രണ്ട് തവണയാണ് ഞാന്‍ ഹജ്ജിന് പോയത്. അതില്‍ ആദ്യത്തേത് 1978-80 കാലത്താണ്. വാര്‍ദ്ധക്യം കാരണത്താല്‍ ഒന്നും കൃത്യമായി ഓര്‍മ്മയില്ല. ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതായിരുന്നു അന്നത്തെ കപ്പല്‍ യാത്ര. ഏറെ ആരും ഹജ്ജിനു പോകാത്ത കാലത്ത് ആരോഗ്യവും ഉന്മേഷവുമുളള കാലത്തായിരുന്നു ഹജ്ജ്. സാങ്കേതിക വിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത അക്കാലത്തെ യാത്ര അതി സാഹസികമായിരുന്നു.
ഉള്ളാളത്ത് മുദരിസായിരുന്നു അന്ന്. 1962 മുതല്‍ എന്റെ സേവനകാലം അവിടെ തന്നെ. അതിന് മുമ്പ് പത്ത് വര്‍ഷത്തോളം പലയിടത്തും ജോലി ചെയ്തിട്ടുണ്ട്. ആറു വര്‍ഷം ഞാന്‍ താജുല്‍ ഉലമക്ക് കീഴില്‍ അവിടെ പഠനം നടത്തിയതുമാണ്. അങ്ങനെ എന്റെ പഠനകാല സുഹൃത്തും കര്‍ണ്ണാടകയിലെ സുന്നത്ത് ജമാഅത്തിന്റെ കടിഞ്ഞാണുമായ മൊയ്തീന്‍ കുട്ടി ഹാജിയാര്‍ ആയിരുന്നു എന്റെ ഹജ്ജ് യാത്രക്ക് എല്ലാ ഒരുക്കങ്ങള്‍ നടത്തിയതും വേണ്ട രേഖകളെല്ലാം ശരിപ്പെടുത്തിയതും. മംഗലാപുരത്ത് ജെപ്പ് എന്ന സ്ഥലത്തായിരുന്നു അദ്ധേഹം ജോലി ചെയ്തിരുന്നത്. കര്‍ണ്ണാടക മുഴുവന്‍ സുന്നത്ത് ജമാഅത്ത് കൊണ്ടു വന്നത് ഇദ്ധേഹമാണെന്നു പറയാം. കര്‍ണ്ണാടകയിലെ ഓരോ മുക്ക് മൂലയിലും ചെന്ന് പേരിന് ഒന്ന് രണ്ട് ദിവസം വഅള് പറഞ്ഞ് തങ്ങളേയും കൊണ്ടു പോയി (ഉള്ളാള്‍ തങ്ങള്‍) പിന്നീടവിടെ പള്ളിയും മദ്‌റസയും സ്ഥാപിച്ചേ തിരിച്ച് വരൂ. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച പണ്ഡിതന്‍. വേങ്ങരയിലാണ് ഇദ്ധേഹത്തിന്റെ വീട്.
വീട്ടില്‍ നിന്ന് സാധാരണ ഉള്ളാളത്തേക്ക് പോരും പോലെ തന്നെയാണ് ഇറങ്ങിയത്. നേരെ ഉള്ളാളത്തേക്ക് വന്നു. നാട്ടുകാരോടും കുടുംബത്തോടും വിഷയം പറഞ്ഞിരുന്നു. പിന്നീട് ഉള്ളാളത്ത് നിന്നാണ് ഹജ്ജിനു പോകുന്നത്. പോകുന്ന ദിനം താഴെക്കോടു നിന്നും ഭാര്യയുടെ ആങ്ങളമാരും അയല്‍വാസി പുത്തൂര്‍ മുഹമ്മദ് കാക്കയും മറ്റു ചിലരും എനിക്ക് വേണ്ടുന്ന ഭക്ഷണങ്ങളും മറ്റു അത്യാവശ്യ സാധനങ്ങളുമടങ്ങുന്ന വലിയ പെട്ടികളുമായി ഉള്ളാളത്ത് വന്നു. പിന്നീട് അവിടുന്ന് ഞാനും മൊയ്തീന്‍ കുട്ടി ഹാജ്യേരുമാണ് ബോംബെയില്‍ പോകുന്നത്. അവിടെ നിന്നാണ് അന്ന് കപ്പല്‍ ഉണ്ടായിരുന്നത്. ബസ് വഴിയായിരുന്നു ബോംബേ യാത്ര. മംഗലാപുരത്തും നാട്ടിലുമുള്ള പലരും കച്ചവടത്തിന് ചെന്നവരായി അവിടെ ഉണ്ടായിരുന്നു. അവര്‍ പ്രാഥമിക സഹായങ്ങളെല്ലാം ചെയ്തു തന്നു.
(കെ.എന്‍ അബ്ദുല്ല മുസ്ലിയാര്‍ താഴെക്കോട്)
ശഅബാന്‍ 15 നു ശേഷമാണ് ഞങ്ങളുടെ ടീം കപ്പല്‍ കയറുന്നത്. അന്നുവരെ പരിചയമില്ലാത്ത ഒരു യാത്ര എന്നത് ഏറെ ആനന്ദം പകരുമെങ്കിലും നമ്മുടെ നിയന്ത്രണത്തില്‍ തീരെ ഇല്ലാത്ത കടലിലൂടെയാണ് യാത്ര എന്നത് അല്‍പ്പം പേടി നല്‍കുന്നതാണ്. സാധാരണ കപ്പല്‍ യാത്രപോലെ ഞങ്ങളുടെ യാത്രയിലും ചില പ്രയാസങ്ങളെല്ലാമുണ്ടായി. ശക്തമായ കോളിളക്കത്തിലും കാറ്റിലുമായി കപ്പല്‍ ആടിയുലഞ്ഞു. ഒരാഴ്ചയോ അതിനടുത്തോ സമയമെടുക്കാറുള്ള കപ്പല്‍ യാത്രക്ക് പക്ഷെ ഞങ്ങള്‍ക്ക് രണ്ടാഴ്ചയോളമെടുത്തു. ഫോണ്‍ സൗകര്യമൊന്നു മില്ലാത്തതിനാല്‍ വിവരങ്ങളൊന്നും അറിയിക്കാനാവാത്തതിനാല്‍ തന്നെ ഇത്തരം പതിവുകളോര്‍ത്തും ചെറിയ വിവരങ്ങള്‍ കിട്ടിയും വീട്ടുകാര്‍ ഏറെ വിഷമിച്ചിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് വലിയ പേടിയൊന്നും അനുഭവപ്പെട്ടില്ല. കരകാണാത്ത വിദൂര ജലക്കാഴ്ചയും കണ്ട് ഞങ്ങള്‍ യാത്ര ചെയ്തു. കപ്പലിനോളം ഉയര്‍ന്ന് ചാടുന്ന വലിയ മത്സ്യങ്ങള്‍ ഇന്നും മറക്കാനാകുന്നില്ല. കപ്പലില്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. പണ്ഡിതന്മാര്‍ക്ക് കീഴില്‍ മതപഠന ക്ലാസുകളാല്‍ സമ്പന്നമായിരുന്നു. ഞാനും പല ക്ലാസ്സുകളെടുത്തിരുന്നു.
റമളാന്‍ ഒന്നിനാണ് ഞങ്ങള്‍ മക്കയിലെത്തുന്നത്. പിന്നീട് റമളാനും ശവ്വാലും തുടങ്ങി ഹജ്ജ് കഴിയും വരെ നീണ്ട സമയം അവിടെ ആരാധനകളില്‍ കഴിയാനായി. ഇന്നത്തെപോലെ തിരക്കുകളൊന്നുമില്ലല്ലോ. മലയാളികളായി പലരും അവിടെ ഉണ്ടായിരുന്നു. അവര്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. വീട്ടില്‍ നിന്നു തന്നെ അത്യാവശ്യം വേണ്ട ഭക്ഷണങ്ങളെല്ലാം വീട്ടുകാര്‍ കൊടുത്തയച്ചിരുന്നു. നിങ്ങള്‍ ഇവിടെ ഇരുന്നാല്‍ മതി നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ എത്തിക്കാമെന്ന് അവിടത്തെ മലയാളികള്‍ നേരത്തേ ഉണര്‍ത്തിയിരുന്നു. അങ്ങനെ നോമ്പ് തുറക്കാനുള്ള ഈത്തപ്പഴവും സംസം വെള്ളവും എല്ലാം അവര്‍ കൊണ്ടു വന്ന് തരും.
ഹജ്ജ് ഒന്നേ ചെയ്യാനാകൂ എങ്കിലും ഉംറ കുറേ ചെയ്യാനാകുമല്ലോ. അതു പരമാവധി ഉപയോഗപ്പെടുത്തി. അതുപോലെ ചരിത്ര ഇടങ്ങളായ ബദര്‍, ഉഹ്ദ്, ഖന്‍ദഖ്, സൗര്‍ ഗുഹ, ഹിറാ ഗുഹ, ഖുബാ പള്ളി തുടങ്ങി എല്ലാ സ്ഥലങ്ങളും പരമാവധി സന്ദര്‍ശിച്ചു. ഹജ്ജിനു ശേഷം എല്ലാമെല്ലാമായ ഹബീബിന്റെ ചാരത്ത് സിയാറത്തിനു പോയി. അവിടെ പോകാതെ മടങ്ങാനൊക്കുമോ…
(അറബിയില്‍ രചിച്ചത്)
ഏകദേശം മൂഹര്‍റമിലൊക്കെയാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ഇന്നത്തെ പോലെയല്ല, കൂടുതല്‍ ഹാജികളില്ലാത്ത കാലമാണല്ലോ. ഇന്നത്തെ പോലെ ഇത്ര സംസമേ കൊണ്ടു വരാവൂ എന്നുമില്ല. വലിയ ടിന്നില്‍ തന്നെ ഞാന്‍ സംസം കൊണ്ടു വന്നു. അങ്ങനെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കുടുംബത്തിനുമെല്ലാം അതു വിതരണം ചെയ്തു.
ചെറുപ്പം മുതലേ കവിതയെഴുതുന്ന സ്വഭാവം ഉണ്ട്. ബുര്‍ദക്കും റസാനത്തിനും കവിതയില്‍ തന്നെ എഴുതിയ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് അല്‍ഫിയയിലെ ശാഇര്‍ ബൈതെല്ലാം കവിതയില്‍ തന്നെ മൊഴിമാറ്റിയിരുന്നു. അതുപോലെ പ്രധാന സംഭവങ്ങളും പ്രധാന വ്യക്തികളെ കുറിച്ചും അറബിയിലും മലയാളത്തിലുമായി കവിതകള്‍ രചിക്കാറുണ്ട്. ഈ ഹജ്ജുമായി ബന്ധപ്പെട്ടും കവിത എഴുതിയിരുന്നു. അത് ഇപ്പോള്‍ എവിടെയെന്ന് തിട്ടമില്ല. രണ്ടാമത് ഹജ്ജ് ചെയ്യുന്നത് 1999 ലാണ്. ഭാര്യയുമൊത്ത് ചെയ്ത ആ ഹജ്ജിനു പോകാന്‍ തയ്യാറെടുത്തപ്പോഴും അതുപോലെ മനസ്സിലെ ആഗ്രഹങ്ങളും ആശകളും ഓര്‍മ്മകളും എല്ലാം ഉള്‍ച്ചേര്‍ത്ത് മലയാളത്തിലും അറബിയിലും കവിത എഴുതിയിരുന്നു.
(മലയാളം കൈപ്പട)
ഹജ്ജ് സിയാറത്ത് യാത്രാരംഭ ചിന്തകള്‍
1419 ജുമാദുല്‍ ഊലാ, 9-1998
(മലയാള കവിത)
പഞ്ചവര്‍ണ്ണക്കിളിക്കൂട്ടം നിങ്ങള്‍
ആവേശം മുറ്റി ഇലോക്കെവിടെ
മാണിക്ക്യകല്ലിന്റെ റൗള കണ്ട്
സൗഭാഗ്യം നേടിയെടുത്തതിനോ
എങ്കിലെനിക്കൊരപേക്ഷയിതാ
നിങ്ങള്‍ക്കു നല്‍കുവാനുണ്ടിവിടെ
ആ പുണ്യ ഗേഹത്തില്‍ ചെന്നെത്തിയാല്‍
ഇക്കാര്യം എത്തിച്ചിടേണം നിങ്ങള്‍
കിട്ടി എനിക്കാ പ്രദേശത്തെത്താന്‍
വ്യക്തവും ശക്തവുമാം ക്ഷണനം
ആകെയാല്‍ യാത്രക്കൊരുങ്ങുന്നിതാ
സര്‍വ്വ വിധേനയും സാധു ഇവന്‍
ജീവിതകാല സഖിയുമൊത്ത്
തയ്യാറെടുക്കുന്നിതാ വരുവാന്‍
റബ്ബിന്റെ തൗഫീഖതൊന്നുണ്ടെങ്കില്‍
വന്നെത്തും ആ തിരു മുമ്പില്‍ ഞങ്ങള്‍
ഭാരിച്ച പാപഭാണ്ഡങ്ങളുമായ്
മാലിന്യമൊട്ടുക്കും ശുദ്ധിയാക്കാന്‍
ഈയുള്ളവനല്‍പ്പം പോലുമില്ലാ
കെല്‍പ്പൊന്നുമില്ല ധൈര്യമില്ലാ
ആകെയാല്‍ റബ്ബിന്റെ കയ്യില്‍ മാത്രം
അര്‍പ്പിച്ചു ഞാനിതാ മുന്നേറുന്നു
പുന്നാര മുത്ത് നബിയേ തങ്ങള്‍
കൈപിടിച്ചൊന്നങ്ങണച്ചീടണേ
എങ്കില്‍ ഞങ്ങള്‍ക്കൊട്ടും തന്നെയില്ലാ
പേടി ആശങ്കകള്‍ ഒന്നുമില്ലാ
അന്ത്യ ദിനത്തിനു വേണ്ടിയുള്ള
സമ്പാദ്യം യാതൊന്നും ഞങ്ങള്‍ക്കില്ലാ
റബ്ബോടുള്ള സ്‌നേഹം മുത്ത് നബീ
തങ്ങളവരോടുമുളള സ്‌നേഹം
റബ്ബിന്റെ പാര്‍ട്ടികള്‍ സര്‍വ്വരോടും
ഉള്ള സ്‌നേഹാദരം അത്ര മാത്രം
രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം ഞാന്‍
ഹജ്ജ് സിയാറ കഴിച്ചു പിന്നെ
ആ ഭാഗം ചിന്തിക്കാനിന്നു വരേ
സൗകര്യം കിട്ടിയില്ലല്‍പ്പം പോലും
ഇന്നിപ്പോള്‍ കേട്ട വിളിക്കരുത്ത്
കാര്യമായ് ഉള്‍ക്കൊണ്ടൊരുങ്ങുന്നു ഞാന്‍
ഈ യാത്ര സര്‍വത്ര നേട്ടങ്ങള്‍ക്കും
കാരണമാക്കിത്തരേണം നാഥാ
ആരോഗ്യഹാനി അതെന്തായാലും
മാറ്റി പൂര്‍ണ്ണാരോഗ്യം നല്‍കിടണേ
യാത്രാ സാഹചര്യങ്ങള്‍ സര്‍വ്വവും
ഞങ്ങള്‍ക്കനുകൂലമാക്ക് റബ്ബേ
ഞങ്ങള്‍ക്കും ആശ്രിതര്‍ എല്ലാവര്‍ക്കും
ബന്ധു മിത്രാദി അയല്‍ക്കാര്‍ക്കെല്ലാം
വിശിഷ്യ സന്താന സന്തതികള്‍
ഉസ്താദുമാര്‍ ശിഷ്യര്‍ക്കൊന്നടങ്കം
നാട്ടിന്നും നാട്ടാര്‍ക്കും ഒക്കെ തന്നെ
ഈയാത്ര നന്മക്ക് ഹേതുവാക്ക്
സര്‍വ്വ തടസ്സങ്ങള്‍ നീക്കിയതായ്
മാര്‍ഗ്ഗങ്ങളെല്ലാം തുറക്ക് റബ്ബേ
നല്‍കണം ഞങ്ങള്‍ക്ക് സര്‍വ്വാരോഗ്യം
തക്കസഹയാത്രികര്‍ തുണയും
സാമ്പത്തികാരോഗ്യ കാര്യങ്ങളില്‍
ആക്കല്ലേ ഞങ്ങളെ ഭാരമാര്‍ക്കും
മബ്‌റൂറായ ഹജ്ജും ഉംറ ചെയ്ത്
സാഫല്ല്യം നേടി സിയാറത്തതും
മറ്റും കഴിച്ച് മടങ്ങിയെത്താന്‍
തൗഫീഖ് ചെയ്യണം രക്ഷിതാവേ
കേട്ടെഴുത്ത്: നൗഫല്‍ അദനി താഴെക്കോട്