മലയാള ഭാഷ ക്ലാസിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കെ അതിലെ വ്യവഹാരങ്ങള്‍ക്കും ഭാഷയുടെ വളര്‍ച്ചക്കൊപ്പം വളര്‍ന്ന വ്യവഹാരങ്ങള്‍ക്കും പ്രാധാന്യം കൈവരേണ്ടതുണ്ട്. മലയാള ലിപിയില്‍ സാഹിത്യ കൃതികള്‍ രംഗപ്രവേശം ചെയ്യപ്പെടും മുമ്പേ സ്വന്തമായ ലിപിയും ശൈലിയും അറബിമലയാളം സ്വന്തമാക്കിയിരുന്നു. ഒരു ഭാഷയില്‍ തങ്ങളുടെ ആശയവിനിമയം നിര്‍വഹിക്കുക എന്ന തരത്തില്‍ മാത്രം മലയാള ഭാഷയെ ഉപയോഗപ്പെടുത്തുമ്പോള്‍ തങ്ങളുടെ സാംസ്‌കാരിക ഐഡന്റിറ്റിയും വളര്‍ച്ചയും മാപ്പിളമാര്‍ അറബി മലയാളത്തിലൂടെ സ്വന്തമാക്കി. പരിമിതികളുടെ ചുറ്റുപാടുകള്‍ അനുകൂലമാക്കിമാറ്റി സ്വതന്ത്രമായ സാഹിത്യ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്ത മാപ്പിളമാരുടെ സൃഷ്ടികള്‍, സാഹിത്യ കൃതികള്‍ ഏറെ ഘോഷിക്കപ്പെടുമ്പോഴും അവജ്ഞതയുടെ പുറമ്പോക്കിലേക്ക് നിറുത്തപ്പെട്ടിരിക്കുയാണ്. സൃഷ്ടികളെ നോക്കി വിശകലനം നടത്തുന്നതിനപ്പുറം സൃഷ്ടികര്‍ത്താവിനെ ആധാരമാക്കി അവന്റെ ജാതിക്കോ മതത്തിനോ ഭാഷക്കോ പ്രാധാന്യം നല്‍കി അവയെ മാറ്റി നിറുത്തി എന്നതാണ് സത്യം. ഒരു കീഴാള സാഹിത്യത്തിന്റെ തലത്തില്‍ നിന്നും അറബി മലയാള സാഹത്യകൃതികള്‍ വായന ആവശ്യപ്പെടുന്നുണ്ട്. മാലപ്പാട്ടുകളുടെ ഇതിവൃത്തവും കാവ്യഘടനയും ഭാഷാശൈലിയും അടിസ്ഥാനപ്പെടുത്തി നിലവിലെ ജൃീഷലരീേൃ ാലഷീൃശ്യേ സാഹിത്യത്തില്‍ സമാനതകള്‍ കാണാനാവും. ഇവയൊന്നും വേണ്ടത്ര ചര്‍ച്ചയായതായി കാണാനാകില്ല. മാപ്പിള മലയാളത്തില്‍ ഇതോടൊപ്പം തന്നെ ചില സമാന്തര പഠനങ്ങള്‍ക്കും സാധ്യതകള്‍ തുറന്നിട്ടുണ്ട്. മലയാളികള്‍ കുടിയേറിയോ നാടുകടത്തപ്പെട്ടോ താവളമാക്കിയ ഇടങ്ങളില്‍ അറബി മലയാളം ശക്തമായ സാംസ്‌കാരികാടിത്തറയായി നില നില്‍ക്കുന്നു. കേരളത്തിലേതിനേറെക്കാളും ചിലപ്പോള്‍ ഈ സാഹിത്യങ്ങളെ ഉപയോഗപ്പെടുത്തിയത്/പെടുത്തുന്നത് ലക്ഷദ്വീപിലും ഫിജിയിലും തായ്‌ലന്റിലും ആസ്‌ത്രേലിയയിലും മറ്റും അധിവസിക്കുന്ന പൂര്‍വ്വ മലബാരികളായിരിക്കും. മലയാള ഭാഷ ആദരിക്കപ്പെടുമ്പോള്‍ ഈ പൂര്‍വ്വമലയാളികളുടെയും വ്യവഹാരങ്ങള്‍ ആദരിക്കപ്പെടേണ്ടതില്ലേ?
മാപ്പിളയും അറബിമലയാളവും
അന്യദേശക്കാരെ സ്വാഗതം ചെയ്തു തുറന്നിട്ട കടല്‍ക്കരയാണ് നമുക്ക് മാപ്പിളയെ സമ്മാനിച്ചത്. അറേബ്യയില്‍ നിന്നും മറ്റു വ്യാപാരാവശ്യാര്‍ത്ഥം മുഹമ്മദ് നബിയുടെ ജനനത്തിന് മുമ്പേ കടല്‍ കടന്ന് വ്യാപാരികള്‍ ഇവിടെയെത്തി. ഇന്ത്യയിലേക്കു വന്ന മറ്റു ദേശക്കാരായ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസകാരും ഫ്രഞ്ചുകാരും നന്മകളേക്കാളേറെ അരുതായ്മകളാണ് നമ്മോട് പങ്കിട്ടത്. ധാര്‍മികതക്കും സാംസ്‌കാരികതക്കുമപ്പുറം അധര്‍മവും അസാംസ്‌കാരികതയുമാണ് ഇറക്കുമതി ചെയ്തത്. അറബികള്‍ പക്ഷെ, ഇവിടെ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിച്ചു. വിദേശാനുഭവങ്ങള്‍ നന്മക്കായി നമ്മോടൊപ്പം പങ്കുവെച്ചു.
മാപ്പിളയുടെ ഭാഷയായാണ് അറബിമലയാളം ഉയര്‍ന്ന് വന്നത്. വിദേശീയരുമായി രക്തബന്ധം പുലര്‍ത്തിയവരെയൊക്കെ മാപ്പിള എന്ന തലത്തിലാണ് വിവക്ഷിച്ചിരുന്നത്. അതിനാല്‍ തന്നെ ഈ പദം ക്രിസ്ത്യാനികള്‍, ജൂതര്‍, മുസ്‌ലിംകള്‍ എന്നീ വിദേശികളായ മൂന്നു വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കുന്നു എന്നതാണ് ചരിത്രകാരന്മാരിലെ ഭൂരിഭാഗവും പറയുന്നത്.” കേരളക്കരയില്‍ മാപ്പിള എന്ന പദം കൊണ്ട് വ്യവഹരിക്കുന്നത് മൂന്ന് സമുദായങ്ങളെയാണ് – ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, മുസ്‌ലിംകള്‍. അവരില്‍ ക്രിസ്ത്യാനികളെ നസ്രാണി മാപ്പിളയെന്നും ജൂതന്മാരെ ജൂതമാപ്പിള എന്നും മുസ്‌ലിംകളെ മുസ്‌ലിംമാപ്പിള എന്നും വകതിരിച്ച് പറയാറുമുണ്ട്.” (മാപ്പിളപ്പാട്ട് ഒരാമുഖപഠനം – ബാലകൃഷ്ണന്‍ വള്ളിക്കുന്ന്)
അറബിമലയാളമെന്ന ഭാഷയുടെ ആവശ്യകത ഉയര്‍ന്ന് വന്നത്, കച്ചവടക്കാരായ അറബികള്‍ ഇവിടത്തുകാരായ സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട് അതുവഴി പുതിയൊരു സമുദായം തന്നെ ഉടലെടുക്കുകയും ചെയ്തപ്പോഴാണ്, അറബികളുടെ ലിപിയുടെയും മലയാളഭാഷാ പദങ്ങളുടെയും സങ്കരമായി അറബിമലയാളം രൂപം കൊണ്ടത്. മുസ്‌ലിംകള്‍ക്ക് മതപ്രബോധനം വിശുദ്ധകര്‍മ്മവും ബാധ്യതയുമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അത്തരമൊരു കര്‍ത്തവ്യ നിര്‍വഹണത്തിന് വേണ്ടി കടന്നെത്തിയ അനേകം പണ്ഡിതന്മാരും അറബികളിലുണ്ടായിരുന്നു. മതധര്‍മങ്ങളെ പൊതു ജനത്തിലെത്തിക്കാന്‍ സംവേദന മാധ്യമം ജനകീയമാക്കേണ്ടി വന്നു. അതിനാല്‍ തന്നെ ഒരു സ്വാഭാവിക ഉത്ഭവത്തിനപ്പുറം തിരച്ചറിവോടെയുള്ള ഉലമാ ആക്ടിവിസത്തിന്റെ സൃഷ്ടിയാണ് അറബി മലയാളം. അറബിഭാഷയിലും ഒരുപാട് വ്യവഹാരങ്ങള്‍ ഇക്കാലത്ത് ഉലമാഅ് പങ്കുവെച്ചിട്ടുണ്ട്. അറബിമലയാളലിപിയുടെ ഇത്തരമൊരു ആവിര്‍ഭാവത്തിന് സാക്ഷിയായത് 8-ാം നൂറ്റാണ്ട് ആണെന്നും അല്ല, ഒമ്പതാം നൂറ്റാണ്ടാണെന്നും അഭിപ്രായമുണ്ട്. അറബിമൂലങ്ങള്‍ ഉപയോഗിച്ചാലേ തങ്ങളുടെ സംവേദനം കാര്യക്ഷമമാവൂ എന്ന പണ്ഡിതനിരീക്ഷണം കൂടി ഇവിടെ ചേര്‍ത്തുവായിക്കാം. അറബിത്തമിഴ് (അൃംശ) അറബിക്കന്നടയും അറബിസിന്ധിയും അറബി സിംഹളയും അറബി പഞ്ചാബിയുമെല്ലാം ഉലമാ ക്രിയാത്മക ബോധത്തിന്റെ സൃഷ്ടിയാണ്.
ഒരു സ്വതന്ത്രഭാഷയായും മലയാളത്തിന്റെ മിശ്രഭാഷയായും, മലയാളത്തിന്റെ ഭാഷാഭേദമായും വ്യത്യസ്ത തലത്തില്‍ ഗവേഷകര്‍ അറബിമലയാളത്തെ വീക്ഷിക്കുന്നു. ഒരു സമ്പൂര്‍ണ്ണ ഭാഷയായിട്ടാണ് സി. കെ കരീം മാപ്പിളമലയാളത്തെ നോക്കിക്കാണുന്നത്. നൂറ്റാണ്ടുകളുടെ പഴക്കവും ഗ്രന്ഥസമ്പത്തും സവിശേഷസ്വഭാവങ്ങളും മുന്‍നിറുത്തി അദ്ദേഹം ഉന്നയിച്ച വാദങ്ങളെ ബി.സി ബാലകൃഷ്ണനും പിന്തുണക്കുന്നു. മലയാളഭാഷക്ക് ലിപി രൂപപ്പെടും മുമ്പ് തന്നെ ഇങ്ങനെയൊരു ഭാഷ നിലവില്‍ വന്നു എന്നത് സൂചിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. മുസ്‌ലിംകളെ മതബോധിതരാക്കുന്നതോടൊപ്പം കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ഒരു പ്രതിരോധഭാഷയും ഇത് വഴി ഒരു സംസ്‌കൃതിയും രൂപപ്പെടുത്തല്‍ അനിവാര്യമാണെന്ന് പണ്ഡിതന്മാര്‍ക്ക് ബോധിച്ചിരുന്നു. ഭാഷക്ക് സംസ്‌കൃതിയെ രൂപപ്പെടുത്തുന്നതിലുള്ള സ്വാധീനം നോംചോംസ്‌കിയും എഡ്വേഡ് സാപിറും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെയാണ് ഉലമാഅ്, ബ്രിട്ടീഷ് അധിനിവേഷ കാലത്ത് സ്വത്വസംരക്ഷണത്തെ ലക്ഷ്യം വെച്ച് ഇംഗ്ലീഷ് ഭാഷ നിരോധിക്കാന്‍ ആജ്ഞാപിച്ചത്.
മാപ്പിളപ്പാട്ടും സാഹിത്യവും
മോയിന്‍ കുട്ടി വൈദ്യരുടെ സലീഖത്ത് പടപ്പാട്ടിലെ
”വകകള്‍ മുതനൂല്‍ ചിറ്റെളുത്തും കമ്പി
വാലും തലൈ ചന്തം കനപ്പും കമ്പി
സകല കവിരാജര്‍ ഇതിനെ പാര്‍പ്പിന്‍”
എന്ന വരികളടിസ്ഥാനപ്പെടുത്തിയാണ് മാപ്പിള സാഹിത്യത്തിലെ പ്രധാന ഇനമായ മാപ്പിളപ്പാട്ടിന്റെ ഇതിവൃത്തവും ഭാഷയും ആവിഷ്‌കാരവും വ്യാഖ്യാനിക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമം നടത്തിയിട്ടുള്ളത്. കേരളീയ പാശ്ചാത്തലവും അറേബ്യന്‍ സംസ്‌കൃതിയും ഉള്‍കൊണ്ട് രൂപപ്പെട്ട സംസ്‌കൃതിയാണ് മാപ്പിളത്തമെന്നതിനാല്‍ മാപ്പിളപ്പാട്ടിലും ഈ സ്വഭാവം വീക്ഷിക്കാനാവും. ഈ വരികളുടെ സൂചന ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ”ഇസ്ലാമികമായ ഇതിവൃത്തങ്ങളെ അവലംബിച്ചുകൊണ്ടുള്ളതും ചമല്‍ത്ക്കാര പൂര്‍ണവും നാദസംഘാതത്തിന്റെ താളദീക്ഷ പരിപാലിക്കപ്പെടുന്നതുമാണ് മാപ്പിളപ്പാട്ടുകള്‍”എന്നാണ് ഈ വരികളെ പ്രിയ മാപ്പിള സാഹിത്യ പണ്ഡിതന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് സംഗ്രഹിച്ചത്. ഇവിടെ നിലനിന്നിരുന്ന പാട്ടുപ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായ അസ്തിത്വം മാപ്പിളപ്പാട്ടുകള്‍ക്ക് ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മാപ്പിള സാഹിത്യത്തില്‍ ലഭ്യമായ ആദ്യ കൃതിയായ മുഹ്‌യിദ്ധീന്‍ മാല മാപ്പിളസാഹിത്യത്തിന്റെ ഈ ഐഡന്റിറ്റി ഊട്ടിയുറപ്പിക്കുന്നുണ്ട്. അറബി പദങ്ങളെ മലയാള പദ സമ്പ്രദായത്തോട് ചേര്‍ത്തുള്ള ധാരാളം പ്രയോഗങ്ങള്‍ ഇതില്‍ ദര്‍ശിക്കാം. അറബി സാഹിത്യത്തിലെ സ്വീകാര്യമായ ‘സ്വദ്‌റും’ ‘അജ്‌സും’ അടങ്ങിയ യാഖഫീഫന്‍ ഖ്വഫ്ത്തുബീഹില്‍ ഫാറക്കാതു
ഫാഇലത്തുന്‍ മുസ്തഫ്ഇലുന്‍ ഫാഇലാത്തു – എന്ന ലക്ഷണത്തിനൊത്താണ് മുഹ്‌യിദ്ധീന്‍ മാല വിരചിതമായിട്ടുള്ളത്. അറബി താദാത്മ്യത്തിലേക്കുള്ള വ്യക്തമായ രേഖയാണിത്.
മാപ്പിളപ്പാട്ടുകളെ വിശകലന വിധേയമാക്കുമ്പോള്‍ അറബി പദ്യ സാഹിത്യത്തിലെ പ്രസ്ഥാന വിശേഷങ്ങള്‍ കൂടി ചര്‍ച്ചയില്‍ കടന്നു വരേണ്ടതുണ്ട്. ഖസ്വീദ, ഹിജാഅ, മദീഹ്, മര്‍സിയ, ഗസല്‍, ഖംരിയാത്ത്, സുഹ്ദിയാത്ത്, അശ്ശുഅറാഇല്‍ മുജാന്‍ എന്നീ പ്രസ്ഥാനങ്ങളില്‍, മാപ്പിളപ്പാട്ടുകളില്‍ വലിയ സ്വാധീനം ചെലുത്തിയത് ഖസ്വീദയാണ്. ഗസലുകള്‍ക്ക് വലിയ സ്വാധീനമൊന്നുമില്ല എന്നു കാണാം. മദീഹുകള്‍ക്ക് വ്യാപകമായ സ്വാധീനമുണ്ട്. മാലകളെ ഈ ഗണത്തില്‍പ്പെടുത്താം. കേരളത്തിലും ഇന്ത്യയിലും അതിലപ്പുറം മുസ്‌ലിം ലോകത്താകെയും വിശ്രുതരായ പൂര്‍വ്വ മഹത്തുക്കളെ കുറിച്ചൊക്കെ മാലകള്‍ വിരചിതമായതായി കാണാം.
കേരളത്തില്‍ രചിക്കപ്പെട്ട മര്‍സിയ്യത്തുകള്‍ അറബി ഭാഷയിലാണ്. ഇപ്രകാരം ഹിജാഅയും നശീദയും ഖംരിയ്യാത്തും അറബി മലയാള പദ്യ സാഹിത്യത്തെ സ്വാധീനിച്ചില്ലെന്നു കാണാം.
മാലകള്‍ക്ക് ആംഗലേയ സാഹിത്യത്തിലും ചില പഠന സാധ്യതകള്‍ കാണാം. മഹാത്മാക്കളുടെയും പൂര്‍വ്വ സൂരികളുടെയും പുകളുകള്‍ പറയുന്ന മാലകളെ ആംഗലേയ സാഹിത്യത്തിലെ ‘Epic’ (ഇതിഹാസം)കളുമായി ചേര്‍ത്തി വായിക്കാനായാല്‍ പുതിയ പഠനത്തിന്റെ വഴികള്‍ തുറക്കപ്പെടും. ഋുശരന് സാഹിത്യത്തിലെ നിര്‍വചനം ‘A long narrative poem in elevated style recounting the deeds of a historical hero’ (കഴിഞ്ഞ കാലത്തെ സുപ്രധാന നായകരുടെ സുകൃതങ്ങള്‍ പറയുന്ന ദീര്‍ഘ കവിത)എന്നാണ്. എന്നാല്‍ ഇലിയഡോ, ഓഡിസിയോ പകര്‍ന്നു തരുന്ന വെറുമൊരു പാരമ്പര്യ നാടോടിപ്പാട്ട് എന്ന തലത്തില്‍ മാലപ്പാട്ടിനെ നോക്കിക്കാണാനാവില്ല. മതപരമായ ആശയവും ആദര്‍ശവും ജനങ്ങളിലേക്കെത്തിക്കുക എന്ന കര്‍തവ്യമാണ് ഗ്രന്ഥകര്‍ത്താക്കള്‍ പ്രഥമമായി ഇവിടെ നിര്‍വ്വഹിക്കുന്നത്. അതിനാല്‍ തന്നെ അര്‍ത്ഥ ഗര്‍ഭമായ ‘ജീവിത’ങ്ങളാണ് മാലകളുടെ ഇതിവൃത്തം. ഒപ്പം കലയുടെ നിലനല്‍പ്പ് മാനുഷികതക്കു വേണ്ടിയാണെന്ന തത്വത്തെയാണ് ഈ മാലകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
മലയാളികള്‍ നാടുകടത്തപ്പെട്ടതിനാലോ കുടിയേറ്റത്താലോ പല ഭൂഖണ്ഡങ്ങളിലും സെക്കന്റ് ജനറേഷനായി വളര്‍ന്നു വന്നപ്പോഴും പ്രത്യേകമായ സാഹിത്യ സംസ്‌കാരവും ഇവര്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഇവിടെ നിന്നും കൊളോണിയല്‍ അധിനിവേശ കാലത്ത് നാടുകടന്ന മാപ്പിളമാര്‍ അധിവസിക്കുന്ന ഓസ്‌ട്രേലിയയിലും ഫിജിയിലും മലേഷ്യയിലും ലക്ഷദ്വീപിലും ശ്രീലങ്കയിലും മറ്റും മലയാളവുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന രാഷ്ട്രങ്ങളിലും അറബി മലയാളത്തെയും മാപ്പിള സംസ്‌കൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കൊളോണിയല്‍ കാലത്തെ മനുഷ്യ കൈമാറ്റങ്ങള്‍ ഇംഗ്ലീഷ് സാഹിത്യത്തിന് ഇന്ത്യയിലും ആഫ്രിക്കയിലും ആസ്‌ത്രേലിയയിലും അമേരിക്കയിലും മറ്റും സാഹിത്യത്തിന്റെ പതിപ്പുകള്‍ സമ്മാനിച്ചു. ഇത്തരത്തില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകള്‍ ചര്‍ച്ചയാവുമ്പോഴും മാപ്പിള സംസ്‌കാരത്തിനും ചില ഉപ – സമൂഹങ്ങള്‍ രൂപപ്പെട്ടതോ അതിലെ വ്യവഹാരങ്ങളോ ചര്‍ച്ചയില്‍ വരുന്നില്ല.
മുഖ്യധാരാ സാഹിത്യത്തില്‍ നിന്നും മാപ്പിള സാഹിത്യത്തെ മാറ്റിനിറുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതോടൊപ്പം ഇതിനെ അരികുവല്‍കരിക്കാന്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഏറെ ശ്രമം നടത്തിയിട്ടുണ്ടെന്നും പണ്ഡിതര്‍ നിരീക്ഷിക്കുന്നുണ്ട്. മലയാള സാഹിത്യം പുതിയ തലത്തിലേക്കു പ്രവേശിക്കുമ്പോള്‍ അതിന്റെ വളര്‍ച്ചയോടൊപ്പമോ സമാന്തരമായോ വളര്‍ന്നു വന്ന സംസ്‌കൃതിയെയും സാഹിത്യത്തെയും മാറ്റിനിറുത്തിക്കൂടാ. ഒരു ഭാഷ ക്ലാസിക്കായി ആദരിക്കപ്പെടുമ്പോള്‍ ഒപ്പം ഈ സാഹിത്യ കൃതികളും പുനര്‍ വായനകള്‍ക്കു വിധേയമാകുമെന്നും പ്രതീക്ഷിക്കാം.