പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ ഓരോ മുസ്‌ലിമിന്റെയും മനസ്സിലേക്ക് ധാരാളം ത്യാഗത്തിന്റെയും വേദനയുടെയും ക്ഷമയുടെയും സ്മരണകള്‍ കടന്നു വരുന്നുണ്ട്. പരിശുദ്ധമായ ഇസ്‌ലാമിന്റെ വെളിച്ചവും പ്രതാപവും വളര്‍ച്ചയും ഉയര്‍ച്ചയുമെല്ലാം ഉണ്ടായത് ഇത്തരം പ്രതിസന്ധികള്‍ സഹിക്കേണ്ടി വന്നത് കൊണ്ടാണ്. ഹിജ്‌റ എന്ന മഹാ സംഭവം എക്കാലത്തും സ്മരിക്കപ്പെടുന്നത് പരിശുദ്ധമായ ഇസ്‌ലാമിന്റെ ആദര്‍ശ പ്രചരണ രംഗത്ത് പരിപാവനമായ ത്യാഗത്തിന്റെയും സഹനത്തിന്റെയും മനക്കരുത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും അടയാളങ്ങളായിട്ടായിരുന്നു.
ഏത് വ്യക്തിയുടെയും പാരത്രികമായ വിജയത്തിന്റെ കാതല്‍ തൗഹീദാണ്. അല്ലാഹുവിലുള്ള വിശ്വാസം നമ്മുടെ മനതലങ്ങളില്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ത്ഥ വിജയം കരഗതമാക്കാന്‍ സാധിക്കുന്നത്. ശിര്‍ക്ക് ഒരിക്കലും പൊറുക്കപ്പെടാത്ത കാര്യമാണ്. ഈ ശിര്‍ക്കിനെ വിപാടനം ചെയ്യാന്‍ വേണ്ടിയാണ് അല്ലാഹു അവന്റെ അമ്പിയാക്കളെ നിയോഗിച്ചത്. ഈ ദൗത്യനിര്‍വഹണത്തിന് അവര്‍ സഹിക്കേണ്ടി വന്ന പ്രയാസങ്ങള്‍ വളരെ കൂടുതലാണ്. സത്യം എന്ന സംഭവം ഉണ്ടാവുന്ന കാലത്തോളം സത്യത്തെ എതിര്‍ക്കാന്‍ സര്‍വ്വവിധ സന്നാഹങ്ങളുമായി അസത്യത്തിന്റെ വാഹകര്‍ ഉണ്ടായിരിക്കല്‍ സ്വഭാവികമാണ്. ഇത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതു കൊണ്ടാണ് നബി(സ്വ) തങ്ങള്‍ തൗഹീദുമായി മുന്നോട്ട് വന്നപ്പോള്‍ സമൂഹം എതിര്‍ക്കുകയും സ്വന്തം കുടുംബത്തില്‍ നിന്ന് പോലും നബി(സ്വ) തങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്തത്. കാരണം, മക്കാ മുശ്‌രിക്കുകള്‍ക്ക് തൗഹീദിനെ ഒരിക്കലും ഏറ്റെടുക്കാന്‍ കഴിവില്ലായിരുന്നു. ആദ്യം മുതല്‍ക്കേ ആരാധിച്ചിരുന്ന ബിംബങ്ങളെ വിട്ട് തൗഹീദെന്ന സത്യവിശ്വാസത്തിലേക്കുള്ള ഒരു മാറ്റം അവരെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
പക്ഷേ നബി(സ്വ)യും അവരെ അംഗീകരിച്ചവരും തങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോയി. പ്രപഞ്ചനാഥന്റെ കല്‍പനയെ പിന്തുടരുക, ഏറ്റെടുക്കുക എന്ന വിഷയത്തിനു മുമ്പില്‍ നബി(സ്വ)തങ്ങള്‍ ഒന്നും പ്രശ്‌നമായി കണ്ടില്ല. ഒരുപാട് പീഢനങ്ങള്‍ നബി(സ്വ)ക്ക് സഹിക്കേണ്ടി വന്നു. അല്ലാഹു പറയുന്നു. ”അവരുടെ മേല്‍ പരിശുദ്ധമായ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ കൈയ്യേറ്റം ചെയ്യുകയും അവരുടെ മുഖത്ത് ദേഷ്യം ഉണ്ടാവുകയും ചെയ്യും.”
ശത്രുക്കള്‍ നബിയെ അല്‍ അമീന്‍ എന്ന് വിളിച്ചിരുന്ന അതേ നാവ് കൊണ്ട് മാരണക്കാരന്‍, ജോത്സ്യന്‍ തുടങ്ങി മോശമായ വാക്കുകള്‍ വിളിച്ച് പരിഹസിക്കുകയും ചെയ്തു. നബി(സ്വ) ക്ക് താങ്ങും തണലുമായി പിതൃവ്യന്‍ അബൂ ത്വാലിബ് മരണം വരെ സംരക്ഷണം നല്‍കിയപ്പോള്‍ അബൂലഹബും അയാളുടെ ഭാര്യയായ ഉമ്മുല്‍ ജമീന്‍ എന്ന നികൃഷ്ഠ സ്ത്രീയും നബിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരുടെ മുന്‍നിരയില്‍ നിന്നു. വിശുദ്ധ ഖുര്‍ആന്‍ അബൂലഹബിനേയും ഭാര്യയേയും ശപിക്കുകയുണ്ടായി. ആസ്വിബ് ബ്‌നു വാഇല്‍, അസ്‌വദ്, വലീദ്ബ്‌നു മുഗീറ, നള്‌റുബ്‌നു ഹാരിസ് എന്നീ ദുഷ്ടന്‍മാര്‍ നബിയെ വല്ലാതെ ദ്രോഹിച്ചവരുടെ പട്ടികയില്‍ പെടുന്നു. അതുപോലെ നബി(സ്വ)യുടെ അനുയായികള്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചു. ചുട്ടു പഴുത്ത മണലാരണ്യത്തില്‍ നട്ടുച്ച നേരത്ത് കൈകാലുകള്‍ ബന്ധിച്ച് മലര്‍ത്തിക്കിടത്തിയും നെഞ്ചില്‍ കനത്ത പാറക്കല്ലുകള്‍ കയറ്റിവെച്ച് പ്രഹരിക്കുകയും ചെയ്തു. ഇത്രയും ത്യാഗ നിര്‍ഭരമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും നബിയും അവരുടെ അനുയായികളും തങ്ങളുടെ ദൗത്യത്തില്‍ നിന്ന് ഒരിഞ്ച് പോലും മാറി നിന്നില്ല എന്നാണ് നാം ഇവിടെ സ്മരിക്കേണ്ടത്. മനക്കരുത്താണ് നമുക്ക് വേണ്ടത്. ഒരു നേതാവിന് ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഗുണമാണ് തന്റെ ദൗത്യ നിര്‍വ്വഹണത്തില്‍ അചഞ്ചലമായ തീരുമാനം ഉണ്ടായിരിക്കുക എന്നത്. അതിനു മുമ്പില്‍ ഏതു കൊമ്പന്മാര്‍ വന്നാലും എന്തും സഹിക്കാന്‍ തയ്യാറാകണം. ആശയത്തെ ഒരാള്‍ക്ക് മുമ്പിലും അടിയറ വെക്കരുത്. ദൗത്യ നിര്‍വ്വഹണത്തില്‍ നിന്ന് പിന്മാറുന്ന സ്വഭാവവും ഒരാള്‍ക്കും ഉചിതമല്ല. അതിനു പറ്റിയ ഇടം നാം തന്നെ സെലക്ട് ചെയ്യണം. അതിന് ചിലപ്പോള്‍ സ്വന്തം കുടുംബം, സ്വത്ത്, സന്താനങ്ങള്‍, നാട്, വീട്, തുടങ്ങിയവയെല്ലാം ഒരു സാഹചര്യത്തില്‍ വിട്ടേച്ച് പോകേണ്ടിവരും. എങ്കിലും അവയെല്ലാം തിരിച്ചുപിടിക്കും എന്ന ഉറപ്പോടെ നാം നമ്മുടെ ദൗത്യ നിര്‍വഹണത്തിന് പറ്റിയ അവസരങ്ങള്‍ കണ്ടെത്തേണ്ടി വരും. ഇതാണ് ഹിജ്‌റയിലൂടെ നാം പഠിച്ചെടുക്കേണ്ടത്.
അല്ലാഹുവിന്റെ കല്‍പന വരുന്നു. ഹിജ്‌റപോവണം. നബി(സ) അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഒരു സമ്മതത്തിന് കാത്തിരിക്കുകയായിരിന്നു. അങ്ങനെ ഹിജ്‌റ പുറപ്പെടുന്നു. സ്വന്തം നാടും വീടും വിട്ട് മറ്റൊരു സ്ഥലം അഥവാ മദീന തേടി പുറപ്പെട്ടപ്പോള്‍ അത് തന്റെ ആദര്‍ശ പ്രചരണത്തിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലായി മാറുകയായിരുന്നു. ഒരിക്കലും നാടും വീടും വിട്ട് പോവാനുള്ള താല്‍പര്യം കൊണ്ടല്ല പോയത്, മറിച്ച് ഗതികേട് കൊണ്ടായിരുന്നു. നബി(സ)പറഞ്ഞു: ”ഓ മക്കാ… നിന്നെ ഞാന്‍ ഇഷ്ടപെടുന്നു, നിന്റെ ജനത എന്നെ വിട്ടയച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ട് പോവില്ലായിരന്നു.”
ആദ്യം നബി(സ) അബൂബക്കര്‍(റ)വിന്റെ വീട്ടില്‍ ചെന്ന് വിവരം പറഞ്ഞു. യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതു കേട്ട അബൂബക്കര്‍(റ) സഹയാത്രികനായി പോകാനുള്ള അനുമതി കിട്ടിയതില്‍ സന്തോഷം കൊണ്ട് അശ്രുകണങ്ങള്‍ പൊഴിച്ചു. നേരിട്ട് മദീനയിലേക്ക് പോയില്ല. ആദ്യം മക്കയുടെ താഴ്ഭാഗത്തുള്ള സൗര്‍ മലയെ ലക്ഷ്യം വെച്ച് നീങ്ങി(മക്കയില്‍ നിന്ന് 3കി.മി ദൂരം). അവിടെ അഭയം പ്രാപിച്ചു. പക്ഷേ ഖുറൈശികള്‍ ഗുഹാമുഖത്ത് എത്തി. സിദ്ധീഖ്(റ) ഭയന്ന് വിറച്ചു. അവര്‍ പറഞ്ഞു: ”നബിയെ അവര്‍ കുനിഞ്ഞൊന്ന് നോക്കിയാല്‍ നമ്മുടെ ജീവന്‍ പോയതുതന്നെ. ഞാന്‍ മരിച്ച് കൊള്ളട്ടെ സാരമില്ല,ലോകത്തിന് വെളിച്ചം നല്‍കേണ്ട അങ്ങേക്ക് വല്ലതും സംഭവിച്ചാല്‍…” സിദ്ധീഖ് വിതുമ്പിയപ്പോള്‍ നബിയരുളി.
”നാം രണ്ടുപേരും മാത്രമല്ല അല്ലാഹു നമ്മുടെ കൂടെയുണ്ട്.” എന്ത് നല്ലവാക്കുകള്‍, ഒരു പ്രയാസം വരുമ്പോള്‍ അല്ലെങ്കില്‍ ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളില്‍ നാം പതറാന്‍ പാടില്ല. പ്രത്യേകിച്ചും ഒരുനേതാവ് തന്റെ പ്രസ്ഥാനത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവിടെ കാലിടറരുത്, മറിച്ച് തന്റെ അനുവാചകര്‍ക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും കരുത്തിന്റെയും വാക്കുകള്‍ നല്‍കുകയാണ് വേണ്ടത്. പകരം അവിടെ ഒരു നേതാവ് പതറിയാല്‍ എന്തായിരിക്കും അനന്തരഫലം. ഇത് അല്ലാഹുവിന്റെ പരീക്ഷണമാണ്. അവന്‍ നമ്മെ രക്ഷിക്കും, അവന്റെ കല്‍പന പ്രകാരമാണ് നാം പുറപ്പെട്ടത്. അല്ലാഹുവിന്റെ കല്‍പനക്ക് വഴിപ്പെട്ടാല്‍ അവന്റെ മേല്‍ നമ്മുടെ കാര്യത്തെ ഏല്‍പ്പിച്ചാല്‍ നാം പരാജയപ്പെടുകയില്ല. അപ്പോള്‍ നമ്മുടെ കാര്യം അല്ലാഹു ഏറ്റെടുക്കും. ഇതാണ് ഒരു ഇസ്‌ലാമിക പ്രബോധകന് ആദ്യം വേണ്ടതെന്ന് നബി(സ) തങ്ങള്‍ തന്റെ സമൂഹത്തെ പഠിപ്പിക്കുക കൂടിയാണ് ചെയ്തത്. ദീനിന്റെ പ്രബോധന വേളയില്‍ അഭിമുഖീകരിക്കുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നാം ചെയ്യേണ്ടത് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ്. അല്ലാഹു പറയുന്നു. ”അല്ലാഹുവിന്റെമേല്‍ ആരെങ്കിലും ഭരമേല്‍പ്പിച്ചാല്‍ അവന്‍ മതി.” ശത്രുക്കള്‍ സൗര്‍ ഗുഹാമുഖത്ത് എത്തിയപ്പോള്‍ അല്ലാഹു അവരെ സംരക്ഷിച്ചതെങ്ങനെ യെന്ന് നോക്കൂ. അവിടെ ആള്‍പ്പെരുമാറ്റമില്ല എന്നത് ബോധ്യപ്പെടുത്താനാവശ്യമായ ലക്ഷണങ്ങള്‍ അവന്‍ അവിടെ ഏര്‍പ്പെടുത്തി. എട്ടുകാലി ഗുഹാമുഖത്ത് വലകെട്ടിയതും കാട്ടു പ്രാവുകള്‍ മുട്ടയിട്ട് അടയിരുന്നതും ഖുറൈശികളെ കണ്ടപ്പോള്‍ പറന്ന് പോകുന്നതും അവര്‍ കണ്ടു. ഇതെല്ലാം അവരുടെ മനസ്സില്‍ ആരാണ് പറഞ്ഞ് കൊടുത്തത്. അതുപോലെ ഒരു മരക്കൊമ്പ് ആ ഗുഹാമുഖത്തേക്ക് ചാഞ്ഞ് ഗുഹാമുഖം അടച്ചിരിന്നു. അപ്പോള്‍ അല്ലാഹുവിന്റെ കൂടെ നിന്നാല്‍ മനുഷ്യേതര ജീവികളും നിര്‍ജീവ വസ്തുക്കളും തന്റെ കൂടെ ഉണ്ടാകുമെന്ന വലിയ പാഠം ഇതിലൂടെ നാം മനസ്സിലാക്കണം.
ഇസ്‌ലാം ഒരിക്കലും യുദ്ധത്തിന്റെയോ ശത്രുതയുടെയോ തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ മതമല്ല. എല്ലാവരോടും സഹകരണത്തോടും സഹവര്‍ത്തിത്തത്തോടും പെരുമാറണമന്ന് പഠിപ്പിക്കുന്ന മതമാണ്. ചിലപ്പോള്‍ നയങ്ങള്‍ക്ക് വ്യത്യാസമുണ്ടായേക്കാം. മുസ്‌ലിംകളെ ദ്രോഹിക്കുന്നവര്‍, ജീവിക്കാന്‍ വിടാത്തവര്‍, സ്വരാജ്യത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍… അവരോടുള്ള നയം വേറെ. എന്നാല്‍ മുസ്‌ലിംകളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവര്‍, അവരോടുളള നിലപാട് ഒന്നു വേറെ, അത് അമുസ്‌ലിമാണെങ്കിലും അങ്ങനെ തന്നെ. നബി(സ്വ) മൂന്നു ദിവസം ഗുഹയില്‍ കഴിച്ചു കൂട്ടി നാലാം ദിവസം മദീനയിലേക്ക് പുറപ്പെട്ടു. മദീനയുടെ കുറച്ചപ്പുറത്തുള്ള ഖുബായിലാണ് ആദ്യം ഇറങ്ങിയത്. അവര്‍ മൂന്നുദിവസം ഖുബായില്‍ താമസിച്ചു. ഇതിനിടെ അവിടെ ഒരു പള്ളി സ്ഥാപിച്ചു. നബി(സ്വ) അധ്വാനിച്ചുണ്ടാക്കിയ ഈ പള്ളിയാണ് ഇസ്ലാമിലെ ആദ്യത്തെ മസ്ജിദ്. ഖുര്‍ആന്‍ ഇതിനെ തഖ്‌വയില്‍ അടിത്തറ പാകിയ പള്ളി എന്നാണ് വിശേഷിപ്പിച്ചത്. നുബുവ്വത്തിന്റെ 13-ാം കൊല്ലം (ക്രി:622 സെപ്തം.) ആണ് ഖുബായിലെത്തിയത്. നാലാം ദിവസം മദീനയില്‍ പ്രവേശിച്ചു. വഴിയുടെ ഇരുവശങ്ങളിലും മദീനക്കാര്‍ നബിയെ പാട്ടുകള്‍ പാടി സ്വാഗതം ചെയ്തു.