Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Review

ഹൃദ്യവായനയുടെ ഹിമകണങ്ങൾ

എം ടിയുടെ മഞ്ഞ് മലയാളി വായനയുടെ എഴുപത് വർഷങ്ങളെ തൊട്ടുപോകുന്നു. നിങ്ങൾ ഒരു വായനക്കാരനാണെങ്കിൽ ഈ പുസ്തകം വായിച്ചിരിക്കണം. മഞ്ഞ് നിങ്ങളിലെ ഭാവുകത്വത്തെ സംതൃപ്തമാക്കാതിരിക്കില്ല.

ആശിഖ് സഖാഫി പൊന്മള by ആശിഖ് സഖാഫി പൊന്മള
in Review
Reading Time: 2 mins read
0
ഹൃദ്യവായനയുടെ ഹിമകണങ്ങൾ

1964 ൽ പ്രസിദ്ധീകരിക്കപ്പെട്ട മഞ്ഞിന്റെ നാൽപ്പത്തിമൂന്നാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. ഇതൊരു നോവലോ കഥയോ കവിതയോ ആണെന്നു ചോദിച്ചാൽ ഓരോന്നും ഇഷ്ടപ്പെടുന്നവർക്ക് എല്ലാമാണ്. തെളിച്ചു പറഞ്ഞാൽ ഇതൊരു നോവെല്ലയാണ്. മഞ്ഞ് സംഗീതാത്മകമായ, ഏകാഗ്രതയിലൂന്നിയ വായനാനുഭൂതി സമ്മാനിക്കുന്നു. വലിയൊരു നോവൽ മനസ്സിൽ കണ്ട് എഴുതാനിരുന്ന ഉദ്യമത്തിന്റെ ഏതോ നിമിഷത്തിൽ പുതിയൊരു നിയോഗമായി ‘മഞ്ഞ്’ പിറക്കുകയായിരുന്നുവെന്ന് രചയിതാവ് തന്നെ സമ്മതിക്കുന്നു. നീട്ടിവലിച്ചുള്ള നോവലിന്റെ സാമ്പ്രദായികതയില്ല, അന്തർമുഖമായി പെയ്യുന്ന ഭാവനയുടെ അനന്യമായ ലോകം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. വാക്കുകളേക്കാൾ വരികൾക്കിടയിലെ മൗനങ്ങൾ വാചാലമാവുന്നു. ആവാച്യമായ സാഹിത്യഭംഗിയുടെയും ആസ്വാദനത്തിന്റെയും സാധനപാഠം.

എം ടി വാസുദേവൻ നായർ

കഥാപാത്രം വിമലയുടെ സ്‌മൃതിയുടെ ഓളപ്പരപ്പിലൂടെ വായനക്കാരനെ കൊണ്ടുപോയി അർത്ഥവും വ്യർത്ഥവുമായ ജീവിതത്തിന്റെ അടരുകൾ മഞ്ഞുപോലെ പെയ്യിക്കുന്നു. കാല ദേശങ്ങളുടെ വ്യാസവും ദൈർഘ്യവും മനോഹരമായ ഉപമകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വിമല കടന്നുപോവുന്ന ഒരോ വഴികളിലും അനേകം അവസ്ഥാന്തരങ്ങളെ ഗർഭം ധരിച്ച കാൽപ്പനികതയുടെ ചക്രവാളങ്ങൾ!!. ഓരോന്നും അപഗ്രഥനത്തിന്റെ വിശാലമായ ജാലകം തുറന്നുവയ്ക്കുന്നു.
“ചുഴലിക്കറ്റ് വീശുന്നൊരു കുടുംബവും വിളറി വിറച്ചുനിൽക്കുന്ന ഒരു പെൺകുട്ടിയും” ബോർഡിങ്‌ ഹൗസിലെ, പതിനാറാം വയസ്സിൽ സ്ത്രീയായിരിക്കുന്ന രഷ്‌മിയുടെ ചുറ്റിക്കളിയും അതിനാൽ വന്നുചേരുന്ന പ്രത്യാഘാതങ്ങളും സഗൗരവം നേർത്ത വരികളിൽ ചുരുട്ടിക്കെട്ടിയിരിക്കുന്നു.

വിരസമായ വിമലയുടെ ഭാവുകങ്ങളും, പിതാവിന്റെ കണിശതയും, ഏകാധിപത്യവും, നിസ്സഹായതയും, അമ്മയുടെ വഴിവിട്ട ബന്ധങ്ങളും, കുടുംബശൈഥില്യവും, ഒറ്റപ്പെടലും, പ്രണയവും, വിരഹവും, കാത്തിരിപ്പുകളും ഹൃദയഹാരിയായ ഉപമകളാൽ തുറന്നു വയ്ക്കുന്നു. താഴ് വരയിലെ നടപ്പാതകളും വളവിലെ കൂറ്റൻ ബർച്ചുമരവും പൈൻമരക്കാടുകളും ആപ്പിൾത്തോട്ടങ്ങളും കുന്നുകളും പാറക്കെട്ടുകളും നൈനിറ്റാൾ തടാകവും തീരവും നമ്മുടെ നയനങ്ങളെയും കനവുകളെയും അത്രമേൽ അനുഭൂതിദായകങ്ങളായി മഞ്ഞുണർത്തുന്നു. ബോർഡിങ്‌ ഹൗസിലെ ഇരുപത്തിമൂന്ന് റൂമുകളിലെ വിമല താമസിക്കുന്ന ഈ റൂം എല്ലാം ആവാഹിച്ചെടുത്തിരിക്കുന്നു.

വിമലയുടെ ഓർമകളിൽ ഓളം വെട്ടിവരുന്ന ചില ഓളങ്ങൾക്കെങ്കിലും നമ്മുടെ ജീവിതവ്യവഹാരങ്ങളിലെ താളങ്ങളോടു താദാത്മ്യമുണ്ടാവാതിരിക്കില്ല. അച്ഛന്റെ സ്വഭാവവും മരണവും വിമലയുടെ വീട് വിട്ടുള്ള ജീവിതവും തീർക്കുന്ന മനോവ്യഥകൾ സമകാലീന കുടുംബവ്യവസ്ഥിതിയിലെ നെരിപ്പോടുകളിലേക്കു ചിന്തകളെ പടർത്തുന്നുണ്ട്. അച്ഛന്റെ സംസ്കാരം കഴിഞ്ഞ് അവസാനമായി മടങ്ങുന്ന അമ്മയുടെ കാമുകൻ യാത്ര പറയാൻ വന്നപ്പോഴുള്ള വിമലയുടെ അന്തരംഗത്തെ ഇങ്ങനെയാണ് അടയാളപ്പെടുത്തിയത്: “അടുക്കളയിൽ നിന്നുള്ള അഴുക്കുവെള്ളം ഒഴുകുന്ന ചാലിലേക്ക് വിമല നോക്കിക്കൊണ്ടു നിൽക്കുന്നു”.

നാടും കുടുംബവും വിട്ട് ഏകാന്തപഥികയായി വസന്തത്തെയും മഞ്ഞിനേയും പ്രകൃതിയെയും നോക്കി തന്റെതായ ലോകം പണിയുന്ന വിമലയുടെ ലോകത്തെ ഇങ്ങനെ കാണിച്ചു :”മലകളും മഞ്ഞും തണുപ്പും തടാകവും തേടി വരണ്ട ഭൂമികളിൽ നിന്നും വന്നെത്തുന്ന സഞ്ചാരികളുടെ കാലൊച്ച കേൾക്കാം, തന്റെ ശവ കുടീരത്തിനു ചുറ്റും”.

സായാഹ്നങ്ങളിൽ കൂടെ നടക്കാൻ ക്ഷണിച്ച സർദാർജി ഇടയ്ക്ക് വിചിത്രമായ ചിന്തകൾക്കും ഓർമകൾക്കും വഴി തുറക്കുന്നു. സർദാർജിയുടെ പ്രേമകാവ്യങ്ങളിൽ വിമല തന്റെ ഒമ്പത് വർഷമായുള്ള കാത്തിരിപ്പിന്റെ ചുഴിയിൽ ഭൂതകാല ഓർമകളിലേക്ക് ഊളിയിടുന്നു. ഒരു നിമിഷം സർദാർജി പറയുന്നു :”എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമ ലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ, വെറുതെ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ് “. കുറഞ്ഞ നിമിഷങ്ങൾക്കൊണ്ട് അനന്തവും ആവാച്യവുമായ സൗഹൃദത്തിന്റെ മനോഹരമായ പങ്കുവയ്പ്പും, അതിലേക്കു വഴിതുറക്കുന്ന അനേകം നിമിഷങ്ങളും വായനയുടെ ചേതോഹരമാകുന്നുണ്ട്. അവസാനം ബോട്ട് സഞ്ചരിച്ച ജലപ്പരപ്പിലേക്കു നോക്കി ബുദ്ധുവിനോട് അവൾ പറയുന്നു :’വരാതിരിക്കില്ല’. അച്ഛനെ കാത്തിരിക്കുന്ന ഒരു മകന്റെയും, കാമുകനെ കാത്തിരിക്കുന്ന കാമുകിയുടെയും, ഒരു വസന്തത്തെ കാത്തിരിക്കുന്ന ജീവിതത്തിന്റെയും വിഹായസ്സിലേക്ക് ആ വാക്കുകൾ പെയ്തിറങ്ങുന്നു.

സമയമെടുത്തു രണ്ടാവർത്തി വായിച്ചതിനു ശേഷം മാത്രമാണ് ഇങ്ങനെയെങ്കിലും എനിക്ക് എഴുതാനായത്. പൂർണമല്ല, ഒരിക്കലും പൂർണമാവില്ല എന്ന തിരിച്ചറിവുണ്ട്. നിങ്ങൾ ഒരു വായനക്കാരനാണെങ്കിൽ ഈ പുസ്തകം വായിച്ചിരിക്കണം. മഞ്ഞ് നിങ്ങളിലെ ഭാവുകത്വത്തെ സംതൃപ്തമാക്കാതിരിക്കില്ല. ആവർത്തിച്ചു വായിക്കുംതോറും അനുഭൂതിയുടെ മഞ്ഞു വർഷിക്കുന്നൊരു പൂങ്കാവനത്തിൽ നാം ചെന്നെത്തും. ഭാവനകളും ഉപമകളും തീർക്കുന്ന മനോഹര പൂക്കളിൽ പാറി പരിലസിക്കുന്ന ശലഭമായി നാം മാറിയിരിക്കും.

പുസ്തകം പൂർണമായും ഒരാവർത്തി വായിച്ചതിന് ശേഷം തുടക്കത്തിലുള്ള “നോവലിലെ സംഗീതം” എന്ന തലക്കെട്ടിൽ കെ പി ശങ്കരൻ സാർ എഴുതിയ പന്ത്രണ്ട് പേജുകൾ വീണ്ടും വായിച്ചു. നോവെല്ലയിലേക്ക് വീണ്ടും വീണ്ടും കടക്കുമ്പോൾ നിങ്ങളുടെ അന്തരംഗങ്ങളിൽ അനുസ്യൂതം മഞ്ഞുവീഴ്ചയുടെ മധുരാനുഭൂതി വർഷിക്കാതിരിക്കില്ല.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

നിരാശയുണ്ട്. പക്ഷേ, നമ്മൾ അതിജീവിക്കും.

Next Post

നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

ആശിഖ് സഖാഫി പൊന്മള

ആശിഖ് സഖാഫി പൊന്മള

എഴുത്തുകാരൻ

Next Post
നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact