മലപ്പുറത്തിന് അതിന്റെ തനതായ പാരമ്പര്യവും സ്വത്വവും തിരിച്ചു തന്ന സ്ഥാപനമാണ് മഅ്ദിന്‍. വിദ്യാഭ്യാസപരമായും ആശയപരമായും ഏറ്റവും കൂടുതല്‍ പാമരത്തം നേരിട്ടിരുന്ന എണ്‍പതുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്. മുസ്ലിം തലസ്ഥാനം എന്നറിയപ്പെടുന്ന മലപ്പുറത്ത് സത്യസന്ധമായി ഇസ്ലാം പറയാന്‍ പറ്റിയ സ്ഥലങ്ങളുണ്ടായിരുന്നില്ല എന്നതാണ് സത്യം. പുത്തന്‍വാദികളുടെ കടന്നു കയറ്റവും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും എല്ലാം കൂടെ ഒരു തരം അരാഷ്ട്രീയതയില്‍ നില്‍ക്കുന്ന സമയത്താണ് ഒരു നിയോഗം പോലെ മഅ്ദിനിന്റെ പിറവി. 1982ലാണ് വിനീതന്‍ എസ്.എസ്.എഫിന്റെ പ്രവര്‍ത്തകനാകുന്നത്. അന്ന് മലപ്പുറത്ത് കാര്യമായി പ്രവര്‍ത്തിക്കാനുള്ള ഒരു സാഹചര്യവുമില്ല. മലപ്പുറത്ത് എസ്.എസ്.എഫിന്റെ സംസ്ഥാന ഓഫീസ് ഉണ്ട് എന്നതിനപ്പുറം കാര്യമായി നാട്ടിലിറങ്ങി പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരിടം പോലും ഉണ്ടായിരുന്നില്ല. വിനീതന്‍ എസ്.എസ്.എഫ് സ്റ്റേറ്റ് ഓഫീസിലെ നിത്യ സന്ദര്‍ശകനായിരുന്നു. 1982ല്‍ ഞങ്ങളുടെ നാട്ടില്‍ എസ്.എസ്.എഫ് രൂപീകരിക്കപ്പെടുകയും ഈ വിനീതന്‍ അതിന്റെ പ്രസിഡണ്ടാവുകയും ചെയ്തു.അതു വരെ സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
1984-86കാലഘട്ടമാകുമ്പോഴേക്കും വിനീതന്‍ എസ്.എസ്.എഫ് പെരിന്തല്‍മണ്ണ താലുക്കിന്റെ സെക്രട്ടറിയായിരുന്നു. അതുകൊണ്ടു തന്നെ സംഘടനാ രംഗത്തുള്ള നേതാക്കളുമായും പണ്ഡിതരുമായുമെല്ലാം അന്നു തന്നെ നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ചു. അന്നെല്ലാം ഇ.കെ.ഹസ്സന്‍ മുസ്ല്യാരുടെയും അണ്ടോണ ഉസ്താദിന്റെയുമെല്ലാം പരിപാടികള്‍ എവിടെയുണ്ടെങ്കിലും പോകുമായിരുന്നു. 1983ലെ മലപ്പുറം സുന്നി സമ്മേളനത്തില്‍ വിനീതന്‍ വളണ്ടിയറായിരുന്നു. ഇങ്ങെനെയെല്ലാം സംഘടനാ രംഘത്ത് സജീവമായിരുന്നെങ്കിലും മലപ്പുറത്ത് സംഘടനയുടേത് എന്നു പറഞ്ഞ് എടുത്തു കാണിക്കാന്‍ പറ്റിയ ഒന്നുമുണ്ടായിരുന്നില്ല. നാടിനെ കൈപിടിച്ചുയര്‍ത്താനും ജീവവായു നല്‍കുവാനും ഞങ്ങള്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും വേണ്ടത്ര ഫലം കണ്ടില്ല. പ്രധാനമായും മൂന്ന് സ്ഥാപനങ്ങളാണ് അന്ന് മലപ്പുറത്ത് ഉണ്ടായിരുന്നത്. സുന്നീ വിദ്യാര്‍ഥികള്‍ക്ക് വിദ്യനുകരാന്‍ പറ്റിയ ഒരു സ്ഥാപനവും മലപ്പുറത്ത് ഉണ്ടായിരുന്നില്ല. നമുക്കൊരു സ്ഥാപനം തുടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചര്‍ച്ചചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ മലപ്പുറത്തൊരു അര്‍ട്‌സ് കോളേജും തുടങ്ങി. കോട്ടപ്പടി തുടങ്ങിയ ആ സ്ഥാപനം കുട്ടികളുടെ അപര്യാപ്തത മൂലം വിജയിച്ചില്ല. അതിനുമപ്പുറം, സാമ്പത്തികമായി പിന്തുണ നല്‍കാന്‍ പറ്റിയ ഒരാളും അന്ന് സപ്പോട്ടുണ്ടായിരുന്നില്ല എന്നതാണ്. തുടര്‍ന്ന് എസ്.വൈ.എസിന്റെ നാല്പതാം വര്‍ഷികം നടക്കുമ്പോള്‍ സ്വാഗത സംഘത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു വിനീതന്‍. അന്നൊന്നും ഒരു പരിപാടി നടത്താന്‍ പോലും ഇവിടെ ആളെ കിട്ടുമായിരുന്നില്ല. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ത്ഥ വിദ്യാഭ്യാസം നല്‍കാന്‍ ഒരു സ്ഥാപനമില്ലാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ ഇസ്ലാമിയ്യ സെന്ററല്‍ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്.
എല്‍.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട് വരേ ക്ലാസുകളുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഇസ്ലാമിക ക്ലാസും ഞങ്ങള്‍ നല്‍കിയിരുന്നു. ഇതിലൂടെ ഞങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ട് കിട്ടി. മലപ്പുറത്തുള്ള പലസമ്പന്നരുടെ മക്കളും അവിടെ പഠിക്കാനെത്തി. പൊന്മള ഉസ്താദ് പ്രസിഡന്റും വിനീതന്‍ സെക്രട്ടറിയും മാനുപ്പഹാജി ട്രഷററുമായിട്ടുള്ള കമ്മിറ്റിയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ സംജാതമായി. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ പാണക്കാട് സ്ഥലവും സ്ഥാപനവും തരപ്പെടുത്തി തന്നു. അങ്ങെനെ അവിടെ ഞങ്ങള്‍ തുടങ്ങിയ സ്ഥാപനത്തില്‍ ക്ലാസ് നാലാം തരം വരേയാക്കി. നാലാംക്ലാസ് വരേ പ്രൈവറ്റ് സ്റ്റെഡി പറ്റൂ എന്നൊരു നിയമം അന്നുണ്ടായിരുന്നു. നാലാം ക്ലാസ് കാഴിഞ്ഞാല്‍ പിന്നെ സ്‌കൂളിലേക്ക് പരീക്ഷ എഴുതി വിടലാണ് പതിവ്. വിണ്ടും പ്രതിസന്ധികള്‍ മുളപൊട്ടി തുടങ്ങി. പ്രതിസന്ധി ശക്തമായി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഖലീല്‍ തങ്ങളുസ്താദവര്‍കളെ സമീപിച്ചു. ഉസ്താദവര്‍കള്‍ മുമ്പില്‍ നില്‍ക്കുകയാണെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെല്ലാവരും തയ്യാറാണെന്ന് പറഞ്ഞു. ആദ്യം ഉസ്താദ് സമ്മതം മൂളിയില്ലെങ്കിലും പിന്നീട് അവര്‍ സമ്മതം പറഞ്ഞു. പി.എം.കെ ഫൈസിയും ഹുസൈന്‍ രണ്ടത്താണിയും ഞാനുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു അക്കാഡമിക്ക് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് മഅ്ദിന്‍ പബ്ലിക്ക് സ്‌കൂള്‍ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് മഅ്ദിന്‍ പബ്ലിക്ക് സ്‌കൂള്‍ പിറവിയെടുക്കുന്നത്. മഹാനായ സയ്യിദവര്‍കളുടെ മഹത്തായ നേതൃത്വത്തനു കീഴില്‍ ആ സ്ഥാപനം തഴച്ചു വളര്‍ന്നു. ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അന്ന് ഞങ്ങള്‍ മലപ്പുറത്തിന്റെ സ്വത്വം വീണ്ടെടുക്കാന്‍ സാധിക്കില്ല എന്നു കരുതിയ പലതിലും മലപ്പുറം പൂര്‍വ്വോപരി ശക്തിയോടെ മുന്നോട്ട് വന്നിരിക്കുന്നു. മലപ്പുറത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ഭൂപടം വരക്കുമ്പോള്‍ മഅ്ദിന്‍ എന്ന സ്ഥാപനത്തിന് വലിയൊരിടം നല്‍കാതെ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്. പുത്തന്‍വാദികളുടെ കടന്നു കയറ്റം കൊണ്ടും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കൊണ്ടും നടുവൊടിഞ്ഞ ഒരു സമൂഹത്തിന് നേരെ നില്‍ക്കാനും സ്വതവീണ്ടെടുപ്പു നടത്താനും അവസരം നല്‍കിയത് മഅ്ദിനാണ്. എന്താണ് മഅ്ദിന്‍ എന്നു മനസ്സിലാക്കണമെങ്കില്‍ മഅ്ദിനില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു മലപ്പുറം എന്ന് ചിന്തിച്ചാല്‍ മതിയെന്ന് ഞാന്‍ പ്രവര്‍ത്തകരോട് പറയാറുണ്ട്. അതുകൊണ്ടു തന്നെ മഅദിന്‍ വിദ്യാഭ്യാസ വിപ്ലവം തീര്‍ത്തപ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടി.