നാല് കാലിന്റെ സയാഹ്ന ബോധങ്ങളില്‍ മദ്യാസക്തനായ മലപ്പുറത്തുകാരന് അദ്ദേഹത്തിന്റെ മൂന്ന് വയസ്സുകാരിയായ മകള്‍ക്ക് ഹൃദയ സംബന്ധിയായി പെട്ടെന്ന് ഓപറേഷന് വേണ്ടിവന്നു. മദ്യപാനിയായ പിതാവെന്ന നിലയില്‍ ഇത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അനിയന്ത്രിതമായ ജീവിതം തന്നെ അത്രക്കും പിടിമുറുക്കിയിരുന്നു എന്നതുതന്നെ കാരണം. ലഹരിയുടെ വിറയല്‍ നിഴല്‍ പോലെ കൂടെയുണ്ടായിരുന്നുവെങ്കിലും മകളുടെ ഈ നിലയെ അതിജയിക്കാന്‍ അയാള്‍ വെമ്പല്‍ കൊണ്ടു.
തിരുവനന്തപുരത്തെ ഹോസ്പിറ്റലിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ബുക്ക് ചെയ്തു. ഭാര്യയും മോളുമൊത്ത് അയാള്‍ ഇരുളില്‍ വണ്ടി കയറി, സൂര്യന്റെ ചമപ്പ് ആകാശത്തില്‍ നിന്നും ഘനീഭവിച്ചുകൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ മദ്യത്തിന്റെ നുര പൊങ്ങുന്നുണ്ടായിരുന്നു. കണ്ണുകള്‍ക്ക് ഇരുട്ട് നല്കി പാമ്പുകള്‍ മുന്നിലൂടെ ഇഴയുന്നുണ്ടായിരുന്നു. എന്നിട്ടും ആ ദിവസം അയാള്‍ പിടിച്ചുനിന്നത് തന്റെ മകള്ക്കുവേണ്ടിയായിരിക്കും. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി. മകളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഭാര്യയുടെ മനസില്‍ വേദനകള്‍ തളംകെട്ടിയിരുന്നു. ഒന്നും മകളെ കാണിക്കാതെ അവള് മറച്ചുവെച്ചു. മകളുടെ ചികിത്സ കഴിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി. സമയം നാലര. 8.30നാണ് ട്രെയിന്‍, ഭാര്യയെയും മകളെയും വൈറ്റിംഗ് റൂമിലാക്കി പതിവുപോലെ അയാള്‍ ഞാന്‍ ബാത്ത്റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് സമീപത്തുള്ള ബാറിലേക്ക് നീങ്ങി.
ലഹരിഭ്രമത്തില് നടന്നെത്തിയത് വി.ഐ.പി ബാറില്‍, അപിരിചിതമായതിനാല് അയാള്‍ ഓര്‍ഡിനറി ബാര്‍ അന്വേഷിച്ച് ഒരാളുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ സഹായത്താല്‍ കാര്യം സാധിച്ചെടുത്തു, ഫിറ്റായി. ലഹരിയില്‍ സഹായിയുമായി വാക്കേറ്റത്തിലായി. കണ്ടുനിന്ന മറ്റു മദ്യപാനികള്‍ സംഘമായി ഇദ്ദേഹത്തെ അക്രമിച്ചു, കൈവശമുള്ള പണവും സ്മാര്‍ട്ട് ഫോണും അപഹരിച്ചു. സുബോധനായ അദ്ദേഹം ചുറ്റുപാടും വീക്ഷിക്കുമ്പോഴുണ്ട് തന്റെ ചെറിയ ഫോണ്‍ അലറുന്നു. ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് അയാള്‍ ഫോണ്‍ അറ്റന്റ് ചെയ്തു. മറുതലക്കല്‍ ഒരു സ്ത്രീ. അവള് അദ്ദേഹത്തെ ഒരുപാട് ശകാരിച്ചു. ഭാര്യയെയും മകളെയും തനിച്ചാക്കി നിങ്ങള്‍ എവിടെ പോയിരിക്കുകയാണ്. നിങ്ങള്‍ കയറേണ്ട ട്രൈനില്‍ ഞാന്‍ കയറിയിട്ടുണ്ട് അവര്‍ അവിടെ തന്നെ ഇരിക്കുന്നുണ്ട്. സമയം 9.30.
ആര്ത്തട്ടഹസിക്കണമെന്ന ഉള്‍വിളിയോടെ അയാള്‍ റെയില്‍വെ സ്റ്റേഷനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരെ കാണാനായില്ല. അയാള്‍ക്ക് സ്വന്തത്തോട് വെറുപ്പ് തോന്നി. ഇനി വരുന്ന ട്രൈനിനു തലവെക്കണമെന്ന് മനസ്സിലുറപ്പിച്ചു. ഏത് മദ്യപാനികളും വളരെ പെട്ടെന്ന് വരാറുള്ള ഒന്നാണ് ഇടക്കിടെയുള്ള ആത്മഹത്യാബോധം. ഒടുവില്‍ താന്‍ നിര്‍ത്തിയ സ്ഥലത്ത് തന്നെ അവരെ കണ്ടെത്തി. മകള്‍ ക്ഷീണിച്ച് ഭാര്യയുടെ മടിയില്‍ കിടക്കുന്നുണ്ടായിരുന്നു. ഭാര്യ ഒരുപാട് പഴി പറഞ്ഞു. അദ്ദേഹത്തിന്റെ കൈയിലുള്ളത് ഒരു ചെറിയ ഫോണും ഏഴ് രൂപയും മാത്രം. അടുത്ത ട്രൈനിലെ തിരക്ക് പിടിച്ച ജനറല്‍ കമ്പാര്‍ട്ടമെന്റില്‍ അവര്‍ വലിഞ്ഞു കയറി. ഏറെ തിരക്കിനൊടുവില്‍ ഏതോ സീറ്റിന്റെ മൂലയില്‍ മകളെ ഇരുത്തി. അദ്ദേഹം ടോയ്ലെറ്റിന്റെ പരിസരത്ത് ഓരംപിടിച്ചു. ഏറെ വൈകിയപ്പോള്‍ ഭാര്യ വന്ന് കരഞ്ഞു, താനും മകളും ജീവനൊടുക്കുമെന്ന് വരെ പറഞ്ഞു. പലപ്പോഴും ഇതവള് പറയാറുണ്ട്, പക്ഷെ മതചിട്ടയില്‍ ജീവിക്കുന്നത് കൊണ്ടാവണം കയറുകളും മണ്ണെണ്ണയും തന്നെ അധികം തേടി വരുമ്പോഴും മുഖം തിരിക്കാന്‍ സാധിച്ചത് എന്ന് ഓര്‍മ്മപ്പെടുത്തും. ആ നിമിഷം മുതല്‍ അയാള്‍ക്ക് കുറ്റബോധം വര്‍ധിച്ചു. ഇനി മദ്യപിക്കില്ലെന്ന് ഭാര്യക്ക് വാക്ക് കൊടുത്തു. പതിവ് പോലെ തന്നെ വിശ്വസിക്കാനാകുമായിരുന്നില്ലിത്. എങ്കിലും നേരിയ ആശ്വാസം. പുലര്‍ച്ചെ തിരൂരില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ വിശന്ന് കാഴ്ച മങ്ങുന്നുണ്ടായിരുന്നു. കൈയ്യില്‍ അവശേഷിക്കുന്ന ഏഴ് രൂപ മതിയാകുമായിരുന്നില്ല. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചതാണ് ഭാര്യയും മക്കളും. അടുത്തുള്ള പരിചയക്കാരന്റെ അടുത്ത് പോയി കടം വാങ്ങിച്ചു. മദ്യപാനിയായ തനിക്ക് പരിചയക്കാരനായ കടക്കാരന് കാശ് നല്‍കിയത് ഭാര്യയെയും മകളെയും കണ്ട് ബോധ്യപ്പെട്ടപ്പോഴാണ്. ഹോട്ടലില്‍ കയറി പ്രഭാത ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. മദ്യാസക്തന് ഉറങ്ങുമ്പോഴും എഴുന്നേല്ക്കുമ്പോഴും ചായ കുടിക്കുമ്പോഴുമെല്ലാം മദ്യം അത്യാവശ്യമാണ്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അയാള്‍ വീണ്ടും ബാറിലേക്ക്. ഒടുവില്‍ എങ്ങനെയോ വീട്ടിലെത്തി. എല്ലാവരുടെ മനസ്സില്‍ നിന്നും പ്രതീക്ഷകള്‍ അസ്തമിച്ചു. ജീവിതത്തിന്റെ താളം തെറ്റിയ ഒരു മദ്യാസക്തന് അതായിരുന്നു അദ്ദേഹം. വേണ്ടപ്പെട്ടവരെല്ലാം വെറുത്തു, അകറ്റി നിര്‍ത്തി, അദ്ദേഹത്തിന്റെ മരണം പോലും ആഗ്രഹിച്ചു. വീട്ടുകാര്യങ്ങള്‍ പോലും അയാള്‍ അറിയുക പലപ്പോഴും നാട്ടുകാരിലൂടെയായിരിക്കും. കല്ല്യാണം, സല്‍ക്കാരം, മരണം എന്നിവയില്‍ പോലും അയാളുടെ സാന്നിധ്യം വിപരീതങ്ങള്‍ ജനിപ്പിക്കുമെന്ന് കുടുംബം ഭയന്നു. സുബോധജീവിതത്തിലേക്കുള്ള മടക്കം അദ്ദേഹം ഒരുപാട് കൊതിക്കുന്നുണ്ടായിരുന്നു. പക്ഷെ മദ്യാസക്തി ഒരു രോഗമായിരുന്നു. മരണം വരെ പിന്തുടരുന്ന രോഗം. പതിനേഴാം വയസ്സില്‍ ബീറില്‍ നിന്ന് ലഹരിയുടെ രുചിയറിഞ്ഞവന്, ഒരു വര്‍ഷം കഴിഞ്ഞാണ് ലഹരി തൊടുന്നത്. പിന്നെ ആഘോഷങ്ങളിലും പാര്‍ട്ടികളിലും, ഉത്സവങ്ങളിലും നീട്ടിയ ഹസ്തങ്ങളിലൂടെയും ഈ നിലയിലായി.
അഞ്ചാറു കേന്ദ്രങ്ങളില്‍ മദ്യമുക്തി നേടാന്‍ അഭയം തേടിയിരുന്നു. ഫലം പരാചയമായിരുന്നു. അടുത്ത റമളാനടുത്തപ്പോള് വീണ്ടും മാറാന്‍ മനസ്സ് കൊതിച്ചു. ഒരു മദ്യമുക്ത ചികിത്സ കേന്ദ്രം തേടിയപ്പോഴാണ് മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ ഡി അഡിക്ഷന് സെന്ററിനെ കുറച്ച് അറിയുന്നത്. ആ റമളാന്‍ നാട്ടില്‍ നിന്ന് മാറിനില്ക്കാമെന്നായി. മഅ്ദിന്‍ ഡീ അഡിക്ഷന് സെന്റര്‍ ജീവിതത്തിന്റെ പ്രതീക്ഷയുടെ വാതില്‍ തുറന്നു. ഒരു ആത്മീയ അന്തരീക്ഷവും സെല്‍ഫ് കോണ്ഫിഡെന്സുമെല്ലാം അദ്ദേഹത്തിന് മഅ്ദിന്‍ ഡീ അഡിക്ഷന് നല്കി. മറ്റെവിടെയും ഇല്ലാത്ത ഒരു ഊര്‍ജ്ജവും പ്രസരിപ്പും വന്നു. ജീവിതത്തിന് ചില അര്‍ത്ഥങ്ങളുണ്ടെന്നും ഗതികെട്ട സാഹചര്യങ്ങളിലും നന്മബോധങ്ങള്ക്ക് വേണ്ടിയുള്ള മടക്കവും മനോന്മേഷവും അല്ലാഹുവിന്റെയടുക്കല്‍ തങ്ങള്‍ ഏറെ പരിശുദ്ധരും സംതൃപ്തിയുള്ളവരുമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് ജീവിതത്തിലേക്കു തന്നെയുള്ള തിരിച്ചറിവായിരുന്നു. പക്ഷെ ഒരു ഡീ അഡിക്ഷന് സെന്റര്‍ കൊണ്ട് ഒരാള്‍ പൂര്‍ണ്ണ മുക്തനാവുന്നില്ല. കാരണം കേവലം 25 ദിവസത്തിനുള്ളില്‍ അമിതാസക്തിയെ മാനസികവും ശാസ്ത്രീയവുമായ നിയന്ത്രണബോധത്തിലേക്ക് കൈ പിടിച്ച് കൊണ്ട് പോകുന്നതിന് തുടര്‍ച്ച അത്യാവശ്യമായിരുന്നു. അതിന് അയാളെ തേടി വന്ന സൗഹൃദ കൂട്ടായ്മയായിരുന്നു എ. എ.
എ എ, ജീവിതത്തിന് നിലക്കാത്ത പ്രതീക്ഷ നല്കി അകന്ന് പോയവര്‍ അടുത്തു, അകറ്റി നിര്‍ത്തിയവര്‍ക്ക് ഇപ്പോള്‍ വേണ്ടപ്പെട്ടവനായി, കുട്ടികള്‍ പോലും തന്നെ കാണുമ്പോള്‍ പേടിച്ചോടിയിരുന്നെങ്കില് ഇന്ന് മക്കള്‍ വാരിപുണര്‍ന്ന് തുടങ്ങി മഅ്ദിന്‍ ഡി -അഡിക്ഷന് സെന്റെറില്‍ നിന്ന് പിരിയുമ്പോള്‍ നല്കിയ വാക്കുകള്‍
നീ ഇവിടെ നിന്ന് പോയാലും നിനക്ക് ചുറ്റുമുള്ള സമൂഹമോ ബാറോ സുഹൃത്തുകളോ നാട്ടുകാരോ ഒന്നിനെയും നിനക്ക്് മാറ്റാനാവില്ല നിനക്ക് നിന്നെ മാത്രമേ മാറ്റാന്‍ കഴിയുകയൊള്ളൂ ആ വാക്കിന്റെ ഊര്‍ജ്ജം എ എയുടെ (ആല്‍ക്കഹോളിക്സ് അനോനിമസ്)പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പ്രചോദനം നല്കി.
ആല്‍ക്കഹോളിക്സ് അനോനിമസ് (എ.എ)
അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്ക് വെക്കുന്നതിലൂടെ തങ്ങളുടെ പൊതുപ്രശ്നമായ മദ്യാസക്തി എന്ന രോഗത്തിന് പരിഹാരം കാണാന്‍ കഴിയുകയും അപ്രകാരം മറ്റുള്ളവരെ മദ്യാസക്തിയില്‍ നിന്ന് മോചിതരാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയാണ്് ആല്‍ക്കഹോളിക്സ് അനോനിമസ് എ എ.
മദ്യാസക്തി വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു രോഗമാണ്, ചികിത്സിച്ച് സുഖപ്പെടുത്താനാവില്ലെങ്കിലും മറ്റു രോഗങ്ങളെപോലെ നിയന്ത്രിച്ച് തടയാനാകും. ഈ ആശയത്തെ അംഗീകരിക്കാനുള്ള മനസ്സാണ് എ.എ യെ ശ്രദ്ധേയമാക്കുന്നത് അമിതമായ കുടിയില്‍ നിന്നും ആസക്തമായ കുടിയിലേക്കുള്ള അദൃശ്യമായ അതിരു ലംഘിച്ചവന് പിന്നീട് എക്കാലവും മദ്യാസക്തരോഗിയായിരിക്കും എന്ന് എ.എ അംഗങ്ങള്‍ തിരിച്ചറിയുന്നു. മദ്യാസക്തന് മറ്റ് പോംവഴികളില്ല, തുടര്‍ന്ന് കുടിച്ചാല്‍ കൊടിയ നാശത്തിലേക്ക് തന്നെ നിലംപതിക്കും ഒരുപക്ഷേ നേരത്തെ തന്നെ മരണത്തിലേക്ക് പറിച്ച് നട്ടേക്കാം മദ്യം ഏറ്റവും ചെറിയ അളവില്‍ പോലും വര്‍ജ്ജിക്കുക എന്ന മനോഗതിയിലേക്കെങ്കിലും മദ്യാസക്തന് മാറുകയാണെങ്കില്‍ ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ കഴിയും
ആദ്യത്തെ കുടിയാണ് മദ്യാസക്തന്റെ മാനസിക നിലയിലേക്കും അതുവഴി അനിയന്ത്രിതമായ കുടിയിലേക്കും അവരെ നയിക്കുന്നതെന്നാണ് എ.എ വിശദീകരിക്കുന്നത്. ഒരു മദ്യാസക്തന് ഒരു കുടി ധാരാളമാണ്. ഒരായിരം മതിവരാത്തതും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള കുടി നിര്‍ത്തല്‍ സന്തോഷകരമായ അനുഭവമല്ലെന്ന് മദ്യപാനികള്‍ മനസ്സിലാക്കുന്നു.
എ.എയില്‍ അംഗമാകുമ്പോള്‍ സുബോധത്തെ കുറിച്ചുള്ള കൃത്യമായ വീക്ഷണമുണ്ട്. മദ്യപിക്കണമെന്ന ആഗ്രഹത്തില്‍ നിന്നു വിടുതല്‍ കിട്ടിയതിന്റെ ആശ്വാസമാണത്. ഈ സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ഇനി ഒരിക്കല്‍ നിയന്ത്രിച്ച് കുടിക്കാം എന്ന പ്രതീക്ഷ അവര്‍ക്കില്ലാത്തതുകൊണ്ട് ഇന്നേ ദിവസം മദ്യപിക്കാതെ ശിഷ്ഠകാലം ജീവിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. കഴിഞ്ഞതിനെ സംബന്ധിച്ച് ഒന്നും ചെയ്യാനില്ല. നാളെയൊട്ട് എത്തിയിട്ടുമില്ല. ഇന്നിനെ ഓര്‍ത്ത് മാത്രമെ നമുക്ക് ഉത്കണ്ഠപ്പെടാനുള്ളൂ. ഏതു മഴു കുടിയനും 24 മണിക്കൂര്‍ കുടിക്കാതിരിക്കാന്‍ കഴിയും. ഇനിയുള്ള കുടി അടുത്ത മണിക്കൂറിലേക്കോ അടുത്ത മിനുട്ടിലേക്കോ മാറ്റിവെച്ചാല്‍ മതി. ഇതിങ്ങനെ എത്ര കാലത്തേക്ക് വേണമെങ്കിലും നീട്ടക്കൊണ്ടു പോകാന്‍ കഴിയും.
ഏത് മദ്യാസക്തനും സുബോധാവസ്ഥ കൈവരിക്കാന്‍ സാധിക്കും എന്ന് എ.എ യുടെ മുന്ഗാമികളില് നിന്ന് വ്യക്തമായി മനസിലാക്കുന്നു. മദ്യപാനത്തേക്കാള്‍ മദ്യപാനിയുടെ ചിന്താ വൈകല്യങ്ങളാണ് കൂടുതല്‍ വഴികേടിലാക്കുന്നത്. driking is not problem but thinking എന്നാണല്ലോ. വ്യക്തിയുടേയും സമൂഹത്തിന്റേയും ചിന്താ വൈകല്യങ്ങള്‍ കൂടിച്ചേരുമ്പോള്‍ മനോരോഗിയോ, നിയന്ത്രണം നഷ്ടപ്പെടുന്ന മനുഷ്യപറ്റുകളായോ ഇവര്‍ മാറുന്നത് ഖേദകരം.
ഏത് മേഖലയിലുള്ള മദ്യാസക്തരായാലും അവര്‍ അടിസ്ഥാനപരമായി ഓരോ പ്രശ്നത്തെ നേരിടുന്നു. എ.എയിലൂടെ സുഖപ്പെടല്‍ ആഹ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും പശ്ചാത്തലം എന്ത് തന്നെയായാലും എ.എ പ്രായോഗികമാണ്. മദ്യമുക്തിയിലൂടെ സുബോധാവസ്ഥ നിലനിര്‍ത്താനുള്ളവരുടെ കൂട്ടായ്മയാണിത്. ലോകത്താകെ 182ലധികം രാജ്യങ്ങളിലായി, 117000ത്തിലേറെ അംഗങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ 1250ലധികം എ.എ മീറ്റിംഗുകള്‍ നടക്കുന്നുണ്ട്. ഇവയില്‍ നാല്പതില്പരം മീറ്റുകളും വന്‍വ്യവസായ സ്ഥാപനങ്ങളിലും ആശുപത്രികളിലുമാണ് നടക്കുന്നത്. മലബാര്‍ ഏരിയയില്‍ വരെ ഒരാഴ്ച ഇരുന്നൂറോളം മീറ്റിംഗുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ 30000ത്തിലധികം എ.എ അംഗങ്ങളുണ്ട്.
എ.എയുടെ സുപ്രധാന ഘടകം മീറ്റിംഗുകളാണ്. സമാന മനസ്ക്കരും മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും മാത്രമായി ഒരു കൂട്ടായ്മ. പുറമെയുള്ളവര്ക്കാര്ക്കും പ്രവേശനമില്ല. അവര്‍ അവരുടെ മദ്യപാന ദുരന്തങ്ങളും, നിര്‍ത്താനുള്ള പ്രതിവിധികളും തേടിയുള്ള ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍. പ്രധാനമായും മൂന്ന് തരത്തിലുള്ള മീറ്റിംഗുകളാണുള്ളത്. ഒന്ന്, ക്ലോസ്ഡ് മീറ്റിംഗ്, രണ്ട്, ഓപണ്‍ മീറ്റിംഗ്, മൂന്ന്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ (പി.ഐ) മീറ്റിംഗ്. ഇതില്‍ മദ്യപാനികള്‍ മാത്രം സംബന്ധിക്കുന്ന മീറ്റിംഗാണ് ക്ലോസ്ഡ് മീറ്റിംഗ്. ഓപണ്‍ മീറ്റിംഗ് എന്നാല്‍ അവര്‍ക്ക് പുറമെ അവരുടെ മദ്യപാനത്താല്‍ ബുദ്ധിമുട്ടനുഭവിച്ച ബന്ധുക്കളുടെ മീറ്റിംഗാണ്. പൊതുജനത്തെ വിഷയങ്ങള്‍ ധരിപ്പിക്കാനുള്ളതാണ് പി.ഐ മീറ്റിംഗ്. ഇതിനു പുറമെ മദ്യപാനം നിര്‍ത്തിയതിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടക്കാറുണ്ട്. ഇത് ബര്‍ത് ഡേ മീറ്റിംഗ് എന്നറിയപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ തുറകളില്‍ നിന്ന് എ.എ പ്രതിനിധി കൂട്ടായ്മ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകളില്‍ പരസ്പര സന്ദേശങ്ങള്‍ പങ്കുവെക്കുന്നു. സംസ്ഥാനത്ത് തന്നെ തൊട്ടടുത്ത ജില്ലകളുടെ മീറ്റിംഗ് നടക്കാറുണ്ട്. ഇതിന് ഏരിയ മീറ്റിംഗുകള്‍ എന്ന് പറയുന്നു. ഇവയില്‍ നിന്ന് ചില പ്രതിനിധികള്‍ എ.എയുടെ ഇന്ത്യന്‍ ആസ്ഥാനമായ മുംബൈയില്‍ ഒരുമിച്ച് കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
എ.എയുടെ അടിസ്ഥാന അടിത്തറ ഗ്രൂപ്പുകളാണ്. അതിന് മുകളിലുള്ള ഒന്നിനും അത്ര തന്നെ പ്രാധാന്യമില്ല. എങ്കിലും ഗ്രൂപ്പിന് വേണ്ട സഹായ സഹകരണങ്ങള്‍ നല്കുന്നു. ഔദ്യോഗിക സന്ദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, നോട്ടീസ്, പാംലെറ്റുകള്‍ എന്നിവ കൈമാറലാണ് പ്രധാനം. അതിനുവേണ്ടി ഗ്രൂപ്പുകള്‍ക്ക് പുറത്ത് ഇന്റെര്‍ ഗ്രൂപ്പുകള്‍ സഹായകമായി വര്‍ത്തിക്കുന്നു.
എ.എയുടെ ലോക ആസ്ഥാനം ന്യൂയോര്‍ക്കിലാണ്. പ്രതീക്ഷയറ്റ മദ്യാസക്തരായിരുന്ന ന്യൂയോര്‍ക്കിലെ ഒരു ഓഹരി ദല്ലാളായിരുന്ന ബില്‍ വില്‍സണ്‍ ഓഹിയോയിലെ ഒരു ഡോക്ടറായിരുന്ന ബോബ് സ്മിത്തിനെ അവിചാരിതമായി കണ്ടു മുട്ടുകയും ഇരുവരുടേയും മദ്യാസക്തിയും പ്രശ്നങ്ങളും പങ്കുവെക്കുകയും ചെയ്തു(ഇരുവരും ജീവിച്ചിരിപ്പില്ല). 1935ലാണ് ഈ ചരിത്രത്തിന്ന് നാന്ദികുറിച്ചത്. തങ്ങള്‍ക്ക് മദ്യ മുക്തരായി ജീവിക്കാനും, മദ്യാസക്തി എന്ന രോഗംകൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹയിക്കാനുമിള്ള ഒരു ശ്രമം എന്നനിലയിലാണ് ഇരുവരും എ.എ സ്ഥാപിച്ചത്. ഒരുപാട് അന്വേഷണങ്ങള്‍ പലയിടങ്ങളില്‍ നിന്നായി വന്നു. അത് അവരുടെ കരിയറിനെ തന്നെ ബാധിച്ചു. എ.എ അത്രയും മദ്യാസക്തരില്‍ മാറ്റം വരുത്തി എന്നുസാരം. ക്രമേണ അത് അമേരിക്കന്‍ ഐക്യനാടുകളിലേക്കും പിന്നീട് ലോകം മുഴുവനും വളര്‍ന്നുകൊണ്ടിരുന്നു.
ഇന്ത്യയില്‍ 1957 ല്‍ മുംബൈയില്‍ ആദ്യത്തെ എ.എ ഗ്രൂപ്പ് ആരംഭിച്ചു. മിലിട്രിയിലൂടെയാണ് ഇന്ത്യയിലേക്ക് എ.എ സന്ദേശമെത്തുന്നത്. ഒരധ്യാപകനായിരുന്നു ആദ്യത്തെ അംഗം. ഘട്ടമായി ഓരോ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്ത്തിര്ത്തിക്കുന്ന ഓഫീസില്‍ ഒരുപാട് ജോലിക്കാരുണ്ട്. ഒരുമാസത്തില്‍ 13400 രൂപ ചിലവ് വരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പാംലൈറ്റുകളും, ബുക്കുകളുമാണ് ഏറേ ചിലവേറിയത്.
മദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക എന്നതാണ് എ.എയുടെ ലക്ഷ്യം. എ.എ അംഗങ്ങള്‍ ഇന്നൊരു ദിവസം എന്ന തോതില്‍ മദ്യപാനത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയെന്ന ലളിതമായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രൂപ്പ് മീറ്റിംങ്ങുകളില്‍ അനുഭവങ്ങളും പ്രതീക്ഷയും പരസ്പരം പങ്ക് വെക്കുന്നതിലൂടെയും, മദ്യ മുക്തിക്കായി നിര്‍ദേശിക്കപ്പെട്ട 12 ഘട്ടങ്ങളുടെ പരിശീലനത്തിലൂടെയും അംഗങ്ങള്‍ സുബോധാവസ്ഥ നിലനിര്‍ത്തുന്നു. മദ്യമുക്തനാവണമെന്ന ആഗ്രഹം മാത്രമാണ് എ.എയില്‍ ചേരാനുള്ള യോഗ്യത. എ.എയുടെ സുന്ദരമായ കാര്യങ്ങളിലൊന്ന് മാത്രമാണിത്.
അനാമധേയത്വം എന്ന ആശയപാരമ്പര്യങ്ങളുടെ ആധ്യാത്മിക അസ്ഥിവാരമാണ് എ.എ (ആല്‍ക്കഹോളിക്സ് അനോനിമസ്) അഥവാ, അജ്ഞാതരായ മദ്യാസക്തര്‍. വ്യക്തികളെക്കാളും തത്വങ്ങള്‍ക്ക് പ്രാധാന്യമുള്ള സമന്മാരുടെ കൂട്ടായ്മയാണ് എ.എ. പരിപാടികളില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കല്ല, മറിച്ച് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും എ.എ പുലര്‍ത്തുന്ന അനാമധേയത്വം നവാഗതര്‍ക്ക് അവരുടെ അംഗത്വം പരസ്യപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് നല്കുന്നു.
മറ്റു സംഘടനകളില്‍നിന്ന് എ.എ വ്യത്യസ്തമാകുന്നത് അതിന്റെ സ്വാതന്ത്ര്യ തനിമയിലാണ്. മെമ്പര്‍ഷിപ്പ് രേഖകളോ രോഗവിവരങ്ങളോ സൂക്ഷിക്കുക, ഗവേഷണത്തില്‍ മുഴുകുക, കൗണ്‍സിലുകളിലോ സാമൂഹിക സംഘടനകളിലോ അംഗമാവുക, അംഗങ്ങളെ പിന്തുടരാന് ശ്രമിക്കുകയോ നിയന്ത്രിക്കുകയോ ഒന്നും ചെയ്യുന്നില്ല. രോഗങ്ങളെപ്പറ്റി മനശ്ശാസ്ത്രപരമോ വൈദ്യപരമോ ആയ പ്രവചനം നല്‍കുന്നില്ല. മരുന്നുകളോ ഉപദേശങ്ങളോ കൊടുക്കുന്നില്ല. ശുശ്രൂഷകളോ സാനിറ്റേറിയങ്ങളോ മതപരമായ പ്രാര്‍ത്ഥനകളോ സംഘടിപ്പിക്കുന്നില്ല. ഗാര്‍ഹികമോ തൊഴില്‍പരമോ സാമ്പത്തികമോ ആയ സഹായങ്ങള്‍ പോലും എ.എ ചെയ്യുന്നില്ല.
മദ്യാസക്തനായ ആര്‍ക്കും ഉപകാരപ്രദമാണ് എ.എ. പലര്‍ക്കും ദൈവമോ ജീവിതമോ ആണ്. ഞങ്ങള്‍ ഒരിക്കലും കുടിക്കില്ല എന്ന് ഒരു എ.എ അംഗവും പ്രതിജ്ഞയെടുക്കുന്നില്ല. മറിച്ച് ഇന്നത്തെ ദിവസം ഞങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ നിഷ്്പ്രയാസം ഓരോ ദിവസവും കടന്നുപോകുന്നു. എ.എയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണയായി ഏതാനും മാസങ്ങള്‍ കുടി നിര്‍ത്തിയാല്‍ വല്ലപ്പോഴും കുടിക്കാന്‍ ആഗ്രഹം ജനിക്കാറുണ്ട്. അപ്പോള്‍ അവര്‍ ഇപ്രകാരം ചിന്തിക്കുന്നു, ഇതുവരെയുള്ള കുടി കൊണ്ടുള്ള തകരാറുകള്‍ക്ക് പകരമാകുമോ ഇനി കുടിക്കാന്‍ പോകുന്ന കുടി കൊണ്ടുള്ള ഗുണങ്ങള്‍. കുടിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, തീരുമാനം വ്യക്തിയുടേതാണ്. വിജയം വരിച്ച പൂര്‍വികരുടെ കഥകളും വ്യാഖ്യാനങ്ങളും കേള്‍ക്കുമ്പോള്‍ ഒരുണര്‍വ്വ് ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സാധിക്കില്ല. ഭൂരിപക്ഷം പേരും പറയുന്നത്, അവരുടെ സുബോധം മുടങ്ങാതെയുള്ള മീറ്റിംഗുകളും മറ്റു അംഗങ്ങളുമായുള്ള ബന്ധവുമാണ്.
ഒരാള്‍, മദ്യാസക്തിയില്‍ നിന്ന് സുബോധത്തിലെത്താന് നടത്തുന്ന പരിശ്രമങ്ങളുടെ വിവരണമാണ് പന്ത്രണ്ട് ഘട്ടങ്ങള്‍. തുടര്‍ച്ചയായ ഈ പദ്ധതിയുടെ പ്രധാന ഭാഗം എളിമയും തന്നേക്കാള്‍ വലിയ ശക്തിയിലുള്ള ആശ്രയത്വവുമാണ്. അവര്‍ ഈ ശക്തിയെ ദൈവമെന്ന് വിളിക്കാനിഷ്ടപ്പെട്ടു. മദ്യം തന്നെക്കാള്‍ വലിയ ശക്തിയാകുമ്പോള്‍ തങ്ങള്‍ക്ക് ഒറ്റക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും മറ്റൊരു ശക്തിയെ ആശ്രയിക്കണമെന്ന സാമാന്യ ബോധവുമുണ്ടാകുന്നു. എ.എ യില്‍ വളര്‍ന്ന് ആ വലിയ ശക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടാകുന്നു. പലപ്പോഴും പലതും സ്വന്തമായ ധാരണകളാണ്. ആരും ഒന്നും അവരില്‍ അടിച്ചേല്‍പ്പിക്കുന്നില്ല.
മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവാണ് ഓരോ അംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നത്. മദ്യപാനം എത്രത്തോളം അനിയന്ത്രിതമാണെന്ന് മറ്റാരെക്കാളും അറിയാന്‍ സാധിക്കുക മദ്യപാനിക്ക് തന്നെയാണ്. ഒരു മദ്യാസക്തന് മദ്യമില്ലാത്ത ജീവിതം വിരസമായി തോന്നും. എ.എയിലെ പുതിയ സുഹൃത്തുക്കള്‍ മന്ദബുദ്ധികളോ, വഷളന്മാരോ, അറിവില്ലാത്ത പ്രബോധകരോ ആയിരിക്കുമെന്ന് എ.എയില്‍ വരും മുമ്പ് പലരും ഭയപ്പെടുന്നു. എന്നാല്‍ അവരും തങ്ങളെപ്പോലെ സാധാരണ മനുഷ്യരാണെന്ന് ഞങ്ങളെ വിധിക്കുന്നതിന് പകരം സഹാനുഭൂതിയോടെ തങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നവരാണെന്നും അവര്‍ കണ്ടെത്തും.
കുടിക്കാതിരിക്കാന്‍ ഞങ്ങളെന്ത് ചെയ്യണം? എങ്ങനെയാണ് എ.എ യില്‍ അംഗമാവുക? നടത്തിപ്പുകാര്‍ ആരാണ്? ഇവയെല്ലാം പലരുടെയും സംശങ്ങളാണ്. എന്നാല്‍, എ.എയില്‍ യാതൊരു നിബന്ധനയോ ഫീസോ ആചാരങ്ങളോ ഇല്ലെന്ന് മനസ്സിലാക്കാം. വാടകയും എ.എ സാഹിത്യങ്ങളും മറ്റു ചെലവുകളും അംഗങ്ങള്‍ പങ്കിട്ട് നിറവേറ്റുന്നു. എന്നാല്‍, ഈ സംഭാവന പോലും എ.എ അംഗത്വത്തിന് നിര്‍ബന്ധമില്ല. ആരും ആജ്ഞകള്‍ നല്‍കുന്നില്ല. മീറ്റിംഗുകള്‍ അംഗീകരിക്കുന്ന ഗ്രൂപ്പ് സേവകന്മാര് മാറിക്കൊണ്ടിരിക്കുന്നു. ഇത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടപടിയാണ്.
ഇത്തരം കെട്ടുറപ്പില്ലാത്ത അനൗപചാരികമായ ഒരു കൂട്ടായ്മയുടെ സഹായത്താല്‍ എങ്ങനെയാണ് സുബോധം നിലനിര്‍ത്താന്‍ കഴിയുക? ഉത്തരം, ഒരിക്കല്‍ കുടിക്കാതിരിക്കാന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എ.എയിലെ മുന്‍ഗാമികളുടെ രീതികള്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവരുടെ അനുഭവം ചില നിര്‍ദേശങ്ങളും ആത്മീയ ഉപകരണങ്ങളും തങ്ങള്‍ക്ക് ലഭ്യമാകുന്നു. ഇത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ഇന്ന് എ.എ അംഗങ്ങള്‍ക്ക് ഏറ്റവും പ്രധാനം തങ്ങളുടെ സുബോധാവസ്ഥയായത് കൊണ്ട് എ.എ പരിപാടി അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമാണെന്ന് തെളിയിച്ച പൂര്‍വികരുടെ രീതികള്‍ പിന്തുടരലാണ്.
കാലപ്പഴക്കം സംഭവിച്ച മൂന്ന് മുദ്രാവാക്യങ്ങള്‍ക്ക് പുതുമയേറെ കണ്ടെത്തുകയാണ് എ.എ അംഗങ്ങള്‍. അതിലൊന്ന്, ആദ്യത്തേതാദ്യം. ഒരു എ.എ അംഗത്തിന് ആദ്യം ചെയ്യാനുള്ളത് ജീവിതം കെട്ടിപ്പടുക്കാന്‍ ആവശ്യമായ സുബോധാവസ്ഥ സൃഷ്ടിക്കല്‍ തന്നെയാണ് എന്ന ഓര്‍മപ്പെടുത്തലാണ് ഈ മുദ്രാവാക്യം. അനായാസം ചെയ്യുക എന്നതാണ് രണ്ടാമത്തേത്. ആവേശത്തോടെ ചെയ്ത് കാര്യങ്ങള്‍ കുഴപ്പമാക്കാതെ മിതത്വം പാലിച്ച് പുതിയ അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നിര്വഹിക്കലാണിത്. അവസാനത്തെ മുദ്രാവാക്യം, ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതാണ്. എത്രകാലം കുടിക്കാതിരുന്നാലും മദ്യാസക്തന് മറ്റുള്ളവരോട് അസഹിഷ്ണുത കാണിക്കാന്‍ അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച് കേള്‍ക്കാറുള്ള നിര്‍ദേശമാണ്.
എ.എ സാഹിത്യങ്ങളും വളരെയധികം സഹായകരമാണ്. ഈ സംഘടനയില്‍ ചേര്‍ന്നയുടന്‍ ആല്‍ക്കഹോളിക് അനോനിമസ് എന്ന പുസ്തകം വായിക്കാന്‍ അവസരം ലഭിക്കുന്നു. ആദ്യകാല അംഗങ്ങളുടെ സുഖം പ്രാപിച്ച തത്വങ്ങളും അവരുടെ കഥകളുമാണ് ഇതിലുള്ളത്. കൂടാതെ, വേറെയും പുസ്തകങ്ങളും ധാരാളം ലഘുലേഖകളുമുണ്ട്. കം ടു ബിലീവ്, ലിവിംഗ് സോബര്‍, എ.എ ഇന്‍ പ്രിസന്‍ തുടങ്ങിയ പുസ്തകങ്ങളുമുണ്ട്. പഴമക്കാര്‍ക്കും പുതുമക്കാര്‍ക്കും ഉപയോഗിക്കാനായി എ.എ ഗ്രേപ് വയ്ന് എന്ന പേരില്‍ ഒരു അന്താരാഷ്ട്ര മാസികയും എ.എ പ്രസിദ്ധീകരിച്ചു വരുന്നു.
മദ്യമില്ലാത്ത ജീവിതം അസഹ്യമാണെന്ന ജീവിതരീതിയില്‍ നിന്നും അര്‍ത്ഥപൂര്‍ണമായ ജീവിതം കൈവന്നുവെന്ന തോന്നലാണ് എ.എ യില്‍ പ്രതിഫലിക്കുന്നത്. മദ്യാസക്തി എന്ന ദുരിതം മൂലം ദശലക്ഷക്കണക്കിനാളുകള്‍ അനാവശ്യമായി ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്നു. മദ്യം എന്നെ വീഴ്ത്തിയിരിക്കുന്നു, എനിക്ക് സഹായം വേണം എന്ന് വ്യക്തിപരമായി സമ്മതിക്കാതെ എ.എയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല. നമുക്ക് മദ്യപാനം ഒരു പ്രശ്നമാണെന്ന് തോന്നുകയും നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ഇരുപത് ലക്ഷത്തില്‍ പരം വരുന്ന അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു, എ.എ. ഞങ്ങളില്‍ പ്രവര്‍ത്തിച്ചു. മറിച്ചാവാന്‍ ഒരു കാരണവുമില്ല.
എ.എയുടെ പന്ത്രണ്ട് ഘട്ടങ്ങളാണ്, നിയന്ത്രണാത്മക ജീവിതത്തിലേക്ക് മദ്യാസക്തനെ കൊണ്ടുവരുന്നത്. പുറമെ നിന്ന് ഒരു സംഘടനയുടെയോ വ്യക്തികളുടെയോ സംഭാവനകളോ ഇതിലില്ല. സ്വയം പര്യപ്തമാണ്. ലക്ഷങ്ങള്‍ എ.എയെത്തേടി വന്നെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ല. മറ്റു സംഘടനകളുമായി പ്രവര്‍ത്തിക്കുന്നുമില്ല.
എ.എയുടെ പന്ത്രണ്ട് ഘട്ടങ്ങളില്‍ പകുതിയും ദൈവിക ശക്തിയിലുള്ള അര്‍പ്പണ ബോധമാണ്. പ്രഭാതത്തില്‍ ഈ ദിവസം എന്നെ കുടിപ്പിക്കരുതേ എന്ന പ്രാര്‍ത്ഥനയും രാത്രി സുഖകരമായ ഉറക്കം ലഭിച്ചാല്‍ നന്ദിയോടെയുള്ള പ്രാര്‍ത്ഥനയുമാണ് ശ്രദ്ധേയം. ദൈവസമ്പര്‍ക്കം സുദൃഢമാക്കുന്നതിലൂടെ പുതിയ മാനം കൈപ്പറ്റുന്നു. എല്ലാവര്ക്കും വ്യത്യസ്ത വിശ്വാസങ്ങളുള്ള ദൈവങ്ങളാകാം. തന്റെ മദ്യപാന സ്വഭാവത്തെ മാറ്റിയെടുക്കാന്‍ കഴിയുന്ന ശക്തിയെയാണ് ദൈവമായി കണക്കാക്കുന്നത് god as we understood. അവന് എല്ലാ ഇഛകളും വിട്ടുകൊടുക്കുന്നു. തെറ്റുകള്‍ അവന് മുമ്പില്‍ വിളിച്ച് പറയുന്നു. അപാകങ്ങള്‍ മാറ്റിത്തരാന്‍ ദൈവത്തോട് വിനയപൂര്‍വ്വം കേഴുന്നു. സുബോധ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പന്ത്രണ്ട് ഘട്ടങ്ങളില്‍ പ്രാധാന്യം, താന്‍ ഉപദ്രവിച്ചവര്ക്കെല്ലാം കഴിയും വിധം പരിഹാരം ചെയ്യുക എന്നതാണ്. അക്രമിക്കപ്പെട്ടവന്റെ മുന്നില്‍ വിനയാന്വിതനാകുമ്പോള്‍ ലോലമായ മാനസിക മാറ്റവും, അവന്റെ പ്രാര്‍ത്ഥനയും മദ്യപാനിയെ കൂടുതല്‍ ആത്മവിശ്വസത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള പരിഗണന ലഭിക്കുന്നു. ആദ്യം ഭാര്യയോടും കുട്ടികളോടും മാതാപിതാക്കളോടുമൊക്കെയാകുമ്പോള് സ്വന്തം വീട്ടില്‍ നിന്ന് തന്നെ പരിഗണനയും സ്നേഹവും ലഭിക്കുന്നു. ഈ മാറ്റത്തിലെ തത്വങ്ങളെ അവന് കൂടുതല്‍ നെഞ്ചിലേറ്റുന്നു.
മദ്യാസക്തനെ മദ്യപാനത്തില്‍ നിന്ന് പിടിച്ച് നിര്‍ത്തുന്നത് അവസാനത്തെ ഘട്ടമാണ്. ഈ നടപടിയില്‍ നിന്ന് കിട്ടിയ ആത്മീയ പ്രചോദനത്തിന്റെ ഫലമായി ഈ സന്ദേശം മറ്റു മദ്യാസക്തര്ക്ക്് എത്തിക്കാനും, തത്ത്വങ്ങള്‍ തങ്ങളുടെ എല്ലാ വ്യവഹാരങ്ങളിലും പാലിക്കുവാനും ശ്രമിക്കുന്നു എന്നതാണ്. നമുക്ക് ഈ സന്ദേശം നല്‍കിയത് മറ്റൊരാളാകാം പക്ഷെ നാം നന്ദി ചെയ്യേണ്ടത് നവാഗതരിലൂടെയാണ്. gratitude always go forward എന്ന നയം സ്വീകരിക്കുന്നു. പുതിയ ആളുകളെ എ.എയില്‍ എത്തിക്കാന്‍ സഹായിക്കുമ്പോള്‍ ഇദ്ദേഹത്തിന് മദ്യം രുചിക്കുക എന്നത് ഏറെ പ്രയാസകരമാണ്. പ്രത്യുത ഘട്ടമാണ് ഏറ്റവും വലിയ കാതല്‍.
എ.എയിലെത്തിയപ്പോള്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും തന്നെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. പണം, ജോലി, കുടുംബം, തങ്ങളുടെ വ്യക്തിത്വ സംബന്ധിയായ പ്രശ്നങ്ങള്‍. ഞങ്ങളുടെ പ്രധാന പ്രശ്നം മദ്യം തന്നെയെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ഇതിനെ നിയന്ത്രണത്തിലാക്കിയപ്പോള്‍ മറ്റു പ്രശ്നങ്ങളേയും വിജയകരമായി നേരിടാന്‍ കഴിഞ്ഞു. ഈ വക പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം പെട്ടെന്നുണ്ടാവുകയില്ല. എന്നാല്‍ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ കഴിഞ്ഞതിനെക്കാളും കാര്യക്ഷമമായി ഇവ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.