മുസ്‌ലിം ലോകത്തിന്റെ ഖിബ്‌ലയാണ് കഅ്ബ. നാനാദിക്കുകളിലുമുള്ള മുസ്‌ലിം ജനകോടികള്‍ അഞ്ചു നേരത്തെ നിസ്‌കാരം കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്നു. ലോകത്തുള്ള മുഴുവന്‍ പള്ളികളും കഅ്ബയുടെ സൂത്രത്തിലാണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ എല്ലാ പള്ളികളുടെയും മാതാവ് കഅ്ബയാണ്. മസ്ജിദുല്‍ ഹറാമിന്റെ ഏതാണ്ട് മധ്യത്തിലായി മുന്‍ഭാഗവും പിന്‍ഭാഗവും 40 അടി നീളത്തിലും 35 അടി വീതിയിലും 50 അടി ഉയരത്തിലുമുള്ള ദീര്‍ഘ ചതുരാകൃതിയിലുള്ള ഘടനയാണ് ഇപ്പോള്‍ കഅ്ബക്കുള്ളത്. ഏഴടി ഉയരത്തില്‍ കിഴക്കു ഭാഗത്തായി നടുവില്‍ നിന്ന് തെക്കുഭാഗത്തേക്ക് തെറ്റി ഒരു വാതിലുണ്ട്. തറയില്‍ നിന്ന് അഞ്ചടി ഉയരത്തിലായി കിഴക്കു തെക്കു മൂലയില്‍ ഹജറുല്‍ അസ്‌വദ് സ്ഥിതിചെയ്യുന്നു. നാം കേരളത്തില്‍ നിന്ന് നിസ്‌കരിക്കുമ്പോള്‍ ആ ഭാഗത്തെക്ക് തിരിഞ്ഞുകൊണ്ടാണ് നിര്‍വ്വഹിക്കുന്നത്
കഅ്ബയുടെ വടക്കുഭാഗത്തായി ഏകദേശം 6 മുഴം നീളത്തിലും മൂന്നടി പൊക്കത്തിലുമായി വട്ടാക്രതിയിലുള്ള ഒരു ചുമരുണ്ട്. ഇതാണ് ഹിജ്ര്‍ ഇസ്മായീല്‍. ഹിജ്ര്‍ ഇസ്മായീല്‍ കഅ്ബയില്‍ പെട്ടതാണ്. കഅ്ബയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഉച്ചിയില്‍ നിന്ന് രണ്ടടി താഴെ ഒരു സ്വര്‍ണപ്പാത്തിക്കാണാം. കഅ്ബത്തിന്റെ വടക്കു കിഴക്കുമൂല സിറിയയുടെ ഭാഗത്തേക്കും (റുകുനുല്‍ ശാം), തെക്ക് പടിഞ്ഞാറുമൂല യമനിന്റെ ഭാഗത്തേക്കും (റുകുനുല്‍ യമാനി. ഈമൂലയെ തൊട്ടുമുത്തല്‍ പ്രത്യേകം സുന്നത്തുണ്ട്, വടക്കു പടുഞ്ഞാറുമൂല ഇറാഖിന്റെ ഭാഗത്തേക്കും (റുക്‌നുല്‍ ഇറാഖി) കിഴക്കു തെക്കുമൂല റുക്‌നുല്‍ അസ്‌വദുമുള്‍പെടെ(തൊട്ട് മുത്തലും ചുംബിക്കലും പ്രത്യേക സുന്നത്ത്.) നാല് പുണ്യ മൂലകളുമടങ്ങിയതാണ് കഅ്ബ. ഇബ്‌റാഹീം നബി(അ) കഅ്ബ പുതുക്കി പണിതപ്പോള്‍ എല്ലാ ഭാഗത്തേക്കും ലിഫ്റ്റായി പ്രവര്‍ത്തിച്ച കാല്‍ പാദം പതിഞ്ഞ മഖാമു ഇബ്‌റാഹീം കിഴക്കു ഭാഗത്തായി കാണാം.
ഈ വിതത്തില്‍ ഇന്ന് കാണപ്പെടുന്ന വിശുദ്ധ കഅ്ബ ആദ്യമായി ഭൂമിയില്‍ ആരാണ് നിര്‍മിച്ചത്, എങ്ങനെയായിരുന്നു ഇതിന്റെ യതാര്‍ത്ഥ രൂപം, ആരല്ലാം എന്തല്ലാം മാറ്റം വരുത്തി, പുതുക്കി പണിയാന്‍ കാരണം, തുടങ്ങിയ പല ചോദ്യങ്ങളാണ് ഈ ലേഖനത്തിലൂടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.
മലക്കുകള്‍, ആദം നബി (അ), ശീസ് നബി (അ), ഇബ്‌റാഹീം നബിയും ഇസ്മായീല്‍ നബിയും (അ), അമാലീക് വിഭാഗം, ഖുറൈശികള്‍, അബ്ദുള്ളാഹിബ്‌നു സുബൈര്‍ (റ), വലീദുബ്‌നു അബ്ദുല്‍ മലിക്(ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫ്), അസ്സുല്‍താന്‍ അബ്ദുല്‍ മജീദ്, ഫഹദ് രാജാവ് .തുടങ്ങിയവരാണ് ചുരുക്കത്തില്‍ കഅ്ബയുടെ നിര്‍മ്മാതാക്കളും പുനര്‍ നിര്‍മ്മാതാക്കളും.
ആദ്യ കഅ്ബ
കഅ്ബയുടെ നിര്‍മാണത്തില്‍ മുഫസ്സിറുകള്‍ക്കിടയില്‍ വീക്ഷണാന്തരമുണ്ട്. ആദം നബി(അ)നെ സൃഷ്ടിക്കുന്നതിനു മുമ്പ് ആകാശത്തിലുള്ള ബൈതുല്‍ മഅ്മൂറിന്റെ ആകൃതിയിലും സൂത്രത്തിലും ഭൂമിയില്‍ ഒരു വീട് നിര്‍മിക്കാന്‍ അള്ളാഹു മലക്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവരാണ് കഅ്ബ ആദ്യമായി നിര്‍മിച്ചത.് (തഫ്‌സീറു റാസി)
ഭൂമി സൃഷ്ടിക്കുന്നതിന്റെ 2000 വര്‍ഷം മുമ്പ് അല്ലാഹു കഅ്ബയെ നിര്‍മിച്ചു. അന്ന് അള്ളാഹുവിന്റെ അര്‍ശ് വെള്ളത്തിനു മുകളിലായിരുന്നു. കഅ്ബ അന്ന് വെള്ള നിറത്തിലുള്ള നുരയായിരുന്നു. തുടര്‍ന്ന് കഅ്ബയുടെ താഴ് ഭാഗത്തുനിന്ന് ഭൂമി പരത്തപ്പെട്ടു. എന്നത് ജാമിഉല്‍ ബയാനില്‍ കാണാം.
ഈ പരിശുദ്ധ കഅ്ബയെ കുറിച്ച് ജിബ്‌രീല്‍ നബി(അ) ആദം നബിയോട് പറഞ്ഞു: കഅ്ബയെ ഏഴായിരം വര്‍ഷമായിട്ട് മലക്കുകള്‍ ത്വവാഫ് ചെയ്ത്‌കൊണ്ടിരിക്കുന്നു. പിന്നീട് ആദം നബി(അ) ആണ് കഅ്ബയെ ആദ്യമായി നിര്‍മിച്ചതും കഅ്ബയില്‍ വെച്ച് നിസ്‌കരിച്ചതും ത്വവാഫ് ചെയ്തതും. കഅ്ബാ ശരീഫിന്റെ നിര്‍മ്മാണം കഴിഞ്ഞ് ഏഴ് ആഴ്ചകള്‍ തുടരെ രാത്രിയിലും അഞ്ച് ആഴ്ചകള്‍ തുടരെ പകലിലും ആദം(അ) കഅ്ബയെ ത്വവാഫ് ചെയ്തു.
നൂഹ് നബി(അ)യുടെ കാലം വരെ കഅ്ബ അവിടെ അവശേഷിച്ചു. പിന്നീട് തൂഫാന്‍ വെളളപ്പൊക്ക സമയം ഏഴാനാകാശത്തേക്ക് കഅ്ബ ഉയര്‍ത്തപ്പെടുകയും അതിന്റെ അടുക്കല്‍ വെച്ച് മലക്കുകള്‍ ആരാധന നിര്‍വ്വഹിക്കുകയും ചെയ്തു. എല്ലാ ദിവസവും മുമ്പ് പ്രവേശിക്കാത്ത 70000 മലക്കുകള്‍ അതില്‍ പ്രവേശിക്കുമായിരുന്നു. അതിശക്തമായ പ്രളയത്തിനുശേഷം കഅ്ബയുടെ സ്ഥാനം അവ്യക്തമായി.
ഇബ്‌റാഹീം നബിയുടെ പുനര്‍ നിര്‍മാണം
ഇബ്‌റാഹീം നബി(അ)ലേക്ക് ജിബ്‌രീല്‍(അ)യെ അല്ലാഹു പറഞ്ഞയക്കുകയും ഇബ്‌റാഹീം നബിക്ക് കഅ്ബയുടെ സ്ഥാനം കാണിച്ച് കൊടുത്ത് കഅ്ബ പുതുക്കി പണിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ എഞ്ചിനീയറായി ജീബ്‌രീല്‍(അ)ഉം പടവുകാരനായി ഇബ്‌റാഹീം നബിയും സഹായിയായി ഇസ്മാഈല്‍ നബി(അ)യും വിശുദ്ധ കഅ്ബ പണിതു. (തഫ്‌സീറു റാസി.4)
ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബ പുതുക്കി പണിയുകയാണ് ചെയ്തതെന്നും വിശുദ്ധ കഅ്ബ വളരെ നേരത്തെ അവിടെ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന ഹദീസുകളും ഖുര്‍ആന്‍ വചനങ്ങളും വൃക്തമാക്കുന്നു, അല്ലാഹു പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് ചിലരെ കൃഷിയൊന്നുമില്ലാത്ത താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. (സൂറത് ഇബ്‌റാഹീം 37)
ഇസ്മാഈല്‍ (അ)യുടെ വഫാത്തിന് ശേഷം കാലാന്തരത്തില്‍ കഅ്ബയുടെ നിയന്ത്രണം ജുര്‍ഹും ഗോത്രക്കാരുടെ കൈവശമായി. ആയിരം കൊല്ലത്തോളം അവരാണ് കഅ്ബ പരിപാലിച്ചത്. ഹാജറാ ബീവിയും മകന്‍ ഇസ്മാഈല്‍ നബിയും അവിടെ താമസിക്കുന്ന സമയം വെള്ളം തേടി വരികയും വെള്ളമുള്ള സ്ഥലമാണന്നറിഞ്ഞപ്പോള്‍ അവിടെ താമസിക്കാന്‍ സമ്മതം ചോദിക്കുകയും ചെയ്താണ്ജുര്‍ഹം ഗോത്രം മക്കയില്‍ സ്ഥിര താമസക്കാരാകുന്നത്.. അങ്ങനെ ജുര്‍ഹും ഗോത്രത്തില്‍ നിന്നാണ് ഇസ്മാഈല്‍ നബി വിവാഹം കഴിച്ചത്. ഇവരുടെ ഭരണം അവിടെ നടക്കുന്നതിനിടയില്‍ യമനിലെ അണക്കെട്ട് പൊട്ടാനായിട്ടുണ്ടന്ന് കേട്ട് പലരും യമനില്‍ നിന്ന് നാടുവിട്ടു. അതില്‍ ഖുസാഅ് ഗോത്രക്കാര്‍ (ഖുറൈശികള്‍) മക്കയിലെത്തി. അവര്‍ ജുര്‍ഹും ഗോത്രക്കാരെ തുരത്തി മക്കയില്‍ ഭരണം സ്ഥാപിച്ചു. പല അക്രമങ്ങളും അഴിച്ചു വിട്ടു.
പണം തികയാതെ ഖുറൈശികള്‍
മക്കാ ഭരണം ഖുറൈശികളുടെ പൂര്‍ണ അധീനതയിലായി. മുന്നൂറ് കൊല്ലക്കാലം കഅ്ബയെ പരിപാലിച്ചു. ആ സമയം ഒരു സ്ത്രീ കഅ്ബക്ക് സുഗന്ധം മണപ്പിക്കാന്‍ ഒരു തരം ഉലുവാന്‍ കൂടുമായി നടക്കുന്നതിനിടയില്‍ കഅ്ബയുടെ ഖില്ലക്ക് തീ പിടിച്ചു. അതുപോലെ തുടര്‍ച്ചയായ പ്രളയത്തില്‍പെട്ട് കഅ്ബ വീഴാറായപ്പോള്‍ ഖുസയ്യുബ്‌നു കിലാബി (നബി തങ്ങളുടെ പിതാമഹന്‍) ന്റെ നേതൃത്വത്തില്‍ കഅ്ബ പുതുക്കി പണിയുകയും മേല്‍കൂരയില്ലാത്ത കഅ്ബക്ക് ആദ്യമായി മേല്‍ക്കൂര നിര്‍മിക്കുകയും ചെയ്തു. കഅ്ബയെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാനായി തറ അല്‍പം ഉയര്‍ത്തി കല്ലില്‍ പണിയുകയും ഈ നിര്‍മാണത്തിന്ന് വേണ്ടി ഖുറൈശികള്‍ക്കിടയില്‍ ഒരു നിധി സ്വരൂപിക്കുകയും ചെയ്തു. ഇതിന്നുമുമ്പ് ഒരു ശക്തമായ തീരുമാനവും അവര്‍ എടുത്തിരുന്നു- കഅ്ബ അള്ളാഹുവിന്റെ ഭവനമാണ്. ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും നിര്‍മിച്ച ഭവനം. അതിനാല്‍ കഅ്ബക്ക് യാതൊരു നിഷിദ്ധ പണവും ആരും തരരുതന്ന് പറഞ്ഞിരുന്നു. പല അറബികളും തന്റെ അടിമകളെ വ്യഭിചാരത്തിന് വിട്ട് കാശ് ഉണ്ടാക്കുന്നവരായിരുന്നു.
പലിശയെ വരെ അതിന് അവര്‍ എടുത്തില്ല. ജാഹിലിയ്യ അറബികള്‍ കഅ്ബ പണിയാന്‍ ഇത്തരം സൂക്ഷ്മത കാട്ടിയിട്ടുണ്ടങ്കില്‍ ഈ കാലം എവിടെയാണ് എത്തി നില്‍ക്കുന്നതന്ന് നാം നോക്കണം. ഹലാലായ പണം വളരെകുറച്ച് മാത്രമേ ലഭിച്ചതുള്ളൂ. അതിനാല്‍ പണം തികയാത്തതിന്റെ പേരില്‍ അവര്‍ ഇബ്‌റാഹീം നബി (അ) നിര്‍മിച്ച കഅ്ബയില്‍ ചില മാറ്റങ്ങള്‍ വരുത്തി. അവ ഇങ്ങനെ സംഗ്രഹിക്കാം.
1- ഇബ്‌റാഹീം നബി(അ) നിര്‍മിച്ചത് 9 മുഴം പൊക്കത്തിലാണ്. ഖുറൈശികള്‍ 18 മുഴമാക്കി. കഅ്ബക്ക് തറയും നിര്‍മിച്ചു.
2- ഇന്ന് കാണുന്ന ഹിജ്ര്‍ ഇസ്മാഈല്‍ ഇബ്‌റാഹീം നബിയുടെ കഅ്ബയുടെ പൂര്‍ണ ഭിത്തിയായിരുന്നു. ആഭാഗം ആറുമുഴം നീളത്തില്‍ വട്ടാക്രിതിയിലുള്ള മൂന്നടി പൊക്കത്തില്‍ ചെറു ചുമരാക്കി.
3- ഇബ്‌റാഹീം നബിയുടെ കഅ്ബക്ക് കിഴക്ക് വശത്ത് കൂടി വന്ന് പടിഞ്ഞാറു വഴി പോകാന്‍ കഴിയുന്ന രണ്ടുവാതിലുണ്ടായിരുന്നു. ഖുറൈശി നേതാക്കന്മാരുടെ തീരുമാന പ്രകാരം അവരുടെ സമ്മതമില്ലാതെ ആരും കഅ്ബയില്‍ കേറാന്‍ പാടില്ല. തുടര്‍ന്ന് പടിഞ്ഞാറു വശത്തെ വാതില്‍ നീക്കി ചുമരു വെക്കുകയും കിഴക്കു വശത്തെ വാതില്‍ ഒന്‍പത് മീറ്റര്‍ പൊക്കുകയും ചെയ്തു.
4- മേല്‍കൂര ആദ്യമായി നിര്‍മിച്ചു. ഇതിന് ആവശ്യമായ മരം ഒരു റോമന്‍ കച്ചവടക്കാരന്റെ കപ്പല്‍ ചെങ്കടല്‍ തീരത്ത് അകപ്പെട്ടിരുന്നു. അതിന്റെ പലക വില കൊടുത്തു വാങ്ങുകയും ആ കപ്പലിലുണ്ടായിരുന്ന ബാഖൂം എന്ന പേരുള്ള റോമന്‍ വിദഗ്ദ്ധ ആശാരിയെക്കൊണ്ട് ആ സീലിംഗ് നിര്‍മിക്കുകയും ചെയ്തു.
5- മേല്‍ക്കൂരയിലെ വെള്ളം പോകാന്‍ പാത്തി നിര്‍മിച്ചു.
ഹജറുല്‍ അസ്‌വദ് ആരുവെക്കണം
അവസാനം, ജിബ്‌രീല്‍ (അ) സ്വര്‍ഗത്തില്‍ നിന്ന് കഅ്ബയില്‍ വെക്കാനായി കൊണ്ടുവന്ന പുണ്യമാക്കപ്പെട്ട ഹജറുല്‍ അസ്‌വദ് വെക്കലാണ്. ഖുറൈശികളിലെ പന്ത്രണ്ട് വംശം അവിടെ ഒരുമിച്ചുകൂടിയിട്ടുണ്ട്. എക്കാലത്തേക്കും അഭിമാനത്തിന് വകയാണ് ഹജറുല്‍ അസ്‌വദ് വെക്കുക എന്നത്. പ്രശ്‌നങ്ങളും വാക്കേറ്റങ്ങളും തുടങ്ങി. യുദ്ധ വക്കിലെത്തി നില്‍ക്കുമ്പോഴാണ് എല്ലാവരും അംഗീകരിക്കുന്ന ഔദാര്യവാനായ അബൂ ഉമയ്യത്തുല്‍ മുഗീറത്തെന്ന കാരണവര്‍ എണീറ്റ് നിന്ന് പ്രശ്‌നം പരിഹരിച്ചു. ആരും തര്‍കിക്കേണ്ടതില്ല, നമുക്കൊരു പരിഹാരം കാണാം, ബനൂശൈബ വാതിലിലൂടെ ആദ്യമായി കടന്നു വരുന്ന ആളെ വിധി കര്‍ത്താവും മധ്യസ്ഥനുമാക്കാം, നമ്മള്‍ പൊരുതി മരിച്ചിട്ട് കാര്യമില്ല. എന്ന് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നു. അതാ അള്ളാഹുവിന്റെ അചഞ്ചലമായ തീരുമാനം പ്രകാരം തന്നെ ആദ്യം വരുന്ന ആള്‍ അല്‍ അമീനാണ്. എല്ലാവര്‍ക്കും വിശ്വസ്ഥന്‍, മുഹമ്മദ് വന്നിരിക്കുന്നു. നമ്മള്‍ തൃപ്തി പെട്ടു. എല്ലാ തീരുമാനങ്ങളും റെഡിമെയ്‌ടെന്ന പോലെ മുത്ത് നബി പ്രശ്‌നം പരിഹരിക്കുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്ന് ശേഷം അവിടുത്തെ മേല്‍തട്ടം എടുത്തു വിരിച്ചു. ഹജറുല്‍ അസ്‌വദ് അതില്‍ വെച്ചു. എല്ലാ ഗോത്രക്കാരുടെയും തലവന്മാരെ വിളിച്ച് ചുറ്റു വശത്തുംനിന്ന് പൊക്കി പിടിക്കാന്‍ പറഞ്ഞു. അവസാനം ഹജറുല്‍ അസ്‌വദ് പവിത്രമായ കരങ്ങളെ കൊണ്ട് സ്ഥാപിക്കപെട്ടു. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കപെട്ടു.
കഅ്ബക്കുള്ളിലെ വിഗ്രഹങ്ങള്‍
പ്രവാചകരുടെ പിതാ മഹന്‍ അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ കാര്യദര്‍ശിയായിരിക്കെയാണ് യമന്‍ രാജാവായ അബ്രഹത്ത് കഅ്ബ പൊളിക്കാന്‍ ആനപ്പടയുമായി വന്നത്. അല്ലാഹു അവരെ ശിലാവര്‍ഷം ചെയ്ത് ചവച്ചരച്ച വൈക്കോല്‍ പരുവത്തിലാക്കി തുരത്തുകയായിരുന്നു. അംറുബ്‌നു ലുഅയ്യ് എന്നയാള്‍ മെസൊപൊട്ടോമിയയിലെ ഹെയ്തില്‍ നിന്ന് ഹുബ്‌ലിന്റെ വിഗ്രഹങ്ങള്‍ കൊണ്ടുവന്ന് വിശുദ്ധ ഭവനത്തില്‍ പ്രതിഷ്ഠിച്ചതായി അറേബ്യന്‍ ചരിത്ര ലിഖിതങ്ങളില്‍ കാണാം. ഹിജ്‌റയുടെ എട്ടാം വര്‍ഷം മക്കാ വിജയ വേളയില്‍ നബിതങ്ങള്‍ കഅ്ബാശരീഫിനരികില്‍ വന്ന് ഏഴുപ്രവാശ്യം ത്വവാഫ് ചെയ്യുകയും തെക്കു കിഴക്ക് മൂലകളെ തൊട്ടുമുത്തുകയും ചെയ്തു. ശേഷം ഉസ്മാനു ബ്‌നു ത്വല്‍ഹത്തി(റ) ല്‍ നിന്ന് താക്കോല്‍ വാങ്ങി കഅ്ബാ ശരീഫ് തുറന്ന് അകത്തു കടന്നപ്പോള്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ഒരു ആട്ടിന്‍ കുട്ടിയുടെയും ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. മറിയം ബീവിയുടെയും ഈസാ നബിയുടെയും ചിത്രം ചുമരില്‍ വരച്ചു വച്ചിരുന്നു. മരം കൊണ്ടും കരിങ്കല്ല് കൊണ്ടും നിര്‍മിച്ച ഖുറൈശികള്‍ ആരാധിച്ചിരുന്ന 360 ല്‍ പരം പ്രതിമകള്‍ അതിനകത്തുണ്ടായിരുന്നു. ചിത്രങ്ങള്‍ മായ്ക്കുവാനും പ്രതിമകള്‍ തച്ചുടക്കാനും നബിതങ്ങള്‍ ഉത്തരവിട്ടു. അതു പ്രകാരം കല്‍പ്രതിമകള്‍ തച്ചുടക്കുകയും മരത്തിന്റെത് കരിച്ച് കളയുകയും ചെയ്തു. ശേഷം കഅ്ബാശരീഫ് കഴുകി വൃത്തിയാക്കിയ ശേഷം നബിതങ്ങള്‍ കഅ്ബക്കുള്ളില്‍ വച്ച് നിസ്‌കരിച്ചു. ഇന്നു മുതല്‍ ലോകവസാനം വരെ നിശ്ചയം ഈ പരിശുദ്ധ ഭവനത്തില്‍ പിശാച് ആരാധിക്കപ്പെടുകയില്ലെന്ന് നബിതങ്ങള്‍ പ്രഖ്യാപിച്ചു. താക്കോല്‍ അവകാശിയെ ഏല്‍പിച്ചു. പിന്നീട് കഅ്ബാ ശരീഫില്‍ നബിതങ്ങളെ കാലത്തോ നാല് ഖലീഫമാരുടെ കാലത്തോ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. കഅ്ബ പുതുക്കാന്‍ നബിതങ്ങളും ആഗ്രഹിച്ചു.
ഇബ്‌റാഹീം നബി (അ) പടുത്തുയര്‍ത്തിയ തറയില്‍ പൂര്‍ണമായും കഅ്ബ നിര്‍മിക്കണമെന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു വാതില്‍ വെക്കണമെന്നും നബി തങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി മഹതിയായ ആഇശാ ബീവിയില്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഒരിക്കല്‍ ആയിശാ ബീവിയോട് നബിതങ്ങള്‍ പറഞ്ഞു: നിന്റെ സമൂഹം കഅ്ബാ പുനര്‍ നിര്‍മാണം നടത്തിയപ്പോള്‍ ഇബ്‌റാഹീം നബിയുടെ അടിത്തറയെത്തൊട്ട് അവര്‍ ചുരുക്കി കളഞ്ഞിരിക്കുന്നു. ആയിശാ ബീവി തിരിച്ച് ചോദിച്ചു ഇബ്‌റാഹീം നബി നിര്‍മിച്ച പോലെ അങ്ങേക്കും നിര്‍മിച്ച് കൂടെ ? നബിതങ്ങള്‍ പ്രതിവചിച്ചു: നിന്റെ ജനത വിശ്വാസത്തില്‍ പുതിയ കാലക്കാരല്ലായിരുന്നുവെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യുമായിരുന്നു.(ബുഖാരി)
അടുത്ത് ഇസ്‌ലാം സ്വീകരിച്ച ആളുകള്‍ തെറ്റിദ്ധരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് മുത്ത് നബി അതിനു മുതിരാതിരുന്നത്. പിന്നീട് ഈ ഹദീസ് അടിസ്ഥാനമാക്കി മഹാനായ അബ്ദുള്ളാഹിബ്‌നു സുബൈര്‍ (റ) നബിതങ്ങള്‍ ആഗ്രഹിച്ചതുപോലെ പുനര്‍ നിര്‍മാണം നടത്തുകയുണ്ടായി. ഇതിനു മഹാനവര്‍കള്‍ക്ക് സാഹചര്യം ഒത്തത് ഹിജ്‌റ 61 ല്‍ മുആവിയയുടെ വഫാത്തിനു ശേഷം പുത്രന്‍ യസീദ് ഭരണമേറ്റടുത്തപ്പോഴായിരുന്നു. യസീദിനെ ഖലീഫയായി അംഗീകരിക്കാന്‍ അബ്ദുള്ളാഹുബ്‌നു സുബൈര്‍(റ) കൂട്ടാക്കിയിട്ടില്ല. വിവരം അറിഞ്ഞ യസീദ് അദ്ദേഹത്തെ മക്കയില്‍ നിന്നും അറസ്റ്റ് ചെയ്യാനും യുദ്ധം ചെയ്ത് വകവരുത്താനും തീരുമാനിച്ചുറപ്പിച്ചു. ഈ വിവരം മാതാവിനെ അറിയച്ചപ്പോള്‍ വലിയ ഊര്‍ജം നല്‍കുകയായിരുന്നു മാതാവ്. മോനെ നീ ബന്ധനസ്ഥനായി യസീദിന്റെ അടുത്തേക്ക് പോയാല്‍ നിന്റെ തല കൊണ്ട് പന്താടും, സത്യം ഉയര്‍ത്തിപ്പിടിച്ച് , ആരെയും ഭയപ്പെടാതെ, മാന്യനായി നീ ജീവിക്കുക, സത്യം അടിയറ വെക്കുന്നതിനെക്കാള്‍ ഭേദം അന്തസാര്‍ന്ന മരണമാണ്. യസീദിന്റെ സൈന്യം മക്കയിലെത്തി ദിവസങ്ങളോളം ഇവരുമായി ഏറ്റുമുട്ടി. അബ്ദുള്ളാഹിബ്‌നു സുബൈര്‍ (റ) വും അനുയായികളും മസ്ജിദുല്‍ ഹറാമില്‍ കഅ്ബയുടെ പരിസരത്ത് തമ്പടിച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് പരിശുദ്ധ കഅ്ബയെയും മസ്ജിദുല്‍ ഹറാമിനെയും സംരക്ഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ ശത്രു വ്യൂഹം ജബലു അബീഖുബൈസില്‍ കയറി ഖൈമയില്‍ താമസിക്കുന്നവര്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി. പല ഏറുകളും പതിച്ചത് കഅ്ബയിലായിരുന്നു. ഏറുകൊണ്ട് തീ പിടിക്കാന്‍ തുടങ്ങി. മാത്രമല്ല അബ്ദുള്ളാഹിബ്‌നു സുബൈര്‍ (റ) വിന്റെ അനുയായികളില്‍ പെട്ട ഒരാള്‍ ഖൈമയില്‍ തീ കത്തിക്കുന്നതിനിടയില്‍ കാറ്റടിച്ചു വീശി. കഅ്ബയിലാകെ തീ പടര്‍ന്നു. തേക്കു മരത്താല്‍ മച്ചു പാകിയിരുന്ന കഅ്ബാശരീഫ് ഖില്ലയടക്കം കത്തി. ചൂടുന്റെ ശക്തിയാല്‍ ഹജറുല്‍ അസ്‌വദ് മൂന്നായി പിളര്‍ന്നു. ഹിജ്‌റ 64-ന് റബീഉല്‍ അവ്വല്‍ മൂന്നിന് ശനിയാഴ്ച രാത്രിയായിരുന്നു വേദനാജനകമായ ഈ സംഭവം നടന്നത്. തുടര്‍ന്ന് പതിനൊന്ന് ദിവസം കഴിഞ്ഞ് പതിനാലിന് യസീദ് മരണപ്പെട്ടു.
നബിതങ്ങളുടെ ആഗ്രഹം
സാക്ഷാത്കരിക്കപ്പടുന്നു
കഅ്ബാ വികൃതമായതിന്റെ ഉത്തരവാദിത്വം ഇരു വിഭാഗവും പരസ്പരം ആരോപിക്കുന്നതിനിടെ അബ്ദുള്ളാഹിബ്‌നു സുബൈര്‍(റ) മക്കയിലെയും മദീനയിലെയും എല്ലാ പ്രധാനികളെയും വിളിച്ച് പുനര്‍ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് സജ്ജരായവരല്ലാം പുനര്‍ നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ കണ്ടെത്തി. പക്ഷെ കഅ്ബ പൊളിക്കാന്‍ ആരും തയ്യാറായില്ല. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുമെന്ന് ഭയപ്പെട്ട് പലരും മദീനയിലേക്ക് നാടുവിട്ടു. പക്ഷെ അബ്ദുള്ളാഹിബ്‌നു സുബൈര്‍ (റ) ഹബ്ശക്കാരനായ ഒരു അടിമയെയും കൂട്ടി കഅ്ബക്കു മുകളില്‍ കയറി ഭിത്തികള്‍ പൊളിക്കാന്‍ തുടങ്ങി. അത് ഹിജ്‌റ 64 ജുമാദുല്‍ ഉഖ്‌റ 15 ശനിയാഴ്ചയായിരുന്നു. അപകടങ്ങളൊന്നുമില്ലന്ന് കണ്ടപ്പോള്‍ മക്കവിട്ടവരല്ലാം തിരിച്ചു വന്ന് സജീവമായി.
കഅ്ബയുടെ ഭിത്തികള്‍ ഭൂമിക്കൊപ്പം പൊളിച്ചുമാറ്റിയ ശേഷം അടിത്തറ മാന്തിനോക്കിയപ്പോള്‍ ഇബ്‌റാഹീം നബി(അ) ഉണ്ടാക്കിയ യഥാര്‍ത്ത അടിത്തറ കണ്ടെത്തി. മക്കയിലെ അന്‍പതോളം വരുന്ന പ്രമുഖര്‍ക്കെല്ലാം കാണിച്ചു കൊടുത്തു. ഇബ്‌റാഹീം നബിയുടെ അടിത്തറ മുഴുവന്‍ ഉള്‍പെടുത്തി ഭിത്തികള്‍ പടുത്തുയര്‍ത്തി. കിഴക്കു പടിഞ്ഞാറുഭാഗങ്ങളിലേക്ക് വാതിലുകള്‍ വെച്ചു. മൂന്ന് വിള്ളലുകള്‍ ഹജറുല്‍ അസ്‌വദിന് കഅ്ബക്ക് തീ പിടിച്ച സമയത്ത് സംഭവിച്ചതിനാല്‍ അത് അബ്ദുള്ളാഹിബ്‌നു സുബൈര്‍(റ) വെള്ളികൊണ്ട് ചുറ്റികെട്ടി ഭദ്രമാക്കി. പൊളിക്കുന്നതിനു മുമ്പ് കഅ്ബയുടെ ഉയരം 18 മുഴമായിരുന്നുവെങ്കിലും ഹിജ്‌റ് ഇസ്മാഈല്‍ കൂടി ഉള്‍പെടുത്തി വീതി കൂട്ടിയപ്പോള്‍ ഉയരം അല്‍പം കൂട്ടേണ്ടിവന്നു. 9 മുഴം കൂടി ഉയര്‍ത്തി 27 മുഴമാക്കി. രണ്ടു മുഴം വീതിയില്‍ ഭിത്തി വണ്ണവും ഉണ്ടായിരുന്നു.
കഅ്ബയുടെ പുനര്‍ നിര്‍മാണം വളരെ ഭംഗിയായി പൂര്‍ത്തിയാക്കിയ സന്തോഷത്താല്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) വും ജനങ്ങളും തന്‍ഈമില്‍ പോയി ഉംറക്ക് ഇഹ്‌റാം ചെയ്ത് ഉംറ നിര്‍വ്വഹിക്കുകയും അനേകം ഒട്ടകങ്ങളും ആടുകളും അറുത്ത് ധര്‍മ്മം ചെയ്ത് സര്‍വ്വ ശക്തനായ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) മാത്രം 100 ഒട്ടകങ്ങളെ അറുത്ത് ധര്‍മ്മം ചെയ്യുകയുണ്ടായി.
ഹജ്ജാജിന്റെ നിര്‍മാണം
അബ്ദുല്‍ മലികുബ്‌നുമര്‍വ്വാനാണ് യസീദിന് ശേഷം ഉമവിയ്യ ഭരണാധികാരിയായി വരുന്നത്. അദ്ദേഹത്തിന്റെ ഗവര്‍ണ്ണറായിരുന്ന ഹജ്ജാജുബ്‌നു യൂസുഫ് മക്കയില്‍ നിന്ന് കഅ്ബാശരീഫിന്റെ പുനര്‍ നിര്‍മാണം പരിശോധിക്കുകയും പൊളിച്ച് പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ അനുമതി തേടി അബ്ദുല്‍ മലികിന് കത്തെഴുതുകയും ചെയ്തു.
കത്തിലെ പരാമര്‍ശം; അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കഅ്ബ പുതുക്കി പണിതപ്പോള്‍ കഅ്ബയില്‍ പെടാത്ത ചില ഭാഗങ്ങള്‍ കൂടി അതില്‍ ഉള്‍പെടുത്തുകയും വാതില്‍ താഴ്ത്തി വെക്കുകയും പടിഞ്ഞാറു ഭാഗത്തേക്ക് പുതിയ വാതില്‍ തുറന്ന് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍ കഅ്ബയെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരല്‍ ആവശ്യമാണ്.
കത്തു വായിച്ച രാജാവ് അതിനു സമ്മതം നല്‍കി: അതുപ്രകാരം പടിഞ്ഞാറു ഭാഗത്തെ വാതില്‍ അടക്കുകയും കിഴക്കുഭാഗത്തെ വാതില്‍ അല്‍പം ഉയര്‍ത്തുകയും ചെയ്തു. വടക്കുഭാഗത്തേക്ക് നീട്ടിയിരുന്ന ആറു മുഴവും ഒരു ചാണും പൊളിച്ചുമാറ്റി പഴയ രൂപത്തിലാക്കുകയും നാലുഭാഗങ്ങളിലും പിന്‍ തറകള്‍ നില നിറുത്തുകയും ചെയ്തു. ഈ സ്വഭാവത്തിലാണ് ഇന്ന് കഅ്ബ നിലകൊള്ളുന്നത്. പണ്ടത്തെ പൊലെ മലവെള്ളം വന്നാല്‍ എല്ലാം പുറത്തുപോകാനുള്ള വിപുലമായ സൗകര്യങ്ങള്‍ അണ്ടര്‍ ഗ്രൗണ്ട് വഴി ഒരുക്കിയിട്ടുണ്ട്. ഇബാദത്തുകള്‍ക്കൊന്നും തടസ്സം വരില്ല. അബ്ദുള്ളാഹിബ്‌നു സുബൈര്‍(റ) നീന്തി ത്വവാഫ് ചെയ്ത പോലെ ചെയ്യേണ്ടിവരില്ല.
ഫഹദ് രാജാവ് ഹജറുല്‍ അസ്‌വദിന് പുതിയ വെള്ളികൊണ്ട് സംരക്ഷണം നല്‍കി. ആദ്യം ഒറ്റക്കല്ലായിരുന്ന ഹജറുല്‍ അസ്‌വദിന് തീ പിടുത്തം കൊണ്ടും ശിയാക്കള്‍ 22 വര്‍ഷം എടുത്തു കൊണ്ടുപോയതിനാലും പല പോറലുകളും സംഭവിച്ചിരുന്നു.
അല്ലാഹുവിന്റെ ഭവനത്തിന്റെ നിര്‍മ്മാണ ഘട്ടങ്ങളാണ് നാം വായിച്ചത്. അതിനുള്ള മഹത്വങ്ങള്‍ അനവധിയാണ്. നമ്മുടെ നിസ്‌കാരം, ഉറങ്ങുമ്പോളുള്ള കിടത്തം, ദുആ ചെയ്യാനിരിക്കുന്നത്, മയ്യിത്ത് ഖബറില്‍ വെക്കുന്നത്, തുടങ്ങിയ ഒരുപാട് കാര്യങ്ങളെ കൊണ്ട് ഈ പരിശുദ്ധ ഭവനത്തെ നാം ആദരിക്കുന്നു. ആ കഅ്ബാശരീഫൊന്ന് നേരില്‍ കാണാനും, തൊട്ടു മുത്താനും, ചുംബിക്കാനും നാഥനായ അല്ലാഹു തൗഫീഖ് ചെയ്യട്ടെ… ആമീന്‍.