No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

കപ്പല്‍ തകര്‍ന്നു പോയ നിമിഷങ്ങള്‍

കപ്പല്‍ തകര്‍ന്നു പോയ നിമിഷങ്ങള്‍
in Memoir
August 1, 2017
സുലൈമാന്‍ ഫൈസി കിഴിശ്ശേരി

സുലൈമാന്‍ ഫൈസി കിഴിശ്ശേരി

Share on FacebookShare on TwitterShare on WhatsApp

കോളേജ് വിട്ടതിന്റെ രണ്ടാം വര്‍ഷം 1979 ജൂണ്‍ മാസത്തിലാണ് ഹജ്ജിന് പോകുന്നത്. കിഴിശ്ശേരിയില്‍ നിന്നും ഞങ്ങള്‍ ഏഴു പേരാണ് തയ്യാറെടുക്കുന്നത്. അതില്‍ മൂന്ന് പേര്‍ യുവാക്കളാണ്. തളങ്കരയിലാണ് ഞാനന്ന് ജോലി ചെയ്തിരുന്നത്. ഏകദേശം 22 വയസ്സ് പ്രായം. വിവാഹത്തിനു മുമ്പ്.
ഞങ്ങള്‍ പോകുന്നതിന് കുറച്ച് കാലം മുമ്പ് വരെ പോകുന്നതിന് മുമ്പ് അടിയന്തിരം കഴിക്കുക പതിവുണ്ടായിരുന്നു. തിരിച്ചുവന്നാലായി എന്ന മട്ടില്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത പോക്കായിരിക്കും. കുടുംബങ്ങളെയും നാട്ടുകാരെയുമെല്ലാം വിളിച്ച് ചേര്‍ത്ത് യാത്രപറയും. ഞങ്ങള്‍ പോകുന്ന കാലത്ത് കൂടുതല്‍ മെച്ചപ്പെട്ടിരുന്നു. എങ്കിലും ഇന്നുള്ളതിനെ അപേക്ഷിച്ച് ഏറെ കഷ്ടം തന്നെ. മൂന്ന് നാല് മാസത്തിനുവേണ്ട ഭക്ഷണസാധനങ്ങളും കത്തിക്കാന്‍ വേണ്ട സ്റ്റൗവും സംസം വെള്ളം കൊണ്ടുവരാന്‍ വേണ്ട ടിന്നും അങ്ങനെ വലിയ ഭാരവുമായി വീടു വിട്ടിറങ്ങി. ഏഴുപേരും കിഴിശ്ശേരിയില്‍ നിന്നും ജീപ്പില്‍ കയറി രാമനാട്ടുകര വരെയും തുടര്‍ന്ന് ബസിലുമാണ് ബോംബെയിലേക്ക് യാത്ര ചെയ്തത്.
എന്റെ യാത്ര അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരുന്നു. കാരണം മറ്റു ആറുപേര്‍ക്കും കപ്പലില്‍ സീറ്റ് ഉറപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയതാണ്. ആയതിനാല്‍ ബസിലും ടിക്കറ്റെടുക്കാന്‍ വൈകി, ഒരു സ്റ്റൂളിട്ട് അതിലാണ് ഞാന്‍ പോയത്. ഗോവയിലെത്തിയതിന് ശേഷം ഒരാള്‍ ഇറങ്ങിയതിനെ തുടര്‍ന്നാണൊരു സീറ്റ് കിട്ടിയത്. ഗോവക്ക് കുറച്ച് മുമ്പ് ഒരു നദി മുറിച്ച് കടക്കേണ്ടതുണ്ട്. പാലമില്ലായിരുന്നു. അങ്ങിനെ ഒരു ജങ്കാറില്‍ ബസ് കയറി ഇപ്പുറം കടന്ന് യാത്ര ചെയ്യാറാണ് പതിവ്.

ഒന്നര ദിവസത്തിന്റെ യാത്രക്ക് ശേഷം ബോംബെയിലെത്തി. ട്രെയിന്‍ വഴിയാണ് വരുന്നതെങ്കില്‍ മൂന്ന് ദിവസം പിടിക്കും. കൊങ്കണ്‍ വഴി അന്ന് ട്രെയിന്‍ ഇല്ലാത്തതിനാല്‍. ബസില്‍ അല്‍പ്പം പണം കൂടുതലാണെന്നു മാത്രം. ബോംബെയിലെത്തിയതിനു ശേഷം നാട്ടിലും ജോലി സ്ഥലത്തുള്ളതുമായ പല പരിചയക്കാരെയും കണ്ടു. അവരുടെ പ്രാഥമിക സഹായങ്ങളെല്ലാം ലഭ്യമായി.
ബോംബെയായിരുന്നു മൊത്തം ഹജ്ജ് യാത്രകളുടെ ആസ്ഥാനം. ഇന്ത്യയിലുള്ളവരെല്ലാം കപ്പല്‍ മുഖേന ഇതിലൂടെയാണ് പോയിരുന്നത്. എം.വി അക്ബര്‍, എം.വി നൂര്‍ജഹാന്‍ എന്ന രണ്ട് കപ്പലുകളാണ് ഈ ആവശ്യാര്‍ത്ഥം ഉണ്ടായിരുന്നത്. പത്ത് ട്രിപ്പുകളുണ്ടാകും മൊത്തത്തില്‍. അപൂര്‍വ്വമായി ഇന്ത്യയില്‍ നിന്ന് വിമാനം മുഖേനയും ആളുകള്‍ പോയിരുന്നു. പട്ടിണിയും ദാരിദ്രവും ശക്തമായിരുന്ന, സമ്പത്ത് വളരെ കുറഞ്ഞ ആ കാലത്ത് വിമാനയാത്ര അതി സമ്പന്നര്‍ക്കേ സാധ്യമാകൂ. പട്ടിക്കാട് വിട്ട ശേഷം മുമ്പ് പഠിച്ചിരുന്ന പടന്ന മാവിലക്കടപ്പുറത്ത് ഞാന്‍ ജോലിയേല്‍ക്കുന്നത് 125 രൂപ മാസ ശമ്പളത്തിനാണ്. പിറ്റേ വര്‍ഷം തളങ്കരയില്‍ 200 രൂപയായിരുന്നു. അന്നത്തെ ഉയര്‍ന്ന ശമ്പളമായിരുന്നു അത്. ഖത്വീബും, മുഅല്ലിമും, ഇമാമും എല്ലാം ഇതില്‍ ഒതുങ്ങി. അന്ന് ചെമ്മനാടിലേക്ക് 700 രൂപ ശമ്പളത്തിന് എന്നെ വിളിച്ചിരുന്നു. പക്ഷെ, ഖുത്വുബ പരിഭാഷപ്പെടുത്തണമെന്ന് നിബന്ധനയുണ്ടായിരുന്നു. ദിക്‌റും ദുആയും ഖുത്വുബയില്‍ തന്നെ അര്‍കാനുകള്‍ കൊണ്ടുവരലുമെല്ലാം പറ്റും. പക്ഷെ, നമുക്കത് അംഗീകരിക്കാനാവില്ലല്ലോ.

ഇങ്ങനെ കപ്പലിന് വേണ്ട തുക തന്നെ ഒപ്പിക്കുന്ന നമുക്ക് വിമാന യാത്ര അന്ന് വെറും സ്വപ്‌നം. തേര്‍ഡ് ക്ലാസിന് കപ്പലില്‍ പോയി വരാന്‍ അന്ന് 1400 രൂപയായിരുന്നു. ഫസ്റ്റ് ക്ലാസില്‍ 3000 ആണെന്നു തോന്നുന്നു. കപ്പല്‍ യാത്രാ സമയത്തും എനിക്ക് ചില വിഷമതകള്‍ വന്നു. യാത്രാനുമതി കിട്ടിയവര്‍ക്ക് നാട്ടിലേക്കൊരു ടെലഗ്രാം വരും. അതിന്റെ കോപ്പി ഉള്ളവരെ മാത്രമേ ഓഫീസിനുള്ളിലേക്ക് കയറ്റൂ. ബാക്കി ആറുപേര്‍ക്കും ഇത് കിട്ടിയിരുന്നു. ഞങ്ങള്‍ നാട്ടുവിട്ടതിന് ശേഷമാണ് എന്റെ ടെലഗ്രാം നാട്ടിലെത്തുന്നത്. ഏറെ വിഷമിക്കുന്നതിനിടയില്‍ ബോംബെയില്‍ തൊഴില്‍ ചെയ്യുന്ന പടന്നക്കാരന്‍ റമദാന്‍ ഹാജിയെ കണ്ടുമുട്ടി. അദ്ദേഹം ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ സകരിയ്യ സാഹിബിന് എന്നെ പരിചയപ്പെടുത്തി. ഇദേഹത്തിന് നല്ല പരിചയമുണ്ടായിരുന്നു അദ്ദേഹത്തോട് ഞാന്‍ നാട്ടിലെ മൗലാനയാണെന്നു പരിചയപ്പെടുത്തിയാണ് ചെന്നത്. ഉടനെ അദ്ദേഹം പറഞ്ഞു: കണ്ടിട്ട് തോന്നുന്നില്ലല്ലോ?. അന്ന് വളരെ ചെറുപ്പമായിരുന്നു. താടിയൊക്കെ വളരെ കുറച്ച്. അന്നാട്ടിലുള്ള മൗലാനമാരെല്ലാം വലിയ താടിയുള്ളവരായിരുന്നു. അങ്ങനെ എന്നോട് ഖുര്‍ആന്‍ ഓതാന്‍ പറഞ്ഞു. ബഖറയുടെ കുറച്ച് ഭാഗവും യാസീനുമെല്ലാം ഓതിയപ്പോള്‍ മൗലാനയാണെന്നു ബോധ്യപ്പെട്ടു. പക്ഷെ, ഹജ്ജിനു പോകുന്നതുവരെ ദിനവും വീട്ടില്‍ വന്ന് ഒരു ജുസ്അ് ഓതണമെന്ന് ഡിമാന്റ് വെച്ചു. മറ്റന്നാള്‍ കമ്മിറ്റിയുണ്ട്. അപ്പോള്‍ പരിഗണിക്കാമെന്നു വാക്കുതന്നതോടെ ആശ്വാസത്തില്‍ മടങ്ങി.

പക്ഷെ, എന്റെ കൂടെയുള്ള ആറുപേരും ഒന്നാമത്തെ കപ്പലില്‍ പോയി. ഞാന്‍ തനിച്ചായി. ഇനി മൂന്ന് ദിനം കഴിഞ്ഞാണ് അടുത്ത കപ്പല്‍. അടുത്ത കപ്പലില്‍ എന്നെ കയറ്റാമെന്ന് തീരുമാനമായെങ്കിലും പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. ആദ്യ കപ്പലിലായിരുന്നു എന്റെ ടിക്കറ്റും ഡ്രാഫ്റ്റുമെല്ലാം. അനുമതിയില്ലാത്തതിനാല്‍ പോകാതിരുന്നതാണ്. ഈ കപ്പലില്‍ പോകാന്‍ നോക്കുമ്പോള്‍ ഡ്രാഫ്റ്റും ടിക്കറ്റുമില്ല. എങ്കിലും അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് എനിക്ക് പോകാനായി.
ജൂലൈ തുടക്കത്തിലായിരുന്നു കപ്പല്‍ യാത്ര. ഏറെ പ്രക്ഷുബധമായ കടല്‍ സാഹചര്യമായിരുന്നു അത്. കടല്‍ കിടന്നു മറിയുന്ന സമയം. കപ്പല്‍ വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ കടലിളകി കയറിയവരില്‍ ഭൂരിപക്ഷവും തലചുറ്റി ഛര്‍ദ്ദിച്ചു. ഞാനൊന്നും 24 മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ല. ജീവനുണ്ടെന്നല്ലാതെ ഒരല്‍പ്പം വെള്ളം പോലും കുടിക്കാതെ ഒരു വിധം സാഹചര്യത്തോട് സമരസപ്പെട്ട് വരുമ്പോഴേക്കാണ് ഇതിലും ഞെട്ടിക്കുന്ന അടുത്ത വാര്‍ത്തയറിയുന്നത്. കടലിന്റെ ശക്തി കാരണം കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. വെള്ളം അടിച്ച് കയറുന്നു. കപ്പിലില്‍ അത്യാവശ്യമുണ്ടായിരുന്ന സാമഗ്രികളുമായി തൊഴിലാളികള്‍ കിണഞ്ഞ് ശ്രമിച്ചു. ഒരു ഭാഗം വെല്‍ഡ് ചെയ്തത് ശരിയാക്കുമ്പോഴേക്ക് മറുഭാഗം തകരുന്നു. വെള്ളം എത്ര പമ്പടിച്ച് കളഞ്ഞിട്ടും വീണ്ടും വീണ്ടും നിറയുന്നു. ശരിയാവില്ലെങ്കില്‍ ബോംബെയിലേക്ക് തന്നെ കപ്പല്‍ തിരിക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ വിഷമാവസ്ഥയുടെ മൂര്‍ധന്യതയിലെത്തി. ആകെ ബേജാറായി ഇരിക്കുന്ന സമയങ്ങള്‍. അല്ലാഹുവിന് സ്തുതി.. 10,12 മണിക്കൂറിന്റെ കഠിനയത്‌നം കാരണം ഒടുവില്‍ കപ്പല്‍ ശരിയായി.

പോകുന്ന വഴി യമനിലെ ഏദനുനേരയെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു. 1500 ല്‍പരം യാത്രക്കാരും തൊഴിലാളികളും അവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം സ്റ്റോക്ക് തീരുന്ന ഘട്ടത്തില്‍ നിറക്കാനും മറ്റു അത്യാവശ്യത്തിനുമായിരുന്നു അത്. അങ്ങനെ തൊഴിലാളികള്‍ മാത്രമിറങ്ങി സ്റ്റോക്ക് നിറക്കുന്നു അത് പോലെ എത്താന്‍ നേരത്ത് മുന്നറിയിപ്പുണ്ടാകും. അങ്ങിനെ അവിടന്ന് കുളിക്കാനും ഒരുങ്ങാനും സൗകര്യമുണ്ടായിരുന്നു. ഏകദേശം 10 മുതല്‍ 4 വരെ വളരെ ചൂടായിരിക്കും കപ്പലിന് മുകളില്‍. അത് കഴിഞ്ഞാല്‍ ഞങ്ങളെല്ലാം മുകളില്‍ കയറും. അങ്ങിനെ പുറം നോക്കിയിരിക്കും. വലിയ മത്സ്യങ്ങളും തിമിംഗലങ്ങളും ചാടുന്നതും നീന്തിക്കളിക്കുന്നതും ഏറെ നയനമനോഹരങ്ങളാണ്. കപ്പലിനുള്ളിലും വലിയ സൗകര്യങ്ങളുണ്ടായിരുന്നു. പോയി വരാനുള്ള 1400 രൂപയില്‍ ഭക്ഷണവും എല്ലാം ഉള്‍പ്പെട്ടിരുന്നു. തേര്‍ഡ് ക്ലാസ് ടിക്കറ്റാണ് എടുത്തെതെങ്കിലും പോകുമ്പോഴും വരുമ്പോഴും ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാനായി എനിക്ക്. ചുങ്കത്തറയുള്ള ഒരു വ്യക്തിയാണ് പോകുമ്പോള്‍ എന്നെ ക്ഷണിച്ചത്. വരുമ്പോള്‍ കാസര്‍ഗോട്ടുകാരനായ പരിചയക്കാരോടൊപ്പവും. പക്ഷെ, അവരുടെ ഭക്ഷണങ്ങളൊന്നും എനിക്ക് വേണ്ടത്ര പിടിച്ചിരുന്നില്ല. അധിക സമയവും നെയ്‌ച്ചോറും ഉന്നത വിഭവങ്ങളുമായിരുന്നു. ഭക്ഷണ സമയത്ത് ഞാന്‍ തേര്‍ഡ് ക്ലാസില്‍ വന്ന് കഞ്ഞി കുടിക്കും.

പന്ത് കളിക്കാനുള്ള ഗ്രൗണ്ട് വരെ കപ്പലിലുണ്ട്. ഞങ്ങള്‍ നിസ്‌കാരഹാളായി അത് ഉപയോഗിച്ചു. ഓരോ നമസ്‌കാര ശേഷവും ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ചും മറ്റ് അത്യാവശ്യ ദീനികാര്യങ്ങളെ കുറിച്ചും ക്ലാസുകളുണ്ടാകും. ദുനിയാവുമായി യാതൊരു ബന്ധവുമില്ലാതെ അതില്‍ തന്നെ കൂടുന്നതിനാല്‍ എല്ലാവരും സശ്രദ്ധം വീക്ഷിക്കും ഇത്. മുമ്പ് ഹജ്ജിനെക്കുറിച്ച് അത്രയൊന്നും അറിയാത്തവര്‍ക്ക് വരെ പഠിക്കാന്‍ മാത്രം സമയവും സൗകര്യവുമുണ്ടായിരുന്നു. പുറപ്പെട്ടതിന്റെ ഒമ്പതാം ദിവസം റമളാന്‍ ഒന്നിനാണ് ഞാന്‍ ജിദ്ദയില്‍ എത്തുന്നത്. എന്റെ മുമ്പ് പോയവര്‍ റമളാന് രണ്ട് ദിവസം മുമ്പ് തന്നെ അവിടെ എത്തിയിരുന്നു.
കപ്പിലിറങ്ങിയ ഉടനെ ഒരു മുത്വവിഫിനെ തെരെഞ്ഞെടുക്കണം. അവരൊരു ലിസ്റ്റ് തരും. അതില്‍ നിന്നും ഇഷ്ടമുള്ളവരെ നമുക്ക് സെലക്ട് ചെയ്യാം. ആളെ പറഞ്ഞാല്‍ അയാളെ കീഴില്‍ നമ്മെ രജിസ്റ്റര്‍ ചെയ്യും. മരിക്കുകയോ മറ്റോ ചെയ്താല്‍ ഇവരുടെ കീഴിലേ റിക്കാര്‍ഡെല്ലാം നീക്കു. എങ്കിലും ഇവരുടെ കീഴില്‍ തന്നെ മുഴുസമയവും കഴിയണമെന്നില്ല. മുത്വവിഫുമാരുടെ ലിസ്റ്റില്‍ മലയാളിയുണ്ടായിരുന്നുവെങ്കിലും തമിഴ്‌നാട്ടുകാരനായ അബ്ദുറഹ്മാന്‍ ഷല്ലിയെയാണ് ഞങ്ങള്‍ തെരെഞ്ഞെടുത്തത്. മുത്വവിഫിന്റെ കീഴില്‍ പോകുകയാണെങ്കില്‍ നമ്മുടെ സ്വാതന്ത്രങ്ങളൊന്നും നടക്കില്ല. പിന്നീട് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് അവരോടൊപ്പം പോകുമ്പോള്‍ തനാസുലിന് യാത്രാചെലവിന് പുറമെ 10 റിയാല്‍ നല്‍കണം. എന്നാല്‍ ഷീ പോര്‍ട്ടില്‍ നിന്ന് കുറച്ച് നടന്നാല്‍ ബസ് സ്റ്റോപ്പെത്തും. അവിടെ നിന്ന് ബസ് കയറിയാല്‍ 10 റിയാലിന് നമുക്ക് മക്കയിലെത്താം. ഞങ്ങള്‍ ആ വഴിയാണ് പോയത്.
മക്കയില്‍ ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. വളരെ പ്രയാസങ്ങള്‍ നിറഞ്ഞ ഹജ്ജ് കാലമായിരുന്നു അത്. 79 ല്‍ ചെന്ന സമയത്ത് അവിടെ ചില അറ്റകുറ്റ പണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മുമ്പത്തെ വര്‍ഷം നടന്ന വലിയൊരു അക്രമണത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍.

ഞാന്‍ ഹജ്ജിന് പോകുന്നതിന് മുമ്പത്തെ വര്‍ഷമാണത് നടന്നത്. ഇമാം മഹ്ദിയെന്നു പറഞ്ഞ് യമനികളുടെ പിന്തുണയോടെ സൗദി വഹാബികള്‍ ഒരു പിടിച്ചടക്കല്‍ യത്‌നം നടത്തി. മക്ക, മദീന, രിയാള് എന്നിവ അട്ടിമറിക്കലാണ് ലക്ഷ്യം. നിലവിലുള്ള ഗവണ്‍മെന്റ് യഥാര്‍ത്ഥ ശരീഅത്ത് നടത്തുന്നില്ല എന്നതാണവരുടെ ന്യായം. അതായത് തീവ്ര വഹാബിയത്ത് നടത്താന്‍ വേണ്ടിയുള്ള അക്രമണ പദ്ധതി. മക്കയും മദീനയും രിയാളും ഒരേ സമയം അക്രമിക്കാന്‍ അവര്‍ പദ്ധതിയിട്ടുണ്ട്. ഹറമിലേക്ക് ആയുധം കടത്താന്‍ അവര്‍ നേരത്തെ ശ്രമങ്ങള്‍ നടത്തി. സാധാരണ മയ്യിത്തിനെ കൊണ്ടുപോകുമ്പോള്‍ യാതൊരു പരിശോധനയും ഉണ്ടാവില്ല. ആയതിനാല്‍ മയ്യിത്തെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ആയുധങ്ങള്‍ ഹറമിലെത്തിച്ച് യമനീ പോലീസിന്റെ സഹായത്തോടെ ഹറമിലെ അണ്ടര്‍ ഗ്രൗണ്ടില്‍ ഒളിപ്പിച്ചുവെച്ചു. അങ്ങനെ ഹജ്ജ് കഴിഞ്ഞ് മൂന്ന് നാല് ദിവസത്തിന് ശേഷം ഒരു സുബ്ഹി നമസ്‌കാര സമയം ഹറമിലെ മുഴുവന്‍ വാതിലുകളും അടച്ച് പൂട്ടിയിട്ടു ഇവര്‍. അങ്ങനെ മിനാരങ്ങള്‍ക്ക് മുകളിലും മറവുകളിലും നിന്ന് നിസ്‌കാരം കഴിഞ്ഞതോടെ പ്രകോപനാവസ്ഥ സൃഷ്ടിച്ചു. പോലീസിനെ കണ്ടാല്‍ നിറയൊഴിക്കല്‍ തുടങ്ങി. അന്നാണെങ്കില്‍ ഹറമിനുള്ളില്‍ പോലീസിന്റെ കൈവശം ആയുധങ്ങളൊന്നും ഉണ്ടാവാറില്ല. ഒരു മുസ്വല്ല മാത്രമാണുണ്ടാവാറ്. അനുസരണക്കേടിന് അത് കൊണ്ട് അടിക്കുമെന്ന് മാത്രം.

ഇങ്ങനെ നാടും ഭരണാധികാരികളും ആകെ പ്രതിസന്ധിയിലായി. ഭരണകൂടം ഫത്‌വ തേടിയപ്പോള്‍ തിരച്ചവരെ അക്രമിക്കാമെന്ന ഫത്‌വ കിട്ടിയതിനെ തുടര്‍ന്ന് സ്വഫാ വാതില്‍ ഇടിച്ച് പൊളിച്ച് അകത്ത് കയറി. രക്ഷിക്കാന്‍ പറ്റുന്ന പരമാവധി ഹാജിമാരെ പുറത്താക്കി. ബാക്കിയുള്ളവരെ അണ്ടര്‍ ഗ്രൗണ്ടിലാക്കി വെള്ളം പമ്പുചെയ്ത് കരന്റ് പാസ് ചെയ്തു.
ഈ വെടിവെയ്പ്പിന്റെ കേടുപാടുതീര്‍ക്കുകയായിരുന്നു ഞങ്ങള്‍ ചെന്ന സമയത്ത്. ഇന്നത്തെ പോലെ വിശാലമോ സൗകര്യങ്ങളുള്ളതോ ആയിരുന്നില്ല മത്വാഫും പരിസരവും. മത്വാഫിന് ഇന്നത്തെയത്ര വിശാലതയില്ല. കുറച്ച് ഭാഗം മണലും കുറച്ച് ഭാഗം ടൈല്‍സുമായിരുന്നു. ആയതിനാല്‍ തന്നെ പത്ത് മണിക്കും നാല് മണിക്കുമിടയില്‍ ത്വവാഫ് ചെയ്യല്‍ വളരെ പ്രയാസമായിരുന്നു. ചെരുപ്പിട്ടോ, ഖുഫ്ഫ ധരിച്ചോ ചിലര്‍ ഇറങ്ങും. അന്നുതന്നെ കുറച്ച് ഭാഗത്ത് ജപ്പാന്റെ തണുക്കുന്ന ടൈല്‍സ് ഉണ്ട്. ഇന്ന് റോഡും സമീപ പ്രദേശങ്ങളുമുള്ളിടത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അന്ന് ചെറിയൊരു കുന്നാണ് അവിടെയുണ്ടായിരുന്നത്. കോമു മലബാരി എന്ന അറബിയുടെ മുറിയിലാണ് ഞങ്ങള്‍ 7 പേരും താമസിച്ചിരുന്നത്. കോമു മലബാരിയുടെ വല്യാപ്പക്ക് പൗരത്വം ലഭിച്ചിരുന്നു. അതിന്റെ താവഴിയായി അവരന്ന് അവിടെ താമസിക്കുകയാണ്.
നാട്ടില്‍ നിന്ന് കൊണ്ടുപോയ മണ്ണെണ്ണസ്റ്റൗ അവിടത്തെ ചൂട് കാലാവസ്ഥയില്‍ ഉപയോഗപ്രദമല്ലാതായി. ആയതിനാല്‍ തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ സ്റ്റൗ അവിടന്ന് വാങ്ങി. നാട്ടില്‍ നിന്ന് ഒരു ജവനയും കുറച്ച് കുറുവയരിയും പഞ്ചസാരയും അവിലും കൊണ്ടു പോയിരുന്നു. ഒഴിവു കിട്ടുമ്പോള്‍ കുറുവയരി ഉപയോഗിച്ച് കഞ്ഞിവെക്കും. അല്ലാത്തപ്പോഴെല്ലാം അവിലും പഞ്ചസാരയും തന്നെ. നാട്ടില്‍ നിന്ന് പോയവര്‍ പരസ്പരം തെറ്റുന്ന ഒരു സന്ദര്‍ഭമാണിത്. നാട്ടില്‍ പ്രമാണിമാരായി ഇരിക്കാനുള്ള പലകയും കഴുകാനുള്ള വെള്ളവും വരെ സ്വന്തം സ്ഥാനത്തേക്ക് വരുന്ന ധനികര്‍ക്ക് അവിടെ നിന്നും ഇത്തരം പണികളൊന്നും ചെയ്യാനാവില്ല. അപ്പോള്‍ സ്വാഭാവികമായും അവര്‍ക്കിടിയില്‍ പ്രശ്‌നങ്ങളുദിക്കും. ഞങ്ങളുടെ കൂട്ടത്തിലും ഒരാള്‍ അങ്ങിനെയുണ്ടായിരുന്നു. പക്ഷെ, അദ്ധേഹത്തിന്റെ ജേഷ്ഠന്റെ മോന്‍ കൂടെയുള്ളതിനാല്‍ അവന്റെ സഹായത്തോടെ പ്രശ്‌നങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇവിടെ താമസിക്കാമെന്നല്ലാതെ വെളളം ആവശ്യത്തിന് ലഭിച്ചിരുന്നില്ല. അതിന് കുന്നിറങ്ങി താഴെ വന്ന് റോഡിന് സമീപത്തെ ടാപ്പില്‍ നിന്നും വെള്ളമെടുക്കേണ്ടതുണ്ടായിരുന്നു. കുളിക്കാന്‍ പലപ്പോഴും ഞങ്ങള്‍ ഹറമിലെ സൗകര്യം ഉപയോഗിക്കാറുണ്ടായിരുന്നു.
സംസം കിണര്‍ അത് ആര്‍ക്കും കാണാവുന്ന രീതിയില്‍ ഉണ്ടായിരുന്നു. അണ്ടര്‍ഗ്രൗണ്ടിലേക്ക് ആര്‍ക്കും ചെല്ലാം. കിണറില്‍ നിന്ന് നേരിട്ട് മുക്കാനാവില്ലെങ്കിലും അവിടെ കുടിക്കാനും കുളിക്കാനുമെല്ലാം അവസരമുണ്ടായിരുന്നു. എന്നാല്‍ ഹാജിമാര്‍ ആവശ്യ പൂര്‍ത്തീകരണത്തിനുള്ള ഇടമാക്കുകയും ഉംറ വസ്ത്രങ്ങള്‍ അലക്കല്‍ തുടങ്ങുകയും ചെയ്തപ്പോള്‍ സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത രീതിയില്‍ അവരത് അടച്ചു.
ഉംറ ഞങ്ങള്‍ ഒരുപാട് തവണ ചെയ്തു. സമീപങ്ങളിലെ ചരിത്രപ്രധാന ഇടങ്ങള്‍ സന്ദര്‍ശിച്ചു. ദുല്‍ഹജ്ജ് 8ന് ഞങ്ങള്‍ ഏഴുപേരും മിനയിലേക്ക് നടന്നു. ബസ് കിട്ടുമെങ്കിലും ദുല്‍ഹജ്ജ് 13 വരെ ഒരിടത്തേക്ക് നീങ്ങാനും ബസിനെ ആശ്രയിച്ചില്ല. മിനയിലേക്കും അവിടെ നിന്ന് അറഫ, മുസ്ദലിഫ, മിന, മക്ക എന്നീ യാത്രകളെല്ലാം നടന്നുതന്നെ. മുത്വവിഫിന്റെ കൂടെ പോയിരുന്നെങ്കില്‍ മിനയിലെ തമ്പുകളില്‍ ഇടം കിട്ടുമായിരുന്നു. പോകുന്ന വഴിയരികില്‍ അന്ന് മരങ്ങളുണ്ടായിരുന്നു. അവക്ക് താഴെ വെയില്‍ കൊള്ളാതിരക്കാന്‍ പുതപ്പ് കൊണ്ട് മറച്ചാണ് ഞങ്ങള്‍ വിശ്രമിച്ചിരുന്നത്.

റമളാനില്‍ തന്നെ ഞങ്ങള്‍ മദീനയിലേക്ക് പോയിരുന്നു. മുത്വവിഫിന്റെ കൂടെ പോയാല്‍ യാത്രാ ചെലവിന് പുറമെ തനാസുലിന് 80 റിയാല്‍ കൊടുക്കണം. ഞങ്ങള്‍ 7 പേര്‍ 80 വീതം കൊടുത്താല്‍ വലിയൊരു സംഖ്യ തീരും. പകരം ചെക്ക് പോസ്റ്റ് മറികടക്കുന്ന ടാക്‌സികളുണ്ടാവും. 10 റിയാല്‍ അധികം നല്‍കിയാല്‍ മതി. അതിലൊന്നില്‍ ഞങ്ങള്‍ പോയി. റമളാനായതിനാല്‍ രാത്രി ഉറങ്ങാതെ സുബ്ഹി കഴിഞ്ഞ ഉടനെ പോലീസ് ഉറങ്ങും. ഈ സമയം നോക്കി ടാക്‌സി മദീനയിലേക്ക് പോയി.
മദീനയില്‍ ഇന്നുള്ള രീതിയില്‍ വിശാലമായ പള്ളി ഉണ്ടായിരുന്നില്ല. ചെറിയൊരു പള്ളി. ഇന്നു പള്ളി നില്‍ക്കുന്ന സ്ഥാനത്തെല്ലാം തമ്പുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പള്ളി വളരെ വിശാലമാക്കി. ഞങ്ങള്‍ തമാശ പറയാറുണ്ട്. അന്ന് ബഖീഇനെ തേടി ഞങ്ങളങ്ങോട്ട് പോയിരുന്നു. ഇന്ന് നമ്മെ തേടി ബഖീഅ് ഇങ്ങോട്ടു വന്നു. പള്ളി കഴിഞ്ഞ് ഒരു റോഡ് മുറിച്ച് കടന്ന് പാലവും കടന്ന് അടുത്ത റോഡ് കയറി നടക്കണം ബഖീഇലെത്താന്‍. ഇന്നതിന്റെ ആവശ്യമൊന്നുമില്ലല്ലോ. ഇതെല്ലാം നിരത്തിയാണിന്ന് മുറ്റവും അണ്ടര്‍ഗ്രൗണ്ടുമാക്കിയത്.
8 ദിവസം ഞങ്ങള്‍ മദീനയില്‍ താമസിച്ചു. സമീപത്ത് കുറഞ്ഞ വാടകക്ക് റൂമെടുത്തു. റമളാനില്‍ നോമ്പുതുറക്ക് മക്കത്തായാലും മദീനത്തായാലും സൗകര്യമുണ്ടായിരുന്നു. അതിഥികളെ സ്വീകരിക്കുന്ന വിഷയത്തില്‍ മദീന എന്നത്തേയും പോലെ അന്നും മക്കയേക്കാള്‍ അല്‍പം മുകളിലായിരുന്നു.


(അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി)

അക്കാലത്ത് ഹജ്ജ് സമയത്ത് മാത്രവും അതിന് ശേഷവും ആര്‍ക്ക് വേണമെങ്കിലും ജോലി കിട്ടുമായിരുന്നു. ഹജ്ജ് പാസ്‌പോര്‍ട്ടിന്റെ ഒരു കോപ്പിയെടുത്ത് വെള്ളക്കടലാസില്‍ പേരും അഡ്രസ്സും ഒപ്പും ഇട്ടു കൊടുത്താല്‍ ഹാജിക്ക് ജോലി കിട്ടും. അതിനു ശേഷം ഉദ്യോഗസ്ഥരെ കണ്ടാല്‍ സ്ഥിരജോലിക്കും അവസരമുണ്ടാകും. അന്നത്തെ സൗദി ഭരണാധികാരി ഖാലിദ് രാജാവിന് ഒരു വാതം പിടിപെട്ട് സുഖമില്ലാതായി ഏറെ വിഷമിച്ചിരുന്നു. ചികിത്സിച്ച് രോഗം മാറിയപ്പോള്‍ അതിന് ശുക്‌റായി എല്ലാ മിസ്‌കീന്‍മാര്‍ക്കും ഇഖാമ നല്‍കാന്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീടങ്ങോട്ടാണ് കേരളത്തിന്റെ സുവര്‍ണ്ണ ഭൂമിയായി സൗദി മാറുന്നത്.
മദീനയിലും മക്കയിലും അന്നുതന്നെ കെട്ടിപ്പൊക്കിയ മഖ്ബറകളില്ല. അതിനും കുറച്ച് കാലം മുമ്പാണത് തകര്‍ത്തത്. പൊന്നാനിക്കാരന്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അവിടെ താമസിച്ചിരുന്നു. 65 വര്‍ഷത്തോളം നാട്ടില്‍ വരാതെ അവിടെ തന്നെ. വിവാഹം പോലും ഇല്ലാതെ ആരാധനയില്‍ അവിടെ മരണപ്പെടാനുള്ള ആഗ്രഹത്താലാണ് നാട്ടില്‍ വരാതെ അവിടെത്തന്നെ താമസിക്കുന്നത്. അദ്ദേഹമാണ് ഹവ്വാഅ് ബീവിയുടേതുള്‍പ്പെടെ പല മഖ്ബറകളുടെ യഥാര്‍ത്ഥ സ്ഥാനം ഞങ്ങള്‍ക്ക് കാണിച്ചു തന്നത്. ഇദ്ദേഹത്തിന് ഓര്‍മ്മയുള്ള കാലത്താണ് പല മഖ്ബറകളും പൊളിക്കുന്നത്. ഇദ്ദേഹത്തിന് പക്ഷെ, അവിടെ മരണപ്പെടാന്‍ വിധിയില്ലായിരുന്നു. ഏറെ വാര്‍ദ്ധക്യമായി സ്വന്തം കാര്യം ചെയ്യാനാവില്ലെന്നു കണ്ടപ്പോള്‍ ശിഷ്യരും സുഹൃത്തുക്കളും നിര്‍ബന്ധിച്ച് നാട്ടില്‍ വന്ന് വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചു. അങ്ങനെ നാട്ടില്‍ വന്ന് വിവാഹം ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞതോടെ വഫാതായി.

ബദ്‌റിലും ഉഹ്ദിലുമൊന്നും സിയാറത്തിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ പോകുമ്പോള്‍ സുബ്ഹി നിസ്‌കാരത്തിന് അവിടെ എത്തി. നമസ്‌കാരവും ചെറിയ ക്ലാസും കഴിഞ്ഞ് സിയാറത്ത് നടത്താറുണ്ടായിരുന്നു. ഇന്നതിന് വിലക്കുകള്‍ കൂടി വന്നു.
മുഹര്‍റത്തിന് കുറച്ച് മുമ്പ് പോവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സംസം വെള്ളം പരമാവധി ശേഖരിക്കാനുള്ള ശ്രമം നടത്തി. അന്ന് ഇത്രയേ കൊണ്ടുവരാവൂ എന്ന നിബന്ധനകളില്ല. കപ്പലിലേക്ക് എത്ര കൊണ്ടുവന്ന് എത്തിച്ചാലും അത് കൊണ്ടുവരാം. ടിന്നിന് വലിയ വിലയായതിനാല്‍ ഇവിടെ നിന്നും കൊണ്ടു പോയതായിരുന്നു ഞങ്ങള്‍. കൗശലക്കാര്‍ അന്ന് ഈ ടിന്നില്‍ ചുക്കോ കുരുമുളകോ നിറക്കുമായിരുന്നു. അതിവിടെ കൊണ്ടു വന്ന് വിറ്റാല്‍ വലിയ വില കിട്ടും. കപ്പലില്‍ വെച്ച് ഞെളുങ്ങി കേടുവരാതിരിക്കാനും അത് നല്ലതായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ രണ്ടുവ്യക്തികള്‍ ഇങ്ങനെ കുരുമുളക് കൊണ്ടുവന്നിരുന്നു.
തിരിച്ച് ഞങ്ങളെല്ലാം ഒരു കപ്പലില്‍ തന്നെയായിരുന്നു. എട്ടാം ദിവസം തിരിച്ച് നാട്ടിലെത്തി. അന്ന് കൂടുതലാരും ഹജ്ജിന് പോകില്ല എന്നതിനാല്‍ തന്നെ ഒരു ഹാജി നാട്ടിലെത്തിയ വിവരം കിട്ടിയാല്‍ കേട്ടവരെല്ലാം വീട്ടിലെത്തും. ഒരല്‍പം സംസം കിട്ടി ബറകത്തെടുക്കാന്‍. അങ്ങനെ വലിയ ചെമ്പില്‍ ഒരു പാട്ട സംസമൊഴിച്ച് അത് നല്‍കുകയാണ് ചെയ്തിരുന്നത്. അല്ലാതെ ഒന്നുമാവില്ല. ഏതായാലും അല്ലാഹുവിന്റെ അപാര അനുഗ്രഹത്താല്‍ നാലഞ്ച് മാസം നീണ്ട യാത്ര അവസാനിച്ച് വിഷമതകളൊന്നുമില്ലാതെ നാട്ടിലെത്തി. അല്ലാഹുവിന് സ്തുതി.

(കേട്ടെഴുത്ത്: നൗഫല്‍ അദനി താഴെക്കോട്, ഹാരിസ് അദനി ചേലേമ്പ്ര)

Share this:

  • Twitter
  • Facebook

Related Posts

റളീത്തു ബി ഖളാഇല്ല
Memoir

റളീത്തു ബി ഖളാഇല്ല

July 4, 2022
ന്റെ ഉസ്താദ്
Memoir

ന്റെ ഉസ്താദ്

June 24, 2022
മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..
Memoir

മാനം മുട്ടുന്ന സ്നേഹച്ചില്ലകൾ..

February 3, 2022
ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം
Memoir

ആഴക്കടലിലെ സ്‌നേഹ തുരുത്തിന് മഅദിനിന്റെ സ്‌നേഹാദരം

December 31, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×