കൊണ്ടോട്ടി മേലങ്ങാടിയിലെ ആലുങ്ങല്‍ കണ്ടിയില്‍, ഓട്ടുപാറക്കുഴിയില്‍ ഉണ്ണിമമ്മദ് വൈദ്യരുടെയും കുഞ്ഞാമിനയുടെയും മകനായാണ് മോയിന്‍കുട്ടി വൈദ്യര്‍ ജനിച്ചത്. തൃശൂര്‍ ജില്ലയിലെ ഓട്ടുപാറക്കല്‍ നിന്ന് കൊണ്ടോട്ടിയില്‍ വന്നു താമസമാക്കിയ ആയുര്‍വ്വേദവൈദ്യ കുടുംബമാണ് മോയിന്‍കുട്ടി വൈദ്യരുടേത് എന്ന് ചരിത്രകാരനായ എം ജി എസ് നാരായണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈദ്യചികിത്സ പാരമ്പര്യത്തൊഴിലായി സ്വീകരിച്ചിരുന്ന വേലന്‍ സമുദായാംഗമായിരുന്നു മോയിന്‍കുട്ടി വൈദ്യരുടെ പിതാമഹന്‍ എന്നും അയാള്‍ മതംമാറി മാപ്പിളയായതാണെന്നും എഫ് ഫോസെറ്റ് ‘ഇന്ത്യന്‍ ആന്റിക്വറി’യുടെ 1899 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച 28-ാം വാള്യത്തില്‍ എഴുതുന്നുണ്ട്. കൊണ്ടോട്ടി തക്ക്യാവ് പ്രതാപത്തിന്റെ നെറുകയിലായിരുന്ന ഇശ്തിയാഖ് ശായുടെ കാലത്താണ് വൈദ്യരുടെ പിറവി. കൊണ്ടോട്ടി പൊന്നാനി കൈത്തര്‍ക്കം തുടങ്ങുന്ന കാലം കൂടിയാണ് അത്. 1899-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫോസറ്റ് വൈദ്യരുടെ ജീവിതകാലത്തെക്കുറിച്ച് പറയുന്നത് ആറുവര്‍ഷം മുമ്പ് 45-ാമത്തെ വയസ്സില്‍ മരിച്ചുവെന്നാണ്. അതനുസരിച്ച് 1848-1893 ആയിരിക്കണം വൈദ്യരുടെ കാലം. ഓത്തുപള്ളിയാണ് വൈദ്യരുടെ ആദ്യത്തെ പഠനകേന്ദ്രം.
ഖുര്‍ആനും മതവിധികളും സ്വാഭാവികമായും അവിടെ നിന്ന് പഠിച്ചിരിക്കണം. മുസ്‌ലിംകള്‍ക്കിടയില്‍ പതിവില്ലാതിരുന്ന മലയാള പഠനസൗകര്യം പിതാവ് അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തതായി പറയപ്പെടുന്നു. വേലു എഴുത്തച്ഛന്‍ എന്നാണ് വൈദ്യരുടെ ഭാഷാധ്യാപകന്റെ പേര് പരാമര്‍ശിക്കപ്പെട്ടു കാണുന്നത്. പിതാവ് ഉണ്ണി മമ്മദ് വൈദ്യര്‍ തന്നെയാണ് സംസ്‌കൃതം പഠിപ്പിച്ചത്. ആര്യവൈദ്യന്മാരാകയാല്‍ അത് തീര്‍ത്തും സ്വാഭാവികമാണ്. വൈദ്യശാസ്ത്രഗ്രന്ഥങ്ങളായ ചരകം, ശുശ്രുതം, അഷ്ടാംഗഹൃദയം തുടങ്ങിയവ പഠിച്ചിരിക്കാം. ചുള്ളിയന്‍ വീരാന്‍കുട്ടി എന്നൊരാള്‍ വൈദ്യരെ തമിഴ് പഠിപ്പിച്ചതായും പരാമര്‍ശമുണ്ട്. അദ്ദേഹം അറബിത്തമിഴ് (അര്‍വി) കാവ്യങ്ങളില്‍ ആകൃഷ്ടനാവുകയും പാട്ടും സംഗീതവുമായി തക്ക്യാവിലെത്തിയിരുന്ന തമിഴ് പുലവര്‍മാരുമായി സഹവസിക്കുകയും ചെയ്തു. അക്കാലത്ത് ശ്രദ്ധേയരായിരുന്ന അബൂബക്കര്‍ പുലവര്‍, ഹംസ ലബ്ബ, അബ്ദുല്‍ മജീദ്, ഗുണംകുടി മസ്താന്‍, അബ്ദുല്‍ ഖാദര്‍ മസ്താന്‍ തുടങ്ങിയരുടെ കവിതകള്‍ തീര്‍ച്ചയായും വൈദ്യര്‍ പഠിച്ചിരിക്കണം. പ്രാചീന മാപ്പിളപ്പാട്ടു കൃതികളായ രസിക ശിരോമണി കുഞ്ഞായിന്‍ മുസ്‌ല്യാരുടെ നൂല്‍മദ്ഹ്, കപ്പപ്പാട്ട് തുടങ്ങിയവയും ആത്മീയ വിഷയകങ്ങളാകയാല്‍ കൊണ്ടോട്ടിയിലെ ആത്മീയ സദസ്സുകളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കാം. വൈദ്യര്‍ സശ്രദ്ധം പഠിച്ചിരിക്കാം. തമിഴ് പുലവര്‍മാരുടെ തനതു സംഭാവനയായ ‘പടൈപ്പോര്‍’ അനുശീലിച്ചതാണ് വൈദ്യരെ മികച്ച പടപ്പാട്ടെഴുത്തുകാരനാക്കിയത്. ബദര്‍ പടപ്പാട്ടിലെ ഇശല്‍പേരുകള്‍ മിക്കതും തമിഴ് കവിയുടെ രചനയായ സഖൂം പടപ്പാട്ടിലെ പാട്ടുകളുടെ തുടക്കപ്പദങ്ങളായത് അതുകൊണ്ടാവണം. ക്ലാസിക്കല്‍ കാവ്യവിഷയങ്ങളായ പ്രണയവും പോരും തന്നെയാണ് വൈദ്യരുടെയും കാവ്യഭാവനയെ പ്രചോദിപ്പിച്ചത്. സൂഫികളുടെ ആത്മീയ സമീപനമാണല്ലോ മാപ്പിളപ്പാട്ടിന്റെ ആത്മാവ്. വൈദ്യര്‍കൃതികളിലെ പ്രണയസങ്കല്പം സൂഫി പ്രണയസങ്കല്പം തന്നെയാണ്. ഖാദിരിയ്യ, ചിശ്തിയ്യ ആത്മീയ വഴികളുടെ പ്രയോക്താവായിരുന്ന ഇശ്തിയാഖ് ശായില്‍ നിന്ന് ആത്മീയ ശിക്ഷണം നേടിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാളപൂട്ടിനെ കുറിച്ച് പെട്ടെന്ന് പാട്ടുകെട്ടി കേള്‍പ്പിച്ച, കുട്ടിയായിരുന്ന വൈദ്യരെ സൂഫിയായിരുന്ന ഇശ്തിയാഖ് ശാ അനുഗ്രഹിച്ചതായി പറയപ്പെടുന്നു. ഇശ്തിയാഖ് ശാ മരിച്ചപ്പോള്‍ മോയിന്‍കുട്ടി വൈദ്യര്‍ അദ്ദേഹത്തെ പ്രകീര്‍ത്തനം ചെയ്തുകൊണ്ട് ‘കറാമത്തുമാല’ (1868) എഴുതുന്നുമുണ്ട്. അത്രമാത്രം ശക്തമായിരുന്നു വൈദ്യര്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആത്മീയാഭിമുഖ്യം.
ഇരുപത്തിനാലാമത്തെ വയസ്സില്‍ (1872-ല്‍) എഴുതിയ ഹുസ്‌നുല്‍ ജമാലിലെത്തുമ്പോള്‍ വൈദ്യരുടെ പ്രണയ സങ്കല്പം കൂടുതല്‍ അഗാധവും തീവ്രവുമാകുന്നു. പേരുകേട്ട ഉറുദു സാഹിത്യകാരന്‍ മീര്‍ സാഹികിന്റെ മകന്‍ മീര്‍ ഹസന്‍ ദഹ്‌ലവി 1785-ല്‍ രചിച്ച ‘ഖിസ്സായെ ബദ്‌റെ മുനീര്‍’ എന്ന പ്രസിദ്ധമായ ഉറുദു മസ്‌നവിയെയാണ് വൈദ്യര്‍ ഈ രചനക്കായി അവലംബിച്ചത്. ഇശ്തിയാഖ് ശായുടെ ബന്ധുവാണെന്ന് പറയപ്പെടുന്ന പണ്ഡിതന്‍ നിസാമുദ്ദീന്‍ മിയയാണ് പ്രസ്തുത മസ്‌നവിയിലെ കഥ വൈദ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നത്.
രാജകീയ സൗകര്യങ്ങളുടെ അലസപശ്ചാത്തലത്തില്‍ പിറന്നു വളര്‍ന്ന മോഹനാംഗിയാണ് ഹുസ്‌നുല്‍ ജമാല്‍. ധീരമായ ഒരു മുന്‍കൈയും പ്രതീക്ഷിക്കാവുന്നതല്ല ആ അന്തരീക്ഷം. എന്നാല്‍ ബദ്‌റുല്‍ മുനീറുമായുള്ള പ്രണയത്തിന്റെ ഗതി തടയപ്പെട്ടപ്പോള്‍ അവിശ്വസനീയമാംവിധം ഉജ്വലമായ ഇച്ഛാശക്തിയാണ് അവള്‍ പ്രകടിപ്പിക്കുന്നത്. രാജാവും റാണിയുമായ മാതാപിതാക്കളെയും രാജകീയ സൗകര്യങ്ങളെയും ത്യജിക്കുക മാത്രമല്ല അവള്‍ ചെയ്തത്. പ്രണയസാഫല്യം ജീവിതലക്ഷ്യമായി സ്വീകരിക്കുകയും അതിന്റെ മുന്നണിപ്പോരാളിയായി മാറുകയും ചെയ്യുന്നു. ‘സംഗീതക്കല്ല്യാണി’ പാടിനടന്നവള്‍ വാക്ശരങ്ങള്‍ എയ്തു തുടങ്ങുന്നു. അന്നനടക്കാരി അങ്കം നടത്തുന്നു. ഇച്ഛാശക്തിയെ ആശ്രയിച്ച്, വാക്പയറ്റും വാള്‍പ്പയറ്റും നടത്തി, യുക്തിയും തന്ത്രവും തരാതരം പ്രയോഗിച്ച്, പ്രതിബന്ധങ്ങളെ തരണം ചെയ്ത്, പ്രലോഭനങ്ങളെ അതിജീവിച്ച് മുന്നേറുന്ന മാന്യയും ധീരയും പണ്ഡിതയും സുന്ദരിയും പ്രേമലോലയുമായ നായികയാണ് ഹുസ്‌നുല്‍ ജമാല്‍. നായകനായ ബദ്‌റുല്‍ മുനീറല്ല, നായികയായ ഹുസ്‌നുല്‍ ജമാലാണ് ആസ്വാദകമനസ്സില്‍ തമ്പുകെട്ടി പാര്‍ക്കുന്ന കഥാപാത്രം.
സൂഫി കാവ്യങ്ങളിലെ കാമിനിമാരുടെ പൊതുസ്വഭാവമാണിത്. വിരഹിണികളാണ് തങ്ങളുടെ ആത്മാക്കള്‍. അവ ദൈവസംഗമത്തിനു വേണ്ടി ദാഹിക്കുന്നവയാണ്. അതിന്നു തടസ്സമാകാവുന്ന എല്ലാത്തിനെയും നേരിടും. എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കും. അലൗകിക സൗന്ദര്യത്തോട് സംഗമിക്കുന്നതു വരെ സ്വസ്ഥത അനുഭവിക്കാനാവാത്തവര്‍. മിസ്റ്റിക്കുകളുടെ ആത്മീയമായ ഈ അസ്വാസ്ഥ്യത്തെ ആവിഷ്‌കരിക്കാന്‍ സൂഫികവിതകളില്‍ സ്ത്രീപുരുഷ പ്രേമമാണ് വ്യാപകമായി വിനിയോഗിക്കപ്പെട്ടിട്ടുള്ള ഉപാധി. സുലൈഖക്ക് യൂസുഫ് നബിയോടു തോന്നിയ തീവ്രാനുരാഗമാണ് വിഖ്യാത പേര്‍ഷ്യന്‍ മിസ്റ്റിക് കവി ജാമി കവിതയാക്കിയത്. സ്ത്രീപുരുഷ പ്രേമത്തിന്റെ ലൗകിക ഭാവങ്ങള്‍ വായിച്ചെടുത്ത് ആസ്വദിക്കാവുന്ന ഒരു തലം ഹുസ്‌നുല്‍ ജമാലിന്നുണ്ട്. എന്നാല്‍ ദിവ്യാനുരാഗികളുടെ പ്രണയസഞ്ചാരം ആവിഷ്‌കരിക്കുന്ന രചനകൂടിയാണതെന്ന കാര്യം കാണാതെ പോകരുത്.
വൈദ്യരുടെ തുടര്‍ന്നുള്ള രചനകളിലും ഇതേ പ്രണയഭാവത്തിന്റെ തുടര്‍ച്ച കാണാവുന്നതാണ്.
‘ഉരത്ത് യാ മൗലല്‍ ഗുറബാ
ഉശിരെങ്കള്‍ ത്വാബ ത്വാബാ’
എന്നു തുടങ്ങുന്ന തരത്തിലുള്ള പാട്ടുകള്‍ പ്രവാചകനോടുള്ള പ്രണയ തീവ്രത ആവിഷ്‌കരിക്കപ്പെടുന്നവയാണ്. വേറൊരു തരത്തിലും ദിവ്യാനുരാഗത്തിന്റെ ഭേദാവിഷ്‌കാരങ്ങളായി മാറുന്നുണ്ട്, വൈദ്യരുടെ പടപ്പാട്ടുകള്‍. ബദര്‍, ഉഹ്ദ്, മലപ്പുറം പട തുടങ്ങിയവയിലെ പോരാളികള്‍ രക്തസാക്ഷിത്വം കൊതിക്കുന്നവരാണ്. അനീതിക്കെതിരായ സമരത്തില്‍ അണിനിരന്ന് മരണം വരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്, അതുവഴി എളുപ്പം തങ്ങളുടെ പ്രേമഭാജനത്തെ സന്ധിക്കാമെന്ന വിശ്വാസമാണ്.
അധിനിവേശ സംരംഭത്തിന്റെ ആദ്യ പതാകവാഹകര്‍ അറബിക്കടലില്‍ പ്രത്യക്ഷപ്പെട്ട നാള്‍മുതല്‍ അവര്‍ക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് മാപ്പിളമാര്‍. വാളുകൊണ്ടുള്ള പോരിനൊപ്പം തന്നെ പേന കൊണ്ടുള്ള പോരാട്ടവും അവര്‍ തുടങ്ങിയിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ വിഖ്യാത ചരിത്രഗ്രന്ഥമായ ‘തുഹ്ഫതുല്‍ മുജാഹിദീന്‍’ പറങ്കികള്‍ക്കെതിരെ സമര സജ്ജരാകാനുള്ള പ്രത്യക്ഷാഹ്വാനമാണല്ലോ. ‘ഫത്ഹുല്‍ മുബീന്‍’ അടക്കമുള്ള കാവ്യങ്ങളും ഇതേ താത്പര്യം പ്രകടിപ്പിക്കുന്നവയാണ്. ഈ പരമ്പരയിലെ ശ്രദ്ധേയങ്ങളായ രചനകളാണ് വൈദ്യരുടെ പടപ്പാട്ടുകള്‍.
ബദര്‍ പടപ്പാട്ട് എഴുതപ്പെടുന്ന കാലത്ത് മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന് എണ്‍പത്തഞ്ചാണ്ട് പഴക്കമുണ്ട്. മാപ്പിളക്കലാപങ്ങളുടെ മരുന്നറ അപ്പോഴേക്ക് പാകപ്പെട്ടുകഴിഞ്ഞിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സര്‍വ്വായുധ വിഭൂഷിതമായ സൈന്യത്തെയാണല്ലോ സാമാന്യം നിരായുധരായ മാപ്പിളമാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. ബദര്‍ പോര്‍ക്കളത്തിലാണ് സമാനമായ ഒരു ചരിത്രാനുഭവം മാപ്പിളമാര്‍ കണ്ടെത്തുന്നത്. മുന്നൂറ്റിപ്പതിമൂന്ന് ആളുകള്‍, എട്ട് വാള്‍, ഒമ്പത് കുന്തം, ഒമ്പത് പടയങ്കി, അഞ്ച് കുതിര. ഇത്രയും ദരിദ്രമായ പടക്കോപ്പുകളുമായി അന്നത്തെ നിലയിലുള്ള എല്ലാവിധ പടച്ചമയങ്ങളും ഏന്തിവന്ന ആയിരം അംഗസംഖ്യയുള്ള എതിരാളികളോട് നബിയും സ്വഹാബിമാരും ഏറ്റുമുട്ടി അത്ഭുത വിജയം നേടിയ ചരിത്രമാണ് ബദറിന്നുള്ളത്. ഈ വിസ്മയ ചരിതം മാപ്പിളമാര്‍ക്ക് വളരെ പരിചിതമായിരുന്നു. അറബിയിലും അറബി മലയാളത്തിലുമായി പലതവണ ആ യുദ്ധചരിതം പല രൂപത്തില്‍ ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
മാപ്പിളമാര്‍ക്ക് സുപരിചിതമായ ഈ യുദ്ധവൃത്താന്തമാണ് അതീവ ദുര്‍ഗ്രഹമായ ഒരു ഭാഷയില്‍ വൈദ്യര്‍ ആവിഷ്‌കരിച്ചത്. ഈ ദുര്‍ഗ്രഹത പാടിപ്പറയുന്ന ഒരുകൂട്ടം കലാകാരന്മാരെ സൃഷ്ടിക്കാന്‍മാത്രം കടുപ്പമേറിയതായിരുന്നു. രാത്രികാലങ്ങളില്‍ മൂന്നും നാലും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണ് പാടിപ്പറയല്‍ പരിപാടി. നൂറോളം പാട്ടുകളുള്ള ബദര്‍ പാടിപ്പറയാന്‍ ഇങ്ങനെ തുടര്‍ച്ചയായ പത്തോ പതിനഞ്ചോ ദിവസമെടുത്തിരുന്നു. സുദൃഢമായ ഗുരുശിഷ്യ ബന്ധത്തിലൂടെയാണ് പാടിപ്പറയുന്നവര്‍ തങ്ങളുടെ പാട്ടറിവ് പുതിയ പാടിപ്പറയല്‍ കലാകാരന്മാര്‍ക്ക് കൈമാറിയിരുന്നത്. അങ്ങനെ ശിക്ഷണം ലഭിച്ചവരാണ് അതിന്റെ അകംപൊരുള്‍ ആസ്വാദകര്‍ക്ക് കാണിച്ചുകൊടുത്തത്. കേരളത്തില്‍ ഇതുമൊരു അപൂര്‍വ്വാനുഭവമാണ്.
മറ്റേതെങ്കിലുമൊരു കൃതിക്ക് ഇങ്ങനെയൊരു അനുഭവമുണ്ടോ? ഒന്നേകാല്‍ നൂറ്റാണ്ടിനുശേഷവും, എല്ലാവിധ വിനോദാപാധികളും സുലഭമായ ആധുനിക കേരളത്തിലും വിരളമായെങ്കിലും ബദര്‍ പാടിപ്പറയല്‍ നടക്കുന്നുണ്ട്.
അത്രമേല്‍ ദുര്‍ഗ്രഹമായിരുന്നിട്ടും ആസ്വാദകര്‍ക്കിടയില്‍ ഏറെ പ്രചാരം നേടുകയും സ്വാധീനം ചെലുത്തുകയും ചെയ്ത ഒരു കൃതിയാണ് ബദര്‍ പടപ്പാട്ട് എന്നത് ഒരു വിസ്മയം തന്നെയാണ്. പ്രസിദ്ധങ്ങളായ പാട്ടുകളുടെ തുടക്കപ്പദങ്ങള്‍ കൊണ്ടാണ് ഇശലുകള്‍ക്ക് പേരുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. ഏതെങ്കിലുമൊരു പാട്ട് ജനഹൃദയം കവര്‍ന്നാല്‍ അപ്പേരില്‍ പഴയ ഇശല്‍ നാമങ്ങള്‍ പുനര്‍നാമകരണം ചെയ്യപ്പെടുന്ന പതിവുമുണ്ടായിരുന്നു. പ്രസ്തുത പാട്ടെഴുത്തുകാര്‍ക്ക് പില്‍ക്കാല രചയിതാക്കള്‍ നല്‍കുന്ന ഒരുതരം അംഗീകാരമാണിത്. ഈ രീതിയില്‍ ഏറെ ഇശല്‍ നാമങ്ങള്‍
മാപ്പിളപ്പാട്ടുകള്‍ പൊതുവെ ഗാനാത്മക രചനകളാണ്. സംഗീതത്തിനാണ് മുഖ്യ പരിഗണന. വൈദ്യര്‍ കൃതികളുടെ വിജയ രഹസ്യങ്ങളിലൊന്ന് അതിന്റെ ആലാപനസൗഖ്യം തന്നെയാണ്. ദുര്‍ഗ്രഹത പോലും ആ ഗാനപ്രവാഹത്തില്‍ വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. അനുപ്രാസാര്‍ത്ഥം ആവര്‍ത്തിച്ചുപയോഗിക്കുന്ന വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥാനത്തിനനുസരിച്ച് താളം വീഴുന്ന പാട്ടുകള്‍ വൈദ്യര്‍ കൃതികളില്‍ ദുര്‍ലഭമല്ല. ഈ സംഗീതാഭിനിവേശമാകാം എല്ലാ യുദ്ധക്കളത്തിലും പത്തോ നാല്പതോ തരം വാദ്യോപകരണങ്ങള്‍ അണിനിരത്തിയ ഓര്‍ക്കസ്ട്ര ഒരുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഒരു പുനരാഖ്യാതാവിന്റെ മട്ടിലാണ് വൈദ്യര്‍ തന്റെ രചനകളില്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ ഉപജീവിച്ച ഗ്രന്ഥത്തിന്റെ രചയിതാവിനെ അനുധാവനം ചെയ്യുക മാത്രമാണ് ചെയ്യുന്നത് എന്നു തോന്നും അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുമ്പോള്‍. തന്റെ ഭാവനാവിലാസത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ചരിത്രാഖ്യാനത്തിലെ വൈദ്യരുടെ കണിശതയാണ്. ബദര്‍, ഉഹ്ദ്, മലപ്പുറം തുടങ്ങിയ പടപ്പാട്ടുകളില്‍ വസ്തുതകളെയും സംഭവഗതികളെയും അതേവിധം പിന്തുടരുക മാത്രമായിരുന്നു വൈദ്യര്‍ ചെയ്തത്. വര്‍ണ്ണനാവേളകളാണ് തന്റെ ഭാവനാവൈഭവം വിനിയോഗിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കിയത്. നാടകീയത മുറ്റിയ അവതരണം, രംഗാവിഷ്‌കരണ വൈഭവം, കാവ്യാത്മകത, സംഗീതാത്മകത എന്നിവ കൊണ്ടാണ് ആ ഞെരുക്കത്തെ വൈദ്യര്‍ മറികടന്നത്.
‘സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വിശ്വാസത്തിനുമെതിരെ ഉയരുന്ന ഏതു ശക്തിയെയും പ്രതിരോധിക്കുക’ – അതാണ് വൈദ്യരുടെ മനോഭാവം. അത് ദൈവത്തിന്റെ നിശ്ചയമാണ്. ദൈവിക താത്പര്യത്തോടുള്ള വണക്കമെന്ന നിലയില്‍, പോര്‍നിലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ആശ്രയം ആയുധങ്ങളല്ല, ദിവ്യസഹായമാണ്. അതിനാല്‍ വൈദ്യര്‍ക്ക് ചരിത്രമെന്നാല്‍ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ഒന്നല്ല. മറിച്ച്, ദൈവിക ഇടപെടലിന്റെ ആവിഷ്‌കാരമാണ്. ചുമതലാബോധത്തോടെ അനീതിക്കെതിരെ പൊരുതുന്നവര്‍ക്ക് പരാജയമില്ല എന്നും വൈദ്യര്‍ വിധിക്കുന്നു. ഒന്നുകില്‍ പോര്‍വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വത്തിന്റെ വിജയം. അതിനാല്‍ രക്തസാക്ഷികളുടെ കീര്‍ത്തനമാണ് വൈദ്യരുടെ ഒരു പ്രമേയം. മലപ്പുറം പടപ്പാട്ടിന്റെ പേരുതന്നെ ‘മദിനിദിമാല’ എന്നാണ്. പ്രസ്തുത പടയില്‍ രക്തസാക്ഷികളായ നാല്പത്തിനാല് പേരെയാണ് മദിനിദി കൊണ്ട് ഉദ്ദേശിക്കുന്നത്.
സലീഖ്വത്ത്, സലാസീല്‍ തുടങ്ങിയ കഥകള്‍ വൈദ്യര്‍ക്ക് വിവരിച്ചുകൊടുത്തതും കൊണ്ടോട്ടി സാംസ്‌കാരിക സദസ്സിലെ പേര്‍ഷ്യന്‍ പണ്ഡിതനായ നിസാമുദ്ദീന്‍ മിയയാണ്. വൈദേശികാധിപത്യത്തിനെതിരെ കലാപം ചെയ്യുന്നവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന കവിതകളാണ് വൈദ്യരുടേത്. ആ പാട്ടുകള്‍ പകര്‍ന്ന പോര്‍വീര്യം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ബോധ്യപ്പെടുകയും മലപ്പുറം പടപ്പാട്ട് പാടിപ്പറയുന്നതും കൈവശം വെക്കുന്നതും നിയമംമൂലം നിരോധിക്കുകയും ചെയ്തത് അതുകൊണ്ടാണ്.
മലപ്പുറത്തു വെച്ചുണ്ടായ പടയുടെ വൃത്താന്തം പറയാന്‍ കേരള ചരിത്രത്തെയാണ് വൈദ്യര്‍ ഉപാധിയാക്കിയത്. അന്നത്തെ അവസ്ഥയില്‍ അസാധരണമാംവിധം ചരിത്രവിവരങ്ങള്‍ സംഭവസ്ഥലത്തു ചെന്ന് താമസിച്ച് ശേഖരിച്ചു പഠിച്ചതിനുശേഷമാണ് വൈദ്യര്‍ ആ കൃതി രചിച്ചത്. കേരള ചരിത്രത്തെ പ്രമേയമാക്കി ഉള്ളൂരിന്റെ ഉമാകേരളം രചിക്കപ്പെടുന്നതിന് ദശകങ്ങള്‍ക്കു മുമ്പാണ് അറബിമലയാളത്തില്‍ അദ്ദേഹം ഇങ്ങനെയൊരു കാവ്യം ചമച്ചുവെച്ചത്.
ആര്‍ത്തലക്കുന്ന കടലോരത്ത്, മിന്നിത്തിളങ്ങുന്ന ഒരു ഖഡ്ഗവുമൂന്നി, പ്രണയാര്‍ദ്രമായ മനസ്സോടെ, സംഗീതസാന്ദ്രമായ ആകാശത്ത് കണ്ണും നട്ട്, നാടിന്റെ സ്വാതന്ത്ര്യവും നാട്ടുകാരുടെ അഭിമാനവും പ്രതിരോധിച്ചു നില്‍ക്കുന്ന ഒരു ഭക്തന്റെ ചിത്രമാണ് വൈദ്യരുടെ പടപ്പാട്ട് പാടിക്കഴിയുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നത്.
മാപ്പിളപ്പാട്ട് കൃതികളുടെ അവസാനഭാഗത്ത് രചയിതാവിന്റെ പേരും രചനാകാലവും ചേര്‍ക്കുന്ന പ്രവണത മോയിന്‍കുട്ടി വൈദ്യരും സ്വീകരിച്ചിട്ടുണ്ട്. ആ രീതി പ്രധാന കൃതികളുടെ കര്‍തൃനാമവും രചനാകാലവും കൃത്യമായറിയാന്‍ ഏറെ സഹായിക്കുന്നുണ്ട്. വൈദ്യപാരമ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള ഒരു പേരാണ് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചത്. അതാകട്ടെ അറബി മലയാളത്തിന്റെ ഭാഷാ സവിശേഷതകളിലൊന്നായ വിഭിന്ന ഭാഷാപദങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയതാണ്. ‘കുട്ടിവൈദ്യര്‍’ എന്നര്‍ത്ഥം വരുന്ന ‘പയ്യല്‍ ത്വബീബ്’ ആണ് അദ്ദേഹം സ്വീകരിച്ച തൂലികാനാമം. ‘കിളത്തിമാല’യിലാണ് ഈ പേര്‍ ആദ്യമായി വൈദ്യരുപയോഗിച്ചത്.
നബിയുടെ ജനനം മുതല്‍ മദീനയിലേക്കു നടത്തിയ ഹിജ്‌റ വരെയുള്ള ചരിത്ര സംഭവങ്ങള്‍ പാട്ടാക്കി കെട്ടുകയായിരുന്നു വൈദ്യരുടെ അവസാനത്തെ രചനോദ്യമം. ബദര്‍, ഉഹ്ദ് തുടങ്ങിയ മദീനാ സംഭവങ്ങള്‍ നേരത്തെ തന്നെ കാവ്യവിഷയമാക്കിയിരുന്നല്ലോ. വിധിവശാല്‍ ഹിജ്‌റ എന്ന കാവ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇരുപത്തേഴാമത്തെ ഇശല്‍ മുതല്‍ക്കുള്ളവ പിതാവിനാല്‍ രചിക്കപ്പെട്ടവയാണ്. ഇരുപത്താറ് പാട്ടുകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ നാല്പത്തഞ്ചാമത്തെ വയസ്സില്‍ (1893-ല്‍) ആ പാട്ടുകവിയുടെ ജീവിതത്തിന് അറുതിയായി.