ഇസ്‌ലാമിക പൈതൃകത്തിന്റെ ഒരു സമ്പന്ന കലവറയാണ് ഹിജാസ് മേഖല. ഇവിടെയാണ് ഇസ്‌ലാമിന്റെ വിശുദ്ധ പട്ടണങ്ങളായ മക്കയും മദീനയും നിലകൊള്ളുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ മതപരമായും രാഷ്ട്രീയ പരമായും പ്രാധാന്യമുള്ള ധാരാളം സംഭവങ്ങള്‍ക്ക് ഹിജാസ് സാക്ഷിയായിട്ടുണ്ട്. തത്ഫലമായി ഈ മേഖല ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഒരാകര്‍ഷണ കേന്ദ്രമാണ്.
ജിദ്ദ തുറമുഖം മക്കയിലേക്കുള്ള ഒരു പ്രവേശന കവാടവും ചെങ്കടല്‍ വാണിജ്യത്തിനു മുന്നിട്ടു നില്‍ക്കുന്ന തുറമുഖവുമാണ്. അതിനാല്‍ എല്ലാവര്‍ഷങ്ങളിലും കച്ചവടക്കാരെയും തീര്‍ത്ഥാടകരെയും ഒരു പോലെ ജിദ്ദയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഹിജാസ് നിവാസികള്‍ ഇന്ത്യയുടെ സുഗന്ധവ്യജ്ഞനം, മുത്തുകള്‍, വിലപിടിപ്പുള്ള കല്ലുകള്‍, പട്ട്, ചന്ദനം, ഊദ് സുഗന്ധങ്ങള്‍ എന്നിവക്ക് വേണ്ടി ശക്തമായി ആഗ്രഹിച്ചതിനാല്‍ ഇന്ത്യന്‍ കപ്പലുകളുടെ ആഗമനം കാത്ത് കണ്ണുനട്ടിരുന്നു. ഹജ്ജിനു വേണ്ടി ഇന്ത്യക്കാര്‍ നടത്തിയ പഴയ മക്ക സന്ദര്‍ശനങ്ങള്‍ ചില അനുമാനങ്ങള്‍ മാത്രമാണെങ്കിലും എ.ഡി 664-712 കാലങ്ങളില്‍ മുസ്‌ലിംകള്‍ സിന്ദ് കീഴടക്കുന്നതിന്റെയും മുമ്പായിരിക്കാനാണ് കൂടുതല്‍ സാധ്യത.
മുഗളന്മാരുടെ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സാധ്യമായിരുന്നത് ഒന്നുകില്‍ കരമാര്‍ഗമുള്ള കൂട്ടമായ സഞ്ചാരം അല്ലെങ്കില്‍ കപ്പല്‍ മാര്‍ഗമുള്ള ജലയാത്രകളുമാണ്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുകൂടെ കടന്നുപോകുന്ന കരമാര്‍ഗമുള്ള വഴി ദൂരമേറിയതും ദുര്‍ഘടവും അതോടൊപ്പം ശത്രുക്കളുടെ ഭൂപ്രദേശത്തുകൂടെ കടന്നു പോകേണ്ടി വരുന്നതുമാണ്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ അധികവും യാത്ര തെരഞ്ഞെടുക്കാറുള്ളത് കടല്‍ മാര്‍ഗമാണ്. സാധാരണ ചെങ്കടലിലൂടെ യാത്രചെയ്യുന്ന അവര്‍ ചില സമയങ്ങളില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയും പോകാറുണ്ട്. എന്നാലും വ്യാപക കടല്‍ കൊള്ളയും പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍മേലുള്ള പറങ്കികളുടെ കര്‍ശന നിയന്ത്രണങ്ങളും ചെങ്കടലിലൂടെയുള്ള യാത്ര പ്രശ്‌ന സങ്കീര്‍ണ്ണമാക്കി തീര്‍ത്തു. ഇന്ത്യയില്‍ നിന്ന് ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന അധിക കപ്പലുകളും പറങ്കികളുടെ അനുമതി പത്രം ലഭ്യമാക്കുന്നതിന് നിര്‍ബന്ധിക്കപ്പെട്ടു. വാസ്തവത്തില്‍ ഇവര്‍ നിര്‍മ്മിക്കുന്ന ഉപാധികള്‍ കാരണം ഹജ്ജ് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാവുകയില്ലെന്ന് മുഗള്‍ കോടതിയിലെ പണ്ഡിതര്‍ പ്രഖ്യാപിച്ചു.
മുഗള്‍ ഭരണാധികാരികള്‍ ഹജ്ജിന്റെ രക്ഷാധികാരം ഏറ്റെടുക്കുകയും യാത്രാ ചുമതല ഏറ്റെടുത്ത് ഒരു പറ്റം കപ്പലുകള്‍ അയക്കുകയും സൗജന്യ യാത്ര തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഗുജറാത്തിലെ പുരാതന സൂറത്ത് തുറമുഖം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കപ്പല്‍ കയറാനുള്ള ഒരു പ്രധാന തുറുമുഖമായിരുന്നു. അതിനാല്‍ സൂറത്ത് തുറമുഖം ബാബുല്‍ മക്ക (മക്കാ കവാടം) എന്ന പേരിലറിയപ്പെട്ടു. സര്‍ക്കാര്‍ ചിലവില്‍ ഹജ്ജ് യാത്ര ആദ്യമായി സംഘടിപ്പിച്ചത് അക്ബര്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹം തീര്‍ത്ഥാടകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കി. അവര്‍ക്ക് വേണ്ടി അദ്ദേഹം മക്കയിലൊരു സത്രം സ്ഥാപിച്ചു. 1570 കളില്‍ അദ്ദേഹം ഒരു ഉയര്‍ന്ന രാജകുടുംബാംഗത്തെ ഹജ്ജിന്റെ അമീറായി നിയമിക്കുകയും മറ്റൊരു കുടുംബാംഗമായ അബ്ദുറഹീംഖാന്‍ എന്നവരോട് ജിദ്ദയിലേക്കുള്ള തീര്‍ത്ഥാടകരുടെ സൗജന്യ യാത്രക്ക് വേണ്ടി അദ്ദേഹത്തിന്റെ മൂന്ന് കപ്പലുകള്‍ മാറ്റി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹജ്ജ് യാത്രക്കുള്ള പിന്തുണ ചക്രവര്‍ത്തിമാരായ ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ കാലത്തും കുറഞ്ഞ നിലക്ക് തുടര്‍ന്നു പോന്നു. ഷാജഹാന്‍ നിത്യമായി മക്കയിലേക്ക് ദാനങ്ങള്‍ നല്‍കുകയും ഹജ്ജ് യാത്രക്ക് വേണ്ടി ഒരു അമീറിനെ നിയമിക്കുകയും ചെയ്തു.
മുഗള്‍ ചക്രവര്‍ത്തിമാരിലെ ഭക്തനും യാഥാസ്ഥികനുമായി അറിയപ്പെട്ട ഔറംഗസീബ് ചക്രവര്‍ത്തി ഹജ്ജ് യാത്രയുടെ വിഷയത്തില്‍ സമൃദ്ധമായി ചിലവഴിക്കുന്നവരായിരുന്നു. അദ്ദേഹത്തിന്റെ രാജകപ്പല്‍ എല്ലാ വര്‍ഷങ്ങളിലും നൂറുകണക്കിന് തീര്‍ത്ഥാടകരെയും വഹിച്ച് ചെങ്കടലിന്റെ തിരമാലകളെ വകഞ്ഞ് മക്കത്തേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സൈബുന്നീസയും ഹജ്ജിനു വേണ്ട സര്‍വ്വ പിന്തുണയും നല്‍കി. അവര്‍ ക്രിസ്താബ്ദം 1676-ല്‍ ഷാഫി ബ്‌ന് വലി അല്‍ ഖസ്‌നവി എന്ന പണ്ഡിതന്റെ യാത്രാ ചിലവുകള്‍ നല്‍കി ഹജ്ജിനു വേണ്ടി പറഞ്ഞയച്ചു. അനീസ് ‘അല്‍ ഹജ്ജ്’ എന്ന തന്റെ ബൃഹത്തായ ഗ്രന്ഥത്തില്‍ ഈ യാത്രയുടെ വിവരണം രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തില്‍ ഇന്നും ആ കൃതി സൂക്ഷിക്കപ്പെടുന്നു.
മുഗള്‍ കാലഘട്ടത്തില്‍ ജനങ്ങളെ മതപരമായ കടമ, മതപഠനം, സ്തുത്യര്‍ഹ സേവനത്തിനുള്ള സമ്മാനം, ലംഘനങ്ങള്‍ക്കുള്ള ശിക്ഷ തുടങ്ങിയ വ്യത്യസ്ത കാരണങ്ങള്‍ക്ക് ഹജ്ജിനു വേണ്ടി പറഞ്ഞയച്ചിരുന്നു. രാഷ്ട്രീയ പരമായി ശത്രുത പുലര്‍ത്തുന്നവര്‍, എതിര്‍ക്കുന്നവര്‍ തുടങ്ങിയവരെ നാടുകടത്താന്‍ വേണ്ടിയും ഹജ്ജ് ഉപയോഗപ്പെടുത്തിയിരുന്നു. ഹമയൂണ്‍ ചക്രവര്‍ത്തി തന്റെ സഹോദരനെ ഹജ്ജിനു പറഞ്ഞയച്ച് വഴി തിരിച്ചു വിട്ടതായി പറയപ്പെടുന്നു. അക്ബര്‍ ചക്രവര്‍ത്തി തന്റെ ബായിറാംഖാന്‍ എന്ന അഹംഭാവിയായ ഉപദേഷ്ടാവിനോട് ഹജ്ജിനു പോകാന്‍ വേണ്ടി നിര്‍ബന്ധിപ്പിച്ചു. തനിക്കു മതിയായ ശുശ്രൂഷ ലഭിക്കാത്തതിനാല്‍ ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ ഹകീം സാദ്‌റ എന്ന ഡോക്ടറെ മക്കയിലേക്ക് നാടുകടത്തി. ഔറംഗസീബ് ചക്രവര്‍ത്തി ഖാളി ഖുളാത്തിനോട് രാജി വെച്ച് ഹജ്ജിനു പോകാന്‍ നിര്‍ബന്ധിപ്പിച്ചു. അതിനാല്‍ ഹിജാസ്; അതൃപ്തനായ രാജകുടുംബാംഗങ്ങള്‍, വിമതര്‍, അന്യായമായി ഭരണമേറ്റെടുക്കുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് പറ്റിയ ഒരിടമായി തീര്‍ന്നു.
രസകരം എന്നു പറയട്ടെ, ധാരാളം സമ്പത്തുകള്‍ ഉണ്ടായിട്ടു പോലും എല്ലാ അധികാരവുമുള്ള ചക്രവര്‍ത്തിയോ അപ്രധാനിയായ പ്രാദേശിക നേതാക്കളോ അക്കാലത്ത് ഒരു ഹജ്ജ് പോലും നിര്‍വ്വഹിച്ചിട്ടില്ല. മറിച്ച് കച്ചവട ദൗത്യങ്ങള്‍ക്കും ഹജ്ജിനുമെല്ലാം കുലീന സ്ത്രീകളെ പറഞ്ഞയക്കുന്ന സമ്പ്രദായമായിരുന്നു പൊതുവെ നടന്നിരുന്നത്.
ഹജ്ജ് നിര്‍വ്വഹിച്ച മുഗള്‍ യുവതികളില്‍ പ്രധാനിയാണ് ഹാജി ബീഗം. പിന്നീട് അവര്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഭാര്യാ പദം അലങ്കരിച്ചു. ബാബര്‍ രാജാവിന്റെ ഭാര്യയായിരുന്ന ഗുല്‍ബാദന്‍ ബീഗമാണ് ഹജ്ജ് നിര്‍വ്വഹിച്ച മുഗള്‍ വനിതകളില്‍ പ്രസിദ്ധയായത്. എഡി 1576 ല്‍ അവര്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യയായ സാലിമാ സുല്‍ത്താന്‍ ബീഗത്തിന്റെയും മറ്റു നാല്‍പതോളം സ്ത്രീകളുടെയും ഒപ്പം സാലിമി എന്ന കപ്പലില്‍ മക്കയിലേക്ക് തിരിച്ചു. ഇലാഹി എന്ന കപ്പലില്‍ അവര്‍ക്ക് അകമ്പടി സേവിച്ച് കൊട്ടാര ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു. എഡി 1582 വരെ അവര്‍ മക്കയില്‍ തങ്ങുകയും നാല് ഹജ്ജുകളും അനവധി ഉംറകളും നിര്‍വ്വഹിക്കുകയും ചെയ്തു.
ഹജ്ജ് നിര്‍വ്വഹിച്ച അറിയപ്പെട്ട വനിതകളാണ് ബീജാപൂര്‍ രാജ്ഞി(എഡി 1661), ഭോപാല്‍ രാജ്ഞികളായ സിക്കന്ദര്‍ ബീഗം(എഡി 1863), സുല്‍ത്താന്‍ ജഹാന്‍ (എഡി 1903) ഇവരില്‍ സികന്ദര്‍ ബീഗമാണ് രാഷ്ട്ര ഭരണം നടത്തിക്കൊണ്ടിരിക്കെ ആദ്യമായി ഹജ്ജ് നിര്‍വ്വഹിച്ചവര്‍. അവരോടൊപ്പം അവരുടെ മാതാവും മുന്‍രാജ്ഞിയുമായിരുന്ന ഖുദ്‌സിയ ബീഗവും 1500 ഓളം പരിവാരങ്ങളും ഉണ്ടായിരുന്നു. ഏകദേശം നാലു പതിറ്റാണ്ടിനു ശേഷം സുല്‍ത്താന്‍ ജഹാന്‍ ഹജ്ജിനു വേണ്ടി എസ്.എസ് അക്ബര്‍ എന്ന കപ്പലില്‍ യാത്ര തിരിച്ചത്. അവരോടൊപ്പം മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. തന്റെ മാതാവില്‍ നിന്ന് വ്യത്യസ്തയായി അവര്‍ മക്കയിലെത്തുന്നതിന് മുമ്പ് മദീന സന്ദര്‍ശിച്ചു. 1904 ല്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പും അവര്‍ മദീന സന്ദര്‍ശിക്കുകയുണ്ടായി.
രാംപൂര്‍ ഭരണാധികാരിയായിരുന്ന കല്‍ബെ അലിഖാന്‍(…) എഡി 1872 ല്‍ ഹജ്ജ് നിര്‍വ്വഹിച്ചു. അദ്ദേഹം അപൂര്‍വ്വമായ ഒരുപാട് കയ്യെഴുത്ത് പ്രതികളുമായാണ് തിരിച്ചെത്തിയത്. അക്കൂട്ടത്തില്‍ ഏഴാം നൂറ്റാണ്ടിലെ അമൂല്യമായ അലി(റ)ന്റെ തോലില്‍ എഴുതപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ കയ്യെഴുത്ത് പ്രതിയുമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഉറുദു ഇതിഹാസ കവി ദാഖ് ദഹ്‌ലവിയുമുണ്ടായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഹജ്ജിനു പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 1885ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തോമസ് കുക്ക് എന്ന ടൂറിസ്റ്റ് ഏജന്‍സിയെ ഔദ്യോഗിക ഏജന്റായി നിയമിച്ചു. മക്ക, കര്‍ബല തുടങ്ങിയ തീര്‍ത്ഥാടക ധാരയുടെ സംരക്ഷണ ചുമതല ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉറപ്പാക്കിയിരുന്നു. ബോംബെ പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 1927 ല്‍ ഒരു പത്തംഗ ഹജ്ജ് കമ്മിറ്റി രൂപീകരിച്ചു. പിന്നീട് 1932 ല്‍ അതിനെ പോര്‍ട്ട് ഹജ്ജ് കമ്മിറ്റിയായും തുടര്‍ന്ന് 1959 ല്‍ മറ്റൊരു ഹജ്ജ് കമ്മിറ്റിയായും പുനഃസ്ഥാപിച്ചു.
1959 ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി രണ്ട് പ്രത്യേക ഹജ്ജ് നോട്ടുകള്‍ ഇറക്കി. പത്ത് രൂപ, നൂറു രൂപ എന്നിങ്ങനെ അതില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്നു. ഈ നോട്ടുകള്‍ ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്നതല്ലെങ്കിലും സൗദി ബാങ്കുകളുടെ അധികാരത്തോടെ ഇന്ത്യന്‍ രൂപകളായോ ബ്രിട്ടീഷ് പൗണ്ടുകളായോ മാറ്റി നല്‍കപ്പെട്ടിരുന്നു. 1959 ല്‍ കപ്പലിന്റെ മേല്‍തട്ടിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് 1200 രൂപയും ഫസ്റ്റ് ക്ലാസ്സ് യാത്രക്കാര്‍ക്ക് 1800 രൂപയും വിമാന മാര്‍ഗം പോകുന്നവര്‍ക്ക് 1700 രൂപയും കൈവശം വെക്കാന്‍ അനുവദിച്ചിരുന്നു.
1950-1960 കളിലുള്ള ഹജ്ജിന്റെ പ്രത്യേകത തീര്‍ത്ഥാടകര്‍ക്ക് ഇഷ്ടമുള്ള മുഅല്ലിം/മുതവിഫ് (ഹജ്ജ് ഗൈഡ്) കണ്ടെത്താനുള്ള അവസരം ഉണ്ടായിരുന്നു എന്നതാണ്. ഇന്ത്യയിലെ വ്യത്യസ്ത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തീര്‍ത്ഥാടകരെ തങ്ങളുടെ വരുതിയിലാക്കി മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യിപ്പിക്കുന്ന രീതി മുഅല്ലിംകള്‍ക്കുണ്ടായിരുന്നു. മുഅല്ലിംകളുടെ ജോലികള്‍ക്ക് മേല്‍നോട്ടം നടത്തിയിരുന്ന ശൈഖുല്‍ മുഅല്ലിമീന്‍ എന്ന പേരില്‍ ഒരു പ്രധാനിയുണ്ടായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് ഒരു പ്രത്യേക ഓഫീസ് അന്ന് നിലനിന്നിരുന്നില്ല. 1970 കള്‍ വരെ സൗദി ഗവണ്‍മെന്റ് ഹജ്ജ് വേളകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയിരുന്നു. ഇവരുടെ വാര്‍ഷിക സമ്മേളനം മക്കയില്‍ നടന്നു വരാറുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും പതിവായും അതില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നുള്ള കപ്പല്‍ വ്യൂഹം മൊഗുല്‍ ലൈന്‍ ആയിരുന്നു. അവകള്‍ 1888 ല്‍ സ്ഥാപിച്ചതും ബ്രിട്ടീഷ് കമ്പനി ടേണര്‍ മോറിസണ്‍ ന്റെ നിയന്ത്രണത്തിലുമുള്ളതായിരുന്നു. അവകളില്‍ ഏറ്റവും പഴക്കമുള്ളത് ‘എസ്.എസ് അലവി'(1924 നിര്‍മ്മിക്കപ്പെട്ടത്)യും ശേഷം ‘എസ്.എസ് രിസ്‌വാന്‍'(1930 ല്‍ നിര്‍മ്മിക്കപ്പെട്ടത്)ഉം ആയിരുന്നു. 1958-59കളിലായി അവകള്‍ തകര്‍ന്ന് കഷ്ണങ്ങളായി മാറി. മൊഗുല്‍ കപ്പല്‍ വ്യൂഹത്തിലെ ആദ്യത്തെ കപ്പലുകളില്‍ പെട്ടതാണ് എസ്.എസ് സഊദി (999 പേരെ വഹിക്കാവുന്നത്), എസ്.എസ് മുഹമ്മദി, എസ്.എസ് മുസാഫരി (1460 പേരെ വഹിക്കാവുന്നത്) എസ്.എസ് ഇസ്‌ലാമി(1200 പേരെ വഹിക്കാവുന്നത്), എം.വി അക്ബര്‍ (1600 200 പേരെ വഹിക്കാവുന്നത്), എസ്.എസ് നൂര്‍ജഹാന്‍ (1756 പേരെ വഹിക്കാവുന്നത്), എസ്.എസ് നികോബര്‍ എന്നിവയാണ്. 1962 ല്‍ അതിനെ ദേശസാത്കരിച്ചപ്പോള്‍ ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പറേഷന്റെ നിയന്ത്രണത്തിലായി മാറി. പിന്നീട് 1987 ല്‍ ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പ്പറേഷനില്‍ അവകള്‍ ലയിച്ചു ചേര്‍ന്നു. സഊദി കമ്പനിയായ ഹാജി അബ്ദുല്ല അല്‍ ഇറേസ മൊഗുല്‍ ലൈനിന്റെ ജിദ്ദയിലുള്ള ഏജന്റായിരുന്നു. ഇന്ത്യയില്‍ നിന്ന് നാടുകടത്തപ്പെട്ട എഴുപതില്‍ പരം വയസ്സുള്ള റാഫിഉദ്ധീന്‍ എസ് ഫസല്‍ ഭായ് ആയിരുന്നു അതിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍. 1927-ല്‍ ഇന്ത്യയില്‍ നിന്നുള്ള 36000 ഹാജിമാരില്‍ 20000 ഹാജിമാരെയും വഹിച്ചത് മൊഗുല്‍ ലൈന്‍ കപ്പലുകളാണ്. 1930 കളില്‍ 70 ശതമാനത്തോളം തീര്‍ത്ഥാടക കപ്പലുകളും മൊഗുല്‍ ലൈനിന്റേതായിരുന്നു. സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രസകരമായ ഒരു സ്റ്റാറ്റസ്റ്റിക്കല്‍ പഠനമനുസരിച്ച് 1958-68 കാലയളവില്‍ 2,00100 തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയിട്ടുണ്ട്. ഇതുപ്രകാരം ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ഹജ്ജിനയച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യമനും(321268 തീര്‍ത്ഥാടര്‍) യുണൈറ്റ്ഡ് അറബ് റിപ്ലബിക്കുമാണ്(232070 തീര്‍ത്ഥാടകര്‍) ഇന്ത്യക്കു മുന്നിലുള്ളത്.
1960 കളിലുടെനീളം ഏതാണ്ട് 14500 ഇന്ത്യന്‍ ഹാജിമാര്‍ കടല്‍ മാര്‍ഗം യാത്ര ചെയ്തു. മറ്റൊരു 1000 പേര്‍ എയര്‍ ഇന്ത്യയുടെ ചാര്‍ട്ടഡ് വിമാനങ്ങളിലുമായി യാത്ര ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന പണി ഹജ്ജ് കമ്മിറ്റിയായിരുന്നു നടത്തിയിരുന്നത്. ട്രൈഡ് വിംഗ്‌സ് കമ്പനി മുഖേനെ ആയിരുന്നു അത്. കടല്‍ മാര്‍ഗവും വ്യോമ മാര്‍ഗവുമുള്ള യാത്രകളെല്ലാം തുടങ്ങിയിരുന്നത് ബോംബെയില്‍ നിന്നായിരുന്നു. ഫസ്റ്റ് ക്ലാസ് സീറ്റില്‍ പോയിവരാനുള്ള കൂലി 1000 രൂപയായിരുന്നു. കപ്പലിന്റെ മേല്‍തട്ടിലുള്ള യാത്രക്ക് 500 രൂപ മതിയായിരുന്നു. കപ്പല്‍ മാര്‍ഗമുള്ള തീര്‍ത്ഥാടകരുടെ യാത്ര കുറഞ്ഞു വരികയും 1994 ഓട് കൂടി കേവലം 4700 ആവുകയും അവസാനം 1995 ല്‍ കടല്‍ മാര്‍ഗമുള്ള യാത്ര പൂര്‍ണ്ണമായും നിര്‍ത്തലാക്കി. തുടര്‍ന്ന് എല്ലാവരും വ്യോമ മാര്‍ഗം സ്വീകരിച്ചു. 2006 ആയതോടെ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 1,57000 ആയി ഉയര്‍ന്നു. ഇന്ത്യക്കാരായ തീര്‍ത്ഥാടകരേക്കാളും കൂടുതലായി വരുന്നത് ഇന്തോനേഷ്യയില്‍ നിന്ന് മാത്രം.
(കടപ്പാട്: docslide.net)
വിവര്‍ത്തനം: മുഹ്‌സിന്‍ അദനി കക്കിടിപ്പുറം