ഹിജ്റ 145 റബീഉൽ അവ്വൽ പതിനൊന്ന്, മക്കത്തുൽ മുകർറമയിലെ പണ്ഡിത ശ്രേഷ്ഠർ ഹസനുൽ അൻവറി(റ)ന് ഒരു കുഞ്ഞ് പിറന്നു. പത്ത് ആൺമക്കളുണ്ടായിരുന്ന മഹാനരുടെ ആഗ്രഹം പോലെ പെൺകുഞ്ഞായിരുന്നുവത്. വലിയ ഭക്തയും ഉമവി ഖലീഫ വലീദ് ബിൻ അബ്ദുൽ മലികിൻ്റെ ഭാര്യയുമായിരുന്ന തന്റെ സഹോദരി നഫീസ എന്നിവരുടെ നാമമാണ് അദ്ദേഹം മകൾക്കു നൽകിയത്. പേരുപോലെ ആധ്യാത്മിക ലോകത്തെ അമൂല്യരത്നമായി പ്രശോഭിച്ച ബീവി നഫീസത്തുൽ മിസ് രിയ്യ(റ) ആയിരുന്നു ആ പെൺകുട്ടി.
പ്രവാചക പൗത്രൻ ഹസൻ (റ)ൻ്റെ മകൻ സൈദ് (റ)ൻ്റെ പുത്രനാണ് ഹസനുൽ അൻവർ (റ). മക്കയിലായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ അഞ്ചാം വയസ്സിൽ പിതാവ് മദീനയിലെ ഗവർണറായി നിയമിതനായി. തുടർന്ന് കുടുംബസമേതം അവർ മദീനയിലേക്ക് യാത്ര തിരിച്ചു. വിശുദ്ധ ഭൂമിയിലായിരുന്നു ബീവിയുടെ ബാല്യം.
പ്രാഥമിക പഠനം മഹാജ്ഞാനിയായിരുന്ന പിതാവിൽ നിന്നു തന്നെയായിരുന്നു. ഇളം പ്രായത്തിൽ ഉപ്പയോടൊപ്പം മസ്ജിദുന്നബവിയിൽ ചെല്ലും. അവിടെയുള്ള വിജ്ഞാന സദസ്സുകളിൽ ചെന്നിരിക്കും. അറിവിനോടുള്ള അതിയായ താത്പര്യവും കൂർമബുദ്ധിയും ബീവിക്ക് കൈമുതലായിരുന്നു. എട്ടാമത്തെ വയസ്സിൽ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. ഹദീസിലും കർമശാസ്ത്രത്തിലും അവഗാഹം നേടി. മദീനയിലെ ആത്മജ്ഞാനികളിൽ നിന്ന് അദ്ധ്യാത്മികത അഭ്യസിച്ചു. പിന്നീട് ആത്മീയ ലോകത്തേക്കുള്ള പ്രയാണമായിരുന്നു.
ചെറുപ്രായത്തിലേ മഹതി ആരാധനകളിൽ ആനന്ദം കണ്ടെത്തി. രാത്രികാലങ്ങളിൽ ദീർഘമായ നമസ്കാരങ്ങളും പകൽസമയം നോമ്പിലുമായി കഴിഞ്ഞു കൂടി. മൂന്നു നാൾ കൂടുമ്പോഴേ ആഹാരം കഴിക്കാറുണ്ടായിരുന്നുള്ളൂ. ബീവിക്ക് നാൽപതു വർഷക്കാലം സേവനമനുഷ്ഠിച്ച സൈനബ്(റ) മഹതി രാത്രിയിൽ അപൂർവ്വമായിട്ടേ ഉറങ്ങാറുള്ളൂവെന്നും അയ്യാമുത്തശ് രീഖും രണ്ടു പെരുന്നാൾ ദിനങ്ങളും അല്ലാത്ത മുഴുവൻ ദിവസവും നോമ്പ് എടുക്കാറുണ്ടായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. നഫീസ(റ) അവിടുത്തെ ജീവിതകാലത്ത് 30 ഹജ്ജുകളാണ് ചെയ്തിട്ടുള്ളത്. അവയെല്ലാം തന്നെ വിശുദ്ധ ഹറമിലേക്ക് നടന്നു ചെന്നായിരുന്നു നിർവഹിച്ചത്. അശരണർക്കും അനാഥർക്കും തണലായി ജീവിച്ചു.
ഹിജ്റ 161 റജബ് അഞ്ചിന് പതിനഞ്ചാമത്തെ വയസ്സിലായിരുന്നു ബീവിയുടെ വിവാഹം. നബി കുടുംബത്തിൽ നിന്ന് തന്നെയുള്ള ഇമാം ജഅ്ഫർ സാദിഖ് (റ) ൻ്റെ മകൻ ഇസ്ഹാഖുൽ മുഅ്തമിൻ എന്നവരായിരുന്നു ഭർത്താവ്. ആ ദാമ്പത്യവല്ലരിയിൽ ഖാസിം, ഉമ്മുകുൽസൂം എന്നീ സന്താനങ്ങൾ പിറന്നു. ഭർത്താവിനോടൊത്ത് മദീനയിൽ ഇമാം മാലിക്(റ)ൻ്റെ മുവത്വ ദർസിൽ പങ്കെടുക്കാറുണ്ടായിരുന്നു.
ഹിജ്റ വർഷം 193 റമദാൻ മാസം ബൈത്തുൽ മുഖദ്ദസ് സിയാറത്തിനു ശേഷം മഹതി ഈജിപ്തിൽ എത്തിച്ചേർന്നു. അവിടുത്തെ 40-ാം വയസ്സിലായിരുന്നു അത്. മിസ്റിലെ ജനങ്ങൾ തക്ബീർ ധ്വനികളോടെ അവരെ സ്വീകരിച്ചു. പ്രയാസങ്ങളും പരിഭവങ്ങളും പറഞ്ഞു സമീപിച്ച ആളുകൾക്ക് അവിടുന്ന് സമാശ്വാസമേകി. അറിവു നുകരാൻ ദിനേന ആയിരങ്ങൾ ആ സന്നിധിയിലെത്തി. ഇമാമുൽ അഇമ്മ ശാഫിഈ(റ) ബീവിയെ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു. അസുഖമായാൽ മഹതിയോട് ദുആ ചെയ്യിക്കും.
നഫീസ ബീവി അവിടുത്തെ വഫാത്ത് വരെ തുടർന്നുള്ള പതിനഞ്ച് വർഷവും മിസ്റിൽ തന്നെയായിരുന്നു. വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങളുടെ ആധിക്യം അവിടുത്തെ ആരാധനകൾക്കും ദിനചര്യകൾക്കും പ്രയാസം സൃഷ്ടിച്ചു. മഹതി ഈജിപ്ത് വിടാനൊരുങ്ങി. എന്നാൽ മിസ്റുകാർക്ക് അത് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. അവർ സംഘടിച്ച് അമീറിനോടു പരാതി ബോധിപ്പിച്ചു. അമീർ നേരിട്ടെത്തി തീരുമാനത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. മഹതിക്കു വേണ്ടി തന്റെ ഭവനം ഒഴിഞ്ഞു കൊടുത്തു. ജനങ്ങൾക്കായി ആഴ്ചയിൽ രണ്ടു ദിവസം നീക്കിവെക്കാനും മറ്റു ദിവസങ്ങളിൽ ഇബാദത്തുകളിൽ കഴിഞ്ഞു കൂടാനും അഭ്യർത്ഥിച്ചു. അവിടുന്ന് ആവശ്യം അംഗീകരിച്ചു. മിസ്റിലെ ഇടപെടലുകളും ജീവിതവും കാരണമാണ് മഹതി നഫീസത്തുൽ മിസ്‌രിയ്യ എന്ന പേരിൽ പ്രസിദ്ധയായത്.
അനവധി അത്ഭുത സിദ്ധികൾ മഹതിയിൽ നിന്നു പ്രകടമായി. നൈൽ നദിയിൽ ജലനിരപ്പുയർന്നതു മൂലം പ്രയാസത്തിലായ കർഷകർ നഫീസ(റ)യെ സമീപിക്കുകയും ബീവി തന്റെ മുഖമക്കന നൽകി നദിയിൽ ഇടാൻ ആവശ്യപ്പെട്ടു. ജനങ്ങൾ അപ്രകാരം പ്രവർത്തിക്കുകയും നദി ശാന്തമാവുകയും ചെയ്തു. മഹതിയുടെ അയൽപക്കത്ത് ഒരു ജൂത കുടുംബം താമസിച്ചിരുന്നു. അവരുടെ ഏക മകൾ വാതം പിടിച്ച് കാലുകൾ നിശ്ചലാവസ്ഥയിലായിരുന്നു. ഒരിക്കൽ അവർ അവരുടെ മകളെ ബീവിയുടെ വീട്ടിൽ ഏൽപ്പിച്ചു പുറത്തു പോയതായിരുന്നു. നഫീസ ബീവി വീട്ടിൽ വുളൂഅ് ചെയ്യുന്ന സമയത്ത് ആ കുട്ടി മഹതിയുടെ അടുത്തുണ്ടായിരുന്നു. വുളൂഅ് ചെയ്ത ജലം കുട്ടിയുടെ ശരീരത്തിലേക്കു തെറിച്ചു. ഉടനെ ശരീരത്തിലെ അസുഖം സുഖപ്പെട്ടു. അന്ധത സുഖപ്പെടുത്തിയതും, കപ്പൽ മുങ്ങാതെ രക്ഷിച്ചതും തടവിലായ വ്യക്തിയെ അത്ഭുതമാംവിധം തിരിച്ചെത്തിച്ചതും അങ്ങനെ ഒട്ടനവധി അത്ഭുതങ്ങൾ മഹതിയുടെ ജീവിതത്തിൽ കണ്ടെത്താൻ കഴിയും.
ജീവിതകാലത്തെന്ന പോലെ മരണശേഷവും ജനലക്ഷങ്ങൾക്ക് ആശ്വാസമാണ് ആ സന്നിധി. നാലകത്ത് കുഞ്ഞിമൊയ്തീൻ രചിച്ച നഫീസത്ത് മാല മലബാറിലെ വീടകങ്ങളിൽ നിറഞ്ഞു നിന്ന കാവ്യമാണ്. ഗർഭാവസ്ഥയിലെ സങ്കീർണതകൾക്ക് പരിഹാരം തേടി നമ്മുടെ നാടുകളിൽ സ്ത്രീകൾ മാല നിത്യമാക്കിയിരുന്നു.
സ്വന്തം വീടകത്ത് അവിടുന്ന് ഖബർ കുഴിച്ചു. ആ ഖബറിലിരുന്ന് തൊണ്ണൂറോളം തവണ വിശുദ്ധ ഖുർആൻ ഖതം ഓതിത്തീർത്തു. തനിക്കായി ഒരുക്കിയ വിശ്രമ സ്ഥലത്ത് ദീർഘകാലം ആരാധനകളാൽ ധന്യമാക്കി. ഭൗതികവിരക്തിയിലും പരലോക ചിന്തയിലും കഴിഞ്ഞുകൂടി. ഹിജ്‌റ 208 റജബ് മാസത്തില്‍ മരണാസന്ന രോഗം പിടിപെട്ടു. വൈദ്യൻ മഹതിയോട് നോമ്പ് മുറിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു: ‘മുപ്പത് വര്‍ഷമായി നോമ്പുകാരിയായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണു ഞാൻ. എന്നിട്ട് നിങ്ങൾ നോമ്പു മുറിക്കാന്‍ ആവശ്യപ്പെടുകയോ!, പിന്നീട് സൂറതുല്‍ അന്‍ആം പാരായണം ചെയ്യാൻ തുടങ്ങി. 127-ാം അധ്യായം എത്തിയപ്പോള്‍ മഹതി ബോധ രഹിതയായി. തുടർന്ന് വിശുദ്ധ കലിമകൾ ഉരുവിട്ടായിരുന്നു അന്ത്യപ്രയാണം. നൂറ്റാണ്ടുകൾക്കിപ്പുറവും ബീവിയോരുടെ ദർബാർ ആയിരങ്ങളുടെ ആശാകേന്ദ്രമാണ്.


