ധീരതയുടെ വീരേതിഹാസം രചിച്ച് ത്യാഗത്തിന്റെ പാതയില്‍ അനശ്വര ചിഹ്നങ്ങള്‍ സ്ഥാപിച്ച് വിശ്വാസ സംരക്ഷണത്തിനും ദേശരക്ഷക്കും പടപൊരുതിയ ആയിരങ്ങളുടെ ജന്മ ഭൂമിയാണ് മലപ്പുറം. ആഢ്യത്വത്തിന്റെയും ബൂര്‍ഷ്വായിസത്തിന്റെയും ദുഷ്പ്രഭുത്വത്തിനെതിരെ സമരം നയിച്ച് പാവപ്പെട്ടവന്റെ മോചനത്തിനു ധീരധീരം പോരാടിയ കര്‍ഷകരുടെ ഇതിഹാസഭൂമി. ഇസ്ലാമിക ചൈതന്യത്തിന്റെയും ബോധത്തിന്റെയും വിളനിലമായിരുന്ന മണ്ണ്. അതാണ് മലപ്പുറം.
കുന്നുകളും വയലേലകളും തീര്‍ത്ത പച്ചപ്പെട്ട് ധരിച്ച് നില്‍ക്കുന്ന ഗ്രാമമേ! നിനക്ക് നല്‍കപ്പെട്ട ‘മലപ്പുറം’ എന്ന നാമം അന്വര്‍ത്ഥം തന്നെ. മുന്നൂറു വര്‍ഷത്തെ പഴക്കമുണ്ട് മലപ്പുറം എന്ന വിശ്വോത്തര ഭൂമിയുടെ അനശ്വര നാമത്തിന്. സാമൂതിരി രാജഭരണത്തിലായിരുന്ന ഏറനാട്ടിലെ നാലു നാടുവാഴികളില്‍ ഒരാളായിരുന്ന ‘പാറനമ്പി’ യായിരുന്നു മലപ്പുറത്തിന്റെ അധിപന്‍.
നബിയുടെ കാലത്ത് തന്നെ ഇസ്ലം മതം സ്വീകരിച്ച് മക്കയിലേക്ക് ഹിജ്‌റപോയ ചേരമാന്‍ പെരുമാളിന്റെ ഭരണ പരിധിയില്‍പ്പെട്ട പ്രദേശമായിരുന്നു നേരത്തെ ഏറനാട്. ഭരണം ബന്ധുക്കള്‍ക്ക് വിഭജിച്ചു കൊടുത്ത ചേരമാന്‍ പെരുമാള്‍ ഏറനാട് സാമൂതിരിക്കാണ് നല്‍കിയത്. അങ്ങനെയാണ് സാമൂതിരിയുടെ പരിധിയില്‍ മലപ്പുറം പെട്ടത്.
സമൂതിരി ഇസ്‌ലാമിനോടും മുസ്ലിംകളോടും വളരെ കൂറും ബഹുമാനവും പുലര്‍ത്തിയിരുന്നു. അവരുടെ ഭരണത്തില്‍ മുസ്ലിംകള്‍ക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഉദാത്തമായ സംസ്‌കാരത്തിന്റെയും നിര്‍മ്മല വിശ്വാസത്തിന്റെയും വക്താക്കളായ മുസ്ലിംകളുടെ മഹത്വവും മേന്മയും കണ്ടറിഞ്ഞ ഏറനാട്ടിലെ മര്‍ദ്ദിത ജനവിഭാഗം ഇസ്ലാമിലാകൃഷ്ടരായി നാടിന്റെ പല ഭാഗത്തും. സവര്‍ണ്ണഹിന്ദുക്കളുടെ പീഢനമനുഭവിക്കുന്ന പാവപ്പെട്ടവര്‍ ഇസ്ലാം സ്വീകരിച്ചു മോചനം നേടി.
മലപ്പുറത്ത് മുസ്ലിംകളുണ്ടായത് അങ്ങനെയാണ്. അംഗുലീപരിമിതമായ മലപ്പുറത്തെ മുസ്ലിംകള്‍ അന്ന് തിരൂരങ്ങാടി മഹല്ലിന്റെ ഭാഗമായിരുന്നു. അവര്‍ ജുമുഅക്കു പോയിരുന്നതും ആത്മീയ നേതൃത്വവും ശിക്ഷണവും നേടിയിരുന്നതും തിരൂരങ്ങാടിയില്‍ നിന്നായിരുന്നു.
കാലത്തെഴുന്നേറ്റു നടന്ന് തിരൂരങ്ങാടിയില്‍ ജുമുഅക്കത്തുന്ന മലപ്പുറത്തുകാരെ കാത്ത് അവിടത്തെ ജുമുഅ വളരെ താമസിക്കാറുണ്ടായിരുന്നു. ഊരകം മലയുടെ അപ്പുറത്ത് താമസിക്കുന്ന സഹോദരന്മാരെ കാത്ത് കാത്ത് കാണാതെ മുഷിയുമ്പോള്‍ ‘മലപ്പുറത്തുള്ളവരെ കാണാനില്ലെന്നു’ പറഞ്ഞ് പള്ളി ഖത്തീബും കാരണവന്മാരും അസ്വസ്ഥരാകാറുണ്ടായിരുന്നുത്രെ. തിരൂരങ്ങാടിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഊരകം മലയുടെ അപ്പുറത്തു താമസിക്കുന്നവരാണ് പിന്നീട് മലപ്പുറത്തുകാരായത് എന്ന് പ്രായം ചെന്ന കാരണവന്മാര്‍ ഇര്‍ഫാദിനോട് പറഞ്ഞു. ‘മലപ്പുറ’ത്തിന്റെ പിന്നില്‍ വേറെയും ഒരു കഥ സയ്യിദ് കെ.പി. ഇമ്പിച്ചിക്കോയത്തങ്ങള്‍ അനുസ്മരിക്കുകയുണ്ടായി. അതു ഹാജിയാര്‍പള്ളിയുടെയും കഥയാണ്.
ഹാജിയാര്‍ പള്ളി
മദീനാമുനവ്വറയില്‍ കഴിഞ്ഞുകൂടിയിരുന്ന ഒരു സൂഫീവര്യന്‍ അവിടെ കുടിക്കാന്‍ വെച്ചിരുന്ന കൂജയിലെ വെള്ളം താനെ വറ്റിയതായി കണ്ടു. ഇതന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുവര്യര്‍ പറഞ്ഞു: ഇന്ത്യയില്‍ മലബാര്‍ എന്ന സ്ഥലത്ത് അമുസ്ലിം രാജാവും മുസ്ലിംകളും തമ്മില്‍ ഘോരയുദ്ധം നടക്കുന്നുണ്ട്. മുസ്ലിംകളുടെ കുടിവെള്ളം ശുത്രുക്കള്‍ മുടക്കിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്കു കുടിക്കാന്‍ ഈ വെള്ളം കൊണ്ടുപോയിരിക്കയാണ്. ഇത് കേട്ട ആ പുണ്യപുരുഷന്‍ മദീനയില്‍ നിന്നിറങ്ങി ശുഹദാക്കളുടെ ഖബര്‍സയാറത്ത് ചെയ്യാനും മലബാറില്‍ ഇസ്ലാമിക പ്രബോധനത്തിനുമായി യാത്ര തിരിച്ചു. ഖൈബര്‍ ചുരം കടന്നു കരവഴിക്കു നടന്നത്തിയ അദ്ദേഹം ധീരനും ഭക്തനുമായിരുന്നു. വനാന്തരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യജീവികളുടെ ഉപദ്രവത്തില്‍ നിന്നു രക്ഷപ്പെടാന്‍ അദ്ദേഹം പുലിത്തോലണിഞ്ഞിരുന്നു. അദ്ദേഹം മലപ്പുറത്തെത്തി ഇന്നു ഹാജിയാര്‍പള്ളി എന്നു പറയപ്പെടുന്ന സ്ഥലത്തിനടുത്ത ഒരു കല്ലിന്‍ മുകളില്‍ ഏകാന്തനായി ഇരുന്നു.
ആയിടക്കാണ് പാറനമ്പിയുടെ സ്വര്‍ണ്ണത്താക്കോല്‍ കൂട്ടം പുഴയില്‍ വീണുപോയത്. തോഴിമാരുടെമൊത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴയില്‍ വഞ്ചിയില്‍ ഉല്ലസിക്കുമ്പോഴാണത്രെ താക്കോല്‍ വീണത്. താക്കോലിനു വേണ്ടി തിരച്ചില്‍ നടത്തി നിരാശരായ കാര്യസ്ഥരില്‍ ഒരാള്‍ അടുത്ത കുന്നിലെ പുണ്യാവാളനെ കുറിച്ചു കേള്‍ക്കാനിടയായി. അതെടുത്ത് കൊടുത്താല്‍ ചോദിക്കുന്നതെന്തും തരാമെന്നു പറഞ്ഞ് രാജാവിന്റെ പ്രതിനിധികള്‍ ആ സന്നിധിയിലെത്തി. അദ്ദേഹം ഇറങ്ങി വന്നു. തോണിയില്‍ കയറി സ്വന്തം കൈകൊണ്ടു നിമിഷനേരത്തിനുള്ളില്‍ അതെടുത്തു കൊടുത്തു. അതിനു പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത് ഒരു പള്ളി എടുക്കാന്‍ സ്ഥലമായിരുന്നു. ഇപ്പോള്‍ ഹാജിയാര്‍ പള്ളി നിലകൊള്ളുന്ന സ്ഥലം അദ്ദേഹത്തിന് വിട്ടുകൊടുത്തു. അവിടെയുണ്ടായിരുന്ന ഹൈന്ദവചിഹ്നങ്ങള്‍ മറ്റൊരിടത്തേക്കു മാറ്റി കൊടുത്തു.
രാജാവിന്റെ വകയായിതന്നെ അവിടെ ഒരു പള്ളി അദ്ദേഹത്തിനു വേണ്ടി എടുത്തു കൊടുത്തു. അതാണ് ഹാജിയാര്‍ പള്ളി. ഈ മദീനക്കാരനെയാണ് ‘ഹാജിയാര്‍ പാപ്പാ’ എന്ന് ബഹുമാനപ്പൂര്‍വ്വം മലപ്പുറത്തുകാര്‍ വിളിക്കുന്നത്. പള്ളിയുടെ മുന്നില്‍ തന്നെയാണ് ഹാജിയാരുടെ മഖ്ബറ, പാറനമ്പി നേരത്തെ വിട്ടുകൊടുത്ത ധ്യാനപ്പുര തന്നെയാണ് അദ്ദേഹത്തിന്റെ മഖ്ബറായായത്. താന്‍ ഏകനായിരുന്നു ധ്യാനിച്ചിരുന്ന ഈ കൊച്ചു ഭവനത്തില്‍ കയറി വാതിലടച്ച് എന്നെ ദിവസങ്ങള്‍ക്കു ശേഷമേ വിളിക്കാവൂ എന്നു പറഞ്ഞ ഹാജിയാരെ പിന്നീട് നാട്ടുകാര്‍ കാണുന്നത് സുസ്‌മേരവദനനായി മരിച്ചു കിടക്കുന്നതാണ്. നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ തന്നെ മറവു ചെയ്തു.
നാട്ടിന്റെ നാനാഭാഗത്തു നിന്നും പരശ്ശതം ആളുകള്‍ ആ പുണ്യാത്മാവിന്റെ ഖബറിടം സന്ദര്‍ശിച്ച് അനുഗ്രഹം നേടിവരുന്നുണ്ട്. പാറനമ്പിയും മുസ്ലിംകളുമുണ്ടായ യുദ്ധത്തിനു ശേഷം മലപ്പുറം ഒരു മുസ്ലിം കേന്ദ്രമായി മാറിയതിനു പിന്നില്‍ നടന്ന സംഭവം എന്താണെന്നു പരതി നടക്കുകയും അവസാനം പാറനമ്പിയുടെ വിശാല മനസ്‌കതയില്‍ വെച്ചുകെട്ടുകയും ചെയ്യുന്ന ചില ഖിസ്സ വ്യാഖ്യാനക്കാരും ചരിത്രം പെറുക്കികളുമുണ്ട്. പുത്തനാശയക്കാരുടെ പാളയത്തില്‍ അകപ്പെട്ടതുകൊണ്ട് പല ചരിത്രശകലങ്ങളും അവരുടെ നജ്ദിയന്‍ കണ്ണില്‍ പെടുകയില്ല. ഹാജിയാരെ കാണാന്‍കഴിയാത്തത് മുന്‍ വിധിയോടെയുള്ള ചരിത്രാന്വേഷണം മൂലമാണ്.
ഹാജിയാരുടെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റെ ആത്മീയ വ്യക്തിത്വവുമാണ് യുദ്ധാനന്തരം മലപ്പുറത്ത് ഇസ്ലാമിന് വേര് നേടിക്കൊടുത്തത് എന്നുവേണം കരുതാന്‍.
ആദ്യത്തെ പള്ളി
ഇന്നു ഒരന്യപ്രദേശത്തുകാരന്‍ മലപ്പുറത്തു വന്നാല്‍ അവന് പെട്ടെന്നു കാണാന്‍ കഴിയുന്നത് കുരിശുപ്പള്ളിയാണ്. ഭൂരിപക്ഷം മുസ്ലികളുള്ള ഒരു നാട്ടില്‍, ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും ഉരുക്കുകോട്ടയില്‍ മുസ്ലിം പള്ളി അന്വേഷിച്ച് കണ്ടു പിടിക്കണം. മലപ്പുറത്തെ മുസ്ലിംകളുടെ അനാസ്ഥയും അലംഭാവവുമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും വക്താക്കളാണ് മലപ്പുറത്തെ മുസ്ലിംകള്‍ എന്നാണിതു തെളിയിക്കുന്നത്. ഈ പട്ടണത്തിന്റെ തിരുനെറ്റിയില്‍ ക്രസ്ത്യന്‍പള്ളി സ്ഥാപിക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ അസന്തുഷ്ടി പ്രകടിപ്പിച്ചപ്പോള്‍ മര്‍ഹൂം പാണക്കാട് തങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ ക്രസ്ത്യാനികള്‍ക്കു സൗകര്യം ചെയ്തു കൊടുക്കുകയാണുണ്ടായതെന്നു പറയപ്പെടുന്നു.
വലിയങ്ങാടി ജുമുഅത്ത് പള്ളിയും ചെത്തുപാലം പള്ളിയും കുന്നിന്‍മുകളില്‍ സെന്‍ട്രല്‍ജംഗ്ഷനില്‍ നിന്നു ഏകദേശം ഒരു ഫര്‍ലോംഗ് കിഴക്കോട്ട് മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്ന പള്ളിയും മൈലപ്പുറം പള്ളിയുമാണ് മലപ്പുറത്തെ പ്രധാന ജുമാമസ്ജിദുകള്‍. കോട്ടപടി തിരൂര്‍ റോഡിലും വലിയങ്ങാടി കിഴക്കെ തലക്കലും നിസ്‌കാരപള്ളികളുണ്ട്. ഹാജിയാര്‍ പള്ളി ചരിത്രപ്രസിദ്ധമാണ്. കോട്ടപടി ഗവണ്‍മെണ്ട് ഹൈസ്‌കൂളിനു സമീപം(വടക്കു എല്‍.പി.സ്‌കൂളിനു പിന്നില്‍) കുന്നിന്റെ മുകളില്‍ പെരിന്തല്‍മണ്ണ റോഡിലും ഓരോ പള്ളിയുണ്ട്. പെരിന്തല്‍മണ്ണ റോഡിലെ പള്ളി സുന്നികള്‍ സ്ഥാപിച്ച് നടത്തി വന്നിരുന്നതാണെങ്കിലും അടുത്ത കാലത്ത് അത് മൗദൂദികള്‍ പിടിച്ചടക്കിയിരിക്കുകയാണ്. മറ്റു പള്ളികളിലും മൗദൂദികളും വഹാബികളും നുഴഞ്ഞു കയറികൊണ്ടിരിക്കുന്നു. നിസ്‌കാരപ്പള്ളികളിലും ജുമുഅത്ത് പള്ളികളിലുമൊക്കെ ഈ പുത്തന്‍ പരിഷ്‌കാരികളുടെ സ്വാധീനം പലവഴിക്കും വര്‍ധിച്ചുവരുന്നുണ്ട്. കിഴക്കെ തലയിലെ ‘ഫലാഹ്’ കോളേജും സുന്നികളില്‍ നിന്നു മൗദൂദികള്‍ കയ്യടക്കിയിരിക്കുന്നു. അടുത്ത ഭാവിയില്‍ മറ്റു പള്ളികളും ബിദ്അത്തുകാരുടെ കൈകളില്‍ അകപ്പെടാനുള്ള സാദ്ധ്യത മലപ്പുറത്ത് ഒന്നു ചുറ്റിക്കറങ്ങുന്ന ഏതു മനുഷ്യനും ബോധ്യമാകും.
വലിയങ്ങാടി ജുമുഅപള്ളിയിലും മൈലപ്പുറം പള്ളിയിലുമുള്ള ദര്‍സും മൈലപ്പുറം യു.പി മദ്‌റസയുമല്ലാതെ മലപ്പുറത്ത് സുന്നത്ത് ജമാഅത്തിന്റെതായി എടുത്തുപറയത്തക്ക സ്ഥാപനങ്ങളൊന്നുമില്ല. ഏതാനും എല്‍.പി മദ്‌റസകളില്‍ ഒരു മാമൂല്‍ സമ്പ്രദായം പോലെ മതപഠനം നടക്കുന്നു. ഉല്‍സാഹികളും പ്രവര്‍ത്തകരുമായ ധാരാളം മുഅല്ലിമുകളും, എസ്.എസ്.എഫ് ബന്ധുക്കളുമുണ്ടെങ്കിലും മലപ്പുറത്തെ പ്രത്യേക ചുറ്റുപാടില്‍ ദീനീ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്നു വേണം പറയാന്‍. ഇതിനൊക്കെ പുറമെ തബ്ലീഗുകാരുടെ കന്നാക്രമണവും അടുത്ത കാലത്ത് തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കു കോട്ടയായിരുന്ന മലപ്പുറം, ധീര രക്തസാക്ഷികളുടെ രക്തഗന്ധമുള്ള ആ മണ്ണ്, ബിദ്അത്തുകാര്‍ക്കു തഴച്ചുവളരാന്‍ ഫലഭൂയിഷ്ഠമായിത്തീര്‍ന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്?
എടുത്തുപറയാവുന്ന പണ്ഡിതന്മാരോ സജീവരംഗത്തിറങ്ങുന്ന ആത്മര്‍ത്ഥതയുള്ള സുന്നീ കാരണവന്മാരോ മലപ്പുറത്തില്ലെന്നു തോന്നുന്നു. പണ്ഡിത സംഘടനയുടെ ദര്‍ശനവും മലപ്പുറത്തിന് ലഭിച്ചിട്ടില്ലെന്നു പറയുന്നതിന് ആധുനികമലപ്പുറം തന്നെയാണു സാക്ഷി.
പാറനമ്പിയുടെ സ്വന്തം ചിലവില്‍ അദ്ദേഹം പണികഴിപ്പിച്ച വലിയങ്ങാടി ജുമുഅത്ത് പള്ളിയാണ് മലപ്പുറത്തെ ഏറ്റവും പഴക്കമുള്ള പള്ളി. മുസ്ലിംകളെ മുഴുവന്‍ നിഷ്‌കാസനം ചെയ്തതില്‍ ദുഖിക്കുകയും പശ്ചാത്തപിക്കുകയും ചെയ്ത പാറനമ്പി പരിസരത്ത് നിന്നുള്ളവരും ശുഹദാക്കളുടെ ബന്ധുക്കളുമായ മുസ്ലിംകളെ പള്ളിയുടെ പരിസരത്ത് പുനരധിവസിപ്പിക്കുകയും ചെയ്തു. പള്ളിക്കായി പാറനമ്പി നല്‍കിയ വിശാലമായ കുന്നിന്‍ ചെരുവുപോലും ഇന്നു പലരുടെയും കൈവശത്തിലാണ്. ഒഴിക്കൂര്‍ കൊടുത്ത് ഒഴിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് സാധിക്കുമെങ്കില്‍ അവരൊക്കെ ഒഴിഞ്ഞു തരുമെന്നും തന്റെ അധീനത്തിലുള്ള ഭൂമി താനും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കുറച്ചു ഭാഗം അടുത്ത കാലത്ത് വിട്ടുകൊടുത്തിട്ടുണ്ടെന്നും ഖാളിസ്ഥാനം നിര്‍വ്വഹിക്കുന്ന ഇമ്പിച്ചിക്കോയ തങ്ങള്‍ പറഞ്ഞു.
പതിനേഴ് ഏക്ര ഭൂമിയാണ് പാറ നമ്പി പള്ളിക്ക് വേണ്ടി നല്‍കിയത്. കുടികിടപ്പവകാശത്തിന്റെ പേരില്‍ ചിലര്‍ അതിന്റെ പലഭാഗങ്ങളും കയ്യേറിയിരിക്കുകയാണ്. ഈ കുടികിടപ്പവകാശം തന്നെയാണ് അദ്ദേഹവും വാദിക്കുന്നത്. ശരീഅത്തില്‍ കുടികിടപ്പവകാശത്തിനു ഈ രൂപത്തിലുള്ള ഒരു പിന്തുണയും ഇല്ലെന്നു ഇമ്പിച്ചുക്കോയ തങ്ങള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. ശുഹദാക്കളുടെ മഖ്ബറയിലെ വരുമാനവും ഇദ്ദേഹത്തിന്റെ കയ്യിലാണ് ചെന്നു ചേരുന്നത്. പൊന്നാനി വലിയ ജാറത്തിങ്കല്‍ ഐദ്‌റൂസ് തങ്ങളുടെ പിന്‍മുറയില്‍പ്പെട്ട ഇമ്പിച്ചിക്കോയ തങ്ങളുടെ കൈകളില്‍ ഇതൊക്കെ നിക്ഷിപ്തമായ വഴി ദുരൂഹമാണ്. ഖാസിയുടെ സ്ഥാനത്തിരിക്കുന്നവരുടെ നിരുത്തരവാദപരമായ നീക്കവും ആദര്‍ശസ്പിരിറ്റിന്റെ കുറവും ഇസ്ലാമിക പ്രവര്‍ത്തനത്തെയാകെ സാരമായി ബാധിക്കുമല്ലോ. മലപ്പുറം വലിയങ്ങാടിയിലെ മുസ്ലിംകള്‍ പൊതുവെ അസംതൃപ്തരാണ്. മലപ്പുറത്തിനു മുഴുവന്‍ നേതൃത്വം നല്‍കാന്‍ കഴിയുന്ന വലിയ ജുമുഅത്ത് പള്ളിയും ഖാസിസ്ഥാനവും ഇന്ന് ശോഷിച്ചിരിക്കുന്നു. മഹല്ലിലെ പല മുസ്ലിംകളും നികാഹിനുപോലും ഖാസിയെ വിളിക്കാറില്ലെന്നു പറയപ്പെടുന്നു. മലപ്പുറത്തെ പൗരപ്രമുഖനായ മുട്ടേങ്ങാടന്‍ കുഞ്ഞാപ്പുഹാജിയുടെ പിതാവ് അയമു ഹാജി സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രകാരം നടത്താന്‍ കുന്നിനു മുകളില്‍ പെരിന്തല്‍മണ്ണറോഡില്‍ വഖ്ഫ് ചെയ്ത സ്ഥലത്തുള്ള പള്ളിയാണ് മൗദൂദികള്‍ പിടിച്ചടക്കിയത്. ഇതിന്റെ പിന്നില്‍ ഒരു ഒത്തുതീര്‍പ്പിന്റെയും കള്ള രേഖകളുടെയും കഥയുണ്ട്. കുന്നുമ്മല്‍ നിവാസികള്‍ക്കതറിയാം. പക്ഷേ, നിയമവിരുദ്ധമായി മൗദൂദികള്‍ കള്ളരേഖയുണ്ടാക്കിയതിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ അവിടത്തെ സുന്നികള്‍ മുന്നോട്ടു വന്നിട്ടില്ല. ഒത്തു തീര്‍പ്പനുസരിച്ച് മൗദൂദി ഇമാമിനെ അംഗീകരിച്ച മര്‍ഹും തങ്ങള്‍ സുന്നികള്‍ക്ക് നല്‍കിയ ഉറപ്പ് നടപ്പാകുന്നതിനു മുമ്പ് അദ്ദേഹം നിര്യാതനായി. ഈ തക്കത്തിലാണ് മൗദൂദികള്‍ കൃത്യമ രേഖയുണ്ടാക്കി പള്ളി രജിസ്റ്റര്‍ ചെയ്തത്.
പെരിന്തല്‍മണ്ണ റോഡില്‍ മിഷ്യന്‍ ആശുപത്രിയുടെ അടുത്തായി ഒറു നിസ്‌കരാപള്ളിയുണ്ട്. മൗദൂദികളുടെ കണ്ണ് ആ പള്ളിയിലും പതിഞ്ഞിരിക്കുന്നു. അടുത്തു തന്നെ അതും അവര്‍ കയ്യടക്കുമെന്നാണ് ഒരു കാരണവര്‍ പറഞ്ഞത്. സേവനമെന്ന വ്യാജേന പള്ളിവെള്ളവലിക്കുകയും വൃത്തിയാക്കുകയും ചെയ്തു ജനങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമഞ്ഞ് തന്ത്രപരമായി പള്ളി തട്ടാനാണ് ശ്രമം. ഇതും സുന്നികളുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ.്
ചെത്ത് പാലം പള്ളിയില്‍ തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും ഒന്നു രണ്ടു വ്യക്തികളുടെ കാലശേഷം തങ്ങളുടെ പിടിയിലമരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പള്ളിക്കാരണവന്മാര്‍ ഭാവിയെക്കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ കാര്യം അപകടം തന്നെ.
ശക്തമായ ഒരു നേതൃത്വത്തിന്റെ കുറവും ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകരുടെയും നിസ്വാര്‍ത്ഥരായ പണ്ഡിതരുടെയും അഭാവവും മലപ്പുറത്തെ മത നായകനില്ലാത്ത നൗകയാക്കിയിരിക്കുന്നു. ഈ പരിതസ്ഥിതിയില്‍ ബിദഈ ശക്തി ശക്തികള്‍ക്കു കടന്നു പിടിക്കാന്‍ പ്രയാസമില്ലല്ലോ.
മലപ്പുറത്തെ ഓരോപിടി മണ്ണിനും ചോരയുടെ മണമുണ്ട്. സുന്നികളുടെ ചെഞ്ചോരയുടെ മണം. ദീനീ സ്പിരിറ്റിന്റെയും ദേശ സ്‌നേഹത്തിന്റെയും രണാങ്കണത്തില്‍ സര്‍വ്വതും ത്യജിച്ച് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അടരാടി മരിച്ച മലപ്പുറം ശുഹദാക്കളുടെ പുണ്യാനാട് ഇസ്ലാമിക ലോകത്തെ ബുഖാറയും സ്‌പെയിനുമാകുന്നതില്‍ ഖേദിക്കാന്‍ പോലും ആളില്ലാതെ പോകുന്നതില്‍ മുസ്ലിം സമുദായം ചുരുങ്ങിയത് നാണിക്കുകയെങ്കിലും വേണം.
മലപ്പുറം ജില്ലാ സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും മലപ്പുറത്തിന്റെ രക്ഷക്കു പലതും ചെയ്യാന്‍ കഴിയും. സമസ്ത ജില്ലഘടകവും മറ്റും മലപ്പുറം മുനിസിപ്പാലിറ്റിയെ ദത്തടുക്കണമെന്നും സമസ്ത സജീവമായി പ്രവര്‍ത്തിച്ചാല്‍ ഏത് ബിദ്അത്തുകാരെയും കശക്കി എറിയാന്‍ കഴിയുമെന്നു കൊന്നാര മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയ കാരണവന്മാരും ദീനീ ബോധമുള്ള യുവാക്കളും അനുസ്മരിക്കുയുണ്ടായി.
1. വഹാബി, മൗദൂദികള്‍ പിടിച്ചെടക്കിയ പള്ളികളും സ്ഥാപനങ്ങളും മോചിപ്പിക്കുക.
2. നഷ്ടപെടാനിരിക്കുന്ന പള്ളികളെ രക്ഷിക്കുക.
3. പള്ളികളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറി വഹാബി, മൗദൂദി, തബ്ലീഗാദി പുത്തനാശയക്കാരെ അടിയന്തിരമായി പുറത്താക്കുക.
4. വലിയങ്ങാടി യു.പി. മദ്‌റസ സ്ഥാപിക്കുക.
5. മലപ്പുറത്തെ മൊത്തം പ്രതിനിധീകരിക്കുന്ന ഒരു സെക്കന്ററി മദ്‌റസയും സുന്നീ സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുക.
6. പള്ളി, മദ്‌റസ ഭരണത്തിലും പ്രവര്‍ത്തനത്തിലും സുന്നി ആദര്‍ശ പ്രചരണത്തിനു ഊന്നല്‍ കൊടുക്കുക.
7. മുനിസിപ്പില്‍ പ്രദേശത്ത് പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു സംവിധാനമുണ്ടാക്കുക.
8. ശുഹദാക്കളുടെ ജാറവും ജുമുഅത്ത് പള്ളിയും ജനകീയ ഭരത്തില്‍ കൊണ്ടുവരിക.
9. ജാറംവക വരുമാനം ദീനീ പുരോഗതിക്ക് ഉപയോഗപ്പെടുത്തുക.
തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മലപ്പുറത്തെ മുസ്ലിം നേതൃത്വവും ജില്ലാ സമസ്തയും ഒത്തു പിടിച്ച് ശ്രമിച്ചാല്‍ സാധ്യമാകുമെന്നും ഇതോടെ സുന്നീരംഗം മലപ്പുറത്ത് സജീവമാകുമെന്നും പല കാരണവന്മാരും സുന്നി പ്രവര്‍ത്തകരും ഇര്‍ഫാദിനോട് പറഞ്ഞു.
മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം പല കാരണങ്ങളാല്‍ ഫലവത്തായിട്ടില്ലെന്നും മലപ്പുറത്ത് കാര്യമായൊന്നും ചെയ്യാന്‍ ഫെഡറേഷനായിട്ടില്ലെന്നും അവര്‍ അനുസ്മരിച്ചു.
യത്രക്കാരെയും നഗരത്തിലെ കച്ചവടക്കാരെയും തൊഴിലാളികളെയും മാറ്റം ഉദ്ദേശിച്ച് രണ്ടു പള്ളികള്‍ അടുത്തു തന്നെ മലപ്പുറത്ത് ഉയരും. കുന്നിന്റെ മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് എതിര്‍വശം നിര്‍മ്മിക്കുന്ന മസ്ജിദുന്നൂറും കോട്ടപ്പടി അഹമ്മദ് കുരിക്കള്‍ റോഡില്‍ ബസ്റ്റാന്റിന് സമീപം ഒരു മാന്യവ്യക്തി സംഭവാന നല്‍കിയ രണ്ടുസെന്റ് സ്ഥലത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിസ്‌കാരപ്പള്ളിയും.
മസ്ജിദുന്നൂറിനു ഭീമമായ വിലകൊടുത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. നാലു നിലയില്‍ പ്ലാന്‍ ചെയ്ത പള്ളിയുടെ നിര്‍മ്മാണച്ചിലവ് 13 ലക്ഷമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ പ്രസിഡന്റും കൊട്ടുമല ബാപ്പുമുസ്ല്യാര്‍ സെക്രട്ടറിയുമായ കമ്മറ്റിയാണ് ഈ സദുദ്യമത്തിന് നേതൃത്വം നല്‍കുന്നത്.
പള്ളിക്കാവശ്യമായ ഫണ്ടില്ലാത്തതു കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനം നീളുന്നതെന്നും എല്ലാ മുസ്ലിംകളില്‍ നിന്നും അടിയന്തിര സഹായം ലഭിക്കണമെന്നും ഖജാഞ്ചി മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു.