കിഴക്കിന്റെ വെനീസ്, ചന്ദ്രാര്‍കന്‍ ശോഭ കുറഞ്ഞ ദിനം. രാത്രി വൈകുന്തോറും ഇരുട്ടിന്‍ കാഠിന്യം വര്‍ധിച്ചുവരികയാണ്. ഗ്രാമങ്ങള്‍ നിശ്ചലതയില്‍ മിഴിയടച്ചിരിക്കുന്നു. ശാന്താന്തരീക്ഷത്തില്‍ വിളക്കണയാത്ത ഒരു കൊച്ചുകൂരയിരിപ്പുണ്ട്. മനഃസ്സമാധാനം തളംകെട്ടി നിന്നിരുന്ന ആ കൂരയില്‍ മൂകത തളംകെട്ടിയിരിക്കുകയാണ്. ദിവസവേതനത്തിന് കൂലി ചെയ്ത് വീട്ടാവശ്യങ്ങള്‍ കൈയില്‍ കരുതി തിരികെവരുന്ന പ്രിയതമനെയും കാത്തി രിക്കുകയാണവള്‍, മിച്ചം നില്‍ക്കുന്ന തുക വേലായുധന്റെ ചാരായക്കടയില്‍ പണയംവെക്കുന്നവനാണെങ്കിലും അതിന്റെ തിക്തഫലങ്ങളൊന്നും കുടുംബത്തില്‍ നിഴലിക്കാറില്ലെന്നത് പെരുമതന്നെ. ഭാര്യയെ സന്തോഷിപ്പിക്കുന്നതിലും മകളെ താലോലിക്കുന്നതിലും അയാള്‍ പൂര്‍ണ്ണനാണ്. വൃദ്ധയായ ഉമ്മയുടെ സ്‌നേഹവാത്സല്യം ആവോളം നേടിയിട്ടുമുണ്ടദ്ദേഹം. ഭാര്യക്കൊപ്പം മകളുമുണ്ട് മിഴിയടയാതെ കാത്തിരിക്കാന്‍, നാളെ സ്‌കൂളിലേക്കുള്ള സ്‌കെയില്‍ വാങ്ങിത്തരാമെന്നേറ്റു പോയതാണ് ഉപ്പ. സമയം രാത്രി പത്ത് മണി. പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പത്തുരൂപയുടെ ടോര്‍ച്ചുമെടുത്ത് അവള്‍ കവല ലക്ഷ്യമാക്കിയിറങ്ങി. രാത്രി പുറത്തിറങ്ങിയിട്ടില്ലാത്തവള്‍ക്ക് മുന്നിലുള്ളതെല്ലാം അന്യമായിത്തോന്നി. കാല്‍പെരുമാറ്റം നിലച്ച കവലയില്‍ ആരോട്, എവിടെ ചോദിക്കും. ഭര്‍ത്താവിന്റെ കിന്നാരം പറച്ചില്‍ കടന്നുവന്നിരുന്ന കവലയിലെ ഓരോ ഭാഗങ്ങളും ഓര്‍മ്മയില്‍ പുതുക്കി. സാമ്യത തോന്നുന്നിടത്തെല്ലാം തിരക്കി. ഇനി ഒരിടം മാത്രമെ ബാക്കിയൊള്ളൂ, കവല ചെന്നവസാനിക്കുന്ന ഓടക്കുമുകളിലെ ഇരിപ്പിടം. അതും ലക്ഷ്യമാക്കി നടന്നു. ഇരുഭാഗത്തേക്കും കണ്ണുകള്‍ സംശ്രദ്ധം പായിക്കുന്നുണ്ട്. വൈകുന്തോറും ആധിവര്‍ധിക്കുന്നുമുണ്ട്. അവള്‍ ഓടക്കുമുകളിലെത്തി. പ്രതീക്ഷിച്ചതുപോലെ അവിടെയും ശൂന്യം. സ്വനിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍ ഓടക്കുമുകളിലിരുന്നു. അതുവഴി കടന്നുപോയ ഒരാള്‍ പറഞ്ഞു. ഇന്നലെവരെ കെട്ടിയോനായിരുന്നു, ഇന്നിതാ അവളും…
തലകറക്കം ശമനപ്പെട്ടപ്പോള്‍ ഓടയില്‍ നിന്നിറങ്ങി നടന്നു. തറയിലേക്ക് ടോര്‍ച്ച് പായിച്ചപ്പോള്‍ ഇടവിട്ട രക്തക്കറ കാണാനിടയായി. അതിനെ പിന്തുടര്‍ന്ന അവളെ ഓടയിലേക്കെത്തിച്ചു. മങ്ങിയ വെളിച്ചത്തില്‍ ഉള്ളിലേക്ക് കുനിഞ്ഞുനോക്കിയപ്പോള്‍ ഇരുണ്ട ആള്‍രൂപത്തെ അവള്‍ മനസിലാക്കി, തന്റെ ഭര്‍ത്താവ്. വിഭ്രാന്തിപ്പെട്ട് അടുത്തുള്ള വീട്ടുകാരെ വിളിച്ചു, ഉടനെത്തന്നെ ഹോസ്പിറ്റലിലെത്തിച്ചു. കൈയും രണ്ടു കാലും ഒടിഞ്ഞിട്ടുണ്ട്. തലയില്‍ നിന്ന് അധികം രക്തംവാര്‍ന്നിട്ടുമുണ്ട്. നാട്ടിലെ മദ്യപാനികളെ മുഴുവന്‍ ശാരീരിക ഉപദ്രവത്തിലൂടെ ശല്യംതീര്‍ക്കുമെന്ന് ആക്രോശിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ അക്രമിച്ചതാണത്രെ.
ഒന്നരമാസക്കാലത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തി, അഞ്ച് വര്‍ഷത്തെ റെസ്റ്റ് പറഞ്ഞിട്ടുണ്ട്. സന്തോഷത്തിലാറാടിയിരുന്ന ആ കൊച്ചുകൂര സന്താപക്കടലിലേക്ക്. വരുമാനം നിലച്ച വീട്ടില്‍ കടം വാങ്ങാവുന്നതെല്ലാം വാങ്ങി. കടക്കെണിയില്‍ വരിഞ്ഞുമുറുകിയപ്പോള്‍ ഭാര്യ അവളുടെ ചാരിത്ര്യം പണയംവെച്ചു, വേശ്യാവൃത്തിക്കിറങ്ങി. സഹധര്‍മ്മിണിയുടെ ഈ വൃത്തിയില്‍ മനംനൊന്തു, ഹൃദയം കീറി. നിസ്സഹായനായി നിന്നു. സുഖം പ്രാപിച്ചപ്പോള്‍ സ്വശരീരത്തെ പഴിച്ച് തന്റെ ദുശ്ശീലം കൊണ്ടനുഭവിക്കേണ്ടിവന്ന കെട്ട സാഹചര്യങ്ങളെയോര്‍ത്ത് വിലപിച്ചു. താന്‍ വീണ്ടും ലഹരിക്കടിമപ്പെടരുതെന്നുറച്ച് ജീവിതത്തിനൊരു തിരുത്തുവേണെമെന്ന ബോധ്യത്തോടെയാണ് അദ്ദേഹം മഅ്ദിന്‍ ലഹരി മുക്ത ചികിത്സാ കേന്ദ്രത്തിലെത്തി, ഈ ജീവിത കഥ രഹസ്യമറനീക്കുന്നത്.
ഇരുപ്പത്തിയഞ്ച് ദിവസത്തെ ആത്മീയാന്തരീക്ഷത്തിലൂന്നിയ ചികിത്സാ രീതിയിലൂടെ നല്ല ജീവിതക്രമം ചിട്ടപ്പെടുത്തി, അദ്ദേഹം കുടുംബത്തിലേക്ക് മടങ്ങിയത് സംതൃപ്ത ജീവിതം ചിട്ടപ്പെടുത്താനുള്ള ഉറച്ചതീരുമാനത്തിലാണ്. ഇന്നദ്ദേഹം സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു. ഈ ജീവിത കഥയിലെ തിരുത്തെഴുത്തില്‍ സാര്‍ഥരാണ് മഅ്ദിന്‍ കുടംബങ്ങളും മദ്യമുക്തി ചികിത്സാ കേന്ദ്രത്തിലെ അധികൃതരും.
മഅ്ദിന്‍ ലഹരി മുക്ത ചികിത്സാ കേന്ദ്രം
കള്ള് സ്വയം ശുദ്ധിയാകുമെങ്കില്‍ മദ്യപാനിക്കും പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ കഴിയുമെന്ന ശൈഖുനാ ഖലീല്‍ തങ്ങളുസ്താദിന്റെ ദൃഢ നിശ്ചയത്തില്‍ നിന്നാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മഅ്ദിന്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. സമൂഹം ആവശ്യപ്പെടുന്നതും പൊതുമേഖല ശ്രദ്ധ കേന്ദ്രീകരിക്കാത്തതുമായ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മഅ്ദിന്‍ സംരംഭങ്ങളുടെ പദ്ധതി ആവിഷ്‌കാരം കൂടിയാണിത്. ഈ സംരംഭത്തിലിന്ന് എഴുനൂറില്‍പരം അഭ്യുദയകാംക്ഷികളുണ്ടെന്നത് അതിന്റെ മഹിമ വിളിച്ചോതുന്നു.
പ്രത്യുത ജീവിത കഥകളെപ്പോലെ വ്യത്യസ്തമായ ജീവിത വഴികളില്‍ നിന്ന് മോചനം തേടിയെത്തുന്നവര്‍ക്ക് ശാശ്വത പരിഹാരമാണ് മഅ്ദിന്‍. മറ്റു മദ്യമുക്തി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും സംതൃപ്തരാകാത്ത എത്രയോപേര്‍ മഅ്ദിന്‍ കുടുംബത്തില്‍ ചേര്‍ന്ന് പൂര്‍വ്വസ്ഥിതി കൈവരിച്ചവരായുണ്ട്.
ഏലൂരുകാരന്‍, മധ്യവയസ്‌കന്‍, മഅ്ദിന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ അംഗമായി, ആത്മീയ സാഹചര്യങ്ങളില്‍ മെരുങ്ങി അദ്ദേഹം ഇരുപത്തിയഞ്ച് ദിവസത്തെ ക്യാമ്പിനിടയില്‍ ഖത്മും ഓതിത്തീര്‍ത്തുവത്രെ. സാഹചര്യം ഒരാളുടെ ജീവിതത്തെ ക്രമീകരിക്കുന്നതില്‍ നിസ്സീമമായ പങ്കുവഹിക്കുന്നുണ്ടെന്നതിന് ഉദാത്ത മാതൃകയാണിദ്ദേഹം.
മെഡിക്കേഷനോട് കൂടെ സൈക്കോളജി എന്ന ചികിത്സാ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മദ്യാസക്തിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യമായ മരുന്നുകള്‍ സമയക്രമത്തില്‍ നല്‍കി, മദ്യത്തിനോട് മാനസിക നീരസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് ഇഷ്ടമുള്ള പ്രവൃത്തികളെ, പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് കണ്ടെത്തി, അവരിലൊരാളായി ചേര്‍ന്ന് ആത്മീയാന്തരീക്ഷം കൂട്ടിച്ചേര്‍ത്താണ് ഇവിടം മദ്യപാനികളെ കരകയറ്റുന്നത്.
ഡബ്ല്യൂ.എച്ച്.ഒ പറയുന്നു. മദ്യപാനിക്ക് അതില്‍ നിന്ന് മുക്തി നേടണമെങ്കില്‍ ആത്മീയ ചുറ്റുപാടുകളെ കൂടുതല്‍ സ്വീകരിച്ചാല്‍ മതിയെന്ന്. പ്രസ്തുത അന്തരീക്ഷം തന്നെയാണ് മറ്റിതരില്‍ നിന്നും ഈ സ്ഥാപനത്തെ വേറിട്ടുനിര്‍ത്തുന്നതും. പുറമെ അല്‍പ്പമല്ലാത്തവര്‍ ഈ സ്ഥാപനത്തെ തിരഞ്ഞെടുക്കാന്‍ കാരണമായതും അവര്‍ക്ക് അത്യന്തിക മോചനം ലഭിക്കുന്നതും.
സമൂഹ സമീപനം
തെറ്റ് ചെയ്യുന്നവനെയല്ല, തെറ്റിനെയാണ് നാം വെറുക്കേണ്ടതെന്ന തിരുനബിവചനം മാതൃകയാക്കിയാണ് മദ്യപാനികള്‍ക്കെതിരില്‍ സമൂഹ സമീപനം ഉണ്ടാവേണ്ടത്. അരികുവത്കരണം ഒന്നിനും പരിഹരമില്ലെന്ന ജീവിതാനുഭവങ്ങള്‍ മനസിലാക്കിയാണ് ഇവരോട് പെരുമാറേണ്ടത്. ഒരുനേര സമീപനത്തിലെ ദുശ്‌വൃത്തി മതിയാവും ഒരാളുടെ ജീവിതം താളംതെറ്റിക്കാന്‍.
ഇരുപ്പത്തിമൂന്നുകാരന്‍, കൗമാരത്തിന്റെ തുടിപ്പ് കൈവിടാത്തവന്‍ മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട് ജീവിതം അവശനിലയിലെത്തി ചികിത്സാ കേന്ദ്രത്തിലേക്ക് വരുന്നതുതന്നെ, രണ്ടു കാലുണ്ടായിട്ടും പരസഹായിയുമായി വേച്ചുവെച്ചാണ്. ക്യാമ്പില്‍ അംഗമായി, ആത്മീയാന്തരീക്ഷത്തില്‍ ജീവിതം മെരുക്കിയെടുത്ത് പൂര്‍വ്വ സ്ഥിതി കൈവരിച്ചു. ആ രംഗം നേരില്‍ കണ്ട ഉമ്മ സന്തോഷത്തേരിലേറി. നാളെ അവന്‍ ഡിസ്ചാര്‍ജാവുകയാണ്. അന്നേദിവസം രാത്രി തന്റെ പെങ്ങള്‍ ഗള്‍ഫില്‍ നിന്നും വിളിക്കുന്നു. എന്ത്യേ, ഞങ്ങളുടെ കുറേ പണം നഷ്ടപ്പെട്ടു, നീ ഇനിയും മദ്യപിക്കൂലെ… ഈ വാക്കില്‍ വിയര്‍ത്തൊലിച്ച് അവന്‍ വീണ്ടും പഴയപടിയായി. എണീക്കാതെ അമ്പിക്കിടന്നു. തന്റെ മാറ്റത്തെ കുടുംബം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ ഞാനെന്തിന് ഇങ്ങനെ തുടരണം എന്നായിരുന്നു അവന്‍ ചിന്തിച്ചത്. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഉമ്മ വന്നപ്പോള്‍ വിളിക്കാന്‍ കഴിയാതെ കുഴങ്ങി. വന്നസമയത്തേക്കാളും ദുശ്ക്കരമായ അവസ്ഥ. ഒരാളുടെ സമീപനത്തിലെ പക്വതമില്ലായ്മ, ഉള്‍ക്കൊള്ളാനുള്ള മനസ്സില്ലായ്മയാണ് വീണ്ടും നാശത്തിലേക്ക് തള്ളിയിട്ടത്.
മാനുഷിക ബോധ്യത്തില്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും അവരുടെ സ്വഭാവ മാറ്റങ്ങളെ പരിഗണിക്കാനും കഴിയണം. ഏതൊരു വിശ്വാസിയെക്കുറിച്ചും നന്മയേ വിചാരിക്കാവൂ എന്ന പ്രവാചകാധ്യാപനത്തെ ജീവിതം കൊണ്ട് ശീലിപ്പിക്കണം. മോശമായ സാഹചര്യത്തില്‍ നിന്നും അല്‍പകാലത്തെ വീടുമാറ്റവും നല്ല സാഹചര്യങ്ങളോടുള്ള കൂട്ടുകൂടലും ഒരാളെ നന്മയിലേക്ക് ചേര്‍ത്തുവെക്കും. സുകൃതങ്ങളോട് ചങ്ങാത്തം കൂടി സമൂഹത്തിലേക്ക് തിരികെയെത്തി, സമൂഹം അദ്ദേഹത്തോട് പഴയസമീപനത്തില്‍ തന്നെ പെരുമാറുമ്പോള്‍ ഒരുതരം മാനസിക പിരിമുറുക്കം അദ്ദേഹത്തെ അലട്ടി പഴയജീവിതത്തിലേക്കെത്തിച്ച എത്ര ഹീനമായ സാഹചര്യങ്ങള്‍!…
മദ്യാസക്തി സ്ത്രീകളിലേക്ക്
സമീപ കാലത്തായി മദ്യപാനത്തില്‍ തങ്ങളും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് സ്ത്രീകള്‍. ദളിത് വിഭാഗത്തില്‍ പെട്ടവരും വേശ്യാവൃത്തിയിലേര്‍പ്പെട്ടവരുമായ സ്ത്രീകളില്‍ അവരുടെ ആചാരത്തിന്റെയോ തൊഴിലിന്റെയോ ഭാഗമായി മാത്രം ചുരുങ്ങിയിരുന്ന മദ്യോപയോഗം, പുതിയ പഠനങ്ങള്‍ പ്രകാരം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി കാണാം. സാമൂഹികമായ കൂട്ടായ്മകളില്‍ മദ്യം സുലഭമായി ലഭിക്കുന്നതും ആധുനികതയോടൊപ്പം നില്‍കാനുള്ള ത്വരയുമാണ് സ്ത്രീകളെ കൂടുതലും മദ്യപാനിയാക്കുന്നത്. നഗരപ്രദേശങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് ഗ്രാമ വാസികളില്‍ മദ്യപാനം പൊതുവെ കുറവാണ്. നാട്ടിന്‍ പുറങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളും ജോലിയാവശ്യാര്‍ത്ഥവും പഠനത്തിനുവേണ്ടിയുമെല്ലാം നഗരങ്ങളിലേക്ക് ചേക്കേറിയതോടെ വിവിധ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും സ്റ്റാറ്റസ് നിലനിര്‍ത്താനായി കുടിച്ചു തുടങ്ങുകയും ചെയ്യുന്നു. തന്റെ കൂട്ടുകാരികളെ കൂടി ഇതിലേക്ക്് ആകൃഷ്ടരാക്കുകയും അവര്‍ക്കനുയോജ്യമായ കേന്ദ്രങ്ങളും നിശാ ക്ലബ്ബുകളും തേടിപ്പിടിക്കുകയും ഇതൊരു ശൃംഖല പോലെ വളര്‍ന്നു വരികയും ചെയ്യുന്നു.
മുമ്പ് മദ്യം, അല്ലെങ്കില്‍ മറ്റു ലഹരി വസ്തുക്കള്‍ സ്ത്രീകള്‍ക്ക് അത്രയെളുപ്പം ലഭ്യമാകുമായിരുന്നില്ല. ഇപ്പോള്‍ സൂപ്പര്‍ മാര്‍കറ്റുകളിലും ഔട്ട്‌ലെറ്റുകളിലുമെല്ലാം മദ്യം സുലഭം. ആഘോഷ പരിപാടികളിലും വിവാഹം പോലോത്ത ചടങ്ങുകളിലുമെല്ലാം ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായി മദ്യം മാറിയതും സ്ത്രീകളില്‍ മദ്യം വര്‍ധിക്കാനുള്ള കാരണമായി. മിക്ക സ്ത്രീകളും കൂട്ടുകാരുടെ സമ്മര്‍ദ്ധം കൊണ്ടോ കൗതുകം കൊണ്ടോ മദ്യം കഴിക്കാന്‍ തുടങ്ങുന്നു. പിന്നീടവര്‍ പതിവുകാരാവലാണ് പതിവ്.
ബീവറേജ്് വില്‍പനശാലകളില്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകളും ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. പരസ്യമായി മദ്യപാനം ചെയ്യുന്നവര്‍ ഇപ്പോള്‍ കൂടുതലില്ലെങ്കിലും വരും ഭാവിയില്‍ അതും സംഭവിക്കുമെന്ന്് കരുതാം. പത്തു വര്‍ഷത്തിനിടെ ബീവറേജില്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകളുടെ മാത്രം എണ്ണം നാലിരട്ടിയാണ് വര്‍ദ്ധിച്ചത്. പ്രൊഫഷണല്‍ കോളേജിലെ പെണ്‍കുട്ടികളിലും മദ്യപാനം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നമ്മുടെ തലസ്ഥാത്ത് 2009-14ലെ കണക്കനുസരിച്ച് പുകയില ജന്യ അര്‍ബുദം പുരുഷന്മാരില്‍ 220 ശതമാനവും സ്ത്രീകളില്‍ 219 ശതമാനവും വര്‍ധനവ് അടയാളപ്പെടുത്തിയിരിക്കുന്നു, രാജ്യത്തെ 27 ജനസംഖ്യാധിഷ്ടിത രജിസ്ട്രീസിന്റെ 2012-14ലെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം നഗരം പുരുഷന്മാരുടെ പുകയിലജന്യമായ അര്‍ബുദ ബാധയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.
സ്ത്രീകളിലെ ആരോഗ്യ ക്ഷയം
പൊതുവെ അപകടകാരികളാണ് ലഹരിയെങ്കിലും സ്ത്രീകളില്‍ പ്രത്യേകമായ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ശരീരത്തില്‍ മദ്യം വേഗത്തില്‍ ആഗിരണം ചെയ്യുകയും കൂടുതല്‍ പ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കൂടിയ ശരീരമായതുകൊണ്ടുതന്നെ ലിവര്‍, തലച്ചോര്‍ തുടങ്ങിയ ആന്തരീക അവയവങ്ങളെ പുരുഷന്മാരേക്കാള്‍ വേഗത്തില്‍ ബാധിക്കുന്നത് സ്തീകള്‍ക്കാണ്. ‘ഈസ്ട്രജന്‍’ പോലുള്ള ഹോര്‍മോണുകളുമായി പ്രവര്‍ത്തിച്ച് ഇത് ദോഷകരമായ ഫലം ഉളവാക്കുന്നു. ഇത് വിവിധ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. തടി കൂടുക, ഉറക്കമില്ലായ്മ, പ്രായം തോന്നിക്കുക, ചര്‍മം ചുളിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും മദ്യം കാരണമാണ്. ഗര്‍ഭിണികള്‍ മദ്യപിച്ചാല്‍ വലിപ്പം കുറഞ്ഞ തല, ക്ഷയിച്ച തലച്ചോര്‍, തൂക്കകുറവ് തുടങ്ങി വിവിധ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ ജനിക്കാനിടവരുന്നു.
പുകയില ഉപയോഗിക്കുന്നതിനാല്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതല്‍ സ്ഥിരീകരിക്കലെങ്കില്‍ കേരളീയ സ്ത്രീകളില്‍ പുകയില ഉപയോഗം മൂലമുള്ള വായില്‍ കാന്‍സര്‍ ബാധയാണ് കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്.
ലഹരിയില്‍ മയങ്ങുന്ന കാമ്പസുകള്‍
ഉപരിപഠനത്തിനായി കേരളത്തിന് പുറത്തേക്കും വിദൂരസ്ഥലങ്ങളിലേക്കും പോകുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ലഹരിയുടെയും മറ്റു പ്രകൃതി വിരുദ്ധപ്രവര്‍ത്തനങ്ങളുടെയും അടിമകളായത് ഏറെയാണ്. തന്റെ രക്ഷിതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്ന് മാറി നില്‍ക്കല്‍ ഇവകള്‍ക്കുള്ള അനുമതി പത്രമായി കണ്ട് സ്വാതന്ത്രത്തെ ചൂഷണം ചെയ്യുന്നത് സര്‍വ്വ സാധാരണ. ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സംസ്ഥാനത്തിന് പുറത്തുള്ള കാമ്പസുകളെയും അതിലുള്ള ഹോസ്റ്റലുകളെയും കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സജീവമാണ്.
കേരളത്തിലെ വിവിധയിടങ്ങളിലെ കാമ്പസുകളുടെ സ്ഥിതിയും മറിച്ചല്ല. പല ലഹരി സംഘത്തിന്റെയും ഏജന്റുകള്‍ കാമ്പസിനകത്തെ പെണ്‍കുട്ടികളാണ്. ഐ.ടി അടക്കമുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ അഭ്യസ്ഥവിദ്യര്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ പോലും ലഹരി ഉപയോഗം സജീവമാണ്. ലഹരിക്കടിമപ്പെട്ടാല്‍ പണത്തിനു വേണ്ടി എന്തുമാകാമെന്ന തരത്തിലേക്ക് ഇവര്‍ എത്തിയിരിക്കും. പിന്നീട് വേശ്യാവൃത്തിക്കും നീലചിത്ര നിര്‍മാണത്തിനും ഇവര്‍ അടിമപ്പെടുന്നത് സ്വഭാവികം. ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് ലഹരിയുടെ നീരാളിപ്പിടുത്തത്തിലേക്കും അവിടുന്ന് തീരാ ദുരിതത്തിലേക്കും ഇവര്‍ അകപ്പെടുന്നത്.ഹോസ്റ്റലുകളില്‍ താമസിക്കാനെത്തുന്നവര്‍ ഭൂരിപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഇത്തരം കാര്യങ്ങളിലേക്ക് കാല്‍ വഴുതി വീഴുന്നു. വശീകരണത്തിലൂടെ അവര്‍ ഏജന്റുമാര്‍ വരെയാക്കപ്പെടുന്നു.
ഒറ്റപ്പെട്ട സംഭവത്തെ പറ്റിയോ എഴുതിപ്പിടിപ്പിച്ച നിറം ചേര്‍ത്ത കഥകളോ അല്ലയിത്. നാം ശ്രദ്ധിക്കേണ്ട-ഉത്തരവാദിത്വ ബോധമുള്ള രക്ഷിതാക്കള്‍ ഏറെ ചിന്തിക്കേണ്ട വിഷയമാണിത്. എവിടെയൊക്കെയോ എന്ന് പറഞ്ഞ് കേട്ട് തള്ളിയ പലതും നമ്മുടെ കണ്‍മുമ്പിലെത്തിയിരിക്കുന്ന സാഹചര്യം. ശ്രദ്ധിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. പലതും നഷ്ടപ്പെടുന്നതിന് മുമ്പായി ഉണര്‍ന്നെഴുനേറ്റാല്‍ മൂല്യബോധമുള്ള ഭാവികാലം സൃഷ്ടിച്ചെടുക്കാം. അല്ലെങ്കില്‍ തികഞ്ഞ നഷ്ടമായിരിക്കും ഫലം.
ലഹരി നുണയുന്ന കൗമാരം
*1950ല്‍ കേരളത്തിലെ മദ്യപാനികളുടെ ശരാശരി പ്രായം 28, 1986ല്‍ 19 ആയി, ഇപ്പോള്‍ 13
*കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ 70 ശതമാനവും മദ്യം ഉപയോഗിച്ചവരാണെന്ന് ഋഷിരാജ് സിംഗ്.
*2015ല്‍ ഒമ്പത് മാസത്തിനിടയില്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത ലഹരി കേസുകള്‍ 6736, 30470 റെയ്ഡുകളിലായി പിടിക്കപ്പെട്ടത് 6587 പേര്‍.
കണക്കുകള്‍ ഇനിയുമേറെ നിരത്തിവെക്കാനുണ്ട്. കഥകള്‍ അതിലേറെ പറയാനുണ്ട്. കാലത്തിന്റെ അതിവേഗ മുന്നേറ്റത്തിന്റെ അനുപാതത്തില്‍ നമ്മുടെ സംസ്‌കാരവും ധാര്‍മികതയും ഇടിഞ്ഞുവീഴുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ ഗുണ്ടകളായി പീടിക തിണ്ണകളിലും ഓടക്കുമുകളിലും ഇരുപ്പുറപ്പിച്ച യുവസമൂഹത്തില്‍ നിന്ന് ഈ ദുസ്വഭാവം കൗമാരക്കാരിലേക്കെത്തിയിരിക്കുന്നു. നാട്ടിന്‍പുറങ്ങള്‍ കൗമാരക്കാരുടെ നിശാകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങള്‍ മദ്യാലയങ്ങളിലേക്കും കലാലയങ്ങള്‍ കൊലാലയങ്ങളിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. പഠനത്തില്‍ മുന്നില്‍ നിന്നവര്‍ പിറകോട്ടടിക്കുന്നു. അനുസരണയോടെ ജീവിച്ചിരുന്നവര്‍ അക്രമാരികളാകുന്നു. സമൂഹം അപകടം വിതക്കുന്ന ഏത് പ്രശ്‌നത്തിന്റെയും പിന്നില്‍ മദ്യത്തിന്റെ പ്രാതിനിധ്യം തെളിഞ്ഞുകത്തുന്നു.
കേരളത്തിലെ ജനസംഖ്യയിലെ വലിയൊരു ഭാഗവും മദ്യം ഉപയോഗിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ അതില്‍ വലിയൊരു പങ്ക് കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായിക്കൊണ്ടിരിക്കുന്നത് ചിന്തകള്‍ക്ക് വകനല്‍കുന്നുണ്ട്. മേല്‍സൂചിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 1950കളില്‍ 28 വയസ്സായിരുന്നു കേരളത്തിലെ മദ്യപാനികളുടെ ശരാശരി പ്രായമെങ്കില്‍ അറുപത് വര്‍ഷം കഴിയുമ്പോഴേക്ക് നേര്‍പകുതി പിന്നിട്ട് 13ല്‍ എത്തിനില്‍ക്കുന്നു. മിക്ക വിദ്യാലയ പരിസരങ്ങളും കഞ്ചാവിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും പ്രധാന വിപണന കേന്ദ്രമായി മാറിയിരിക്കുന്നു. മാതാപിതാക്കളേക്കാള്‍ വലിയ കുടിയന്മാരായി സമൂഹത്തില്‍ സര്‍വ്വവ്യാപിയായ വിപത്തുകളാണ് ആണ്‍-പെണ്‍ വ്യത്യസമില്ലാതെ ഇന്നത്തെ കൗമാരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.തല്‍ഫലമായി സംഭവിക്കുന്നത് ഉത്തമമായ ഒരു തലമുറയുടെ അഭാവമാണ്. നാളെയുടെ നായകരാകേണ്ട ഇന്നിന്റെ വിദ്യാര്‍ഥികള്‍ കാമ്പസുകളിലെ ചീത്തകൂട്ടുകെട്ടുകളിലും മറ്റും മാഫിയകളിലും അകപ്പെട്ട് ലഹരി-മയക്കുമരുന്നുകള്‍ക്കുമുന്നില്‍ ജീവിതം ഹോമിക്കുമ്പോള്‍ ഉരുകിത്തീരുന്നത് ജീവിതം മാത്രമല്ല, മാതാപിതാക്കള്‍, കുടുംബങ്ങള്‍ അതിലുപരി അവരിലൂടെ രൂപപ്പെടേണ്ട നാളെയുടെ സമൂഹമാണ്.
ലഹരിക്കടിമപ്പെട്ട് വിഷാദ രോഗങ്ങള്‍ അവരെ പിന്തുടരുന്നു. മദ്യപാനികളില്‍ ഗുരുതരമായ കരള്‍രോഗങ്ങളും കാന്‍സര്‍ രോഗങ്ങളും അനിയന്ത്രിതമായി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. അഭൂതമായി വര്‍ധിക്കുന്ന ഹൃദ്രോഗങ്ങള്‍ക്ക് കാരണം വര്‍ധിച്ച തോതിലുള്ള മദ്യാപാനമാണത്രെ. 2000മാണ്ടില്‍ 1388.26 കോടി രൂപയാണ് മലയാളികള്‍ മദ്യത്തിനു ചെലവഴിച്ചതെങ്കില്‍ 2010 ല്‍ അത് 5000 കോടി കവിഞ്ഞു. ഈ വളര്‍ച്ചയും ആരോഗ്യ-സാമൂഹ്യ രംഗത്തെ തകര്‍ച്ചയും വര്‍ധിത തോതിലുള്ള അപകടങ്ങളും അക്രമങ്ങളും അസാന്മാര്‍ഗികതയും കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോള്‍ ഇതിന്റെ ഗൗരവം കൂടുതല്‍ ഉള്‍വഹിക്കാന്‍ സാധിക്കും. ദേശീയ ആളോഹരി ഉപഭോഗത്തേക്കാള്‍ ഇരട്ടിയാണ് ലഹരി ഉപയോഗത്തില്‍ കേരളത്തിന്റെ ആളോഹരി ഉപഭോഗം എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഡോ: എസ്.ഡി സിംഗ് കൗമാരക്കാരുടെ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗത്തിന് കാരണമായി പറയുന്നത് സുലഭമായ പണലഭ്യതയെയാണ്. മാനസിക സമ്മര്‍ദങ്ങള്‍, വിഷാദ രോഗങ്ങള്‍, അപകര്‍ഷതാ ചിന്തകളൊക്കെയും വിദ്യാര്‍ഥികളെ ലഹരിക്കടിമപ്പെടുത്തുന്നുണ്ടെങ്കിലും പ്രധാന കാരണം ദുഷിച്ച കൂട്ടുകെട്ടും സിനിമാതാരങ്ങളോടുള്ള അനുകരണവുമാണെന്ന് പറയാതെ വയ്യ.
കുടുംബം കൂട്ടമായിരുന്ന് സിനിമ കാണുകയും അതില്‍ മദ്യപാനികളുടെ രംഗപ്രവേശമുണ്ടാവുകയും ചെയ്യുന്നത് മദ്യം രുചിക്കാനും ആസ്വദിക്കാനുമുള്ള ത്വര കുട്ടികളില്‍ വളര്‍ത്തുന്നുവെന്ന് ഈ രംഗത്ത് കൗണ്‍സിലിംഗ് നടത്തുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സക്കെത്തുന്ന കുട്ടികളില്‍ അധികപേരുടെയും മറുപടി ഇപ്രകാരമായിരുന്നുവെന്നതുതന്നെ ഇതിന് തെളിവായി നില്‍ക്കുന്നു.
മദ്യപിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങിക്കൂടുന്നുവെന്നാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഒരു തിരിച്ചറിയല്‍ രേഖപോലുമില്ലാതെ മദ്യഷോപ്പുകളില്‍ ആര്‍ക്കും മദ്യം ലഭ്യമാകുന്നുവെന്നതും കൗമാരക്കാര്‍ക്ക് മദ്യപിക്കാനുള്ള അവസരം എളുപ്പമാക്കുന്നുണ്ട്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ അഭൂതപൂര്‍വ്വമായ മാര്‍ക്കറ്റിംഗ് നടത്തുന്നതായി പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. ന്യൂജെന്‍ ലഹരി ഉപയോഗങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ കൂടുതലായും പിടിക്കപ്പെട്ടിട്ടുള്ളത്. ജോജോ ആന്‍ഡ് സെറ്റ്, ജോയിന്റ്, മരിജു, ഇല,സ്റ്റഫ്, സാധനം എന്നീ പേരുകളിലും കോഡു ഭാഷകളിലുമാണ് വ്യവഹാരങ്ങള്‍ നടക്കുന്നത്. കൂട്ടുകാര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്നത് ഭീരുത്വവും അംഗമാവുന്നത് ഹീറോയിസവുമാണെന്ന മനോഭവമാണ് വിദ്യാര്‍ഥികളെ ലഹരിക്കടിമപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച് പിന്മാറിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് നിര്‍ബന്ധിക്കുകയും കൂട്ടുകാരെ ഇതിലേക്ക് അടുപ്പിക്കുന്ന ഏജന്റായി വര്‍ത്തിക്കുകവരെ ചെയ്യുന്നു.
പുകയുന്ന പൊടികള്‍ക്കു പകരം LCD, Sticker, Plaskmo, Troesmo എന്നീ പുതിയയിനം ലഹരികളാണ് വിദ്യാര്‍ഥികളില്‍ കൂടുതല്‍ കാണപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഇതിന്റെ ഉപയോഗം കാണുകയില്ലെന്നതാണ് ഉപയോഗം വ്യാപകമാവാന്‍ കാരണം. സ്‌കൂള്‍ സമയങ്ങളിലെ ഇടവേളകളില്‍ കൂട്ടൂകൂടി ലഹരി നുണയുന്ന സാഹചര്യം വരെ കാമ്പസ് പരിസരങ്ങളില്‍ സംജാതമായിരുക്കുന്നുവെന്ന് സാരം. അതിരുകവിഞ്ഞ ലഹരി പ്രകടനങ്ങള്‍ കാമ്പസ് സ്റ്റഡീ ടൂറുകളിലാണ് പ്രകടമാവുന്നത്. മദ്യസല്‍ക്കാരവും കഞ്ചാവിന്റെ റൗണ്ട് ടേബിളും അതിരുകടന്ന് മത്തുപിടിച്ച് കൂത്താടാനുള്ള സംഗമങ്ങളായിരിക്കുകയാണ് ഇന്നിന്റെ സ്റ്റഡീ ടൂറുകള്‍.
അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ റിപ്പോര്‍ട്ട് പറയുന്നു, ലഹരിക്കടിമപ്പെട്ടാല്‍ വിദ്യഭ്യാസം, ജോലി, വിവാഹ ജീവിതം, സാമൂഹിക ബന്ധം എന്നിവയിലെല്ലാം സങ്കീര്‍ണതകള്‍ നേരിടുന്നു. മുന്നോട്ടുള്ള ജീവിതത്തില്‍ സമപ്രായക്കാരെ പോലെ മുന്നേറാന്‍ കഴിയാതെ വരുന്നു. 12 മുതല്‍ 25 വയസ്സുവരെയുള്ള 1165 വിദ്യാര്‍ഥികളില്‍ നടത്തിയ പരീക്ഷണം പറയുന്നിങ്ങനെ: ഓര്‍മ, ചിന്ത, സ്വബോധം, എന്നിവ നഷ്ടമാകുന്നു, കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്മ, നിരുത്സാഹം എന്നിവക്ക് അടിമപ്പെടുന്നുവെന്നാണ്. ഇത്തരം സ്വഭാവങ്ങളാണ് മിടുക്കനായ വിദ്യാര്‍ഥിയെ പെടുന്നനെ നശീകരണത്തിലേക്കെത്തിക്കുന്നത്. പല മാതാപിതാക്കളും ഇത്തരത്തില്‍ പരാധികള്‍ ബോധിപ്പിക്കാറുണ്ട്. ലഹരിക്കടിമപ്പെട്ടതിന്റെ തെളിഞ്ഞ ഭാവപ്രകടനങ്ങളാണിത്. അതിനെതിരില്‍ അധ്യാപക-രക്ഷാകര്‍ത്യ കൂട്ടുകെട്ടില്‍ ചെറുത്തുനില്‍പ്പ് അത്യന്താപേക്ഷിതമായിരിക്കുന്നു.
നാളെയുടെ നായകന്മാരെ വാര്‍ത്തെടുക്കേണ്ട കാമ്പസുകള്‍ ലഹരിയുടെ വിളനിലമായി മാറുമ്പോള്‍, വിദ്യഭ്യാസത്തിന്റെ അര്‍ത്ഥ വ്യാപ്തി തന്നെ മാറേണ്ടിയിരിക്കുന്നു. അതിനെതിരെ ജാഗ്രതയോടെ ചെറുത്തുനില്‍പ്പ് നടപ്പിലാക്കാനും ലഹരി മുക്ത കാമ്പസുകള്‍ പുനഃസൃഷ്ടിച്ച് നാളെയുടെ ധൈഷണിക യുവത്വത്തെ വാര്‍ത്തെടുക്കാന്‍ പാകത്തിലാക്കേണ്ടത് നമ്മുടെ കടമയാണ്, സമൂഹത്തിന്റെ ബാധ്യതയാണ്, ഭരണാധികാരിയുടെ ഉറക്കംകെടുത്തും ചുമതലയാണ്. ലഹരികളില്‍ നിന്ന് കാമ്പസുകള്‍ മുക്തത നേടാന്‍ കലക്ടര്‍ മുന്‍കൈയെടുക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് എസ്. എസ്. എഫ് മലപ്പുറം ജില്ലാ ഘടകം കലക്ടറെ സമീപിച്ച പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. ലഹരി മുക്ത കാമ്പസിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയാലെ സാധ്യമാകൂ.
വിദ്യര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും, കൃത്യമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയിലെത്തിക്കാനും നാം മുന്‍കൈയെടുക്കണം. സിനിമ പോലോത്ത രംഗങ്ങളില്‍ നിന്ന് മദ്യപാന രംഗങ്ങള്‍ ഒഴിവാക്കപ്പെടുകയും മദ്യസുലഭത പരമാവധി കുറക്കുകയും നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുകയും ചെയ്‌തെങ്കിലേ നാം അനുഭവിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ. അതോടൊപ്പം കാമ്പസ് പരിസരവും നമ്മുടെ നിരീക്ഷണത്തിലുള്‍പ്പെടുത്തണം. അത്തരത്തില്‍ അധ്യാപക-അധികൃത-രക്ഷിതാക്കളുടെ ശക്തമായ കൂട്ടായ്മകളിലൂടെയും വിദ്യാര്‍ഥി സൗഹൃദാന്തരീക്ഷത്തിലൂടെയും സമൂലമായ മാറ്റം നമുക്ക് സൃഷ്ടിക്കാനാകും. മദ്യം സര്‍വ്വ തിന്മകളുടെയും താക്കോലാണെന്നും ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നുമുള്ള ബോധവത്കരണം അതിനൂതനമായ രീതിയില്‍ സമൂഹത്തിലേക്ക് കൈമാറണം. അപ്പോള്‍ ഒരു നല്ല പൗരനെയും അതുവഴി നല്ല സമൂഹത്തിന്റെയും ഉത്തമ രാഷ്ട്രത്തിന്റെയും സൃഷ്ടിപ്പ് നമുക്ക് സാധ്യമാകും