ലോകത്ത് ഭ്രാന്തനായോ ബുദ്ധിഭ്രമം സംഭവിച്ചവനായോ ആരും ജനിക്കുന്നില്ല. ഭൂമിക്ക് എല്ലാ നിലക്കും നന്മയുള്ളവരായും പ്രതീക്ഷകള്‍ കൈമാറിയവരുമായിട്ടാണ് ഓരോ മനുഷ്യരും ഇവിടെ പിറന്നുവീഴുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനഃശ്ശാസ്ത്ര വിദഗ്ദന്‍ അരിക്ബാന്‍ പറയുന്നത് എല്ലാ മനുഷ്യരും ജനിക്കുത്, രാജകുമാരന്മാരും രാജകുമാരികളുമായിട്ടാണ്. എന്നാല്‍ അവരുടെ സാമൂഹ്യ പശ്ചാത്തലങ്ങളും സാംസ്‌കാരികതയുടെ രൂപപ്പെടുത്തലുകളും ഒക്കെയാണ് അവരെ ഉന്നതരും അധഃസ്ഥിതരുമായി തരംതിരിക്കുന്നത്. അതുപോലെ ഒരു മനുഷ്യന്‍ കുട്ടിക്കാലം മുതല്‍ തന്നെ തന്റെ അടുത്തിടപഴകുന്ന സംസ്‌കാരങ്ങളിലും ആളുകളിലും പശ്ചാത്തലങ്ങളിലും പൂര്‍ണമായി ആകൃഷ്ടനാകുന്നുണ്ട്. ആദ്യമായി കുട്ടികള്‍ റോള്‍മോഡലായി കരുതുന്നത് അവരുടെ മാതാപിതാക്കളെയാണ്. ലോകത്ത് ജീവിച്ച പ്രതിഭകളുടെ പ്രതിഭാത്വ രൂപീകരണത്തില്‍ അവരുടെ മാതാപിതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ധാര്‍മികത പകര്‍ത്തുന്നതില്‍ മാത്രമല്ല കുട്ടികള്‍ മാതാപിതാക്കളെ അനുകരിക്കുന്നത്. അവരെ ദുര്‍കൂട്ടുകെട്ടുകളില്‍ പെടുത്തുന്നതിലും അരാജകത്വ മേലാളന്മാരാക്കുന്നതിലും ലഹരിക്കടിമകളാക്കുന്നതിലുമെല്ലാം ഇവരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള സ്വാധീനം വിസ്മരിക്കാനാവില്ല. ഈയൊരു പാഠമാണ് മഅ്ദിന്‍ ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ഡി അഡിക്ഷന്‍ സെന്റര്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ആറ് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനത്തിലൂടെ വിജയകരമായാണ് മഅ്ദിന്‍ ഡി അഡിക്ഷന്‍ സെന്റര്‍ മുന്നോട്ട’് പോകുന്നത്. ഈ കാലയളവിനുള്ളില്‍ എഴുനൂറിലധികം ലഹരിക്കടിമപ്പെട്ടവരെ പരിചരിക്കാനും അവര്‍ക്ക് പുതുജീവന്‍ നല്‍കാനും സാധിച്ചു. ഇത്രയുമാളുകളുടെ അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നത്, സ്വന്തം ആവാസ വ്യവസ്ഥ തന്നെയാണ് ഇവരെ ഈ തിന്മയിലേക്ക് നയിച്ചത് എന്നാണ്. ഒരാളും തന്റെ സ്വോഷ്ടപ്രകാരം മദ്യപാനിയാകുന്നില്ല. നിരന്തര പ്രേരണകളാണ് ഈ തിന്മയിലേക്ക് അവരെ എത്തിക്കുന്നത്. സുഹൃത്തുക്കളുടെ പ്രേരണയില്‍ തുടങ്ങിയ മദ്യപാനം വരുത്തിയ വിന ഒരാള്‍ എന്നോട് പങ്കുവെച്ചത് ഇവിടെ സ്മരിക്കുന്നു. കക്ഷി നല്ല സമ്പ കുടുംബത്തിലെ അംഗമാണ്, യൗവ്വനത്തിന്റെ നിറവിലാണ് കുറച്ച് സ്‌നേഹിതര്‍ അവന് കൂട്ടിനെത്തിയത്. മദ്യപാനം പതിവാക്കിയ അവര്‍ ഈ ചെറുപ്പക്കാരനെ നിരന്തരം അതിലേക്ക് ക്ഷണിച്ചുവെങ്കിലും അത്തരം വലിയ പാതകം ചെയ്യാന്‍ ഈ ചെറുപ്പക്കാരന്‍ ഒരുക്കമല്ലായിരുന്നു. ഒരു ദിവസം സുഹൃത്തുക്കള്‍ ഈ ചെറുപ്പക്കാരന്റെ രണ്ട് കൈയും ബന്ധിച്ച് വായിലേക്ക് മദ്യമൊഴിച്ച് കൊടുത്തു. ബാക്കി മദ്യം അവന്റെ വസ്ത്രത്തിലേക്ക് ഒഴിക്കുകയും ചെയ്ത ശേഷം അവനെ താങ്ങിപ്പിടിച്ച് വണ്ടിയില്‍ കയറ്റുകയും വീടിന്റെ പൂമുഖത്ത് കൊണ്ടുപോയി ഇറക്കിവിടുകയും ചെയ്തു. ഇഴഞ്ഞുനീങ്ങി വാതിലില്‍ മുട്ടിയ ഇദ്ദേഹത്തെ കണ്ട വീട്ടുകാര്‍ ഒരു നിമിഷം സ്തംഭിച്ചുവെങ്കിലും കുടുംബത്തിനേറ്റ അഭിമാന ക്ഷതം മനസിലാക്കി ഇദ്ദേഹത്തെ വീട്ടില്‍ നിന്ന്് പുറത്താക്കുകയാണ് ചെയ്തത്. പിന്നീടവന്‍ നേരെ പോയത് തനിക്ക് മദ്യം പകര്‍ന്നു തന്ന സുഹൃത്തുക്കളെ തേടിയായിരുന്നു. അങ്ങനെ അവന്‍ അവരുടെ ഏറ്റവും വലിയ ഏജന്റായി പ്രവര്‍ത്തിച്ചു. കുടുംബത്തിന്റെ ബഹിഷ്‌ക്കരണവും ചീത്ത കൂട്ടുകെട്ടുമാണ് ഈയൊരു മദ്യപാനിയെ രൂപപ്പെടുത്തിയതെന്ന്് മനസ്സിലാക്കാം.
ഭൂമിലോകത്ത് ഏതെങ്കിലും ഒരു ചെടിയുടെ ഇല ഒരല്‍പം ചലിക്കണമെങ്കില്‍പോലും പ്രേരകങ്ങള്‍ അത്യാവശ്യമാണ്. അതുപോലെത്തന്നെ മദ്യപാനി രൂപപ്പെടുന്നതിലും ചില അസ്വസ്ഥതകള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പല കാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. ഇത്തരം ആകുലതകളാണ് അവരെ പലപ്പോഴും സദാചാര വിരുദ്ധരാക്കുന്നത്. മഅ്ദിനില്‍ വരുന്ന ഭൂരിപക്ഷം പേരും പറയാറുള്ള കാര്യമാണ് അവരുടെ വേവലാതി കേള്‍ക്കാന്‍ സമൂഹം പാകപ്പെടുന്നില്ല എന്ന്്. പലപ്പോഴും സമൂഹത്തില്‍ അവരുടെ അഭിവാദ്യങ്ങള്‍ പോലും അലര്‍ജിയായി കാണുന്നവരുണ്ട്. ഇത്തരം സങ്കടങ്ങള്‍ ആരോടും പറയാനില്ലാത്തപ്പോള്‍ സമാധാനം പ്രതീക്ഷിച്ച് അവര്‍ മദ്യം നുണയാന്‍ വ്യഗ്രത കാട്ടും.
ഒരനുഭവം ഓര്‍ക്കുന്നു. തികഞ്ഞ മദ്യപാനിയായ ഒരു യുവാവ് മഅ്ദിന്‍ ഡി അഡിക്ഷനില്‍ വരുന്നു. ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വീണ്ടും നാട്ടിലേക്ക് മടങ്ങി. പക്ഷെ, തന്റെ ഭൂതകാലത്ത് മദ്യം കുടിച്ച് ഓവുചാലില്‍ കിടന്നുരുണ്ടതും അക്രമിച്ചതും ആക്രോഷിച്ചതും തന്റെ നാട്ടുകാര്‍ പറഞ്ഞ് പരിഹസിക്കുമെന്ന് ഭയന്ന ് അദ്ദേഹം എട്ട’് മാസം നാട്ടില്‍ നിന്ന്് മാറിത്താമസിക്കുകയായിരുന്നു. പിന്നീട്, ഹജ്ജും ഉംറയും ചെയ്ത് പുതിയ ജീവിതം തുടങ്ങണമെന്ന്് പ്രത്യാശയോടെയും തന്റെ നാട്ടുകാര്‍ താന്‍ കാണിച്ച പേക്കൂത്തുകള്‍ മറന്നിട്ടുണ്ടാകുമെന്ന പ്രതീക്ഷയോടെയും അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങി. അങ്ങനെ, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തൊപ്പി ധരിച്ച് ഗൃഹാതുരത്വ ഓര്‍മയോടെ സ്വന്തം നാട്ടിലെ പള്ളിയില്‍ ജുമുഅക്ക് വന്നു. ആളുകളുടെ അടക്കം പറച്ചില്‍ വകവെക്കാതെ ഒന്നാം സ്വഫ്ഫില്‍ തന്നെ ഇരുന്നു, ഖുര്‍ആന്‍ ഓതിയും ദിക്‌റ് ചൊല്ലിയും ധന്യമാക്കി. ജുമുഅക്ക് ശേഷം ഉമ്മയുടെ ഖബറിങ്ങല്‍ പോയി ദുആ ഇരക്കുമ്പോള്‍ പിന്നില്‍ നിന്നുമൊരുവന്‍ ചോദിച്ചു. അല്ല, നീയെന്താ ഇവിടെ? കള്ള് മൂക്കറ്റം മോന്തി കുപ്രസിദ്ധനായ നിനക്ക് വല്ല ജിന്നും ബാധിച്ചോ.. ഈയൊരു ചോദ്യശരം അദ്ദേഹത്തിന്റെ പ്രതീക്ഷ വെമ്പുന്ന ഹൃദയത്തില്‍ കടുത്ത അപകര്‍ഷത സൃഷ്ടിക്കുകയും അങ്ങനെയദ്ദേഹം അവിടെ നിന്ന് വീണ്ടും മദ്യഷാപ്പ് ലക്ഷ്യമാക്കുകയായിരുന്നു.
മാറ്റങ്ങളുള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാകുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പരിഹാസവും നിരന്തര നിരാശാജനകമായ വാചകവും സ്വാഭാവികമായും ഇത്തരം മദ്യപാനീ സമൂഹത്തിന് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. സമൂഹത്തിലെ ഉന്നത ശീര്‍ഷരായ നേതാക്കളുടെ മക്കള്‍ വരെ ലഹരിക്കടിമപ്പെട്ടത് കുടുംബവും സമൂഹവും നല്‍കുന്ന ഒരു പരിഹാസ നോട്ടമോ അരികുവല്‍ക്കരണമോ ആണെന്ന് അനുഭവങ്ങള്‍ നമ്മോട് പറയുന്നു.
മദ്യത്തിലേക്ക് മനുഷ്യനെത്തുന്ന സാഹചര്യങ്ങള്‍ സ്വന്തം കുടുംബ പശ്ചാത്തലത്തില്‍ നിന്ന്് തന്നെ ഉരുവം കൊള്ളുന്നതാണ്. വിത്ത് ഗുണം പത്ത് ഗുണം എാണല്ലോ. പ്രധാനമായും ഇതിനെ മൂന്ന് രീതിയില്‍ വര്‍ഗീകരിക്കാം. ഒന്ന്, പിതാവ് മദ്യപാനിയായിരിക്കും. രണ്ട്, മാതാപിതാക്കള്‍ പരസ്പരം തര്‍ക്കിക്കുന്നവരും ശണ്ഠകൂടുന്നവരുമായിരിക്കും. മൂന്ന്, മാതാപിതാക്കളുടെ അശ്രദ്ധ കാരണം ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടുകയും സദാചാര മൂല്യങ്ങളെ പാടെ നിരാകരിക്കുകയും ചെയ്യുന്ന മക്കളായിരിക്കും. ഇവ മൂന്നും പാരമ്പര്യ സ്രോതസ്സുകളായി കാണാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ ലഹരി മുക്തതക്ക് മരുന്നല്ല വേണ്ടത്. പകരം അതിനെ വെറുക്കുകയും ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്ന ഒരു മനസ്സ് രൂപീകരിച്ചെടുക്കലാണ് പ്രധാനം. മൂന്ന് വര്‍ഷം മുമ്പ് മഅ്ദിനില്‍ ഒരു ചെറുപ്പക്കാരന്‍ മൂന്ന്് പേരെ കൊണ്ടുവന്നു. എിന്നിട്ട്’് എന്നോട് പറഞ്ഞു. ഉസ്താദ് ഇരിക്കൂ.. കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഞാന്‍ ചോദിച്ചു, ഇതാരാ.., ബന്ധുക്കളാണോ..? അപ്പോഴദ്ദേഹം എന്നോട് തന്റെ ജീവിത പശ്ചാത്തലം വിവരിച്ചു തന്നു. ഉസ്താദേ, ഞാനാണീ മൂന്ന്് പേരെയും മദ്യപാനികളാക്കിയത്്. എന്നാല്‍, ഇന്ന്് ഞാന്‍ മദ്യവിമുക്തനാണ്. ഇവരെക്കൂടി ആ മാര്‍ഗത്തില്‍ നിന്ന്് രക്ഷിക്കാനാണ് ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. പിന്നീടദ്ദേഹം തന്റെ മദ്യവര്‍ജന ചരിത്രം വിവരിച്ചു.
ഞാനൊരു ദിവസം മദ്യപിച്ച് വാഹനമോടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം നേരെ ചെന്നിടിച്ചത് മദ്‌റസ വിട്ട് പോകുന്ന രണ്ട് കുട്ടികളുടെ ശരീരത്തിലാണ്. ആ രണ്ട് പൈതങ്ങളും പിടഞ്ഞ് മരിക്കുന്നത് എനിക്ക് ദൃഷ്ടിഗോചരമായി. ഇത് കണ്ട ഞാന്‍ വാഹനത്തില്‍ നിന്ന്് നിലത്ത് വീഴുകയും എന്റെ രണ്ട് കൈയെല്ലുകള്‍ പൊട്ടുകയും ചെയ്തു. എന്നെ താങ്ങിപ്പിടിച്ച് കുറച്ചാളുകള്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. അങ്ങനെ രണ്ട് കൈയിലും പ്ലാസ്റ്ററിട്ട് ആരാരും ആശ്രയമില്ലാതെ അടുത്ത കട്ടിലില്‍ നിന്നും കിട്ടുന്ന എച്ചില്‍ ഭക്ഷിച്ച് ഞാനൊരാഴ്ച കഴിച്ചുകൂട്ടി. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ഉമ്മയും ഭാര്യയും വിവരമറിഞ്ഞ് എെന്നത്തേടി ആശുപത്രിയിലേക്ക് വന്നു. രണ്ട് കൈയും നഷ്ടപ്പെട്ട് കിടക്കുന്ന എന്റെയടുത്ത് വന്ന്് അവരെന്റെ കവിള്‍തടം തടവിയപ്പോള്‍ മനസ്സിനൊരു തണുപ്പനുഭവപ്പെട്ടു. മോനേ… ഉമ്മയുടെ ഈ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ വിളിയില്‍ ഞാനലിഞ്ഞില്ലാതായി. ഉമ്മ ഒരുരുള ചോറ് വായിലേക്ക് വെച്ചുനീട്ടിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ എന്റെ കണ്ണ് നിറഞ്ഞൊഴുകി. അന്ന് ഞാന്‍ തീരുമാനിച്ചതാണ്, ഞാന്‍ കാരണമായി മദ്യപാനിയായ ഈ ചെറുപ്പക്കാരെ മാറ്റിയെടുക്കണമെന്ന്്. ഉസ്താദേ.. ഇവരെ നിങ്ങള്‍ നാക്കണം. കരഞ്ഞ് കൊണ്ടാണ് അയാള്‍ ഇറങ്ങിപ്പോയത്.
ചുരുക്കത്തില്‍, വെറുപ്പിന്റെ ഒരു മനസ്സാണ് രൂപപ്പെടുത്തേണ്ടത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന അവസ്ഥ, മദ്യപാനികളെ ഏറ്റവും നികൃഷ്ടരായി കാണലായിരുന്നുവെങ്കില്‍ ഇന്നാ സ്ഥിതി പാടെ മാറിയിട്ടുണ്ട്. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ആഴത്തിലുള്ള അറിവന്വേഷണത്തിന് മനുഷ്യര്‍ തയ്യാറാവാത്തതാവാം ഇതിന്റെ കാരണം. സാമൂഹിക തലത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ദേശീയ നേതൃത്വം വരെ പ്രത്യക്ഷമായോ പരോക്ഷമായോ മദ്യം കഴിക്കുന്നവരോ അതിന് വേണ്ടി നിലകൊള്ളുന്നവരോ ആണ്. അതിനാല്‍ തന്നെ സാമൂഹ്യമായ ഭദ്രത ഊട്ടിയുറപ്പിച്ചാല്‍ മാത്രമേ നമുക്കിടയിലെ മദ്യപാന സമൂഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാകൂ.
(മിംഹാര്‍ സൈക്യാട്രിക് ഹോസ്പിറ്റല്‍ ഡയറക്ടറും സ്പിരിച്ചല്‍ കണ്‍സള്‍ട്ടന്‍സി ഹെഡുമാണ് ലേഖകന്‍)