പ്രഥമ ശുശ്രൂഷ; നമ്മില്‍ പലര്‍ക്കും വളരെ സുപരിചിതമായിരിക്കാം ഈ പദം. അപകടം സംഭവിച്ചവര്‍ക്ക് നല്‍കാവുന്ന ദിവ്യ ഔഷധമായി ഈ പദത്തെ പരിചയപ്പെടുത്തിയാല്‍ തെറ്റാവില്ല. വെള്ളത്തില്‍ വീണ് ബോധം നഷ്ടപ്പെട്ടവര്‍ക്കും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം നിലച്ചവര്‍ക്കും ആദ്യം നല്‍കുന്ന ചികിത്സാ മുറകള്‍ അവരുടെ ജീവന്‍ തന്നെ തിരിച്ച് നല്‍കാന്‍ പ്രാപ്തമാണെന്ന് നമുക്കറിയാം. എന്നാല്‍ ശ്രദ്ധ കുറവിന്റെ പേരില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് ജീവഛവമായി നരകിച്ച് ജീവിക്കുന്ന പലരെയും നമുക്ക് പരിചയമുള്ളതാണ്. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യമാണിത് കാണിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഫസ്റ്റ് എയ്ഡ് അഥവാ പ്രഥമ ശുശ്രൂഷയുടെ രീതികള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് ആരോഗ്യമേഖല വലിയ താല്‍പര്യം കാണിക്കുന്നത്.
2016 ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യദിനത്തില്‍ സമാനമായ മറ്റൊരു പദത്തെ പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു ലോകാരോഗ്യ സംഘടന (WHO). അഥവാ ശാരീരിക പ്രഥമ ശുശ്രൂഷ പോലെ അനിവാര്യമായ മാനസിക പ്രഥമ ശുശ്രൂഷ (സൈക്കോളജിക്കല്‍ ഫസ്‌ററ് എയ്ഡ്)യെ കുറിച്ചായിരുന്നു അത്. പത്തു വര്‍ഷം മാത്രം പ്രായമുള്ള ഈ ടേം 2006 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ജന്മം കൊണ്ടത്. അവിടുത്തെ ഒരു ഡിപ്പാര്‍ട്ട്‌മെന്റാണ് വെറ്റേറന്‍സ് അഫേഴ്‌സിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പോസ്റ്റ് ട്രൊമാറ്റിക് ഡിസോഡര്‍ (National Centre For Post Traumatic Stress Disorder(NC-PTSD)- ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവരിലെ മാനസിക പ്രശ്‌നങ്ങളും പെരുകുന്നതോടെ നാം പുതിയ പ്രതിവിധി തേടേണ്ടത് ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ ഉത്ഭവമെന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുള്‍ക്കൊണ്ട് തന്നെയാകണം ണഒഛ ഇതിന്റെ പ്രചരണത്തിനായി മുന്നിട്ടിറങ്ങിയത്.
കൊടുങ്കാറ്റ്, സുനാമി, ഭൂകമ്പം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളിലൂടെ സര്‍വ്വതും നഷ്ടപ്പെടുന്നവര്‍ക്കരികില്‍ ചെന്ന് മാനസിക പിന്തുണ നല്‍കുക എന്നതാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വേണമെങ്കില്‍ ലളിതമായി പറയാം. കൂടാതെ യുദ്ധങ്ങളിലൂടെയും മറ്റു ആഭ്യന്തര പ്രശ്‌നങ്ങളിലൂടെയും സംഭവിച്ചേക്കാവുന്ന ഒറ്റപ്പെടലുകള്‍ക്ക് എല്ലാ നിലക്കും പിന്തുണയര്‍പ്പിക്കുന്നതും ഇതിന്റെ ഭാഗമായി എണ്ണാവുന്നതാണ്. നമ്മില്‍ പലരും മനപൂര്‍വ്വമോ അല്ലാതെയോ മറന്നു പോയ ഒരു കാര്യം കൂടിയാണിത്. പ്രകടമായ സ്‌നേഹഭാവങ്ങളുടെ അഭാവവും അന്യമായിക്കൊണ്ടിരിക്കുന്ന മാനസിക പിന്തുണയും മാത്രം ഓരോ വര്‍ഷവും പടച്ചു വിടുന്ന നില തെറ്റിയ മനസ്സുകളുടെ എണ്ണം അനേകായിരമാണ് എന്ന് അറിയുമ്പോഴാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന്റെ മൂല്യം നമുക്ക് മനസ്സിലാവുകയുള്ളൂ. അപ്പോഴാണ് ഈ മേഖലിയില്‍ ശോഭിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍ക്കൊള്ളാന്‍ കഴിയുക.
പുതിയ മത്സരാധിഷ്ഠിത ലോകം ധാരാളം വിജയികളെ സമ്മാനിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഓരോ വിജയത്തിനു പിന്നിലും പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് വിഷമം വിഴുങ്ങി ജീവിക്കുന്ന പരാചിത സമൂഹത്തെ നാം അറിയാതെ പോകുന്നുണ്ട്. ഓരോ വിജയിയും തന്നാല്‍ പരാജയം രുചിക്കേണ്ടി വന്നവരോട് ബലമുള്ള രണ്ടേ രണ്ടു പദം ഉരുവിട്ടാല്‍ ഒരു പക്ഷേ പരാജയത്തിന്റെ ആഘാതം പലരിലും കുറക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, നാം അത്ര കണ്ട് ബോധവാന്മാരല്ല എന്നതാണ് സത്യം. അവസരോചിതമായി അവര്‍ക്കൊരു മാനസിക പിന്തുണ നല്‍കുന്നതിലൂടെ നമുക്കൊന്നും നഷ്ടപ്പെടാനില്ലെന്നറിഞ്ഞിട്ടും അതിന് മുതിരാറില്ല. ഈ മേഖലയിലെ അജ്ഞതയാണതിന് കാരണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലയില്‍ നടന്ന ടാങ്കര്‍ ലോറി ദുരന്തത്തിലേക്ക് ഒരു സന്നദ്ധപ്രവര്‍ത്തകനായി പോകേണ്ടി വന്നത് ലേഖകന്‍ ഓര്‍ത്തു പോവുകയാണിപ്പോള്‍. ഭീകരമായിരുന്നു അവിടം. ചൂടിന്റെ ആഘാതത്തില്‍ ഉരുകിയൊലിച്ച പടുകൂറ്റന്‍ ഫ്‌ളക്‌സുകളും സംഭവ സമയത്തെ കാറ്റ് കരിച്ചു കളഞ്ഞ തെങ്ങിന്‍ തോപ്പുകളും ആ ഭയാനകതക്ക് ഇരുണ്ട രൂപം നല്‍കി എന്നു വേണം കരുതാന്‍. പൂര്‍ണ്ണമായോ ഭാഗികമായോ തീ തിന്ന വീടുകളില്‍ അവശേഷിക്കുന്നവരുടെ എണ്ണം വിരളമായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടാണ് ഞങ്ങളുടെ സംഘം എത്തിയതെങ്കിലും ദുരന്തം കോറയിട്ട നടുക്കം ആ നാട്ടുകാരെ വിട്ടു പോയിരുന്നില്ല. വൈകിയാണെങ്കിലും ഞങ്ങള്‍ കുറച്ചാളുകളുടെ അവസരോചിത ഇടപെടല്‍ അവരില്‍ വലിയ ആശ്വാസം ചൊരിയാനായി എന്നത് ഏറെ സന്തോഷമുളവാക്കുന്നതാണ്. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല. മുകളില്‍ പറഞ്ഞ അതേ മനശാസ്ത്ര പ്രഥമ ശുശ്രൂഷയുടെ ഭാഗം തന്നെയായിരുന്നു അതും.
രണ്ടാം ലോകമഹായുദ്ധ കാലത്ത് എല്ലാം നഷ്ടപ്പെട്ടവര്‍ക്കിടയിലും സമാനമായ മാനസിക പിന്തുണയുടെ ചിത്രം വായിച്ചെടുക്കാനാകും. ഈയൊരു പുതിയ മനശാസ്ത്രരീതി 1945 ല്‍ തന്നെ വിത്തു പാകിയിരുന്നുവെങ്കിലും 2006ലാണ് അത് വളര്‍ച്ചയുടെ പ്രധാന ഘട്ടം തരണം ചെയ്തത്. 1990 ലും ശേഷം 2001ല്‍ ഓസ്‌ട്രേലിയയിലും ഇതിന്റെ വ്യാപ്തിക്ക് വേണ്ടി ഏറെ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതിന്റെ സാധ്യത മനസ്സിലാക്കാന്‍ വീണ്ടും കുറേ കാത്തിരിക്കേണ്ടി വരികയായിരുന്നു. എങ്കിലും 2015ലെ കണക്കനുസരിച്ച് 20 രാജ്യങ്ങളിലായി 1.2 ബില്ല്യന്‍ ആളുകള്‍ ഈ മേഖലയില്‍ പരിശീലനം ലഭിച്ചവരായി ഉണ്ട് എന്നതില്‍ ഒരു ആശ്വാസം തോന്നാതില്ല. ഇത് വളരുന്നുണ്ട് എന്നതിന്റെ സൂചനകളാണിതൊക്കെ. അതിലേക്ക് ലോകാരോഗ്യ സംഘടന കൂടി പ്രത്യേക താല്‍പര്യം കാണിക്കുന്നത് മനശാസ്ത്ര മേഖലയിലുള്ളവര്‍ക്ക് പുതിയ ഒരു ഉണര്‍വാണ് നല്‍കുന്നത്.
സമീപഭാവിയില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ചേക്കാവുന്ന ഒരു മനശാസ്ത്ര രീതി കൂടിയാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്(PFA). അത് കൊണ്ട് നമുക്കും അതിന്റെ ഒരു ഭാഗമാകാം. നമ്മുടെ ഏത് അവസ്ഥയിലും മാനസിക പിരിമുറുക്കങ്ങള്‍ നമ്മെ പിടികൂടിയേക്കാവുന്ന സാധ്യത തന്നെയാണ് മറ്റുള്ളവരിലുമുള്ളത്. അത് തിരിച്ചറിഞ്ഞ് അവസരോചിതമായി നാം ഇടപെടുന്നുവെങ്കില്‍ കുറേ പേരുടെ ജീവിതത്തെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്താനായേക്കാം. ഇന്നലെ നമ്മില്‍ സംഭവിച്ച ഒരു കവര്‍ച്ചാ ശ്രമം അല്ലെങ്കില്‍ ഒരു റോഡപകടം ഒരു ഭയമായി ഇന്ന് നമ്മില്‍ ബാക്കിയാവുകയും അത് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍ നാളെയും അത് നമ്മെ വിടാതെ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്. ഇവിടെയാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. സംഭവം നടന്നതിന്റെ തൊട്ടു ശേഷം നമുക്കെവിടെ നിന്നെങ്കിലും ആരുടെയെങ്കിലും സാന്നിദ്ധ്യമായോ വാക്കുകളായോ ഒരു മാനസിക പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞു പോയ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഇന്ന് നമ്മള്‍ ബുദ്ധിമുട്ടേണ്ടിയിരുന്നില്ല.
ചുരുക്കത്തില്‍ നമുക്കു ചുറ്റുമുള്ളവരിലെങ്കിലും മാറ്റങ്ങളുണ്ടാക്കണം. അവരുടെ നാളെകള്‍ ഇന്നലെയിലെ നശിച്ച ഓര്‍മകള്‍ കാര്‍ന്നു തിന്നാതിരിക്കാനെങ്കിലും ഒരു നല്ല മനശാസ്ത്ര പ്രഥമ ശുശ്രൂഷകനാവാം. നമ്മുടെ സാന്നിദ്ധ്യത്തിലൂടെ…വാക്കുകളിലൂടെ…അതവര്‍ക്ക് ഗുണകരമാകുമെങ്കില്‍…