ഹിജ്‌റാബ്ദം നാല്‍പത്തി ഒന്ന് റബീഉല്‍ അവ്വല്‍ മാസത്തിലാണ് ഉമവീ ഭരണത്തിന് നാന്ദി കുറിക്കുന്നത്. തൊണ്ണൂറ്റി ഒന്ന് വര്‍ഷമാണ് മുആവിയ(റ) മുതല്‍ തുടങ്ങിയ ഈ ഖിലാഫത്ത് നിലകൊണ്ടിരുന്നത്. മഹാനായ ഹസന്‍ ബിന്‍ അലി(റ), മുആവിയ(റ) വുമായി സന്ധിയിലായി, അദ്ദേഹത്തെ ഖലീഫയായി ബൈഅത്ത് ചെയ്യുന്നതിലൂടെയാണ് ഉമവീ ഭരണം ആരംഭിക്കുന്നത്. വിവിധ കരങ്ങളിലൂടെ കടന്നു പോയ പ്രസ്തുത ഖിലാഫത്ത് ഒടുവില്‍ ഹിജ്‌റ നൂറ്റിമുപ്പത്തിരണ്ടിന് അവസാനിക്കുന്നത് മര്‍വാനുബ്‌നു മുഹമ്മദ് എന്ന മര്‍വാന്‍ രണ്ടാമന്റെ മരണത്തോട് കൂടിയാണ്.
നബി തങ്ങളുടെ ഉപ്പാപ്പമാരില്‍ പെട്ട അബ്ദുമനാഫിന്റെ നാലു മക്കളില്‍ ഒരുവനായ അബ്ദുശംസിന്റെ മകന്‍ ഉമയ്യത്തിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് ബനൂ ഉമയ്യ എന്നും ഉമവികള്‍ എന്നും പറയപ്പെടുന്നത്. ഉമയ്യത്തിന്റെ രണ്ടു മക്കളായ ഹര്‍ബിന്റെയും അബുല്‍ ആസ്വിയുടെയും പരമ്പരയിലായി പതിമൂന്ന് ഭരണാധികാരികളാണ് ഉണ്ടായിരുന്നത്. ഹര്‍ബിന്റെ മകന്‍(സ്വഖ്‌റ്) അബൂസുഫ്‌യാന്‍(റ)ന്റെ മകന്‍ മുആവിയ(റ), അദ്ദേഹത്തിന്റെ മകന്‍ യസീദ്, അദ്ദേഹത്തിന്റെ മകന്‍ മുആവിയ രണ്ടാമന്‍ എന്നീ മൂന്ന് പേരാണ് ഒന്നാം താവഴിയില്‍ വരുന്നത്.
അബുല്‍ ആസ്വിയുടെ മകന്‍ ഹകമിന്റെ മകന്‍ മര്‍വാന്‍ ഒന്നാമന്‍, മര്‍വാന്റ മകന്‍ അബ്ദുല്‍ മലിക്, അദ്ദേഹത്തിന്റെ മക്കളായ വലീദ് ഒന്നാമന്‍, സുലൈമാന്‍, യസീദ്, ഹിഷാം, അബ്ദുല്‍ മലിക്കിന്റെ സഹോദരന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഉമര്‍, വലീദിന്റെ പുത്രന്‍ യസീദ് മൂന്നാമന്‍, യസീദ് രണ്ടാമന്റെ മകന്‍ വലീദ് രണ്ടാമന്‍, അബ്ദുല്‍ മലിക്കിന്റെ മൂന്നാമത്തെ പുത്രന്‍ മുഹമ്മദിന്റ മകന്‍ മര്‍വാന്‍ രണ്ടാമന്‍ എന്നിവരാണ് ഉമവീ ഖലീഫമാര്‍.
വിശദമായ ചരിത്രത്തിലേക്കിറങ്ങും മുമ്പേ നാം മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ഇസ്ലാമന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന വലിയ ഒരു ആരോപണം, കൊട്ടിഘോഷിക്കപ്പെട്ട ഇസ്‌ലാമിക ഖിലാഫത്ത് കാല്‍ നൂറ്റാണ്ട് മാത്രമേ നിലനിന്നിട്ടുള്ളൂ എന്നും, പിന്നീടെല്ലാം കീഴ്‌മേലായി മറിഞ്ഞു എന്നും, അതുകൊണ്ട് ഇസ്‌ലാം ഭരണ രംഗത്ത് പ്രായോഗികമല്ല എന്നുമുള്ള കുപ്രചരണങ്ങള്‍, അതിനു വളമേകുന്ന തരത്തിലാണ് നമ്മുടെ പല ചരിത്രകാരന്മാരുടെയും നിലപാടുകളും. ഇവിടെ നാം അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. ആദ്യകാല മുസ്‌ലിം ചരിത്ര രചന നടത്തിയ വാഖിദി, യഅ്കൂബി, മസ്ഊദി തുടങ്ങിയവര്‍ ശിയാക്കളും ശിയാ നിവേദകരുമായതിനാല്‍ പിന്നീട് വന്ന സുന്നീ ചരിത്രകാരന്മാരായ ത്വിബ്‌രീ, ഇബ്‌നു ഹിശാം തുടങ്ങിയവര്‍ ഇത്തരം ശിയാ ആശയക്കാരില്‍ നിന്നും അതുപോലെ ഉദ്ധരിക്കാനിടയായിട്ടുണ്ട്.
എന്ന് നബി (സ) വിശേഷിപ്പിച്ച ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിന് മുമ്പ് തുടങ്ങി രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ അവസാനിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ച് നാം ഒരു പുനര്‍വായനക്ക് വിധേയമാക്കല്‍ അനിവാര്യമല്ലേ…?
എന്ന് നബി തങ്ങള്‍ നേരത്തെ പഠിപ്പിച്ചു തന്നതിനനുസരിച്ച് ഖിലാഫത്തിന്റെ ഘട്ടം കഴിഞ്ഞാല്‍ രാജകീയ സ്വഭാവം കൈവരുമെങ്കിലും ആദ്യം അത് കാരുണ്യമായും പിന്നീട് പരസ്പരം കടിപിടി കൂടുന്നതും അവസാനം അടിച്ചമര്‍ത്തലുകളും ആയിത്തീരുമെന്ന സൂചന കാല്‍ നൂറ്റാണ്ടിന് ശേഷവും ഇസ്ലാമിക ഭരണം നിലനില്‍ക്കുന്നതിലേക്കാണ്.
മുആവിയ(റ)
ഉംറത്തുല്‍ ഖളിയയുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. പിതാവിനെ ഭയന്ന് ആ കാര്യം മറച്ചു വെക്കുകയും മക്കം ഫത്ഹ് വേളയില്‍ അത് വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് നബി(സ്വ) തങ്ങളുടെ വഹ്‌യ് എഴുത്തുകാരില്‍ ഒരാളും വിശ്വസ്തനുമായി അറിയപ്പെട്ടു. പിന്നിട് സിദ്ധീഖുല്‍ അക്ബറിന്റെ കാലത്ത് നാല് സൈനിക നായകന്മാരുടെ നേതൃത്വത്തില്‍ ശാമിലേക്ക് സൈന്യത്തെ അയച്ചപ്പോള്‍ അതില്‍ ഒന്നിന്റെ നേതൃത്വം യസീദ് ബിന്‍ അബൂ സുഫ്‌യാന്‍ ആയിരുന്നു. കൂടെ പുറപ്പെട്ട സൈന്യത്തില്‍ മുആവിയയും ഉണ്ടായിരുന്നു. വിജയാനന്തരം സമസ്മകസിന്റെ ഭരണം യസീദിന് നല്‍കപ്പെട്ടു. ഉമറിന്റെ ഖിലാഫത്ത് കാലത്ത് യസീദ് വഫാത്തായപ്പോള്‍ തല്‍സ്ഥാനത്ത് മുആവിയയെ നിയോഗിച്ചു. പിന്നീട് ഉസ്മാന്‍ അദ്ദേഹത്തെ ശ്യാമിലെ മുഴുവന്‍ പ്രദേശങ്ങളുടെയും അമീര്‍ സ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തു.
നിരന്തരം മുസ്ലിം രാജ്യങ്ങളെ നാവിക യുദ്ധം വഴിയും കടല്‍മാര്‍ഗമുള്ള നുഴഞ്ഞുകയറ്റങ്ങളിലൂടെയും ആക്രമിച്ചു കൊണ്ടിരുന്ന സ്‌പെയിന്‍, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ പാശ്ചാത്യന്‍ രാഷ്ട്രങ്ങളെ നിലക്ക് നിര്‍ത്താന്‍ മുസ്ലിം നാവിക സേന രൂപീകരിക്കാന്‍ മുആവിയ(റ) ഉമര്‍(റ)നോട് ചോദിച്ചു. പക്ഷെ, അക്കാലത്തെ പായക്കപ്പലുകള്‍ വലിയ അപകട സാധ്യതയുള്ളതിനാല്‍ ഉമര്‍(റ) അതിന് അനുമതി നല്‍കിയില്ല. പിന്നീട് ഉസ്മാന്‍ (റ)ന്റെ കാലത്ത് ശത്രുക്കളുടെ അക്രമം നേരിടാന്‍ മറ്റു മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ അദ്ദേഹം കടല്‍ മാര്‍ഗ യുദ്ധത്തിന് അനുവാദം നല്‍കുകയും മുആവിയ(റ)ന്റെ നേതൃത്വത്തില്‍ ഇരുന്നൂറ് പടക്കപ്പലുകള്‍ തയ്യാറാക്കുകയും ചെയ്തു. പിന്നീടത് എഴുന്നൂറ് പടക്കപ്പലുകളും അതിലേക്ക് വേണ്ട സര്‍വ സജ്ജീകരണങ്ങളും, പരിശീലനം സിദ്ധിച്ച സൈനികരുമായി വികസിപ്പിച്ചു. അത് വഴി ശാം, ഈജിപ്ത്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങള്‍ സുരക്ഷിതമായതിന് പുറമെ നയതന്ത്ര പ്രധാനമായ ഖുബുറുസ്, റൂദുസ് തുടങ്ങിയ ദ്വീപുകള്‍ കീഴടക്കുകയും വര്‍ഷത്തില്‍ ശൈത്യ, ഉഷ്ണ സേനയെ നിയോഗിച്ച് കുരിശ് സേനയെ ഉറക്കം കെടുത്തുകയും അവിടങ്ങളില്‍ ഇസ്‌ലാമിന്റെ സുന്ദര സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. കൂടാതെ ആഫ്രിക്കന്‍ വന്‍കര ഏതാണ്ട് മുഴുവനായും ഇസ്ലാമിന്റെ കൊടിക്കീഴില്‍ കൊണ്ട് വരികയും ചെയ്തു. നീണ്ട ഇരുപത് വര്‍ഷം ഭരണം നടത്തിയിട്ട് ശാമുകാരായ ആരും തന്റെ നടപടിയിലോ സ്വഭാവ പെരുമാറ്റങ്ങളിലോ ഒരെതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. അസാധാരണമായ പ്രപഞ്ച ത്യാഗിയായിരുന്ന അബൂദര്‍റുല്‍ ഗിഫാരി(റ) ചില ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ മുആവിയയെ ഉസ്മാന്‍(റ) മദീനയിലേക്ക് വിളിപ്പിച്ചു. ധാരാളം സ്വഹാബത്ത് ഉള്‍പെടെയുള്ള മുഴുവന്‍ മുസ്‌ലിമീങ്ങള്‍ക്കും അദ്ദേഹം സര്‍വ സ്വീകാര്യനായിരുന്നു. പിന്നീട് ജൂത, ക്രിസ്തീയ, മജൂസി ഗൂഢാലോചനയുടെ ഫലമായി മുസ്‌ലിം നാമധാരികളായ അക്രമികളുടെ കരങ്ങളാല്‍ ഉസ്മാന്‍(റ) കൊല്ലപ്പെട്ടപ്പോള്‍ അവിടുത്തെ ഘാതകരെ പ്രതിക്രിയ ചെയ്യാന്‍ തനിക്കു വിട്ടുതരണമെന്നും അതിനു ശേഷം താന്‍ അലി(റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ മുആവിയ(റ) ശാമുകാരായ മുഴുവന്‍ നേതാക്കളെയും വിളിച്ചു വരുത്തി അവരോട് പറഞ്ഞു: ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഖലീഫയാകാന്‍ ഏറ്റവും അര്‍ഹന്‍ അലി (റ) തന്നെയാണ്. അദ്ദേഹത്തോട് എനിക്ക് ആകെയുള്ള അപേക്ഷ തന്റെ സൈന്യത്തിലും കക്ഷിയിലും കയറിക്കൂടിയ അക്രമികളെയും സഹായികളെയും തനിക്ക് വിട്ടുതരണമെന്ന് മാത്രമാണ്.
എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. ഉസ്മാന്‍(റ) കൊല്ലപ്പെട്ടത് അക്രമിക്കപ്പെട്ടവനായാണെന്നാര്‍ക്കും തര്‍ക്കമില്ല. അദ്ദേഹം എന്റെ പിതൃ പുത്രനാണ്. ഞാനദ്ദേഹത്തിന്റെ വലിയ്യുമായതിനാല്‍ അക്രമികളെ വിട്ടുതരുന്നില്ലെങ്കില്‍ അവരെ പിടികൂടി ശിക്ഷിക്കല്‍ എന്റെ കടമയാണ്. ആ കാര്യത്തില്‍ നിങ്ങളെന്നെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശാമുകാര്‍ അദ്ദേഹത്തെ അംഗീകരിച്ചു. ഈ വിഷയത്തില്‍ സത്യം അലി (റ)ന്റെ പക്ഷത്തായിരുന്നു എന്നതാണ് ശരിയെങ്കിലും ഇജ്തിഹാദ് പരമായ ഒരബദ്ധം എന്നേ അതിനെ കുറിച്ച് വിലയിരുത്താനാകൂ. പിന്നീട് അലി (റ)അബ്ദുറഹ്മാന്‍ ഇബ്‌നു മുല്‍ജിം എന്ന അക്രമിയുടെ കരങ്ങളാല്‍ കൊല്ലപ്പെടുകയും ഹസന്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഹസന്‍ (റ) ഭരണം ആറുമാസമാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും, മുസ്ലിംകള്‍ പരസ്പരം കഴുത്തറുത്ത് നശിക്കുമെന്നും കണ്ടപ്പോള്‍ ഹസന്‍(റ) സ്വയം രാജിവെക്കുകയും മുആവിയ(റ) നെ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഇത് ഹിജ്‌റ നാല്‍പത്തി ഒന്ന് റബീഉല്‍ അവ്വല്‍ മാസത്തിലാണ്. പരസ്പരം തമ്മിലടിച്ചും പോരാടിയും നാശോന്മുഖരായിക്കൊണ്ടിരുന്ന മുസ്ലിം ഉമ്മത്തിന്റെ രക്ഷക്ക് വേണ്ടി എല്ലാം മറന്ന് ഒന്നായ ഈ വര്‍ഷത്തിന് ‘ആമുല്‍ ജമാഅ:’ എന്നാണ് ചരിത്രം പരിചയപ്പെടുത്തുന്നത്.
ഹിജ്‌റ നാല്‍പ്പത്തി ഒന്നില്‍ ഖലീഫ ആയത് മുതല്‍ അറുപത്തിയൊന്നില്‍ വഫാത്താകുന്നത് വരെ മുആവിയ(റ) തന്നോട് നേരത്തേ എതിര്‍ത്തവര്‍ക്കും യുദ്ധം ചെയ്തവര്‍ക്കും മാപ്പ് നല്‍കുകയും ഒരാളെ പോലും അവഹേളിക്കുകയോ അവഗണിക്കുകയോ ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. മുഖത്ത് നോക്കി തന്നെ കുറ്റപ്പെടുത്തിയവരോട് പുഞ്ചിരിച്ചും സമ്മാനം നല്‍കിയും തന്റെ അണികളാക്കി മാറ്റുകയും ചെയ്തു. തന്റെ മരണശേഷം ഹസന്‍(റ) ഖലീഫയായിരിക്കുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തു. പക്ഷെ, തന്റെ ജീവിതകാലത്ത് തന്നെ ഹസന്‍(റ) വഫാത്തായതിനാല്‍ വീണ്ടും മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം ഉടലെടുക്കാന്‍ പാടില്ല. അത് സമൂഹത്തിന്റെ നാശത്തിനും ബലഹീനതക്കും ഇടവരുത്തുമെന്നതിനാലും പ്രമുഖ സ്വഹാബികളെല്ലാം കഴിഞ്ഞു പോയതിനാലും ഇനിയുള്ളത് അധികവും സ്വഹാബാക്കളുടെ മക്കളാണെന്നും അക്കൂട്ടത്തില്‍ തന്റെ മകനും അര്‍ഹനാണെന്നും സൈനിക നേതൃത്വത്തിലും ഭരണപരിചയത്തിലും മറ്റാരെക്കാളും മുന്നിലാണെന്ന ധാരണ പ്രകാരവും തന്റെ മകന്‍ യസീദിനെ തന്റെ ശേഷം നാമനിര്‍ദേശം ചെയ്തു. ഈ നാമനിര്‍ദേശത്തിലാണ് ഭിന്നാഭിപ്രായം. പക്ഷേ, ആ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് കൂടാ. ഇനി അടുത്താ ഭരണാധികാരി ആര് എന്ന വിഷയത്തില്‍ സമുദായം ഭിന്നിക്കരുത്. അങ്ങനെ വന്നാല്‍ അത് സമുദായത്തിന് വലിയ നാശം വരുത്തി വെക്കും എന്നത് കൊണ്ടാകാം ഈ തീരുമാനത്തെ മഹാഭൂരിപക്ഷവും അംഗീകരിച്ചത്.
കേവലം നാലാളുകള്‍ മാത്രമായിരുന്നു ഈ തീരുമാനം ചോദ്യം ചെയ്തത്. ഇബ്‌നു ഉമര്‍, ഇബ്‌നു സുബൈര്‍, അബ്ദുറഹ്മാന്‍ ബിന്‍ അബൂബക്കര്‍(റ), ഹുസൈന്‍(റ) എന്നിവരായിരുന്നു അവര്‍. അതില്‍ അബ്ദുറഹ്മാന്‍ മുആവിയയുടെ കാലത്ത് തന്നെ മരണപ്പെട്ടു. ഇബ്‌നു ഉമറാണെങ്കില്‍ ഇബാദത്തിലും ഇല്‍മ് പ്രചരിപ്പിക്കുന്നതിലും മുഴുകിയതിനാല്‍ ഭരണകാര്യത്തില്‍ വിമുഖനായിരുന്നു. മുആവിയ(റ) മകനോട് വസ്വിയ്യത്തായി പറഞ്ഞ കൂട്ടത്തില്‍ കാണാം: മറ്റുള്ളവര്‍ ബൈഅത്ത് ചെയ്താല്‍ ഇബ്‌ന് ഉമറും ബൈഅത്ത് ചെയ്യും. അദ്ദേഹം ഒരു ഭീഷണി അല്ല. ഹുസൈന്‍(റ) ഒരു പാവമാണ്. പക്ഷെ, കൂഫക്കാര്‍ അദ്ദേഹത്തെ വിടില്ല. അദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും നാശപ്പെടുത്തിയവര്‍ തന്നെ അദ്ദേഹത്തിന്റെയും കാര്യം കഴിക്കും. പക്ഷേ നിന്റെ കൈവശം അദ്ദേഹമെത്തിപ്പെട്ടാല്‍ നീ അദ്ദേഹത്തിന് മാപ്പ് നല്‍കണം. നമ്മുടെ അടുത്ത ബന്ധുവും നബി(സ) യുടെ പുത്രിയുടെ മകനുമാണദ്ദേഹം. നീ സൂക്ഷിക്കേണ്ടത് ഇബ്‌നു സുബൈറിനെയാണ്. അദ്ദേഹത്തെ കയ്യില്‍ കിട്ടിയാല്‍ മറ്റുള്ളവര്‍ക്ക് കൂടി ഒരു പാഠമാകും വിധം ശിക്ഷിക്കുക തന്നെ വേണം. സമുദായത്തിനും ദീനിന്നും നന്മയാണെങ്കില്‍ അല്ലാഹു ഇത് പൂര്‍ത്തീകരിക്കട്ടെ. മറിച്ചാണെങ്കില്‍ സമുദായത്തിന് നന്മയായത് അല്ലാഹു എളുപ്പമാക്കട്ടെ.
സദുദ്ദേശത്തോട് കൂടിയാണെങ്കിലും പൂര്‍വ ഖലീഫമാരുടെ നടപടി ക്രമത്തിന് വിരുദ്ധമായി ‘തന്റെ ശേഷം തന്റെ മകന്‍ എന്ന രാജവംശരീതി ശാസ്ത്രം’ ഇസ്‌ലാമില്‍ തുടങ്ങി വെച്ചത് മുആവിയ(റ) ആയത് കൊണ്ടായിരിക്കാം ‘മുലൂകിയ്യത്’ എന്ന് നബി(സ) തങ്ങള്‍ വിശേഷിപ്പിച്ചത്. മുആവിയ(റ)വിന്റെ കാലഘട്ടം മുസ്‌ലിം ഖിലാഫത്തിന്റെ പുരോഗതിയുടെയും രാജ്യ വിസ്തൃതിയുടെയും ഇസ്‌ലാമിക ദഅ്‌വത്തിന്റെ വ്യാപനത്തിന്റെയും കാലഘട്ടമായിരുന്നു. ഖുസ്തന്‍തീനിയ്യ ആക്രമിക്കുന്ന ആദ്യ സൈന്യം പാപമോചിതരാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ആ സൈന്യത്തില്‍ ഇബ്‌നു ഉമര്‍(റ), അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) തുടങ്ങിയ സ്വഹാബീ പ്രമുഖര്‍ ഉണ്ടായിരുന്നു. ഈ സൈന്യത്തിന് നേതൃത്വം കൊടുത്തത് യസീദ് ബിന്‍ മുആവിയ ആയിരുന്നു.
ഉമവീ ഖലീഫമാര്‍ അഹ്‌ലു ബൈത്തിനെതിരായിരുന്നു എന്ന പ്രചരണം ശക്തമായി നടത്തുന്നുണ്ട്. ആ വാദം തികച്ചും വസ്തുതാവിരുദ്ധമാണ്. നിലവിലുള്ള ഖലീഫക്കും ഭരണകൂടത്തിനുമെതിരെ പുറപ്പെടുകയും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുമല്ലാത്ത അഹ്ലുബൈത്തിനെ എല്ലാ ആദരവുകളും അവകാശങ്ങളും ഖലീഫമാര്‍ വകവച്ചു നല്‍കിയിട്ടുണ്ട്. ഹസന്‍, സൈനുല്‍ ആബിദീന്‍, സൈദ് ബിന്‍ ഹസന്‍(റ) തുടങ്ങിയവരെല്ലാം ഉമവികള്‍ ആദരിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഖലീഫക്കും ഗവണ്‍മെന്റിനും എതിരെ പുറപ്പെട്ടവരെ മുഖം നോക്കാതെ ശിക്ഷിക്കുക എന്നത് ഭരണകൂടത്തിന് ഉത്തരവാദിത്തവും സമുദായ ഐക്യത്തിന് അനിവാര്യവുമാണല്ലോ.
ഇബ്‌നു സുബൈര്‍(റ), ഖവാരിജ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടി എടുത്തത് അഹ്‌ലു ബൈത്ത് ആയതു കൊണ്ടല്ലല്ലോ. ഉബൈദുല്ലാഹി ബിനു സിയാദിന്റെ സൈന്യം ഹുസൈന്‍ (റ) വിനേയും അഹ്‌ലു ബൈത്തില്‍ പെട്ട ഇരുപത്തി മുന്നോളം പേരെയും കൊലപ്പെടുത്തി. ഹുസൈന്‍ (റ)ന്റെ ശിരസും തടവുകാരാക്കപ്പെട്ട അഹ്‌ലു ബൈത്തിലെ കുട്ടികളെയും സ്ത്രീകളെയും സൈനുല്‍ ആബിദീന്‍ തങ്ങളേയും യസീദിന് മുന്നില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ മര്‍ജാനയുടെ പുത്രനെ അല്ലാഹു ശപിക്കട്ടെ, കുടുംബ ബന്ധം ഇല്ലാത്ത കാരണമാണ് ഇത്ര വലിയ കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തനം അവന്‍ ചെയ്തത്. ഞാനതിന് കല്‍പിക്കുകയോ അതിനെ തൃപ്തിപ്പെടുകയോ ചെയ്തിട്ടില്ല. എന്റെ അടുത്തായിരുന്നു ഹുസൈന്‍ (റ) എത്തിപ്പെട്ടതെങ്കില്‍ തീര്‍ച്ചയായും ഞാനദ്ധേഹത്തിന് മാപ്പ് കൊടുക്കുമായിരുന്നു’ എന്ന് പറയുകയും കുട്ടികളെയും സ്ത്രീകളെയും തന്നെ സ്വന്തം വീട്ടില്‍ ബഹുമാനാദരവുകളോടെ താമസിപ്പിക്കുകയും അവര്‍ക്ക് നഷ്ടപ്പെട്ട ആഭരണങ്ങളും സ്വത്തുകളും നല്‍കുകയും ആദരപൂര്‍വം നിങ്ങള്‍ക്ക് ഇവിടെ തന്നെ താമസിക്കാമെന്നും വേണമെങ്കില്‍ മദീനയിലേക്ക് മടങ്ങാമെന്നും അറിയിക്കുകയും ചെയ്തു.
മദീനയിലേക്ക് പോകാന്‍ താല്പര്യപ്പെട്ടതനുസരിച്ചു എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രത്യേക സൈന്യത്തെ അകമ്പടിയോടെ അയാള്‍ അവരെ മദീനയിലേക്കയച്ചു. പോകുമ്പോള്‍ സൈനുല്‍ ആബിദീന്‍ തങ്ങളെ വിളിച്ച് എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ഒരിക്കലും ഉമവികള്‍ക്കെതിരില്‍ ശിയാക്കള്‍ക്കൊപ്പം തുള്ളാന്‍ പോയില്ല. അദ്ദേഹത്തിനവരില്‍ നിന്നും യാതൊരുപദ്രവവും നേരിട്ടിട്ടുമില്ല. ഹസന്‍(റ) സൈദ് ഉമവികള്‍ക്ക് കീഴില്‍ ഉന്നത ഉദ്യോഗം വഹിച്ചിരുന്നു. അദ്ദേഹവും അവരില്‍നിന്നും അവഗണന നേരിട്ടിട്ടില്ല. മാത്രമല്ല അഹ്‌ലുസ്സുന്നയുടെ ഉലമാക്കളുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. ധാരാളം മുഹദ്ദിസുകളും മുഫസ്സിറുകളും പ്രമുഖരായ ഫുഖഹാഉം ആ കാലഘട്ടക്കാരാണ്.
രാഷ്ട്രീയമായ ചില അതിരുവിട്ട നടപടികളില്‍ ഉമവിയ്യക്കാരെ കാണാമെങ്കിലും ശിയാക്കള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നില്ല അതൊന്നും. പ്രതിപക്ഷത്തോട് സഹിഷ്ണുതയില്ലാത്ത ചില നടപടികള്‍ കാണാമെങ്കിലും എടുത്തുപറയേണ്ട ഒരു വസ്തുതയുണ്ട്. ആദര്‍ശപരമായി രാജാക്കന്മാരെല്ലാം സുന്നികള്‍ ആയിരുന്നു. ആ കാലയളവില്‍ പല ബിദ്അത്തുകളും പ്രചരിച്ചിരുന്നുവെങ്കിലും രാജാക്കന്മാരും അതില്‍പെട്ട് പോയിരുന്നില്ല. ചിലരൊക്കെ സുഖലോലുപന്മാര്‍ ആയിരുന്നു എന്നത് ശരിതന്നെ. സമ്പല്‍ സമൃദ്ധവും വിസ്തൃതവുമായ രാഷ്ട്ര തലവന്‍മാര്‍ എന്ന നിലക്ക് ചില അതിരുവിട്ട ജീവിത ശൈലി കൈ കൊണ്ടവരുമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്തെ മഹാ പണ്ഡിതന്മാര്‍ അതിനെതിരെ ശബ്ദിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അവസാനത്തെ ഉമവീ ഖലീഫ മര്‍വാന്‍ ബിന്‍ മുഹമ്മദിനെ ചെറിയതോതില്‍ ഖദരീ വിശ്വാസം സ്വാധീനിച്ചിരുന്നു എന്ന് കാണാം. എന്നാല്‍ അദ്ദേഹമതിന്റെ പ്രചാരകനാവുകയോ ജനങ്ങളിലേക്ക് നിര്‍ബന്ധിച്ചതോ ഇല്ല. പക്ഷെ അവരെ ബാധിച്ച വലിയൊരു അബദ്ധം ഒരേ സമയത്ത് ഒന്നിനുപുറകെ ഒന്നായി രണ്ടുപേരെ പിന്‍ഗാമിയായി നാമനിര്‍ദ്ദേശം ചെയ്യുക എന്നതായിരുന്നു. അത് പലവുരു കുടുംബ കലഹങ്ങള്‍ക്കും ചിലപ്പോഴൊക്കെ രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും തന്നെ ഭീഷണി സൃഷ്ടിച്ചിരുന്നു. ക്രമേണ ഭരണകൂടം ബലഹീനമാവാനും രാജ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കാനും ഒരുവേള ഉമവി വംശത്തിന്റെ നാശത്തിനും ഇത് കാരണമായി. എന്നാല്‍ പിന്നീടുവന്ന അബ്ബാസി രാജവംശം ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയോ ശ്രദ്ധ ചെലുത്തുകയോ ചെയ്യാതെ ഈ മാര്‍ഗ്ഗം തന്നെ അവരില്‍ പലരും പിന്തുടരുകയും അതിന്റെ ദോഷ ഫലം രാജകുടുംബവും രാജ്യവും ശരിക്കും അനുഭവിക്കുകയും ചെയ്തു. ഉമവി കുടുംബത്തിന്റെ ബലക്ഷയം മണത്തറിഞ്ഞ ശിയാക്കളില്‍ ഒരുവിഭാഗം അബൂമുസ്ലിം ഖുറാസാനിയുടെ നേതൃത്വത്തില്‍ ആദ്യം അലവികള്‍ക്കുവേണ്ടി നീക്കം നടത്തി. എങ്കിലും അതിന് അവര്‍ വഴങ്ങി കൊടുക്കാതെ വന്നപ്പോള്‍ അബ്ബാസികള്‍ക്കു വേണ്ടി ചരടുവലിക്കുകയും ആസൂത്രിത മുന്നേറ്റത്തിലൂടെയും യുദ്ധത്തിലൂടെയും ഖലീഫയായിരുന്ന മര്‍വാന്‍ ബിന്‍ മുഹമ്മദിന്റെ വധത്തിലൂടെ യുഗം അവസാനിപ്പിച്ചു.
ചില്ലറ പോരായ്മകള്‍ അവിടങ്ങളിലൊക്കെ ഉണ്ടായിരുന്നെങ്കിലും ഇസ്ലാമിനെ സംബന്ധിച്ച് മുസ്ലിം രാജ്യത്തിനും വ്യാപാരത്തിലും വിദ്യാഭ്യാസ പുരോഗതിയിലും വളരെ മുന്നേറ്റമുണ്ടാക്കിയ കാലഘട്ടമായിരുന്നു ഉമവികളുടേത്. സത്യസന്ധവും വിശദവുമായ ഒരു പഠനത്തിലൂടെ വസ്തുതകളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ തല്‍പരരായ വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ ആ സത്യം പുറത്തു വരികയും ശീഇകള്‍ കുത്തിക്കുറിച്ചുണ്ടാക്കിയ പല കള്ളക്കഥകളും പുറത്ത് വരികയും മുസ്ലിം ഉമ്മത്തിന്റെ മാതൃകാ പുരുഷന്മാരായ ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടിലെ മഹത്തുക്കളെ കുറിച്ച് ശരിക്കറിയുകയും ചെയ്യും. സമുദായ ശത്രുക്കളായ ശീഈ വിഭാഗത്തിന്റെ കള്ളക്കളികള്‍ തുറന്ന് കാട്ടി മുസ്ലിം പൊതുജനങ്ങള്‍ക്ക് സത്യം മനസ്സിലാക്കി കൊടുക്കാനും നാഥന്‍ തുണക്കട്ടെ.. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.