ഇസ്‌ലാമിക ചരിത്രത്തില്‍ വിശേഷിച്ച് സൂഫി പ്രസ്ഥാന ചരിത്രങ്ങളില്‍ അനല്‍പമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന ഒരു ദൈവജ്ഞാനിയാണ് മന്‍സൂര്‍ അല്‍-ഹല്ലാജ്. ഇസ്‌ലാമിക ലോകത്തെ പല കഥകളിലും കവിതകളിലും രക്തസാക്ഷിയായ ഒരു ദൈവാനുരാഗിയുടെ പരിവേഷത്തില്‍ ഹല്ലാജ് നിരന്തരം അവതരിപ്പിക്കപ്പെടാറുണ്ട്. അല്ലാമ റൂമി, ജാമി, ഇഖ്ബാല്‍ തുടങ്ങി കവികളുടെ രചനകളില്‍ നിരന്തരമായി ദൈവാനുരാഗത്തിന്റെ പ്രതീകമായി ഹല്ലാജ് പ്രത്യക്ഷപ്പെടുകയും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ പല വിജ്ഞാനീയങ്ങളെയും സ്വായത്തമാക്കിയ ജ്ഞാനിയായി വിശേഷിപ്പിക്കപ്പെടാറുമുണ്ട്. ഹല്ലാജിന്റെ നിഗൂഢാര്‍ത്ഥങ്ങളുള്ള അനല്‍ഹഖ് എന്ന ഉദ്ധരണിയെ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി ചില മുസ്‌ലിം പണ്ഡിതന്മാര്‍ ഹല്ലാജിനെ ദൈവാനുരാഗത്തിന്റെ ഉത്തുംഗതയില്‍ വിരാജിക്കുന്ന നക്ഷത്രമായും മറ്റു ചിലര്‍ ബാഹ്യാര്‍ത്ഥത്തെ മുഖവിലെക്കടുത്ത് കപടവിശ്വാസിയായും പ്രമാദമായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവനായും ചിത്രീകരിച്ചു.
മുസ്‌ലിം ചരിത്രകാരന്മാരില്‍ പലരും ഹല്ലാജിന്റെ ഇന്ത്യന്‍ പര്യടനത്തെ പ്രതിപാദിച്ചിട്ടുണ്ട്. ഹിജ്‌റ 274-നും 281-നുമിടയില്‍ ഏകാകിയായി നിരന്തര യാത്രയിലേര്‍പ്പെട്ട ഹല്ലാജ് ഇറാന്‍, ബഹ്‌റൈന്‍, ബാഗ്ദാദ്, ഇന്ത്യ തുടങ്ങി ഭൂപ്രദേശങ്ങളിലെ പലതരത്തിലുള്ള ജനവിഭാഗങ്ങളുമായി ഇടപഴകി ജീവിക്കുകയും അവര്‍ക്കിടയില്‍ മാത്രം പ്രസിദ്ധമായ അറിവുകള്‍ കരസ്ഥമാക്കുകയും ചെയ്തു. ഹിജ്‌റ 292ല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച് തന്റെ സൂഫി പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായ ബസ്വറയില്‍ തിരിച്ചെത്തി ഗുരു ജുനൈദ് അല്‍-ബഗ്ദാദിയെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ ആരാണെന്ന ചോദ്യത്തിന് മറുപടിയെന്നോണം അനല്‍ഹഖ് എന്ന തീര്‍ത്തും നിഗൂഢാര്‍ത്ഥങ്ങളുള്ള വാക്യമായിരുന്നു പ്രതിവചനം.
ഈ സഭംവങ്ങളെ അധികരിച്ച് മുസ്‌ലിം ലോകത്തെ പണ്ഡിതരും വിശേഷിച്ച് ചരിത്രകാരന്മാരും ഹല്ലാജിന്റെ ജീവ ചരിത്രത്തെ പലകോണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അല്ലാഹുവിന്റെ സാരാംശത്തെ അനുഭവിച്ചറിയാനുള്ള അഗാധനിഗൂഢ പ്രണയത്തിന്റെ ലോകത്ത് സംക്രമിച്ച ഒരു ആശിഖായും സൂഫി സരണികളുടെ അഗ്രേസരനായുമാണ് ഹല്ലാജിനെ അവര്‍ അവതരിപ്പിക്കുന്നത്. ഇതിന് അപവാദമായി ഹിജ്‌റ 8-ാം നൂറ്റാണ്ടിലെ പ്രധാന പണ്ഡിതനായ ഇബ്‌നു തൈമിയ്യ ഹല്ലാജിനെ രൂക്ഷമായി വിമര്‍ശിക്കുകയും ഇന്ത്യയില്‍ വന്ന് ദുര്‍മന്ത്രവാദവും അഭ്യാസങ്ങളും പരിശീലിച്ച ഒരു കപടനായി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സൂഫി വിതാനത്തിലെ അഗ്രിമസ്ഥാനത്തെ ചോദ്യംചെയ്യുന്നുമുണ്ട്.
ഹല്ലാജ് ഇന്ത്യയില്‍ വന്ന് വേദാന്ത ദര്‍ശനങ്ങളിലെയും ഉപനിഷത്തുകളിലെയും ആശയങ്ങളെ ചോരണം ചെയ്ത് സൂഫിസമായി അവതരിപ്പിച്ചുവെന്ന പാശ്ചാത്യന്‍ ചരിത്രകാരന്മാരുടെ വാദത്തിന് കൂടുതല്‍ പിന്‍ബലമേകുന്നതാണ് ഇബ്‌നുതൈമിയ്യയുടെ നിരീക്ഷണം. വേദാന്തയിലെ അഹംബ്രഹ്മാസ്മി, തത്ത്വമസി തുടങ്ങി പരികല്‍പനകളുടെ തനി പകര്‍പ്പായി അനല്‍ഹഖ് എന്ന ഹല്ലാജിന്റെ പ്രയോഗത്തെ കാണുന്നവര്‍ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ക്കിടയിലും പാശ്ചാത്യ ചരിത്രാന്വേഷകരിലുമുണ്ട്. ഇബ്‌നു തൈമിയ്യയുടെ ഈ വാദഗതിയെ പിന്തുണക്കുന്ന രീതിയിലാണ് തന്റെ ശിഷ്യന്മാരും ഇസ്‌ലാമിക ചരിത്രരചനയിലെ പ്രധാനികളായ ശംസുദ്ദീന്‍ ദഹബിയും ഇബ്‌നുകസീറും ഹല്ലാജിനെ വീക്ഷിക്കുന്നത്. ദഹബി തന്റെ സിയറു അഅ്‌ലാമിന്നുബലാഇലും താരീഖുല്‍ ഇസ്്്‌ലാം വവഫയാത്തുല്‍ മശാഹീരി വല്‍അഅ്‌ലാമിലും ഹല്ലാജ്‌നെ ഇന്ത്യയില്‍ വന്നതായും ഇവിടെ നിന്ന് സിഹ്‌റ് സ്വായത്തമാക്കിയതായും എഴുതുന്നുണ്ട്.
ഇബ്‌നുതൈമിയ്യയുടെ മറ്റൊരു ശിഷ്യനായ ഇബ്‌നു കസീര്‍ തന്റെ അല്‍-ബിദായ വന്നിഹായ എന്ന ബൃഹത്തായ ചരിത്ര ഗ്രന്ഥത്തില്‍ ഹല്ലാജിന്റെ ജീവചരിത്രം തുടങ്ങുന്നത് തന്നെ അദ്ദേഹത്തെ കുറിച്ച് ഇല്ലാത്തത് ആരോപിക്കുന്നതില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ചോദിച്ചുകൊണ്ടാണെങ്കിലും ഇബ്‌നു തൈമിയ്യന്‍ ആശയം ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. മറ്റു ചരിത്രകാരന്മാരില്‍ നിന്ന് തീര്‍ത്തും വിത്യസ്ഥമായി ഇബ്‌നു കസീര്‍ ഹല്ലാജിന്റെ ഇന്ത്യ പര്യടനം സിഹ്‌റ് സ്വയത്തമാക്കാന്‍ വേണ്ടിയാണെന്ന് തറപ്പിച്ചു പറയുന്നുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ കറാമത്തുകളെ കുതന്ത്രങ്ങളായാണ് അല്‍ബിദായ വന്നിഹായയില്‍ പരിചയപ്പെടുത്തുന്നത്. ദഹബിയെപ്പോലെ പ്രശസ്ത ചരിത്രകാരനായ ഖത്വീബുല്‍ ബഗ്ദാദി തന്റെ താരീഖു ബഗ്ദാദിലും ഹല്ലാജിന്റെ ഇന്ത്യന്‍ യാത്രക്കിടയില്‍ നടന്ന സംഭവം വിവരിക്കുന്നതിങ്ങനെയാണ്: അബ്ബാസി ഖലീഫ മുഅ്തളിദിന്റെ ദൂതനായ അഹ്മദ് അല്‍-ഹാസിബ് തന്റെ കപ്പല്‍ യാത്രക്കിടയില്‍ ഹുസൈന്‍ ബിന്‍ മന്‍സൂര്‍ എന്ന വ്യക്തിയെ കാണാനിടയായി. കപ്പല്‍ കരക്കണഞ്ഞപ്പോള്‍ അദ്ദേഹത്തോട് താങ്കള്‍ എന്തിനാ—വിടെ വന്നതെന്ന് ചോദിച്ചു. സിഹ്‌റ് പഠിക്കാനും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കാനുമെന്നായിരുന്നു പ്രതികരണം. കടല്‍ തീരത്തെ കൂടാരത്തില്‍ ഒരു വൃദ്ധനെ കണ്ടപാടെ നിങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും സിഹ്‌റ് അറിയാമോ എന്ന് ചോദിച്ചു. വൃദ്ധന്‍ ഒരു നൂലുണ്ടയെടുത്ത് ഒരറ്റം ഹല്ലാജിനെ ഏല്‍പ്പിക്കുകയും ബാക്കി മുകളിലേക്ക് എറിയുകയും ചെയ്തു. അതൊരു മാളമായി രൂപാന്തരപ്പെട്ടു. ശേഷം അയാള്‍ അതില്‍ കയറിയിറങ്ങിയിട്ട് ഇതല്ലെ താങ്കള്‍ ഉദ്ദേശിക്കുന്ന സിഹ്‌റ് എന്ന് ചോദിച്ചു. ഇസ്‌ലാമിക ലോകത്തെ പ്രഥമ ചരിത്ര ഗ്രന്ഥമെന്ന ഖ്യാദിയുള്ള അബൂജഅ്ഫര്‍ മുഹമ്മദ് ബിന്‍ ജരീര്‍ അല്‍-ത്വബിരിയുടെ താരീഖുല്‍ ഉമമി വല്‍മുലൂക് പ്രോക്തസംഭവം മറ്റൊരു രീതിയില്‍ അവതരിപ്പിച്ച് ഹല്ലാജിനെ വഴിപിഴച്ചവനായും ദുര്‍ചിന്തകളുടെ പ്രചാരകനായും ചിത്രീകരിക്കുന്നുണ്ട്. ത്വബരി അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെ അന്വേഷിച്ച് നടക്കുന്ന ഹല്ലാജിനെയാണ്. അവളെ കണ്ടെത്തിയ മാത്രയില്‍ കടലിന്റെ ഭാഗത്തു ചെന്നിരുന്ന് കയ്യിലുണ്ടായിരുന്ന നൂലുണ്ടയെടുത്ത് ചില വാക്യങ്ങള്‍ മന്ത്രിച്ച് നൂല്‍പിടിച്ച് നില്‍ക്കവെ അവള്‍ അപ്രത്യക്ഷയായി. ഹല്ലാജ് തന്റെ സഹയാത്രികരോട് പറഞ്ഞത് താന്‍ ഇവളെ അന്വേഷിച്ചാണ് ഇന്ത്യയിലെത്തിയത് എന്നാണ്. ത്വബിരി അവതരിപ്പിക്കുന്ന ഹല്ലാജിന്റെ മുഖം തൈമിയ്യക്ക് മുമ്പ് വന്ന ചരിത്രകാരന്മാര്‍ക്ക് ആര്‍ക്കും തന്നെ പരിചിതമല്ലായിരുന്നു. സമകാലീനതയാണ് വിദ്വേശത്തിന്റെ ഈറ്റില്ലമെന്ന പൊതു ചരിത്ര തത്ത്വത്തില്‍ നിന്നും ഇതിനെ വായിച്ചെടുക്കുമ്പോള്‍ കാലേക്കൂട്ടി നിശ്ചയിച്ച ഒരു കാഴ്ച്ചപ്പാടിനെ പ്രായോഗികമാക്കാനുള്ള ശ്രമമായിരിക്കണം ത്വബിരി നടത്തിയത്. പ്രാദേശിക ചരിത്ര ഗ്രന്ഥമായ അന്നുജൂമു സാഹിറ ഫീ മുലൂകി മിസ്‌റ് വല്‍ഖാഹിറയില്‍ യൂസുഫ് ബിന്‍ തഗരിബെര്‍ദ് അല്‍അതാബഖി ഹല്ലാജിന്റെ ചരിത്രം തന്റെ ഈ രചനയോട് യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ലെങ്കില്‍ കൂടി ഹ്രസ്വമായി വിവരിക്കുന്നിടത്ത് ഹല്ലാജ് ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് പ്രതിപാദിക്കുന്നുണ്ട്. പക്ഷെ, മുമ്പു പറയപ്പെട്ട ചരിത്രകാരന്മാരില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഹല്ലാജ് വിഷയത്തിലെ തന്റെ നിലപാട് ഒന്നും വ്യക്തമാക്കാതെ എല്ലാം അല്ലാഹുവിലേക്ക് വിടുകയാണ് ചെയ്യുന്നത്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഇബ്‌നുല്‍ അസീര്‍ തന്റെ അല്‍-കാമില്‍ ഫീ താരീഖില്‍ ഹല്ലാജിന്റെ ഇന്ത്യന്‍ പര്യടനം തീരെ പ്രതിപാദിക്കുന്നില്ല. അദ്ദേഹം ഹല്ലാജിനെ സൂഫി പരിവേഷത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. മറ്റുള്ള ചരിത്രകാരന്മാരില്‍ നിന്നും വ്യത്യസ്ഥമായി ഹല്ലാജിന്റെ കറാമത്തുകളെ വിശദീകരിച്ചും തന്റെ നിഷ്ഠൂരവധത്തിനു പിന്നില്‍ ഭരണകര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ കറാമത്തുകളെ കണ്‍കെട്ട് വിദ്യയായി അവതരിപ്പിച്ചത് കാരണമാണെന്ന് ഇബ്‌നുല്‍ അസീര്‍ സമര്‍ത്ഥിക്കുന്നു. ഇബ്‌നുല്‍ അസീറിനെ പോലെത്തന്നെ അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസി തന്റെ അല്‍-മുന്‍തളിം ഫീ തവാരീഖില്‍ മുലൂകി വല്‍ഉമം എന്ന ഗ്രന്ഥത്തില്‍ ഹല്ലാജിന്റെ ചരിത്രം അനാവരണം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ പര്യടനത്തെ പ്രതിപാദിക്കുന്നില്ല. ഹല്ലാജ് വിഷയീഭവിക്കുന്ന അല്‍ഖാത്വിഉല്‍ ലിജാജ് എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായി ഏഴാം നൂറ്റാണ്ടിലെ പണ്ഡിതനും ചരിത്രകാരനുമായ ഇബ്‌നു ഖല്ലീഖാന്‍ തന്റെ വഫയാത്തുല്‍ അഅ്‌യാനില്‍ ഹല്ലാജിനെ കറകളഞ്ഞ ദൈവജ്ഞാനിയായും പരിത്യാഗിയായും അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ അംഗീകരിക്കുകയും മനുഷ്യ ബുദ്ധിക്ക് അപ്രാപ്യമായ വാക്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടണമെന്ന നിലപാട് വെച്ചുപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. രചനയുടെ അവസാന ഭാഗത്തായി ഇമാമുല്‍ ഹറമൈന്‍ തന്റെ അശ്ശാമില്‍ എന്ന ഗ്രന്ഥത്തില്‍ ഹല്ലാജ്, ഇബ്‌നു മുഖഫഅ്, അബൂ ത്വാഹിര്‍ അല്‍ജന്നാബി തുടങ്ങിയവര്‍ക്കെതിരെ ഉന്നയിച്ച ഭരണകൂട വിരുദ്ധതയെ ചോദ്യംചെയ്യുകയും ചരിത്രപരമായി അതിന്റെ സാധുതയെ വെളിപ്പെടുത്താന്‍ വെല്ലുവിളിനടത്തുന്നുമുണ്ട്. ചരിത്ര രചനയുടെ ഭാഗമായ സാധുചരിത്ര വര്‍ണ്ണന (ഹാഗിയോഗ്രഫി) യിലുള്ള ഗ്രന്ഥങ്ങളാണ് ഹല്ലാജിനെ സൂഫിവളയത്തിനകത്ത് പ്രതിഷ്ഠിക്കുന്നത്. ഇത്തരം രചനകളിലെവിടെയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ യാത്രകളെ പ്രതിപാദിക്കുന്നില്ലതന്നെ.
ഇമാം ശഅ്‌റാനിയുടെ ത്വബഖാത്തുല്‍ കുബ്‌റാ, അബ്ദുല്ലാഹിബ്‌നു അസ്അദ് അല്‍-യാഫിഈയുടെ മിര്‍ആത്തുല്‍ ജിനാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഹല്ലാജിന് ക്ലീന്‍ചിറ്റ് കൊടുക്കുന്നതായി കാണാം. യാഫിഈ, ഇമാം ഗസ്സാലി, സുഹ്‌റവര്‍ദി, അബ്ദുല്‍ ഖാദിര്‍ ജീലാനി തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെ ഹല്ലാജിനെ കുറിക്കുന്ന വീക്ഷണങ്ങളും ശതഹാത്തുകളെ സമീപിച്ച രീതിയും വ്യക്തമാക്കുന്നുണ്ട്. മഹാനായ ഇമാം സുയൂത്വി അല്‍ഹാവി ലില്‍ഫത്താവയിലും ഇമാം ഗസ്സാലി തന്റെ മിശ്കാത്തുല്‍ അന്‍വാറിലും അനല്‍ഹഖ് പോലോത്ത ശതഹാത്തുകളെ ഏതു കോണില്‍ നിന്നും വീക്ഷിക്കണമെന്നും ചര്‍ച്ചചെയ്യുന്നുണ്ട്. അനല്‍ഹഖിനെ വ്യാഖ്യാനവിധേയമാക്കുന്ന ഹാഗിയോഗ്രഫിക് ടെക്സ്റ്റുകള്‍ ഹല്ലാജിനെ ദൈവസാരാംശം അടുത്തറിഞ്ഞ സൂഫിയെന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ പര്യടനത്തിന്റെ ചരിത്രം വിസ്മരിച്ചുകൊണ്ടാണ്. ഉപനിഷത്തുകളില്‍ നിന്നും ആശയം കൈകൊണ്ടുവെന്ന ആരോപണമാണ് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനു നേരെ കരിഓയില്‍ പ്രയോഗം നടത്തുന്നത്. എന്നാല്‍ ചരിത്രത്തിലെവിടെയും അത്തരം വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. ആരോപണത്തിന്റെ സാധുത തെളിയിക്കപ്പെടുന്നതുവരെ ഹല്ലാജിനെ സൂഫിയായി തുടരാനനുവദിക്കാം.