”നിങ്ങള്‍ മലബാറില്‍ വന്നു മുസ്‌ലിംകളില്‍ കുഴപ്പം ഉണ്ടാക്കാനാണോ പുറപ്പാട്. എങ്കില്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടി വരും”
ഇതുകേട്ടു ഒട്ടും കുലുങ്ങാതെ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.
”കുഴപ്പമുണ്ടാക്കല്‍ എന്റെ പരിപാടി അല്ല. നിങ്ങളുടെ വലിയ ഉപ്പാപ്പയായ അശ്‌റഫുല്‍ ഖല്‍ഖ് കൊണ്ടുവന്ന ദീനിനെ പറയലാണ് എന്റെ കര്‍തവ്യം. അതു ഞാന്‍ നിര്‍വ്വഹിക്കുന്നു. അതിനാല്‍ എന്റെ ഒരു രോമത്തിനു പോലും പോറലേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. നിങ്ങളെന്നെ എതിര്‍ത്താല്‍ നിങ്ങളുടെ ഉപ്പാപ്പയായ സയ്യിദ് ജിഫ്രി(റ)അടക്കം എന്നെ സഹായിക്കാനുണ്ടാകും. ഭരണ തലത്തിലെ സ്വാധീനം ഉപയോഗിച്ച് നിങ്ങള്‍ ഇഷ്ട പ്രകാരം ചെയ്‌തോളൂ.”
പതിമൂന്നു നൂറ്റാണ്ടു കാലം തിരുനബിയടെ കാലത്തു ലഭിച്ച ആദര്‍ശം മുറുകെ പിടിച്ച് ജീവിച്ച കേരളീയ മുസ്‌ലിമും അവന്റെ ആദര്‍ശവും പൊതു നിരത്തില്‍ ചോദ്യം ചെയ്യപ്പെടുകയും തെറ്റുദ്ധരിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുകയും ചെയ്തപ്പോള്‍ സംവാദവുമായി മുന്നോട്ടു വന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരോട് മലബാറിലെ പ്രധാനിയായിരുന്ന ഖാന്‍ ബഹദൂറിന്റെ ചോദ്യത്തിന്റെ മറുപടിയാണിത്. സംവാദാത്മക ശൈലിയിലേക്ക് മതപ്രബോധനം ചുവടു മാറ്റിയതിലെ ഉദേശവും ലക്ഷ്യവും ഈ വാക്കുകളില്‍ പ്രകടമാണ്. ഒരു തളികക്കു ചുറ്റുമിരുന്ന് കൂട്ടമായി ഭക്ഷിക്കും പോലെ ഇസ്‌ലാമിനെ ശത്രുക്കള്‍ അക്രമിക്കുമെന്ന ഹദീസിന്റെ പുലര്‍ച്ചയെന്നോണം ഇസ്‌ലാമിനെതിരെ ഉയര്‍ന്നു വന്ന ശക്തികള്‍ അധികാരത്തിന്റെ മറപിടിച്ചു നടത്തിയ നീക്കങ്ങളിലേക്കും ഈ വാക്കില്‍ സൂചനകളുണ്ട്.
കേരളീയ മുസ്‌ലിമിന്റെ പ്രബോധനത്തിലെ ചെറുതല്ലാത്തൊരു ഭാഗം ഇത്തരം സംവാദങ്ങളിലും പാരമ്പര്യ വിശ്വാസികള്‍ക്കെതിരെ /അവരുടെ പദ്ധതികള്‍ക്കെതിരെ വന്ന കേസുകളിലും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. മുസ്്‌ലിം സമൂഹത്തിനിടയില്‍ ഈ സംവാദം ചെലുത്തിയ സ്വാധീനവും അതിന്റെ ഫലങ്ങളും അന്വേഷിക്കുകയാണീ ലേഖനം.
കേരളീയ മുസ്ലിംകള്‍ക്ക് അടിത്തറ ശക്തിപ്പെടുത്താനും പ്രതിസന്ധികളെ തരണം ചെയ്യാനും ഇത്തരം സംവാദ വേദികള്‍ ഊര്‍ജം നല്‍കി എന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി മുസ്‌ലിം സമൂഹത്തിന് തങ്ങളുടെതായ അടിത്തറ രൂപപ്പെടുത്താന്‍ ഈ ആദര്‍ശ സംരക്ഷണം വഴിയൊരുക്കിയെന്നും ഈ പഠനം നിരീക്ഷിക്കുന്നു. തങ്ങളുടെതായ സംസ്‌കാരവും ശൈലിയും രൂപപ്പെടുത്തി പണ്ഡിത നേതൃത്വത്തിന് കീഴിലായി ജീവിച്ച മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ആശയം പറഞ്ഞുറപ്പിക്കേണ്ട അവസ്ഥ തന്നെയുണ്ടായിരുന്നില്ല. മറിച്ച് മുസ്‌ലിംകള്‍ ഇവിടെ മുസ്‌ലിമായി ജീവിച്ചപ്പോള്‍ അവരുടെ വിശ്വാസത്തിലും അതടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭങ്ങളിലും ഇവിടത്തുകാര്‍ നന്മ മാത്രമാണ് കണ്ടത്. മുസ്‌ലിംകള്‍ രാഷ്ട്രനിര്‍മ്മാണത്തിലെ പ്രധാന കണ്ണികളായിരുന്നു എന്നര്‍ത്ഥം. ഇത്തരമൊരവസ്ഥയില്‍ നിന്നാണ് മുസ്‌ലിംകള്‍ കോടതി കയറുന്നതും പൊതു ജന സമസ്യേ സംവാദം നടത്തുന്നതും. 20-ാം നൂറ്റാണ്ടിലാണ് മുസ്‌ലിംകള്‍ ഇത്തരം വെല്ലുവിളികളില്‍ ഏറെയും അഭിമുഖീകരിച്ചത്. മതത്തെ മറ്റു ചില താല്‍പര്യങ്ങള്‍ക്കായി വ്യാഖ്യാനിച്ചവരുടെ കേരളാ പതിപ്പിന്റെ പ്രാരംഭവും ഈ നൂറ്റാണ്ടിലാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. കേരളീയ മുസ്‌ലിമിന്റെ ഇത്തരം ഇടപെടലുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മതത്തിന്റെ ചുറ്റുവട്ടത്തിനുമപ്പുറം രാഷ്ട്രീയത്തിന്റെയും മറ്റും ഇടങ്ങളിലാണ് അന്വേഷണങ്ങളെത്തേണ്ടത് എന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
സംവാദങ്ങള്‍ക്ക് പരിസരമൊരുങ്ങുന്നു.
കേരളത്തില്‍ ഇത്രയും കാലം ജീവിച്ചു പോന്ന പാരമ്പര്യ മുസ്‌ലിംകളുടെ സംഘടിത രൂപമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അഹ്‌ലുസ്സുന്നക്കെതിരെ പുതിയ ശക്തികള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഉത്ഭവിച്ച പ്രതിസന്ധികളെ സംഘടിതമായി നേരിടുകയും അസംഘടിതമായി നടന്നിരുന്ന സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സമസ്തയുടെ സംസ്ഥാപനത്തിലൂടെ അവര്‍ ലക്ഷ്യം വെച്ചത്. സമസ്തയുടെ നയനിലപാടുകളും ലക്ഷ്യവും 1934 ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അംഗീകരിച്ച നിയമാവലിയില്‍ വായിക്കാം.
എ. പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ബി. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെ നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് ബോധമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.
സി. മുസ്‌ലിം സമുദായത്തിന് മതപരമായും സാമുദായികപരമായും ഉണ്ടായിരിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കുക.
ഡി. മതവിശ്വാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തില്‍ ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക.
ഇ. മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുധായ മധ്യേ ഉണ്ടാകുന്ന അധര്‍മ്മം, അനൈക്യം, അരാചകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ച് സമുധായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക.
ഈ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചപ്പോഴും സമസ്തക്കെതിരെ അക്കാലത്ത് കോടതി കയറിയ ഫയലുകളില്‍ സമസ്തയുടെ നേതാക്കന്മാര്‍ രാഷ്ട്രപുരോഗതിയെ സ്വാഗതം ചെയ്യാത്ത പിന്തിരിപ്പന്മാരും അപരിഷ്‌കൃതരുമായിരുന്നു, വര്‍ഗീയതയുടെ സൂത്രധാരന്മാരായിരുന്നു. ചതിയും വ്യക്തി താല്‍പര്യവും അതുവഴിയുള്ള അസൂയയും ചിലരെ പണ്ഡിതര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു എന്നതാണ് ഇതിന്റെയെല്ലാം മൂല കാരണം. സമസ്തയുടെ ആരംഭകാലത്ത് പ്രസിഡന്റ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ തിരൂരങ്ങാടിയില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ വിലയിരുത്തുമ്പോള്‍ സുന്നത്ത് ജമാഅത്തിനെതിരെ തിരിഞ്ഞവരുടെ പ്രവര്‍ത്തന രീതിയും ലക്ഷ്യവും നമുക്ക് ബോധ്യപ്പെടും.
സമസ്തയുടെ ആശയം വിശദീകരിക്കാന്‍ തിരൂരങ്ങാടിയില്‍ പ്രസംഗിക്കാനെത്തിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് വളഞ്ഞു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ് പോലീസെത്തിയത്. ഈ അവസരത്തില്‍ തങ്ങളുടെ നേതാവിനെ പോലീസ് വളഞ്ഞുവെന്ന വാര്‍ത്തകേട്ട് ജനം തിരൂരങ്ങാടിയെ ലക്ഷ്യം വെച്ചു. തുക്കിടിയോട് തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ ജനങ്ങള്‍ക്കു മുന്നില്‍ വിഷയമവതരിപ്പിച്ചു. “തിരൂരങ്ങാടിക്കാരും പരിസരത്തുകാരും ഒപ്പിട്ട ഭീമന്‍ ഹരജി ഇദ്ദേഹത്തിനെതിരെ ഞങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യമറിയണം ഞങ്ങള്‍ക്ക്’. ഇതു കേട്ട ജനങ്ങള്‍ അത്ഭുതപ്പെട്ടു. ആ ഹരജിയുടെ ഉളളടക്കം ഇതായിരുന്നു: “പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ മലബാര്‍ ലഹളക്കു നേതൃത്വം കൊടുത്തയാളാണ്. വീണ്ടും അത്തരമൊരു പ്രവര്‍ത്തനത്തിന് നിഗൂഢ ശ്രമം നടക്കുന്നുണ്ട്. അതിനായി ഒരു പണ്ഡിത സംഘടനക്കദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ വഴിക്കു വിട്ടാല്‍ ഹിന്ദു മുസ്‌ലിം ലഹളക്കു കാരണമാകും. അതിനാല്‍ അദ്ദേഹത്തെ അതിവേഗം ജില്ല മാറ്റി അയക്കാന്‍ അനുവദിക്കണം. ‘ഇദ്ദേഹത്തിനാവശ്യം ഈ ഹരജിയിലൊപ്പു വെച്ചവരെയായിരുന്നു. പക്ഷെ യാഥാര്‍ത്ഥ്യം ഇതായിരുന്നു. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ മഖ്ബറ തിരൂരങ്ങാടി പുഴക്ക് അക്കരെയായിരുന്നു. നിരവധിയാളുകള്‍ ആ സന്നിധാനത്തേക്ക് ഒഴുകിക്കൊണ്ടിരിക്കെ ജന താല്‍പര്യ പ്രകാരം അവിടെയൊരു പാലം നിര്‍മിക്കാന്‍ അവര്‍ ഒന്നടങ്കം സര്‍ക്കാരിന് ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെയാണ് ആരോ ദുരുപയോഗം ചെയ്ത് പാങ്ങിലിനെതിരെയുള്ള ആയുധമാക്കിയത്. യാഥാര്‍ത്ഥ്യം അറിഞ്ഞതോടെ തങ്ങളിങ്ങനെയൊരു ഹരജിയിലിടപെട്ടിട്ടില്ലെന്നും തങ്ങളുടെ നേതാവിനെ ഇത്തരമൊരു ദുരാരോപണം നടത്തി അറസ്റ്റ് നടപടിയുമായി മുന്നോട്ടു പോയാല്‍ അതു തടയാന്‍ ഞങ്ങള്‍ എങ്ങനെയും മുന്നിട്ടിറങ്ങുമെന്നും അവര്‍ പ്രഖ്യാപിച്ചു. ജനങ്ങളില്‍ നിന്നും ഇത്തരമൊരു പ്രതികരണം വന്നപ്പോള്‍ കലക്ടര്‍ അവരുമായി യോജിച്ചു മുന്നോട്ടു പോകേണ്ടി വന്നു. അദ്ദേഹം തന്റെ ഇംഗിതത്തിനനുസരിച്ചുള്ളതല്ലെങ്കിലും വീഴ്ചയില്‍ മാപ്പു പറഞ്ഞു.
ഈ സംഭവത്തിനു പിന്നിലെ കരങ്ങളെ തിരിച്ചറിയാന്‍ ഇതേകാലത്ത് പണ്ഡിതര്‍ക്കെതിരെ നടന്ന സംഭവങ്ങളോട് ഇതിനെ ചേര്‍ത്ത് വായിച്ചാല്‍ മതിയാവും. ഈ സംഭവം ചില സത്യങ്ങള്‍ ബോധ്യപ്പടുത്തുന്നുണ്ട്. ഒരു മുസ്‌ലിമെന്ന നിലക്ക് നീതിന്യയത്തെ സമീപിക്കേണ്ടതായ വിഷയങ്ങള്‍ ഇവിടെ നിലനിന്നിരുന്നോ എന്നും അതിനാല്‍ തന്നെ ഇവിടെ പ്രവര്‍ത്തനത്തെ ഇസ്‌ലാമികമായി വ്യാഖ്യാനിക്കാനാവുമോ എന്നും വിലയിരുത്തിയാല്‍ മുസ്‌ലിമിന്റെ പക്ഷത്തു നിന്നുള്ള ഒരു ശ്രമമാവാന്‍ പോലും ഇവിടെ സാധ്യത കാണുന്നില്ല. പക്ഷെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചില മുസ്‌ലിം നാമ ധാരികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വഹാബി നേതാവായിരുന്ന കെ എം മൗലവിയുടെ ഇടപെടലിലൂടെയാണ് ഈ വഞ്ചന നടന്നത്. തിരുവിതാംകൂറില്‍ ഇതേ സമയത്തു തന്നെ പാങ്ങിലിനെതിരെ നടന്ന സംഭവത്തെ കൂടി വിവരിക്കുമ്പോള്‍ നമുക്ക് കേസിനു പിന്നിലാരായിരുന്നവെന്ന് വ്യക്തമാകും.
പാങ്ങില്‍ മലബാര്‍ മേഖലയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവേ ഇതു പോലെ തിരുവിതാംകൂറിലും സുന്നി ശക്തി വിളിച്ചറിയിക്കണമെന്നു കരുതി തിരുവിതാംകൂര്‍ സെക്രട്ടേറിയറ്റിലെ ഇബ്രാഹിം സാഹിബ് പാങ്ങിലുമായി ബന്ധപ്പെട്ടു സമ്മേളന തീരുമാനത്തിലെത്തി. സ്വാഗതസംഘം പ്രവര്‍ത്തനം പുരോഗമിക്കവെ അവിടെയെത്തിയ പാങ്ങിലും തന്റെ സെക്രട്ടറി മാമുക്കോയയും സ്വാഗതസംഘം പ്രവര്‍ത്തിക്കുന്ന വീട്ടിലെത്തി. അവര്‍ അവിടെയെത്തിയതോടെ ആ വീട് പോലീസ് വലയത്തിലായിക്കഴിഞ്ഞിരുന്നു. തിരുവിതാംകൂര്‍ സെക്രട്ടേറിയെറ്റിലെ തന്നെ 16 പേര്‍ ചേര്‍ന്ന് പാങ്ങിലിനും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സമര്‍പ്പിച്ച ഹരജിയുടെ ഫലമായാണ് ഈ അപ്രതീക്ഷിത വീട്ടുതടങ്കല്‍. പാങ്ങില്‍ വീട്ടുതടങ്കലിലായതോടെ അവരാകെ നിസഹായരായി. സമ്മേളന സ്ഥലവും ചുറ്റുവട്ടവും പൂര്‍ണ്ണ പോലീസ് നിയന്ത്രണത്തില്‍. പരാതിയിലെ പരാമര്‍ശങ്ങളിങ്ങനെയായിരുന്നു.
“”പാങ്ങിലും കൂട്ടുകാരും രാജാവിനെയും ഭരണകര്‍ത്താവിനെയും എതിര്‍ക്കുന്നവരും മാപ്പിള ലഹളക്ക് നേതൃത്വം നല്‍കുന്നവരുമാണ്. ഹിന്ദു മുസ്‌ലിം സ്പര്‍ധയുണ്ടാക്കുന്ന ഇക്കൂട്ടരിവിടെ പ്രസംഗിച്ചാല്‍ ഹിന്ദു മുസ്‌ലിം ലഹള പൊട്ടിപ്പുറപ്പെടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ കയ്യേറ്റം നടക്കുകയും ചെയ്യും.’’
രാജാവിന്റെ അഭാവത്തില്‍ ക്രമസമാധാന പാലനം യഥാവിധി കൊണ്ടുനടക്കല്‍ ദിവാനു നിര്‍ബന്ധമുണ്ടായതിനാലും തങ്ങളുടെ സെക്രട്ടേറിയേറ്റിലെ 16 അംഗങ്ങളുടെ ഹരജിയുടെ അടിസ്ഥാനത്തിലാണിതെന്നതിനാലും സ്ഥിതിഗതികള്‍ വളരെ മോശമായി. എന്നാല്‍ ഏതു വിധേനയും സമ്മേളനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച ഇബ്രാഹിം സാഹിബ് ഫയലുകള്‍ വേഗം നീക്കി ഈ ഹരജി ആകുന്നത്ര വേഗം വിചാരണക്ക് വെക്കാന്‍ ശ്രമിച്ചു. ഹരജി വിചാരണയിലെത്തി. പാങ്ങിലിനായി കോടതിയിലെത്തിയത് തന്റെ സെക്രട്ടറിയായ മാമുക്കോയയായിരുന്നു. ഹരജി കേട്ട ശഷം മാമുക്കോയയോടായി കോടതി വല്ലതും പറയാനുണ്ടെങ്കില്‍ പറയാനാരാഞ്ഞു. അദ്ദേഹം ഇംഗ്ലീഷിലാണ് തന്റെ മറുപടി തുടങ്ങിയത്. ഞങ്ങള്‍ ഇവിടെ പ്രസംഗിക്കാന്‍ ഉദ്ദേശിക്കുന്നത് കോഴിക്കോട്ടു നിന്നും അച്ചടിച്ചു കൊണ്ടുവന്ന ഈ പ്രസംഗമാണ്. അത് ബഹുമാനപ്പെട്ട കോടതി വായിക്കണം. ഇതില്‍ കവിഞ്ഞൊന്നും ഞങ്ങള്‍ക്കു പറയാനില്ല.
ശേഷം കോടതി അതു വാങ്ങി വായിച്ചു. പ്രസംഗത്തെ വിലയിരുത്തി. ശേഷം മാമുക്കോയയോടായി ചോദിച്ചു. “ഈ പണ്ഡിതന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരാണോ?’
ഈ ചോദ്യത്തിനോടു മാമുക്കോയ പ്രതികരിച്ചത് ഇംഗ്ലീഷിലായിരുന്നു “”ഇവിടെ പങ്കെടുത്ത പണ്ഡിതന്മാരില്‍ പ്രധാനി എന്റെ നേതാവ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരാണ്. ഒരു മുസല്‍മാനെന്ന നിലക്ക് അദേഹത്തിന്റെ ഏതു ആജ്ഞയും ശിരസാവഹിക്കാന്‍ ഞാന്‍ സന്നദ്ധനുമാണ്. ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ദേഹമെങ്കില്‍ ഞാന്‍ ഇംഗ്ലീഷ് പഠിക്കുകയോ കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. ഞാന്‍ ഇവിടെ വെച്ചു ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരല്ലെന്നതിനു തെളിവാണ്.’’
സ്വതസിദ്ധമായി മാമുക്കോയ ഇങ്ങനെ പ്രതികരിച്ചപ്പോള്‍ ആഹ്ലാദത്തോടെ ജഡ്ജി മേശപ്പുറത്തടിച്ചു, അദ്ദേഹത്തിന്റെ പ്രതികരണത്തിന് “വെരിഗുഡ്’ നല്‍കി കേസിന്റെ വിധി ഇപ്രകാരം എഴുതി.
“പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും കൂട്ടരുടെയും പേരില്‍ ഇവിടെ സമര്‍പ്പിക്കപ്പെട്ട ആരോപണം കഴമ്പില്ലാത്തതും തള്ളേണ്ടതുമാണെന്ന് കോടതിക്കു ബോധ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ഹരജി തള്ളുകയും മുസ്‌ലിയാര്‍ക്കും പാര്‍ട്ടിക്കുമെതിരില്‍ നടത്തിയ കല്‍പ്പന റദ്ദാക്കുകയും അവര്‍ക്കു സമ്മേളനം നടത്താന്‍ അനുവാദം നല്‍കുകയും ചെയ്തിരിക്കുന്നു. കൂടാതെ മുസ്‌ലിയാര്‍ക്കും കൂട്ടര്‍ക്കും സമ്മേളനം നടത്താനുള്ള എല്ലാവിധ സംരക്ഷണവും നല്‍കണമെന്നു കല്‍പ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഹരജിക്കാരായ 16 പേര്‍ സമ്മളന സ്ഥലത്ത് പ്രവേശിക്കാനോ സമ്മേളനം കഴിയും വരെ പരസ്പരം സംസാരിക്കാനോ പാടില്ലെന്നു ഉത്തരവു പുറപ്പെടിക്കുന്നു. ‘ഇതോടെ സര്‍ക്കാര്‍ സംരക്ഷണത്തോടെ തന്നെ തിരുവിതാംകൂറില്‍ സുന്നി സമ്മേളനം നടന്നു. ഇസ്‌ലാമിക സംഘത്തിന്റെ മുന്നോട്ടുള്ള ഗമനം ഉദ്ദേശിച്ചവരല്ല ഈ രണ്ടു കേസുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തം. മതത്തില്‍ നീതിന്യായവും കോടതിയുമെല്ലാം ഇടപെടേണ്ട സാഹചര്യങ്ങളുണ്ടാവാം. പക്ഷെ, നീതിയും ധര്‍മവും സമസ്തയുടെ പണ്ഡിതന്‍മാര്‍ പാലിക്കാതെ പോയോ? പിന്നെ എന്തു ലക്ഷ്യങ്ങള്‍ക്കാണ് ആ മൗലവിമാര്‍ കോടതി കയറിയത്?
തങ്ങളുടെ അധികാര രംഗത്തുള്ള സ്വാധീനം ഉപയോഗിച്ച് മതത്തെ തങ്ങളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയവരുടെ കരങ്ങളാണ് ഇതിനു പിന്നില്‍. ഇവരെല്ലാം ഒരൊറ്റ ലക്ഷ്യത്തോടെ ഒറ്റയൊറ്റയായി തുടങ്ങി, ശേഷം സംഘമായി, ശേഷം അത് “പണ്ഡിത സംഘമായി’ മാറി. ഇതാണ് കേരളത്തിലെ മുസ്‌ലിംകളില്‍ പരിഷ്‌കരണവാദവുമായി വന്ന് നവോത്ഥാന നായകന്‍മാരായി സ്വയം ചിത്രീകരിച്ചവരുടെ വലിയ നവോത്ഥാന പ്രവര്‍ത്തനം. തിരൂരങ്ങാടിയില്‍ കെ.എം മൗലവിയും തിരുവിതാംകൂറില്‍ തന്റെ ഗുരു വക്കം മൗലവിയും നേതൃത്വം നല്‍കി.
ഇതേ നടപടികളാണ് എന്നും ഇസ്‌ലാമിക ശത്രുക്കളും ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നോര്‍ക്കണം. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1986 ല്‍ മലപ്പുറം ജില്ലയിലെ ഒതായിയിലും സമാനമായ പ്രവര്‍ത്തനം കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അതൊരു പടി കൂടി കടന്ന് ഗുണ്ടായിസമായിപ്പോയിരുന്നു. 1986 ഏപ്രില്‍ 18,19,20,21 തിയ്യതികളില്‍ ഒതായിയില്‍ വെച്ച് മതപ്രസംഗ പരമ്പര സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ പരിപാടിയെ വര്‍ഗീയമായി ചിത്രീകരിച്ച് അന്നേദിവസം മുജാഹിദ് ഗുണ്ടകള്‍ വന്ന് സ്റ്റേജ് തല്ലിതകര്‍ത്ത് പരിപാടി മുടക്കുകയായിരുന്നു.
ചതിപ്രയോഗം നടത്തി “മതപ്രബോധനം’ നടത്തിയ സംഭവങ്ങളുടെ തുടര്‍ക്കഥകള്‍ കേരളത്തിലെ മദ്രസ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ അതിന്റെ സ്ഥാപകര്‍ നേരിട്ടിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ചില്ലിക്കാശുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തൃക്കരിപ്പൂരിലെ മെട്ടമ്മല്‍ മദ്രസ ഉദ്ഘാടനത്തിനായി ബാഖിയാത്തിലെ മുദരിസായ ശൈഖ് ആദം ഹസ്രത്തിനെ കൊണ്ടു വരാന്‍ ശ്രമിച്ചു. നൂറോളം ദിവസത്തെ സ്വാഗതസംഘത്തിന്റെ സജീവ പ്രവര്‍ത്തനത്തിനു ശേഷം ചിലര്‍ക്കുവേണ്ടി ഇതു മുടക്കാന്‍ ശ്രമിച്ച രാഷ്ട്രീയ സ്വാധീനമുള്ള പണക്കാരുടെ പ്രവര്‍ത്തനം എം.എ ഉസ്താദ് പങ്കു വെക്കുന്നുണ്ട്. പരിഷ്‌കരണ വാദികള്‍ തങ്ങളുടെ കാര്യ ലാഭത്തിനായി അധികാരത്തെ ദുര്‍വിനിയോഗം നടത്തിയതിലെ പ്രധാന അധ്യായങ്ങളാണ് കോഴിക്കോട്ടെ പള്ളികള്‍ പിടിച്ചെടുത്ത സംഭവം. മലപ്പുറം ജില്ലയിലെ മുത്തനൂരില്‍ ജുമുഅത്ത് പള്ളിയില്‍ ഒരു പുത്തന്‍ വാദിയെ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലെത്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി, ഖാദിയാനി, എന്നിവരെല്ലാം ഈ കേസില്‍ തങ്ങള്‍ വിജയിച്ചുവെന്നവകാശപ്പെടുന്ന കേസാണിത്. പക്ഷെ കോടതി ഇവിടെ പുത്തന്‍ വാദക്കാര്‍ക്കനുകൂലമായി വിധി പുറപ്പെടുവിക്കുന്നത് ഇസ്‌ലാമികമായി സാധൂകരിക്കാന്‍ സാധിക്കാത്ത വഴിയിലൂടെയാണ്.
ഹദീസും ഖുര്‍ആനും നിയമ പുസ്തകം വ്യാഖ്യാനിക്കും ലാഘവത്തോടെ പരിഭാഷ കൊണ്ട് വ്യാഖ്യാനിച്ചാണ് കോടതി അന്ന് വിധിയെഴുതിയത്. ഇനി അന്ന് കോടതി പറഞ്ഞ പോലെ മുസ്‌ലിം പേരുള്ളവരെല്ലാം മുസ്‌ലിമായിക്കാണാന്‍ ഈ മൗലവിമാര്‍ തയ്യാറാവുമോ എന്നതാണ് ഇനി അറിയേണ്ടത്.
സമൂഹത്തിന് നിര്‍മാണാത്മകമായൊന്നും ഇവിടത്തെ മുസ്‌ലിയാക്കന്മാര്‍ നല്‍കിയില്ലെന്നും അവര്‍ പിന്തിരിപ്പന്‍മാരാണെന്നും പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടാന്‍ ശ്രമിക്കുന്ന വഹാബി കൂലിയെഴുത്തുകാര്‍ ഇന്നുമുണ്ട്. അവര്‍ ഇവിടെ ഉലമാഇന്റെ കീഴില്‍ സക്രിയമായി മുന്നേറിയിരുന്ന ഉമ്മത്തിനെ പൊതു ജന മധ്യത്തില്‍ വിശ്വാസ്യത തകര്‍ത്ത് കോടതി കയറ്റി അധികാരികളുടെ മനസ്സില്‍ മുസ്‌ലിമിനെ വികലമായി ചിത്രീകരിക്കാനിടയാക്കിയ സംഭങ്ങളെ എങ്ങനെ ന്യായീകരിക്കും. ഇതായിരുന്നോ നവോത്ഥാനം? ഇവരാണോ നവോത്ഥാന നായകര്‍?
സംവാദങ്ങള്‍
സംവാദങ്ങള്‍ക്ക് ഇസ്‌ലാമിക ലോകത്ത് ഏറെ പ്രാധ്യാനമുണ്ട്. ഇസ്‌ലാം ആശയ സംവാദങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ജനങ്ങള്‍ക്കിടയില്‍ പുതിയ ആശയങ്ങളും വ്യാജ പ്രമാണങ്ങളും അവതരിപ്പിക്കപ്പെട്ടപ്പേഴൊക്കെ മാന്യമായ രീതിയില്‍ കൂടിയിരുന്നോ ജനമധ്യത്തിലോ തങ്ങളുടെ ആശയത്തെ അവതരിപ്പിക്കാനും സംശയങ്ങളെ കേള്‍ക്കാനും അതിനെ മാന്യമായ അംഗീകൃത മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കാനും ഇസ്‌ലാമിക പണ്ഡിതര്‍ തയ്യാറായിട്ടുണ്ട്. എതിര്‍ശബ്ദങ്ങളെ അവഗണിക്കാനല്ല, മറിച്ച് അതു കേട്ട് അതിലെ ന്യൂനതകളെ ചൂണ്ടിക്കാട്ടി അതിനെ തിരുത്താന്‍കൂടിയാണ് പണ്ഡിതന്മാര്‍ ശ്രമിച്ചത്. ഉലമാഇന്റെ ആശയത്തിലുള്ള തെളിമയും അവരുടെ ഫ്‌ളക്‌സിബിലിറ്റിയുമാണിവിടെ ബോധ്യപ്പെടുന്നത്. പക്ഷെ ഇങ്ങനെയൊക്കെയായിട്ടും പാരമ്പര്യ സുന്നികളെ അടിക്കിടെ കാഫിറാക്കാനും സംവാദത്തിലും മദ്ഹബീ ചര്‍ച്ചയിലും ഒതുങ്ങിയവരെന്നു മുദ്ര കുത്താനും ശ്രമിക്കുന്ന പരിഷ്‌കരണക്കാരുടെ തൊലിക്കട്ടി അപാരം തന്നെ. സാര്‍വ്വ ലൗകികമായി അംഗീകരിക്കപ്പെട്ട സംവാദ രീതിയെയാണ് കേരളീയ പണ്ഡിതന്‍മാരും പിന്തുടര്‍ന്നത്. പള്ളി ദര്‍സുകളില്‍ ഇത്തരം സംവാദ രീതിയെ പ്രതിപാദിക്കുന്ന കിതാബുകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. പ്രധാനമായും ഇതിന് ആധാരമാക്കിയത് ഇന്ത്യക്കാരനായ അബ്ദുറശീദ് ജോന്‍ഗൂരിയുടെ കിതാബു റശീദിയ്യയാണ്. “ഒരു വിഷയത്തിലെ രണ്ടു വാദക്കാര്‍ സത്യം വ്യക്തമാക്കാന്‍ പരസ്പരം അഭിമുഖീകരിക്കുക’ എന്നാണ് ഇതില്‍ സംവാദത്തെ നിര്‍വചിക്കുന്നത്. ആധുനിക വിമര്‍ശന ചിന്താ പഠനത്തിലെ(ഇഞകഠകഇഅഘ ഠഒകചഗകചഏ) തത്വങ്ങളും രീതികളുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നതായി കാണാം. ഈ തലത്തില്‍ നിന്നു കൊണ്ടു യാഥാര്‍ത്ഥ്യം പുറത്തു വരണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് പണ്ഡിതന്മാര്‍ സംവാദത്തോട് പ്രതികരിച്ചത്. പക്ഷെ കേരളീയ മുസ്‌ലിമിന്റെ ജീവിതത്തെ തന്നെ അനിസ്‌ലാമികമായി ചിത്രീകരിച്ച പരിഷ്‌കരണ വാദക്കാര്‍ക്ക് സംവാദത്തെ നേരിടാന്‍ ഭയമായിരുന്നു. തങ്ങളുടെ ആശയത്തെ തന്നെ അവര്‍ക്കു ഭയമാണെന്നര്‍ത്ഥം. സമസ്തയുടെ രൂപീകരണകാലത്ത് സമൂഹത്തില്‍ തെറ്റുധാരണകള്‍ പരത്താന്‍ മാത്രമായിറങ്ങിയ ഈ ഉദ്യോഗസ്ഥന്മാരെ പൊതു ജനമധ്യേ തങ്ങളുടെ ആശയത്തെ സ്ഥിരപ്പെടുത്താനും യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവരാനും പണ്ഡിതര്‍ വെല്ലുവിളിച്ചു/വിളിക്കേണ്ടി വന്നു. പക്ഷെ ജമാഅത്തുകാരും മുജാഹിദും തയ്യാറായത് വെറും തര്‍ക്കത്തിനായിരുന്നു(മുകാബറ എന്നു സാങ്കേതിക പ്രയോഗം). സുന്നികളും ഈ റാഡിക്കലുകളും തമ്മില്‍ നടന്ന സംവാദങ്ങളെ പരിശോധിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. അവരുടെ സംവാദത്തിന്റെ രീതി എന്തായിരുന്നു, ലക്ഷ്യമെന്തായിരുന്നു എന്ന് 1951 ലെ പൂനൂര്‍ സംവാദത്തിലൂടെ നമുക്കിവിടെ വിലയിരുത്താം. 1951 ലെ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മാസികയില്‍ പൂനൂരിലെ സംവാദത്തെ യഥാവിധി അവതരിപ്പിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങള്‍ ആചരിച്ചു പോന്ന ആചാരങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പരന്ന സാഹചര്യത്തിലാണു മറ്റുള്ള സംവാദങ്ങളെ പോലെ തന്നെ പൂനൂരിലെ സംവാദവും അരങ്ങേറിയത്. 1952 ഫെബ്രുവരി 14 ന് കുന്നമംഗലം കെ.സി ഹുസൈന്‍ സാഹിബിന്റെ വസതിയില്‍ വെച്ച് തവസ്സുല്‍ ഇസ്തിആസ സംബന്ധിച്ച് വാദ പ്രതിവാദം നടത്താന്‍ തീരുമാനിച്ചിരുന്നു. മുജാഹിദ് പക്ഷം അന്നെ ദിവസം ചര്‍ച്ചക്കെത്താത്തതിനാല്‍ തന്നെ ഇരുവിഭാഗത്തിന്റെ വാദങ്ങളും കരാറും എഴുതുന്നതും ഒപ്പു വെക്കുന്നത് സംവാദ ദിവസമാകാമെന്ന് പറഞ്ഞ് ഇരു വിഭാഗവും പിരിഞ്ഞു.അടുത്തമാസം; മാര്‍ച്ച് മാസം പൂനൂരിലെ ആര്‍ മരക്കാര്‍ ഹാജിയുടെ വീട്ടില്‍ ഇരു വിഭാഗവും ഒരുമിച്ചു കൂടി. തുടക്കത്തില്‍ സംവാദത്തിന്റെ വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച നടക്കവെ എടവണ്ണക്കാരന്‍ അലവി മൗലവി ചാടിക്കയറി ചര്‍ച്ചയിട്ടു. വിഷയമെന്തെന്നോ തങ്ങളുടെ വാദമെന്തെന്നോ സ്ഥിരപ്പെടുത്തും മുമ്പ് കയറി ചോദ്യമുന്നയിച്ച അലവി മൗലവിയെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചോദ്യം ചെയ്തു. തങ്ങളുടെ വാദത്തിന് നില നില്‍പ്പില്ലെന്നു മനസ്സിലാക്കിയായിരുന്നു മൗലവിയുടെ ഈ ഇടപെടല്‍. പിന്നീട് ഒരുപാടു സമയം കഴിഞ്ഞാണ് സംവാദം വിഷയത്തിലേക്കു വന്നത്. അതിനാല്‍ തന്നെ സംവാദത്തില്‍ വ്യക്തമായ തീരുമാനമെടുക്കാതെ പിരിയേണ്ടി വന്നത് പൂനൂരില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ നിരാശരാക്കി.
പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും കൂട്ടരുടെയും ലക്ഷ്യം സത്യം വ്യക്തമാക്കലായിരുന്നു. അതിനാല്‍ തന്നെയാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. “”കരാര്‍ വ്യവസ്ഥയില്‍ ആദ്യത്തെ ദിവസത്തെ സംഭാഷണം അവസാനിച്ചില്ലെങ്കില്‍ അടുത്തദിവസവും തുടരേണ്ടതുണ്ടെന്നും രേഖപ്പെടുത്തിയത് കൊണ്ട് നാം മഗ്‌രിബ് നിസ്‌കാര ശേഷം പ്രതിവാദം തുടരേണ്ടതാണെന്നും ഒരു നിശ്ചിത തീരുമാനത്തിലെത്തിയിട്ടല്ലാതെ ഇവിടെ നിന്നും ഈ സമ്മേളനം അവസാനിപ്പിക്കരുതെന്നും പതി മുസ്‌ലിയാര്‍ മൗലവിപ്പാര്‍ട്ടിയെ അറിയിച്ചു.’’(ഹിദായത്തുല്‍ മുസ്‌ലിമീന്‍ മാസിക.പു.1. ലക്കം 6 .1951). മറുപുറത്ത് മൗലവിയുടെ പാര്‍ട്ടി സംവാദത്തെ അലസമായി അവസാനിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലായിരുന്നു. അദ്ദേഹം അവിടെ കൂടിയ 14 ആളുകളുടെ പേരു വായിച്ച രേഖ കൈമാറി ഔദ്യോഗിക ചര്‍ച്ചകളിലേക്കെത്തും മുമ്പേ മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ, ബദ്‌രീങ്ങളെ കാക്കണെ എന്നിങ്ങനെയുള്ള ഇസ്തിഗാസ അനുവദനീയമെന്ന് പരിശുദ്ധ ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാമോ എന്നുന്നയിച്ചത് തങ്ങളുടെ ലക്ഷ്യം തര്‍ക്കമാണെന്നു തെളിയിക്കുന്നതോടൊപ്പം തങ്ങളാണ് ആംഗലേയ ഭാഷയും മറ്റു വിജ്ഞാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരെന്നു പറയുമ്പോഴും സംവാദത്തിന്റെ ബാല പാഠങ്ങളറിയാതെയാണ് മൗലവിമാര്‍ ഇടപെട്ടതെന്നു വ്യക്തമാക്കുന്നുണ്ട്. അതില്‍ തന്നെയാണു സുന്നികളോട് തെളിവ് ആവശ്യപ്പെട്ട മൗലവിയോട് പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ “”നിങ്ങളാണിവിടെ നിലനിന്നിരുന്ന ആചാരത്തെ എതിര്‍ത്തത്. അതിനാല്‍ തെളിവ് നിരത്തേണ്ടത് വാദവുമായി വന്നവനാണ്, നിങ്ങള്‍ തെളിവു നിരത്തൂ’’ എന്നാവശ്യപ്പെട്ടത്. ലാഇലാഹ ഇല്ലള്ള കൊണ്ട് ഇസ്തിഗാസ ഹറാമാണെന്ന് തെളിയിക്കുമെന്ന് അലവി മൗലവി പറഞ്ഞപ്പോള്‍ മുഹമ്മദുറസൂലുള്ള കൊണ്ട് ഇസ്തിഗാസയും തവസ്സുലും ജാഇസാണെന്നു ഞാന്‍ തെളിയിക്കുമെന്നായി പതി. പക്ഷെ മൗലവി അതോടെ ഉത്തരമില്ലാതായി. ഇങ്ങനെ നില്‍ക്കെയാണ് തീരുമാനമാവാതെ പുലര്‍ച്ചെ 5 ന് സംവാദം പിരിഞ്ഞത്.
സമസ്തയുടെ പണ്ഡിതന്മാരുടെ ലക്ഷ്യവും വഴിയും ഇവിടെ വ്യക്തമാണ്. അതിനാല്‍ തന്നെ വെല്ലുവിളികളെ അവര്‍ സ്വീകരിച്ചു. തങ്ങളുടെ ലക്ഷ്യം വരിക്കാനും അവര്‍ക്കായി. ഈ തലത്തില്‍ വാദ പ്രതിവാദങ്ങള്‍ സമസ്തയെ ശക്തിപ്പെടുത്തി. യുക്തി ചിന്തയുമായി രംഗത്തുവന്ന് ആശയക്കുഴപ്പം സൃഷ്ടിച്ച ആധുനിക കാലത്തെ പ്രധാന സംഘമായിരുന്നു “ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി’. ചേകന്നൂര്‍ മൗലവി ഇതിന്റെ നേതാവായി വന്നു. അക്കാലത്ത് ഇദ്ദേഹത്തിന്റെ വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എതിരിട്ടത് ഇ.കെ ഹസ്സന്‍ മുസ്‌ലിയാരായിരുന്നു. വാഴക്കാട്ടുവെച്ച് ഇത്തരത്തില്‍ നമസ്‌കാരത്തെ കുറിച്ചുള്ള വെല്ലുവിളി ഏറ്റെടുത്ത് മൗലവിയുടെ വാദത്തിലെ പൊള്ളത്തരം ഖുര്‍ആന്‍ കൊണ്ട് തെളിയിച്ച് ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുത്തു. മര്‍ക്കടമുഷ്ടിയുമായി വന്ന മൗലവിക്ക് ഖുര്‍ആനിക സൂറത്തിന്റെ അര്‍ത്ഥം മാറ്റി വെച്ച് തെറ്റിധരിപ്പിക്കാന്‍ കഴിയാതായി. ഇവിടെ ഇവര്‍ നാദാപുരം സംവാദത്തില്‍ വെച്ച് അറബി പദത്തിലെ നിഷേധത്തെ കുറിക്കുന്ന പദമായ “ലാ’ കളഞ്ഞ് വാദം സമര്‍ത്ഥിക്കാന്‍ ശ്രമിച്ച കെ എം മൗലവിയുടെയും സംഘത്തിന്റെയും പാരമ്പര്യം പേറുന്നവരാണ് എന്ന് വ്യക്തമാക്കുന്നു. അന്ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ “മൗലവി ലാ കട്ടു’ എന്നു പറഞ്ഞതോടെ മൗലവിമാരുടെ വഞ്ചന ജനം തിരിച്ചറിഞ്ഞതാണ്. സംവാദത്തിന് വിളിച്ചപ്പോള്‍ മുടന്തന്‍ വാദങ്ങള്‍ പറഞ്ഞ് തന്ത്രപരമായി സംവാദത്തില്‍ നിന്നും മുങ്ങിയ ചരിത്രമാണ് കാര്യവട്ടത്തു നടന്നത്. സമസ്തയുടെ 16 ാം വാര്‍ഷികം കാര്യവട്ടത്തു വെച്ചുനടന്നപ്പോള്‍ അത്തൗഹീദ്, ഇതാണ് പരമാര്‍ത്ഥം തുടങ്ങി ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കിയ കൃതികള്‍ മുന്‍ നിറുത്തി മുനാളറക്കായി കെ എം മൗലവിക്ക് കത്തയച്ചു. അത്തൗഹീദിന് റശീദുദ്ദീന്‍ മൂസ മൗലവി എഴുതിയ പുസ്തകത്തിന് അവതാരിക എഴുതിയ സമസ്തയുടെ നേതാവായ ഖുത്വുബി പങ്കെടുക്കുന്ന സദസ്സില്‍ നാഥന്റെ കോപമിറങ്ങുമെന്നും അതിനാല്‍ ഞങ്ങള്‍ വരില്ലെന്നുമാണ് കെ എം മൗലവി മറുപടിക്കത്ത് എഴുതിയത്. സുന്നികള്‍ക്ക് ഇത് സ്വീകരിച്ച് തൃപ്തിയടയാനായിരുന്നു വിധി. അടുത്ത വര്‍ഷം കല്ലായിയിലെ സമ്മേളനത്തിലേക്കും മൗലവിമാരെ സര്‍വ്വവിധ സൗകര്യവും സംരക്ഷണവും ഏറ്റെടുത്ത് കൊണ്ട് സമ്മളനത്തിന്റെ സ്വീകരണ സംഘം കത്തയച്ചു. ഇതിന് കെ എം മൗലവിയുടെ അസിസ്റ്റന്റിന്റെ പേരില്‍ സ്വീകരണ സംഘത്തിന്റെ ഇടപെടല്‍ തൃപ്തികരമല്ലെന്ന രൂപേണ മറുപടി കേരള ജംഇയ്യത്തുല്‍ ഉലമ അയച്ചു. പക്ഷെ ഒഴിഞ്ഞു മാറാനുള്ള ഈ ശ്രമത്തെ പിന്തുടര്‍ന്ന് സ്വീകരണ സംഘം വീണ്ടും രജിസ്റ്റര്‍ കത്തയച്ചെങ്കിലും അതിനു ഒരു മറുപടിയും നല്‍കാതെ അവര്‍ തങ്ങളുടെ പല്ലവികളുമായി മുന്നോട്ടു പോയി.
ഇടക്കാലത്ത് നിലവിലുള്ള കേരളത്തിലെ സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തരായി വന്ന് നല്ലവരായി ചമഞ്ഞ തബ്‌ലീഗുകാര്‍ക്കെതിരെ എഴുപതുകളില്‍ നടന്ന സംവാദങ്ങള്‍ക്ക് തെക്കന്‍ കേരളത്തിലെ പല ഉന്നതരുടെയും തെറ്റുധാരണകള്‍ തിരുത്താനിടയാക്കിട്ടുണ്ട്. ഇതിനു നേതൃത്വം നല്‍കിയത് മര്‍ഹൂം എം എ ഉസ്താദ്, കാന്തപുരം എപി അബൂക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ഹൂം ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, മര്‍ഹൂം അണ്ടോണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ മുതലായവരായിരുന്നു. 1966 ല്‍ വടകരയിലും 1984ല്‍ കോട്ടയത്തും 1997 ല്‍ തിരുവനന്തപുരത്തും തബ്‌ലീഗുകാര്‍ സുന്നികളുമായി സംവാദത്തിന് വന്നു. തങ്ങള്‍ക്ക് സംഘടനയില്ലെന്നും മറ്റും ഒഴിഞ്ഞു മാറാനായിരുന്നു ആദ്യം ശ്രമിച്ചത്. പക്ഷെ,”തബ് ലീഗെ ദസ്തൂറുല്‍ അമല്‍’ എന്ന നിയമാവലിയും അവരുടെ പ്രസിദ്ധീകരണങ്ങളും ഉയര്‍ത്തിപ്പിടിച്ച് സുന്നികള്‍ പ്രതികരിച്ചതോടെ അവര്‍ സ്‌റ്റേജ് വിട്ടു. തിരുവനന്തപുരം വാദ പ്രതിവാദത്തില്‍ വെല്ലു വിളിച്ചവരെ സ്‌റ്റേജില്‍ പോലും കാണാന്‍ സാധിക്കാതെ നിരാശരായി സുന്നീപണ്ഡിതര്‍ക്ക് മടങ്ങേണ്ടി വന്നു. തങ്ങളുടെ സ്വതന്ത്രരായ മുജ്തഹിദുകള്‍ സൃഷ്ടിച്ച തലവേദനകളെയും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും കടമെടുത്തതില്‍ നിന്നും അവരിലുത്ഭവിച്ച അന്തഃസംഘര്‍ഷങ്ങളെയുമാണ് അവര്‍ക്ക് 21 ാം നൂറ്റാണ്ടില്‍ സുന്നികളുമായി സംവദിക്കേണ്ടി വന്നത്. അവസാനം തങ്ങളുടെ ആദര്‍ശം പോലും സ്ഥിരപ്പെടുത്താനാവാതെ മുജാഹിദ് മതം പലതായി വിഭജിക്കപ്പെട്ടു. കൊട്ടപ്പുറം സംവാദത്തിലായിരുന്നു യഥാര്‍ത്ഥത്തില്‍ സുന്നികളുമായി അവസാനമായി പൊതുവേദിയില്‍ ആശയ സംവാദത്തിനവര്‍ തയ്യാറായത്. അന്ന് ഇ കെ ഹസ്സന്‍ മുസ്‌ലിയാരുടെ വഫാത്തിനു ശേഷം ഇനിയാരും വെല്ലുവിളിക്ക് മുന്നോട്ടു വരില്ലെന്ന ധൈര്യത്തിലാണ് കൊട്ടപ്പുറത്തെത്തിയത്. പക്ഷെ കാന്തപുരം ഉസ്താദിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ സംവാദത്തെ പ്രകോപനപരമായി നേരിട്ട് സംവാദം അലങ്കോലപ്പെടുത്താന്‍ പോലും ശ്രമങ്ങളുണ്ടായി. ഇതിനു ശേഷം പൊതു രംഗത്ത് ആശയ സംവാദത്തിന് പുത്തന്‍വാദക്കാര്‍ തയ്യാറാവാതെ ചുവടുമാറ്റി.
സുന്നികള്‍ക്കെതിരെയുള്ള കേസുകളും സംവാദങ്ങളത്രയും നമ്മോടു പറയുന്നത് വഹാബിസത്തിന്റെ പൈശാചിക പ്രവൃത്തികളുടെ കേരളീയ ശൈലിയെ കുറിച്ചാണ്. നിര്‍മാണ്ണാത്മകത ഇബ്‌നു തീമിയ്യയുടെയും ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും കൂട്ടര്‍ ലോകത്തെവിടെയും പ്രകടിപ്പിച്ചിട്ടില്ല. പ്രസിദ്ധ തുര്‍ക്കീ പണ്ഡിതനായ സഈദ് നൂര്‍സി പൈശാചിക പ്രവൃത്തികളുടെ മാനങ്ങള കുറിച്ച് വിശദീകരിക്കുമ്പോള്‍ പൈശാചിക പ്രവൃത്തിയിലെ നാശോന്മുകത വിശദീകരിക്കുന്നുണ്ട്. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ വാക്കുകളും വഹാബിസത്തിന്റെ പ്രവര്‍ത്തികളും ചേര്‍ത്തു വായിക്കുമ്പോള്‍ ഇതു വ്യക്തമാകും. ഇതിന്റെ തനിപകര്‍പ്പാണ് 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലവതരിച്ചത്. കേരളത്തില്‍ നിലനിന്നിരുന്ന മുസ്‌ലിം സംസ്‌കാരത്തെ പടിക്കു പുറത്താക്കി സ്വയം താല്‍പര്യങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തിയ വഹാബി പ്രസ്ഥാനത്തിന്റെ മുഖമാണ് സുന്നികളുമായി ഇവര്‍ നടത്തിയ സംവാദങ്ങളും ഇവര്‍ സുന്നികള്‍ക്കെതിരെ നല്‍കിയ കേസുകളും അവര്‍ക്കിടയിലെ സംവാദങ്ങളും വ്യക്തമാക്കുന്നത്.
ആഫ്രിക്കന്‍ സമൂഹത്തില്‍ ക്രിസ്ത്യന്‍ മിഷണറിയും കൊളോണിയല്‍ ശക്തികളും ഇടപെട്ട രീതിയെ ആഫ്രിക്കന്‍ നോവലിസ്‌ററ് ഷിന്‍വെ അച്ചെബെ(chinua achebe) things fall apart വരച്ചിടുന്നുണ്ട്. തങ്ങളുടെ ഐഡന്റിറ്റി സംരക്ഷിക്കാന്‍ വേണ്ട ബൗദ്ധിക ഇടപെടല്‍ ഇല്ലാതെ പോയതാണ് ആഫ്രിക്കക്കാരുടെ വലിയ നഷ്ടം. കേരള മുസ്്‌ലിം സമൂഹത്തില്‍ ഇത്തരം പ്രതിരോധങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. ആ പ്രതിരോധങ്ങളാണ് മുസ്്‌ലിം ഐഡന്റിറ്റിക്ക് നിലമൊരുക്കിയത്. ഉലമാഇന്റെ കഴിഞ്ഞ കാലത്തെ ഇത്തരം ഇടപെടലിന്റെ പ്രധാന അടയാളങ്ങളാണ് സംവാദങ്ങള്‍.