No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

മരണം നേരില്‍ കണ്ട നിമിഷങ്ങള്‍

മരണം നേരില്‍ കണ്ട നിമിഷങ്ങള്‍
in Memoir
August 14, 2017
സൈനുദ്ധീന്‍ കാരിക്കുളം

സൈനുദ്ധീന്‍ കാരിക്കുളം

Share on FacebookShare on TwitterShare on WhatsApp

ജീവിതത്തില്‍ ഒരു ഹജ്ജെങ്കിലും ചെയ്യുകയെന്നത് ഏതൊരു വിശ്വാസിയുടേയും അടങ്ങാത്ത അഭിലാഷമാണ്. ഏതൊരു കാര്യത്തോടും ആഗ്രഹം മൊട്ടിടുമ്പോള്‍ അതു പൂവണിയാനുള്ള വഴികളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും നേടിയെടുത്തവരെ കണ്ട് അവര്‍ക്കുണ്ടായ അനുഭവങ്ങളും ത്യാഗങ്ങളും കേട്ടുമനസ്സിലാക്കി സ്വന്തം നേട്ടത്തിനയി ഊര്‍ജ്ജം സമ്പരിക്കുകയും ചെയ്യും. അതല്ലേ സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ വിജയം കൈവരിച്ചവരെ അഭിമുഖം നടത്തിയും ജീവിതം പകര്‍ത്തിയും പലരും ആ വിജയിത്തിലെത്തിപ്പെടാനാഗ്രഹിക്കുന്നത്.

ഓര്‍മ വെച്ച കാലം തൊട്ട് നാം തിരിഞ്ഞു നില്‍ക്കുന്ന ഭൂമുഖത്തെ ആദ്യഭവനം. വിശുദ്ധ കഅ്ബ കണ്‍കുളിര്‍ക്കെ കാണാന്‍ ആര്‍ക്കാണ് ആശയില്ലാത്തത്. എവിടെയാണെന്നറിയാത്തത് കൊണ്ടല്ല. നാം ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നിന്ന് ഒരു നേര്‍രേഖ തൊടുത്ത് വിട്ടാല്‍ അത് കഅ്ബയില്‍ ചെന്നു പതിക്കും എന്ന് കേട്ടിട്ടുണ്ട്. ആ രേഖയിലൂടെ നേരെയങ്ങ് പറന്നാലോ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. പക്ഷെ, നമുക്ക് അതിന് സാധിക്കില്ലല്ലോ. ഒരു പക്ഷിയായിരുന്നെങ്കില്‍ ആശ ഒരുപക്ഷേ സാധ്യമായേനേ. ഇന്നു കൂടുതലും ആശ്രയിക്കുന്നത് വിമാനമാര്‍ഗമാണ്. കാലം പുരോഗമിക്കുന്തോറും വഴികളും സരളമാകുന്നുണ്ട്. കഷ്ടതകള്‍ക്ക് വിധേയമാകാതെ ലക്ഷ്യം പൂവണിയുന്നുണ്ട്. പക്ഷെ, ഈ സംവിധാനങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ എങ്ങനെയായിരുന്നു ആ ലക്ഷ്യം സാക്ഷാത്കരിച്ചത്. നമ്മുടെ ഉപ്പാപ്പ ആദം നബി (അ) ഇന്ത്യയില്‍ നിന്ന് 40 തവണ നടന്ന് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട് എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിവെക്കപ്പട്ടിട്ടുണ്ട്. പൂര്‍വ്വികര്‍ എല്ലാവരും അങ്ങനെയായിരുന്നോ? ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ഇന്നും കാല്‍ നടയായി ഹജ്ജിന് എത്തിച്ചേരുന്നവരുണ്ടെത്രെ. യാത്രയുടെ ക്ലേശത്തേക്കാളും പരിഗണന ചെയ്യുന്നവന്റെ ഇഖ്‌ലാസിലാണെന്നറിയാമെങ്കിലും അവര്‍ക്കുണ്ടാകുന്ന ക്ലേശങ്ങളെ അവഗണിക്കാവതല്ലല്ലോ. അല്ലെങ്കിലും ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ) യുടെ വിളി കേട്ടവരൊക്കെ ആ പുണ്യഭൂമിയലെത്തിച്ചേരും. അതെത്ര ത്യാഗം സഹിച്ചിട്ടാണെങ്കിലും. ഈയൊരു ആവേശമാണ് എന്നെ നാട്ടുകാരനും കുടുംബക്കാരനുമായ ഏന്തീന്‍കുട്ടി ഹാജിയുമായി കൂടിയിരിക്കാന്‍ പ്രേരിപ്പിച്ചത്.

തൃശ്ശുര്‍ ടൗണില്‍ നിന്നും തെക്ക് കിഴക്ക് 31 കി.മി സഞ്ചരിച്ചാല്‍ പാലപ്പിള്ളി എന്ന മലയോര പ്രദേശത്ത് എത്തിച്ചേരും. പ്രകൃതി സൗന്ദര്യം കൊണ്ട് മനം കുളിര്‍പ്പിക്കുന്ന ആ പ്രദേശം ഒരു മിനി മലപ്പുറം തന്നെയാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടുത്തെ കുടുംബങ്ങളുടെ അടിവേര് മലപ്പുറത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ്. ഇന്നത്തെ രണ്ട് തലമുറക്ക് മുമ്പുള്ളവര്‍ ജീവിതമാര്‍ഗം തേടി മലപ്പുറത്ത് നിന്ന് പാലപ്പിള്ളി റബ്ബര്‍ എസ്റ്റേറ്റിലേക്ക് കുടിയേറിയതാണ്. അവിടുത്തെ മുസ്‌ലിംകള്‍ക്കെല്ലാം മലപ്പുറത്തിന്റെ സംസ്‌കാരമാണ്. പാലപ്പിള്ളിയില്‍ നിന്നും 2 കി.മി റബ്ബര്‍ എസ്റ്റേറ്റിലൂടെ സഞ്ചരിച്ചാല്‍ കാരികുളം എന്ന ദേശത്തെത്തും. അവിടെയാണ് ഏന്തീന്‍കുട്ടി വസിക്കുന്നത്.

യഥാര്‍ത്ഥ പേര് സൈനുദ്ദീന്‍ എന്നതാണെങ്കിലും നാട്ടുകാര്‍ക്ക് ഏന്തീന്‍കുട്ടി ഹാജിയാണ്. ആ പ്രദേശത്തെ കൂടുതല്‍ പേര്‍ക്കും ഹാജി സുപരിചിതരാണെങ്കിലും ഹാജിയുടെ ഹജ്ജ് യാത്രയെ കുറിച്ച് അറിവില്ലാത്തവരാണ് ഭൂരിഭാഗവും. മുന്‍കൂട്ടി അറിയിച്ചതടിസ്ഥാനത്തില്‍ ഹാജിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ തന്നെ എന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ഹാജിയെയാണ് കണ്ടത്. സമയം രാത്രി 09:30 ഹാജിയുടെ മുഖത്ത് നല്ല സന്തോഷം കാണുന്നുണ്ട്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനണെങ്കിലും ഹാജി ഇപ്പോള്‍ വലിയ ആവേശത്തിലാണ്. എങ്ങനെയില്ലാതിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാധിച്ചെടുത്ത അഭിലാഷങ്ങളെക്കുറിച്ച് ആര്‍ക്കാണ് സ്മരിക്കാന്‍ മടിയുണ്ടാവുക. ഹാജിയുടെ ഹജ്ജ് തീര്‍ത്ഥയാത്രയുടെ ഓര്‍മകള്‍ എന്റെ മുമ്പില്‍ വാക്കുകളായി വിരിയാന്‍ തുടങ്ങി.

1977 ആഗസ്റ്റ് 12 ഒരു വെള്ളിയാഴ്ച വിശുദ്ധ ഗേഹം ലക്ഷ്യമാക്കിയിറങ്ങുമ്പോള്‍ അന്നെനിക്ക് 29 വയസ്സാണ്. അറബി മാസം അന്നൊരു റമളാന്‍ 12 ആയിരുന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങള്‍ ഒട്ടും ഇല്ലാത്ത അന്നു ഹജ്ജ് യാത്ര വലിയ പ്രയാസമായിരുന്നു. അതും കാരികുളത്ത് നിന്ന്. യാത്രാ സംവിധാനങ്ങള്‍ ഇപ്പോഴും സുലഭമായിട്ടില്ലാത്ത പ്രദേശമാണല്ലോ ഇത്. ഹാജി ഓരോന്നായി പറയാന്‍ തുടങ്ങി. മക്കയിലെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ആദ്യ യാത്രാ ലക്ഷ്യം വെച്ചിരുന്നത് ബോംബെയാണ്. ട്രെയ്ന്‍ വഴി അവിടെ നിന്ന് കപ്പല്‍ വഴി ജിദ്ദയിലേക്കും. യാത്ര തുടങ്ങുമ്പോള്‍ വരും നാളുകളിലെ പ്രയാസങ്ങളെകുറിച്ചന്വേഷിച്ചാല്‍ ഒരറ്റവുമില്ലായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാവും പ്രാര്‍ത്ഥനയുമായിരുന്നു എന്റെ കൂട്ടിനുണ്ടായിരുന്നത്. ഇന്നു ഹജ്ജിന് പോകുന്നവര്‍ വീട്ടില്‍ നിന്നു യാത്ര പറഞ്ഞ് വാഹനത്തില്‍ കയറിപോകുന്നതാണ് കാണുന്നത്. എന്നാല്‍ എന്നെ നാട്ടുകാര്‍ യാത്രയയക്കാന്‍ വേണ്ടി തക്ബീര്‍ ചൊല്ലി മഹല്ലിന്റെ അതിര്‍ത്തി വരെ കൂടെ വരികയും അവിടെ നിന്ന് കൂട്ടബാങ്കുവിളിച്ചും എന്നെ യാത്രയാക്കുകയായിരുന്നു. ഹാജി ഇതു പറഞ്ഞപ്പോള്‍ എന്റെ മനസ്സു തേങ്ങി. എത്ര നല്ല സംസ്‌കാരങ്ങളാണ് ഈ നാടിനന്യമായിക്കൊണ്ടിരിക്കുന്നത്.

നാട്ടുകാരോട് യാത്ര പറയുമ്പോള്‍ ജീവിതത്തിലെ അവസാനത്തെ യാത്ര പറച്ചിലായി അനുഭവപ്പെട്ടു. തിരികെ മടങ്ങിവരാത്ത യാത്ര. കാരണം ഒരു വിവരം പോലും അറിയാനുള്ള സൗകര്യം ഇല്ലായിരുന്നുവല്ലോ. തിരികെ വന്നു നേരില്‍ കണ്ടാല്‍ ആയി എന്നല്ലേ സ്ഥിതി. കമ്പിതപാലൊന്നും സുലഭമായിരുന്നില്ല. കയ്യില്‍ ഭക്ഷണസാധനങ്ങളൊക്കെ കരുതിയിരുന്നു. അരി, പരിപ്പ്, പയര്‍. ബോംബെയിലെത്തിയാല്‍ ഗവണ്‍മെന്റിന്റെ മുസാഫര്‍ഖാനയിലാണ് താമസിച്ചിരുന്നത്. 7 മുതല്‍ 15 ദിവസം വരെ അവിടെ താമസിക്കേണ്ടി വരുമായിരുന്നു. ആ കാലയളവിലുള്ള ഭക്ഷണത്തിനുള്ളത് നാം തന്നെ കരുതണമായിരുന്നു. മക്കയിലും സ്ഥിതി അതു തന്നെയായിരുന്നു. അവിടെ ഭക്ഷണത്തിനാവശ്യമായ അരിയും മറ്റു സാമഗ്രികളും ഹാജിമാര്‍ കൈവശം കരുതിയിരുന്നു. മുംബൈയില്‍ നിന്നും ഡ്രാഫ്റ്റായി രണ്ട് ചാക്ക് അരിയും മക്കത്തേക്ക് കൊണ്ട് പോകുന്നുവരുണ്ടായിരുന്നു. ആ വര്‍ഷത്തെ ചെറിയപെരുന്നാള്‍ എനിക്ക് ബോംബെയിലായിരുന്നു. അവിടെന്നെനിക്ക് മലപ്പുറത്തുകാരെ സുഹൃത്തുക്കളായി ലഭിക്കുകയുമുണ്ടായി.

ഇനി കപ്പല്‍ യാത്രയാണ്, 9 നാളുകള്‍ സഞ്ചരിച്ചിട്ട് വേണം അക്കരെയണയാന്‍. ഹജ്ജ് യാത്രക്കായി 10 കപ്പലുകള്‍ ഗവണ്‍മെന്റ് ഒരുക്കിയിരുന്നു. അക്ബര്‍, നൂര്‍ജഹാന്‍. ഓരോ പേരും ഹാജി ഓര്‍മയില്‍ നിന്ന് പെറുക്കിയെടുത്തു. ആ വര്‍ഷം പാലപ്പിള്ളിയില്‍ നിന്നും ആറ് പേര്‍ ഹജ്ജിന് പുറപ്പെട്ടിട്ടുണ്ടെങ്കിലും വ്യത്യസ്ത കപ്പലുകളിലായിരുന്നു യാത്ര. എന്റേത് കപ്പല്‍ എസ്.എസ് മുഹമ്മദിയ്യ ആയിരുന്നു. 2207 രൂപയാണ് സെക്കന്റ് ക്ലാസ് ടിക്കറ്റിന് ചെലവായത്.
കപ്പല്‍ യാത്ര വല്ലാത്ത അനുഭവമായിരുന്നു. 9 ദിവസം കരകാണാ കടലിലായിരുന്നു. ഒട്ടുമിക്കയാത്രക്കാരും വലിയ പ്രയാസം അനുഭവിച്ചു. യാത്രയോട് സമരസപ്പെടാന്‍ പലരും പാടുപെടുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. നാഥന്റെ തൗഫീഖ് കൊണ്ട് എനിക്ക് കപ്പല്‍ യാത്ര നല്ല റാഹത്തായിരുന്നു. കപ്പിലിലെ ഭക്ഷണമാണ് ഒരു പ്രയാസം ഉണ്ടാക്കിയത്. പച്ചരിച്ചോറും പരിപ്പുകറിയും. ചിലപ്പോഴൊക്കെ മീനും കിട്ടും. കപ്പല്‍ അധികൃതര്‍ നല്‍കുന്നതായതിനാല്‍ കഴിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. പലരും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഛര്‍ദിച്ചു. അതിനിടയിലാണ് ഞങ്ങളുടെ കപ്പലില്‍ ഒരു മരണം നടക്കുന്നത്. പട്ടാമ്പിയില്‍ നിന്നും വന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിക്കുകയായിരുന്നു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളൊന്നു കുഴങ്ങി. കാരണം ഇനിയും മൂന്ന് ദിവസം കൂടി സഞ്ചരിക്കണമായിരുന്നു കരകാണാന്‍. കടലില്‍ വെച്ച് മരണം സംഭവിച്ചാലുള്ള പ്രതിവിധിയെ കുറിച്ച് ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ടെങ്കിലും അപ്പൊ അതൊന്നും ഓര്‍മ്മ വന്നില്ല. മയ്യിത്തിനെ വേഗം കുളിപ്പിച്ചു, കഫന്‍ ചെയ്തു. ഞങ്ങളോട് നിസ്‌കരിക്കാന്‍ പറഞ്ഞു. എനിക്കപ്പോഴും ഇനിയെന്തുചെയ്യുമെന്നതില്‍ വലിയ ആശങ്കയായിരുന്നു. ശേഷിക്കുന്ന മൂന്നു ദിവസം കാത്തുനില്‍ക്കുമോ. എങ്ങനെ അതു കപ്പലില്‍ വെക്കാന്‍ കഴിയും. അപ്പോഴാണ് വലിയ കയര്‍ കൊണ്ട് വരുന്നത് കണ്ടത്. കൂടെ ഭാരമുള്ള ഒരു കല്ലും. മയ്യിത്തിന്റെ ശരീരത്തില്‍ കല്ലു കെട്ടി. കയറില്‍ കടലിലേക്കിറക്കി. കയറങ്ങു വലിച്ചൂരി. കല്ലിന്റെ ഭാരത്താല്‍ ആ മയ്യത്ത് ആഴങ്ങളിലേക്ക് ആണ്ട് പോകുന്നതും നോക്കി ഞങ്ങള്‍ നിന്നു. ഇതാണ് കടലിലെ മയ്യിത്ത് മറവ് രീതിയെന്ന് പഠിച്ചപാഠം ഞാന്‍ നേര്‍കണ്ണുകൊണ്ട് അനുഭവിച്ചു.


(സൈനുദ്ദീന്‍ എന്ന ഏന്തീന്‍കുട്ടി ഹാജി കാരിക്കുളം)

കപ്പല്‍ യാത്രക്കാരുടെ ഇഹ്‌റാമിന്റെ സ്ഥലം യലംലമായിരുന്നു. അവിടെയെത്തിയപ്പോള്‍ മുടിയും നഖവും വെട്ടി കുളിച്ച് ഇഹ്‌റാം ചെയ്യാനുള്ള നിര്‍ദേശം ഞങ്ങള്‍ക്ക് കിട്ടി. ഞങ്ങള്‍ക്ക് കൃത്യമായ അമീറൊന്നും ഉണ്ടായിരുന്നില്ല. ഗവണ്‍മെന്റ് വെല്‍ഫയര്‍ ഓഫീസര്‍മാരായിട്ട് രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഞങ്ങളെപ്പോലെ അവരും പുതുക്കക്കാരായിരുന്നു. അന്നു ഇന്നത്തെപ്പോലെ പാസ്‌പോര്‍ട്ട് സംവിധാനങ്ങളൊന്നും വന്നിട്ടില്ല. മക്കയില്‍ ഏതു രാജ്യക്കാരനും 6 മാസം താമസിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. അവിടെ ചെലവഴിക്കാന്‍ 5000 രൂപയാണ് ഇന്ത്യയുടേത് കരുതാന്‍ ഗവണ്‍മെന്റ് അനുമതിയുണ്ട്. അതിന്റെ മൂല്യം 2000 റിയാലായിരുന്നു. ഒരു റിയാലിന് ഇന്ത്യന്‍ മൂല്യം 2.50 രൂപ. ഹജ്ജിനായ ആകെ ചെലവ് 10000 രൂപയായിരുന്നു.

ഹാജി മനസ്സുതുറന്നു. ഞങ്ങളുടെ യാത്രക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞ് അവിടെ ഒരു ജോലി നോക്കുക. അന്നു ഹജ്ജിനു പോകുന്നവരുടെ പതിവും അതായിരുന്നു. ഇന്നല്ലെ നിയമം കര്‍ക്കശമാക്കിയത്. ഞങ്ങള്‍ പോയ വര്‍ഷത്തിന്റെ മുമ്പത്തെ വര്‍ഷം ബാര്‍ബര്‍ കുഞ്ഞാന്‍ ഹാജി ഇത് പോലെ ഹജ്ജിന് പോയി അവിടെ ജോലിയില്‍ കയറിയത്, പോകുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നു. കൊല്ലക്കാരന്‍ ഉമര്‍ മുസ്‌ലിയാരെ കുറിച്ചും ഞങ്ങള്‍ കേട്ടറിഞ്ഞു. ഹാജി ഇത് പറഞ്ഞ് തന്നപ്പോഴാണ് മുന്‍ഗാമികളുടെ ഹജ്ജ് യാത്രകള്‍ പട്ടിണിയുടെ കയങ്ങളില്‍ നിന്നുള്ള പാലായനം കൂടിയായിരുന്നുവെന്ന് ബോധ്യപ്പെട്ടത്.

അന്നത്തെ നാടിന്റെ സ്ഥിതി വിശേഷം വളരെ മോശമായിരുന്നു. റബ്ബര്‍ എസ്റ്റേറ്റിനെയാണ് കൂടുതല്‍ പേരും ആശ്രയിച്ചിരുന്നത്. വെറും 8 രൂപ മാത്രമായിരുന്നു കൂലിയുണ്ടായിരുന്നത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ആറു പേരും കൊല്ലം ഉമര്‍ മുസ്‌ലിയാരെ കണ്ടെത്തി ജോലി സാധ്യതയെ കുറിച്ച് അന്വേഷിച്ചു. അന്നു സൗദി ഗവണ്‍മെന്റ് മുഹര്‍റം മാസത്തിലാണ് വിദേശികളോട് മടങ്ങിപോകാനുള്ള നിര്‍ദേശം നല്‍കിയിരുന്നത്. അതും അവഗണിച്ച് നല്‍കുന്നവരെ പോലെ നില്‍ക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. ജോലി ആവശ്യാര്‍ത്ഥം ഉമര്‍ മുസ്‌ലിയാര്‍ ഞങ്ങള്‍ ആറുപേരടക്കം ഇരുപത് പേരെക്കൊണ്ട് നാനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് യാമ്പൂ എന്ന പ്രദേശത്തേക്ക് കൊണ്ടുപോയി. അതൊരു കടല്‍ പ്രദേശമായിരുന്നു. ഇതിനു വേണ്ടി അദ്ധേഹത്തിനു ഞങ്ങള്‍ ഒരു തുക നല്‍കുകയും ചെയ്തു. ഒരു അഗ്രികള്‍ച്ചര്‍ കമ്പനിയില്‍ ജോലി ശരിയായി. അവിടെയും പുരോഗതി വരുന്നതെയുള്ളൂ. ഒട്ടുമിക്ക വീടും മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയിരുന്നു. ആ വര്‍ഷം മറ്റൊരു സവിശേഷതയുണ്ടായി. ഞങ്ങള്‍ ജോലിയില്‍ കയറി 17 ദിവസം കഴിഞ്ഞപ്പോഴാണ് ഗവണ്‍മെന്റിന്റെ പ്രഖ്യാപനം വന്നത്. ഇത്തവണ ഇവിടെ ജോലിക്ക് നില്‍ക്കുന്നവര്‍ക്കെല്ലാം ഗവണ്‍മെന്റിന്റെ അംഗീകാരം നല്‍കുന്നതാണ്. അതു ഞങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നതായിരുന്നു. അങ്ങനെ ഞാന്‍ 17 വര്‍ഷം അവിടെ ജോലി ചെയ്തു. അല്‍ഹംദുലില്ലാഹ്.. ഹാജിക്ക് വാക്കുകള്‍ തിങ്ങുന്നുണ്ടായിരുന്നു. ഇനിയും ഹാജിക്ക് ഒരുപാട് പറയണമെന്നുണ്ട്. ബുദ്ധിമുട്ടിക്കുന്നതില്‍ വിഷമം തോന്നി. ഹാജിയും കൂട്ടുകാരും നിന്നിരുന്ന സ്ഥലത്തിനടുത്തായിരുന്നു ബദ്ര്‍. പലപ്പോഴും സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. 17 വര്‍ഷക്കാലയളവില്‍ എട്ടിലേറെ തവണ ഹജ്ജ് നിര്‍വഹിക്കാന്‍ നാഥന്‍ വിധിയേകി. രണ്ട് മാസം കൂടുമ്പോള്‍ മദീനയിലേക്ക് പോകുമായിരുന്നു. ഒന്നു രണ്ടാഴ്ച വരെ തിരുനബിചാരത്ത് കഴിച്ച്കൂട്ടും. ഇനിയുമുണ്ട് ഓര്‍മയുടെ ചുരുളഴിക്കാന്‍ നിരവധി.

ത്യാഗങ്ങള്‍ സഹിച്ച് സാഗരങ്ങള്‍ താണ്ടി ലക്ഷ്യ സാക്ഷാല്‍കാരങ്ങള്‍ നേടിയ ഹാജി ഇപ്പോള്‍ കാരികുളം സുന്നിമഹല്‍ പരിപാലനവുമായി അഞ്ച് വഖ്ത് ജമാഅത്ത് നിസ്‌കാരത്തിലൊരു സ്ഥിരാംഗമായി നാട്ടില്‍ കൂടുകയാണ്. തന്റെ ആശകള്‍ പൂവണിഞ്ഞെങ്കിലും റബ്ബിന്റെ സന്നിധിയില്‍ അതിന്റെ സ്വീകാര്യതക്ക് വേണ്ടി ചിട്ടയാര്‍ന്ന ജീവിതം നയിക്കുന്ന ഹാജിയെ ഇനിയും വിഷമിപ്പിക്കണ്ടെന്നുറപ്പിച്ചു. ഞാന്‍ യാത്ര പറയാണ്. എണീറ്റപ്പോഴും കൃത്യസമയത്ത് കിടക്കുന്ന ശീലമുള്ള ഹാജിയാര്‍ക്ക് സമയം മുന്‍കടന്നിട്ടും മുഖത്ത് ഉറക്കിന്റെ ഒരംശം പോലും കാണാന്‍ കഴിഞ്ഞില്ല. സലാം പറഞ്ഞു. വീടുവിട്ടിറങ്ങുമ്പോള്‍ ഞാനെന്നോട് തന്നെ പറഞ്ഞു. ഇങ്ങനെയെത്ര പേര്‍ ജീവിതാനുഭവങ്ങളുടെ ഏടുകള്‍ തുറന്ന് വെക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും.

(എഴുത്ത്: ജൗഹര്‍ അദനി കാരിക്കുളം)

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×