ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളും വിവിധ രംഗങ്ങളില്‍ ആ പ്രസ്ഥാനം എത്തിപ്പിടിച്ച നേട്ടങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് ഞാന്‍. 2009ല്‍ നടന്ന എന്‍കൗമിയം സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചരിത്ര സെഷനില്‍ സംബന്ധിക്കാനാണ് ആദ്യമായി ഞാന്‍ മഅ്ദിന്‍ കാമ്പസിലെത്തുന്നതും ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയെ പരിചയപ്പെടുന്നതും. ഈ ബന്ധം എന്റെ ജീവിതത്തില്‍ ഒരുപാട് നന്മകള്‍ക്കും നേട്ടങ്ങള്‍ക്കും കാരണമായി.
മഅ്ദിന്‍ അക്കാദമിയുടെ അന്താരാഷ്ട്ര പഠന വിഭാഗത്തില്‍ സഹകരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ സന്തോഷ പൂര്‍വ്വം അത് ഏറ്റെടുക്കുകയായിരുന്നു. മലേഷ്യയുള്‍പ്പെടെയുള്ള സര്‍വ്വകലാശാലകളുമായും മറ്റും സഹകരിച്ചു കൊണ്ട് മഅ്ദിന്‍ നടത്തി വരുന്ന അന്താരാഷ്ട്ര വേദികളില്‍ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നതിന് സാധിച്ചു. ഒരു സര്‍വ്വകലാശാലയല്ലാതിരുന്നിട്ടും വിവിധ സര്‍ക്കാറുകളും അന്താരാഷ്ട്ര സര്‍വ്വകലാശാലകളും മഅ്ദിന്‍ അക്കാദമിയുടെ വിവിധ പ്രൊജക്ടുകളെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നത് അത്ഭുതത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.
പാരമ്പര്യത്തിലുറച്ചു നിന്ന്, ഭാവിയിലേക്കുള്ള ഉന്നതമായ ലക്ഷ്യങ്ങളും വര്‍ത്തമാന സമൂഹത്തോടുള്ള ഹൃദയ ബന്ധവുമാണ് സയ്യിദ് ബുഖാരി തങ്ങളുടെ വഴികള്‍ എളുപ്പമാക്കിയതെന്ന് എനിക്കു തോന്നുന്നു. പോസിറ്റീവായി ചിന്തിക്കാനും വിവാദങ്ങളില്‍ നിന്നും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും മാറി നില്‍ക്കാനും അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെയും സ്നേഹ ജനങ്ങളെയും ഉപദേശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇക്കാലത്ത് പൊതു പ്രവര്‍ത്തകര്‍ക്കു വേണ്ട ഉന്നതമായ സ്വഭാവ വിശേഷമാണിത്.
മലപ്പുറം ജില്ല സുവര്‍ണ ജൂബിലിയിലേക്ക് കടക്കുകയാണ്. ജില്ലയുടെ വികസന ചരിത്രമെഴുതുമ്പോള്‍ മഅ്ദിന്‍ അക്കാദമിക്ക് അനിഷേധ്യ സ്ഥാനമുണ്ടാവും. ഏറെ പിന്നാക്കമായിരുന്ന ജില്ലയിലേക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികളും മഅ്ദിന്‍ കൊണ്ടു വന്നു. ആറ് അന്താരാഷ്ട്ര ഭാഷകള്‍ പഠിക്കാനുളള സൗകര്യം സംസ്ഥാനത്ത് ഒരു കാമ്പസിലുണ്ടെങ്കില്‍ അത് മഅ്ദിന്‍ അക്കാദമിയില്‍ മാത്രമാണ്. ഈയടുത്ത് നടന്ന ഒരു ചര്‍ച്ചയില്‍, ഏറ്റവും ആധുനികമായ ഡ്രോണ്‍ ടെക്നോളജി കോഴ്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകളുമൊക്കെ നടപ്പിലാക്കുന്നതിനെപ്പറ്റി തങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. പുതുമകളുടെ പ്രകാശനമാണ് ഇവയിലൂടെ കാണുന്നത്. മത സൗഹാര്‍ദ്ദത്തിനും ഒരുമക്കും പേരു കേട്ട മലപ്പുറത്തിന്റെ നന്മകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ ഖലീല്‍ തങ്ങള്‍ക്ക് സാധിച്ചത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.