ചിതലരിക്കാത്ത ഓർമ്മകളാണ് ചിതറിയോടുന്ന നമുക്കിടയിലെ ശേഷിപ്പുകൾ .. ചലനങ്ങളും മൗനങ്ങളും ചങ്ങാത്തം കൂടിയ ഒരുപാട് നിമിഷങ്ങൾ ഇന്നും നമ്മെ ചലിപ്പിക്കുന്നുണ്ടെങ്കിലും ചില യാത്രകൾ എന്നും കണ്ണിനും ഖൽബിനും കുളിര് പകരുന്നവയാണ്.
കലാ-സംസ്കാര വിശുദ്ധിയുടെ നാടായ തൃശൂരിലൂടെയാണ് ഞങ്ങളുടെ കാറിപ്പോൾ പായുന്നത്… വാഹനത്തിൽ പ്രിയ ഉപ്പയും ഉമ്മയും കൂടെ രണ്ട് സഹോദരികളുമുണ്ട്. ലക്ഷ്യസ്ഥാനത്തെത്താനുള്ള ചീറിപ്പായലിലാണ് ഞങ്ങടെ സെലേറിയോ . പ്രിയ കൂട്ടുകാരി ഹുസ്നയുടെ നികാഹിന് സാന്നിധ്യമോതാനുള്ള പോക്കാണ് ..
വീടണഞ്ഞു , സന്തോഷ പങ്കിടലുകൾക്ക് ശേഷം കാർ ഒന്ന് ഡയറക്ഷൻ മാറ്റിപ്പിടിച്ചു. ‘ ചിമ്മണി ഡാം – 14 km ‘ എന്ന ബോർഡാണ് മുന്നിൽ തെളിഞ്ഞത്. മഹാമാരിയും ലോക് ഡൗണും യാത്രകൾക്ക് പ്രഖ്യാപിച്ച വലിയ ഇടവേളകൾക്കന്ത്യം കുറിച്ചതായി മനസ്സിൽ കുറിച്ചിട്ടപ്പോൾ കണ്ണുകൾ തിടുക്കം കൂട്ടിയത് ആനക്കൂട്ടം കാണാനായിരുന്നു. ആനക്കൂട്ടങ്ങളുടെ ആഗമനവും സല്ലാപവും ഇവിടുത്തെ പതിവു കാഴ്ചയാണെന്ന് കൂട്ടുകാരി പറഞ്ഞിരുന്നു. ഇടവും വലവും മുളങ്കൂട്ടങ്ങൾ നൃത്തം വെക്കുന്ന കാടും കാട്ടരുവിയും കളകളം പാടുന്ന കാട്ടാറും കാഴ്ചയെ തണുപ്പിച്ചെങ്കിലും എന്തോ അന്ന് ആനത്താരകൾ ശൂന്യമായിരുന്നു …
ഫോറസ്റ്റിലേക്കുള്ള ചെക്പോസ്റ്റ് മുതൽ ഹുസ്നുവിന്റെ കുടുംബാംഗമായ ജമാൽക ഞങ്ങൾക്ക് ഗൈഡായി ഉണ്ടായിരുന്നു. അതിശ്രീഘം പായുന്ന കാറിനിരുവശവും തലയുയർത്തി നിൽക്കുന്ന വടവൃക്ഷങ്ങൾ തണുപ്പേകി കൊണ്ടിരുന്നു … മുപ്പത്തിരണ്ടും പുറത്ത് ചാട്ണ ബഡാ ഹിറ്റുകൾ പൊട്ടിക്കുന്ന ഞങ്ങളുടെ വായക്ക് ഓറഞ്ചിൻ ഇല്ലികൾ ബ്രേക്കിട്ടു. ചിമ്മിനി ഡാമിന്റെ വെളള കെട്ടിലേക്ക് കാലുകൾ ഞങ്ങളെ നയിച്ചു , സവാരിക്കായി നിർത്തിയിട്ട കുട്ടവഞ്ചികൾ എന്നെ തെല്ലൊന്ന് ത്രസിപ്പിച്ചു , ടൂറിസ്റ്റുകളുടെ വരവ് ചുരുക്കമാണിവിടെ. ഈ ഡാമും അതിന്റെ ചുറ്റും ഇപ്പോൾ ഫോറസ്റ്റിന് കീഴിലാണെന്നും ടൂറിസത്തിന് വിട്ട് കൊടുത്തിട്ടില്ലെന്നും ഉപ്പ അറിയിച്ചു തന്നു … ചിത്രത്തിലെന്നപോലെ ഇലകൾ നിബിഡമായ വനപ്പാതകൾ ക്യാമറക്ലിക്കുകളിൽ വിസ്മയം തീർത്തു. മുറ്റത്ത് പൂക്കൾ വാരി വിതറിയ പോലെ ഇലകൾ വിഹായസ്സിൽ പരന്ന് പൂത്തിരി തെളിയിച്ചു… ഉയരങ്ങളെ തൊട്ടുരുമ്മുന്ന ഇവയുടെ വേരുകൾ എത്ര ആഴിയിലറങ്ങിയിട്ടുണ്ടാവും !?
ഡാമിലേക്ക് വെള്ളമെത്തുന്ന മാർഗവും അതിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്റ്റേഷനും അവയുടെ പ്രവർത്തനവും ഉപ്പ ഞങ്ങൾക്ക് വ്യക്തമാക്കി തന്നു. പലപ്പോഴായി കണ്ട ഒരു കമ്പി അത് എന്തിനാണെന്ന് ഇത് വരെ ചിന്തിച്ചിട്ടില്ലായിരുന്നു. അതിന്റെ ഉപയോഗമെന്തെന്ന് ചോദിച്ചപ്പോൾ കൈകൾ ഗൂഗിൾ ശൈഖിനെ തപ്പിയെടുത്തു സേർച്ച് ചെയ്തു. ‘rain guage’ ആണീ വിരുതൻ ! കാലാവസ്ഥ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണമാണ്. ആശ്ചര്യം തോന്നിപ്പിച്ച മറ്റൊരു സന്ദർഭം ഡാമിലെ വെളളമൊഴുകുന്നിടത്ത് കൂട്ടിയിട്ട വയലറ്റ് നിറത്തിലുള്ള പാറകളാണ്. ജലത്തിലെ ഇരുമ്പിന്റെ അംശമാണ് അവയുടെ നിറപ്പകർച്ചക്കു പിന്നിൽ.
തിരികെയുള്ള യാത്രയിലാണ് പേപ്പർ ബാഗ് ഫാക്ടറി ശ്രദ്ധയിൽ പെട്ടത്, അതോടൊപ്പം ഔഷദോധ്യാനവും . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പ്രതിഫലിപ്പിക്കുമാറ് മൂടും കുലുക്കി നടക്കുന്ന നോട്ടക്കാരനില്ലാതെ അലയുന്ന ഗോക്കളാണ് ഇപ്പോൾ ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ… ചിമ്മണിയോട് വിട ചൊല്ലുന്നേരം വിങ്ങലിന്റെ ചിമ്മണിപ്പുകകളാൽ മനസ്സ് നീറിയിരുന്നു. മടക്കയാത്രയിൽ ആത്മീയ വിശുദ്ധി പകരുന്ന ‘കാളിയാറോഡ് മഖാം’ സിയാറത്ത് ചെയ്തു; ദുആഇലലിഞ്ഞു …
സൈഡ് സീറ്റിലെ ഗ്ലാസിനെ തൊട്ടുമുത്തി കിന്നാരം ചൊല്ല്ണ പാലക്കാടൻ കാറ്റും ഉറങ്ങാതെ തീരം തഴുകി തലോട്ണ ഭാരതപ്പുഴയും കൂടെ താളത്തിൽ മദ്ഹുകൾ പാടി മദീനയെ മനസ്സിലാവാഹിക്കുന്ന ചങ്ങായിച്ചികളും ഉപദേശനിർദേശങ്ങൾ പകരുന്ന ഉപ്പയുമമ്മയും ആകെപ്പാടെ ഒരു “ഫുൾഫിൽ ഡേ” … എ ഹാപ്പി ഡേ എന്ന് ഡയറിയിൽ കുറിക്കുന്നതിന് പകരം റബ്ബിനോട് ഹംദും ശുക്റുമോതി കിടന്നു , ഉപ്പയും ഉമ്മയും നൽകിയ വലിയൊരു ഗിഫ്റ്റ് തന്നെയായിരുന്നു ഈ യാത്ര …