No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

നാളെയെ നിര്‍മിക്കാന്‍ നായകനൊപ്പം

നാളെയെ നിര്‍മിക്കാന്‍ നായകനൊപ്പം
in Interview
December 30, 2018
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി- ഉമര്‍ മേല്‍മുറി

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി- ഉമര്‍ മേല്‍മുറി

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി - കടലുണ്ടി സാദാത്ത് കുടുംബത്തില്‍ നിന്നും സമൂഹത്തിനു ലഭിച്ച മഹാഭാഗ്യം. സംസ്‌കാരങ്ങള്‍ കരയ്ക്കണിഞ്ഞ ചാലിയത്തിന്റെ പൈതൃകവും കടലുണ്ടിയുടെ ത്യാഗബോധവും ആദി സയ്യിദ് കുടുംബത്തിന്റെ ഒാര്‍മകൡരമ്പുന്ന വളപട്ടണത്തിന്റെ പ്രൗഢിയും ധര്‍മത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതങ്ങളുടെ മലപ്പുറം നന്മയും എല്ലാം ഇൗ മുത്ത്‌നബി പൗത്രനിലൂടെ സമൂഹം അനുഭവിക്കുന്നു. പാകം വന്ന പാണ്ഡിത്യത്തിന്റെ ഉരക്കല്ലില്‍ രാകിയെടുത്ത ധിഷണയും കാരുണ്യത്തിന്റെ അലിവില്‍ നിന്നുയിരെടുത്ത കര്‍മവും ഖലീല്‍ തങ്ങളുടെ വഴികളെ അതുല്യമാക്കി. പുതിയ കാലത്തിന്റെ ഭാഷയില്‍ അദ്ദേഹം പുത്തന്‍ തലമുറയുമായി സംവദിച്ചു. അനുഗ്രഹം ചെയ്ത ഇന്നലെകളുടെ അനുഭവങ്ങളെ ഭാവിയിലേക്കുള്ള ഉൗര്‍ജമാക്കി അദ്ദേഹം മഅ്ദിന്‍ അക്കാദമിക്ക് ഉൗടും പാവും നെയ്തു. പൂര്‍വ്വ സൂരികൡ നിന്നു പകര്‍ന്നു കിട്ടിയ ജ്ഞാന ബോധത്തിന്റെ അടിത്തറയില്‍, മാറ്റത്തിന്റെ ഉണര്‍ത്തു പാട്ടുമായി അദ്ദേഹം ജനമനസ്സുകൡലേക്ക് യാത്ര ചെയ്തു. ഇവയുടെ ചുവടൊപ്പിച്ച് ഭൂഖണ്ഡങ്ങള്‍ താണ്ടി നടത്തിയ യാത്രകളാണ് ഖലീല്‍ തങ്ങളെ സമകാലിക പണ്ഡിതരില്‍ നിന്നും വ്യത്യസ്തനാക്കിയത്. അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ വേദികൡ പാരമ്പര്യ ഇസ്‌ലാമിന്റെ തിളങ്ങുന്ന മുഖമാണ് ഖലീല്‍ തങ്ങള്‍. ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തു നടന്ന യു.എന്‍ അലയന്‍സ് ഗ്ലോബല്‍ ഫോറത്തിലും ആസ്‌ട്രേലിയയിലും തുര്‍ക്കിയിലും ജര്‍മനിയിലും ചൈനയിലുമെല്ലാം നടന്ന ജി 20 ഉച്ചകോടികൡലും കൊറിയന്‍ സമാധാന സമ്മിറ്റിലുമെല്ലാം മുസ്‌ലിം പണ്ഡിത പ്രതിനിധിയായി അദ്ദേഹം സംബന്ധിച്ചു. ഖലീല്‍ തങ്ങളുടെ പര്യായമെന്ന പോലെ സ്വലാത്ത് നഗര്‍. മുത്ത്‌നബി സ്‌നേഹത്തിന്റെ അനശ്വരവീചികൡ ഒരു നാടും അതിലേക്കൊഴുകിയെത്തിയ വിശ്വാസ സാഗരവും ലോകശ്രദ്ധയാകര്‍ഷിച്ചു. വന്‍കരകളും മഹാസമുദ്രങ്ങളും താണ്ടി ഇൗ ശാന്തിതീരത്ത് അവരണഞ്ഞു. അവിടെ ആശ്വാസവും പ്രതീക്ഷയുമായി ഖലീല്‍ തങ്ങള്‍ മുന്നില്‍ നിന്നു. പണ്ഡിത സൂരികളും സാദാത്തുക്കളും അനുഗ്രഹവുമായി കൂടെ വന്നു. ഉസ്താദുല്‍ അസാതീദിന്റെ തിരുകരങ്ങളാല്‍ ശിലയിട്ട മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗറിന്റെ തിളങ്ങുന്ന മുഖമായി. അലസതയല്ല, അഭ്യുന്നതിയാണ് ആത്മീയതയെന്ന് അദ്ദേഹം തെൡയിച്ചു. മതത്തിന്റെ ലേബലൊട്ടിച്ച ഭീകരതകളെ മുന്നില്‍ നിന്നെതിര്‍ത്ത അദ്ദേഹം അതിന്റെ വ്യാപനത്തിനെതിരെ ജനസഹസ്രങ്ങളെ ഒന്നിച്ചു നിര്‍ത്തി. സ്വലാത്ത് നഗറിലെ ഭീകരവിരുദ്ധ പ്രതിജ്ഞ മുസ്‌ലിം ലോകത്തിനു തന്നെ മാതൃകയായി. വൈസനിയം സമാപന മഹാ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ അല്‍ ഉസ്താദ് ഉറവയോട് സംസാരിച്ചു.

Share on FacebookShare on TwitterShare on WhatsApp

മഅ്ദിന്‍ വാര്‍ഷികത്തിന് പേര് വിദേശ ഭാഷയില്‍ നിന്ന്, മൂന്ന് വര്‍ഷം നീണ്ട പരിപാടികള്‍, വാഴകൃഷി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍. ഇതൊക്കെ കാണുമ്പോള്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നിര്‍ദ്ദേശ പ്രകാരം നടക്കുന്ന ഒരു പരിപാടിയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവുമോ?

2014-ലാണ് ഇരുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ആണ്ടറുതി അറിയിക്കാനുള്ള പരിപാടി മാത്രമാവരുതെന്നും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അതു വഴി സമൂഹത്തിന്റെയും ജീവിതത്തിലും വീക്ഷണങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നതാവണമെന്നും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ആയിടെ, പരപ്പനങ്ങാടിയിലെ ഖലീല്‍ മത്സ്യ ബന്ധന ബോട്ടിന്റെ ഉടമ സലീം എന്നെ ഒരു കടല്‍ യാത്രക്കായി ക്ഷണിച്ചു. അവരുടെ ബോട്ടില്‍ ഒരു ദിവസം മുഴുവന്‍ ചിലവഴിക്കണമെന്നും ദുആ ചെയ്തു തരണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. മഅ്ദിനിലെ പ്രധാന ഉസ്താദുമാര്‍, ഓഫീസേഴ്‌സ്, അടുത്ത ചില സുഹൃത്തുക്കള്‍ എന്നിവരൊന്നിച്ച് പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ കടലില്‍ ചിലവഴിച്ചു. പ്രശാന്തമായ ഉള്‍ക്കടലില്‍ സലീമും സുഹൃത്തുക്കളും വലയെറിയുമ്പോള്‍ ഞങ്ങള്‍ ഇരുപതാം വാര്‍ഷികവുമായുള്ള ചര്‍ച്ചകളിലേക്കു കടന്നു. സാമ്പ്രദായികമായ വാര്‍ഷിക പരിപാടികളില്‍ നിന്നും മാറി രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായൊരു പദ്ധതിയായി ഇതിനെ കാണണമെന്ന നിര്‍ദ്ദേശത്തെ എല്ലാവരും ഉള്‍ക്കൊണ്ടു.
2014 സെപ്തംബര്‍ 9ന് ലണ്ടനില്‍ വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഇരുപതാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചത്. കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഇസ്‌ലാമിക് മാന്യുസ്‌ക്രിപ്റ്റ് കോണ്‍ഫറന്‍സിനും മഅ്ദിന്‍ അംഗീകാരത്തോടെ യു.കെ യില്‍ നടന്നിരുന്ന ഹോം സയന്‍സ് കോഴ്‌സ് ബിരുദ ദാനത്തിനും എത്തിയതായിരുന്നു ഞങ്ങള്‍.
ചിന്തയിലും പ്രവര്‍ത്തനങ്ങളിലും നമ്മുടെ പരിമിത വൃത്തത്തിനകത്തു നിന്നും പുറത്തു കടക്കാനുള്ള വഴിയാണ് വിദേശ ഭാഷകള്‍ അറിയുകയെന്നത്. വിദേശ ഭാഷാ പഠന കേന്ദ്രം മഅ്ദിന്‍ അക്കാദമിയുടെ പ്രധാനപ്പെട്ട സംരംഭമായതും ഈ ആലോചനയില്‍ നിന്നാണ്. ഈയൊരു ചിന്തയെയും അന്വേഷണ ത്വരയെയും പ്രചോദിപ്പിക്കുന്നൊരു നാമം വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഇരുപത് എന്നര്‍ത്ഥമുള്ള വൈസനിയം എന്ന ലാറ്റിന്‍ പദം തിരഞ്ഞെടുക്കുന്നത്. പേരു പോലെ വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും പരിപാടികളുടെ ആസൂത്രണത്തിലും പുതുമയും പ്രായോഗികതയും കൊണ്ടു വരാന്‍ ശ്രമിച്ചു. നമ്മുടെ മൂല്യങ്ങളും ആദര്‍ശവും സംരക്ഷിച്ചു കൊണ്ടു തന്നെ പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും പറ്റും. ഒരു വിശ്വാസി സമൂഹമെന്ന നിലയില്‍ സുന്നികള്‍ക്ക് അതിനു കഴിയും. അങ്ങനെയാണ് ആടും കൂടും പദ്ധതിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ വൈസനിയത്തിന്റെ ഭാഗമാകുന്നത്.
പിന്നെ, ഇവന്റ് മാനേജ്‌മെന്റിന്റെ കാര്യം. മഅ്ദിന്‍ അക്കാദമിയിലെ ഉസ്താദുമാരും മറ്റു ജീവനക്കാരും വിദ്യാര്‍ത്ഥികളുമെല്ലാം ഉള്‍പ്പെട്ടതാണ് ആ കമ്പനി (ചിരി). ടീം വര്‍ക്ക്, അതാണ് അതിന്റെ ശക്തി. പുതിയ ആശയങ്ങള്‍, എത്ര ചെറിയ കുട്ടിയില്‍ നിന്നായാലും അതു സ്വീകരിക്കുക, നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ നടപ്പിലാക്കുക – ഇതാണ് പോളിസി. അല്ലാഹുവിന്റെ അനുഗ്രഹവും സ്‌നേഹജനങ്ങളുടെ പ്രാര്‍ത്ഥനകളും കൂട്ടായ പ്രവര്‍ത്തനവും – ഇതിനെ വെല്ലാന്‍ മറ്റൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കുമാകില്ല.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയിലെ ബുഖാരി എന്താണെന്ന് ചോദിക്കുന്നവരുണ്ട്. ഇമാം ബുഖാരിയുടെ കുടുംബവും അങ്ങയുടെ കുടുംബവുമായി ബന്ധമുണ്ടോ?

വിശ്രുത ഹദീസ് ഗ്രന്ഥമെഴുതിയ ഇമാം ബുഖാരി (റ)ന് ആ പേരു ലഭിച്ചത് തന്റെ സ്വദേശമായ ഉസ്ബക്കിസ്ഥാനിലെ ബുഖാറയില്‍ നിന്നാണ്. ഞങ്ങളുടെ ഉപ്പാപ്പമാര്‍ ഇന്ത്യയിലേക്കെത്തിയതും അവിടെ നിന്നു തന്നെ. എന്നാല്‍ രണ്ടു കുടുംബങ്ങളുമായി ബന്ധമൊന്നുമില്ല.
കേരളത്തിലെത്തിയ ആദ്യ നബി കുടുംബം ബുഖാരിയാണ്. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള ഹള്‌റമി സാദാത്തുക്കള്‍ (യമനില്‍ നിന്നെത്തിയവര്‍) കേരളത്തിലേക്കെത്തുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നെ ബുഖാരി സാദാത്തുക്കളുടെ ഉപ്പാപ്പയായ ശൈഖ് ജലാലുദ്ധീന്‍ ബുഖാരി (ഖ.സി) കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് എത്തി താമസമാക്കി.

ബുഖാരി എന്ന പേരിന്റെ ഉല്‍പ്പത്തിയെപ്പറ്റി…

അഷ്‌റഫുല്‍ ഖല്‍ഖ് റസൂലുല്ലാഹി(സ)ക്ക് ശേഷം അഹ്‌ലു ബൈത്തിന് പലപ്പോഴും പീഢനകാലമായിരുന്നു. കാരണങ്ങള്‍ പലതുണ്ട്. തിരുനബി പൗത്രന്മാരിലെ തിളങ്ങുന്ന താരമായ മൂസല്‍ ഖാളിം(റ)ന്റെ മകന്‍ മൂസാരിളാ(റ) ഇറാഖില്‍നിന്നും തൊട്ടടുത്ത പ്രദേശമായ തൂസിലെത്തി. അവര്‍ ഇവിടെത്തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അവരുടെ മകന്‍ മഹ്മൂദ്(റ) ഇന്ന് ബുഖാറ ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ജീവിച്ചത്. ശിയാക്കളില്‍പ്പെട്ട റാഫിളിയാക്കളായിരുന്നു അവിടുത്തെ ഭരണാധികാരികള്‍. രാജാവ് മഹ്മൂദ് (റ)നെ വെല്ലുവിളിച്ചു: അഹ്‌ലുബൈത്തിനെ നരകം തൊടില്ല എന്നാണല്ലോ നബി വചനം. നിങ്ങള്‍ യഥാര്‍ത്ഥ അഹ്‌ലുബൈത്ത് ആണെങ്കില്‍ എന്റെ ഒരു പരീക്ഷണം മറികടക്കണം. നരകത്തിലെ അഗ്നിയേക്കാള്‍ കടുപ്പം കുറഞ്ഞ ഭൂമിയിലെ തീ കൊണ്ട് താങ്കളെ ഞാന്‍ പരീക്ഷിക്കാന്‍ പോവുകയാണ്. ആ കൊട്ടാരമുറ്റത്ത് വലിയ അടുപ്പൊരുങ്ങി. സയ്യിദവര്‍കളെ വായ്മൂടിക്കെട്ടിയ പാത്രത്തില്‍ അടച്ച് അടുപ്പത്ത് വെച്ചു. മൂന്ന് ദിവസം തുടര്‍ച്ചയായി കത്തിച്ചു. തുറന്നുനോക്കിയപ്പോള്‍ ഒരു പോറലുമേല്‍ക്കാതെ അവര്‍ എഴുന്നേറ്റു വന്നു. ഒപ്പം സുഗന്ധമുള്ള പുകയും. ഈ സംഭവത്തിലെ സുഗന്ധമുള്ള പുകയെ സൂചിപ്പിച്ചു കൊണ്ടാണ് ആ നാടിന് ബുഖാറ എന്ന് പേര് വന്നതെന്നാണ് പ്രബലാഭിപ്രായം. ബുഖാര്‍ എന്നാല്‍ പുകയെന്നാണ് അര്‍ത്ഥം. ‘സൗഭാഗ്യങ്ങളുടെ നാട്’ എന്നാണ് പേര്‍ഷ്യന്‍ ഭാഷയില്‍ ബുഖാറ എന്നതിന്റെ അര്‍ത്ഥം.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബക്കിസ്ഥാനില്‍ നിന്ന് നബികുടുംബമോ, അവിടെ നിന്ന് ഇസ്‌ലാമിക മാതൃകയോ എന്ന് ചിലര്‍ നെറ്റി ചുളിക്കുന്നു?

ഒരു നൂറ്റാണ്ടു പോലും മധ്യേഷ്യ സോവിയറ്റു യൂണിയന്റെ കീഴില്‍ വന്നിട്ടില്ല. ഉസ്ബക്കിസ്ഥാന് പറയാനുള്ളത് സാംസ്‌കാരിക പൈതൃകത്തിന്റെ ഉന്നത പാരമ്പര്യമാണ്. ബുഖാറ, സമര്‍ഖന്ത്, താഷ്‌കന്റ്, നീസാപൂര്‍ തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളെല്ലാം ഇന്നത്തെ ഉസ്ബക്കിസ്ഥാനിന്റെ ഭാഗമാണ്. വിശ്വപ്രശസ്ത പണ്ഡിതരുടെ കര്‍മഭൂമിയായിരുന്നു അവിടം. അബൂമന്‍സൂറില്‍ മാതുരീദി (റ), ബുഖാരി(റ), മുസ്‌ലിം (റ), അബൂ യഅ്ഖൂബ് യൂസുഫുല്‍ ഹമദാനി (റ), ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്ദി (റ) തുടങ്ങിയവര്‍ ഈ പട്ടികയില്‍ ചിലര്‍ മാത്രം.

ചരിത്രപരമായി ലോകത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു ഇത്. ചൈന, ഇന്ത്യ, പേര്‍ഷ്യന്‍ രാജ്യങ്ങള്‍, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചിരുന്ന സില്‍ക്ക് റൂട്ടിലെ ഹൃദയഭൂമിയാണിത്. അക്കാലത്ത്, ഇന്ത്യയും പാക്കിസ്ഥാനുമൊക്കെ ഒന്നായിരുന്ന അഖണ്ഡഭാരതമായിരുന്നല്ലോ. തൊട്ടടുത്ത് അഫ്ഗാനിസ്ഥാനും ഉസ്ബക്കിസ്ഥാനുമൊക്കെച്ചേര്‍ന്ന വിശാലഭൂപ്രദേശവും. ദക്ഷിണേന്ത്യയെപ്പോലെ തന്നെ ഉത്തരേന്ത്യയിലും ബുഖാരി സാദാത്തീങ്ങള്‍ ഏറെ കാണപ്പെടാന്‍ ഈ ഭൂമിശാസ്ത്ര പ്രത്യേകതയും കാരണമായിട്ടുണ്ട്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ പാര്‍സി ഭാഷയ്ക്കുണ്ടായിരുന്ന സ്വാധീനത്തിനു പിന്നിലും ഈ ബന്ധങ്ങള്‍ തന്നെയാണ്.

കേരളത്തിലേക്കുള്ള ശൈഖ് ജലാലുദ്ധീന്‍ ബുഖാരിയുടെ സഞ്ചാരവഴി എങ്ങനെയായിരുന്നു?

ബുഖാറയില്‍ നിന്നാണ് മഹ്മൂദ് (റ) ന്റെ പത്തൊമ്പതാമത്തെ പേരമകന്‍ (തിരുനബിയുടെ 27-ാമത്തെ പേരക്കുട്ടി) ജലാലുദ്ധീന്‍ ബുഖാരി(റ) കേരളത്തിലെത്തുന്നത്. പുരാതന കാലംതൊട്ടെ പ്രമുഖ തുറമുഖ പട്ടണവും വ്യാപാരകേന്ദ്രവുമായിരുന്ന കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്താണ് അദ്ദേഹം തന്റെ ആസ്ഥാനം കണ്ടെത്തിയത്. സൗന്ദര്യവും ശാലീനതയും ഒത്തുചേര്‍ന്ന നാടെന്നാണ് ലോകസഞ്ചാരിയായ ഇബ്‌നുബത്തൂത്ത വളപട്ടണത്തെ വിശേഷിപ്പിച്ചത്. അന്ന് കണ്ണൂര്‍ ഭരിച്ചിരുന്ന അറക്കല്‍ രാജാക്കന്മാര്‍ ഏറെ ആദരവോടെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ശിഹാബ്, അഹ്ദല്‍ കുടുംബവും ആദ്യമായി എത്തുന്നത് വളപട്ടണത്തു തന്നെയാണ്.
പലരും കരുതുന്നത് പോലെ കടല്‍ മാര്‍ഗമല്ല അവര്‍ ഇവിടെ എത്തിയത്. ഇന്നത്തെ പാക്കിസ്ഥാനിലെ ഉച്ച് ശരീഫില്‍ നിന്ന് ഡല്‍ഹി, ബീജാപ്പൂര്‍ വഴിയിലൂടെയാണ് അവരെത്തിയതെന്നാണ് പല ഭാഷ്യങ്ങളില്‍ എനിക്ക് കൂടുതല്‍ ചരിത്രത്തോടും ഭൂമിശാസ്ത്ര അനുഭവത്തോടും ചേര്‍ന്നു നില്‍ക്കുന്നതായി തോന്നുന്നത്. ഈ വിഷയത്തില്‍ സമഗ്രമായ കൂടുതല്‍ പഠനങ്ങള്‍ വേണം. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ലണ്ടനിലെ കിംഗ്‌സ് കോളേജ്ജ് മൈഗ്രേഷന്‍ പഠന വിഭാഗവുമായി ബന്ധപ്പെട്ടും ജോര്‍ദാനിലെ ഇസ്‌ലാം ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലും നടക്കുന്നുവെന്നത് ആഹ്ലാദകരമാണ്. കൂടാതെ ഒരുപാട് യുവഗവേഷകര്‍ ഇത് മുഖ്യ പഠന വിഷയമായി തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
ഹിജ്‌റ 875ലാണ് ശൈഖ് ജലാലുദ്ധീന്‍ ബുഖാരി വഫാത്തായത്. വളപട്ടണത്തെ പ്രൗഡിമുറ്റി നില്‍ക്കുന്ന കക്കുളങ്ങര മഖ്ബറയില്‍ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നു. കേരളത്തിലെ വളരെ പുരാതനമായ വളപട്ടണം പോലുള്ള പള്ളികളും മഖാമുകളും ബുഖാരി സയ്യിദന്മാരുടെ ചരിത്രത്തിന്റെ കൂടി ഭാഗമാണ്. കൊച്ചി ചെമ്പിട്ട പള്ളിക്കു സമീപത്തെ മഖാം, ഫറോക്ക് കരുവന്‍തിരുത്തി മഖാം, കണ്ണൂര്‍ രാമന്തളി മഖാം, കൊന്നാര് മഖാം തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
ജലാലുദ്ധീന്‍ ബുഖാരി (റ)ന്റെ മകന്‍ സയ്യിദ് ഇസ്മഈലുല്‍ ബുഖാരി കൊച്ചി ചെമ്പിട്ട പള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിനു ചുക്കാന്‍ പിടിച്ച ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ ശൈഖ് കൂടിയാണ് ഇദ്ദേഹം. തന്റെ ഗുരുവര്യരുടെ മരണത്തില്‍ വേദനയടങ്ങാതെ മഖ്ദൂം എഴുതിയത് മര്‍സിയ്യത്ത് (അനുശോചന ഗാനം) ഏറെ പ്രശസ്തമാണ്.

കുടുംബ വേരുകളെക്കുറിച്ച്?

ശൈഖ് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഒമ്പതാമത്തെ പേരമകനാണ് ഞങ്ങളുടെ വന്ദ്യരായ ഉപ്പ സയ്യിദ് അഹ്മദ് ഇമ്പിച്ചിക്കോയ തങ്ങള്‍. നാട്ടുകാരും സ്‌നേഹ ജനങ്ങളും ബാപ്പുമോന്‍ തങ്ങള്‍ എന്ന് വിളിച്ചിരുന്ന ഉപ്പയുടെ ഉപദേശ നിര്‍ദ്ദേശങ്ങളും തര്‍ബിയത്തുമാണ് ഞങ്ങളെ ഇന്നും വഴി നടത്തുന്നത്. സയ്യിദ് ഹാമിദ് കുഞ്ഞിക്കോയ തങ്ങളാണ് ഉപ്പയുടെ പിതാവ്. ഏറെ കറാമത്തുകള്‍ക്ക് ഉടമയായ, കുഞ്ഞുള്ളപ്പാപ്പന്റെ മകളുടെ മകള്‍ ശരീഫ കുഞ്ഞി ബീവിയാണ് ഉപ്പയുടെ ഉമ്മ.
തൃക്കരിപ്പൂരില്‍ മറപെട്ടു കിടക്കുന്ന, അല്‍ ഹാഫിസ് സയ്യിദ് ശാഹുല്‍ ഹമീദ് അല്‍ ബുഖാരിയുടെ മൂത്ത പുത്രിയായ സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവിയാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ. തൃക്കരിപ്പൂരാണ് അവരുടെ സ്വദേശം.
ഞങ്ങളുടെ ഓരോ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഉപ്പയുടെയും ഉമ്മയുടെയും പങ്ക് വിസ്മരിക്കാനാവില്ല. മക്കളെ നല്ല നിലയില്‍ വളര്‍ത്തിയെടുക്കുന്നതിന് അവര്‍ വളരെയധികം പരിശ്രമിച്ചു.
ഞങ്ങള്‍ക്കെന്നും താങ്ങും തണലുമായിരുന്നു അവര്‍. മക്കളുടെ പഠന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു ഉപ്പയും ഉമ്മയും. മക്കള്‍ ദീനീ വിജ്ഞാനം നേടി മതപണ്ഡിതരാകണം എന്നാണ് എപ്പോഴും അവര്‍ ആഗ്രഹിച്ചത്. അതിനു വേണ്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
എല്ലാ പ്രാര്‍ത്ഥനകളിലും അവര്‍ മക്കളെ ഉള്‍പ്പെടുത്തുമായിരുന്നു. ”മക്കളെ ദുന്‍യാവിലും ആഖിറത്തിലും ഇല്‍മു കൊണ്ട് രാജാക്കന്മാരാക്കണേ…” എന്നായിരുന്നു ഉമ്മയുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന. മാതാമഹനായിരുന്ന വന്ദ്യരായ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ ഉമ്മ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഈ പ്രാര്‍ത്ഥന ഉമ്മയുടെ ഉപ്പയിലൂടെ പുലര്‍ന്നു കണ്ടതിന്റെ വിശ്വാസത്തിലാണ് തന്റെ മക്കളും അതുപോലെ ഉയര്‍ന്ന പണ്ഡിതന്മാരാകാന്‍ ഉമ്മ ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നത്.
എന്നും വാത്സല്യത്തോടെ മാത്രമാണ് ഉമ്മ ഞങ്ങളോട് പെരുമാറിയിരുന്നത്. ദര്‍സില്‍ പഠിക്കുന്ന കാലത്ത് മക്കള്‍ വീട്ടില്‍ വരുമ്പോള്‍ സന്തോഷപൂര്‍വ്വം ദര്‍സിലെ വിശേഷങ്ങള്‍ അന്വേഷിക്കുകയും പഠനത്തിന് വേണ്ട പ്രോത്സാഹനങ്ങള്‍ തന്ന് ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു. നിങ്ങള്‍ ദീന് പഠിച്ച് വലിയ പണ്ഡിതന്മാരാകണമെന്ന് ഉമ്മ എപ്പോഴും ഉണര്‍ത്തുമായിരുന്നു.
അസ്വീകാര്യമായി വല്ലതും കണ്ടാല്‍ അവര്‍ ശാസിക്കുന്നതിന് പകരം സ്‌നേഹപൂര്‍വ്വം ഞങ്ങളെ തിരുത്തുകയായിരുന്നു ചെയ്തിരുന്നത്. ഉമ്മയുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഇന്നും ഞങ്ങള്‍ക്ക് കരുത്ത് പകരുന്നു. ഏതു പ്രതിസന്ധികളിലും താങ്ങും തണലുമായി ഇന്നും ആ പ്രിയ മാതാവ് ഞങ്ങളോടൊപ്പമുണ്ട്. അല്ലാഹു ആഫിയത്തും ദീര്‍ഘായുസ്സും നല്‍കുമാറാകട്ടെ, ആമീന്‍. കടലുണ്ടിയിലെ തറവാടു വീടിനു സമീപത്തെ സാദാത്ത് മഖ്ബറയിലാണ് ഉപ്പയുടെ ഖബറിടം. അല്ലാഹു അവരുടെ ദറജ ഉയര്‍ത്തിക്കൊടുക്കട്ടെ – ആമീന്‍.

കടലുണ്ടിയിലെ തറവാടു വീട്ടില്‍ നിന്നും കരുവന്‍തുരുത്തിയിലേക്കും ചാലിയത്തേക്കുമൊക്കെ കുട്ടിക്കാലത്തു നടത്തിയ യാത്രകളെപ്പറ്റി അങ്ങയുടെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തു നടത്തിയ, വന്‍കരകള്‍ താണ്ടിയുള്ള നിരന്തര യാത്രകളുടെ ലക്ഷ്യമെന്തായിരുന്നു.

കുട്ടിക്കാലത്തെ യാത്രകള്‍ വളരെ പരിമിതമായിരുന്നു. അവ പ്രധാനമായും പഠനവും കുടുംബ സന്ദര്‍ശനവും സിയാറത്തുകളിലുമായി ഒതുങ്ങി. ഉപ്പയുടെ വ്യക്തമായ മാര്‍ഗ ദര്‍ശനവും ഉപദേശങ്ങളും നിറഞ്ഞ ഓര്‍മകളാണ് അന്നത്തെ ഓരോ യാത്രാസ്മരണയിലുമുള്ളത്. കാലണ കൊടുത്ത് പോകേണ്ട ദൂരം നടന്നു തീര്‍ത്ത്, ആ തുക നാളെയ്ക്കായി മാറ്റി വെക്കുക. കിതാബുകള്‍ വാങ്ങുന്നതിനായിരുന്നു ഇത്തരം കൊച്ചു ശേഖരം കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നത്.
ഹജ്ജ് യാത്രയ്ക്കപ്പുറം വലിയ യാത്രകള്‍ സാധ്യമാകുമെന്ന പ്രതീക്ഷ പലപ്പോഴുമില്ലായിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അമ്പതിലധികം രാജ്യങ്ങളിലെത്താനായി. മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിലുള്ള വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനും കോണ്‍ഫറന്‍സുകള്‍ക്കും ചര്‍ച്ചാവേദികളിലേക്കുമാണ് കൂടുതല്‍ യാത്രകളും.
നിരന്തരമായി സഞ്ചരിക്കാനും അവയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും പരിശുദ്ധ ഖുര്‍ആന്‍ പലസ്ഥലത്തും ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മഅ്ദിന്‍ അക്കാദമിയുടെ എന്‍കൗമിയം സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു നോളജ് ഹണ്ട്. മതപരവും സാംസ്‌കാരിക-ചരിത്രപരവുമായി പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതുവരെ ഇരുപതോളം രാജ്യങ്ങളിലേക്ക് നോളജ് ഹണ്ട് പദ്ധതിയിലൂടെ ആളുകളെ എത്തിക്കാനായി.
ചരിത്രത്തില്‍ വായിച്ചും പഠിച്ചും അറിഞ്ഞ ശാമും മിസ്‌റും സീനുമൊക്കെ നമ്മുടെ മുന്നില്‍ യാഥാര്‍ത്ഥ്യമായി വന്നു. സഹാറാ മരുഭൂമിയും നൈല്‍ നദിയും നൂബിയന്‍ സമതലവും ആദം മലയും ആസ്‌ട്രേലിയന്‍ വനങ്ങളും സൂയസ് കനാലും മെഡിറ്ററേനിയന്‍ കാലാവസ്ഥയുമൊക്കെ അടുത്തും അനുഭവിച്ചും അറിഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് നടത്തിയ യാത്രകള്‍ പുതിയൊരു ലോകത്തെ കണ്ടെത്തുന്നതു പോലെയായിരുന്നു. നമ്മുടെ ധാരണകളും മുന്‍ വിധികളും അട്ടിമറിക്കുന്നതായിരുന്നു അത്. ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍, ഏറ്റവും ആസ്വദിച്ചും ആത്മീയാനൂഭൂതി നിറഞ്ഞും സംബന്ധിച്ച മൗലിദ് സദസ്സ് യു.എസിലെ പെന്‍സില്‍ വാനിയയിലായിരുന്നു. ഭൗതികാസക്തിയുടെ അടയാളമായി നാം കാണുന്ന നാടുകളും സമൂഹങ്ങളും അടുത്തറിയുമ്പോള്‍ അനുഭവം മറിച്ചായിരുന്നു. നോളജ് ഹണ്ട് ഒരായുസ്സിന്റെ യാത്രകളായിരുന്നു. കടലുണ്ടിയിലെ അറേബ്യന്‍ മഹാസമുദ്ര തീരത്തെ കുട്ടിക്കാല ഓര്‍മകളില്‍ നിന്ന് പസഫിക്കിന്റെയും അറ്റ്‌ലാന്റിക്കിന്റെയുമൊക്കെ അനുഭവത്തിലേക്കുള്ള യാത്രകള്‍ എപ്പോഴും കോള്‍മയിര്‍ കൊള്ളിക്കുന്നതാണ്.

യാത്രകള്‍ ദുരന്തമാകുന്നത് അവ വെറും യാത്രകളാകുമ്പോഴാണല്ലോ. പാഠങ്ങളും അനുഭവങ്ങളുമില്ലാത്ത സഞ്ചാരങ്ങള്‍. യാത്രകള്‍ എന്താണു അങ്ങയ്ക്കു നല്‍കിയത്.

വളരെ ശരിയാണ്. ഭൂമിയില്‍ പരക്കെ യാത്രയ്ക്കാഹ്വാനം നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ പിന്നീട് പറയുന്നത് വിശ്വാസികളും അവിശ്വാസികളുമായവരുടെ ജീവിതത്തെയും അനുഭവങ്ങളെയും പഠിക്കാനാണ്. പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്ക് കണ്ണ് തുറക്കാനാണ്. വിശ്വാസത്തിന് ദാര്‍ഢ്യത നല്‍കാനും അതിലൂടെ ജീവിതം വിശുദ്ധിയില്‍ പാകപ്പെടുത്താനുമാണ്.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, പുതിയ അനുഭവവും അവബോധവും ഓരോ യാത്രകളും എനിക്കു നല്‍കി. അവ സമൂഹത്തിനായി സമര്‍പ്പിക്കാനായി. പ്രത്യേകിച്ചും മഅ്ദിന്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും അത് തുണയായി.
ആസ്‌ട്രേലിയ, ബ്രിട്ടന്‍, സ്‌പെയ്ന്‍, മലേഷ്യ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ യാത്രകളാണ് സഹായിച്ചത്. 2018 ഏപ്രില്‍ – മെയ് മാസങ്ങളിലെ യു.എസ് നോളജ് ഹണ്ടില്‍ അവിടുത്തെ അക്കാദമിക് സമൂഹവുമായി അടുത്ത് ഇടപഴകാനും ബന്ധങ്ങള്‍ സ്ഥാപിക്കാനുമായി. മസ്സാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി), ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, കാലിഫോണിയ യൂണിവേഴ്‌സിറ്റി, ഹാര്‍ട്ട്‌ഫോഡ് സെമിനാരി, സ്റ്റാന്‍സ് ഫോഡ് യൂണിവേഴ്‌സിറ്റി തുടങ്ങി അറിവിന്റെയും ഗവേഷണത്തിന്റെയും അടയാളങ്ങളായി നാം കരുതുന്ന ഒരുപാട് കാമ്പസുകളെ അടുത്തറിയാനായി. നിരന്തരമായ പഠനവും ലക്ഷ്യബോധത്തോടെയുള്ള ഗവേഷണവുമെല്ലാം എങ്ങനെയാണ് മനുഷ്യ ജീവിതത്തെ മാറ്റി മറിക്കുന്നതെന്ന് നേരിലറിയാനായി. അടുത്ത നൂറ്റാണ്ടിന്റെ ഗതാഗത മാര്‍ഗമായേക്കാവുന്ന ഹൈപ്പര്‍ ലൂപ്പും ജീവിതത്തെയാകെമാനം മാറ്റി മറിക്കാനിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമെക്കെ അവയുടെ ലാബുകളിലെത്തി മനസ്സിലാക്കാനായി.

അന്താരാഷ്ട്ര ഇന്റര്‍ഫൈത്ത് സമ്മേളന വേദികളില്‍ സ്ഥിരം ക്ഷണിതാവാണല്ലോ. എന്തായിരുന്നു അത്തരം വേദികളിലെ അനുഭവം.

ആസ്‌ട്രേലിയയിലെ ബ്രിസ്ബണ്‍, ജര്‍മനിയെ ഹാംബര്‍ഗ്, തുര്‍ക്കിയിലെ ഇസ്തംബൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ ഉച്ചകോടികളിലും കൊറിയയിലെ സോള്‍ പീസ് സമ്മിറ്റിലും സംബന്ധിച്ചത് വേറിട്ട അനുഭവമായിരുന്നു. ഇന്റര്‍ഫൈത്ത് വേദികള്‍ ഒരാളുടെ മത വ്യക്തിത്വം വലിച്ചെറിയാനും അതിരുകള്‍ മായ്ച്ചു കളയാനുമുള്ളതാണെന്ന ധാരണ ചിലര്‍ക്കുണ്ട്. അങ്ങനെയാകണമെന്ന വാശിയുള്ളവരെയും കാണാം. എന്നാല്‍, എന്റെ യാത്രകളിലെ അനുഭവങ്ങള്‍ മറിച്ചായിരുന്നു.
യു.എസിലെ സാള്‍ട്ട ലൈക്ക് സിറ്റിയില്‍ 2018 ഏപ്രില്‍ മാസം നടന്ന ഇന്റര്‍ഫൈത്ത് വിസിറ്റിന്റെ ഷെഡ്യൂള്‍ അവര്‍ തയ്യാറാക്കിയത് അഞ്ചു നേരം നിസ്‌കാരത്തിനു പോലും സമയം കണ്ടിട്ടായിരുന്നു. യാത്രക്കാര്‍ക്ക് നിസ്‌കാരത്തില്‍ ഇളവുണ്ടെന്ന് അറിയിച്ചിട്ടും അവര്‍ ആ സമയം ഒഴിവാക്കിയാണ് പ്രോഗ്രാം ചെയ്തത്. ഇക്കഴിഞ്ഞ നവംബറില്‍ യു.എന്‍ ആസ്ഥാനത്തു നടന്ന യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ ഗ്ലോബല്‍ ഫോറത്തില്‍ മുസ്‌ലിം പണ്ഡിതരുടെ പാരമ്പര്യ വേഷത്തിലെത്തിയ എന്നെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സര്‍വ്വകലാശാലയിലും ശിവഗിരി മഠത്തിലുമൊക്കെ നടന്ന ഇത്തരം വേദികളിലും സംബന്ധിക്കാനവസരം കിട്ടിയിരുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയും നമ്മുടെ വ്യക്തിത്വം അടിയറ വെക്കേണ്ട ചുറ്റുപാടുമുണ്ടാകുമ്പോള്‍ ഇന്റര്‍ഫൈത്ത് വേദികള്‍ എന്നല്ല, ഏതു കൂടിച്ചേരലുകളും അസ്വീകാര്യമാണ്.

അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രത്യേകിച്ചും ന്യൂനപക്ഷ പ്രശ്‌നങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കാറുള്ളത്.

ഇസ്‌ലാമിന്റെ ഭീകരവിരുദ്ധ നിലപാടിനെ ഇന്ത്യന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന വേദികളായിരുന്നു പലതും. ഒരുമയുടെയും സഹകരണത്തിന്റെയും ധന്യമായ ചരിത്രം മാത്രമല്ല ഇത്തരം സ്ഥലങ്ങളില്‍ കേള്‍ക്കേണ്ടത്. നാം എന്തു ചെയ്യുന്നു, പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ഇടപെടുന്നു എന്നതാണ് അവര്‍ ശ്രദ്ധിക്കുക. ചരിത്രം പറയാന്‍ നാം അവിടെ പോകണമെന്നില്ല. പുസ്തകങ്ങളും ഓണ്‍ലൈന്‍ റഫറന്‍സുകളും എമ്പാടുമുണ്ട്.
പ്രഖ്യാപനങ്ങളെക്കാളും കര്‍മ പദ്ധതികളാണ് ഞാന്‍ അവിടെ അവതരിപ്പിക്കാറുള്ളത്. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ന്യൂനപക്ഷം എങ്ങനെ ഈ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നുവെന്നത് പറയാന്‍ നമ്മുടെ ജീവിത പരിസരങ്ങള്‍ മാത്രം പരിചയപ്പെടുത്തിയാല്‍ മതി. വിവിധ വിഭാഗങ്ങളുമായുള്ള നമ്മുടെ ഇടപെടലുകള്‍, പൊതു ഇടങ്ങളില്‍ വ്യത്യസ്ത പശ്ചാതലങ്ങളില്‍ നിന്നും വരുന്നവര്‍ എങ്ങനെ ഇണങ്ങിയും പിണങ്ങിയും കഴിയുന്നുവെന്ന നിരീക്ഷണങ്ങള്‍ – ഇതാണ് പ്രധാനം.
വൈജാത്യങ്ങളുടെ നാടായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എക്കാലത്തും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ അളവും ആഴവുമെല്ലാം ഓരോ കാലത്തും വ്യത്യസ്തമാണെന്നു മാത്രം. എന്നു കരുതി ഇന്ത്യ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരിടമാണെന്ന് പറയുന്നത് മൗഢ്യമാണ്. പ്രശ്‌നങ്ങളെക്കാളും മുസ്‌ലിംകള്‍ക്ക് അവസരങ്ങളാണ് ഇവിടെയുള്ളത്. ഭരണഘടന നല്‍കിയ അവസര സമത്വവും സ്വാതന്ത്യവും അതുല്യമാണ്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവ പരിഹരിക്കാനും ധൈര്യപൂര്‍വ്വം അതിജീവിക്കാനും കഴിയണം. അതിന് നമുക്ക് കഴിയുന്നുണ്ട്. നമ്മുടെ ജനാധിപത്യ സംവിധാനവും നിയമ പീഠങ്ങളും ഏതു പ്രശ്‌നങ്ങളെയും നേരിടാന്‍ പോന്നതാണ്. ഇതു മറന്ന് കൊണ്ടാവരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. എല്ലാ റമളാനിലും മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനവും ഭീകരവിരുദ്ധ പ്രതിജ്ഞയും ഈയര്‍ത്ഥത്തില്‍ വേണം കാണാന്‍. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ആമുഖമായി ഞാന്‍ പറയാറുള്ള ഒരു കാര്യമുണ്ട്: ഇത്രയും വലിയ ഒരു സംഗമം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കാനാകുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. ഈ അവസരത്തിന് ഇന്ത്യയുടെ മഹത്തായ ഭരണഘടനയോടും രാഷ്ട്ര ശില്‍പ്പികളോടും കടപ്പെട്ടിരിക്കുന്നു. പ്രാര്‍ത്ഥനാ സേമ്മളനത്തെപ്പറ്റി വിവിധ വേദികളില്‍ അവതരിപ്പിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരും നിയമജ്ഞരും ആവേശത്തോടെയാണ് കേട്ടിരിക്കാറ്.

മഅ്ദിന്‍ അക്കാദമിയെ വ്യത്യസ്തമാക്കുന്ന ഒന്ന് അവിടേക്കെത്തുന്ന പ്രഗത്ഭരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങളാണ്. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ മുന്നില്‍ വരുന്നവരെ എങ്ങനെ നാം കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. അവരുടെ താത്പര്യങ്ങളറിഞ്ഞ് പെരുമാറാനറിയണം. പലര്‍ക്കും ഇന്ത്യ ഒരു വിസ്മയമാണ്. ഇവിടെയെത്താന്‍ താത്പര്യമുള്ളവരാണ്. നമ്മുടെ നാടിനെക്കുറിച്ച് സമൂഹത്തെപ്പറ്റിയും പ്രത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷത്തെപ്പറ്റിയുമെല്ലാം ഒരുപാട് തെറ്റിദ്ധാരണകളുമുണ്ട്. അത് തിരുത്താനും അവരുടെ നന്മകളും അറിവും നമുക്ക് ലഭ്യമാക്കാനും ശ്രദ്ധിക്കാറുണ്ട്. മഅ്ദിന്‍ അക്കാദമിയില്‍ ഒരിക്കല്‍ എത്തിയവര്‍ പിന്നീട് സ്ഥാപനത്തിന്റെ ഭാഗമായതാണ് അനുഭവം. ഇവിടെ നമുക്ക് മറച്ചു വെക്കാനൊ പൊലിപ്പിച്ച് കാണിക്കാനൊ ഒന്നുമില്ല. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അങ്ങിനെ ചെയ്യാനുമാവില്ല.
മലേഷ്യയില്‍ നാല് പതിറ്റാണ്ടോളം ഫെഡറല്‍ മിനിസ്റ്റര്‍ ആയിരുന്ന താന്‍ശ്രീ റഈസ് യതീം 2015ലെ വൈസനിയം ഉദ്ഘാടനത്തിനെത്തിയിരുന്നു. മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് പദവി കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. രണ്ടു പതിറ്റാണ്ട് മാത്രം പ്രായമുള്ള, പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള മഅ്ദിന്‍ കാമ്പസില്‍ എത്തിയ അദ്ദേഹം പറഞ്ഞത് ഇത് മികവിന്റെ കേന്ദ്രമാണെന്നാണ്. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെക്കാളും പഠനാവസരങ്ങളെക്കാളും അദ്ദേഹത്തിനെ ആകര്‍ഷിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും സഹകാരികളും കാണിക്കുന്ന ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ്. നേരം നോക്കാതെ ജോലി ചെയ്യുന്നവര്‍, ചെളിയും പൊടിയും പ്രശ്‌നമാക്കാതെ കഷ്ടപ്പെടുന്ന വളണ്ടിയര്‍മാര്‍, ഔപചാരികതകളുടെ ഭാരമില്ലാത്ത ചര്‍ച്ചകള്‍… ഇതെല്ലാമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. പുരോഗതിയുടെ അടിത്തറയായി അദ്ദേഹം കണ്ടത് മികവിനായുള്ള പരിശ്രമവും ആത്മാര്‍ത്ഥതയുമാണ്.
പ്രഗത്ഭ വ്യക്തിത്വങ്ങളെ സമൂഹത്തിന്, കുട്ടികള്‍ക്ക് പരിചയപ്പെടുത്താനായത് നോളജ് ഹണ്ട് യാത്രയുടെ വലിയ നേട്ടമായി ഞാന്‍ കാണുന്നു. യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നികസന്റെ സെക്രട്ടറിയും ചിന്തകനുമായ റോബര്‍ട്ട് ഡി ക്രയിന്‍ മുതല്‍ ഇപ്പോള്‍ മഅ്ദിന്‍ അക്കാദമിയില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലകനായ പ്രമുഖ കനേഡിയന്‍-യൂറോപ്യന്‍ കവി അബ്ദുല്‍ വദൂദ് പോള്‍ സതര്‍ലന്റ് വരെയുള്ള അനേകം പേര്‍ ഓരോ യാത്രയോടെയും കേരളത്തിനു സുപരിചിതരായി. സിറിയയിലെ ശൈഖ് മുഹമ്മദ് യാഖൂബിയും യമനിലെ ശൈഖ് ഹബീബ് ഉമറുമെല്ലാം കേരളത്തോട് കൂടുതല്‍ അടുത്തത് യാത്രകളിലെ പരിചയം മൂലമാണ്.
ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രവും വര്‍ത്തമാനവും സമൂഹത്തിലേക്കെത്തിക്കാന്‍ നോളജ് ഹണ്ടിലൂടെ സാധ്യമായി. എല്ലാകാലവും പോരാട്ട ഭൂമിയിലും പ്രതിരോധ നിരയിലും മാത്രം ജീവിക്കുന്നവരല്ല മുസ്‌ലിം സമൂഹമെന്നും ശാന്തപൂര്‍ണവും സ്വസ്ഥവുമായ ഒരു ജീവിതവും സാംസ്‌കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകളും വെച്ചു പുലര്‍ത്തുന്നവരാണ് അവരെന്നും യാത്രകള്‍ ബോധ്യപ്പെടുത്തി.
മുസ്‌ലിംകളുടെ പല ആചാരാനുഷ്ഠാനങ്ങളും ചൂണ്ടിക്കാട്ടി, ”ഇത് കേരളത്തിലേയുള്ളു”എന്ന് ഭത്സിച്ചവരുടെ ധാരണ തിരുത്താന്‍ നോളജ്ഹണ്ട് അവസരമൊരുക്കി. ചാലിയത്തിന്റെ അഭിമാനമായ മര്‍ഹൂം ഇമ്പിച്ചി ഹാജിയുടെ ധന്യമായ ജീവിതത്തിന്റെ അടയാളങ്ങള്‍ അടുത്തറിയാന്‍ ശ്രീലങ്കന്‍ യാത്രയിലൂടെ കഴിഞ്ഞു. ജസ്റ്റിസ് ഓഫ് പീസ് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം ഒരുകാലത്ത് കൊളൊംബോയുടെ ബിസിനസ് സാമ്രാജ്യത്തലെ അജയ്യനായിരുന്നു. പാവങ്ങളെയും കഷ്ടപ്പെടുന്നവരെയും ജീവനു തുല്യം സ്‌നേഹിച്ച അദ്ദേഹത്തിന്റെ സ്മരണയില്‍ ഇന്നും കൊളംബോയില്‍ ഒന്നിലധികം പള്ളികളുണ്ട്. അവയിലൊരു പള്ളിയുടെ ചാരത്ത് പ്രൗഢിയോടെ കെട്ടിപ്പൊക്കിയ മഖ്ബറയില്‍ ഇമ്പിച്ചി ഹാജി അന്ത്യവിശ്രമം കൊള്ളുന്നു.
നൂറ്റാണ്ടു മുമ്പ് മലബാര്‍ തീരത്തു നിന്നും പറിച്ചു മാറ്റപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ സൗത്ത് പസഫിക്കിലും കാനഡയിലും അമേരിക്കയിലുമൊക്കെ പരന്നൊഴുകിയതിന്റെ നേരനുഭവങ്ങള്‍ തരുന്നവയായിരുന്നു മലബാര്‍ മൂറിംഗ്‌സ് പദ്ധതിയുടെ ഭാഗമായി ഫിജിയിലേക്കും ആസ്‌ട്രേലിയയിലേക്കുമൊക്കെ നടത്തിയ യാത്രകള്‍.

യൂറോപ്പിലേക്ക്, പ്രത്യേകിച്ചും സ്‌പെയിനിലേക്കുള്ള യാത്രയുടെ അനുഭവമെന്തായിരുന്നു.

വിസ്മയാവഹമായിരുന്നു സ്‌പെയിന്‍ യാത്ര. കേട്ടതിനും വായിച്ചതിനുമപ്പുറമായിരുന്നു ആ അനുഭവം. കൊര്‍ദോവ പള്ളിയിലേക്ക് കടക്കുമ്പോള്‍ എന്റെ തലപ്പാവും താടിയുമൊക്കെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവിടെ മുസ്‌ലിം ആരാധനകള്‍ നിര്‍വഹിക്കാന്‍ പാടില്ലെന്ന്. എനിക്ക് വേദന തോന്നിയെങ്കിലും ആ വിശുദ്ധമണ്ണില്‍ കാല്‍കുത്താന്‍ കഴിഞ്ഞതിലെ സന്തോഷമായിരുന്നു മനസ്സു നിറയെ. മുസ്‌ലിം സമൂഹത്തിന് എത്രത്തോളം ഉയരാനാവുമെന്നും എങ്ങനെ തളരാമെന്നും സ്‌പെയിന്‍ കാട്ടിത്തരുന്നു. ബദ്ധവൈരികളായ ജൂതര്‍ക്ക് പ്രത്യേകമായി തെരുവുകളും വാസ സ്ഥലങ്ങളുമുണ്ടാക്കിയ ഇസ്‌ലാമിക സ്‌പെയിനിനെ അറിഞ്ഞവര്‍ക്കെങ്ങനെ ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രം ഭീകരതയുടെ അടിവേരു ചികയാനാവും !
ഒറ്റക്കാര്യം മാത്രം പറഞ്ഞു നിര്‍ത്താം: ലണ്ടനിലും പാരീസിലുമൊക്കെ തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് അന്തലൂസിന്റെ വിജ്ഞാന നഗരിയായ കൊര്‍ദോവയിലെ തെരുവീഥികള്‍ പ്രഭപരത്തിയിരുന്നു. യൂറോപ്പിലെ പ്രഭുക്കളും ക്രൈസ്തവ ഭരണാധികാരികളും തങ്ങളുടെ കുട്ടികള്‍ക്ക് കൊര്‍ദോവയില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ആ ജ്ഞാന നഗരിയുടെ വീഥികളിലൂടെ ചെരിപ്പ് കൈയില്‍ പിടിച്ച് നടന്നു. മുസ്‌ലിംകളല്ലാത്തതിനാല്‍ തങ്ങളെ അവഗണിക്കരുതേയെന്നവര്‍ കേണു. ആ ആശങ്കകള്‍ അസ്ഥാനത്താക്കി, അറിവിടങ്ങളില്‍ മത-ദേശ ഭേദം ഇസ്‌ലാമിലില്ലെന്ന് അന്തലൂസ് മാതൃക കാണിച്ചു. എന്റെ ഒരു കൂട്ടം ശിഷ്യര്‍ക്കൊപ്പം, ജ്ഞാന ദാഹികള്‍ക്കൊപ്പം കൊര്‍ദോവയിലും ഗ്രാനഡയിലുമൊക്കെ ഇനിയും പോകാന്‍ മനസ്സ് തിടുക്കം കൂട്ടുന്നു.

കൊര്‍ദോവയിലെ പള്ളിയിലേക്കു കയറിയപ്പോള്‍ നിസ്‌കാരം പാടില്ലെന്നു പറഞ്ഞ കാര്യം പരാമര്‍ശിച്ചല്ലോ. മത പരിവര്‍ത്തനത്തെപ്പറ്റി വലിയ ബഹളം നടക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ ഈ അനുഭവത്തെ എങ്ങനെ കാണുന്നു.

മാനവ ചരിത്രം കൊടുക്കല്‍ വാങ്ങലുകളുടേതാണ്. വെട്ടിപ്പിടുത്തങ്ങളും ജയാപചയങ്ങളും എല്ലാവര്‍ക്കും പറയാനുണ്ട്. ഇതെല്ലാം ചികഞ്ഞെടുത്ത് ഇപ്പോള്‍ പോരിനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. സ്‌പെയിനിലെ പള്ളികള്‍ ചര്‍ച്ചുകളായതും തുര്‍ക്കിയിലെയും ഡമസ്‌കസിലേയും ചര്‍ച്ചുകള്‍ പള്ളികളായതും ക്ഷേത്രങ്ങള്‍ മസ്ജിദുകളും ചര്‍ച്ചുകളുമായതും മുഗള്‍ കൊട്ടാരങ്ങളില്‍ ക്ഷേത്രങ്ങളുയര്‍ന്നതും ജൈന-ബുദ്ധ സംസ്‌കാരങ്ങളുടെ ഹിന്ദുമതം വിജയം നേടിയതുമെല്ലാം വിവാദത്തിനുള്ള ആയുധമാക്കിയാല്‍ നാടിന്റെ സ്വാസ്ഥ്യമെവിടെ.
ഇണങ്ങിയും പിണങ്ങിയുമുള്ള ഈ ചരിത്രത്തിലെ പാരസ്പര്യത്തിന്റെ പാഠങ്ങളാവട്ടെ നമ്മെ മുന്നോട്ടു നയിക്കുന്നത്. സാമൂതിരിയെ മുസ്‌ലിംകളുടെ ഖലീഫയെന്നു വിളിച്ച പാരമ്പര്യമാണ് മലബാറിനുള്ളത്. കുഞ്ഞാലി മരക്കാര്‍ സാമൂതിരിയുടെ പടവാളായതും ടിപ്പു സുല്‍ത്താന്‍ ക്ഷേത്രങ്ങളുണ്ടാക്കിയതും ഹിന്ദു ആശാരിമാര്‍ മനോഹരമായ പള്ളികളുണ്ടാക്കിയതുമെല്ലാം നമ്മുടെ മഹത്തായ പൈതൃകമാണ്. അതു മറന്നു കൊണ്ടുള്ള നടപടികള്‍ ആത്യന്തികമായി നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തും.

ഇസ്‌ലാം പേടിയുടെ കാലമാണിത്. അങ്ങയുടെ യാത്രയില്‍ ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ. എങ്ങനെയാണ് അമേരിക്കയും യൂറോപ്പും ആസ്‌ട്രേലിയയുമൊക്കെ ഇസ്‌ലാമിനെ സ്വീകരിക്കുന്നത്.

ഒരു മുസ്‌ലിമിന്റെ എല്ലാ അടയാളങ്ങളോടെയുമുള്ള എന്റെ യാത്രയില്‍ മതത്തിന്റെ പേരില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മുസ്‌ലിമിനെ ഭീതിയോടെ കാണുന്നവരുണ്ടാകാം. അവരെ മാത്രം കുറ്റം പറയുന്നതിലര്‍ത്ഥമില്ല. നമുക്കിടയിലെ ചിലരുടെ തന്നെ പ്രവര്‍ത്തനങ്ങളാണ് ഒരളവോളം ഇതിനു കാരണം. സത്യനടപടികളുമായി ജീവിക്കുന്ന ഒരു മുസ്‌ലിമിന് അല്ലാഹുവിനെയല്ലാതെ ആരെയും പേടിക്കേണ്ടതില്ല. അവന്‍ മറ്റെല്ലാവര്‍ക്കും രക്ഷാകവചമായിരിക്കും. ഇസ്‌ലാമിനുവേണ്ടി കുഞ്ഞുങ്ങളെ നിരത്തിനിര്‍ത്തി വെടിവെക്കുന്നവര്‍ പ്രതിനിധിനാം ചെയ്യുന്നത് ചെകുത്താനെയാണ്. അവര്‍ക്കുള്ളതാണു നരകം. നിരപരാധികളുടെ ഇടയിലേക്ക് ഓടിക്കയറി പൊട്ടിത്തെറിക്കുന്നവന്‍ അവിശ്വാസിയായിട്ടാണ് മരിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമാണ്. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ല.
ഇത്തരം അല്‍പത്തരങ്ങളെപ്പോലെ തന്നെ ഇസ്‌ലാമിനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, അവ മറ്റൊരര്‍ത്ഥത്തില്‍ ഗുണകരമായി മാറുകയാണ് ചെയ്യുന്നത്. ഉദാഹരണം ജര്‍മനി തന്നെ. ഇസ്‌ലാം പേടിയുണ്ടാക്കാനുള്ള തല്‍പര കക്ഷികളുടെ ശ്രമങ്ങളും ഇസ്‌ലാമിന്റെ പേരില്‍ ക്രൂരത കാണിക്കുന്ന അവിവേകികളുടെ പ്രവര്‍ത്തനങ്ങളും ഒരുപാട് പേരെ ശരിയായ ഇസ്‌ലാം പഠനത്തിലേക്ക് നയിച്ചു. ഇപ്പോള്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രധാന യൂണിവേഴ്‌സിറ്റികളിലെല്ലാം ഇസ്‌ലാം പഠന വിഭാഗങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ ഒരുപാട് പേര്‍ സത്യം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവരുന്നു. അല്ലാത്തവര്‍, തെറ്റിദ്ധാരണയകറ്റി മുസ്‌ലിംകളൊന്നിച്ച് ഒരുമയോടെ ജീവിക്കുന്നു.
യു.കെയിലെ ബര്‍മിംഗ്ഹാമിലും ആസ്‌ട്രേലിയയിലെ ബ്രിസ്ബണിലുമൊക്കെ വില്‍ക്കാന്‍ വെച്ച ചര്‍ച്ചുകള്‍ മുസ്‌ലിം പള്ളികളാക്കി മാറ്റുകയും അവയുടെ ഉദ്ഘാടനത്തിന് പാതിരിമാരടക്കം സംബന്ധിക്കുകയും ചെയ്ത കാര്യം ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ തന്നെ പങ്കുവെച്ചതോര്‍ക്കുന്നു. അപ്പോള്‍, മതം മാറുന്നതും ആരാധനാലയങ്ങള്‍ ഉണ്ടാക്കുന്നതുമെല്ലാം സ്വാഭാവിക പ്രക്രിയകളായി നടക്കേണ്ടതാണ്. അതിന് അക്രമത്തിന്റെയൊ നിര്‍ബന്ധത്തിന്റെയോ വഴി തേടുമ്പോഴാണ് കുഴപ്പമുണ്ടാവുന്നത്.
ശൈഖ് ഹംസ യൂസുഫിന്റെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയയിലെ സൈതൂന കോളേജ് അമേരിക്കയില്‍ സര്‍ക്കാര്‍ അംഗീകാരമുളള അദ്യത്തെ മുസ്‌ലിം സ്ഥാപനമാണ്. അവര്‍ ഈയടുത്ത് വാങ്ങിയ കാലിഫോര്‍ണിയയിലെ ഹോളി ഹില്‍ എന്നറിയപ്പെടുന്ന 14 ഏക്കര്‍ വിശാലമായ സ്ഥലം സൈതൂന സ്ഥാപകരിലൊരാളായ ഹാതിം ബാസിയാനൊപ്പം ഞാന്‍ സന്ദര്‍ശിച്ചു. കോലിഫോര്‍ണിയയിലെ കണ്ണായ സ്ഥലത്തുള്ള ഈ കുന്ന് മുഴുവന്‍ സൈതൂന വാങ്ങിയിരിക്കുകയാണ്. 1932 മുതല്‍ ക്രിസ്ത്യന്‍ സെമിനാരി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥലം സൈതൂനക്ക് നല്‍കിയത് മാര്‍ക്കറ്റ് വിലയെക്കാള്‍ കുറച്ചിട്ടാണ്. മുസ്‌ലിം സ്ഥാപനവും ആരാധനാലയവും വരുന്നുവെന്നറിഞ്ഞു കൊണ്ടു തന്നെയാണ് വില കുറച്ചു നല്‍കിയത്. ഇതാണ് എല്ലായിടത്തുമുള്ള അവസ്ഥ. അതുകൊണ്ട് താല്‍ക്കാലികവും പ്രാദേശികവുമായ പ്രശ്‌നങ്ങളെ ഊതി വീര്‍പ്പിച്ച് അസ്വസ്ഥതകളുണ്ടാക്കുന്നതിനു പകരം ഇത്തരം പോസിറ്റീവായ കാര്യങ്ങളിലാവട്ടെ നമ്മുടെ ഊന്നല്‍.
എന്തെങ്കിലും പ്രലോഭനമോ നിര്‍ബന്ധമോ മൂലം ഇസ്‌ലാമിലേക്ക് ഒരാള്‍ പോലും കടന്നുവരേണ്ടതില്ലെന്നതാണ് നിലപാട്. മനസ്സുകൊണ്ടുള്ള ബോധ്യവും അംഗീകാരവുമാണ് വേണ്ടത്. അല്ലാതെയുള്ളത് സ്വീകാര്യമല്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം എല്ലാ മതങ്ങളുടേയും ശരിയായ നിലപാട് ഇതുതന്നെയാണ്.

വികസിതവും അവികസിതവുമായ നാടുകളിലൂടെയുള്ള യാത്രകള്‍ പഠിപ്പിച്ചതെന്താണ്.

അടിസ്ഥാനപരമായ ജീവിത മൂല്യങ്ങളോട് രാജിയാവാതെ തന്നെ പുതിയ മാറ്റങ്ങളെയും സാങ്കേതിക വിദ്യകളെയും ഉള്‍ക്കൊള്ളാനും അവ നടപ്പിലാക്കാനും ശ്രദ്ധകാണിച്ചില്ലെങ്കില്‍ ദുരന്തമായിരിക്കും ഫലം. ബഹിരാകാശ യാത്രക്കുള്ള സ്ഥിരം സംവിധാനങ്ങള്‍ പോലും പരീക്ഷിച്ചു വിജയിക്കുന്ന കാലത്ത് നമ്മുടെ ഇട്ടാവട്ടത്തിനപ്പുറം ചിന്തിക്കാന്‍ നമുക്ക് കഴിയണം. ധാര്‍മികതയും മൂല്യങ്ങളും മുഖ്യ അജണ്ടകളാക്കി പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകിച്ചും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം.
ഒരനുഭവം പറയാം, ഐക്യ രാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ നേതൃത്വത്തില്‍ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടന്ന സമാധാന സമ്മേളന ശേഷമുള്ള പ്രധാന പരിപാടിയായി സംഘാടകര്‍ അറിയിച്ചത് സോളില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരെയുളള സുവോണ്‍ പട്ടണത്തിലെ സാംസങ് കമ്പനിയുടെ ഇന്നൊവേഷന്‍ മ്യൂസിയ (Samsung Innovation Museum) മായിരുന്നു. ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ മ്യൂസിയം സന്ദര്‍ശിക്കുന്നതിനു പകരം മറ്റു പരിപാടികള്‍ ആയിക്കൂടെയെന്ന ചോദ്യത്തിന് സോള്‍ കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകരിലൊരാളായ ഡോ. ക്യുങ് ഡേവിഡ് യൂ പറഞ്ഞത്, സാംസങ് മ്യൂസിയം കാണാന്‍ മാത്രമാണ് കൊറിയയിലേക്കു വരുന്നതെങ്കിലും അത് വെറുതെയാകില്ലായെന്നായിരുന്നു. ആ നിരീക്ഷണം ശരിയാണെന്ന് പിന്നീട് ബോധ്യമായി.
1950 കളില്‍ ഏറ്റവും ദാരിദ്ര്യ രാജ്യങ്ങളിലൊന്നായിരുന്ന കൊറിയയെ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായി മാറ്റിയത്് സാംസങ്, ഹ്യൂണ്ടായ്, എല്‍.ജി, ദേവൂ തുടങ്ങിയ കമ്പനികളാണ്. അന്താരാഷ്ട്ര ഉപരോധങ്ങളും വിവാദങ്ങളും മൂടിയ ഉത്തര കൊറിയ സ്വന്തം കാലില്‍ നില്‍ക്കാനാവാതെ കിതക്കുമ്പോള്‍ വമ്പന്‍ കുതിപ്പാണ് ദക്ഷിണ കൊറിയ നടത്തുന്നത്. അതിന്റെ നേര്‍ സാക്ഷ്യമാണ് സാംസങ് മ്യൂസിയം.
മനുഷ്യരാശിയെ പരിവര്‍ത്തിപ്പിച്ച കണ്ടുപിടുത്തങ്ങളുടെ ചരിത്രവും വളര്‍ച്ചയും മോഹിപ്പിക്കുന്ന ഭാവിയും ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇലക്ട്രിസിറ്റിയുടെ കണ്ടുപിടുത്തത്തോടെ തുടങ്ങുന്ന എക്‌സിബിഷന്‍ ബഹിരാകാശ ജീവിത കാലത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു.
സാങ്കേതിക വിദ്യകള്‍ നമ്മുടെ ജീവതത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മ്യൂസിയം ഭംഗിയായി പറഞ്ഞുതരുന്നു. 1985ല്‍ ഒരു മൊബൈല്‍ ഫോണിന്റെ വില 5000 അമേരിക്കന്‍ ഡോളറായിരുന്നു! അന്നത്തെ ഒരു ഇടത്തരം കാറിനെക്കാളും വില! 1973ല്‍ ആദ്യ സെല്ലുലാര്‍ ഫോണ്‍ നിര്‍മിച്ചുവെങ്കിലും വ്യാവസായിക ഉദ്പാദനം തുടങ്ങുന്നത് 1979ല്‍. 1985ലെ നോക്കിയ മൊബൈല്‍ ഫോണിന്റെ വലിപ്പം ഒരു ചെറിയ സ്യൂട്ട്‌കേസിന്റെയത്രയും വരും! സെല്ലുലാര്‍ സംവിധാനം ഡിജിറ്റല്‍ ആകാന്‍ 1991 വരെ കാത്തിരിക്കേണ്ടി വന്നു. 1996ല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ എത്തി. പിന്നെയും പത്തു വര്‍ഷം കഴിഞ്ഞാണ്, 2001ല്‍ ആദ്യ കാമറ ഫോണ്‍ ലഭ്യമാകുന്നത്.
നിത്യജീവിതത്തിന്റെ ഭാഗമായ റഫ്രിജറേറ്ററിന്റെയും അലക്കുയന്ത്രത്തിന്റെയുമൊക്കെ ആദ്യകാല രൂപം കണ്ടാല്‍ ചിരിവരും. ഭൂഖണ്ഡങ്ങള്‍ക്കപ്പുറമാണെങ്കിലും വീട്ടിനകത്തെ ഉപകരണങ്ങള്‍ നിയന്ത്രിക്കാനാവുന്ന വിധം പുത്തന്‍ സാങ്കേതിക വിദ്യകള്‍ സുലഭമായ വര്‍ത്തമാനത്തിലേക്കുള്ള അവയുടെ പ്രയാണം വിസ്്മയാവഹമാണ്. അടുത്ത നൂറ്റാണ്ടിലേക്കുള്ള യന്ത്രസാമഗ്രികളുടെ ആലോചനയും രൂപകല്‍പനയും പോലും വിവിധ കമ്പനികളുടെ ലാബുകളില്‍ നടന്നുവരുന്നുവെന്ന് ഇന്നൊവേഷന്‍ മ്യൂസിയം പറഞ്ഞുതരുന്നു.
മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്ന് മനസ്സിലാക്കിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് പഴയതലമുറയുടെ ഗൃഹാതുര സ്മരണ മാത്രമാണ്. 2007ല്‍ ഐ ഫോണും 2010ഓടെ ആന്‍ഡ്രോയ്ഡ് ഫോണുകളും സജീവമായതോടെ നോക്കിയ പുറന്തള്ളപ്പെട്ടു. മാര്‍ക്കറ്റില്‍ ഇവയോട് ഏറ്റുമുട്ടാനുള്ള ശേഷി ഒരു ഘട്ടത്തില്‍ പോലും കമ്പനിക്ക് ആര്‍ജ്ജിക്കാനായില്ല.
2010 മുതല്‍ 2014വരെ കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന സ്റ്റീഫന്‍ ഇലോപ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത് കത്തുന്ന കപ്പല്‍ത്തട്ട് (burning platform) എന്നായിരുന്നു. കത്തുന്ന പ്ലാറ്റ്‌ഫോമിലിരുന്ന് സ്വയം എരിഞ്ഞമരുക അല്ലെങ്കില്‍ വെള്ളത്തിലേക്കു ചാടുക എന്നായിരുന്നു കമ്പനിയിലെ ജോലിക്കാരുടെ അവസ്ഥയെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. (“..a burning oil platform with the employees faced with a choice of either perishing in the flames or jumping into the cold water below”).
സാങ്കേതിക വിദ്യയെ പുതിയകാലത്തിനും അഭിരുചിക്കുമനുസരിച്ച് ഉപയോഗപ്പെടുത്തുന്നതിലുണ്ടാകുന്ന ചെറിയ ശ്രദ്ധക്കുറവു പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ നമ്മെ ബാധിക്കുമെന്നതിന്റെ തെളിവായി നോക്കിയ ഫോണിന്റെ പഴയ പതിപ്പുകള്‍ മ്യൂസിയത്തിലുണ്ട്.

മഅ്ദിന്‍ അക്കാദമിയുടെ ആരംഭം എങ്ങനെയായിരുന്നു

1997 ജൂണ്‍ 6ന് ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെയാണ് മഅ്ദിന്‍ ആരംഭിക്കുന്നത്. ധന്യമായ അവിടുത്തെ സാന്നിദ്ധ്യം ഒരു പ്രതീകമായിരുന്നു. കാലങ്ങളെ അറിവു കൊണ്ട് ധന്യമാക്കിയ ഗുരുക്കളുടെ മഹാഗുരു തന്റെ കൈകളുയര്‍ത്തി നാഥനോട് കരഞ്ഞു തേടിയത് ഇന്നും മഅ്ദിന്‍ പ്രവര്‍ത്തകരുടെ കാതുകളില്‍ മുഴങ്ങുന്നു. അല്ലാഹുവേ, തിരുനബി(സ)യുടെ പുണ്യ ദീനിനെ സഹായിക്കുന്നവരെ നീ സഹായിക്കേണമേ.
മഹാ ഗുരുക്കളുടെയും സ്‌നേഹ ജനങ്ങളുടെയും പ്രാര്‍ത്ഥനകളും അകമഴിഞ്ഞ പിന്തുണയുമാണ് അഭിമാനകരമായ ഈ വളര്‍ച്ചയിലേക്ക് സ്ഥാപനത്തെ എത്തിച്ചത്. എണ്ണത്തിലും ബഹളത്തിലുമല്ല, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളിലും പ്രവര്‍ത്തനങ്ങളിലുമാണ് കാര്യമെന്ന് ഈ മുന്നേറ്റം ബോധ്യപ്പെടുത്തി. ഇസ്‌ലാമിന്റെ സ്‌നേഹ പാരമ്പര്യത്തിന്റെ വിളനിലമായ മലപ്പുറത്ത്, അത് ഇല്ലാതായിപ്പോകുമോയെന്ന് ആശങ്കപ്പെട്ട നിര്‍ണായക ഘട്ടത്തിലായിരുന്നു മഅ്ദിന്‍ വളര്‍ന്നു വന്നത്.

ഒരു പള്ളി ദര്‍സില്‍ നിന്നും ഇന്നത്തെ രീതിയിലുള്ള വൈപുല്യമാര്‍ന്ന സ്ഥാപന സംരംഭങ്ങളിലേക്കുള്ള പ്രേരണയെന്തായിരുന്നു?

ഞങ്ങളുടെ വന്ദ്യ പിതാവ് സയ്യിദ് അഹ്മദുല്‍ ബുഖാരിയുടെ (നവ്വറല്ലാഹു മര്‍ഖദഹു) ചുറ്റും എന്നും ആള്‍ക്കൂട്ടമായിരുന്നു. ഈ കാഴ്ചയാണ് കുട്ടിക്കാലം മുതല്‍ തന്നെ ഞങ്ങളെല്ലാം കാണുന്നത്. ഓരോ പ്രശ്‌നങ്ങളുമായി വരുന്നവര്‍. മതവും ഭൗതികവുമായ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ഉപദേശവും തേടിയെത്തുന്നവരായിരുന്നു അവരെല്ലാം. ഓരോ ആളുകളെയും യുക്തിപൂര്‍വ്വം ഉപ്പ കൈകാര്യം ചെയ്യുന്നത് കാണാം. യുക്തി പൂര്‍വ്വമെന്ന് ഞാന്‍ പറഞ്ഞത് ആലോചിച്ചു തന്നെയാണ്. കാരണം, പലര്‍ക്കും പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. വെറുതെ തോന്നല്‍ മാത്രമായിരിക്കും. അത് വേദനകളും വേവലാതികളുമായി മാറും. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഏറെ ആലോചിച്ചു വേണം. ഒപ്പം ഇസ്‌ലാമികമായ ധര്‍മശാസനകള്‍ ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കുകയും വേണം.
ഉപ്പയുടെ മാതൃകാപരമായ ഇത്തരം രീതികള്‍ ജീവിതത്തിന്റെ ഓരോ മേഖലയിലും ഞങ്ങള്‍ മക്കള്‍ക്കെല്ലാം വഴികാട്ടിയിട്ടുണ്ട്. അറിവിന്റെ എല്ലാ മാര്‍ഗങ്ങളിലേക്കും കടന്നു ചെല്ലാന്‍ വന്ദ്യപിതാവ് ഞങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. 1986ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, മലപ്പുറത്തെ മേല്‍മുറിയില്‍ (പൊടിയാട്) നിന്നും ദര്‍സ് അന്വേഷണം വന്നപ്പോള്‍ അത് ഏല്‍ക്കരുതെന്ന് സ്‌നേഹ ബുദ്ധ്യാ പലരും ഉപദേശിച്ചപ്പോഴും ഉപ്പയായിരുന്നു ശരിയായ തീരുമാനമെടുപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഉപ്പയുടെ മാര്‍ഗദര്‍ശനം പുലര്‍ന്നു.
ഇടക്കാലത്ത് ആലസ്യമുണ്ടായെങ്കിലും നന്മകളുടെയും മഹത്തായ പാരമ്പര്യത്തിന്റെയും മണ്ണായ മലപ്പുറത്ത് സുകൃതങ്ങള്‍ പൂര്‍ണമായും അന്യം നിന്നു പോകില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. വെള്ളവും വളവും ലഭിച്ചാല്‍ നന്മകള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും തഴച്ചു വളരാന്‍ പാകത്തിലുള്ളതായിരുന്നു ഈ മണ്ണ്. പത്തു വര്‍ഷത്തോളം മേല്‍മുറി മസ്ജിദുന്നൂറിലെ ദര്‍സീ രംഗത്തു നിന്നുള്ള പരിചയവും അനുഭവങ്ങളും ഈ വിശ്വാസത്തിന് ഒന്നു കൂടി ദൃഢത വരുത്തി. സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും എല്ലാ തരം ആളുകള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികള്‍ക്ക് തുടക്കമിടാനും വഴിയൊരുങ്ങി.

അങ്ങയുടെ പ്രവര്‍ത്തന കേന്ദ്രം സ്വലാത്ത് നഗര്‍ എന്ന റിയപ്പെടണമെന്ന് ആഗ്രഹിക്കാന്‍ കാരണം?

അല്ലാഹുവും മലക്കുകളും ജനങ്ങളും ഒരുപോലെ ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യമാണല്ലോ തിരുനബി(സ) യുടെ പേരിലുള്ള സ്വലാത്ത്. മഹത്തായ തിരുപ്രകീര്‍ത്തനത്താല്‍ ധന്യമായ ഒരു വീട്, കുടുംബം, നാട് ഇവയുടെയൊക്കെ ഭാഗ്യം പറയേണ്ടതില്ലല്ലോ. ഈ ചിന്തയാണ് സ്വലാത്ത് നഗറിലേക്ക് വഴികാട്ടിയത്. എല്ലാ മാസവും അവസാന വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസ് അനേകം നന്മകളുടെ പ്രഭവകേന്ദ്രമാകുന്നതും കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അത് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് അത്താണിയാകുന്നതും ഈ ധന്യതയുടെ ഫലമായാണ്.

അടുത്ത കാലത്ത് മഅ്ദിനില്‍ നിന്നു കേട്ട പുതുമയുള്ള പദ്ധതിയാണ് മഹബ്ബ സ്‌ക്വയര്‍. വിശദീകരിക്കാമോ?

പേര് സൂചിപ്പിക്കും പോലെ തന്നെ ഇത് തിരു റസൂലിന്റെ(സ) ഓര്‍മകളെ അടയാളപ്പെടുത്തുന്ന ഇടമാണ്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മേല്‍മുറി വില്ലേജിന് അതിരിടുന്ന മലനിരയില്‍ മഅ്ദിന്‍ അക്കാദമിയുടെ പ്രകാശിക്കുന്ന അടയാളമാവുന്ന തരത്തിലും തലത്തിലുമാണ് മഹബ്ബ സ്‌ക്വയര്‍ ഉയരുന്നത്. കീര്‍ത്തന കാവ്യങ്ങളിലെ രാജകുമാരന്‍, ഇമാം ബൂസ്വീരിയുടെ (റ) അനുഗ്രഹീത തൂലികയില്‍ വിരിഞ്ഞ ഖസീദതുല്‍ ബുര്‍ദയുടെ നാമധേയത്തിലുള്ള പഠന-ഗവേഷണ-ആസ്വാദന സമുച്ചയം, ടെക്‌നോറിയം ഗ്രാന്റ് മസ്ജിദ്, ഫിനിഷിംഗ് സ്‌കൂള്‍, സാംസ്‌കാരിക ഗവേഷണ കേന്ദ്രം, ഹോസ്റ്റലുകള്‍ എന്നിവയാണ് മഹബ്ബ സ്‌ക്വയറിലുണ്ടാവുക.
പുണ്യ റസൂലിനെക്കുറിച്ചുള്ള രചനകളും ദൃശ്യ-ശ്രാവ്യ സൃഷ്ടികളുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നുവെന്ന പ്രത്യേകത ഈ ചത്വരത്തിനുണ്ട്. എല്ലാ ഭാഷകളിലുമുള്ള മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള രചനകള്‍ പരമാവധി സംഘടിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. തിരു റസൂലിനെപ്പറ്റി പഠിക്കാനും മനസ്സിലാക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ട സ്ഥാനമായി മഹബ്ബ സ്‌ക്വയര്‍ മാറും, ഇന്‍ഷാ അല്ലാഹ്.
കേരളത്തിലെ തന്നെ ഏറ്റവും സ്മാര്‍ട്ടായ ടെക്‌നോളജി കാമ്പസായി മാറുന്ന മഅ്ദിന്‍ ടെക്‌നോറിയത്തില്‍ നിര്‍മിക്കുന്ന ആസ്യ-മൂസ ഗ്രാന്റ് മസ്ജിദ് മഹബ്ബ സ്‌ക്വയറിലെ പ്രധാന സ്ഥാപനമാണ്. ഇതിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. പഠനത്തിനും പ്രാര്‍ത്ഥനക്കും ഏറ്റവും നവീനമായ സൗകര്യങ്ങളൊരുക്കുമ്പോള്‍ തന്നെ, പാരമ്പര്യമായ ദര്‍സീ സമ്പ്രദായത്തിന്റെ എല്ലാ നന്മകളേയും സന്നിവേശിപ്പിക്കാനാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഫിനിഷിംഗ് സ്‌കൂള്‍, പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കുമുള്ള ഹോസ്റ്റലുകള്‍ എന്നിവയും മഹബ്ബ സ്‌ക്വയറിന്റെ ഭാഗമായി ഉയര്‍ന്നു വരണമെന്നാണ് ആഗ്രഹം.
അന്താരാഷ്ട്ര പ്രശസ്ത സര്‍വകലാശാലയുടെ പിന്തുണയോടെയുള്ള വിദ്യാകേന്ദ്രങ്ങളുടെയും പഠന ഗവേഷണ സ്ഥാപനങ്ങളുടെയും ചാരത്താണ് മസ്ജിദും റിസര്‍ച്ച് ലൈബ്രറിയുമുള്‍ക്കൊള്ളുന്ന ഈ ബൃഹത്തായ പദ്ധതി സ്ഥാപിക്കുന്നത് എന്നത് ഏറ്റവും പ്രതീക്ഷ നല്‍കുന്നതാണ്.

മഅ്ദിന്‍ വേറിട്ടു നില്‍ക്കുന്നത് അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായുള്ള അതിന്റെ അടുപ്പമാണ്. ഇതേപ്പറ്റി എന്താണു പറയാനുള്ളത്.

രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറം വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി കൈകോര്‍ത്തു നീങ്ങാന്‍ സ്ഥാപനത്തിനു കഴിഞ്ഞു. ഇതിനകം പത്തിലധികം അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായു അക്കാദമിക്- കള്‍ച്ചറല്‍ സംഘടനകളു.മായും സഹകരണത്തിലെത്താന്‍ കഴിഞ്ഞു. വൈസനിയത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ രണ്ട് പ്രധാന ഏജന്‍സികളുമായി സഹകര കരാറില്‍ ഒപ്പുവെച്ചു. യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍, യു.എന്‍ സെക്രട്ടറി ജനറലിന്റെ സ്‌പെഷ്യല്‍ അഡൈ്വസറുടെ ഓഫീസ് എന്നിവയുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് മഅ്ദിന്‍.
കഴിഞ്ഞ നാലു വര്‍ഷങ്ങളിലും ജി 20 ഉച്ച കോടിയുടെ ഭാഗമായി നടന്ന മത സൗഹാര്‍ദ്ധ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രാതിനിധ്യം മഅ്ദിന്‍ അക്കാദമിക്കായിരുന്നുവെന്നത് ഏറെ അഭിമാനം നല്‍കുന്നു. മാര്‍പ്പാപ്പയുടെ കീഴില്‍ മത സൗഹാര്‍ദ്ദത്തിനായുള്ള പോന്തിഫിക്കല്‍ സെന്ററിന്റെ വത്തിക്കാന്‍ സമ്മേളനത്തിലും ജര്‍മനി, സ്‌പൈന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സഹകരണ പരിപാടികളിലും സ്ഥാപനത്തിന് പങ്കാളിത്തം ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള മാന്യുസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്റെ പരിപാടികളുമായി അടുത്തു സഹകരിക്കാനായി. മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര ഇസ്‌ലാമിക് വാഴ്‌സിറ്റിയില്‍ നടക്കന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ഫൈത്ത് ഹാര്‍മണി ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള ഹാര്‍മണി കോണ്‍ഫറന്‍സിന്റെ പ്രധാന സംഘാടക സ്ഥാനം മഅ്ദിന്‍ അക്കാദമിക്കുണ്ട്.
യമനില്‍ ഹളര്‍മൗത്തിലെ തരീമില്‍, ആദരണീയ ആത്മീയ വ്യക്തിത്വമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസിന്റെ നേതൃത്വത്തിലുള്ള ദാറുല്‍ മുസ്തഫയുമായി ശക്തമായ ബന്ധം മഅ്ദിന്‍ സ്ഥാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ ശൈഖ് സായിദ് യൂണിവേഴ്‌സിറ്റിയുമായി പ്രസാധന രംഗത്ത് യോജിച്ച് സംരംഭങ്ങള്‍ നടന്നു വരുന്നു. ഇന്തോനേഷ്യയിലെ മുഹമ്മദിയ്യ യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥാപനങ്ങളുമായി വിദ്യാര്‍ത്ഥി- അധ്യാപക കൈമാറ്റ പദ്ധതി ആരംഭിച്ചു.

വിദ്യാര്‍ത്ഥികളോടും സ്‌നേഹ ജനങ്ങളോടും എന്താണു പറയാനുള്ളത്?

ഇമാം ഹസനുല്‍ ബസ്വരി(റ)ന്റെ പറയന്നത് നോക്കൂ, മനുഷ്യര്‍ ആകെക്കൂടെ ജീവിക്കുന്നത് മൂന്നേ മൂന്ന് ദിവസങ്ങളിലാണ്. ഇന്നലെയും ഇന്നും നാളെയും. ഇന്നലെ കൈവിട്ടു പോയി. നാളെയുടെ ഒരു ഉറപ്പുമില്ല. അതുകൊണ്ട്, ഇന്ന് ഇന്നു തന്നെ ജീവിക്കുക.
വളരെച്ചെറുതാണു ജീവിതം. അത് സന്തോഷത്തോടെ ജീവിക്കുക. ഒപ്പമുള്ളവര്‍ക്ക് സന്തോഷം പകരുക. സ്‌നേഹിക്കാനും പൊറുക്കാനും പഠിക്കുക. അതാണു വലിയ ജീവിത പാഠം. എല്ലാം കഴിഞ്ഞ്, നാളെ നമ്മുടെ മരണ ശേഷം നമ്മെക്കുറിച്ച് മറ്റുള്ളവര്‍ നന്മകൊണ്ട് സ്മരിക്കണം.
കുട്ടികള്‍ പഠിക്കണം. നന്നായി പഠിക്കണം. അതിന് അതിബുദ്ധിയൊന്നും വേണ്ട. ഇന്നലെകളെയോര്‍ത്ത് വിഷമിക്കേണ്ട. മഹാനായ ഹസനുല്‍ ബസ്വരി(റ) പറഞ്ഞതു പോലെ, ഇന്നു തന്നെ പഠിക്കുക. നിങ്ങള്‍ പഠനത്തില്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ മഹാ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ലോകത്തെ മാറ്റി മറിച്ച മഹത്തുക്കളെല്ലാം നിങ്ങളെപ്പോലെ കുട്ടികളായി വളര്‍ന്നവരാണ്. നാളെ നിങ്ങള്‍ക്കുള്ളതാണ്. വിജയം നിങ്ങളെ കാത്തിരിക്കുന്നു. അവയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയേ വേണ്ടൂ.

ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാനാവുമോ?

മഅ്ദിന്‍ സ്ഥാപനങ്ങളുടെ ആരംഭകാലത്താണ്, ഇടയ്ക്കിടെ ഡിഗ്രിക്കു പഠിക്കുന്ന ഒരു മകനുമായി എന്റെ അടുത്ത് വന്നു ആ രക്ഷിതാവ്. തികഞ്ഞ സാത്വിക ഭാവത്തോടെയുളള ഉപ്പായുടെ നേര്‍ വിപരീത സ്വഭാവമായിരുന്നു മകന്‍. പൊട്ടിത്തെറിച്ച പ്രകൃതം. അനുസരണക്കേട് വിളിച്ചു പറയുന്ന തലയും മുടിയും. ആകെ വിഷമിക്കുന്ന ചുറ്റുപാട്. ഓരോ തവണയും തന്റെ മകന്റെ നല്ല ഭാവിയ്ക്കായുള്ള പ്രാര്‍ത്ഥന തേടിക്കൊണ്ട് അവര്‍ തിരിച്ചു പോകും. കുറഞ്ഞ സമയമാണെങ്കിലും ലളിതമായ കാര്യങ്ങള്‍ ഉപദേശിച്ചു കൊടുക്കും. ചെറിയ പ്രാര്‍ത്ഥനകള്‍ പറഞ്ഞു കൊടുക്കും. മടുപ്പ് കൂടാതെ, ആ പിതാവും പുത്രനും പലകുറി എന്റെയടുത്തെത്തി. കാലം കുട്ടിയുടെ സ്വഭാവത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. ഇടയ്‌ക്കെപ്പെഴോ ആ വരവ് നിലച്ചു.
രണ്ടു വര്‍ഷം മുമ്പ് വീണ്ടും ഉപ്പയും മകനും എന്റെ മുന്നിലെത്തി. അത് ഏറെ സന്തോഷത്തോടെയായിരുന്നു. മകന്‍ വിദേശത്ത് നല്ല നിലയില്‍ കുടുംബ സമേതം ജീവിക്കുന്നു. ഉപ്പയേയും ഉമ്മയേയും കൂട്ടി ഹജ്ജിനും ഉംറക്കും പോയി. അവരിപ്പോള്‍ തിരിച്ച് നാട്ടിലെത്തിയതാണ്. തന്റെ ഗുരുക്കന്മാരെ കാണാനുള്ള യാത്രക്കിറങ്ങിയതാണ്. ആദ്യ കാലത്ത് മകനെക്കുറിച്ചുള്ള പരാതി പറയാനെത്തിയപ്പോള്‍ പിതാവിന്റെ കണ്‍കോണിലുണ്ടായിരുന്ന കണ്ണീരിന്റെ അളവിനെക്കാള്‍ കൂടുതലുണ്ട് ഇപ്പോള്‍ കവിള്‍ത്തടങ്ങളെ നനയ്ക്കുന്ന സന്തോഷാശ്രുക്കള്‍. ഇത് ആഹ്ലാദക്കാണ്ണീരാണ്.
ആ ഉപ്പാക്ക് വാക്കുകള്‍ ഇടറുന്നു. പ്രതിസന്ധികാലത്ത് മകനെ ഉപദേശിച്ചും നല്ലവാക്ക് പറഞ്ഞ് പ്രോത്സാഹിപ്പിച്ചും പിന്തുണച്ചതിന് നന്ദി പറയാന്‍ വാക്കുകളില്ല. ജീവിതത്തിലെ അലസ നിമിഷങ്ങളില്‍ കൈപിടിച്ചതിന് നന്ദിപറഞ്ഞ മകന്റെയും കണ്ഠമിടറി. ഇതു പോലുള്ള ഒട്ടേറെ അവസരങ്ങളുണ്ടാവാറുണ്ട്.
നമ്മുടെ ഒരു വാക്ക് കൊണ്ട്, നോക്ക് കൊണ്ട്, തലോടല്‍ കൊണ്ട് ആളുകളില്‍ സന്തോഷവും ആഹ്ലാദവും കോരിയിടുമ്പോഴുണ്ടാകുന്ന സായൂജ്യത്തിന് പകരം വെക്കാനൊന്നിനുമാവില്ല.

ഉപ്പയുടെ ആത്മീയ ശിക്ഷണത്തെപ്പറ്റി പറഞ്ഞു. ആത്മീയ രംഗത്തെ മറ്റു വഴികാട്ടികള്‍ ആരൊക്കെയാണ്.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനൊരിക്കലും ഇഹലോകത്തിന് വേണ്ടി മാത്രമോ അതല്ലെങ്കില്‍ പരലോകത്തിന് വേണ്ടി മാത്രമോ ജീവിക്കാന്‍ സാധ്യമല്ല. അഥവാ മതവും ഭൗതികവും സമന്വയിപ്പിക്കപ്പെട്ടതാണ് ജീവിതം. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തആല ദുന്‍യാവിലും ആഖിറത്തിലും ഞങ്ങള്‍ക്ക് നന്മചെയ്യണെ എന്ന് ദുആ ചെയ്യാന്‍ പറഞ്ഞത്. എന്നാല്‍ അടിസ്ഥാനം ആഖിറമാകണമെന്നു മാത്രം.
എന്റെ മശാഇഖന്മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ വളരെ ദീര്‍ഘമായി പറയണം. അവരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ ഇവിടെ പറയാന്‍ ശ്രമിക്കാം. ഞങ്ങളുടെ കുടുംബം ഒരു അനുഗ്രഹീത കുടുംബമാണ്. ആത്മീയ പരിസരത്ത് നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്ത വിധം ആത്മീയതയുമായി ബന്ധിതമായ കുടുംബം. എന്റെ പ്രസവത്തോടെ തുടങ്ങുന്നതാണ് എന്റെ ആത്മീയ ജീവിതം. എന്നെ പ്രസവിച്ച ഉടനെ ഉപ്പയുടെ അഭാവത്തില്‍ സംസം വെള്ളം തൊട്ടു തന്നത് കടലുണ്ടി ഇമ്പിച്ചി കോയ തങ്ങളാണ്. തുടര്‍ന്നു വന്ദ്യപിതാവ് സയ്യിദ് അഹമദ് അല്‍ബുഖാരിയില്‍ നിന്നു തന്നെയാണ് എന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. മൂത്താപ്പ സയ്യിദ് ബാഫഖറുദ്ദീന്‍ ഇമ്പിച്ചി ആറ്റക്കോയ തങ്ങളില്‍ നിന്നും എളാപ്പ സയ്യിദ് മുഹമ്മദ് വല്ല്യുണ്ണി തങ്ങളില്‍ നിന്നും ഉപ്പാപ്പ(ഉമ്മയുടെ ഉപ്പ) സയ്യിദ് ഹാഫിള് ശാഹുല്‍ ഹമീദ് തങ്ങളില്‍ നിന്നും ഭാര്യ പിതാവായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കാജൂരില്‍ നിന്നും ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളില്‍ നിന്നുമുള്ള ആത്മീയ ശിക്ഷണത്തിലാണ് വളര്‍ന്നത്. കൂടാതെ പ്രിയപ്പെട്ട ഉസ്താദ് ശൈഖുന ബീരാന്‍ കോയ മുസ്ലിയാര്‍, ഇരിങ്ങാവൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, കൈപ്പമംഗലം കരീം ഹാജി, റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമദ് മുസ്‌ലിയാര്‍, ശൈഖ് അബൂബക്കര്‍ മുസ്‌ലിയാര്‍ കക്കിടിപ്പുറം, ഓ.കെ സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, സയ്യിദ് മഹമൂദ് ഹിബത്തുല്ലാഹ് അല്‍ബുഖാരി ചാവക്കാട്, സയ്യിദ് ഇമ്പിച്ചിക്കോയ അല്‍ ഐദറൂസി ചാലിയം, ശൈഖ് മുഹമ്മദ് യാസീന്‍ അല്‍ ഫാദാനി മക്ക, സയ്യിദ് മുഹമ്മദ് അല്‍ മാലിക്കി മക്ക, അല്‍ ഹബീബ് ഹസന്‍ മുഹമ്മദ് ശദ്ദാദ് ബാഉമര്‍, അല്‍ ഹബീബ് സാലിം ശാത്വിരി യമന്‍, അല്‍ ഹബീബ് അലി അല്‍ മശ്ഹൂര്‍ യമന്‍, അല്‍ ഹബീബ് ഉമര്‍ ഹഫീസ് യമന്‍, ജബ്ബാര്‍ ഹസ്‌റത്ത്, കമാലുദ്ദീന്‍ ഹസ്‌റത്ത്, സൈനുല്‍ ആബിദീന്‍ ഹസ്‌റത്ത്, ഹനീഫ ഹസ്‌റത്ത് തുടങ്ങിയ വിലായത്തിന്റെ ഔന്നിത്യങ്ങള്‍ കീഴടക്കിയ മഹാരഥന്മാരായ പല പണ്ഡിതന്മാരുടെയും ആത്മീയ ശിക്ഷണത്തില്‍ വളരാനും അവരില്‍ നിന്ന് ഇജാസത്തുകള്‍ കരസ്ഥമാക്കാനും വിനീതനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. അല്‍ ഹംദുലില്ലാഹ്.

Share this:

  • Twitter
  • Facebook

Related Posts

ചരിത്രമെഴുത്തിലെ വർത്തമാന മാറ്റങ്ങളും ആശങ്കകളും
Interview

ചരിത്രമെഴുത്തിലെ വർത്തമാന മാറ്റങ്ങളും ആശങ്കകളും

August 17, 2019
thomas-martinsen-4H9IuFBIpYM-unsplash.jpg
Interview

മുത്വലാഖും ഏകീകൃത സിവില്‍ കോഡും ഗുരുമുഖ ചര്‍ച്ചയിലൂടെ

February 1, 2017
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×