കേരള ചരിത്രത്തിലെ സാമുദായിക പുരോഗതിയും അധോഗതിയും നിർണ്ണയിക്കപ്പെട്ട പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളുടെ നിർണ്ണായക ഘട്ടങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സസൂക്ഷ്മ നിരീക്ഷണങ്ങൾ കൊണ്ടും ധീരമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമായ നിലപാടുകൾ കൊണ്ടും കേരള ഉലമാക്കൾക്കിടയിൽ വ്യതിരിക്തനായ അതുല്യ പണ്ഡിതനാണ് തട്ടാങ്ങര അഹ്മദുസ്സ്വഗീർ എന്ന കുട്ട്യാമു മുസ്ലിയാർ.
ജനനം, വളർച്ച
വെളിയങ്കോടിലെ സമ്പന്ന തറവാടായ തട്ടാങ്ങര കുടുംബത്തിൽ ഹിജ്റ 1273 നാണ് കുട്ട്യാമു മുസ്ലിയാർ ജനിക്കുന്നത്.
പിതാവ് മമ്മിക്കുട്ടി മുസ്ലിയാർ വെളിയങ്കോട് ഉമർ ഖാളിയുടെ ശിഷ്യനാണ്. തന്റെ ആദ്യ പുത്രൻ ചെറു പ്രായത്തിൽ മരണപ്പെട്ടതിന്റെ വേദന ഗുരുവര്യരോട് പങ്ക് വെച്ചപ്പോൾ ബഹുമാനപ്പെട്ടവർ സമാശ്വസിപ്പിച്ചു.സാരമില്ല മമ്മിക്കുട്ടീ, നിനക്ക് അള്ളാഹു നല്ലൊരു പുത്രനെ പകരം തരും . അള്ളാഹുവിന്റെ ഇഷ്ട ദാസന്മാരിൽപ്പെട്ട ഗുരു വര്യരുടെ വാക്കിന്റെ നിദർശനമാണ് മഹാനർ വഫാതായ അതേ വർഷം വഫാതിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ആയി ജനിച്ച ‘കുട്ടി അഹ്മദ്’ എന്ന നമ്മുടെ കഥാ നായകൻ. പിൽക്കാലത്ത് ഈ കുട്ടി ആത്മീയതയുടെ വേഷ മണിഞ്ഞ് ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ അബദ്ധ ജഡിലമായ ആശയങ്ങൾ പ്രചരിപ്പിച്ച വ്യാജ ത്വരീഖത്തുകൾക്കെതിരെ അതിശക്തമായി രംഗത്തു വന്നവരിൽ മുൻനിരക്കാരനും ആ കാലഘട്ടത്തിലെ പ്രധാന മുഫ്തിയുമായി മാറി. പുതിയകത്ത് അബ്ദു റഹ്മാൻ മഖ്ദൂമി എന്ന കുഞ്ഞൻ ബാവ മുസ്ലിയാർ സമശീർഷനും പൊന്നാനി പള്ളിയിൽ കൂടെ ദർസ് നടത്തിയവരുമാണ് . കർമ്മശാസ്ത്ര വിഷയങ്ങളിൽ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാവാത്ത ഇരുവരും ഉലമാഇന്നിടയിൽ കേരള ഇബ്നു ഹജർ , റംലീ എന്നീ സംജ്ഞകളിൽ വാഴ്ത്തപ്പെട്ടു.
ഗുരുനാഥന്മാർ
ചലിക്കുന്ന വിജ്ഞാന ഗോപുരങ്ങളായ ഗുരു മഹത്തുക്കൾക്ക് കീഴിലാണ് കഥാപുസനായകൻ അദ്ധ്യായനം നടത്തിയത്. സ്വപിതാവിൽ നിന്നും പ്രാഥമിക പഠനം നടത്തിയ ശേഷം പെരുമ്പടപ്പ് പുത്തൻപള്ളിയിൽ മറപ്പെട്ട് കിടക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഉസ്താദ് മണലിലെ മൂപ്പര് എന്ന നൂണ ക്കടവ് സൈനുദ്ധീൻ റംലി(റ), ഉമർ ഖാളി (റ) ന്റെയും ശൈഖ് അലിയ്യു ബ്നു അഹ്മദൽ ഹമദാനി(റ) എന്ന കുട്ട്യാലി മുസ്ലിയാരുടെയും ശിഷ്യനായ സൈനുദ്ധീൻ മഖ്ദൂം ആഖിർ(റ), മുഹമ്മദ് മഖ്ദൂം എന്ന ചെറിയ ബാവ മുസ്ലിയാർ (റ) എന്നീ പ്രഗത്ഭരായ ഉസ്താദുമാരുടെ കീഴിൽ പഠിച്ചു.
സതീര്ത്ഥ്യർ
കുഞ്ഞൻ ബാവ മുസ്ലിയാർ[(മ: 1343 ] , തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്ലിയാർ [മ: 1341] , കൊങ്ങണം വീട്ടിൽ അഹമ്മദ് ബാവ മുസ്ലിയാർ [മ: 1314 ] , ശൈഖ് അഹ്മദ് ശീറാസി [മ:1326] ,ഞമനേക്കോട് ഏനികുട്ടി മുസ്ലിയാർ [മ: 1352],യുസുഫുൽ ഫള്ഫരി[മ: 1336] കട്ടിലശ്ശേരി ആലിമുസ്ലിയാർ (അലിയ്യുത്തൂരി) [മ:1334 ] നെല്ലിക്കുത്ത് ആലി മുസ്ലിയാർ ( മ; 1340 ), വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (മ :1322 ) എന്നിവർ സഹപാഠികളാണ്. കേവല വ്യക്തികൾക്കപ്പുറം വലിയ സമുദായങ്ങളാണിവർ .ഖേദകരമെന്ന് പറയാം നമ്മുടെ ചരിത്ര പഠനത്തിലെ അനാസ്ഥ മൂലം സമുദ്ര സമാനാരായ അനവധി ഉലമാഇന്റെ ചരിത്രം അന്യമായത് പോലെ ഈ മഹത്തുക്കളുടെ ചരിത്രവും കൃത്യതയോടെയും വ്യക്തതയോടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
ശിഷ്യന്മാർ
അദ്ധ്യാപനത്തിൽ അതീവ തത്പരനായ കുട്ട്യാമു മുസ്ലിയാർ ശമ്പളം കൈപ്പറ്റാതെ സ്വന്തം ചെലവിൽ കുട്ടികൾക്കുള്ള അവശ്യ സാധനങ്ങൾ നൽകി ദർസ് നടത്തി. വീട്ടിൽ സൗകര്യപ്പെടാതെ വന്നപ്പോൾ ബഹുമാനപ്പെട്ടവർ പണി കഴിപ്പിച്ച വെളിയങ്കോട്ടെ തട്ടാങ്ങര പള്ളിയിലേക്ക് ദർസ് മാറ്റി. തന്റെ പറമ്പിൽ തൊഴിലാളികളെ നിയന്ത്രിക്കുന്ന സമയത്ത് പോലും ദർസ് നടത്താറുണ്ടായിരുന്നു. ആ വിജ്ഞാന സാഗരത്തിൽ നിന്നും വിദ്യ നുകർന്ന വിദ്യാർത്ഥികൾ പിൽകാലത്ത് വലിയ കർമ്മശാസ്ത്ര വിശാരദരും കേരള ഉലമാക്കൾക്കിടയിലെ ആധികാരിക ശബ്ദങ്ങളുമായി മാറി. കോടഞ്ചേരി ബാപ്പുട്ടി മുസ്ലിയാര് എന്ന പുന്നയൂര്കുളം ഉപ്പുങ്ങല് കുഞ്ഞഹമ്മദ് മുസ്ലിയാര്,
കരിമ്പന അഹ്മദ് മുസ്ലിയാർ,
സൂഫിവര്യനായ തിരൂർ ചെമ്പ്ര പോക്കർ മുസ്ലിയാർ,
ബ്ലാങ്ങാട് അബ്ദുൽ ഖാദിർ മുസ്ലിയാർ,
താനൂർ ഫഖീഹ് മുഹമ്മദ് മുസ്ലിയാർ,
സിലോണിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ കോഴിക്കോട് ,
കാഞ്ഞിരമുറ്റം പരീക്കുട്ടി മുസ്ല്യാര്, വെളിയത്തു കുഞ്ഞഹമ്മദ് മുസ്ല്യാര്, ആയഞ്ചേരി അബ്ദുറഹിമാന് മുസ്ല്യാര് എന്ന തറക്കണ്ടി ഓർ, പുതിയാപ്പിള അബ്ദുറഹിമാന് മുസ്ല്യാര്, കോക്കൂര് വലിയ അബ്ദുല്ല മുസ്ല്യാര്, കരുനാഗപ്പള്ളി യൂനുസ് മുസ്ല്യാര്,
താണാപാടം മുഹമ്മദ് തുടങ്ങിയവർ അവരിലെ പ്രധാനികളാണ്. പള്ളിദർസ് സിലബസുകളുടെ പരിഷ്കർത്താവും വലിയ പണ്ഡിതനുമായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ബഹുമാനപ്പെട്ടവരിൽ നിന്ന് ശിഷ്യ ബന്ധമുണ്ട്.
വിദേശികളായ കുട്ടികളെ വാർത്തെടുക്കുന്നതോടൊപ്പം തന്റെ കുടുംബത്തേയും പണ്ഡിതരായി വാർത്തെടുക്കുന്നതിൽ അതിയായ ശ്രദ്ധ ചെലുത്തി. ഇർശാദുൽ ഇബാദ്, മുർശിദ്, ഫത്ഹുൽ മുഈൻ അടക്കം പല കിതാബുകളും ദർസ് നടത്തിയിരുന്ന ഖദീജ എന്ന മകൾ തന്റെ വീട്ടിലെ പർണ്ണശാലയിൽ വളർന്ന പണ്ഡിതയാണ്. ശിഷ്യനും സമസ്തയുടെ ആദ്യ കാല നേതാക്കളിൽ പ്രധാനിയുമായ പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ കുട്ട്യാമു ഉസ്താദിന്റെ മകൾ ഖദീജയെ വിവാഹം കഴിച്ചതോടെ പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ല്യാരായി മാറി.
പാണ്ഡിത്യം
കുട്ട്യാമു മുസ്ലിയാരുടെ വൈജ്ഞാനിക ലോകം ശതക്കണക്കിന് ഫത് വാകളിൽ നിന്നും പർവത സമാനരായ ശിഷ്യ ഗണങ്ങളിൽ നിന്നും വായിച്ചെടുക്കാനാകുന്നതാണ്. ‘ഉസ്താദുൽ അസാതീദ് ‘ എന്ന വിശേഷണത്തിന് അർഹമാം വിധം കേരള ഉലമാഇന്റെ ഗുരു പരമ്പരയിലെ പ്രധാന കണ്ണിയാണ്. ഭൗതിക താത് പര്യങ്ങൾക്ക് വേണ്ടി താൻ പഠിച്ച സത്യങ്ങൾ അന്യന്റെ മുമ്പിൽ അടിയറ വെക്കാതെ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞു. കലുഷിത സാഹചര്യങ്ങളിലും കൃത്യമായ തീരുമാനങ്ങൾ എടുക്കലിലൂടെ മറ്റു ഉലമാക്കൾക്കിടയിൽ കുട്ട്യാമു മുസ്ലിയാർ വ്യതിരിക്തനാവുന്നു.
ഉലമാക്കൾക്കിടയിലെ സംവാദ പരിസരം
കേരളത്തിൽ കോലിളക്കം സൃഷ്ടിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും ശിഷ്യരും ഉയർത്തിയ ഐനുൽ ഖിബ്ല വിവാദം കുട്ട്യാമു മുസ്ലിയാരുടെ തന്ത്രപരമായ ഇടപെടൽ മൂലമാണ് കെട്ടടിങ്ങയത്. വെല്ലൂരിൽ നിന്നും പഠിച്ചെടുത്ത ലോഗരിതം വഴി ഗണിച്ചെടുത്ത ഖിബ്ല കോൺ (Qibla angle) പരീക്ഷണാടിസ്ഥാനത്തില് മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളുടെ ഖിബ്ലകൾ അവര് പരിശോധിക്കുകയുണ്ടായി. ഇതുവഴി അധിക പള്ളികളുടെയും ദിശ കൃത്യമല്ലെന്നവര് കണ്ടെത്തുകയും ചെയ്തു.ഇതേത്തുടര്ന്ന് രൂപംകൊണ്ട ചര്ച്ചകളും സംവാദങ്ങളുമാണ് ‘ഐനുല് ഖിബ്ല വിവാദ’മെന്ന പേരിലറിയപ്പെട്ടത്.ഇതുവഴി കേരളത്തിലെ പണ്ഡിതന്മാരെല്ലാം രണ്ട് ചേരികളായി തീര്ന്നു- ഐനുല് ഖിബ്ല വിഭാഗവും ജിഹത്തുല് ഖിബ്ല വിഭാഗവും. ഇതില് ഐനുല് ഖിബ്ല വിഭാഗത്തിലെ പ്രധാനിയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.ഈ ചര്ച്ചയുടെ ഫലമെന്നോണം കേരളത്തിനകത്ത് പലയിടങ്ങളിലായി സംവാദങ്ങളും തീപ്പൊരി ചര്ച്ചകളും അരങ്ങേറി. ഇതില് ഏറ്റവും പ്രാധാന്യമേറിയ രണ്ട് സംവാദങ്ങളായിരുന്നു പുളിക്കലിലെ സംവാദവും മാഹിയിലെ സംവാദവും. ഉസ്താദും ശിഷ്യനും രണ്ട് ചേരിയിൽ അണിനിരന്ന സംവാദമായിരുന്നു മാഹിയിൽ വെച്ച് നടന്നത്. സംവാദാവസാനം കുട്ട്യാമു മുസ്ലിയാര് ‘മലബാറിലെ മുസ്ലിംകള് അവരുടെ നാടിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞ് നിസ്കരിച്ചാല് അവരുടെ നിസ്കാരം ശരിയാണ്’ എന്നെഴുതി ഒരൊപ്പു ശേഖരണം നടത്തി. ഇതില് വളരെ കുറഞ്ഞവരൊഴികെ മറ്റെല്ലാ പണ്ഡിതരും തങ്ങളുടെ സമ്മതിദായകത രേഖപ്പെടുത്തുകയുണ്ടായി. ഇതോടെ ആ വിവാദം ഒരു പരിധി വരെ അവസാനിച്ചു.
രാഷ്ട്രീയ പരിസരം
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ഗതി നിർണ്ണയിച്ച സുപ്രധാന സംഭവമാണല്ലോ 1921 ലെ മലബാർ കലാപം. ഈ കാലഘട്ടത്തിൽ കുട്ട്യാമു മുസ്ലിയാരുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്. സർവ്വായുധ സജ്ജരായ ബ്രിട്ടീഷ് സൈന്യത്തിന് നേരെ നിരായുധരായ മാപ്പിള മക്കൾ സംഘടിതമായി കലാപത്തിനിറങ്ങുന്നത് വഴി വന്നേക്കാവുന്ന ഭീമാഘാതം തിരിച്ചറിഞ്ഞ കുട്ട്യാമു മുസ്ലിയാർ മുസ്ലിം പൊതു സമൂഹത്തെ കലാപ മുഖത്ത് നിന്നും മാറ്റി നിർത്താൻ ശ്രമിച്ചവരിൽ പ്രധാനിയാണ്. ഈ തലത്തിൽ നിന്നാണ് മാപ്പിള മക്കൾ ബ്രിട്ടീഷ് കാർക്കെതിരെ കലാപത്തിനിറങ്ങുന്നത് ആത്മഹത്യാ ശ്രമമാണെന്നും നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാനുളള ശ്രമവുമാണെന്ന കർമ്മ ശാസ്ത്ര ഫത്വാ പുറപ്പെടുവിക്കുന്നത് . നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കൽ ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ല എന്നവർ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കലാപത്തിനിറങ്ങാൻ പ്രേരിപ്പിക്കാനായി ആയത്തുകളും ഹദീഥുകളും ഉൾപ്പെടുത്തി ഖിലാഫത്ത് അനുകൂലികൾ ലഘുലേഖകൾ പുറത്തിറക്കിയപ്പോൾ വിഷയത്തിന്റെ നിജസ്ഥിതി വിവരിച്ച് എഴുതപ്പെട്ട ‘മഹ്ഖുല് കിലാഫത്തി അലസ്മില് ഖിലാഫ’ എന്ന രിസാല കുഞ്ഞൻ ബാവ മുസ്ലിയാരുടെയും കുട്ട്യാമു മുസ്ലിയാരുടെയും ആഹ്വാനത്തിന്റെ പ്രതിഫലനമാണ്. ഖിലാഫത്തിനേയും കോൺഗ്രസിനെയും രൂക്ഷമായി വിമർഷിച്ച ഈ പണ്ഡിത കേസരികളെ കലാപാനുകൂലികൾ കാഫിറും ഖാദിയാനികളുമായി ചിത്രീകരിച്ചു. ‘ലഖദ് ബാന ഫീ പൊന്നാനി ഖാദിയാനി ആമൂ വ കുഞ്ഞന്ബാവ കാഫിറാനി വകദാക പോക്കർ കെ.കെ നും കുട്ട്യാമു ഖദ് ശരിബുൽ ഘംറ കദാക്ക അമ്മൂ’ എന്ന കവിത തദ്വിഷയത്തെ സൂജിപ്പിക്കുന്നതാണ്.
മരണം
ഒരു പുരുഷായുസ്സ് മുഴുവനും വൈജ്ഞാനിക പ്രസരണത്തിനായി ചെലവഴിച്ച മഹാനവർകൾ ആ കാലഘട്ടത്തിലെ എല്ലാവരുടെയും ആശാ കേന്ദ്രമായിരുന്നു. കർമ്മശാസ്ത്ര വിഷയങ്ങളിൽ പണ്ഡിത പാമര വ്യത്യാസമന്യേ തങ്ങളെ അലട്ടുന്ന സർവ പ്രശ്നങ്ങൾക്കും പരിഹാരത്തിനായി കുട്ട്യാമു മുസ്ലിയാരെ സമീപിക്കാത്തവരായി ആരുമുണ്ടാകില്ല.നൂറ് കണക്കിന് ഫത് വാകളിൽ ചിലവ ഉലമാക്കൾക്കിടയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ധിഷണ കൊണ്ടും വൈജ്ഞാനിക മികവ് കൊണ്ടും സമകാലികാലികർക്കിടയിൽ ഏറെ ശ്രദ്ധേയനായ മഹാനരാണ് ഫത്ഹുൽ മുഈനിന് ബൃഹത്തായ തഅ്ലീഖിന്റെ ലോകം തുറന്ന് കൊടുത്തത് . ഇന്ന് സുലഭമായി ലഭിക്കുന്ന കരിങ്കപ്പാറ ഉസ്താദിന്റെയും നന്നമ്പ്ര സൈദാലി ഉസ്താദിന്റെയും ഫത്ഹുൽ മുഈനിന്റെ തഅ്ലീഖുകൾ കുട്ട്യാമു ഉസ്താദിന്റെ തഅ്ലീഖിന്റെ വികസിത രൂപങ്ങളാണത്രേ !ഹിജ്റ 1341 റജബ് 10 ന് കേരള ഇബ്നു ഹജർ എന്ന് പണ്ഡിത ലോകം വാഴ്ത്തിയ ആ മഹാ മനീഷി ബർസഖീ ലോകത്തേക്ക് യാത്രയായി .വെളിയങ്കോട് ഗ്രാമത്തിലെ വാസ്തു ചാരുത കൊണ്ട് ആകർഷണീയമായ തട്ടാങ്ങര പള്ളിയുടെ ചാരത്താണ് അവരുടെ ഖബ്ർ സ്ഥിതി ചെയ്യുന്നത്.