No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

കണ്ണുള്ളവരെ നാണിച്ചോളൂ

കണ്ണുള്ളവരെ നാണിച്ചോളൂ
in Motivation
February 8, 2018
അഫ്‌സൽ അദനി

അഫ്‌സൽ അദനി

Share on FacebookShare on TwitterShare on WhatsApp

മഅ്ദിനില്‍ വെച്ച് നടക്കുന്ന മറ്റു നിക്കാഹിനേക്കാള്‍ അന്നത്തെ നിക്കാഹിന് വല്ലാത്ത ഒരാശ്ചര്യമുണ്ടായിരുന്നു. പൂര്‍ണ്ണമായും കാഴ്ച ശേഷി ഇല്ലാത്ത സ്വാദിഖ് എന്ന ഇരുപത്തി ഏഴുകാരന്റെ മാംഗല്യം. കാഴ്ച ഇല്ല എന്ന ആശ്ചര്യതക്കുമപ്പുറം അദ്ദേഹം എത്തി നില്‍ക്കുന്ന വിദ്യാഭ്യാസോന്നതിയാണ് എന്നെ ഹഠാതാകര്‍ഷിച്ചത്. സോഷ്യോളജിയില്‍ പി.എച്ച്.എഡി പൂര്‍ത്തിയാക്കാനിരിക്കുന്ന വിചക്ഷണന്‍. നിക്കാഹിന്റെ വേദിയില്‍ ശൈഖുനാ ബദ്‌റുസ്സാദാത്ത് തങ്ങളുസ്താദിന് സ്വാദിഖിനെ കുറിച്ച് പറയാന്‍ നൂറു നാക്കുകളായിരുന്നു. വളരെ കൗതുകം തോന്നി. എങ്ങനെ ഇതൊക്കെ സാധ്യമായി. സ്വാദിഖിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും എഴുതണമെന്നും ചിന്തിച്ചത് അപ്പോഴായിരുന്നു. പ്രിയ അനുജസുഹൃത്തും ഉറവ മാസികയുടെ സഹയാത്രികന്‍ കൂടിയുമായ സകരിയ്യയുടെ ജേഷ്ഠന്‍ കൂടിയാണ് സ്വാദിഖ്. ഇക്കാക്കയോട് നേരിട്ട് സംസാരിക്കുന്നതിനുള്ള അപ്പോയിമെന്റ് അന്ന് തന്നെ വാങ്ങി. പിറ്റേ ദിവസം ശൈഖുനാ ബദ്‌റുസ്സാദാത്ത് അല്‍ ഉസ്താദിന്റെ ബുഖാരി സബ്ഖ് കഴിഞ്ഞപ്പോഴാണ് സ്വാദിഖും ഉപ്പയും വീണ്ടും എത്തിയത്. ഇന്നലെ നിക്കാഹിന്റെ വേളയില്‍ തന്നെ അതിരറ്റ് പരിഗണിച്ചതിന്റെയും തന്നെ കുറിച്ച് സംസാരിച്ചതിന്റെയും നിക്കാഹ് ചെയ്ത് കൊടുത്തതിന്റെയുമൊക്കെ സന്തോഷം രേഖപ്പെടുത്താനായിരുന്നു അദ്ദേഹം എത്തിയത്. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ആ മുഖത്ത് നിഴലിച്ചിരുന്നു. പലപ്പോഴും ശൈഖുന സബ്ഖിനു മുമ്പോ ശേഷമോ വിദ്യാഭ്യാസപരമായോ മറ്റോ ഉന്നതിയിലെത്തിയവരെ ഞങ്ങള്‍ക്കൊരു പാഠമാകാന്‍ വേണ്ടി അവരുടെ അനുഭവം പങ്കുവെപ്പിക്കാറുണ്ട്. സ്വാദിഖിനും വന്നു അങ്ങനെയൊരു അവസരം അല്ല ഞങ്ങള്‍ക്കു ലഭിച്ചു അങ്ങനെയൊരു അവസരം..
സമൂഹത്തിലെ താഴെതട്ടിലുള്ളവരെ പരിഗണിക്കണമെന്നുള്ള വലിയൊരു മെസ്സേജ് തരികയും അതിന്റെ പ്രതിഫലനമായിരുന്നു ഇന്നലെ തങ്ങളുസ്താദ് നിക്കാഹ് വേളയില്‍ കാണിച്ചതെന്നും വരുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുടെ നീളം. ഒരര്‍ത്ഥത്തില്‍ തങ്ങളുസ്താദിലെ തങ്കമനസ്സിനുള്ള കൃതജ്ഞതാപൂക്കള്‍.. പിതാവിന്റെ ഭാഗത്ത് നിന്നുള്ള പഠന പ്രചോദനങ്ങളും ഉയര്‍ച്ചയുടെ പടവുകളില്‍ ടെക്‌നോളജി സഹായകമായ പങ്കിനെ കുറിച്ചുമൊക്കെ അദ്ദേഹം വാചാലമായി. കുറഞ്ഞ സമയം കൊണ്ട് ഹൃദയഭേദകമായ അനുഭവ പശ്ചാതലങ്ങള്‍. വീണ്ടും എന്റെ എഴുത്തിനെ പുനരുജ്ജീവിപ്പിച്ചു. മറ്റൊരിക്കല്‍ അവിചാരിതമായി അദ്ദേഹത്തോടൊപ്പം ഒരുയാത്ര ചെയ്തതോടെ എഴുത്തിന്റെ രതിമൂര്‍ച്ചയിലെത്തി. അദ്ദേഹത്തോടുള്ള സംസാരം, തുടര്‍ന്ന് വാട്ട്‌സാപ്പില്‍ ചോദിച്ച സംശയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് കണ്ണുള്ളവര്‍ക്ക് നാണിക്കാന്‍ അക്ഷര വിന്യാസ ജ്ഞാനപരിമിതിക്കകത്തെ ഒരെളിയ ശ്രമം.

മഅ്ദിനും ശൈഖുനയും

ചെറുപ്പക്കാലം മുതലെ മഅ്ദിനുമായും വിശിഷ്യാ ശൈഖുനാ ഖലീല്‍ തങ്ങളുസ്താദുമായും നല്ല ബന്ധമുണ്ട്. പ്രത്യേകിച്ച് ഉപ്പ മഅ്ദിനില്‍ ജോലിയായത് കൊണ്ട് തന്നെ കുടുംബവുമായി ബന്ധമുണ്ട്. ഒമ്പതാം ക്ലാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മഅ്ദിനില്‍ അന്ധവിദ്യാലയം തുടങ്ങിയത്. അതുകൊണ്ട് തന്നെ മഅ്ദിനില്‍ പഠിക്കാനുള്ള സൗഭാഗ്യം സ്വാദിഖിനു ലഭിച്ചിട്ടില്ല. എന്നാലും ഡിഗ്രിയില്‍ പഠിക്കുന്ന സമയത്ത് ബാഖവി ഉസ്താദിന്റെ അടുത്ത് നിന്ന് കിതാബ് ഓതാന്‍ സാധിച്ചിട്ടുണ്ട്. ജെ.എന്‍.യുവില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം മഅ്ദിന്‍ നല്‍കിയിട്ടുമുണ്ട്. ഡിഗ്രി കഴിഞ്ഞതിനു ശേഷം അല്‍മഖറിലെ ഹോസ്റ്റലില്‍ സൗജന്യമായി താമസിക്കാന്‍ കഴിഞ്ഞത് തങ്ങളുസ്താദിന്റെ കത്ത് വഴിയായിരുന്നു. ഉസ്താദിന്റെയും മഅ്ദിനിന്റെയും സപ്പോര്‍ട്ട് എക്കാലത്തും സ്വാദിഖിനുണ്ടായിട്ടുണ്ട്.
നിക്കാഹ് കഴിക്കണമെന്ന ആഗ്രഹം തങ്ങളുസ്താദിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ഉസ്താദ് അതേറ്റെടുക്കുകയും ഡേറ്റ് നല്‍കുകയും ചെയ്തു. മഅ്ദിനില്‍ തനിക്ക് ബന്ധമുള്ള എല്ലാ ദഅ്‌വാ സ്ഥാപനങ്ങളിലും ഭക്ഷണം നല്‍കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോള്‍ ആദ്യം ഉസ്താദ് സമ്മതിച്ചില്ല. തന്റെ സാമ്പത്തിക സ്ഥിതി ആലോചിച്ചാണ് ഉസ്താദ് അതിനെ എതിര്‍ത്തത്. പക്ഷെ, ജെ.ആര്‍.എഫ് ലഭിച്ചതിലൂടെ തനിക്ക് ലഭിക്കുന്ന കാശില്‍ നിന്നു ചെലവഴിക്കാന്‍ മാത്രമേ ഉള്ളൂ എന്നറിയിച്ചപ്പോള്‍ ഉസ്താദ് സമ്മതിച്ചു. മര്‍കസ് സമ്മേളന തിരക്കായിട്ടു പോലും എല്ലാം മാറ്റി വെച്ച് ഉസ്താദ് സ്വാദിഖിന്റെ നിക്കാഹ് ഭംഗിയായി നിര്‍വ്വഹിച്ചു കൊടുത്തു. കാഴ്ചയില്ലാത്തവരോടുള്ള ഉസ്താദിന്റെ സമീപന രീതിയുടെ ആവിഷ്‌കാരമായിരുന്നു തന്റെ നിക്കാഹെന്ന് സ്വാദിഖ് ഓര്‍ത്തെടുക്കുന്നു. സുന്നി മാനേജ്‌മെന്റിനു കീഴില്‍ ഇത്രയും സുശക്തമായി പ്രവര്‍ത്തിക്കുന്ന ബ്ലൈന്‍ഡ് സ്‌കൂള്‍ കേരളത്തിലെവിടെയുമില്ല. സമൂഹത്തിന്റെ എല്ലാവിഭാഗക്കാരോടും മഅ്ദിനും തങ്ങളുസ്താദും കാണിക്കുന്ന നീതിപൂര്‍വ്വമായ പരിഗണ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുന്നു. ഒരഭ്യര്‍ത്ഥനയയായി സ്വാദിഖിന് അനുവാചകരോട് പറയാനുളളത്, നമ്മുടെ ഏത് മേഖലയിലെയും അവസാനത്തെ ആളുകളെ പരിഗണിക്കുക എന്നതാണ്. വിഭിന്നമായ തരത്തിലുള്ള കഴിവുള്ളവരുണ്ടാകും അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രചോദിപ്പിക്കണം.

ബാല്യം/പഠനകാലം

സ്വാദിഖിന്റെ കുടുംബത്തിലുള്ള അധികപേരും ആശുപത്രികളില്‍ ആയിരുന്നു ജനിച്ചത്. എന്നാല്‍ സ്വാദിഖിന്റെ ജനനം വീട്ടില്‍ വെച്ചായിരുന്നു. ജനിച്ചപ്പോള്‍ തന്നെ കുട്ടി കണ്ണുതുറക്കാത്തതില്‍ സങ്കടവും അതോടൊപ്പം ആശങ്കയുമുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്. മകന് കണ്ണുകാണില്ല എന്ന നഗ്നയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ സ്വാദിഖിന്റെ മാതാപിതാക്കള്‍ നിരാശമാറ്റി പരിഹാരങ്ങള്‍ തേടി. രണ്ടു വര്‍ഷം പല ചികിത്സകളും ചെയ്‌തെങ്കിലും ഇനിയൊരിക്കലും തന്റെ മകന് ഉപ്പയെയും ഉമ്മയെയും ഈ ലോകത്തെയും കാണാനാവില്ലെന്ന വിധിയെഴുത്ത് അവരെ നിരാശരാക്കി. പക്ഷെ അതുകൊണ്ട് തന്റെ മകനെ ഒരു അന്ധനെന്ന് തീറെഴുതി പാര്‍ശ്വവത്കരിക്കാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ലായിരുന്നു. കാഴ്ചയുടെ വിഹായസ്സിലേക്ക് സ്വാദിഖിനെ പറത്തണം. അതിനുള്ള പ്രചോദനാത്മക ശ്രമങ്ങളാണ് ഇനി വേണ്ടതെന്ന പൂര്‍വ്വബോധം മാതാപിതാക്കളിലുടലെടുത്തു. കാഴ്ചയില്ലാത്തവരെ എങ്ങനെ വളര്‍ത്തണമെന്നും ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന ആശങ്ക മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. കാഴ്ചയില്ലാത്തവര്‍ക്കുള്ള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ധാരണ അന്നില്ലാ എന്നതായിരുന്നു ഈ ആശങ്കക്കുള്ള പ്രധാന കാരണം.
അഞ്ചാം വയസ്സിലാണ് സ്വാദിഖിന്റെ വിദ്യാഭ്യാസ ജീവിതം നിര്‍ണ്ണായകമാകുന്നത്. മങ്കട വള്ളിക്കാപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന കേരള സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് എന്ന സ്ഥാപനത്തെ പരിചയപ്പെടുന്നത് ആ സ്‌കൂളിലെ രാജന്‍ എന്ന അദ്ധ്യാപകനിലൂടെയാണ്. തന്റെ സ്ഥാപനത്തിലേക്ക് പുതിയ കുട്ടികളെ അന്വേഷിച്ചിറങ്ങിയതായിരുന്നു രാജന്‍ സാര്‍. ഉപ്പ ഗള്‍ഫിലായത് കൊണ്ട് തന്നെ ആ കാലഘട്ടത്തിലൊക്കെ സ്വാദിഖ് ഉമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മാവന്മാര്‍ക്ക് പ്രത്യേക സ്‌നേഹവും പരിഗണനയും ഉണ്ടായിരുന്നു. ആയിടെക്കാണ് രാജന്‍ സാര്‍ ഉമ്മയുടെ വീട്ടിലെത്തിയത്. കാഴ്ചയില്ലാത്ത ആളുകള്‍ക്കുള്ള വിദ്യാഭ്യാസത്തെ കുറിച്ച് രാജന്‍ സാര്‍ അമ്മാവന് വിവരിച്ചു കൊടുത്തു. ഇത്തരക്കാര്‍ക്ക് സ്‌പെഷ്യല്‍ സ്‌കൂള്‍ ഉണ്ടെന്ന ധാരണ അപ്പോഴാണ് അവര്‍ക്കുണ്ടായത്. ഇങ്ങനെയൊരു ഇന്‍ഫര്‍മേഷന്‍ ലഭിച്ചതോടെയാണ് തന്നെ പഠിപ്പിക്കാനുള്ള ധാരണയിലേക്ക്് എത്തിയത്. അമ്മാവനായിരുന്നു(അബ്ദുറഹ്മാന്‍) ഈ വിഷയത്തില്‍ കൂടുതല്‍ താത്പര്യം. ഗള്‍ഫിലുള്ള ഉപ്പയുമായി സംസാരിച്ചു തീരുമാനമായി. എങ്കിലും ഇത്ര ചെറുപ്പത്തിലെ ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതിലെ സങ്കടം ഉമ്മക്കുണ്ടായിരുന്നു. സ്വന്തമായി കുളിക്കാനും അലക്കാനുമൊക്കെയുള്ള പ്രയാസം ചിന്തിച്ചിട്ടായിരിക്കാം ഉമ്മക്ക് സങ്കടമായത്. എന്നിരുന്നാലും മകന്റെ പുരോഗതിക്ക് ആ ഉമ്മയും തടസ്സം നിന്നില്ല.
ഒരു വര്‍ഷം വള്ളിക്കാപ്പറ്റയിലുള്ള ആ സ്ഥാപനത്തില്‍ പഠിക്കുകയും പിന്നീട് 2 മുതല്‍ 7 വരെ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള റഹ് മാനിയ്യ സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് എന്ന സ്ഥാപനത്തിലാുമായിരുന്നു പഠിച്ചിരുന്നത്. റഹ്മാനിയ്യയില്‍ പഠിച്ച കാലയളവിലാണ് ഒരു കാഴ്ച ഇല്ലാത്തവന്‍, കാഴ്ച ഉള്ളവരോട് കൂടെ പിടിച്ചു നില്‍ക്കാന്‍ പഠിച്ചിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ നേടിയെടുത്തത്. ബ്രൈല്‍ ലിപി, അപരസഹായം കൂടാതെയുള്ള യാത്രകള്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയവ. ഹൈസ്‌കൂള്‍ മുതല്‍ ഇപ്പോള്‍ പി.എച്ച്.ഡി വരെ കാഴ്ച ഉള്ളവരോട് കൂടെയായിരുന്നു പഠനം. ഹൈസ്‌കൂള്‍ മോങ്ങം ഉമ്മുല്‍ഖുറയിലും പ്ലസ്ടു കാലിക്കറ്റ് ഹൈസ്‌കൂളിലും ഡിഗ്രി ഫാറൂഖ് കോളേജിലും എം.എ ജെ.എന്‍യുവിലും ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നത് ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലുമാണ്.
1970-90 കാലഘട്ടങ്ങളില്‍ കാഴ്ച്ച ഇല്ലാത്ത ആളുകള്‍ സ്‌കൂളിലോ മറ്റോ ചേരുന്നത് പത്തോ പതിനഞ്ചോ വയസ്സാകുമ്പോഴാണ്. എന്നാല്‍ തനിക്ക് കാഴ്ച ഉള്ളവര്‍ പഠിക്കുന്ന പ്രായത്തില്‍ തന്നെ പഠിക്കാനായതിലും അതിലൂടെ ഒരുപാട് വര്‍ഷങ്ങള്‍ ലാഭിക്കാനായെന്നും സ്വാദിഖ് രേഖപ്പെടുത്തുന്നു. പടച്ചോന്റെ വലിയൊരു സൗഭാഗ്യമായിട്ടാണ് സ്വാദിഖ് ഇതിനെ വീക്ഷിക്കുന്നത്.

രക്ഷിതാക്കളുടെ പരിഗണന

വികലാംഗരുടെ കണക്കെടുക്കുമ്പോള്‍ ഇത്തരം ആളുകളുള്ള കുടുംബങ്ങള്‍ ചിലപ്പോള്‍ ഇതു മറച്ചുവെക്കാറുണ്ട്. വീട്ടില്‍ വികലാംഗരുണ്ടെങ്കില്‍ വിവാഹാലോചന പോലോത്ത കാര്യങ്ങളില്‍ ഭംഗം വരുമെന്ന മിഥ്യാധാരണയാണ് രക്ഷിതാക്കളെ ഈ മറച്ചുവെക്കലിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍ സ്വാദിഖിന് വീട്ടില്‍ നിന്നും ലഭിച്ചത് പൂര്‍ണ്ണമായ പ്രോത്സാഹനമായിരുന്നു. ആര്‍ക്കു മുമ്പിലും തന്നെ ഗോപ്യമാക്കിയില്ല. എല്ലാവരുടെയും മുമ്പില്‍ തന്നെ പരിചയപ്പെടുത്താനും എല്ലായിടത്തും കൊണ്ടുപോകാനും ഉപ്പ ശ്രദ്ധിച്ചിട്ടുണ്ട്. പ്രസംഗിക്കാനും ക്ലാസ്സെടുക്കാനുമൊക്കെയുള്ള അവസരങ്ങള്‍ രക്ഷിതാക്കളൊരുക്കി തന്നിട്ടുണ്ട്. അത് സ്വാദിഖിന്റെ വ്യക്തി വികാസത്തെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. തന്റെ വൈകല്യം മറച്ചു വെക്കാതെ അവസരങ്ങള്‍ നല്‍കുകയും നല്ലൊരു രീതിയില്‍ തന്നെ വളര്‍ത്തിയെടുക്കുകയും ചെയ്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് തന്റെ രക്ഷിതാക്കള്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം സാഭിമാനം ഓര്‍ത്തെടുക്കുന്നു. രക്ഷിതാക്കളുടെ ഈ നിലപാട് മക്കളുടെ ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

കൂട്ടുകാര്‍

വിദ്യാഭ്യാസ ജീവിതത്തില്‍ സ്വാദിഖിനെ സ്വാധീനിച്ച മറ്റൊരു ഘടകമായിരുന്നു കൂട്ടുകാര്‍. കാഴ്ചയുള്ളവരുടെ കൂടെ പഠിക്കുമ്പോഴാണ് അവരുടെ സഹായങ്ങളിലേക്ക് കൂടുതല്‍ ആവശ്യമായത്. നോട്ടുകളും ബുക്കുകളുമൊക്കെ വായിച്ചുതരാനും പലസ്ഥലങ്ങളില്‍ കൊണ്ടുപോകാനും അവര്‍ സ്വാദിഖിനെ സഹായിച്ചു. അധ്യാപകര്‍ പറയുന്ന നോട്ട്‌സുകള്‍ ബ്രൈല്‍ ലിപിയില്‍ എഴുതിയെടുക്കുമ്പോള്‍ സ്പീഡ് കുറവായിരിക്കും. ഈ സമയത്ത് മിസ്സാകുന്ന നോട്ടുകള്‍ വായിച്ചു തരികയോ അല്ലെങ്കില്‍ അവരെ കൊണ്ട് പറയിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുകയോ ചെയ്യും. പലരോടും ഇത്തരത്തില്‍ അദ്ദേഹത്തിനു കടപ്പാടുണ്ട്. കാഴ്ച ഇല്ലാത്തതിന്റെ പേരില്‍ അടിച്ചമര്‍ത്തലുകളോ ആക്ഷേപഹാസ്യങ്ങളോ നേരിടേണ്ടി വന്നിട്ടില്ല. കൂട്ടുകാരുടെ പഠനപ്രചോദനങ്ങള്‍ അവരോടൊപ്പം ചേര്‍ന്ന് ഉയരാനുള്ള ഊര്‍ജ്ജമായി.

സാങ്കേതിക വിദ്യ

ഡിഗ്രി കാലം മുതലാണ് ടെക്‌നോളജിയോട് കൂടുതല്‍ അടുത്തത്. കമ്പ്യൂട്ടറിനെയും ലാപ്‌ടോപ്പിനെയുമൊക്കെ പരിചയപ്പെട്ടു തുടങ്ങി. ഓഡിയോ കണ്‍വേര്‍ട്ട് ചെയ്തു തരുന്ന job aceess with speech jaws പോലോത്ത ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടെക്സ്റ്റുകളൊക്കെ റീഡ് ചെയ്തുതരും. അത് മൊബൈലിലും ലഭ്യമാണ്. അതിലൂടെ അസൈമെന്റുകളും പ്രോജക്ടുകളും ചെയ്യാന്‍ സഹായകമായി. സാങ്കേതിക വിദ്യ വഴിതെറ്റിപ്പിക്കുന്ന കാലഘട്ടത്തോട് സ്വാദിഖിന് പറയാനുള്ളത്, രക്ഷിതാക്കള്‍ സാങ്കേതിക വിദ്യയെ പോസിറ്റാവായി ഉപയോഗപ്പെടുത്തി സഹായകമാക്കാന്‍ ശ്രദ്ധിക്കണമെന്നാണ്.

ഉപദേശം

എന്റെ മകന്‍/മകള്‍ ഇന്നതായിരിക്കണമെന്നുള്ള ശക്തമായ തീരുമാനം രക്ഷിതാക്കള്‍ക്കുണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും തീരുമാനം വിടരുത്. കുട്ടികള്‍ എങ്ങനെയായിരിക്കണമെന്നുള്ള തീരുമാനം ഉണ്ടാവുന്നതോട് കൂടെ തന്നെ അത് സമര്‍ത്ഥമായി നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. കരിയര്‍ ഗൈഡന്‍സ് കുട്ടികള്‍ക്ക് കൊടുക്കുന്നതിലുപരി രക്ഷിതാക്കള്‍ക്ക് കൊടുക്കണം. പ്രത്യേകിച്ച വിവാഹം ചെയ്ത/ചെയ്യാനിരിക്കുന്ന യുവാക്കള്‍ക്ക്. അതുകൊണ്ട് തന്നെ നല്ലകുട്ടികളെ വാര്‍ത്തെടുക്കുന്നതിനുള്ള ഉറച്ച തീരുമാനം ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നു.

തീരുന്നു

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് കണ്ണ്. താന്‍ ഏറ്റെടുത്ത വിഷയത്തെ സാര്‍ത്ഥകമായി പ്രതിഫലിപ്പിക്കുന്നതിനു വേണ്ടി വൈകല്യങ്ങള്‍ മറന്ന് മുന്നേറി ജീവിതത്തില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച സ്വാദിഖെന്ന 29 കാരന്‍ നമുക്കൊരു പാഠമാണ്. കണ്ണുള്ള നാം സൗകര്യങ്ങളെ മറന്ന് അവസരങ്ങള്‍ പാഴാക്കി കളയുമ്പോള്‍ ഇത്തരം ജീവിതങ്ങളില്‍ നിന്നും നാം പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നേറേണ്ടതുണ്ട്. അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടേ-ആമീന്‍.

Share this:

  • Twitter
  • Facebook

Related Posts

പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ച വ്യാധികളിലും മനോബലം നഷ്ടമാകരുത്‌
Motivation

പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ച വ്യാധികളിലും മനോബലം നഷ്ടമാകരുത്‌

July 7, 2019
Photo-by-Nikhita-S-on-Unsplash.jpg
Motivation

മാറേണ്ട ക്ലാസ് മുറികള്‍

May 9, 2017
ricardo-moura-Y5JVToef_sk-unsplash.jpg
Motivation

വഴിമുട്ടുന്ന രക്ഷാകര്‍തൃത്വം

February 1, 2017
Photo-by-Robina-Weermeijer-on-Unsplash.jpg
Articles

സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് (PFA)

November 1, 2016
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×