ഇന്ന് ആഇശ(റ)യുടെ വിവാഹമാണ്. ചമഞ്ഞൊരുങ്ങിയ മഹതിയെ തിരുനബി(സ്വ)യുടെ വീട്ടിലേക്ക് കൂട്ടുകാരികൾ ആനയിച്ചു. മക്കയിലെ സാമാന്യം വലിയ വീട്ടിൽ നിന്നാണ് ആഇശ(റ) വരുന്നത്. തിരുനബി(സ്വ)യുടെ ഉറ്റകൂട്ടുകാരനും മക്കയിലെ പ്രമുഖ സമ്പന്നനുമായ അബൂബക്കർ(റ)വിൻ്റെ ഓമന മകളാണ് ആയിഷ(റ). മദീനയിൽ തിരുനബി(സ്വ) പണിതീർത്ത മസ്ജിദുന്നബവിയോട് ചേർന്നുണ്ടാക്കിയ ചെറിയൊരു കൂരയിലേക്ക് ആഇശ(റ)യെ കൂട്ടുകാരികൾ ആനയിച്ചു. പരിമിതിയുടെയും പട്ടിണിയുടെയും ഉള്ളറയിലേക്കാണ് മഹതിയെ പറിച്ചുനട്ടത്. പള്ളിയുടെ കിഴക്കു ഭാഗത്തുള്ള രണ്ട് വാതിലുകളുള്ള ചെറിയൊരു മുറി. മുറിയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് പള്ളിയിലേക്കൊരു വാതിലുണ്ട്. മറ്റൊരു വാതിൽ പുറത്തേക്കും. കുഴച്ച മണ്ണ് തേച്ചു മിനുസപ്പെടുത്തിയ ചുമര്. കൈ പൊക്കിയാൽ തട്ടുന്നത്ര ഉയരമുള്ള ഈന്തപ്പനത്തടിയിൽ ഓല വിരിച്ചുണ്ടാക്കിയ മേൽക്കൂര. ഒരു കമ്പിളിത്തുണി ചുറ്റും വലിച്ചുകെട്ടിയിരിക്കുന്നു. പൊടിയും മഴയും അകത്തേക്ക് വരാതിരിക്കാനായിരിക്കും മുത്താറ്റൽ അങ്ങനെ ചെയ്തത്.
ഒരു പായയും മരത്തൊലി കുത്തിനിറച്ച തലയിണയും മഹതിയുടെ മണിയറയിൽ ഒരുക്കിയിട്ടുണ്ട്. വെള്ളം കോരാനും കുടിക്കാനുമായി ഒരു പാത്രവും ധാന്യങ്ങൾ സൂക്ഷിക്കാൻ അല്പം മൺപാത്രങ്ങളുമുണ്ട്. അങ്ങനെ തിരുനബിയും ആയിഷ ബീവിയും വിവാഹിതരായി. ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിച്ചായിരുന്നു ആ ജീവിതങ്ങൾ മുന്നോട്ടുപോയിരുന്നത്. മൂന്നുദിവസം തുടർച്ചയായി വയറു നിറയെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആയിഷ ബീവി(റ) തന്നെ പിന്നീടൊരിക്കൽ പറയുന്നുണ്ട്. ഭർത്താവിന്റെ വിശപ്പടക്കാൻ കഴിയാത്തതിലുള്ള സങ്കടമായിരുന്നു തിരുപത്നിമാർക്കുണ്ടായിരുന്നത്. പ്രഭാതങ്ങളിൽ തിരുനബി(സ്വ) വീട്ടിൽ നിന്നിറങ്ങുമ്പോൾ വല്ലതും ഭക്ഷിക്കാൻ ഉണ്ടോ എന്ന് ചോദിക്കും. ഇല്ല എന്നാണെങ്കിൽ രണ്ടുപേരും നോമ്പനുഷ്ഠിക്കും. ഭക്ഷണമായി വല്ലതും കഴിക്കാൻ ലഭിച്ചാൽ ഇരുവരും ഒന്നിച്ചു പിങ്കിട്ടുതിന്നും. ആയിഷ ബീവി(റ) ചുണ്ടു വെച്ച അതേ ഭാഗത്ത് മുത്ത് നബിയും ചുണ്ട് വെച്ച് വെള്ളം കുടിക്കും. കളിയും തമാശകളുമായി ആ സൗമ്യ ജീവിതങ്ങൾ മാലോകർക്ക് തണലും താഴ്മയുടെ പ്രതീകങ്ങളുമായി. സമ്പന്നതയുടെ വിരിമാറിൽ നിന്നും പട്ടിണിയുടെ പരവതാനിയിലേക്ക് കയറിച്ചെന്ന ആയിഷ ബീവി(റ) സ്വർഗ്ഗീയ മേടുകളുടെ പ്രചോദനവും ഈമാനിക ശുദ്ധിയുടെ ലാളനയുമേറ്റ് മുത്ത് നബിയുടെ പാതിയായി മാറി.
ഒന്നേകാൽ ലക്ഷം വരുന്ന സഹാബികളിൽ മൂന്നു പുരുഷന്മാർ മാത്രമാണ് ഹദീസ് നിവേദനത്തിൽ അവരെക്കാൾ മുന്നിലുള്ളത്. സ്ത്രീ എന്ന നിലയിൽ യാത്രയിലും മറ്റു ചില സമയങ്ങളിലും നബി(സ്വ)യോടൊപ്പം കൂടെയുണ്ടാകാൻ സാധിച്ചിട്ടില്ല എന്നതാണ് അതിനു കാരണം.
വൈജ്ഞാനിക സമർപ്പണങ്ങൾ
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇസ്ലാമിനെ പിച്ചിച്ചീന്താൻ ശ്രമിക്കുന്ന വാദികർക്ക് മറുപടിയും മാതൃകാപരവുമാണ് ആയിഷ ബീവിയുടെ വൈജ്ഞാനിക സമർപ്പണങ്ങൾ. ജിജ്ഞാസ, ബുദ്ധിശക്തി, മനപ്പാഠമാക്കാനുള്ള കഴിവ് തുടങ്ങിയ വിശേഷണങ്ങൾ ഒത്തിണങ്ങിയ ആയിഷ(റ) 9 വർഷവും അഞ്ചുമാസവുമാണ് തിരുനബി(സ്വ)യോടൊപ്പം പ്രേയസിയായി ജീവിച്ചത് (ഒമ്പതര വർഷം). ഈ കാലയളവ് ആയിഷ ബീവിയുടെ ജീവിതത്തിലെ സുവർണ്ണ പഠന കാലഘട്ടം കൂടിയാണ്. സ്വകാര്യ ജീവിതത്തിന്റെ ഉള്ളറകളിൽ നേരിടുന്ന മസ്അലകൾ കൂടുതൽ സമൂഹത്തിന് ഗ്രഹിക്കാനായത് മഹതിയുടെ വിവരണത്തിലൂടെയാണ്. കർമശാസ്ത്ര വിഷയങ്ങളിലാണ് കൂടുതലും മഹതിയുടെ വിവരണങ്ങൾ ഉദ്ധരിക്കപ്പെടുന്നത്. പ്രായവും സാഹചര്യവും കൂടുതൽ അനുകൂലമാണ് എന്നതും ബീവിയുടെ സാധ്യതയാണ്. ആയിഷ ബീവിയെ സംബന്ധിച്ചിടത്തോളം പതിനെട്ടാം വയസ്സിൽ നബി(സ്വ)യുടെ വഫാത്ത് മാത്രമല്ല സംഭവിച്ചത്, വിജ്ഞാനസ്രോതസ്സിന്റെ നഷ്ടം കൂടിയായിരുന്നു അത്. നബി(സ്വ)യുടെ വഫാത്തിനു ശേഷം ആ തിരു വീട് വിജ്ഞാനദാഹികളുടെയും ആശ്രിതരുടെയും നിരന്തര സന്ദർശന സ്ഥലമായി കൂടുതൽ സജീവമാവുകയായിരുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മൊഴിമുത്തുകൾ നുകരാൻ ധാരാളം ആളുകൾ സംഗമിക്കുമായിരുന്നു. വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാന വിവരണങ്ങളും നിർദ്ധാരണം ചെയ്തെടുത്ത കർമ്മ ശാസ്ത്ര വിധികളും ആശയ സമ്പുഷ്ടമായ കവിതകളും സാഹിത്യമുഷ്ടിയുള്ള പ്രഭാഷണങ്ങളും ചികിത്സ മുറകളും മഹതിയിൽ നിന്നും നേരിട്ടോ അവർ മുഖാന്തിരമോ ഉദ്ധരിക്കപ്പെട്ട വചനങ്ങൾ ആയിരക്കണക്കിനുണ്ട്. ചരിത്രത്തിൽ പരാമർശമുള്ള മഹാന്മാരും മഹതികളും അടങ്ങിയ 350ലേറെ ശിഷ്യർ അവരിൽ നിന്നും അറിവ് നേടി. ഹദീസ് എന്ന ഗണത്തിൽ പെടുത്താവുന്ന 5636 വചനങ്ങൾ അധ്യായം തിരിച്ച് നിവേദകർ സഹിതം ആവശ്യമായ വിവരണത്തോടെ മഹതിയിൽ നിന്നും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ബദ്റുദ്ദീനിസ്സർക്കശി(റ) എഴുതുന്നു: മതവിധികളുടെ നാലിലൊന്നും ആയിഷ(റ)യിൽ നിന്ന് രേഖപ്പെടുത്തിയതാണ് എന്ന് ഹാകിം(റ) പറഞ്ഞിട്ടുണ്ട്. (അൽ ഇജാബ) ഹാഫിള് അബൂ ഹഫ്സ്(റ) പറയുന്നു: ബുഹാരിയിലും മുസ്ലിമിലും മതവിധി പറയുന്ന ഹദീസുകൾ 1200 എണ്ണമാണ്. അതിൽ 296 ഹദീസുകൾ ആയിഷ(റ) നിവേദനം ചെയ്തതാണ്. (അൽ ഇജാബ)
അത്വാഇബ്നു അബീ റബാഹ്(റ) പറയുന്നു: ജനങ്ങളിൽ ഏറ്റവും കൂടുതൽ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുമുള്ളവരായിരുന്നു ആയിഷ ബീവി(റ). ഫിഖ്ഹ്, ചികിത്സ, കവിത എന്നിവയിൽ ആയിഷ(റ)നേക്കാൾ അറിവുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല എന്ന് ഉർവതുബ്നു സുബൈർ(റ) പറയുന്നതായി കാണാം. ഞങ്ങൾക്ക് എന്തെങ്കിലും അവ്യക്തത വന്നാൽ അതിനെക്കുറിച്ച് ആയിഷ(റ)യോട് ചോദിക്കും. മഹതിയുടെ അടുത്ത് അതുമായി ബന്ധപ്പെട്ട വിവരണം ഇല്ലാതിരിക്കില്ല എന്ന് അബു മൂസൽ അശ്അരി(റ) പറയുന്നുണ്ട്. ഖുർആനിന്റെ വ്യാഖ്യാന മേഖലയിലും മഹതിയുടെ സംഭാവനകൾ ചെറുതല്ല. ഹദീസ് ക്രോഡീകരണത്തിലും ആയിഷ ബീവി(റ)യുടെ സേവനങ്ങൾ ചരിത്ര യാഥാർഥ്യമാണ്. ഒന്നേകാൽ ലക്ഷം വരുന്ന സഹാബികളിൽ മൂന്നു പുരുഷന്മാർ മാത്രമാണ് ഹദീസ് നിവേദനത്തിൽ അവരെക്കാൾ മുന്നിലുള്ളത്. സ്ത്രീ എന്ന നിലയിൽ യാത്രയിലും മറ്റു ചില സമയങ്ങളിലും നബി(സ്വ)യോടൊപ്പം കൂടെയുണ്ടാകാൻ സാധിച്ചിട്ടില്ല എന്നതാണ് അതിനു കാരണം. ഹദീസ് നിവേദകരിൽ പ്രമുഖരായ അബൂഹുറൈറ(റ) ആയിഷ ബീവി(റ)യുടെ വീടിനു മുന്നിൽ വന്ന് ഇടയ്ക്കിടെ ഹദീസ് പറഞ്ഞു കൊടുക്കുമായിരുന്നു. ഹദീസിൽ വല്ല പിഴവുകൾ ഉണ്ടെങ്കിൽ അത് ആയിഷ(റ) ഓർമ്മപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു അതെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.
ആയിഷ ബീവി(റ)ക്ക് സ്ത്രീത്വം പരിമിതിയല്ല പകർന്നത്. വൈജ്ഞാനിക സമ്പാദനത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ അനുകൂലമായ സാഹചര്യം ലഭിക്കുകയും ലോകജനതക്ക് നിസ്തുല്യമായ സേവനങ്ങളും പാഠങ്ങളും മാതൃകകളും പകരാൻ സാധിക്കുകയുമാണ് ചെയ്തത്.
തിരുപത്നിമാർക്കിടയിൽ പ്രത്യേക മഹത്വം ലഭിച്ചവരായിരുന്നു ആയിഷ ബീവി(റ). കന്യകയായി നബി(സ്വ)യെ വിവാഹം ചെയ്തത് ആയിഷ ബീവി(റ) മാത്രമാണ്. മാതാപിതാക്കൾ ഹിജ്റ പോയവരായുള്ള തിരുപത്നിയും ആയിഷ ബീവി(റ) മാത്രം. നിരപരാധിത്വം അല്ലാഹു നേരിട്ട് വെളിപ്പെടുത്തിയത് എനിക്കു മാത്രമാണെന്ന് ആയിഷ ബീവി(റ) പറയുന്നുണ്ട്. വിവാഹം ചെയ്യുന്നതിന് മുമ്പ് ജിബ്‌രീൽ(അ) ആയിഷ ബീവി(റ)യുടെ രൂപം പട്ടിൽ പൊതിഞ്ഞു കൊണ്ട്, ഇത് നിങ്ങളുടെ ഭാര്യയുടെ രൂപമാണ്, ഇവരെ നിങ്ങൾ വിവാഹം ചെയ്യുക എന്ന സംഭവം നബി(സ്വ)ക്ക് ഉണ്ടായത് ആയിഷ ബീവി(റ)യുടെ വിവാഹത്തിനു മുന്നോടിയായി മാത്രമാണ്. ഞാനും തിരുനബിയും ഒരു പാത്രത്തിൽ നിന്നായിരുന്നു കുളിച്ചിരുന്നത് എന്ന് ആയിഷ ബീവി(റ) പറയുന്നു. കുളിയിലും മറ്റും പാലിക്കേണ്ട നിയമവശങ്ങൾ പഠിപ്പിക്കുകയാണ് ഇതിലൂടെ. ആയിഷ ബീവി(റ)യുടെ കൂടെ കിടക്കുമ്പോൾ മാത്രമാണ് നബി(സ്വ)ക്ക് വഹ് യ് ഇറങ്ങിയത്. എൻറെ നെഞ്ചിന്റെയും തുടയിലെയും ഇടയിൽ ചാരികിടന്നാണ് വഫാത്തായത് എന്ന് ആയിഷ ബീവി(റ) പറയാറുണ്ടായിരുന്നു. നബി(സ്വ) അവസാനമായി താമസിച്ചതും ആയിഷ ബീവി(റ)യുടെ വീട്ടിലായിരുന്നു. നബി(സ്വ)യുടെ വഫാത്തിന്റെ സമയത്ത് മടിയിൽ തലവെച്ച് കിടക്കുന്ന നബി(സ്വ) മിസ്വാക്ക് ആവശ്യപ്പെടുന്നുണ്ടെന്ന് ആയിഷ ബീവി(റ)ക്ക് തോന്നി. ആ അവസരത്തിൽ മിസ്‌വാക്ക് അല്പം ചവച്ചുകൊണ്ട് ആയിഷ ബീവി(റ) നബി(സ്വ)ക്ക് മിസ്‌വാക്ക് കൊടുത്തു. അങ്ങനെ അവരുടെ ഉമിനീരുകളാണ് അവസാനമായി സംഗമിച്ചത്. മറ്റു ഭാര്യമാരിൽ നിന്നും പ്രത്യേകമായി ലഭിച്ച ഇത്തരം സൗഭാഗ്യങ്ങൾ മഹതി എടുത്തു പറയാറുണ്ടായിരുന്നു.
വിജ്ഞാനവും ധീരതയും സ്നേഹവും നിറഞ്ഞ ആയിഷ ബീവി(റ) പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവരായിരുന്നു. തിരുപത്നിമാരുടെ ജീവിതങ്ങൾ വിശ്വാസലോകത്തിന് മാതൃകയാണ്. ഉത്തമ കുടുംബത്തെ രൂപപ്പെടുത്താനും ധാർമിക മൂല്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനുമുതകുന്ന സങ്കൽപ്പങ്ങളും പാഠങ്ങളുമാണ് തിരുകുടുംബം നമുക്ക് ബാക്കിവെച്ചത്. അത്തരത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ മൂല്യവും ആവശ്യകതയും ഓരോ കാലത്തും കൂടുതൽ വെളിപ്പെടുത്തുന്നുണ്ട് ആയിഷ ബീവി(റ)യുടെ ജീവിതം.


