വിശ്വാസികളുടെ അകവും പുറവും ഹജ്ജിന് വേണ്ടി ഒരുങ്ങികൊണ്ടിരിക്കുകയാണ്. അവസരത്തിനൊത്ത് അറിവ് പഠിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ് എന്ന ഒരു പ്രവാചകാദ്ധ്യാപനം കാണാം. ആ തിരുവചനത്തെ പിന്തുടര്‍ന്ന് നമുക്ക് ഹജ്ജിനെ കുറിച്ച് പറയാം.
ഹജ്ജ് വിശ്വാസിയുടെ ജീവിതാഭിലാശങ്ങളിലെ ഏറ്റവും വലിയ ആഗ്രഹമാണ്. മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും പരിശുദ്ധ ഹജ്ജ് നല്‍കുന്ന ആത്മീയ സംതൃപ്തി നുകരാന്‍ നാഥനോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നവരാണവര്‍. ത്യാഗ സുരഭിലമായ ഓര്‍മകളുടെ സ്മരണ പുതുക്കലാണ് പ്രത്യക്ഷത്തില്‍ ഹജ്ജ്. അഥവാ സാധാരണ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു ആന്തരീക അര്‍ത്ഥം കൂടി നമുക്ക് ഗ്രഹിക്കാം. വിശ്വാസിയുടെ നിസ്‌ക്കാരം ഉടമയായ അല്ലാഹുവിന്റെ മുമ്പില്‍ വിനയ പൂര്‍വ്വം അടിമത്തം സമ്മതിക്കലാണ്. സക്കാത്ത് സഹജീവിയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി സഹായിക്കലാണ് ഇങ്ങനെ തുടങ്ങി നമ്മള്‍ ചെയ്യുന്ന മിക്ക ആരാധനാകര്‍മങ്ങള്‍ക്കും ഇത്തരം ഒരര്‍ത്ഥം ഉണ്ടാകും. എന്നാല്‍ ഹജ്ജിന്റെ ആന്തരികാര്‍ത്ഥമെന്താണ്?. അറഫയില്‍ നില്‍ക്കുന്നതിലെയും , മുസദലിഫയിലും മിനയിലും രാപാര്‍ക്കുന്നതിലെയും ജംറകളെ എറിയുന്നതിലെയും വിവക്ഷ എന്താണ്?.
ഹജ്ജ് വെറുമൊരു വിഢികോലം കെട്ടലാകാന്‍ വഴിയില്ല. കാരണം തന്ത്രജ്ഞനായ അല്ലാഹു അര്‍ത്ഥ ശൂന്യമായതൊന്നും തന്റെ അടിമകളോട് കല്‍പിക്കുകയില്ല. എന്നാല്‍ അവന്‍ കല്‍പ്പിച്ച എല്ലാത്തിന്റെയും അര്‍ത്ഥം സൃഷ്ട്ടികളായ നമുക്ക് ഗ്രഹിച്ച് കൊള്ളണമെന്നുമില്ല. ഗ്രഹിച്ചില്ലന്ന് കരുതി ഒരു വിശ്വാസി ഒരിക്കലും ഇത്തരം കല്‍പനകളെ മാറ്റി വെക്കാറില്ല.
എന്നാല്‍ കാലഗതിക്കനുസരിച്ച് വിശ്വാസികളുടെ വിശ്വാസത്തിന്റെ തീക്ഷണതക്കും ഉറപ്പിനും മങ്ങലേറ്റിട്ടുണ്ട്. ചെയ്ത്പോയ പാപങ്ങള്‍ നാഥന്റെ മുമ്പില്‍ കരഞ്ഞ് പറഞ്ഞ് ഇഷ്ടം സമ്പാദിക്കാനും നന്മ നിറഞ്ഞ പുതിയ ജീവിതം കെട്ടിപ്പടുക്കാനും ജീവിതത്തില്‍ വര്‍ഷങ്ങളോളം കാത്തിരുന്ന തീവ്രാഗ്രഹത്തിന്റെ സാഫല്യമായിരുന്നു പൂര്‍വീകരുടെ പരിശുദ്ധജ്ജ്. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഹജ്ജും ഉംറയും ടൂറിലേക്ക് പരിണമിച്ചു. അതുമല്ലെങ്കില്‍ സഹപാഠിയുടെയോ നാട്ടുകാരന്റെയൊ മുമ്പില്‍ ജാഡ കാണിക്കാനും ഹുങ്ക്പറയാനും, ഹാജി എന്നപേരിന്റെ അകമ്പടി സേവിക്കാനും വേണ്ടിയുള്ള വെറുമൊരു വിമാന യാത്ര.
തിരിച്ച് വരുമെന്ന് ഉറപ്പില്ലാതെ മരണം ഉറപ്പിച്ച് പ്രിയപത്നിയോടും പൊന്നു മക്കളോടും യാത്രപറഞ്ഞ് പടച്ച റബ്ബില്‍ എല്ലാം ഭരമേല്‍പ്പിച്ച് ഹജ്ജിന് വേണ്ടി പടിയിറങ്ങിയവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഇന്ന് നമ്മള്‍ പണത്തിന്റെ പിന്‍ബലത്തിലും ഗള്‍ഫിലുള്ളബന്ധങ്ങളുടെ പേരിലും ഹജ്ജിന് പോകുമ്പോള്‍ പോലും പടച്ചവനെ മറക്കാന്‍ ശ്രമിക്കുന്നു. റെയില്‍വേ ഉദ്യോഗസ്ഥനായ അടുത്തറിയുന്ന ഒരു വ്യക്തി ഹജ്ജിന് പോകുന്നു എന്നറിയിച്ചപ്പോള്‍ എന്നാലാകുന്ന സഹായം വല്ലതും വേണോ എന്നന്വേഷിച്ചപ്പോള്‍.”തങ്ങളുടെ ഹെല്‍പ്പ് വേണ്ട എനിക്ക് ആറു ഭാഷകളറിയാം കൂടാതെ എന്റെ മക്കളും പേരമക്കളുമായിട്ട് 85ഓളം പേര്‍ അവിടെയുണ്ട്”എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്ത് വന്നാലും ഞാന്‍ കുടുങ്ങില്ല എന്ന പടച്ചവനെ മറന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് വേദനാജനകമായ അനുഭവമായിരുന്നു.”തങ്ങളെ അല്ലാഹു അല്ലാതെ ആരെങ്കിലും ഉണ്ടെന്ന് കരുതി പോയാല്‍ അവന്‍ കുടുങ്ങിയത് തന്നെ, എന്നാല്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലാ എന്ന് കരുതിയവന് ഒന്നിനും ഒരു കുറവും ഉണ്ടാവുകയുമില്ല”. മിനയിലെത്തിയ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ഉടന്‍ തന്നെ ജീവനക്കാര്‍ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അങ്ങെനെ കിടപ്പിലായ അദ്ദേഹത്തിന് ഹജ്ജിന്റെ സുപ്രധാനകര്‍മങ്ങളെല്ലാം നഷ്ടമായി. ഒരുബന്ധുവും അവിടെ സഹായത്തിനെത്തിയിരുന്നില്ല. ഇത് വെറും ഒരു വ്യക്തിയുടെ സംഭവമല്ല മറിച്ച് പടച്ചവനെ മറന്ന ആധുനിക സമുദായത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഹജ്ജ് വെറും ഒരു ടൂറിന് പോയിവരലല്ല, മറിച്ച് ആത്മസംസ്‌കരണത്തിനും ചെയ്ത പാപം പൊറുപ്പിക്കാനും അല്ലാഹു അടിമക്ക് നല്‍കിയ സുവര്‍ണാവസരമാണത്. ഹജ്ജ് കഴിഞ്ഞ് വന്ന മുരീദിനോട് ശൈഖ് ഹജ്ജിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുരീദ് പറഞ്ഞത് പഴയ വസ്ത്രം അഴിച്ച് വെച്ച് പുതിയത് ധരിച്ചുഎന്നായിരുന്നു. ശൈഖ് പറഞ്ഞു, പ്രത്യക്ഷത്തില്‍ വസ്ത്രം മാറലാണങ്കിലും ശാരീരികവും മാനസികവുമായ അവന്റെ ഹൃദയത്തിലെ എല്ലാവിധ മ്ലേഛതയും കഴുകി വൃത്തിയാക്കലാണ് എന്നിട്ട് ഈമാനും ഇസ്ലാമുമാകുന്ന വസ്ത്രത്തിന് പുതുജീവന്‍ നല്‍കി തുടര്‍ ജീവിതം ധന്യമാക്കലാണ് എന്നായിരുന്നു.
ഹജ്ജിനെ കുറിച്ച് പറയുമ്പോള്‍ മദീനയെ പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. ജീവിതത്തില്‍ ആദ്യമായി ഉച്ചരിച്ച പദങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ആദ്യം പറയുക അശ്‌റഫുല്‍ ഖല്‍ഖിന്റെ തിരുനാമമായിരിക്കും. കാരണം ഓര്‍മവെച്ച നാള്‍ മുതല്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മിക്കതും തിരുദൂതരും അവിടുത്തെ ജീവിതവുമായി ബന്ധപെട്ടതുമായിരുന്നു. ഉപ്പയുടെ ചോദ്യാവലിയില്‍ ചിലതിവിടെ കൊടുക്കാം നമ്മുടെ നബിയുടെ പേരെന്ത്? ജനിച്ചതെവിടെ? തിരുറൗള സ്ഥിതിചെയ്യുന്ന നാടേത്? നബിയുടെ ഉപ്പയുടെ പേരന്ത്? ഉമ്മ ആമിന ബീവി വഫാത്തായതെവിടെ? ഇങ്ങെനെ നീളും. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ഉപ്പയില്‍ നിന്ന് വാങ്ങിക്കൂട്ടിയത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിട്ടായിരുന്നു. കുട്ടിക്കാലത്ത് ഉപ്പ ചൂണ്ടു വിരല്‍ ഉയര്‍ത്തിയാല്‍ അത് ഏകനായ അല്ലാഹുവിലേക്കുള്ള സൂചനയാണെന്നും അത്‌കൊണ്ടു തന്നെ ആ ആംഗ്യചോദ്യത്തിനുള്ള മറുപടി അല്ലാഹു എന്നായിരിക്കുമെന്നും തൊട്ടുടനെ വരുന്ന ചോദ്യത്തിന്റെ ഉത്തരം മുഹമ്മദ്(സ)എന്നായിരിക്കുമെന്നും ഉറപ്പായിരുന്നു.
‘ഉപ്പാ പനിക്കുന്നു’മക്കളിലാരെങ്കിലും ആധിയുമായി ഉപ്പയേ സമീപിച്ചാല്‍ ആ അധരങ്ങളും നാവും ഒരു നിമിഷം സ്വലാത്തിലൂടെ സഞ്ചരിക്കും എന്നിട്ട് പതിയെ മൂര്‍ദ്ധാവില്‍ ഊതി തരും’ഹൊ, ആ മാന്ത്രിക വചനങ്ങള്‍ ഉച്ചരിച്ച വായു ശരീരത്തിലൂടെ തഴുകി തലോടിയാല്‍ എന്തൊരാശ്വസമാണന്നോ. എന്ത് അസുഖമുണ്ടെങ്കിലും അറിയാതെ സുഖപെടുന്നതായി അനുഭവപ്പെടും’. മുറിവ് പറ്റിയ ശരീരവുമായി കരഞ്ഞ് ചെന്ന് ഉപ്പയോട് പരിതപിച്ചാല്‍ സ്വലാത്ത് കൂടികലര്‍ന്ന ഉമിനീരിന്റെ അത്ഭുതാമൃതം ഉപ്പ മുറിവില്‍ പുരട്ടി തരും.ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം സ്വലാത്തെന്ന ഒറ്റമൂലിയിലുണ്ടെന്ന് അന്നാണ് ആദ്യമായി തിരിച്ചറിഞ്ഞത്. പറഞ്ഞു വരുന്നത് മക്കളുടെ കുഞ്ഞു ഹൃദയങ്ങളില്‍ തന്റെ പ്രേമഭാജനത്തിന്റെ ഊരും വീടും പരിസരവും അരക്കിട്ടുറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ആ പിതാവ്. അതില്‍ ഉപ്പ നൂറ് ശതമാനവും വിജയിക്കുകയും ചെയ്തിരുന്നു.
അന്ന് മുതല്‍ അഥവാ ഓര്‍മവെച്ച നാള്‍മുതലുള്ള ആഗ്രഹമായിരുന്നു മദീന. എങ്ങനെയാണ് ഇത്തരം സാഹചര്യത്തില്‍ വളര്‍ന്ന ഒരു കുഞ്ഞുഹൃദയത്തില്‍ മദീന രൂഡമൂലമാകാതിരിക്കുന്നത്..? ആ ആഗ്രഹം വെറുതെയങ്ങ് രൂപപ്പെട്ടതല്ല. ഉപ്പയും ഉമ്മയും തിരികൊളുത്തി ഊതി കത്തിച്ച് മറ്റെല്ലാ ആഗ്രഹങ്ങളെയും സംഹരിക്കാന്‍ ശേഷിയുള്ള ഒരഗ്നി ഗോളമാക്കിമാറ്റിയതാണതിനെ. അത് കൊണ്ടുതന്നെ എത്രയും പെട്ടെന്ന് മക്കയിലും മദീനയിലുമെത്തണമെന്നതും ഹജ്ജും തിരു സിയാറത്തും നിര്‍വഹിക്കണമെന്നതും ജീവിതാഭിലാഷങ്ങളിലൊന്നായിരുന്നു. വാര്‍ദ്ധക്ക്യത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയാലെ അന്ന് എല്ലാവരും ഹജ്ജിനെകുറിച്ചും ഉംറയെ കുറിച്ചും ചിന്തിക്കാറുപോലുമുള്ളൂ എന്നതോര്‍ക്കണം. എന്നാല്‍ അല്‍ ഹംദുലില്ലാഹ് ഉപ്പയുടെ എല്ലാ മക്കള്‍ക്കും വളരെ ചെറു പ്രായത്തില്‍ തന്നെ അത് സാധ്യമായിട്ടുണ്ട്.
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കൃത്യമായി പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ ,ആ വര്‍ഷമാണ് ഞാനാദ്യമായി മദീനയിലേക്ക് തിരിക്കുന്നത്. ഇത്രയും കാലത്തെ എന്റെ കാത്തിരിപ്പിന് വിരാമമാകുന്നു. ഇമാം രിഫാഇയെ ഓര്‍മയില്ലെ നിങ്ങള്‍ക്ക്, എനിക്ക് മഹാനവര്‍കളെ ശരിക്കും ഓര്‍മവന്ന സമയമായിരുന്നു അത്. മഹാനവര്‍കളുടെ പ്രവാചകപ്രണയത്തിനോട് കിടപിടിക്കില്ലെങ്കിലും തിരുസവിധത്തിലേക്കിറങ്ങിപുറപെട്ട ഈ സാഹചര്യത്തില്‍ ഞാനിത്രമാത്രം ഉത്കണ്ഠാകുലനാണങ്കില്‍ മഹാനവര്‍കള്‍ എത്രമേല്‍ ജിജ്ഞാസയുള്ളവരായിരുന്നിരിക്കണം. പ്രണയഭാരത്താല്‍ ശരീരത്തിന് ഹൃദയത്തെ താങ്ങാന്‍ സാധിക്കാത്ത അവസ്ഥ വന്നപ്പോള്‍ മഹാനവര്‍കള്‍ തിരുസവിധത്തില്‍ ചെന്ന് പാടിയത് മറക്കുവാനാകുമോ..പ്രണയികള്‍ക്ക്.
‘ഓ നബിയെ ..വര്‍ഷങ്ങളായി എന്റെ ആത്മാവിനെ സ്വലാത്തുമായി എന്റെ പ്രതിനിധിയെന്നോണം അങ്ങയുടെ സവിധത്തിലേക്ക് ഞാനയച്ചിരുന്നു. ഇന്നിതാ സാധുവായ എന്റെ ശരീരം അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു. ഇത് എന്റെ ശരീരത്തിന്റെ ഊഴമാണ്. അത് കൊണ്ട് അവിടുത്തെ തിരുകരങ്ങളൊന്നു നീട്ടി തരണം. ആ പുണ്യകരങ്ങളില്‍ എന്റെ അധരങ്ങള്‍ ചുംബനം ചെയ്ത് സംതൃപ്തിയടയട്ടെ.’
ഇത് കേട്ട് റൗളാശരീഫില്‍ നിന്ന് തിരുകരങ്ങളുയര്‍ന്നതും ശൈഖ് രിഫാഇ ആ തിരുകരങ്ങളില്‍ ചുംബിച്ചതും പ്രവാചക പ്രണയികള്‍ക്ക് മദീനയിലെത്തുവാനുള്ള ഹൃദയവേദന വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങളാണ്.
അങ്ങനെ മദീനയിലേക്ക് തിരിച്ച എനിക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി ജിദ്ദാ എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം നില്‍ക്കേണ്ടിവന്നു. ജിവിതത്തില്‍ മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്. 1977 മുതല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് കുടിയേറ്റത്തിന്റെ കാലഘട്ടമാണ്. ഗള്‍ഫില്‍ നിന്നും വരുന്ന പണത്തിന്റെ കുത്തൊഴുക്ക് കണ്ട് ഹജ്ജിന്റെയും ഉംറയുടെയും വിസയില്‍ വിദേശത്തെത്തുന്നവര്‍ തിരിച്ചു വരാതെയായി. ജോലിയും താമസവുമായി അവരവിടെ സ്ഥിരമാക്കലായിരുന്നു പതിവ്. ഇത്തരക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ അതുവരെ പാസ്‌പോര്‍ട്ട് കൈവശം വെക്കാം എന്ന നിയമം ഒഴിവാക്കി. പകരം പാസ്‌പോര്‍ട്ട് മുത്തവ്വിഫ്മാരെ ഏല്‍പിക്കണമെന്ന നിയമം കര്‍ശനമാക്കി. എനിക്കാണങ്കില്‍ തിരുസവിധത്തില്‍ പോകലോടു കൂടെതന്നെ ബദറിലും മറ്റു സിയാറത്ത് കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തണമെന്ന അതിയായ ആഗ്രഹവും. ബദറടക്കമുള്ള സ്ഥലങ്ങളില്‍ ഇറങ്ങി യാത്രചെയ്യണമെങ്കില്‍ ടാക്‌സിക്കാരെ പാസ്‌പോര്‍ട്ട് കാണിക്കണം. അന്ന് എന്റെ കൂടെ സഹായത്തിനുണ്ടായിരുന്നത് കരുവന്‍തിരുത്തി ഗുഹാദുരന്തത്തില്‍ മരണപെട്ട കല്ലിറക്കല്‍ അബ്ദുര്‍റശീദ് ഹാജിയായിരുന്നു. അദ്ദേഹത്തോട് പലരും ചോദിച്ചു, എന്തിനാണ് തങ്ങളിങ്ങനെ വാശിപിടിച്ച് പാസ്‌പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുന്നത്?. അവരോടെല്ലാം അദ്ദേഹം പറഞ്ഞിരുന്നത് ‘തങ്ങള്‍ക്ക് ഹജ്ജ് കഴിഞ്ഞിട്ട് ഇവിടെ സ്ഥിരമാക്കണമെന്നുണ്ടെന്ന് തോന്നുന്നു’. അങ്ങനെ ഒരു ചിന്തവരല്‍ സ്വാഭാവികമാണ്. കാരണം അത്തരക്കാരാണല്ലോ പാസ്‌പോര്‍ട്ട് കൈവശം വെക്കാന്‍ ശ്രമിക്കാറും അവിടെ സ്ഥിരമാക്കാറും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘ഹാജിയാരെ.. എന്റെ ജീവിതത്തില്‍ ദര്‍സ് ഒഴിവാക്കിയിട്ട് മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചിട്ടില്ല. ഞാനിവിടെ പാസ്‌പോര്‍ട്ടിന് വേണ്ടി വാശിപിടിക്കുന്നത് ഇത്രയും ദൂരം വന്നിട്ട് എങ്ങനെയാണ് ബദറും തിരുപാദകൊണ്ട് മുദ്രണം ചെയ്യപെട്ടസ്ഥലങ്ങളും മറ്റു പുണ്യസ്ഥലങ്ങളും സിയാറത്ത് ചെയ്യാതെ മടങ്ങുക എന്നാലോച്ചിച്ചിട്ടാണ്.’
രണ്ടു ദിവസത്തെ കാത്തിരിപിനൊടുവില്‍ എന്റെ പാസ്‌പോര്‍ട്ട് കൈവശം ലഭിച്ചു. ഞനെന്റെ ലക്ഷ്യത്തിലേക്ക് തിരിച്ചു. മദീനയിലേക്ക്. തിരുഹള്‌റത്തിലെത്തി ‘അസ്സലാമു അലൈക്കും യാറസൂലല്ലാഹ്’ എന്ന് പറയുമ്പോള്‍ അവിടുന്ന് നേരെ മുമ്പില്‍ നില്‍ക്കുന്ന പ്രതീതി. നിസ്‌കാരത്തില്‍ അത്തഹിയ്യാത്തില്‍ ‘അസ്സലാമു അലൈക്കും അയ്യുഹ നബിയ്യു’എന്ന് സലാം പറയുമ്പോള്‍ മനസ്സിലേക്ക് അശ്‌റഫുല്‍ ഖല്‍ഖിനെ ആവാഹിക്കണമെന്ന് ഇമാം ഗസ്സാലി ഇഹ്‌യയില്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ് ശരിക്കും വ്യക്തമായത്. ആ സമയത്ത് എന്റെ ചാരത്ത് അശ്‌റഫുല്‍ ഖല്‍ഖ് നില്‍ക്കുന്നതായും ഞാനവിടത്തോട് നേരിട്ട് സലാം പറയുന്നതയും എനിക്കനുഭവപ്പെട്ടു. അങ്ങെനെ ജീവിതത്തിലൊരിക്കലും മറക്കാനാകാത്തതായി മാറി ആ പ്രഥമ മദീന സിയാറത്ത്.
ചുരുക്കി പറഞ്ഞാല്‍ ഉപ്പയുടെ അഞ്ചാണ്‍മക്കള്‍ക്കും വളരെ ചെറുപ്രായത്തില്‍ തന്നെ ഹജ്ജിനും തിരു റൗളാസിയാറത്തിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. പരസഹായമില്ലാതെ സ്വന്തം ചിലവില്‍ തന്നെയായിരുന്നു ഈ സിയാറത്തുകളത്രയും. ഇതിനും ഉപ്പ ഞങ്ങളില്‍ ശീലങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. ഞങ്ങളില്‍ ഉപ്പവളര്‍ത്തിയ ഒരു സമ്പാദ്യ ശീലമുണ്ടായിരുന്നു. തന്റെ മക്കള്‍ക്ക് ഉണര്‍വിലും ഉറക്കിലും ഹജ്ജും തിരുറൗളാ സിയാറത്തും കടന്ന് വരുന്ന തരത്തിലുള്ള സമ്പാദ്യ ശീലം.അതിങ്ങനെയായിരുന്നു ഞങ്ങള്‍ക്കഞ്ചുപേര്‍ക്കും ഓരോ കൊച്ചു മണ്‍ കുഞ്ചികളുണ്ടായിരുന്നു. കൈവശം ലഭിക്കുന്ന ഓരോ നാണയതുട്ടുകളും അതിലിട്ട് സംമ്പാദിച്ച് വെക്കും. എന്തിനെന്നോ.. ഹജ്ജിന് പോകാന്‍.! അങ്ങനെ ആ ആഗ്രഹം രൂഢമൂലമായി. അതിയായ ആഗ്രഹവും പ്രയത്‌നവും പ്രാര്‍ഥനയുമുണ്ടായാല്‍ ലഭിക്കാത്തതായി എന്തെങ്കിലുമുണ്ടോ? താമസിയാതെ ഞങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറുകയും ചെയ്തു.
രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ക്ക് ആദ്യം അല്ലാഹുവിനെയും റസൂലിനെയും പരിചയപ്പെടുത്തണം.തിരു ഹളറത്തിലെത്താന്‍ ആശജനിപ്പിക്കുന്ന പ്രേരക കാര്യങ്ങള്‍ അവരെ കൊണ്ട് ചെയ്യിപ്പിക്കണം. അത് നമ്മുടെ ബാധ്യതയാണ്. ഉറപ്പ്, ഉപ്പയില്‍ അതില്‍ ഞങ്ങള്‍ക്ക് മാതൃകയുണ്ടായിരുന്നു. ഇത് പോലെ നമ്മളൊരോരുത്തരും നമ്മുടെ മക്കള്‍ക്കും മാതൃകയാകണം. എന്നാലെ നമ്മള്‍ പൂര്‍ണമായും നമ്മുടെ മക്കളോടുള്ള കടപ്പാട് വീട്ടിയവരാകൂ എന്ന് പറയാനൊക്കു. നമ്മുടെ ആഖിബത്ത്(അവസാനം)നല്ല നിലയിലാകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുതല്‍ കൂട്ടായിരിക്കും. ഉപ്പ അതിനുള്ള വ്യക്തമായ ഉദാഹരണമായിരുന്നു. ഹിജ്‌റ വര്‍ഷം 1408 റബീഉല്‍ അവ്വല്‍ 27നാണ് ഉപ്പ മരണപ്പെടുന്നത്. ആരും കൊതിച്ച് പോകുന്ന തരത്തിലുള്ള മരണം. മരണ സമയത്ത് ഉപ്പ ചാലിയം വലിയ ജുമുഅത്ത് പള്ളിയില്‍ മൗലിദിന്റെ സദസ്സിലായിരുന്നു. ഒരുപാട് പണ്ഡിതന്മാരും മുദരിസ്സുമാരും മുതഅല്ലിമുകളും ഒരുമിച്ച് കൂടിയ വലിയ സദസ്സ്. അശ്‌റഖ ബൈത്ത് ചൊല്ലുമ്പോഴാണ് ഉപ്പക്ക് നെഞ്ചുവേദന തുടങ്ങിയത്. എന്നിട്ടും നെഞ്ച് പൊത്തിപിടിച്ച് ചൊല്ലി . അവസാനമായപ്പോഴേക്കും വേദന വര്‍ദ്ധിച്ചു. കോയാസ് ഹോസ്പിറ്റലിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയെങ്കിലും ഉപ്പ അവിടെ വെച്ച് നെഞ്ച് പൊത്തിയിരുന്നു, പിന്നെ കിടന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്‌റ് ഉരുവിട്ടു കൊണ്ടിരിക്കെ അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു നമ്മുടെ ആഖിബത്തും അവനും അവന്റെ റസൂലും ഇഷ്ട്ടപ്പെട്ട രൂപത്തിലാക്കി തരട്ടെ.