ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം സ്ത്രീകൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം തലയും മുഖവും മറക്കാനുള്ള സ്വാതന്ത്ര്യമില്ല. മതേതര രാജ്യമായിട്ടു കൂടി നമ്മുടെ നാട്ടിലും വസ്ത്രധാരണത്തിനനുസരിച്ച് പലരെയും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്ന പ്രവണത വർദ്ധിച്ചു വരികയാണ് .വസ്ത്രങ്ങളിൽ മതചിഹ്നങ്ങൾ പലതും സാർവത്രികമാണെങ്കിലും ഹിജാബ് എന്ന ശിരോവസ്ത്രത്തിനും നിഖാബ് എന്ന പേരിലറിയപ്പെടുന്ന മുഖപടത്തിനും പല രാജ്യങ്ങളിലും വിലക്കുകളുണ്ട്. 2001 സെപ്തംബർ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം ലോകമാകെ പടർന്നു പിടിച്ച ഇസ്ലാം വിരുദ്ധതയുടെ ബാക്കിപത്രമായി പല രാജ്യങ്ങളിലും വസ്ത്രധാരണത്തിലും ഭക്ഷണ ശീലങ്ങളിലും തങ്ങളുടെ സ്വത്വം നിലനിർത്താൻ മുസ്ലിം സമൂഹം പൊരുതുകയാണ്. ഭീകരതയുടെ പര്യായമായി ചിലരെങ്കിലും നിഖാബിനെ കാണുന്നുമുണ്ട്. പലപ്പോഴും മുസ്ലിം സ്ത്രീകളുടെ ശോച്യാവസ്ഥയുടെയും അടിമത്വത്തിന്റെയും പ്രതീകമായും നിഖാബ് അടയാളപ്പെടുത്തപ്പെടുന്നു.
അത്തരം മുൻധാരണകളെ തിരുത്താനും അതണിയുന്നവരുടെ അനുഭവം മറ്റുള്ളവർക്ക് കൂടി പകർന്നു നൽകാനുമെന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശി-അമേരിക്കൻ ആക്ടിവിസ്റ്റായ നസ്മ ഖാന്റെ ആഹ്വാന പ്രകാരം 2013 – ഫെബ്രുവരി 1 മുതൽ ലോക ഹിജാബ്ദിനമായി ആചരിച്ചുവരുന്നു. ഹിജാബ് എന്താണെന്നോ ഇസ്ലാമിൽ ഹിജാബിന്റെ പ്രാധാന്യവുംകുടുംബത്തിലും സമൂഹത്തിലും അതിന്റെ പ്രായോഗിക ഫലങ്ങളുമെന്താണെന്നോ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. പകരം ഹിജാബെന്നത് മുസ്ലീം സ്ത്രീയെ മാത്രം ആവരണം ചെയ്യുന്ന വസ്ത്രമായോ മുഖം മാത്രം മറക്കുന്ന ഒരു തുണിക്കഷ്ണമായോ ആയി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്നവർക്ക് മതത്തിനകത്തുനിന്നും പുറത്തു നിന്നും നിരവധി വിമർശനങ്ങളെ നേരിടേണ്ടി വരാറുണ്ട്.
എന്താണ് ഹിജാബ് ?
അന്യരായ സ്ത്രീയും പുരുഷനും തമ്മിൽ സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങളിൽ അവർക്കിടയിൽ പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടങ്ങളെയാണ് ഹിജാബ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അവരുടെ കൂടിക്കാഴ്ചകളി ലും സംസാരങ്ങളിലുമെല്ലാം ‘ മറ ‘യുടെ സാന്നിദ്ധ്യം നിർബന്ധമാണ്. അതിന്റെ അഭാവം കുടുംബ ബന്ധങ്ങളിലടക്കം ആഴമേറിയ വിള്ളലുകൾ സൃഷ്ടിക്കാറുണ്ട്.
ആരാണ് അന്യർ ? ഇവിടെ അന്യർ എന്നതിന് പലരും തങ്ങൾക്കിഷ്ടപ്പെട്ട നിർവചനം നൽകുന്നതാണ് പതിവ്. രക്തബന്ധത്തിൽ പെട്ടവരിൽ തന്നെ വിവാഹിതരാകാൻ അനുവദനീയമായവരും അല്ലാത്തവരുമുണ്ടാകും. പല മതങ്ങളിലും ഇത് പല തരത്തിലായിരിക്കുമെന്ന് മാത്രം. കുടുംബ ബന്ധം, വിവാഹബന്ധം, മുല കുടി ബന്ധം എന്നിവ മൂലം വിവാഹബന്ധം അനുവദനീയമല്ലാത്തവരെ ഇസ്ലാമിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. അവരാണ് മഹ്റം എന്നറിയപ്പെടുന്നത്.ഈ വിഭാഗത്തിൽ പെടാത്ത പുരുഷൻമാർ സ്ത്രീകൾക്ക് അന്യരാണ്.
മാതാവിന്റെയോ പിതാവിന്റെയോ സഹോദര സഹോദരിമാരുടെ മക്കളെ പോലെ രക്തബന്ധത്തിൽ പെട്ട പലരും അന്യരാണ്. ഭർത്താവിന്റെയോ ഭാര്യയുടെയോ സഹോദര സഹോദരിമാരെപ്പോലെ വിവാഹബന്ധത്തിലുള്ളവരും അന്യർ തന്നെയാണ്.അത്തരക്കാരുമായുള്ള ഹിജാബ് നിയമങ്ങൾ പാലിക്കാതെയുള്ള സമ്പർക്കങ്ങൾ മതപരമായി ശിക്ഷാർഹവും കുടുംബ – സാമൂഹിക ഭദ്രത തകർക്കുന്നതുമായിരിക്കും. നിഖാബ് ധരിച്ച് ഭർത്താവിന്റെ സഹോദരനോടൊപ്പമോ അമ്മാവന്റെ മകനൊപ്പമോ ഇരുചക്രവാഹനങ്ങളിൽയാത്ര ചെയ്യുന്നത് ഹിജാബിനെ പരസ്യമായി അവഹേളിക്കുന്നതിന് തുല്ല്യമാണ്.
ഹിജാബ് ഒരിക്കലും സ്ത്രീവിരുദ്ധതയല്ല.പലപ്പോഴും സ്ത്രീകളേക്കാൾ പുരുഷൻമാരുടെ വികാരങ്ങൾ കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കും. അത് കൊണ്ട് കൂടിയാണ് സ്ത്രീകളോട് തങ്ങളുടെ ശരീരങ്ങൾ മറക്കുന്ന കാര്യത്തിൽ ശക്തമായ താക്കീത് നൽകുന്നത്. കുടുംബം പുലർത്താനായി പുറംജോലികളിലേർപ്പെടുന്ന പുരുഷൻമാർക്ക് ശരീരം മുഴുവൻ മറക്കുക എന്നത് പലപ്പോഴും പ്രായോഗികകമല്ല താനും.വിവാഹബന്ധം നിഷിദ്ധമായ പുരുഷൻമാർക്ക് മുന്നിലോ സ്ത്രീകൾ മാത്രമുള്ള സദസ്സുകളിലോ സ്ത്രീകൾ ശരീരം മുഴുവൻ മറക്കേണ്ടതില്ലെന്നിരിക്കെ പൊതു സ്ഥലങ്ങളിലും മറ്റും തന്റെ ശരീരം ആഭാസൻമാരുടെ ചൂഴ്ന്നു നോട്ടങ്ങൾക്കിടം കൊടുക്കാത്ത തരത്തിൽ സുരക്ഷിതമായി (ഹിജാബ് പാലിച്ച് ) വസ്ത്രം ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യ ലംഘനമല്ല. മറിച്ച് വായിനോക്കികളുടെ ദർശനസ്വാതന്ത്ര്യലംഘനo മാത്രമാണ് . ഞങ്ങൾക്ക് കണ്ടേ തീരൂ എന്നാർത്തു വിളിക്കുന്നവർക്കിടയിൽ പെണ്ണിന്റെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
സ്ത്രീകളെയും കുട്ടികളെയും നല്ല രീതിയിൽ പോറ്റേണ്ട ചുമതല പുരുഷൻമാർക്കാണ്. എന്നാൽസ്ത്രീകൾ ആവശ്യഘട്ടങ്ങളിൽ ജോലി ചെയ്യുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുമില്ല. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തു പോകുമ്പോഴും അന്യപുരുഷൻമാരുടെ സാന്നിദ്ധ്യമുണ്ടെങ്കിലും സ്ത്രീ തന്റെ ശരീരഭാഗങ്ങൾ വെളിവാകുകയോ എടുത്ത് കാണിക്കുന്ന തരത്തിൽ ഇറുക്കമുള്ള തോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ആശാസ്യകരമല്ല. മാത്രമല്ല പുരുഷൻമാരെ ആകർഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പലപ്പോഴും കാരണമാകാറുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇക്കാര്യം തുറന്നു പറയുന്നവരെ സ്ത്രീവിരുദ്ധരെന്ന് മുദ്രകുത്തി അപമാനിക്കുകയും ചെയ്യുന്നു.
പല മൂലകങ്ങളും വായുവിൽ തുറന്നു വെച്ചാൽ കത്തിപ്പോകുകയോ ദ്രവിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ അവയെ വെള്ളത്തിലോ മണ്ണെണ്ണയിലോ മെഴുകു പോലെയുള്ളത് കൊണ്ട് പൊതിഞ്ഞോ സൂക്ഷിക്കാറുണ്ട്. അത് പോലെ നഗ്ന- അർദ്ധനഗ്നശരീരങ്ങൾ അടുത്ത് വരുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ പലപ്പോഴും സദാചാര വിരുദ്ധമായ ബന്ധങ്ങളിലേക്കായിരിക്കും നയിക്കുന്നത്. ദുഷ്പ്രവർത്തികൾക്ക് പ്രേരകമാകുന്ന പിശാചിന്റെ സാന്നിദ്ധ്യമുണ്ടാകുന്നതിനാൽ അന്യ സ്ത്രീയും പുരുഷനും തനിച്ചാകുന്നതിനെ ഇസ്ലാം വിലക്കിയതിന് പ്രധാന കാരണവും ഇത് തന്നെയാണ്.
പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ നിയമപരമല്ലാത്ത ബന്ധങ്ങൾ ഇന്ത്യയിൽ കുറ്റകരമല്ലാതാക്കിയിട്ട് മൂന്ന് വർഷമാകുന്നതേയുള്ളൂ വെങ്കിലുംകുടുംബ സാമൂഹിക മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതിനകം വരുത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമായിരുന്നു ഇത്തരം ബന്ധങ്ങൾ .2018ൽ റദ്ദാക്കപ്പെട്ട ഈ നിയമം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സൈനിക നേതൃത്വം കോടതിയെ സമീപിച്ചിരിക്കുന്നത് സ്ത്രീ പുരുഷ ബന്ധങ്ങളിലെ അച്ചടക്ക ലംഘനങ്ങൾ സൈനികർക്കിടയിൽ അരാജകത്വം സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവിൽ നിന്നാണ്. പതിനാലു നൂറ്റാണ്ടു കൾക്ക് ശേഷവും ഹിജാബ് നിയമങ്ങളുടെ പ്രസക്തി അനിഷേധ്യമായി തന്നെ നില നിൽക്കുന്നു എന്ന് കാലിക സംഭവങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ഹിജാബ് എന്ന മഹത്തായ സംസ്ക്കാരത്തിലേക്കുള്ള ഒരു വാതിൽ മാത്രമാണ് നിഖാബ് എന്ന മുഖാവരണം. സ്ത്രീ ശരീരത്തിലെ ഏറ്റവുംആകർഷണീമായ ഭാഗം മുഖമാണെന്നതിനാൽ മുഖം മറക്കുന്നത് ഹിജാബിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. ബാക്കി ശരീര ഭാഗങ്ങൾ എടുത്തുകാണിക്കുന്ന തരത്തിലുള്ള ഇറുകിയ പർദ്ദകളോടൊപ്പം നിഖാബ് ധരിക്കുന്നവർ സ്വയം പരിഹാസ്യരായി മാറുകയാണ്.
മുഖാവരണം ധരിക്കുമ്പോഴുള്ള അസ്വസ്ഥതകളും പർദ്ദക്കുള്ളിലെ ഉഷ്ണവും സഹിക്കേണ്ടി വരുന്നവരെ കുറിച്ച് പരിതപിച്ചിരുന്നവർ തന്നെ പി.പി.ഇ.കിറ്റ് എന്ന പ്ലാസ്റ്റിക് ആവരണത്തിനുള്ളിലെ ത്യാഗങ്ങൾ പുകഴ്ത്തുമ്പോൾ ഇസ് ലാമിക നിയമങ്ങളോടുള്ള വിദ്വേഷം മാത്രമാണ് ഹിജാബ് വിരുദ്ധരുടെ മുഖമുദ്രയെന്ന് വ്യക്തമാകുന്നു. ഗായകൻ എ .ആർ .റഹ്മാന്റെ മകൾ ഖദീജ റഹ്മാന്റെ നിഖാബണിഞ്ഞ വേഷം കണ്ട് ശ്വാസം മുട്ടുന്നെന്ന് വിലപിച്ച തസ്ലീമാ നസ്റീനെ ആരും മറന്നു കാണില്ല.ഖദീജകൊടുത്ത മറുപടിയിലേത് പോലെ തന്റെ ശരീരം പ്രദർശിപ്പിച്ച് തനിക്കും ദർശിച്ചാസ്വദിച്ചവർക്കും ലഭിച്ചേക്കാമായിരുന്ന നരാകാഗ്നിയിൽ നിന്നുള്ള രക്ഷയും കാമവെറിയൻമാരുടെ കൊത്തിവലിക്കുന്ന നോട്ടങ്ങളില്ലാതെ സ്വതന്ത്ര മായ നീലാകാശത്ത് പറക്കാനുള്ള അവസരവും തന്നെയാണ് ഹിജാബ് നൽകുന്ന സാധ്യതകൾ.
ഫാസിസ്റ്റുകളുടെ ബീഫ് വിരോധം ചർച്ചയാക്കുന്നവരും പ്രതിഷേധിക്കുന്നവരും നിഖാബ് വിഷയത്തിൽ ഇസ്ലാ മോഫോബിക്കുകൾക്ക് അനുകൂലമായ നിലപാടെടുക്കുന്നതായാണ് കണ്ട് വരുന്നത്. അവരിൽ മുസ്ലിം നാമധാരികളുമുണ്ട്. മത നിയമങ്ങളെ തള്ളിപ്പറയുന്നവർക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ തന്നെയാകാം ഇത്തരക്കാരെ ‘ബർസ ‘മാരാകാൻ പ്രേരിപ്പിക്കുന്നത്.
കുറ്റവാളികളിൽ പലരും പിടിക്കപ്പെടാതിരിക്കാനായി പർദ്ദയും നിഖാബും മറയാക്കാറുള്ളതിനാൽ ഹിജാബുയർത്തുന്ന സുരക്ഷ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശിക്കാറ്. എന്നാൽ കൊറോണാനന്തരം പി.പി. ഇ കിറ്റ് ധരിച്ചുള്ള മോഷണങ്ങളും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. നിശ്ചിത വേഷം ധരിച്ചവരേ കുറ്റം ചെയ്യൂ എന്നൊന്നും കരുതാനാവില്ല. സ്വയരക്ഷക്കായി ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണീ വാർത്തകൾ വിരൽ ചൂണ്ടുന്നത്.
പുറംമോടിയിലല്ല കാര്യം,ഹൃദയമാണ് നന്നാകേണ്ടത് എന്ന് വാദിക്കുന്നവരുമുണ്ട്.വീടകം നല്ല ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുമ്പോൾ തന്നെ മാലിന്യങ്ങൾ വീടിനു മുൻഭാഗത്ത് നിക്ഷേപിക്കുന്നത് പോലെയാണ് തന്റെ മുഖസൗന്ദര്യം അന്യപുരുഷന്മാർക്ക് ആസ്വദിക്കാനായി തുറന്നിടുന്നതും.സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം വർദ്ധിക്കുന്ന ഇക്കാലത്ത് പ്രൊഫൈലുകളായി വെക്കുന്ന മുഖചിത്രങ്ങളും പങ്കുവെക്കപ്പെടുന്ന ഫോട്ടോകളും ഉപദ്രവകരമായ രീതിയിൽ മോർഫ് ചെയ്യപ്പെടുകയില്ല എന്ന് ഉറപ്പിക്കാനാവില്ല.
മുഖാവരണം ധരിക്കുന്ന പല പെൺകുട്ടികളുടെയും സ്റ്റാറ്റസുകളാക്കപ്പെടുന്ന ‘പിന്നാമ്പുറ ചിത്രങ്ങളും ‘
ഹിജാബിന്റെ പവിത്രത ക്ക് മേൽ കരിഓയിൽ പ്രയോഗം നടത്തുന്നത് പോലെയാണ്. അന്യപുരുഷൻമാരുമായിസാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള സ്വകാര്യ ചാറ്റിംഗുകളും ഹിജാബിന്റെ ആശയങ്ങൾക്ക് വിരുദ്ധമായത് തന്നെയാണ്.
ഇസ് ലാമികാന്തരീക്ഷമുള്ള കലാലയങ്ങളിൽ വർഷങ്ങളോളം നിഖാബ് ധരിച്ച് കൊണ്ട് തന്നെ പഠിച്ചിരുന്ന പല പെൺകുട്ടികളും തങ്ങളുടെ വിവാഹവേളകൾ പടിക്കലുടക്കുന്ന കലങ്ങളാക്കുകയാണ്.ഒരു ദിവസമല്ലേ എന്ന് പറഞ്ഞ് നിസ്സാരവത്ക്കരിക്കുവാൻ സമ്മർദ്ദങ്ങളേറെയുണ്ടാവുകയും ചെയ്യുമ്പോൾ ഒരുക്കങ്ങളും അലങ്കാരങ്ങളും കളി ചിരികളുമെല്ലാം ഫോട്ടോ കളായി മാറി മണവാട്ടി യുടെ ഹിജാബൊക്കെ പൊളിഞ്ഞു വീണിട്ടുണ്ടാകും.
ഒരു ദിവസം സ്റ്റാറ്റസിലൂടെ ഹിജാബ്ദിനമായി ആചരിക്കുന്നതിലേറെ ഹിജാബിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളാനും മറ്റുള്ളവരെ ഹിജാബിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന മാതൃകകളായി വർത്തിക്കാനുമാണ് ഓരോ പെൺകുട്ടിയും പരിശീലിക്കേണ്ടത് .
വസ്ത്രത്തിനു മുകളിൽ കൂടിയുള്ള സ്പർശനങ്ങളിലും സിപ്പ് തുറക്കുന്നതിലുമുള്ള പീഡനത്തിന്റെ തോത് ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ‘ ഉദാര നിയമങ്ങളുടെ ‘അബദ്ധ കാലത്ത് ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള ബോധവത്ക്കരണവും വസ്ത്രധാരണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട്.
തന്റെയുള്ളിൽ കുടികൊള്ളുന്ന പൈശാചികമായ ‘പ്രദർശന പരത’യെ തുരത്താൻ ഓരോ മുസ്ലിം സ്ത്രീയും മാതൃകയാക്കേണ്ടത് മഹതിയായ ഫാത്വിമ ബീവി (റ)യെയാണ്. സ്വർഗീയ സ്ത്രീകളുടെ നേതാവെന്ന് തിരുനബി(സ) വിശേഷിപ്പിച്ച അവിടുത്തെ പ്രിയപുത്രി ഫാത്വിമ (റ).
ഒരിക്കലും അന്യപുരുഷൻ ദർശിക്കാതിരിക്കലാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെ ന്ന് നമ്മെ ഉണർത്തിയ തിരുപുത്രി ,അൽപം ദിർഹമുകളേക്കാൾ അന്ത്യനാളിൽ തന്റെ സമുദായത്തിന് ശഫാഅത്തിനുള്ള അവകാശം മഹറായി വില കൽപിച്ച വനിത, ധീരനായ അലി (റ)യാരുടെ പ്രിയപത്നി,കടുത്ത ദാരിദ്ര്യത്തിനിടയിലും തന്റെ കടമകൾ ഭംഗിയായി നിറവേറ്റിയ കുടുംബിനി, ലോകത്തെമ്പാടുമുള്ള അഹ് ലുബൈത്തിന്റെ മാതാവ് വിശേഷണങ്ങൾ അവസാനിക്കുന്നില്ല. മരണശേഷം തന്റെ മയ്യിത്ത് പോലും അന്യപുരുഷന്മാർ ദർശിക്കാതിരിക്കാൻ രാത്രി മാത്രം തന്നെ മറമാടണമെന്നും മയ്യിത്ത് കട്ടിലിനു മുകളിൽ മറ സ്ഥാപിക്കണമെന്നും അന്ത്യാഭിലാഷമായി മഹതി ഓർമപ്പെടുത്തിയിരുന്നു.
ഓ സമൂഹമേ ഫാത്വിമ (റ) സ്വിറാത്ത് പാലം കടക്കുകയാണ്, നിങ്ങളുടെ കണ്ണുകളടച്ച് പിടിക്കുവീൻ എന്ന് അന്ത്യനാളിൽ മുഴങ്ങുമെന്ന് പറയപ്പെടുന്ന അറിയിപ്പ് ജീവിതകാലത്തും മരണശേഷവും പ്രപഞ്ചനാഥനെ അനുസരിച്ച് ശരീരം പ്രദർശിപ്പിക്കാതിരിക്കാൻ സൂക്ഷ്മത കാണിച്ച ഫാത്വിമ ബീവി (റ) ക്ക് നാളെ പരലോകത്ത് ലഭിക്കുന്ന ആദരാവായിരിക്കുമത്രെ.
ആരാധനകൾ കൊണ്ടും സൂക്ഷ്മത കൊണ്ടും വെറും പൂജ്യങ്ങൾ മാത്രമായ നമുക്ക് മഹതിയായ ഫാതിമ ബീവി (റ) യുടെ പിന്നണിയിൽ സ്വർഗീയാരാമത്തിലൊരു മിക്കാനായി ഒരു വഴികാട്ടിയാകട്ടെ നമ്മുടെ വേഷവും, നന്മയിലുയർത്തപ്പെട്ട ഹിജാബ് എന്ന സംസ്ക്കാരവും .