സാമൂഹ്യജീവിയായ മനുഷ്യനെ വ്യതിരക്തനാക്കുന്നത് വിവേകവും വിശേഷ ബുദ്ധിയുമാണ്. തന്റെ ജീവിത പരിസരങ്ങളിലുള്ള വിഭിന്നങ്ങളായ വിഷയങ്ങളില്‍ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ് സുകൃതസമ്പൂര്‍ണ്ണമായ ജീവിതം നയിക്കാനാണ് മനുഷ്യന്‍ കല്‍പിതനായിട്ടുള്ളത്. പക്ഷേ, മനുഷ്യ ചിന്തയുടെ പ്രകൃതവും ആഭിമുഖ്യവും കുറ്റകൃത്യത്തിലേക്കും തിന്മയിലേക്കുമായിരിക്കും. ഭൂമിലോകത്തേക്ക് നിയുക്തരായ മനുഷ്യരില്‍ പ്രവാചകന്‍മാരല്ലാത്ത ഒരാള്‍ക്കും ഈ അവസ്ഥാവിശേഷത്തില്‍ നിന്ന് മോചനമില്ല. നന്മയില്‍ ചിന്തിക്കുകയും സല്‍ഗുണവക്താക്കളുമായി ഇടപഴകി ജീവിക്കുകയും വഴി അധാര്‍മ്മിക വാസനകളില്‍ നിന്നും ശീലങ്ങളില്‍ നിന്നും അകലം പാലിക്കാനും ക്രമേണ നന്മയുടെ വാഹകരായി മാറാനും മനുഷ്യന്നു കഴിയും. ഇതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇസ്‌ലാമിന്റെ മദ്ധ്യനിരോധനം.
ഇസ്‌ലാമിന്റെ ആവിര്‍ഭാവ സമയത്തെ അറേബ്യയുടെ ചരിത്രം കലര്‍പ്പുകളില്ലാതെ പഠിക്കുമ്പോള്‍ മാത്രമേ ലഹരി ജീവിതത്തിന്റെ പ്രധാന ഉപയോഗ വസ്തുവായി മാറിയ മനുഷ്യരുടെ മനശ്ശാസ്ത്രം മനസ്സിലാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കിയ മധ്യനിരോധനത്തിന്റെയും ഇസ്‌ലാം നടപ്പിലാക്കിയ അധാര്‍മ്മിക വിപാടനങ്ങളുടെയും വൈപുല്യവും മഹത്വവും പരിപൂര്‍ണ്ണമായി മനസ്സിലാവുകയുള്ളൂ.
അറേബ്യയില്‍ പ്രധാനമായും മുന്തിരി, ഈത്തപ്പഴം, തേന്‍, യവം തുടങ്ങി പല ഇനങ്ങളിലുള്ള മദ്യവും സുലഭമായിരുന്നു. അറബിയില്‍ ഖംറ് എന്ന പ്രയോഗം യഥാര്‍ത്ഥത്തില്‍ ബുദ്ധിയുടെ വകതിരിവ് നീക്കിക്കളയുന്ന എല്ലാ വസ്തുക്കള്‍ക്കും പ്രയോഗിക്കും. മുന്തിരി മദ്യത്തിന്നു പ്രത്യേകമായും ചിലര്‍ ഈ നാമം ഉപയോഗിച്ചിട്ടുണ്ട്. മുന്തിരി ഒരു മദ്യോല്‍പാദന മാധ്യമമായതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. നൂഹ് നബി (അ) ഒരു മുന്തിരി വള്ളിനട്ടു. ഇബ്‌ലീസ് അതില്‍ ഊതി ഉണക്കി. തന്റെ ചെടിയുടെ അവസ്ഥ കണ്ട നൂഹ് നബി വിഷമിച്ചിരിക്കെ ഇബ്‌ലീസ് വന്നു പരിഹാരം പറഞ്ഞു: നിങ്ങള്‍ ചില അറവുകള്‍ നടത്തിയാല്‍ മുന്തിരി വള്ളി പച്ചപിടിക്കും. അങ്ങനെ സിംഹം, കടുവ, കൂരന്‍, കുറുക്കന്‍, കരടി, കോഴി, നായ എന്നീ ഏഴു ജീവികളെ അറുത്ത് അവയുടെ രക്തം മുന്തിരി വള്ളിയുടെ ചുവട്ടില്‍ ഒഴുക്കി. താമസിയാതെ അത് വീണ്ടും പച്ചപിടിച്ചു. ഏഴു നിറത്തിലുള്ള മുന്തിരികള്‍ അതില്‍ രൂപപ്പെട്ടു. അതില്‍ നിന്നും മദ്യമുണ്ടാക്കി കഴിക്കുന്നവര്‍ക്ക് ഈ ഏഴു ജീവികളുടെയും സ്വഭാവങ്ങളും കൈവരുന്ന അവസ്ഥ സംജാതമായി. യഥാക്രമം വിചാരിക്കുന്നത് പ്രവര്‍ത്തിക്കാനുള്ള സ്‌തൈര്യം,ദേഷ്യം, എപ്പോഴും അശുദ്ധി, കളവ്, ശക്തി, ശബ്ദകോലാഹലം, തര്‍ക്ക മനോഭാവം എന്നീ സ്വഭാവങ്ങളായിരുന്നു ഇത്തരക്കാരില്‍ പ്രകടമായത്. അങ്ങനെ നൂഹ് നബിയുടെ സമുദായത്തില്‍ മദ്യം നിശിദ്ധമായി.(ഹയാത്തുല്‍ ഹയവാന്‍). ആദം നബി (അ) ന്റെ കൂടെയും ഇബ്‌ലീസ് ഇപ്രകാരം പ്രവര്‍ത്തിച്ച രംഗവും ചരിത്രത്തില്‍ കാണാം. സര്‍വ്വ തിന്മകളുടെയും മാതാവെന്ന് തിരുനബി വിശേഷിപ്പിച്ച മദ്യത്തിന്റെ നിര്‍മ്മാണത്തില്‍ പിശാചിന്ന് മുഖ്യപങ്കുണ്ട് എന്ന് ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതില്‍ ഒരിക്കലും അതിശയോക്തിയില്ല. കാരണം, പിശാച് തിന്മയുടെ പ്രചാരകനും കാരണക്കാരനുമാണല്ലോ.
മദ്യത്തോടുള്ള തിരുനബിയുടെ നിലപാടുകള്‍ നിരോധനത്തിന്റെ എത്രയോ മുമ്പു തന്നെ വളരെ വ്യക്തമാണ്. അബൂ ഹുറൈറ (റ) പറയുന്നു: ഇസ്‌റാഅ് യാത്രയില്‍ ജിബ്‌രീല്‍ (അ) പാലും മദ്യവുമുള്ള രണ്ടു പാത്രവുമായി വരികയും അതില്‍ തങ്ങള്‍ക്കിഷ്ടമായത് കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരുനബി പാല്‍പാത്രം തിരഞ്ഞെടുത്തു. ഉടനെ ജിബ്‌രീല്‍ പറഞ്ഞു: തങ്ങളെ ഈ നല്ല ജീവിതപ്രകൃതത്തിലേക്ക് വഴിനടത്തിയവന്നു സര്‍വ്വസ്തുതിയും. മദ്യ പാത്രമായിരുന്നു തെരെഞ്ഞെടുത്തിരുന്നതെങ്കില്‍ തങ്ങളുടെ സമുദായം ഒന്നടങ്കം അസാന്മാര്‍ഗികളാകുമായിരുന്നു (ബുഖാരി). അന്ത്യനാളിന്റെ അടയാളങ്ങള്‍ വിവരിച്ച സന്ദര്‍ഭത്തിലും മദ്യപാനത്തെ വളരെ ഗൗരവമായി തന്നെ പ്രതിപാധിച്ചിട്ടുണ്ട്. അനസ് (റ) പറഞ്ഞു: തിരുനബി അരുളി, അറിവില്ലായ്മ വര്‍ധിക്കലും മദ്യപാനവും വ്യഭിചാരവും വ്യാപകമാവലും അന്ത്യദിനത്തിന്റെ അടയാളങ്ങളാണ്.(ബുഖാരി).
അറേബ്യയിലെ വ്യാപാരത്തിലെ ഒരു സുപ്രധാന ചരക്കായിരുന്നു മദ്യം. സ്വാദിഷ്ടമായ മദ്യകയറ്റുമതിയുള്ള നാടുകള്‍ അറബികള്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. ഇത്തരം നാടുകളില്‍ നിന്നും കച്ചവടച്ചരക്കുകളുമായി വരുന്ന സംഗഘങ്ങളെ പ്രത്യേകം പ്രതീക്ഷിച്ചു നില്‍ക്കുക അവരുടെ പതിവായിരുന്നു. ഗസ്സ, അദ്‌റുആത്ത്, അന്‍ദരീന്‍, ഹജ്‌റ്, ഹയ്‌റത്ത് തുടങ്ങിയവയെല്ലാം ഇത്തരം പ്രസിദ്ധ പ്രദേശങ്ങളാണ്. അതു കൊണ്ടുതന്നെ ഇസ്‌ലാമിന്റെ സമ്പൂര്‍ണ്ണ മദ്യ നിരോധനം അറേബ്യന്‍ വാണിജ്യ മേഖലയെ ഗണ്യമായി ബാധിച്ചിരുന്നു. മുഗീറത്തുബ്‌നു ശുഅ്ബ (റ) പറയുന്ന ഒരു സംഭവം : ഞാന്‍ ആദ്യ കാലങ്ങളില്‍ സാമര്‍ത്ഥ്യങ്ങളെ കൊണ്ട് പ്രസിദ്ധനായിരുന്നു. ഒരിക്കല്‍ ഹൈറയിലേക്ക് യാത്ര പുറപ്പെട്ടു. എന്റെ യാത്രാസംഗത്തിന്ന് ശക്തമായ മദ്യാസക്തിയനുഭവപ്പെട്ടു. ഞങ്ങളുടെ അടുത്ത് വളരെ പഴകിയ ഒരു ദിര്‍ഹം മാത്രമാണുണ്ടായിരുന്നത്. ഞാന്‍ ആ ദര്‍ഹമും രണ്ടു പാത്രങ്ങളും അവരോട് ആവശ്യപ്പെട്ടു. പക്ഷേ ഒരു ദിര്‍ഹമിന്ന് ഒരു പാത്രം മദ്യം മാത്രമേ ലഭിക്കൂ എന്നവര്‍ പ്രതികരിച്ചു. പക്ഷേ ഞാന്‍ അവരുടെ പരിഹാസമേറ്റു വാങ്ങി ഒരു ദിര്‍ഹമും രണ്ടു പാത്രവുമായി ചന്തയിലേക്ക് പുറപ്പെട്ടു. ഒരു മദ്യക്കടയില്‍ ചെന്ന് മദ്യം വാങ്ങി ഒരു പാത്രത്തിലൊഴിച്ച് വില നല്‍കിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതിന്ന് ഇരുപത് ദിര്‍ഹമാണ്. ഉടനെ ഞാന്‍ പറഞ്ഞു: ഞാന്‍ ഒരു മലയോരവാസിയാണ്. എനിക്ക് ശരിയായ വില അറിയില്ലായിരുന്നു. മദ്യം നിങ്ങള്‍ തന്നെ തിരിച്ചെടുത്തോളൂ. അങ്ങനെ പാത്രത്തിലെ മദ്യം അവര്‍ തരികെ ഒഴിച്ചു. പാത്രത്തിന്റെ താഴെ ബാക്കി വന്ന അല്‍പം ഞാന്‍ മറ്റേ പാത്രത്തിലൊഴിച്ചു. ആദ്യം മദ്യമൊഴിച്ച പാത്രത്തില്‍ വെള്ളമൊഴിച്ചു. അങ്ങനെ മറ്റൊരു കടയിലേക്കു പോയി. അവിടെയും പല്ലവി ആവര്‍ത്തിച്ചു. മദ്യമുള്ള പാത്രം കാട്ടിക്കൊടുത്ത് ഇതിനെക്കാള്‍ നല്ല മദ്യം വേണമെന്നാശ്യപ്പെട്ടു. അവര്‍ സമ്മതിച്ചു. വെള്ളമൊഴിച്ച പാത്രത്തില്‍ മദ്യം വാങ്ങി വില കൊടുത്തപ്പോള്‍ ഇരുപത് ദിര്‍ഹം ചോദിച്ചു. അങ്ങനെ മദ്യം തിരികെ നല്‍കി. ബാക്കിയുണ്ടായിരുന്നത് മറ്റേ പാത്രത്തിലൊഴിച്ചു. അങ്ങനെ ചന്തയിലെ ഒട്ടുമിക്ക കടകളിലും കയറിയപ്പോഴേക്കും ഒരു പാത്രത്തില്‍ മുഴുവനായും മറ്റേ പാത്രത്തില്‍ അല്‍പവും മദ്യം നിറഞ്ഞിരുന്നു. അതുമായി സുഹൃത്തുക്കളുടെ അടുത്തേക്കു പോയി. അവയും അവര്‍ നല്‍കിയ ഒരു ദിര്‍ഹമും അവര്‍ക്കു നല്‍കി. അവര്‍ അത്ഭുതപരവശരായി. രംഗം വിവരിച്ചപ്പോള്‍ എന്റെ സാമര്‍ത്ഥ്യത്തെ അവര്‍ പുകഴ്ത്തി.(അല്‍അഗാനി)
അറേബ്യയില്‍ നിലനിന്നിരുന്ന മദ്യവ്യാപാരത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്നതാണ് ഈ സംഭവം. പുരുഷന്‍മാരും സ്ത്രീകളും ഈ വിഷയത്തില്‍ തുല്യരായിരുന്നു. ബനൂ ജശം ഗോത്രത്തിലെ ഒരാള്‍ തന്റെ ഭാര്യയെ നെയ്യുവില്‍ക്കാനായി രണ്ടു വാഹനങ്ങളോട് കൂടെ ചന്തയിലേക്കു പറഞ്ഞയച്ചു. അവള്‍ നെയ്യു വിറ്റ് ആ പണത്തിന് മദ്യം കഴിച്ചു. ശേഷം രണ്ടു വാഹനങ്ങളേയും വിറ്റ് ആ കാശിനും മദ്യം കഴിച്ചു. വീണ്ടും മതിവരാതെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന്റെ സഹോദരപുത്രനെ പണയം വെച്ച് മദ്യം കഴിച്ചു. ഇക്കാരണത്താല്‍ അവള്‍ വിവാഹമോചിതയായി. ഇത്രത്തോളം കഠിനമായിരുന്നു അവരുടെ മദ്യ മോഹം.
അറേബ്യന്‍ കവികളുടെ ഒരു പ്രധാന കവിതാ പ്രമേയവും മദ്യമായിരുന്നു. സാഹിത്യം കൂടുതലായി പ്രസരിക്കുന്നതും മദ്യപിച്ചാലപിച്ച കവിതകളിലാണ്. മദ്യ കടകളും അവയിലേക്കുള്ള സഞ്ചാരങ്ങളുമെല്ലാം അവരുടെ കവിതകളില്‍ തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണ്. ഇബ്‌നു ഖുതൈബ പറയുന്നു: കവികളില്‍ സ്വനാജത്തുല്‍ അറബ് എന്നപേരില്‍ പ്രസിദ്ധനായ അഅ്ശാ ഇസ്‌ലാം സ്വീകരിക്കാന്‍ തീരുമാനിച്ച് മദീനയിലേക്ക് പുറപ്പെടാനിരിക്കെ സുഹൃത്തുക്കള്‍ അദ്ധേഹത്തെ തടയാന്‍ തീരുമാനിച്ചു. അവര്‍ വന്ന് ഇസ്‌ലാം മദ്യപാനവും വ്യഭിചാരവും നിശിദ്ധമാക്കുന്ന മതമാണെന്ന് വിവരം നല്‍കി. അതു കാരണം ഒരു വര്‍ഷം കൂടി ഈ രണ്ടു സുഖങ്ങളും അനുഭവിച്ച് ഒരു വര്‍ഷത്തിന്നു ശേഷം ഇസ്‌ലാം സ്വീകരിക്കാം എന്ന ചിന്തയോടെ തല്‍ക്കാലം അദ്ധേഹം തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറി. പിന്നീട് ഇസ്‌ലാം പുല്‍കാന്‍ കഴിയാതെയാണ് അദ്ധേഹം മരണപ്പെടുന്നത്.(സീറത്തുല്‍ ഹലബിയ്യ)
മദ്യപാനം നിശിദ്ധമാക്കുകയും മദ്യം കഴിച്ച് പിടിക്കപ്പെട്ടവര്‍ക്ക് നാല്‍പത് അടി ശിക്ഷയായി ഇസ്‌ലാം നടപ്പില്‍വരുത്തിയതിനു ശേഷവും ചിലരില്‍ നിന്ന് വീണ്ടും പ്രകടമായപ്പോള്‍ ഉമര്‍ (റ) അടക്കമുള്ള സ്വഹാബത്ത് ശക്തമായ നിലപാടു തന്നെ സ്വീകരിച്ചിട്ടുണ്ട്. ഉമര്‍ (റ) വിന്റെ ഭരണകാലത്ത് റോമിനെതിരെ പടനയിച്ച മുസ്‌ലിം സൈന്യാധിപനായ അബൂ ഉബൈദത്തുല്‍ ജറാഹ് (റ) തന്റെ സൈന്യത്തിലെ ളിറാറുബ്ന്‍ അസ്‌വറും അബൂസഹ്ല്‍ ബ്‌നുജന്‍ദലും അടക്കമുള്ള ചിലര്‍ മദ്യപിച്ചതായി കത്തയച്ചു. ഈ വിഷയം അനുവദിനീയമാണെന്ന് അവര്‍ വിശ്വസിക്കുന്നുവെങ്കില്‍ കൊന്നു കളയാനും അല്ലാത്ത പക്ഷം നാല്‍പത് അടിയടിക്കുവാനും ഉമര്‍ (റ) ആജ്ഞാപിച്ചു. ഈവിഷയം അവരോട് ആരാജ്ഞപ്പോള്‍ ലജ്ജിതരായി അവര്‍ പുറത്തിറങ്ങാതായി. ഇബനു ജന്‍ദല്‍ കുറ്റം സമ്മതിക്കാതെ കൊല ഏറ്റുവാങ്ങാനുള്ള ചില ആശയങ്ങള്‍ പറയുക കൂടി ചെയ്തപ്പോള്‍ അബൂ ഉബൈദ എന്നവര്‍ ഉമര്‍ (റ) നോട് തന്നെ നേരിട്ട് കത്തെഴുതാന്‍ ആവശ്യപ്പെട്ടു. ഉമര്‍ (റ) എഴുതി. ശിര്‍ക്കല്ലാത്ത എല്ലാ പാപങ്ങളും പൊറുത്തു തരുമെന്നും അല്ലാഹുവിന്റെ കാരുണ്യത്തെതൊട്ട് ഒരാളും ആശ മുറിയരുതെന്നുമുള്ള സൂറത്തുല്‍ ഗാഫിറിലെ ഖുര്‍ആന്‍ വചനങ്ങളായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഈ കത്ത് അബൂഉബൈദത്ത് ഇദ്ധേഹത്തിന്ന് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ മനം മാറ്റം സംഭവിക്കുകയും മറ്റുള്ളവര്‍ക്കും ഇതെ ആശയത്തില്‍ ഉമര്‍ (റ)കത്തെയയക്കുകയും ചെയ്തു.
ഈ കലുഷിതമായ സാഹചര്യത്തില്‍ അറേബ്യയിലും അതിന്ന് ചുവടുപിടിച്ച് ഇസ്‌ലാമിന്റെ സന്ദേശമെത്തിയ മുഴുവന്‍ പ്രദേശങ്ങളിലും ഇസ്‌ലാം സാധ്യമാക്കിയ മദ്യവിമുക്തി വിപ്ലവം തികച്ചും മനശ്ശാസ്ത്രപരമായ പരിവര്‍ത്തനമായിരുന്നു. നിരോധനത്തിന്റെ ഓരോ സന്ദര്‍ഭങ്ങളും ഇതിന്ന് വ്യക്തമായ തെളിവാണ്.
ആദ്യമായി മക്കയിലാണ് ഈ വിഷയം പരാമര്‍ശിതമായി ആയത്തിറങ്ങുന്നത്. ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ നിര്‍മിക്കുന്ന മസ്തിലാക്കുന്ന പാനിയങ്ങള്‍ നാം നല്‍കുന്നു. കാരക്ക, ഉണക്കമുന്തിരി,സുര്‍ക്ക പോലോത്ത നല്ലഭക്ഷണങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്.(അന്നഹ്ല്‍: 67). ഈ ഘട്ടത്തില്‍ മദ്യം നിരോധിച്ചിട്ടില്ല. പക്ഷേ മനുഷ്യനോട് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം ശരികേടുകളില്‍ ഇസ്‌ലാമിന്റെ ആഗമനത്തിന്നു മുമ്പുതന്നെ അകലം പാലിച്ചിരുന്ന സ്വഹാബത്തുമുണ്ടായിരുന്നു. സ്വദ്ധീഖ് (റ) ഒരു ഉദാഹരണമാണ്. അവര്‍ ഇതിന്റെ ഭവിഷത്തുകള്‍ ശരിയായി ഉള്‍ക്കൊണ്ടവരും മാനസികമായി അതൃപ്തി രേഖപ്പെടുത്തുന്നവരുമായിരുന്നു.
രണ്ടാമത്തെ സന്ദര്‍ഭം മദീനയില്‍വെച്ചാണ്. ഉമര്‍ (റ), മുആദ്(റ) അടക്കമുള്ള ഒരുകൂട്ടം സ്വഹാബാക്കള്‍ നബി (സ്വ) യോട് വന്നു പരാതി ബോധിപ്പിച്ചു. മദ്യം ബുദ്ധിയെയും സമ്പത്തിനേയും മരവിപ്പിക്കുന്നു എന്നതായിരുന്നു വിഷയം. ഈ സന്ദര്‍ഭത്തിലാണ് അവര്‍ മദ്യത്തേയും ചൂതാട്ടത്തേയും കുറിച്ച് ചോദിക്കും, അതില്‍ വലിയ കുറ്റമുണ്ടെന്നും പക്ഷേ ജനങ്ങള്‍ക്ക് ഉപാകാരമുണ്ടെന്നും ഭവിഷത്ത് ഉപകാരത്തെക്കാള്‍ കൂടുതലാണെന്നുമുള്ള(അല്‍ ബഖറ: 219) ഖുര്‍ആന്‍ വചനമിറങ്ങുന്നത്. ഇതിനു ശേഷമാണ് സ്വഹാബാക്കളിലെ സമ്പന്നരില്‍ പെട്ട അബ്ദുറഹ്മാനുബ്‌നു ഔഫ് (റ) വിന്റെ വീട്ടില്‍ ഒരു വിരുന്നൊരുക്കുകയും അതില്‍ സാധാരണപോല മദ്യം വിളമ്പുകയും ചെയ്തു. മഗ്‌രിബ് നിസ്‌കാരത്തിന്റെ സമയമായപ്പോള്‍ ഒരാള്‍ ഇമാം നില്‍ക്കുകയും സൂറത്തുല്‍ കാഫിറൂനയിലെ രണ്ടാമത്തെ ആയത്ത് നിങ്ങള്‍ ആരാധിക്കുന്നതിന ഞാന്‍ ആരാധിക്കുന്നു എന്ന അര്‍ത്ഥത്തില്‍ പാരായണം ചെയ്തു. ഈ സന്ദര്‍ബത്തിലാണ് നിങ്ങള്‍ ലഹരി ബാധിച്ച അവസ്ഥയില്‍ നിസ്‌കാരങ്ങളില്‍ സംബന്ധിക്കരുതെന്നുള്ള (അന്നിസാഅ്: 43) ആയത്തിറങ്ങുന്നത്. അങ്ങനെ നിസ്‌കാര സമയങ്ങളില്‍ പരിപൂര്‍ണമായി വിലക്കപ്പെടുകയും അല്ലാത്ത സന്ദര്‍ഭങ്ങളില്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു. ഈ സന്ദര്‍ഭങ്ങളിലെല്ലാം നിരന്തരമായി അവര്‍ പരിവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളും പരിപൂര്‍ണ്ണമായി മദ്യമുക്തിയിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. ഈമാനിന്റെ പ്രകാശവും ഖുര്‍ആനിക വചനങ്ങളും വിശ്വാസ കാഠിന്യവും അവരെ സല്‍ഗുണങ്ങളിലേക്ക് നയിക്കലോടു കൂടെത്തന്നെ ലഹരി വസ്തുക്കളുടെ ഭൗതികവും പാരത്രികവുമായ ഭവിഷത്തുകളെക്കുറിച്ച് ഘട്ടം ഘട്ടമായി ഇസ്‌ലാം ഉണര്‍വ്വു നല്‍കിയപ്പോള്‍ അറേബ്യന്‍ ജനത മുഴുവനും മദ്യത്തിന്റെ കഠിനവിരോധികളായി മാറാന്‍ കളമൊരുങ്ങി.
ഹിജ്‌റ നാലാം വര്‍ഷമാണ് പരിപൂര്‍ണ മദ്യ നിരോദധനം ആഹ്വാനം ചെയ്തത്. ഖൈബര്‍ യുദ്ധ സമയത്താണെന്നും അഭിപ്രായമുണ്ട്. അവസാനമായ പൂര്‍ണ്ണ നിരോധന പ്രഖ്യാപനവുമായി വിശുദ്ധഖുര്‍ആന്‍ അവതരിച്ചു. അതിന്ന് കാരണമായത് ഇത്ബാനുബ്‌നു മാലിക് (റ) വിന്റെ വീട്ടില്‍ നടന്ന ഒരു സദ്യയായിരുന്നു. പങ്കെടുത്തവരെല്ലാം മദ്യം കഴിച്ചു. കൂട്ടത്തില്‍ സഅ്ദുബ്‌നു അബീവഖാസ് (റ) വുമുണ്ടായിരുന്നു. അദ്ധേഹം തന്റെ ഗോത്രത്തെ വര്‍ണിച്ച് മറ്റു അന്‍സാരികളെ അധിക്ഷേപിച്ചും കവിതയാലപിച്ചു. ഇതില്‍ അരിശം പൂണ്ട് ഒരു വ്യക്തി അദ്ധേഹത്തിന്റെ തലയില്‍ മുറിവാക്കി. പ്രശ്‌നം നബി (സ്വ) തങ്ങളുടെയടുക്കലെത്തി. ഈ സമയം കൂടെയുണ്ടായിരുന്ന ഉമര്‍ (റ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഈ വിഷയത്തില്‍ ഒരുപരിപൂര്‍ണ പരിഹാരം നല്‍കണേ. തദവസരത്തില്‍ നബി (സ്വ) തങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു. ഓ സത്യവിശ്വാസികളേ തീര്‍ച്ചയായും ലഹരിവസ്തുക്കളും ചൂതാട്ടവും വിഗ്രഹങ്ങളുമെല്ലാം പിശാചിന്റെ മ്ലേച്ചതകളില്‍ പെട്ടതാണ് . നിങ്ങള്‍ വിജയികളായിത്തീരാന്‍ അവയെല്ലാം വെടിയുക. നിങ്ങളെ ലഹരിയിലും ചൂതാട്ടത്തിലുമായി ജീവിപ്പിച്ച് പരസ്പരം ശത്രുതയും പോരും സൃഷ്ടിക്കാനും അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും നിസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇനിയും നിങ്ങള്‍ക്ക് അവയില്‍ നിന്ന് പരിപൂര്‍ണ്ണ മോചനത്തിന്ന് സമയമായില്ലയോ. (അല്‍ മാഇദ: 90,91).
ഈ കല്‍പന അവതരിച്ചയുടനെ ഞങ്ങള്‍ പരിപൂര്‍ണ്ണ മദ്യവിമുക്തരായി റബ്ബേ എന്ന് ഉമര്‍ (റ) പ്രഖ്യാപനം നടത്തി. മദ്യമടക്കമുള്ള ലഹരി വസ്തുക്കള്‍ മുസ്‌ലിമായി ജീവിക്കുന്ന ഒരാള്‍ക്കും അനുവദീനയമല്ലെന്നും അതിന്ന് വിഘാതം സൃഷ്ടിക്കുന്ന പക്ഷം ഇസ്‌ലാമിക കോടതിയില്‍ രണ്ട് സാക്ഷികള്‍ മുഖാന്തരമോ അല്ലെങ്കില്‍ അവന്‍ സമ്മതിക്കല്‍ കൊണ്ടു തന്നെ നാല്‍പത് അടി ശിക്ഷ നടപ്പാക്കാനും ഇസ്‌ലാം കല്‍പിച്ചു. അതോട് കൂടെ അറേബ്യന്‍ തെരുവുകളില്‍ മദ്യം ചാലിട്ടൊഴുകി. സുര്‍ക്കയാക്കുക എന്ന ലക്ഷ്യത്തില്‍ പോലും മദ്യം വീടുകളില്‍ സൂക്ഷിക്കാന്‍ പാടില്ല എന്ന് പ്രഥമ ഘട്ടത്തില്‍ തിരു നബു (സ്വ) കല്‍പിച്ചു. കാരണം പതിയെ മദ്യപാനത്തിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കുകയാണ് ഇസ്‌ലാം ചെയ്തത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് അഭിമാനത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി മനുഷ്യന്റെ ജീവിതസാഹചര്യങ്ങളെ കീഴ്‌പ്പെടുത്തിയ മദ്യം ഇസ്‌ലാം വളരെ കര്‍ശനമായി വിലക്കിയതും ഭൗതിക ലോകത്തും പരലോകത്തും ഇത്തരക്കാര്‍ അനുഭവിക്കേണ്ട ഭവിഷത്തുകളെ സംബന്ധിച്ച് ശക്തമായ താക്കീതു നല്‍കിയതുമാണ്.
അവലംബം: 1.ബുഖാരി, 2.അബൂദാവൂദ്, 3.തഫ്‌സീറുസ്സ്വാവി/ഇമാം അഹ്മദുസ്സ്വാവി, 4.അല്‍ബിദായത്തുവന്നിഹായ/ ഇമാം ഇബ്‌നു കസീര്‍ , 5.സീറത്തുല്‍ ഹലബിയ്യ/ഇമാം ബുര്‍ഹാനുദ്ധീനുല്‍ ഹലബി 6.അല്‍അഗാനി/ഇമാം ഇബ്‌നുഫറജില്‍ ഇസ്ഫഹാനി 7.ഹയാത്തുല്‍ ഹയവാന്‍/ഇമാം കമാലുദ്ധീനുദ്ധമീരി 8.അസ്‌വാഖുല്‍ അറബ്/സഈദുല്‍ അഫ്ഗാനി