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ആശ്വസിക്കാന്‍ പറ്റുന്ന അത്ര ചികിത്സകള്‍ക്ക് വിധേയനാക്കേണ്ടതാണ്.ഇത്രയെല്ലാം ചികിത്സകള്‍ ചെയ്തിട്ടും ഒരാള്‍ മദ്യം നിര്‍ത്തുന്നില്ലെന്ന് കണ്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ ശ്രദ്ധയും അധ്വാനവും മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിട്ട് ജീവിതം സന്തോഷമാക്കാന്‍ ശ്രമിക്കാവുന്നതുമാണ്.
(സൈക്കോളജിക്കല്‍ കൗണ്‍സിലറാണ് ലേഖകന്‍)