പഴയ കാല മലപ്പുറം മുസ്‌ലിംകളുടെ ഈറ്റില്ലം എന്നതിലപ്പുറം സുന്നത് ജമാഅത്തിന്റെ തന്നെ ഈറ്റില്ലമായിരുന്നു. പുത്തനാശയക്കാര്‍ക്കെതിരെ ഖണ്ഡന പ്രസംഗങ്ങള്‍ നടന്നിരുന്നതായി പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , റശീദുദ്ധീന്‍ മൂസ മുസ്ലിയാര്‍, ഏഴിമല ഉസ്താദ് തുടങ്ങിയവരൊക്കെ അന്ന് വന്നിരുന്നതായി എന്റെ പിതാവില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ കാലത്തു അങ്ങനെ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മദ്രസയില്‍ പഠിക്കുന്ന കാലത്തു നൂരിഷാ ത്വരീഖത്തിന്റെ വലിയൊരു സമ്മേളനം നൂറാടി പുഴയിലെ മണല്‍തിട്ടയില്‍ വെച്ച് നടന്നുവെങ്കിലും സുന്നീ പക്ഷത്തു നിന്ന് ഒരു ചലനവും ഉണ്ടായില്ല. പിന്നീട് കുറച്ച് കഴിഞ്ഞ് പുത്തനാശയക്കാര്‍ അവിടെ പെരുത്ത് വന്നു. അവിടെയുള്ള പ്രമാണിമാരില്‍ നല്ലൊരു പക്ഷവും ഒന്നുകില്‍ ജമാഅത്തെ ഇസ്ലാമി, കുറച്ച മുജാഹിദ്, അല്ലെങ്കില്‍ ത്വരീഖത്ത്.. ഇങ്ങനെ ആയിരുന്നു അവസ്ഥ. സുന്നത്ത് ജമാഅത്തിന്റെ ഒരു സമ്മേളനമോ അല്ലെങ്കില്‍ ഒരു പരിപാടി പോലുമോ നടന്നിരുന്നില്ല. നമ്മുടേത് എന്ന് പറയാവുന്ന ഒന്ന് മൈലപ്പുറത്തു നടന്നിരുന്ന ഒരു ദര്‍സ് ആയിരുന്നു. പിന്നീട് അതും ശോഷിച്ചു. പിന്നീട് അക്കാര്യങ്ങള്‍ക്കൊന്നും നേതൃത്വം കൊടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആലത്തൂര്‍പടിയില്‍ പണ്ട് വലിയ ദര്‍സ് ഉണ്ടായിരുന്നു. അപ്പോഴും സുന്നത് ജമാത്തിന് ഇസ്സത് ഉണ്ടാകുന്ന ഒരു സംഗതിയും നടക്കാറില്ല. കാരണം അന്നൊന്നും ആലിമീങ്ങള്‍ക്ക് ഒരുമിച്ചു കൂടാനുള്ള ഒരു കേന്ദ്രം ഉണ്ടായിരുന്നില്ല. ജുമുഅക്ക് ഒരു സുന്നത്ത് ജമാഅത്തിന്റെ പള്ളി കിട്ടണമെങ്കില്‍ ഒന്നുകില്‍ മൈലപ്പുറത്ത് വരണം, അല്ലെങ്കില്‍ മഞ്ചേരി റൂട്ടില്‍ കുന്നുമ്മല്‍ പഴയ വലിയ പള്ളിയിലെത്തണം. അല്ലെങ്കില്‍ കോഴിക്കോട് റൂട്ടിലെ ചെത്തുപാലം പള്ളിയില്‍ വരണം. ടൗണിലെ പള്ളി എന്ന് പറയാവുന്ന സ്‌കൂള്‍ പള്ളി പൂര്‍ണമായും ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലായിരുന്നു. സുന്നികളായ കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകളൊക്കെ ജുമുഅക്ക് പ്രധാനമായും അവിടെയായിരുന്നു പോയിരുന്നത്. ഇന്നത്തെ നമ്മുടെ പള്ളി അന്നൊരു നിസ്‌കാര പള്ളി മാത്രമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നമുക്കൊന്നും മലപ്പുറത്തെ പറ്റി ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കുറഞ്ഞ കാലം കൊണ്ട് സുന്നത്ത് ജമാഅത്തിനു മലപ്പുറം പാടെ നഷ്ട്ടപെടുമെന്ന സാഹചര്യം.
പ്രമാണിയായ കിളിയമണ്ണില്‍ മൊയ്തു ഹാജി സുന്നി പക്ഷത്തു ഉറച്ചു നിന്ന ഒരാളായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹവും നൂരിഷാ ത്വരീഖത്തില്‍ പെട്ടു പോയി. പിന്നീട് അതിനെല്ലാം ഒരു മാറ്റം വന്നതും മലപ്പുറം നമ്മുടെ ഒരു കേന്ദ്രമായി മാറിയതും ഖലീല്‍ തങ്ങളുടെ സാന്നിധ്യത്തോടെയാണ് എന്ന് പറയാം. അന്നൊന്നും മഅദിന്‍ നിലവില്‍ വന്നിട്ടില്ല. കോണോംപാറ മുദരിസായിരിക്കെ തന്നെ തങ്ങള്‍ സ്വലാത്തും മറ്റും സംഘടിപ്പിച്ചു. അതൊരു വലിയ ആശ്വാസമായി. പിന്നീട് ഖലീല്‍ തങ്ങള്‍ക്കു കോണോംപാറ വിടേണ്ട സാഹചര്യമുണ്ടായി. കോട്ടപ്പടി പള്ളിയില്‍ ദര്‍സ് തുടങ്ങിയാലോ എന്ന് ഞങ്ങള്‍ കുറച്ചാളുകള്‍ക്കു അഭിപ്രായമുണ്ടായിരുന്നു. പക്ഷെ വലിയൊരു ദര്‍സിനുള്ള സ്ഥല സൗകര്യം ഉണ്ടായിരുന്നില്ല. കൊണ്ടോട്ടിയിലെ മസ്ജിദ് ഫത്ഹിലേക്കു കൊണ്ടുപോയാലോ എന്ന് കാന്തപുരം എപി ഉസ്താദ് അഭിപ്രായപ്പെട്ടു. എന്നാല്‍ വിദേശി വിദ്യാര്‍ത്ഥികളെ പോലെ വളരെ ചിട്ടയില്‍ ദര്‍സില്‍ വന്നിരുന്ന നാട്ടുകാരായ വിദ്യാര്‍ത്ഥികളെ വിട്ടു പോകുന്നതില്‍ തങ്ങള്‍ക്കു പ്രയാസമുണ്ടായിരുന്നു. തങ്ങള്‍ മലപ്പുറം വിട്ടു പോകുന്നതില്‍ ഞങ്ങള്‍ക്കും പ്രയാസമായിരുന്നു. എല്ലാ മാസവും നടക്കുന്ന ഒരു സമ്മേളനമായി സ്വലാത്ത് മജ്‌ലിസ് മാറിയത് അവിടെ സുന്നത് ജമാഅത്തിന്റെ ഇസ്സത് വര്‍ധിക്കാന്‍ കാരണമായി മാറി. അതോടെ വഹാബികളൊക്കെ ഒതുങ്ങിപ്പോയി.ഇന്നും അതില്‍ നിന്നും അവര്‍ക്കു പൊന്താന്‍ കഴിഞ്ഞിട്ടില്ല.
കോണോംപാറയില്‍ നിന്നും ദര്‍സ് വിടേണ്ടി വന്ന ആ ദിവസം, ഏകദേശം രാത്രി രണ്ടു മണിക്ക്, വേങ്ങരക്കടുത്തുള്ള അച്ചനമ്പലത്തുള്ള ഒരു പരിപാടി കഴിഞ്ഞു മടങ്ങി വരും വഴി തങ്ങള്‍ കുഞ്ഞാപ്പു ഹാജിയും മാനുപ്പ ഹാജിയുമൊത്തു ചെമ്മാടുള്ള ദര്‍സിലെ എന്റെ റൂമില്‍ വരികയും, നൂറിലേറെയുള്ള തങ്ങളുടെ വിദ്യാര്‍ത്ഥികളുമായി എവിടെ ദര്‍സ് തുടങ്ങും എന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു. അപ്പോള്‍, കുഞ്ഞാപ്പു ഹാജിയുടെ ചെറിയ ആ പള്ളിയില്‍ ദര്‍സ് തുടങ്ങാമെന്ന് ഞാന്‍ അഭിപ്രായം പറഞ്ഞു. പക്ഷെ നൂറിലധികമുള്ള ഈ കുട്ടികള്‍ക്ക് താമസിക്കാനുള്ള സ്ഥലം ഇല്ലെന്നും അതിനേക്കാളുപരി ഇത്രയധികം കുട്ടികള്‍ക്കുള്ള ഭക്ഷണം സംഘടിപ്പിക്കുന്ന കാര്യത്തിലും കുഞ്ഞാപ്പു ഹാജി ആശങ്കപ്പെട്ടപ്പോള്‍, നിലവില്‍ കുട്ടികള്‍ ഭക്ഷണത്തിനു പോകുന്നിടത്തു തന്നെ പോകട്ടെ, ഇവിടേയ്ക്ക് വരേണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ മാത്രം അവര്‍ക്കു പുതിയ സംവിധാനം കാണാം ദര്‍സ് ഇവിടെത്തന്നെ ആയിക്കോട്ടെ, അതുപോലെ വളരെ ദൂരത്തേക്ക് പോകുന്നവരുണ്ടെങ്കില്‍ ഒരു ബസ് സംഘടിപ്പിക്കാമെന്നും ഞാന്‍ പറഞ്ഞു. സ്ഥല സൗകര്യം ഉണ്ടാക്കാന്‍, അവിടെയുള്ള ഹൗളിന്റെ ഭാഗവും അതുപോലെ മുകളിലേക്ക് ഷീറ്റ് കെട്ടി മറച്ചും സംവിധാനിക്കാം. എന്നിട്ടും ബുദ്ധിമുട്ടാണെങ്കില്‍ ഒരു ഷെഡ് കെട്ടുകയും ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാകാമെന്നു വെച്ചു. ആ ദര്‍സ് അവിടുന്ന് പോയാല്‍ മലപ്പുറത്തിന്റെ മാറിവന്ന ആ ചിത്രം നഷ്ടമാവുകയും പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. അതുണ്ടാവാന്‍ പാടില്ല. അങ്ങനെ പിറ്റേന്ന് തന്നെ മാനുപ്പ ഹാജി എറണാകുളത്തു പോയി ഷീറ്റു കൊണ്ടു വന്നു, ഷെഡ്ഡ് കെട്ടി. ദര്‍സ് ഉദ്ഘാടനത്തിനു ഒ.കെ ഉസ്താദിനെ കൊണ്ട് വന്നു. തങ്ങളുടെ ഉസ്താദ് ബീരാന്‍കോയ മുസ്‌ലിയാരും ഉണ്ടായിരുന്നു, പിന്നെ സ്വലാത്ത് ഇവിടെ ആരംഭിച്ചു. താജുല്‍ ഉലമ വന്നു. പേരോട് പ്രസംഗിച്ചു. ആ തുടക്കം തന്നെ ഗംഭീരമായിരുന്നു.! വളരെയേറെ ജനങ്ങള്‍ ഒത്തുകൂടിയ സദസ്സായിരുന്നു അന്ന്. അതുകൊണ്ട് ഇന്ന് മലപ്പുറത്തുള്ള അവാന്തര ചിന്തകളൊക്കെ നിഷ്പ്രഭമായി. ജമാഅത്ത്, മുജാഹിദ് അടക്കമുള്ളവരുടെ കുട്ടികള്‍ പോലും ഇന്ന് മഅദിനില്‍ പഠിക്കുന്നുണ്ട്. അവരുടെ സ്ഥാപനങ്ങളുടെയെല്ലാം വളര്‍ച്ച മുരടിച്ചു. പിന്നീട്, മഅ്ദിന്‍ ബഹുമുഖ പദ്ധതികളോടെ വന്നപ്പോള്‍ അവര്‍ക്കാര്‍ക്കും എത്തിപ്പിടിക്കാനോ, സ്വപ്‌നം പോലും കാണാന്‍ കഴിയാത്തിടത്തേക്ക് മഅ്ദിന്‍ ഉയര്‍ന്നു. അങ്ങനെ മഅ്ദിന്റെ വരവ് സുന്നത്തു ജമാത്തിനു വലിയൊരു ഇസ്സത് മലപ്പുറത്ത് ഉണ്ടാക്കി.