കുറ്റത്തേക്കാൾ ഭീകരമാണ് കുറ്റം സ്വാഭാവികവൽകരിക്കൽ.
റിയാസ് മൗലവി വധക്കേസിൻ്റെ വിധി വന്നിരിക്കുന്നു.
നൂറോളം തെളിവുകളുള്ള ഒരു കേസിൽ,
അനവധി ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും മതിയായ തെളിവില്ലെന്ന പേരിൽ പ്രതികളെ വെറുതെ വിട്ടിരിക്കുന്നു. വിധി കൊലപാതകത്തോളം ക്രൂരമാകുന്നത് അങ്ങനെയാണ്. മറിച്ചൊരു വിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരേ എന്ന നിരാശ പുകയുന്ന ചോദ്യത്തിൽ അവസാനിക്കേണ്ടതല്ല സംഘ് പരിവാർ കാലത്തെ കോടതി വ്യവഹാരങ്ങൾ.
കാലങ്ങളായി നീതി പീഠവും പൊലീസ് സേനയും ഭരണകൂടവും സംഘ്പരിവാറിനു വകവെച്ചു കൊടുക്കുന്ന അഡീഷനൽ പ്രിവിലേജിൻ്റെ പരിണിതിയായി പ്രതികൾ നടത്തുന്ന കുറ്റാഘോഷങ്ങൾ രാജ്യത്തു പുതിയതല്ല. ഗുജറാത്ത് കലാപത്തിലും അഖ്‌ലാഖ് വധക്കേസിലും പ്രതികളെ പൂമാലയിട്ട് ആദരിക്കുന്ന ജനപ്രതിനിധികളെ ജാള്യതയോടെ നോക്കി നിന്നിട്ടുണ്ട് രാജ്യം. സംഘ്പരിവാർ സ്പോൺസേർഡ് ക്രിമിനലുകൾക്ക് രാജ്യത്തു പ്രിവിലേജുണ്ടോ എന്ന ചോദ്യം വെറും ഊഹങ്ങളിൽ നിന്നു മുളച്ചുണ്ടാവുന്നതല്ല.
പ്രോസിക്യൂഷനു ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു വെന്നും ഏക പക്ഷീയമായ അന്വേഷണമാണ് നടന്നത് എന്നും കോടതി കുറ്റപ്പെടുത്തുന്നു. ഞങ്ങൾ മതിയായ തെളിവുകൾ ഹാജരാക്കിയിടുണ്ടെന്നും കോടതി മുഖവിലക്കെടുത്തില്ലെന്നും പ്രോസിക്യൂഷനും പഴിചാരുന്നു. രണ്ടിനും നടുക്ക് ആ വിധവയായ സ്ത്രീയും കുഞ്ഞു മകളും വിങ്ങി പൊട്ടുന്നു.
യാസർ വധക്കേസ് ഓർമയുള്ളവർ വിരളമായിരിക്കും. കാരണം വധിക്കപ്പെട്ടത് ഒരു മുസ്‌ലിമാണ്, അതിലുപരി കൊന്നത് ആർ, എസ്, എസാണ്. മുസ്‌ലിമായതിൻ്റെ പേരിൽ നടന്ന കൊലയാണ്. ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് ഓളമുണ്ടാവില്ല. ഓർക്കാതിരിക്കാൻ അതിലുപരി കാരണങ്ങളൊന്നും വേണ്ടതില്ലല്ലോ. 1998 ൽ ആഗസ്റ്റിലാണ് യാസിർ കൊല്ലപ്പെടുന്നത്. ആർഎസ്എസ് ജില്ലാ സഹ കാര്യവാഹക് ആയിരുന്ന മഠത്തിൽ നാരായണൻ നായരായിരുന്നു ഒന്നാം പ്രതി.
2016 ജുലൈയിൽ സുപ്രീംകോടതി മുഴുവൻ പ്രതികളെയും വെറുതെ വിടുന്നു. അതേ വർഷം നവംബർ മാസം കൊടിഞ്ഞി ഫൈസൽ കൊല്ലപ്പെടുന്നു, യാസർ കൊല്ലപ്പെട്ട അതേ കാരണത്തിന്. പുറത്തിറങ്ങി മാസങ്ങൾക്കകം നടന്ന ഫൈസൽ വധക്കേസിലും പ്രതിയാണ് മഠത്തിൽ നാരായണൻ നായർ. ആഴ്ചകൾക്കകം ഫൈസൽ വധക്കേസിലെ എല്ലാ പ്രതികളും ജില്ലാ കോടതിയിൽ നിന്ന് ജാമ്യം വാങ്ങി പുറത്തിറങ്ങിയതും നമ്മൾ കണ്ടു. കൊലപാതകത്തിൽ ഗൂഢാലോചനയില്ല എന്നായിരുന്നു ജാമ്യം അനുവദിക്കാൻ കണ്ടെത്തിയ കാരണം.
കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷൻ ശാഠ്യം പിടിക്കുന്നുണ്ട് റിയാസ് മൗലവി വധക്കേസിലും.
പ്രദേശത്ത് സംഘ് ആചാര്യൻ നളിൻ കുമാറിൻ്റെ വിദ്വേഷ പ്രസംഗം നടക്കുന്നു. ഒരാഴ്ച പിന്നിടുമ്പോൾ മൂന്നു പേർ ചേർന്ന് പള്ളിയിൽ കിടന്നുറങ്ങുന്ന ഒരാളെ കിലോമീറ്ററുകൾ യാത്ര ചെയ്തു പോയി വെട്ടി കൊല്ലുക. എന്നിട്ടും ഗൂഢാലോചന നടന്നിട്ടില്ലെന്നു പറയുക. അതു തമാശക്ക് കയറി ചെന്നതാണെന്ന് എല്ലാവരും വിശ്വസിക്കണമെന്നാണ് ഭാവം. അവസാനം ഒന്നുമേ സംഭവിക്കാത്ത മട്ടിൽ മൂന്നു പ്രതികളെയും കോടതി വെറുതെ വിടുക. അതാണ് നേരത്തെ സൂചിപ്പിച്ച ആർഎസ്എസിനു ലഭിച്ചു പോരുന്ന പ്രിവിലേജിൻ്റെ അവസാനത്തെ ഉദാഹരണം.
മുസ്‌ലിംകൾ വൈകാരികമായി പ്രതികരിക്കുമെന്ന് പൊലീസ് ഡിക്ഷണറിയിൽ ആരും എഴുതി പിടിപ്പിച്ചതല്ല. അങ്ങനെയൊരു ഓർമയും കേരളത്തിനില്ല. മുസ്‌ലിംകൾ വിദ്വേഷം പ്രചരിപ്പിക്കുമെന്നും കലാപമുണ്ടാക്കുമെന്നും വരുത്തി തീർക്കാനുള്ള പൊലീസിലെ സംഘ് സ്ലീപ്പർ സെല്ലുകളുടെ കുബുദ്ധിയാണത്.
പ്രോസിക്യൂഷനു ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു വെന്നും ഏക പക്ഷീയമായ അന്വേഷണമാണ് നടന്നത് എന്നും കോടതി കുറ്റപ്പെടുത്തുന്നു. ഞങ്ങൾ മതിയായ തെളിവുകൾ ഹാജരാക്കിയിടുണ്ടെന്നും കോടതി മുഖവിലക്കെടുത്തില്ലെന്നും പ്രോസിക്യൂഷനും പഴിചാരുന്നു. രണ്ടിനും നടുക്ക് ആ വിധവയായ സ്ത്രീയും കുഞ്ഞു മകളും വിങ്ങി പൊട്ടുന്നു. പ്രതിയുടെ ദേഹത്തുണ്ടായിരുന്ന രക്തക്കറ റിയാസ് മൗലവിയുടേതാണ് എന്നു DNA ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിട്ടും കോടതിക്ക് ശിക്ഷിക്കാൻ അതു സ്വീകര്യമായില്ലത്രെ. പ്രതിക്കൂട്ടിൽ സംഘ് പരിവാറാകുമ്പോൾ പഴുതൊരുക്കാൻ വെമ്പുന്ന പ്രോസിക്യൂഷനും അതിൽ കടിച്ചു തൂങ്ങുന്ന ജുഡീഷ്യറിയുമാകുമ്പോൾ പൗരന്മാർ നീതി തേടി എവിടെ പോകണമെന്നാണ്.? ആലപ്പുഴയിലെ ബിജെപി പ്രവർത്തകനായിരുന്ന ശ്രീനിവാസൻ വധക്കേസ് പ്രതികളിലെ എല്ലാ പ്രതികൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കാൻ കാണിച്ച ശുഷ്കാന്തി പ്രോസിക്യൂഷനും ജുഡീഷ്യറിക്കും ഇതര കേസുകളിൽ ഇല്ലാതെ പോകുന്നതാണ് നേരത്തെ സൂചിപ്പിച്ച പ്രിവിലേജ്. ശ്രീനിവാസൻ വധത്തിനു പ്രേരകമായ ഷാൻ വധക്കേസ് ഇപ്പോഴും എങ്ങുമെത്തിയില്ല എന്നതു കൂടി ഓർക്കണം.
വിധിയുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ
നടപടി സ്വീകരിക്കുമെന്ന പൊലീസിൻ്റെ കരുതൽ അറിയിപ്പു വന്നിരിക്കുന്നു. പ്രസ്താവന ആത്മാർത്ഥമായിരുന്നെങ്കിൽ
കേരളത്തിലിത്ര ചോരക്കഥകളുണ്ടാവില്ലായിരുന്നു. 1993 സെപ്തംബറിൽ നടന്ന താനൂർ സ്ഫോടനം ജനാധിപത്യ സമൂഹം ഓർക്കുന്നത് നന്നാവും. താനൂരിലെ ഒരു ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് തിരുവനന്തപുറത്തുകാരനായ ആർഎസ്എസ് പ്രവർത്തകൻ ശ്രീകാന്ത് ആണ്. ദിവസങ്ങൾക്കു ശേഷം നടക്കാനുള്ള ശ്രീ കൃഷ്ണ ജയന്തി ഘോഷ യാത്രയിലേക്ക് എറിയാനുള്ള ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം നടക്കുകയായിരുന്നു. മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്നാണ് അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന ഉമ്മൻ കോഷി സംഭവത്തെ കുറിച്ച് പറഞ്ഞത്.
വീണു കിട്ടുന്ന ഏതൊരവസരവും കലാപമുണ്ടാക്കാൻ ശ്രമിച്ച ചരിത്രം പേറുന്ന
ആർഎസ്എസ് നോടില്ലാത്ത കലാപ ഭീതിയാണ് പൊലീസിന് മുസ്‌ലിംകളോട്. സംഘ് വിദ്വേഷ ഫാക്ടറികൾ സ്ഥല കാല ഭേദമന്യേ സൈബറിടത്തിൽ ഇപ്പോഴും തഴച്ചു വളരുന്നുണ്ടെന്നോർക്കണം.
മുസ്‌ലിംകൾ വൈകാരികമായി പ്രതികരിക്കുമെന്ന് പൊലീസ് ഡിക്ഷണറിയിൽ ആരും എഴുതി പിടിപ്പിച്ചതല്ല. അങ്ങനെയൊരു ഓർമയും കേരളത്തിനില്ല. മുസ്‌ലിംകൾ വിദ്വേഷം പ്രചരിപ്പിക്കുമെന്നും കലാപമുണ്ടാക്കുമെന്നും വരുത്തി തീർക്കാനുള്ള പൊലീസിലെ സംഘ് സ്ലീപ്പർ സെല്ലുകളുടെ കുബുദ്ധിയാണത്. ഒരു നിഷ്കളങ്കനായ മനുഷ്യനെ ഒരു കാരണവുമില്ലാതെ വെട്ടി നുറുക്കിയതിന് നീതി പീഠത്തിൽ വിശ്വാസമർപ്പിച്ച് ഏഴു വർഷം കാത്തിരുന്നവർക്കാണ് പോലീസ് സമാധാന ക്ലാസെടുക്കുന്നത്. മുസ്‌ലിംകളിലൊരംഗം കുറഞ്ഞെന്ന മട്ടിൽ ആരും ഇതിനെ സമീപിച്ചിട്ടില്ല, ഉറഞ്ഞു തുള്ളിയിട്ടില്ല. നാട്ടിൽ നടക്കുന്ന എന്തിനെയും വർഗീയവൽകരിച്ച് കലാപം സൃഷ്ടിക്കാൻ മുസ്‌ലിംകൾക്കിവിടെ നുണബോംബു ഫാക്ടറികളില്ല. സംഘ് പരിവാറിനു വേണ്ടി എടുക്കുന്ന ഓവർ ടൈം പണി മുസ്‌ലിംകളെ പേടിച്ച് പൊലീസ് എടുക്കേണ്ടതില്ല


