എന്തിനാണ് അറിവ്? ഈ അന്വേഷണം ചെന്നവസാനിക്കുന്നത് അറിവിന്റെ പാഠമനുസരിച്ച് കര്‍മം ചെയ്യാന്‍ എന്ന ഉത്തരത്തിലാണ്. വിശ്രുത യമനീ പണ്ഡിതന്‍ അല്‍ ഹബീബ് ഹസന്‍ അശ്ശ്വാത്വിരീ (റ) കുറിക്കുന്നു: അറിവിന്റെ ഫലം അതനുസരിച്ചുള്ള അമല്‍ (കര്‍മം) മാത്രമാണ്. അമലില്ലാത്ത ഇല്‍മ് ഫലമില്ലാത്ത വൃക്ഷമത്രെ (അമലുല്‍ യൗമി വല്ലയ്‌ല) ഇമാം ഗസ്സാലി തന്റെ ഇഹ്‌യാഉല്‍ ഉലൂമിദ്ദീനിലും ഈ ആശയം സവിസ്തരം പരാമര്‍ശിക്കുന്നുണ്ട്.
അറിവില്‍ വര്‍ധനവിന് വേണ്ടി ദുആ ചെയ്യാന്‍ നബി (സ്വ) തങ്ങളോട് കല്‍പനയുണ്ട് (ഖുര്‍ആന്‍). എന്നാല്‍ ലഭിക്കുന്ന അറിവികളത്രയും ഉപകാര പ്രദമാകണമെന്നതിനാല്‍, ഉപകാര ശൂന്യമായ അറിവിനെത്തൊട്ട് തങ്ങള്‍ കാവല്‍ ചോദിക്കാറിണ്ടായിരുന്നു.
ഇപ്രകാരം, അറിവനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെപ്പറ്റിയും അറിയാവുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാതെ മറച്ചുവെക്കുന്നവരെപ്പറ്റിയുമുള്ള ശക്തമായ താക്കീതുകളും ഹദീസുകളില്‍ കാണാം. അറിവനുസരിച്ച് അമല്‍ ചെയ്യാത്തവര്‍ക്ക് ഭീമമായ ശിക്ഷയുണ്ടെന്ന് അല്ലാമാ അഹ്മദ് ബ്‌നു റസ്‌ലാന്‍ തന്റെ സ്വഫ്‌വത്തു സ്സുബദ് എന്ന കര്‍മശാസ്ത്ര കാവ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്രയും പറഞ്ഞുവന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പണ്ഡിതന്റെ ഭാവങ്ങളാണ്. ഇവരുടെ അഭാവത്തെപ്പറ്റിയാണ് എന്തേ നീയിന്നൊരു മച്ചിയായതെന്ന് കാലത്തോട് ഒരു കവി ചോദിച്ചത്. ഈ നിരയില്‍ എടുത്ത് പറയപ്പെടേണ്ട ആദരണീയ പ്രതിഭയാണ് ശൈഖുനാ പെരുമുഖം ബീരാന്‍ കോയ ഉസ്താദ്.
തികഞ്ഞ പണ്ഡിതന്‍, ഇല്‍മിന്റെ അകമറിഞ്ഞ മുദരിസ്, റബ്ബിനെ സ്‌നേഹിച്ച സൂഫി.. ഇങ്ങനെ സദ്‌വിശേഷണങ്ങളുടെ സംഗമമാണ് ഉസ്താദ്.
ജനനം, ബാല്യം
കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് പെരുമുഖം മുതുവാട്ടുപാറയില്‍ മേടപ്പില്‍ ആലിക്കുട്ടി മുസ്‌ലിയാര്‍-പോത്തേരി ആയിശുമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ അഞ്ചാമനായി, 1938 ലാണ് ബീരാന്‍ കോയ ഉസ്താദ് ജനിച്ചത്. തന്റെ രണ്ടാം വയസ്സില്‍ തന്നെ വന്ദ്യ പിതാവ് മരണപ്പെട്ടതിനാല്‍ ഉസ്താദും തന്റെ സഹോദരങ്ങളും യതീമുകളായാണ് വളര്‍ന്നത്. അക്കാലത്തെ സാമ്പത്തിക സ്ഥിതിമോശത്തിന് പുറമെ, വീണ്ടും വറുതികള്‍ സമ്മാനിക്കുന്നതായിരുന്നു പിതാവിന്റെ വിയോഗം. സഹോദരന്മാരായ മുഹമ്മദ് കോയ, സീതി എന്നിവരും രണ്ട് സഹോദരിമാരുമായിരുന്നു ആ കുടുംബത്തിലെ മറ്റംഗങ്ങള്‍. കുടുംബത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ ഇരുളകറ്റാന്‍ മൂത്ത സഹോദരന്‍ മുഹമ്മദ് കോയ എന്നവര്‍ ഫറോക്കിലെ ഓട് കമ്പനിയില്‍ ജോലിക്ക് പോയി. കുടുംബത്തിന്റെ ഗുണകാംക്ഷിയായ അയല്‍ക്കാരന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കമ്പിനിയിലെ ചെറിയ ജോലികളില്‍ തുടങ്ങി, ചൂടും പുകയുമേറ്റ് പണിയെടുക്കേണ്ട തസ്തികകളിലെല്ലാം അദ്ദേഹം ജോലി ചെയ്തു.
തുടര്‍ന്ന് ഉസ്താദിന്റെ രണ്ടാമത്തെ സഹോദരന്‍ സീതി എന്നവരും ഓടുകമ്പിനിയിലെ തൊഴിലാളിയായെത്തി. ഇങ്ങനെയൊക്കെയാണെങ്കലും അറിവിനെയും അറിവാക്കന്മാരെയും അതിരറ്റ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരായിരുന്നു അവര്‍. കമ്പിനിയിലെ കഠിനമായ ജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയിലും കുരുവന്‍തിരുത്തി പള്ളിയിലെ ഉസ്താദിനടുത്ത് ചെന്ന് വിജ്ഞാനം കരഗതമാക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.
കുടുംബത്തിന്റെ സാമ്പത്തികാന്തരീക്ഷം അത്രയൊന്നും അനുകൂലമല്ലാതിരുന്നിട്ടും ബീരാന്‍ കോയ ഉസ്താദിനെ നല്ലൊരു ആലിമാക്കണമെന്ന് ആ കുടുംബം ആഗ്രഹിച്ചു. അങ്ങനെ ദീനീ വിജ്ഞാനത്തിന്റെ സല്‍സരണി തെരെഞ്ഞെടുക്കാനും അതില്‍ മാതൃകാ പരമായി മുന്നേറാനും ഭാഗ്യമുണ്ടായി. എണ്ണമറ്റ, വണ്ണമേറിയ നന്മ ആരെക്കൊണ്ടെങ്കിലും അല്ലാഹു ഉദ്ദേശിച്ചെങ്കില്‍, അവരെ മതബോധമുള്ള പണ്ഡിതനാക്കുമെന്നാണല്ലോ തിരുനബിയുടെ അധ്യാപനം, ആ വചനങ്ങള്‍ക്ക് ജീവിതം കൊണ്ട് സാക്ഷിയാകാന്‍ ഉസ്താദിന് കഴിഞ്ഞു എന്ന് തന്നെ പറയാം.
പഠനജീവിതം
മുതുവട്ടുപാറ ഓത്തുപള്ളിയിലും നെല്ലൂര്‍ നാരായണ എല്‍.പി സ്‌കൂളിലുമായാണ് പ്രാഥമിക വിദ്യഭ്യാസം നടത്തിയത്. ശേഷം രാമനാട്ടുകര ചെമ്മല ജുമുഅത്ത് പള്ളിയില്‍ പഠനമാരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് നഹ്‌വ് കിതാബിന്റെ അധികഭാഗവും ഓതിത്തീര്‍ന്നു. പിന്നീട് പേരുകേട്ട കര്‍മ ശാസ്ത്ര വിശാരദനും മുദരിസുമായ വി.എം ഇമ്പിച്ചാലി മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ അവര്‍കളുടെ ദര്‍സില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷമാണ് മഹാനരുടെ കീഴില്‍ പഠിച്ചത്.
ശ്രദ്ധ മുഴുവന്‍ പഠനത്തില്‍ തന്നെ കേന്ദ്രീകരിച്ച് സമയം മറ്റൊന്നിലും കളയാതെ ഉത്സാഹിയും സൂക്ഷ്മശാലിയുമായ ആ മുതഅല്ലിം വളര്‍ന്നു. എന്തെങ്കിലും കാരണത്താല്‍ സബ്ഖുകള്‍ നഷ്ടപ്പെട്ടു പോകുന്നതില്‍ പഠനകാലത്തും ശേഷവും കര്‍ശനമായ നിലപാടാണ് ഉസ്താദിനുണ്ടായിരുന്നത്. വത്തബിഇല്‍ അഫ്‌വാഹ വസ്സവാദ ലാ, ഗ്രന്ഥത്താളുകളില്‍ നിന്നല്ല ഗുരുമുഖത്ത് നിന്നാണ് ഈ ദീന്‍ അഭ്യസിക്കപ്പെടേണ്ടത് എന്ന മുന്‍ഗാമികളുടെ നിര്‍ബന്ധം തന്നെയാണ് മഹാനര്‍ക്കുമുണ്ടായിരുന്നത്.
പൂനൂരിനടുത്ത കോളിക്കല്‍ ഉരുളിക്കുന്നില്‍ ഇമ്പിച്ചാലി ഉസ്താദിന്റെ ദര്‍സില്‍ പഠിക്കുന്ന കാലം. അന്നാണ് കുടുംബത്തിലെ വളരെ അടുത്ത ഒരു കല്യാണം നടക്കുന്നത്. വ്യാഴായ്ചയായിരുന്നു കല്യാണം. ഉത്സാഹിയായ ആ മുതഅല്ലിം സബ്ഖുകള്‍ മുടക്കി കല്യാണം കൂടാന്‍ ഒരുക്കമായിരുന്നില്ല. അന്ന് ളുഹ്‌റിന് ശേഷമുള്ള മിശ്ക്കാത്തുല്‍ മസ്വാബീഹിന്റെ ദര്‍സും കഴിഞ്ഞ് കല്യാണത്തിന് പോകണ്ടേ എന്ന് ചോദിച്ച് ഇമ്പിച്ചാലി ഉസ്താദ് പറഞ്ഞ്‌വിടുകയായിരുന്നു.
ഉസ്താദിന്റെ മകളുടെ കല്യാണം നടക്കുന്ന സന്ദര്‍ഭത്തിലുണ്ടായ ഒരനുഭവം, പ്രിയ ശിഷ്യന്‍ ശൈഖുനാ സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ ഓര്‍ക്കുന്നു: ചേലേമ്പ്ര പനയപ്പുറത്താണ് അന്ന് ഉസ്താദ് ദര്‍സ് നടത്തിയിരുന്നത്. കല്യാണത്തിന് ആരെയൊക്കെ ക്ഷണിക്കണമെന്നും, അവര്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യങ്ങളും മറ്റുമൊക്കെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. അന്നേരം ഉസ്താദിന്റെ ദര്‍സിലെ കുട്ടികളെ ക്ഷണിക്കണ്ടേ? ഇവിടെ അടുത്ത് തന്നെയല്ലേ പനയപ്പുറം? എന്നെല്ലാം ഉസ്താദിനോട് ചോദിച്ചു. ഇത് കേട്ടതും ഉസ്താദിന്റെ മുഖഭാവം ആകെ മാറി, അവിടുന്ന് പറഞ്ഞു: വേണ്ട, അവരെ ക്ഷണിക്കണ്ട! അവരുടെ ഓത്തും പഠിപ്പും മുടങ്ങിപ്പോകും പഠന വിഷയത്തില്‍ അത്രയേറെ കണിശനിലപാടായിരുന്നു ഉസ്താദിന്.
ഇമ്പിച്ചാലി ഉസ്താദിന്റെ ദര്‍സില്‍ നിന്ന് ബഹ്‌റുല്‍ ഉലൂം ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് പഠിച്ചു. ചാലിയത്ത് ഓതുന്ന കാലത്ത് പ്രമുഖ പണ്ഡിതനും ആത്മീയ ഗുരുവുമായിരുന്ന അസ്സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലായിരുന്നു ഭക്ഷണത്തിന് പോയിരുന്നത് എന്നത് മറ്റൊരു വിശേഷമാണ്. ഒ.കെ ഉസ്താദിന്റെ ദര്‍സില്‍ നിന്നാണ് ഉപരിപഠനത്തിന് വേണ്ടി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് പോയത്. 1964 ല്‍ ബാഖവി വിരുദം കരസ്ഥമാക്കി സേവന ഗോദയിലേക്കിങ്ങി.
സേവനരംഗത്ത്
ഫറോക്കിനടുത്ത കോടമ്പുഴ ബാഅലവി ജുമുഅത്ത് പള്ളിയിലാണ് സേവനമാരംഭിച്ചത്. പിന്നീട് സേവനം ഓമശ്ശേരി റഹ്മാനിയ്യ മസ്ജിദിലേക്ക് മാറി. ആ കാലത്താണ് ശൈഖുനാ ഖലീല്‍ തങ്ങളുസ്താദ്, ബീരാന്‍ കോയ ഉസ്താദിന്റെ ദര്‍സില്‍ ചേരുന്നത്. ഓമശ്ശേരിയില്‍ നിന്ന് വീണ്ടും കോടമ്പുഴയിലേക്ക് തന്നെ തിരിച്ചെത്തി. പിന്നീട് കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ തുരുത്തിയിലും ശേഷം വീണ്ടും കോടാമ്പുഴയിലും ചേലേമ്പ്രക്കടുത്ത പനയപ്പുറം, കൊണ്ടോട്ടിക്കടുത്ത മുണ്ടക്കല്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. അവസാനം കാസര്‍ഗോഡ് ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജിലായിരുന്നു ദര്‍സ് നടത്തിയത്. വഫാത്തിന്റെ മൂന്ന് വര്‍ഷം മുമ്പ്, 1997 വരെ സഅദിയ്യയിലായിരുന്നു. ഏതാണ്ട് 33 വര്‍ഷം മഹാനര്‍ തദ്‌രീസില്‍ പ്രോജ്വലിച്ച് നിന്നു.
മാതൃകാ മുദരിസ്
നിശ്ചിത കിതാബുകള്‍ അധ്യാപനം നടത്തുന്നതില്‍ ഒതുങ്ങിക്കൂടുന്നതല്ല ഒരു യഥാര്‍ത്ഥ മുദരിസിന്റെ സേവനം. മറിച്ച്, തന്റെ ഓരോ വിദ്യാര്‍ത്ഥിയെയും മക്കളെന്നപ്പോലെ സ്‌നേഹിച്ച്, വിശിഷ്യാ അവരുടെ ആത്മീയപുരോഗതിക്ക് വേണ്ടതെല്ലാം ചെയ്യല്‍ മുദരിസിന്റെ ഉത്തരവാദിത്തമാണ്. നബി (സ്വ) തങ്ങള്‍ മുതലുള്ള പാരമ്പര്യവും ഇങ്ങനെത്തന്നെ. ഉപദേശിച്ചും ഗുണദോഷിച്ചും ജീവിതത്തില്‍ ഇടപെട്ടുമാണ് അവര്‍ നല്ലൊരു സമൂഹ സൃഷ്ടി നടത്തിയത്.
ഈ നിരയില്‍ ഏറെ മികവ് പുലര്‍ത്തി ദര്‍സ് നടത്തുകയായിരുന്നു ബീരാന്‍ കോയ ഉസ്താദ്. തന്റെ ഓരോ അടക്കത്തിലും അനക്കത്തിലും തന്റെ ശിഷ്യന്മാര്‍ക്ക് ഉത്തമ മാതൃകകള്‍ സമ്മാനിച്ചു. കൃത്യനിഷ്ഠതയിലും ഇബാദത്തുകളിലെ കണിശതയിലും, ഇടപാടുകളിലും തുടങ്ങി എല്ലാറ്റിനും ജീവിതത്തില്‍ പകര്‍ത്തേണ്ട പാഠങ്ങള്‍ ദര്‍സ് കിതാബുകള്‍ക്ക് പുറമെ ഉസ്താദ് പകര്‍ന്ന് നല്‍കി.
ഒരാളെയും ഉപദേശിക്കുന്ന ശൈലി ഉസ്താദിനില്ലായിരുന്നു. അങ്ങനെ ചെയ്യണം, ഇങ്ങനെ പറയരുത് എന്നൊന്നും. എന്നാല്‍ അതെല്ലാം ഉസ്താദ് ജീവിതം കൊണ്ടാണ് പഠിപ്പിച്ചത്. ഏറ്റവും അവസാനമായി മഹാനരുടെ താക്കീത് നീയൊരു മുതഅല്ലിമാണ് കേട്ടോ, അത് മറക്കരുത് എന്ന് മാത്രമായിരുന്നു. അര്‍ത്ഥ ഗര്‍ഭമായ ആ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു.
വന്ദ്യരായ ശൈഖുനാ ഖലീല്‍ തങ്ങള്‍ അനുസ്മരിക്കുന്നു: ഞാനും വന്ദ്യരായ ഇക്കാക്ക മര്‍ഹൂം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ.സി) യും നഹ്‌വ്, സ്വര്‍ഫ് ഒക്കെ പ്രാഥമികമായി ഓതിയത് വന്ദ്യ പിതാവ് സയ്യിദ് അഹ്മദുല്‍ ബുഖാരി (ഖ.സി) യില്‍ നിന്ന് തന്നെയാണ്. തുടര്‍ന്ന് ഞങ്ങളെ രണ്ട് പേരെയും ശൈഖുനാ ബീരാന്‍ കോയ ഉസ്താദിന്റെ ദര്‍സിലാണ് ചേര്‍ത്ത് പഠിപ്പിച്ചത്. ഉപ്പക്ക് ഉസ്താദിനോടും, ഉസ്താദിന് ഉപ്പയോടും വലിയ സ്‌നേഹവും ആദരവുമായിരുന്നു. അതിലുപരി, ഉസ്താദിന്റെ ദര്‍സും ജീവിത ശൈലിയുമെല്ലാം ഉപ്പയെ അങ്ങേയറ്റം ആകര്‍ഷിച്ചതായിരുന്നു കാരണം.
ശിഷ്യന്മാരെ ഏറെ സ്‌നേഹിക്കുകയും അവരെ നല്ല മാര്‍ഗത്തില്‍ നടത്തുകയും ചെയ്തതിനാല്‍ ശിഷ്യര്‍ക്കും എന്നും പ്രിയപ്പെട്ടതായിരുന്നു ഉസ്താദിന്റെ സാന്നിധ്യം. ശിഷ്യരില്‍ പ്രമുഖനായ നല്ലളം മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവിയുടെ അനുഭവം: ഉസ്താദിന്റെ ദര്‍സില്‍ നിന്ന് ബാഖിയത്തിലേക്ക് പോകുന്ന അവസരത്തില്‍ മതിയായ കാശ് കൈയിലില്ലായിരുന്നു. ഇത് വലിയ മനപ്രയാസമുണ്ടാക്കി. ഇതറിഞ്ഞ ഉസ്താദ് പറഞ്ഞു: ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് വന്നോളൂ. പണത്തിന്റെ കാര്യത്തില്‍ പേടിക്കണ്ട. അങ്ങനെ വെല്ലൂരിലേക്ക് പോകുന്ന ദിവസം ആവശ്യമായ പണം ഉസ്താദ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ച് നല്‍കുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ടിലധികം നീണ്ട തദ്‌രീസില്‍ അനേകം ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ മഹാനര്‍ക്ക് സാധിച്ചു. പ്രശസ്ത പണ്ഡിതനും മഞ്ചേശ്വരം മള്ഹര്‍ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന മര്‍ഹൂം ഖാളി അസ്സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, നല്ലളം മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി, ആക്കോട് അബ്ദുല്‍ അസീസ് ബാഖവി, മൂത്തമകന്‍ അബ്ദുല്‍ ഗഫൂര്‍ ബാഖവി തുടങ്ങി ദര്‍സ്-ദഅ്‌വ രംഗങ്ങളില്‍ സജീവമായ പലരും ശിഷ്യഗണങ്ങളാണ്.
അത് പോലെ, ഗോളശാസ്ത്ര സംബന്ധമായ കിതാബുകള്‍ ഓതിക്കൊടുക്കുവാനായി തന്റെ ഗുരുവര്യരായ ഒ.കെ ഉസ്താദ് ചിലരെ ബീരാന്‍കോയ ഉസ്താദിന്റെയടുത്തേക്ക് അയക്കുമായിരുന്നു. തന്റെ ശിഷ്യനിലുള്ള ആത്മവിശ്വാസവും ഗുരുവര്യരുടെ അംഗീകാരവുമായിരുന്നു. ശിഷ്യര്‍ക്ക് പുറമെ ആ പരമ്പരയിലെ അനേകായിരം പേരമക്കളിലൂടെയും ആ വിജ്ഞാനം പ്രസരണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അറിവിന്റെ പാതയിലെ ശിഷ്യന്മാരുടെ വര്‍ധനവ് ഇല്‍മിന്റെ സ്വീകാര്യതയുടെ അടയാളമാണെന്ന് മഹത്തുക്കള്‍ പഠിപ്പിച്ചത് ഇവിടെ പ്രസക്തമാകുന്നു.
ഉസ്താദിന്റെ ഒരു ദിവസം
മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ ഉസ്താദിന്റെ ഒരു ദിവസം ആരംഭിക്കുന്നു. നിസ്‌ക്കാരങ്ങള്‍ക്ക് ഉസ്താദ് തന്നെയാണ് ഇമാമത്ത് നില്‍ക്കുക. ദിക്‌റും ദുആയും കഴിഞ്ഞ് റവാത്തിബ് സുന്നത്തുകള്‍ നിസ്‌ക്കരിച്ചാല്‍ സ്വലാത്തുല്‍ അവ്വാബീന്‍ ആരംഭിക്കും. പിന്നെ ഇശാ ബാങ്ക് വരെയും മറ്റ് സംസാരങ്ങളൊന്നുമില്ലാതെ ഔറാദുകളിലായിരിക്കും. ഇശാ ബാങ്ക് വിളിച്ചാല്‍ സുന്നത്ത് നിസ്‌ക്കരിച്ച് ഹദ്ദാദ് ചൊല്ലി ഇശാഇന് ഇമാം നിന്ന് നിസ്‌ക്കരിക്കും. സൂറത്തുള്ളുഹാക്ക് താഴെയുള്ള സൂറത്തുകള്‍ മാത്രമേ ഇശാഇന് ഓതൂ. നിസ്‌കാരവും അനുബന്ധ കര്‍മങ്ങളും കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കും, 9 മണിയാകുമ്പോഴേക്ക് ഉറക്കമാകും. ഇതിനിടയില്‍ മുതഅല്ലിമുകളുടെ സംശങ്ങള്‍ ദൂരീകരിക്കാനും സമയം കണ്ടെത്തിയിരുന്നു.
ഏതാണ്ട് ആറ് മണിക്കൂറാണ് മഹാനരുടെ ഉറക്കം. ചെറിയവര്‍ എട്ട് മണിക്കുറും വലിയവര്‍ ആറ് മണിക്കൂറും ഉറങ്ങിയാല്‍ മതി എന്നായിരുന്നു മഹാനര്‍ പറഞ്ഞിരുന്നത്. അതുപ്രകാരം രാത്രി മൂന്ന് മണിക്ക് മുമ്പെഴുന്നേറ്റ് തഹജ്ജുദ് നിസ്‌ക്കാരം ആരംഭിക്കും. ഓരോ റക്അത്തിലും ദീര്‍ഘ നേരം ഖിറാഅത്ത് നടത്തും. അല്‍ കഹ്ഫ്, യാസീന്‍, അര്‍റഹ്മാന്‍, അല്‍ വാഖിഅ തുടങ്ങി വലിയ സൂറത്തുകള്‍ സമീപസ്ഥര്‍ കേള്‍ക്കെ, ശബ്ദമുയര്‍ത്തിയാണ് ഓതിയിരുന്നത്. സുബ്ഹ് വരെ ഇപ്രകാരം നിസ്‌ക്കാരവും ദുആകളും തുടരും.
സുബ്ഹിന് ശേഷം ഫര്‍ള് നിസ്‌കാരങ്ങള്‍, ളുഹാ, ഭക്ഷണം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് വേണ്ട സമയം മാറ്റി വെച്ചാല്‍ ബാക്കി മുഴു സമയവും തദ്‌രീസ് തന്നെയായിരുന്നു. ദര്‍സ് സിലബസില്‍ നിലവിലുള്ള കിതാബുകളെല്ലാം മഹാനരുടെ തദ്‌രീസിന്റെ ഭാഗമായിരുന്നു. റവാത്തിബ്, ളുഹാ, വിത്‌റ്, അവ്വാബീന്‍, തഹജ്ജുദ് തുടങ്ങിയ നിസ്‌ക്കാരങ്ങളും തിങ്കള്‍, വ്യാഴം, അയ്യാമുല്‍ ബീള് തുടങ്ങിയ ദിവസങ്ങളിലെ സുന്നത്ത് നോമ്പുകളും കൃത്യമായി നിര്‍വഹിക്കും.
മഗ്‌രിബ് ബാങ്കിന്റെ അരമണിക്കൂര്‍ മുമ്പ് ദര്‍സ് നിര്‍ത്തി, ഔറാദുകളില്‍ പ്രവേശിക്കും. മഗ്‌രിബ് ബാങ്ക് വളിക്കുന്നതോടെ ആ ദിനം അവസാനിക്കുകയായി. ഇമാം ഗസ്സാലി (റ) തന്റെ ബിദായത്തുല്‍ ഹിദായയിലൂടെ വരച്ച് കാണിച്ച ഒരുത്തമ വിശ്വാസിയെ വളരെ കൃത്യമായി ബീരാന്‍ കോയ ഉസ്താദില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നുവെന്ന് തീര്‍ച്ച.
ഇങ്ങനെ മുഴു സമയ ഇബാദത്തായിരുന്നു ആ ജീവിതം. തദ്‌രീസും നിസ്‌കാരങ്ങളും ഔറാദുകളും അങ്ങനെയങ്ങനെ.. അതിന് വിഘാതമാകുന്ന എല്ലാറ്റില്‍ നിന്നും മഹാനര്‍ വിട്ടു നിന്നു. സേവന സ്ഥലങ്ങളിലെ വിവാഹം, മറ്റ് ചടങ്ങുകള്‍ക്കൊന്നും ഉസ്താദ് പങ്കെടുക്കില്ലായിരുന്നു. ഇത് നാട്ടുകാര്‍ക്കും അറിയാമായിരുന്നു. പണ്ഡിതന്മാര്‍ ധനസമ്പാദനത്തായി ചികിത്സാ മേഖലകളിലേക്കും മറ്റും തിരിയുന്നതിനെ ശക്തമായി എതിര്‍ത്തു. അസ്മാഅ് ചികിത്സയിലും ത്വല്‍സമാത്തിലും അവഗാഹമുണ്ടായിരുന്നിട്ട് പോലും ഉസ്താദ് അവയില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. മുതഅല്ലിമുകള്‍ പഠന കാലത്ത് മദ്രസ പഠിപ്പിക്കാന്‍ പോകുന്ന ശൈലിയെയും മഹാനര്‍ നിരുത്സാഹപ്പെടുത്തി.
സൂക്ഷ്മജീവിതം
ഒരു ഉഖ്‌റവിയ്യായ പണ്ഡിതന്റെ ഏറ്റവും വലിയ അടയാളം സൂക്ഷമത (വറഅ്) യുള്ള ജീവിതമാണ്. വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലുമെല്ലാം സൂക്ഷമത പാലിച്ചവര്‍ ഉടമസ്ഥനായ അല്ലാഹുവിനെ ഇഷ്ടക്കാരായ അടിമകളായിരിക്കുമല്ലോ.
ഒരു നല്ല മുസ്‌ലിമിന്റെ ലക്ഷണം അവനാവശ്യമില്ലാത്തവയില്‍ നിന്ന് മാറി നില്‍ക്കലാണ് എന്ന ഹദീസ് വചനം പൂര്‍ണ്ണമായി നെഞ്ചിലേറ്റിയ ഉസ്താദ്, മനസ്സില്‍ അനാവശ്യങ്ങള്‍ കടന്ന് കൂടുമെന്നും വാക്കുകളില്‍ ഗീബത്ത് വന്ന് പോകുമെന്നും ഭയന്ന് പത്രം വായിക്കാറില്ലായിരുന്നുവെത്രെ.
സാമ്പത്തിക കാര്യങ്ങളിലെയും ഇടപാടുകളിലെയും സൂക്ഷമതയും മാതൃകാപരമായിരുന്നു. തന്റെ സ്വന്തം അധ്വാനത്തിന് ലഭിക്കുന്ന വേതനം കൊണ്ട് ജീവിതം നയിക്കാനാണ് മഹാനര്‍ ശ്രമിച്ചത്. പ്രിയ ശിഷ്യനും സന്തത സഹചാരിയുമായ സയ്യിദ് ഖലീല്‍ തങ്ങള്‍ക്കൊപ്പം ഒരു ദിവസം യാത്ര ചെയ്ത് കൊണ്ടിരിക്കെ യാത്രാടിക്കറ്റ് എടുക്കാന്‍ ബാഗിനുള്ളില്‍ ഒരു കടലാസില്‍ പൊതിഞ്ഞ് മടക്കി വെച്ച കാശെടുക്കാന്‍ ഉസ്താദ് ആവശ്യപ്പെട്ടു. സ്വതവേ ജിജ്ഞാസുവും ഉസ്താദിന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവുമായ തങ്ങളവര്‍കള്‍ അതിന്റെ കാരണമാരാഞ്ഞു. അത് എനിക്ക് കിട്ടിയ ശമ്പളമല്ല, വേറെ എന്തോ വകയില്‍ കിട്ടിയതാണ്. അത് ടിക്കറ്റെടുക്കാനാണ് നല്ലത്. ഭക്ഷണം കഴിക്കാന്‍ ശമ്പളം കിട്ടിയ കാശുമെടുക്കാം എന്നായിരുന്നു ഉസ്താദ് പ്രതികരിച്ചത്.
സംതൃപ്തനായ ഫഖീര്‍!
ഉസ്താദിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. എന്നാല്‍ അത് ഒരാളോട് പോലും പറയുകയോ ഉണര്‍ത്തുകയോ ചെയ്തില്ല. സാമ്പത്തിക പരിതസ്ഥിതി അറിഞ്ഞാല്‍ സഹായിക്കാന്‍ സാധിക്കാവുന്ന ഏറെ ഇഷ്ടക്കാരുണ്ടായിട്ടും അവര്‍ക്ക് മുന്നിലെല്ലാം വലിയ സമ്പന്നനെ പോലെ തന്നെ ജീവിച്ചു. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള അസമാന്യ സ്വഭാവം അല്ലാഹു മഹാനര്‍ക്ക് നല്‍കിയിരുന്നു. അത് പോലെ മറ്റുള്ളവരുടെ ആനുകൂല്യം പറ്റി ജീവിക്കുന്നതും അവിടുന്ന് ഇഷ്ടപ്പെട്ടില്ല. ഒരാളുടെയും ഹദ്‌യകളോ സ്വദഖകളോ അവിടുന്ന് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ജീവിതാവശ്യങ്ങള്‍ക്കായി ഒരാളില്‍ നിന്നും കടം വാങ്ങാനും ഇഷ്ടപ്പെട്ടില്ല. തിരുനബിയുടെ ദുആ പോലെ മനസ്സമാധാനിയായി ജീവിച്ച് സമാധാനത്തോടെ മരിക്കാന്‍ ഉസ്താദിന് സാധിച്ചു.
1983 ല്‍ വന്ദ്യരായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ഉസ്താദിനെ സന്ദര്‍ശിക്കാനായി വന്നു. ഉസ്താദിന്റെ ശൈലിയും സ്വഭാവവും താജുല്‍ ഉലമക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഹദ്‌യ സ്വീകരിക്കില്ലെന്ന് മനസ്സിലാക്കിയ തങ്ങളവര്‍കള്‍ രണ്ടായിരം രൂപയെടുത്ത് ബെഡ്ഡിനടിയില്‍ വെച്ച് കൊടുത്താണ് പോയത്. എന്നാല്‍ ഇതറിഞ്ഞയുടന്‍ ശിഷ്യന്‍ സയ്യിദ് ഫാറൂഖ് തങ്ങളെ വിളിച്ച് ആ സംഖ്യ താജുല്‍ ഉലമായെ തിരിച്ചേല്‍പിക്കാന്‍ ഏര്‍പാടാക്കുകയായിരുന്നു.
ഉസ്താദിൻ്റെ റമളാന്‍
ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട അധ്യായമായിരുന്നു മഹാനരുടെ റമളാനുകള്‍. സാധാരണ ഇബാദത്തുകള്‍ സജീവമാക്കുകയും അതിലേറെ ഉത്സാഹപൂര്‍വം അമലുകളിലേക്ക് മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നുവെന്ന് അനുഭനവസ്ഥര്‍ ഓര്‍ക്കുന്നു. റമളാനിന്റെ അവസാന പത്തിലാണ് ഏറ്റവും സജീവതയുണ്ടായിരുന്നത്. റമളാന്‍ ഇരുപതിന് അസ്‌റ് നിസ്‌കാരം കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഒരു ബദ്ര്‍ മൗലിദ് ചൊല്ലി വീട്ടില്‍ നിന്ന് പള്ളിയിലേക്ക് തന്നെ തിരിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതറിഞ്ഞാല്‍ മാത്രമേ പിന്നെ വീട്ടിലേക്ക് വരൂ. അതുവരെ ഇഅ്തികാഫും ഖുര്‍ആനോത്തും മറ്റു സല്‍കര്‍മങ്ങളുമായി കഴിഞ്ഞു കൂടും.
ഒരു വര്‍ഷം ശഅ്ബാനില്‍ ഉസ്താദ് രോഗബാധിതനായി കിടപ്പിലായി. രോഗം സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം, വന്ദ്യരായ ഖലീല്‍ തങ്ങളുസ്താദ് എപ്പോഴും അയവിറക്കാറുണ്ട് അന്ന് ഉസ്താദിനെ വളരെ വിഷമനുഭവിക്കുന്നതായാണ് കാണാനായത്. സ്വന്തം സഹോദരനെപ്പോലെ എല്ലാം പങ്കുവെക്കുന്ന എന്നോട് എന്തോ മറച്ചുവെക്കുന്നതായി തോന്നി. പലനിലക്ക് ചോദിച്ചെങ്കിലും ഉസ്താദ് ഒന്നും പ്രതികരിച്ചില്ല. മക്കള്‍ ചെറുപ്പമായതോ, പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തതോ മറ്റോ ആണോ എന്ന് ചോദിച്ചപ്പോള്‍ ഉസ്താദിന് നിയന്ത്രണം വിട്ടു, പൊട്ടിക്കരയാന്‍ തുടങ്ങി. കരഞ്ഞ് കൊണ്ട് ഉസ്താദ് പറഞ്ഞു. അതൊന്നുമല്ല എന്നെ വിഷമിപ്പിക്കുന്നത് ഈ ശഅ്ബാന്‍ പോലെ എന്റെ റമളാന്‍ ആയിപ്പോകുമോ എന്നോര്‍ത്ത് ബേജാറിലാണ്.
കുടുംബ വിശേഷം
വിഖ്യാതനായ ഫള്ഫരി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ(കുട്ടി മുസ്‌ലിയാര്‍) സഹോദരന്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ മകള്‍ സ്വഫിയ്യയാണ് ഉസ്താദിന്റെ ജീവിത സഖി. തന്റെ പിതാവ് ആലിക്കുട്ടി മുസ്‌ലിയാര്‍ക്കെന്നപ്പോലെ മൂന്ന് ആണും രണ്ട് പെണ്ണുമായി അഞ്ച് മക്കള്‍ ആ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞു. തളിപ്പറമ്പ് അല്‍ മഖറിലെ പ്രധാന മുദരിസ് അബ്ദുല്‍ ഗഫൂര്‍ ബാഖവി കാമില്‍ സഖാഫി, അഷ്‌റഫ് മുസ്‌ലിയാര്‍, മഅ്ദിന്‍ മുദരിസ് അബ്ദുല്ല അമാനി, ബുഷ്‌റ, നസീമ എന്നിവരാണ് മക്കള്‍. തന്റെ കുടുംബത്തെയും അറിവിന്റെ വഴിയില്‍ നടത്താനുള്ള മഹാനരുടെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു.
രോഗശയ്യയില്‍ മൂന്നാണ്ട്
1997 ല്‍ സഅദിയ്യയില്‍ മുദരിസായിരിക്കെ ഗുരുതരമായ ഹൃദ്രോഗം ബധിച്ചു. പ്രഗത്ഭ ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞു. കേരളത്തില്‍ കൂടുതല്‍ വിദഗ്ദ ചികിത്സകള്‍ ലഭ്യമല്ലായിരുന്നു. എന്നാല്‍ കോയമ്പത്തൂരിലേക്കോ ചെന്നൈയിലേക്കോ കൊണ്ട് പോയാലും പ്രതീക്ഷ കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടിയാല്‍ വെറും മൂന്ന് ദിവസമേ ജീവിക്കൂ എന്നും ചിലര്‍ വിധി എഴുതി. ഹാര്‍ട്ടിന്റെ നാല് വാള്‍വുകളും ബ്ലോക്കായിട്ടുണ്ടെന്നും തലച്ചോറിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ നിലച്ചിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഐ.സി.യു വില്‍ നിന്ന് റൂമിലേക്ക് ഹോസ്പിറ്റല്‍ അധികൃതര്‍ വിട്ട് കൊടുത്തു. ഉസ്താദിന്റെ ശിഷ്യര്‍ക്കും, സ്‌നേഹ ജനങ്ങള്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവര്‍ മനം നൊന്ത് പ്രാര്‍ത്ഥിച്ചു. മഅ്ദിന്‍ ആരംഭിച്ച വര്‍ഷം വന്ദ്യരായ ശൈഖുനാ ഖലീല്‍ തങ്ങള്‍ വിദ്യാര്‍ത്ഥികളോട് നാരിയത്തു സ്വലാത്ത് ചൊല്ലാന്‍ നിര്‍ദേശിച്ചു. യാസീനും ബുര്‍ദയും ചൊല്ലി മന്ത്രിക്കാനും തുടങ്ങി. അല്ലാഹുവിന്റെ നേരെത്തെയുള്ള തീരുമാന പ്രകാരം ഹാര്‍ട്ട് വാല്‍വുകളിലെ നാല് ബ്ലോക്കുകളും നീങ്ങി. തലച്ചോറിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ പതിയെ പഴയത് പോലെയായി.
അസുഖം ഏറെക്കുറെ ഭേദമായെങ്കിലും ചികിത്സയും മറ്റും തുടരേണ്ടി വന്നു. ദര്‍സിന് വേണ്ടി പിന്നീട് സഅദിയ്യയിലേക്ക് പോയില്ല. മൂന്ന് വര്‍ഷം വീട്ടില്‍ വിശ്രമച്ചു. 2000 ത്തിലാണ് ആ സദ് ജീവിതത്തിന് തിരശ്ശീല വീണത്. ഹിജ്‌റാബ്ദം 1420 ജുമാദുല്‍ ആഖിര്‍ 14 ന്. ഇമാം ഗസ്സാലി (റ) വരച്ച് കാണിച്ച പണ്ഡിതനെ തന്റെ ജീവിതത്തിലൂടെ ലോകത്തിന് സാക്ഷ്യപ്പെടുത്തിയ ആ മഹാനുഭാവന്റെ വിയോഗം. ഇമാം ഗസ്സാലിയുടെ വഫാത്ത് ദിനത്തോടൊത്ത് വന്നത് യാദൃശ്ചികതക്കപ്പുറത്ത് ഒരുപാട് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ട് വിരലാകാം.പെരുമുഖം മുതുവാട്ടുപാറ ജുമുഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഉസ്താദും ശൈഖുനായും
മഅ്ദിന്‍ ചെയര്‍മാന്‍ ശൈഖുനാ ഖലീലുല്‍ ബുഖാരി തങ്ങള്‍ തന്റെ വിജയത്തിന്റെയും മുന്നേറ്റത്തിന്റെയും മുഴുവന്‍ ചാലക ശക്തിയായി അനുസ്മരിക്കുന്നത് തന്റെ ഗുരുവര്യരുടെ ദുആയും ഗുരുത്വവുമാണ്. തന്റെ പഠന കാലത്ത് ഉസ്താദിനോടുള്ള സഹവാസവും അന്ന് മുതലുള്ള ആത്മ ബന്ധവുമാണ് തന്നെ വഴി നടത്തുന്നതെന്നും സയ്യിദവര്‍കള്‍ ഓര്‍മിക്കാറുണ്ട്. ജീവിത കാലത്ത് തന്റെ സന്തോഷ നിമിഷങ്ങളിലെല്ലാം ഉസ്താദിന്റെ സാന്നിദ്ധ്യമുണ്ടായത് വലിയ സൗഭാഗ്യമായി കാണുന്നു എന്ന് പറയുമ്പോള്‍ ശൈഖുനായുടെ കണ്‍തടം നിറഞ്ഞൊഴുകും.
അവസാന കാലത്ത് ബീരാന്‍ കോയ ഉസ്താദിനടുത്ത് ഒരാള്‍ വന്ന്, ഖലീല്‍ തങ്ങള്‍ ഗള്‍ഫിലെ ശര്‍വാനി പള്ളിയില്‍ വന്നിരുന്നു. നല്ല പ്രസംഗം നടത്തി, ദുആ ചെയ്തു.. തുടങ്ങി വിശേഷങ്ങള്‍ പങ്ക് വെച്ചു. തന്റെ പ്രിയ ശിഷ്യന്റെ ഉയര്‍ച്ചയില്‍ അഭിമാനം പൂണ്ട് ആ ഗുരു ഹൃദയം നിറഞ്ഞു. അവിടുന്ന് പറഞ്ഞു. ആ കുട്ടി ആകാശം മുട്ടേ വലുതാകും. അതിന്റെ പ്രതിഫലനമായിരിക്കാം ഇന്ന് മഅ്ദിനിലൂടെ ലോകം ദര്‍ശിക്കുന്നത്.
ചുരുക്കത്തില്‍,ശൈഖുനാ ബീരാന്‍ കോയ ഉസ്താദിനെ വായിക്കുമ്പോള്‍ സുല്‍ത്താനുല്‍ അഇമ്മ ഇമാം ശാഫിഈ (റ) വിന്റെ കാവ്യ ശകലമാണ് മനസ്സിലേക്ക് ഓടി വരിക. നിശ്ചയം അല്ലാഹുവിന് അകക്കാമ്പുള്ള ചില ദാസരുണ്ട്. ഇഹ ലോകത്തിന്റെ ആഡംരങ്ങളോട് വിട ചൊല്ലിയവര്‍, അപായങ്ങളെ ഭയന്നവര്‍, ഇഹ ലോകത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ ഇത് അനശ്വരതയുടെ ഇടമാണെന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ ഇഹ ലോകത്തെ ഒരു ആഴമേറിയ കടലിനോട് സാദൃശ്യപ്പെടുത്തി, ആ കടല്‍ കടന്ന് പോകാനുള്ള നൗകയായി സുകൃതങ്ങളെയും…