ലോകത്ത് മനുഷ്യൻ ധാർമ്മികമായ മൂല്യാധിഷ്ഠിത ജീവിതക്രമങ്ങളിൽ വ്യാപരിച്ചത് മുതൽ അവന്റെ സാമൂഹിക ജീവിതത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. എണ്ണമറ്റ സമരങ്ങളും പോരാട്ടങ്ങളും യുദ്ധങ്ങളും കടന്നുപോയി. അനേകായിരം ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്ന ഇവയിൽ അത്രതന്നെ ജയപരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. ഓരോന്നിലും, അതിന്റെ ഫലം എന്തുതന്നെയായിരുന്നാലും വലിയ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും വിവിധങ്ങളായ സ്വാധീനങ്ങൾ സൃഷ്ടിക്കാനും ഇത്തരം നീക്കങ്ങൾക്ക് സാധിച്ചിട്ടുമുണ്ട്. എന്നാൽ ആ മാറ്റങ്ങൾ ശാശ്വതമാവുക എന്നതാണ് ഒരു സമരത്തിന്റെ അന്തിമവും സമ്പൂർണ്ണവുമായ വിജയം. അത്തരത്തിൽ അറേബ്യയിൽ ഹിജ്റ രണ്ടാം വർഷം റമദാൻ 17 (ക്രിസ്തുവർഷം 624 ജനുവരി 13) ന് നടന്ന ഒരു ധർമ്മസമരമാണ് ബദർ. ബദർ അതിജീവനത്തിന്റെ, പ്രതിരോധത്തിന്റെ, നിലനിൽപ്പിന്റെ ധർമ്മസമരമായി വ്യാഖ്യാനിക്കാവുന്നതാണ്. ഇന്ന് ലോകത്ത് ദീനുൽ ഇസ്ലാം നിലനിൽക്കുന്നതിന്റെ മുഖ്യ ഹേതു അന്ന് ബദറിൽ ആയിരത്തിൽപരം ആയുധധാരികളോട് നേരിട്ട മുന്നൂറ്റി പതിമൂന്ന് ഈമാൻ തുടിക്കുന്ന ഹൃദയങ്ങളാണ്. അന്ന് ആ ധീര സഖാക്കൾ അസത്യത്തിനെതിരെ സത്യം കൊണ്ട് വിധിയെഴുതി. (യൗമുൽ ഫുർഖാൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച ദിനം )
ഇസ്ലാമിന്റെ വിശ്രുത ചരിത്ര താളുകളിലും വിശ്വാസിയുടെ മനതലങ്ങളിലും ഏറെ പതിഞ്ഞ സംഭവങ്ങളാണ് വിശുദ്ധരായ ബദരീങ്ങളുടെ ത്യാഗസ്മരണകൾ. ഖുർആനിൽ ചിലയിടങ്ങളിൽ സുവ്യക്തമായും മറ്റു ചിലയിടങ്ങളിൽ സൂചനകളായും ബദർ ശുഹദാക്കളുടെ മഹത്വങ്ങളെ നമുക്ക് വായിക്കാൻ സാധിക്കും. വിശ്വാസികളിൽ ഉത്തമർ ബദരീങ്ങൾ ആണെന്ന് നബി(സ്വ) പരിചയപ്പെടുത്തിയപ്പോൾ അപ്രകാരമാണ് മലക്കുകളിൽ നിന്ന് ബദറിൽ പങ്കെടുത്തവരും എന്ന് ജിബിരിൽ (അ) ന്റെ വാക്ക് ഫത്ഹുൽ ബാരിയിൽ (7/31) കാണാം. വിശ്വാസികളുടെ ആത്മീയ പാരമ്പര്യത്തിൽ ബദ്‌രീങ്ങളുടെ സ്വാധീനം ചെറുതല്ല. മനുഷ്യ-മാലാഖ ലോകങ്ങളിൽ ഉന്നതിയിൽ വിരാജിക്കുന്നവരാണവർ. അവരുടെ നാമങ്ങളും അവകൾ കോർത്തിണക്കി ഉണ്ടാക്കിയ മൗലിദ്, മാല, ബൈത്തുകള്‍ക്കും നാമങ്ങളെ മുൻനിർത്തിയുള്ള പ്രാർത്ഥനയും ഉത്തരം കാംക്ഷിക്കാവുന്നതും വലിയ ബർക്കത്തുള്ളതുമാണ്. ഇമാം ബുഖാരി തന്റെ ‘അദ്ബുൽ മുഫ്റദിലും’, അല്ലാമ അസ്സയ്യിദ് ഹിഖ്ഖിന്നാസിലി തന്റെ ‘മഫ്സഉൽ ഖലാഇഖിലും ‘ ഈ വിഷയങ്ങളിൽ പ്രമാണങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ഇബ്രാഹിം സനൂസിയുടെ സൈഫുന്നസ്വ് റിലും പ്രമുഖ മിസ്വ്രി പണ്ഡിതൻ ശൈഖ് അബ്ദുല്ലത്തീഫ് ഇബ്നു അഹ്മദിന്റെ രചനകളിലും ഇബ്നു തൈമിയ്യ അടക്കം തന്റെ കലിമത്തുത്ത്വയ്യിബയിൽ ബദർ നാമങ്ങൾ കൊണ്ട് അനുഗ്രഹ ലബ്ധിക്കുള്ള ചരിത്ര സംഭവങ്ങൾ വിവരിക്കുന്നത് കാണാം.
ബദർ മൗലിദ്, ബദർ കിസ്സ, പടപ്പാട്ട്, ബദർ മാല ഇത്തരത്തിലുള്ള ഗദ്യ-പദ്യ രൂപങ്ങൾ സുന്നി പാരമ്പര്യത്തിൽ അന്തർലീനമായി കിടക്കുന്ന ഒന്നാണ്. അതിൽ അവർ ശാന്തിയും സമാധാനവും കണ്ടെത്തുന്നു. അത്തരത്തിലുള്ള തവസ്സുൽ ബൈത്തുകളിൽ കേളികേട്ട പ്രധാനപ്പെട്ട ചിലതിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ എഴുത്ത്.
ബദർ മൗലിദ്
ബദർ പ്രകീർത്തന ഗീതങ്ങളിൽ വിഖ്യാതമായതാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ രചിച്ച ബദർ മൗലിദ്. ഒട്ടനവധി ബദർ മൗലിദുകൾ ഉണ്ടെങ്കിലും ഏറ്റവും പ്രശസ്തമായതാണിത്. രചനാ ചാരുത കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും കർണാനന്ദകരമായ ശൈലി കൊണ്ടും മറ്റുള്ളവയെക്കാൾ ബദർ മൗലിദ് മുൻപന്തിയിൽ നിൽക്കുന്നു. മഹാരഥന്മാരുമായുള്ള ആത്മബന്ധം സ്ഥാപിച്ച് അവരുടെ പ്രകീർത്തന കാവ്യങ്ങൾ രചിക്കുന്നതിൽ നിപുണനായ വളപ്പിൽ ഉസ്താദിന്റെ അഹ്മദുൽ ബദവി മൗലിദ്, അസദുൽ ഇലാഹ് മൗലിദ്, അബ്ദുൽ ഖാദർ സാനി മൗലിദ്, സയ്യിദ് അലവി മമ്പുറം തങ്ങൾ മൗലിദ് എന്നീ രചനകൾ ഇതിന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രം.
മലബാറിന്റെ വൈജ്ഞാനിക ഖനിഭൂമിയായ പൊന്നാനിയിൽ ഹിജ്റ 1269 ൽ അബ്ദുല്ല മുസ്ലിയാരുടെ മകനായി അബ്ദുൽ അസീസ് എന്ന വളപ്പിൽ ഉസ്താദ് ജനിച്ചു. വിദ്യാർത്ഥി ജീവിതത്തിൽ പ്രധാന തണലായിരുന്നത് മഖ്ദൂം പണ്ഡിതന്മാരായിരുന്നു. അവരുടെ ശിക്ഷണത്തിൽ സർവ്വ വിജ്ഞാന ശാഖകളിലും പാണ്ഡിത്യം നേടി. നിരവധി മഹത്തുക്കളെ കേരളത്തിന് സമ്മാനിച്ചവരാണ് വളപ്പിൽ ഉസ്താദ്. കേരളത്തിൽ സുന്നി ആശയാദർശങ്ങൾ സ്ഥാപിക്കാൻ ചുക്കാൻ പിടിച്ചിരുന്ന ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാർ, അഹമ്മദ് കോയ ശാലിയത്തി തുടങ്ങിയവരുടെ ഗുരുഭൂതർ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്ല അബ്ദുറഹ്മാൻ മുസ്‌ലിയാർ, വെള്ളിയത്ത് കുഞ്ഞഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ അവിടുത്തെ ശിഷ്യഗണത്തിൽ ചിലർ മാത്രം.
ആലപ്പുഴയിലെ നെട്ടൂർ, വടുതല, കാട്ടുപുറം എന്നിവിടങ്ങളിൽ സേവനം ചെയ്ത വളപ്പിൽ ഉസ്താദ് കാട്ടുപുറം ജുമാഅത്ത് പള്ളിയിൽ വച്ചാണ് ബദർ മൗലിദ് രചിച്ചത്. പിന്നീട് കേരളീയ സുന്നി ചരിത്രത്തിന്റെ ഒരു അഭയ കേന്ദ്രമായി മാറി ബദർ മൗലിദ്. മഹാമാരികളിൽ നിന്നും മറ്റും രക്ഷനേടാനും, നന്മയുടെ വഴികൾ തുറന്നു കിട്ടാനും, തിന്മയുടെ കുതന്ത്രങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും എല്ലാം ബദർ മൗലിദുകൾ കൂട്ടമായും അല്ലാതെയും ഓതിയും നേർച്ചയാക്കിയും സുന്നി സമൂഹം ആത്മീയ അനുഭൂതികളുടെ മന്ത്രമായും, ജീവിതശൈലിയായും പതിവാക്കി. പിന്നീട് ഓരോ സുന്നി കുടുംബങ്ങളിലും താരാട്ടുപാട്ടായും ബദർ മൗലിദ് എത്തി.
പ്രഗൽഭരുടെ ശിക്ഷണത്തിലാണ് പ്രതിഭകൾ പുലരുന്നത്. കേരള സമൂഹത്തിനും സമുദായത്തിനും ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളപ്പിൽ ഉസ്താദിന് സാധിച്ചു. ഹിജ്‌റ 1322 റജബ് 20 ന് തന്റെ 54 ആം വയസ്സിൽ വളപ്പിൽ ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞു. പൊന്നാനി കോടമ്പിഅകം പള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
മഹ്ളറത്തുൽ ബദ്‌രിയ്യ
ഇസ്ലാമിന്റെ കർമ്മ ശാസ്ത്ര രീതികൾ പൂർണമായും ജനങ്ങളിലേക്ക് എത്തുന്നത് മദ്ഹബുകൾ വഴിയാണ്. നാലു മദ്ഹബുകളിലും ഫത്‌വ കൊടുക്കാൻ സാധിച്ചിരുന്ന 1945 ൽ ഹൈദരാബാദ് രാജാവ് നൈസാമിന്റെ മുഫ്തിയായിരുന്ന ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി രചിച്ച ‘രിഹാബു സ്വദ്ർ ഫീ സ്വിഹാബിൽ ബദർ’ എന്ന ബൈത്തും അസ്മാഉൽ ഹുസ്നയും മഹത്തുക്കൾ നിർദ്ദേശിക്കുകയും ഇജാസത്ത് നൽകുകയും ചെയ്ത ദിക്റുകളും കുണ്ടൂർ ഉസ്താദ് രചിച്ച മുത്ത് നബിയുടെ മദ്ഹ് ഗീതവും ഇമാം ശാദുലി (റ) രചിച്ച ഹിസ്ബു നസ്റിലെ ദുആയുടെ ഭാഗവും ഉൾപ്പെടുന്ന സമാഹാരമാണ് മഹ്ളറത്തുൽ ബദ്‌രിയ്യ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ഇജാസത്ത് പ്രകാരം ഇന്ന് നിരവധി മഹല്ലുകളിൽ ഇത് ചൊല്ലി വരുന്നുണ്ട്. മഹ്ളറത്തുൽ ബദ്‌രിയ്യ വളരെ മഹത്വമുള്ളതും വലിയ ശ്രേഷ്ഠതയുള്ളതും ഫലമുള്ളതുമാണെന്ന് പണ്ഡിതന്മാർ പറയുന്നു.
ഹിജ്റ 1302 ജുമാദുൽ ഉഖ്റ മാസത്തിൽ ചാലിയം പുതാറമ്പത്ത് വീട്ടിൽ കോയമരക്കാരകം മുഹ്‌യുദ്ധീൻ കുട്ടി എന്നിവരുടെ മകനായി അഹമ്മദ് കോയ ശാലിയാത്തി ജനിച്ചു. സ്വീകാര്യ പണ്ഡിതനും ഖിലാഫത്ത് നേതാവുമായിരുന്ന ആലി മുസ്ലിയാരുടെ അടുത്തുനിന്ന് ദർസ് പഠനം തുടങ്ങി. പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി,ശംസുൽ ഉലമ മുഫ്തി മഹ്മൂദ് എന്നിവരുടെയും ശിഷ്യത്വം നേടി. ബിരുദ പഠനത്തിനായി ലത്തീഫിയ്യയിൽ പോയി. കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ഫത്‌വ ബോർഡിന്റെ മെമ്പറായി തിരഞ്ഞെടുത്തിരുന്നു. നൈസാമിന്റെ മുഫ്തിയായി സേവനം ചെയ്തിരുന്ന കാലത്ത് നൂറ് രൂപയായിരുന്നു രാജാവ് ശമ്പളം നൽകിയിരുന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് പത്ത് രൂപ പോലും തികച്ച് ലഭിക്കാത്ത കാലത്ത് വലിയ തുക സമ്പാദിച്ച ശാലിയാത്തി അതു മുഴുവൻ അറിവ് നേടാനും പ്രചരിപ്പിക്കാനും ഗ്രന്ഥശേഖരണത്തിനും രചനക്കും വേണ്ടി വിനിയോഗിച്ചു. ചാലിലകത്തെ ‘അസ്ഹരിയ്യ’ ഖുതുബ് ഖാന ഇത് വിളിച്ചോതുന്നുണ്ട്.
വലിയ പണ്ഡിതനും സൂഫിവര്യനുമായ താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ രചിച്ച ‘രിസാലത്തു സ്സആദത്തിൽ അബദിയ്യ ഫീ അസ്മാഇ സ്വഹാബത്തിൽ ബദരിയ്യ’ എന്ന ബദർ ശുഹദാക്കളുടെ ചരിത്രം പറയുന്ന കിതാബിനെ അവലംബിച്ചാണ് അഹമ്മദ് കോയ ശാലിയാത്തി ഖസീദത്തുൽ ബദ്‌രിയ്യ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ദൈർഘ്യം ഭയന്ന് വളരെ ലളിത രൂപത്തിൽ സർഗ്ഗ മാധുര്യത്തോടെ ശുഹദാക്കളെ അവർ പരിചയപ്പെടുത്തുന്നു. അവരെ തവസ്സുലാക്കിയുള്ള പ്രാർത്ഥന കൂടിയാണിത്. ഹിജ്റ 1374 മുഹറം 27 ന് അബൂ സആദാത്ത് ഷിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി എന്ന മഹാനവർകൾ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി. ചാലിലകത്ത് വീടിനു സമീപം നിർമ്മിച്ച പള്ളിയുടെ ചാരെയാണ് മഖ്‌ബറ.
മഹാമാരികളിൽ നിന്നും മറ്റും രക്ഷനേടാനും, നന്മയുടെ വഴികൾ തുറന്നു കിട്ടാനും, തിന്മയുടെ കുതന്ത്രങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും എല്ലാം ബദർ മൗലിദുകൾ കൂട്ടമായും അല്ലാതെയും ഓതിയും നേർച്ചയാക്കിയും സുന്നി സമൂഹം ആത്മീയ അനുഭൂതികളുടെ മന്ത്രമായും, ജീവിതശൈലിയായും പതിവാക്കി. പിന്നീട് ഓരോ സുന്നി കുടുംബങ്ങളിലും താരാട്ടുപാട്ടായും ബദർ മൗലിദ് എത്തി.
ബദർ പടപ്പാട്ട്
ബദർ യുദ്ധ ചരിത്രവും ബദർ ശുഹദാക്കളുടെ നാമവും ഇതിവൃത്തമാക്കി അറബി മലയാളത്തിൽ ധാരാളം കൃതികൾ ഇറങ്ങിയിട്ടുണ്ട്. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട് താനൂര്‍ മച്ചിങ്ങലകത്ത് മൊയ്തീന്‍ കുട്ടി മൊല്ലയുടെ ബദ്ര്‍ ഒപ്പന, കാഞ്ഞിരാല കുഞ്ഞി രായീന്‍ എഴുതിയ ബദ്ര്‍ മാല, മഞ്ചാന്‍പിറഅകത്ത് അബ്ദുല്‍ അസീസ് എഴുതിയ ബദ്‌റുല്‍ ഉലമ, മൗരത്തൊടിക മുഹമ്മദ് മൗലവിയുടെ ബദ്ര്‍ ചിന്ത്, കിഴക്കിനിയകത്ത് കമ്മുകുട്ടി മരക്കാരുടെ ബദ്ര്‍ തിരിപ്പുകള്‍, കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ ബദ്ര്‍ മാല, വാഴപ്പുളിയില്‍ അബ്ദുല്ല കുട്ടിയുടെ ബദ്ര്‍ ഒപ്പനപ്പാട്ട്, ചാക്കീരി മെയ്തീന്‍ കുട്ടിയുടെ ചാക്കീരി ബദ്ര്‍, നല്ലളം ബീരാന്‍ സാഹിബിന്റെ ബദ്ര്‍ ഒപ്പന, കെ സി മുഹമ്മദ് കുട്ടി മൊല്ലയുടെ ബദ്ര്‍ കെസ്സ്, എന്നിങ്ങനെ നീണ്ടു പോകുന്നുണ്ട് കാവ്യശേഖരങ്ങൾ. ഇവകളിൽ പ്രചുര പ്രചാരം നേടിയത് മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടാണ്. അതിന്റെ ഭാഷയിലും ഈണത്തിലും കൊണ്ടുവന്നിട്ടുള്ള രചനാ സൗകുമാര്യത വർണ്ണനാതീതമാണ്.
നൂറ്റി ആറ് ഇശലുകളുള്ള ബദര്‍ കിസ്സപ്പാട്ട് വൈദ്യര്‍ ക്രി: 1876 ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസിലാണ് രചിക്കുന്നത്. ഹിജ്‌റ 1204 ക്രി: 1788 ല്‍ ജനിച്ച കൈപറ്റ എ പി ഏനികുട്ടി മുസ്‌ലിയാരുടെ മകന്‍ അമ്പലവന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ രചിച്ച ‘അന്‍വാറുല്‍ ബസ്വര്‍ ബി അഖ്ബാരില്‍ ബദ്ര്‍’ എന്ന ബദ്ര്‍ യുദ്ധ ചരിത്രം വിവരിക്കുന്ന അറബികാവ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് വൈദ്യര്‍ ബദ്ര്‍ പാട്ട് കെട്ടിയിട്ടുള്ളത്. രണ്ടായിരത്തി ഇരുപത്തി ഒന്ന് ബൈത്തുകളിലായി കോര്‍വ ചെയ്യപ്പെട്ട അന്‍വാറുല്‍ ബസ്വറിന്റെ അതേ ചരിത്ര ഘടന തന്നെയാണ് വൈദ്യരുടെ പടപ്പാട്ടിനുമുള്ളത്. വൈദ്യരുടെ രചനയുടെ അമ്പത്തി മൂന്ന് വര്‍ഷം മുമ്പാണ് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അന്‍വാറുല്‍ ബസ്വര്‍ എഴുതിയിട്ടുള്ളത്.
ബദ്ര്‍ പടപ്പാട്ടിന്റെ പുറംചട്ടയില്‍ ഇങ്ങനെ എഴുതിയതായിക്കാണാം. ‘ഫഅ്‌ലമൂ അയ്യുഹല്‍ ഇഖ്‌വാൻ ഇതാകുന്നത് കൊണ്ടോട്ടി മേലങ്ങാടിയില്‍ ആലുങ്ങല്‍കണ്ടിയില്‍ പാര്‍ക്കും ഓട്ടുപാറക്കല്‍ മോയീന്‍ കുട്ടി വൈദ്യരാല്‍ ഉണ്ടാക്കപ്പെട്ട ബദ്‌റുല്‍ കുബ്‌റാ എന്നും ബദ്‌റുല്‍ ഫുര്‍ഖാന്‍ എന്നും ഗസ്‌വത്തുല്‍ അഅ്‌ളം എന്നും അക്ബറുല്‍ ഗസ്‌വാത്ത് എന്നും പേര് പറയപ്പെടുന്ന അതൃപമായ ബദ്ര്‍ പടപ്പാട്ടാകുന്നു.’ ബദ്ര്‍ പടപ്പാട്ടിലെ എണ്‍പത്തി ഒമ്പതാമത്തെ ഇശലായ ‘അല്‍ഹംദുല്‍ മൗലാനാ’ എന്ന ഇശലില്‍ വൈദ്യര്‍ ബദ്ര്‍ ശുഹദാക്കളുടെ പേരുകള്‍ പാടുന്നവര്‍ക്ക് എളുപ്പത്തില്‍ പാടാന്‍ കഴിയുന്ന രൂപത്തില്‍ ഹിജാഇയ്യായ ഇരുപത്തി ഒന്‍പത് അക്ഷരത്തില്‍ കോര്‍ത്തിണക്കി, ഓരോ വരിയുടെയും അവസാനത്തില്‍ തര്‍ളിയത്തും ചേര്‍ത്തിട്ടാണ് കോര്‍വ്വ ചെയ്തിട്ടുള്ളത്. ഈ എണ്‍പത്തി ഒമ്പതാമത്തെ ഇശലിന് വൈദ്യര്‍ ‘നവ രത്‌ന മാല’ എന്നാണ് പേര് വെച്ചിട്ടുള്ളത്. അതിങ്ങനെ പാടാം.
‘അരിമപെരിമ പെരിയോനെ പുരാന്‍
അഹദും സ്വമദും ഫറ്ദാനെ ഉനൈ
അസ്മാഉല്‍ അളീമുകള്‍ ഹഖ്ഖുകളാലെ
ഇലയ്ക്ക തവസ്സല്‍ നാ അല്ലാഹ് …
ഇരക്കുന്നു അടിയന്‍ വബിജാഹി ഹബീബിക്ക
സയ്യിദിനാ അവര്‍ ശംസില്‍ ഹുദാ
ഇസ്മാകും മുഹമ്മദ് സ്വല്ലി വസല്ലിം
അലൈഹി വബാരിക് യാ അല്ലാഹ്
അരുള് ദാത്ത് നബി ഉലൂമിന്‍ ഫദിയ്യിന്‍
തറ ഭിത്തിയും മച്ചൊട് ബാശലും നാല്
അരശര്‍ ഖുലഫാഅ് അബൂബക്കര്‍ ഉമര്‍
ഉസ്മാന്‍ അലി അന്‍ ഹുമു റളിയല്ലാഹ്..’
കൃത്യമായ കാവ്യ നിയമങ്ങൾ പാലിച്ചും അതോടൊപ്പം വരിയൊപ്പിച്ചുമുള്ള ഈരടികൾ ഇവിടെ കാണാൻ കഴിയും. വൈദ്യര്‍ ബദര്‍പ്പടപ്പാട്ടില്‍ പറഞ്ഞ ചരിത്രങ്ങളെല്ലാം സ്വഹീഹാണെന്ന് പറയുന്നുണ്ട്. ശേഷം ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്‌രീങ്ങളുടെ ശ്രേഷ്ഠതയും അവരെ തവസ്സുല്‍ ആക്കി ദുആ ചെയ്താല്‍ ഉടനടി ഉത്തരം കിട്ടുമെന്നും അവരുടെ പേരുകള്‍ ഒരു കടലാസില്‍ എഴുതി ഉറുക്ക് (ഏലസ്സ്) ആക്കി കെട്ടിയാല്‍ ഉടനെ തന്നെ ഇജാബത്ത് ലഭിക്കുന്നതാണ് എന്ന് പറയുന്നുണ്ട്. ഇത് അനുഭവ വെളിച്ചത്തിലാണ് പറയുന്നതെന്നാണ് വൈദ്യര്‍ സാക്ഷ്യപ്പെടുത്തുന്നത്.
തുടര്‍ന്ന് ബദ്ര്‍ യുദ്ധ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. നബിയുടെ(സ്വ) ഹിജ്‌റ മുതല്‍ തുടങ്ങി ഓരോ സംഭവങ്ങളും വൈദ്യര്‍ വളരെ ഭംഗിയായി പടപ്പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സങ്കടകരമായ കാര്യം വരുമ്പോള്‍ അതിന് അനുസരിച്ചുള്ള ഇശലും പടയോ മറ്റോ എഴുതുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള ഇശലുമാണ് വൈദ്യര്‍ നല്‍കിയിരിക്കുന്നത്.
പ്രവാചകാനുചരന്‍ സവാദിന്(റ) നബി തങ്ങളോടുള്ള അനുരാഗം വളരെ ഭംഗിയായിട്ടാണ് വൈദ്യര്‍ വിവരിചിട്ടിള്ളത്. ഉക്കാശുബ്‌നു മുഹ്‌സി(റ)ന്റെ വാള്‍ യുദ്ധത്തില്‍ വെച്ച് മുറിയുകയും ഉടനെതന്നെ നബിയുടെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിക്കുകയും ചെയ്തു. നബി(സ്വ) ഒരു മരക്കൊമ്പിന്റെ കഷണം എടുത്ത് അവിടത്തെ പുണ്യ കരം കൊണ്ട് ഉക്കാശ്ബ്‌നു മുഹ്‌സിന്(റ) നല്‍കുകയും ആ മരക്കഷണം ഊട്ടി എടുത്ത വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറുകയും യുദ്ധം അവസാനിക്കുന്നത് വരെ നബിയുടെ ആജ്ഞ പ്രകാരം ആ വാളുമായി അദ്ദേഹം പൊരുതുകയും ചെയ്തു എന്ന് അറുപത്തി ഒമ്പതാമത്തെ ഇശലില്‍ പാട്ടാകിയത് ഇങ്ങനെയാണ്.
‘അന്ദെചേനയില്‍ ഉക്കാശത്തിബ്‌നു മുഹ്‌സിനെണ്ടവര്‍
അങ്കമില്‍ സ്വഖീല്‍ മുറിന്ത് ബന്ത് ചേതി ചൊന്നതാല്‍
പൊന്‍ തിരു കരത്തിനാല്‍ കൊടുത്തതാരു ശാകമിന്‍
പൊളികടൈന്തെ ബാളിലും വിശേഷ യോഗ സൈഫുമായ്’.
ഓരോ ചരിത്ര മുഹൂർത്തങ്ങളെയും വളരെ ഭംഗിയായി വൈദ്യർ അവതരിപ്പിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലെ മാനസിക നിലയെ മാനിച്ചുകൊണ്ട് അതിന്റെ ഇശലുകളിലും അതേ മാറ്റങ്ങൾ കാണാൻ സാധിക്കും. അറബി മലയാളത്തിൽ എഴുതിയ ഈ പടപ്പാട്ടിൽ അറബി വാക്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഓരോ വരികളിലൂടെയും പാടിപ്പോകുന്നവന്റെ മനസ്സിൽ ഒരു വാങ്മയ ചിത്രം സൃഷ്ടിക്കാൻ കെൽപ്പുള്ള ഈരടികളാണ് വൈദ്യരുടേത്.
മാപ്പിള പാട്ടിന്റെ മുടി ചൂടാ മന്നൻ മോയിൻകുട്ടി വൈദ്യർ അവസാനം എഴുതിയത് ഹിജ്റ എന്ന കൃതിയാണ്. ഇരുപത്തിയാറ് പാട്ടുകൾ മാത്രമാണ് വൈദ്യർക്ക് ഹിജ്റയിൽ എഴുതാൻ സാധിച്ചത്. 1892-ൽ രോഗബാധിതനായി വൈദ്യർ ലോകത്തോട് വിടപറഞ്ഞു. അവസാനം ഹിജ്റ പൂർത്തികരിച്ചത് പിതാവ് ഉണ്ണി മമ്മദ് വൈദ്യരായിരുന്നു.
ബദർ ശുഹദാക്കളുടെ പ്രകീർത്തന കാവ്യങ്ങളുടെ സമുദ്രത്തിൽ നിന്നുള്ള വെറും മൂന്നു തുള്ളിയാണ് മുകളിൽ പകർന്നു നൽകിയത്. കേളിപെറ്റ മറ്റനേകം തവസ്സുൽ ബൈത്തുകൾ നമുക്ക് ചുറ്റുമുണ്ട്. മരക്കാരുട്ടി മുസ്ലിയാർ രചിച്ച തഅജീലുൽ ഫുതൂഹ്, തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ തവസ്സുൽ ബി അസ്ഹാബുൽ ബദർ,. ശുജായി മൊയ്തു മുസ്ലിയാരുടെയും ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെയും കൃതികൾ, ബദരിയത്തുൽ ഹംസിയ്യ, കോക്കൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മൽജഉൽ മുതവസ്സിലീൻ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും രചനകൾ നമ്മുടെ മുൻഗാമികളായ മഹാന്മാർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കേരളീയരായ എഴുത്തുകാരുടെയും കേരളത്തിൽ പ്രചാരമുള്ളതുമായ എഴുപതോളം ബദർ തവസ്സുൽ മൗലിദുകൾ ഇന്ന് എണ്ണിയെടുക്കാൻ സാധിക്കും. രചയിതാവിനെ അറിയാത്തതും കാലക്രമേണ നഷ്ടപ്പെട്ടതുമായി വേറെയുമുണ്ട്. പൂർവികർ വരച്ചുതന്ന വഴികളിതാണ്. അവർ ചെയ്ത് തീർത്ത രീതികൾ ഇങ്ങനെയാണ്. വിശ്വാസികളിൽ ഉത്തമരായ ബദരീങ്ങളുടെ കരം പിടിച്ചു കൊണ്ടാണ് അവർ ഇരു ലോകത്തും വിജയം വരിച്ചത്. അവരെ തവസ്സുലാക്കിയാണ് ആത്മനൈരാശ്യം അകറ്റിയത്. അവരുടെ വഴിയെ പിന്തുടർന്ന് നെല്ലും പതിരും തിരിച്ചറിഞ്ഞ് നേരായ മാർഗ്ഗത്തിലൂടെ നമുക്ക് അന്തിമവിജയം കരസ്ഥമാക്കാം.


