ജീവിച്ച് കൊതി തീര്‍ന്ന് മരണം വരിച്ച ആരാണുള്ളത്? ഒരാള്‍ മരിക്കുന്നതോടെ ഒരായിരം ആഗ്രഹങ്ങളും മണ്ണടയുന്നുവെന്നാണല്ലോ പറയാറ്. ശത കോടീശ്വരും, കോടി കോടീശ്വരുമെല്ലാം ജീവിതത്തില്‍ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചവരല്ല. ഒരു പക്ഷെ, സാധാരണക്കാരിലേറെ മനോവേദനയാല്‍ വെന്ത് നീറുന്ന മനസ്സായിരിക്കുമവര്‍ക്ക്. മനസ്സിന്റെ സൗന്ദര്യവും സൗഖ്യവുമാണല്ലോ യഥാര്‍ത്ഥ സൗഖ്യം. ആഗ്രഹിക്കുന്നതെല്ലാം നേടുന്നില്ല, എന്നല്ല, ആഗ്രഹിച്ച ഒന്നും നാം നേടുന്നല്ല. മറിച്ച് സ്രഷ്ടാവിന്റെ അലംഘനീയമായ വിധിയോട് നമ്മുടെ ആഗ്രഹങ്ങള്‍ യോജിച്ച് വന്നാല്‍ കിട്ടി എന്ന് പറയാമെന്ന് മാത്രം.
ഈ നിരര്‍ത്ഥകമായ വ്യവസ്ഥിതിയാണ് മനുഷ്യനെ അവന്റെ അസ്തിത്വത്തെ കുറിച്ചും, ഞാനെന്താണ്, ഞാനാരാണ് എന്നതിനെ കുറിച്ചുമെല്ലാം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. മരണത്തിന്റെ കൂച്ചു വിലങ്ങില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല എന്ന നഗ്ന സത്യം നമ്മെ ചിന്തിപ്പിക്കുന്നു. സസ്യങ്ങളും മൃഗങ്ങളും ജീവനില്ലാത്തതുമെല്ലാം മനുഷ്യന്റെ നിയന്ത്രണത്തിലാണ്. അവ മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതുമാണ്. മനുഷ്യനോ? അവന്‍ സ്രഷ്ടാവിന് വേണ്ടിയും. മനുഷ്യ-ജിന്ന് വര്‍ഗത്തെ എനിക്കാരാധിക്കാനല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല എന്നാണല്ലോ ഖുര്‍ആന്‍ ഭാഷ്യം.
ഒരു കാര്യം തീര്‍ച്ചയാണ്. ഞാന്‍ ആഗ്രഹിച്ചിട്ടല്ല ഞാന്‍ ജനിച്ചത്. ഞാന്‍ ആഗ്രഹിച്ച ദേശത്തും പ്രദേശത്തും തെരഞ്ഞെടുത്ത മാതാപിതാക്കള്‍ക്കുമല്ല നാം ജനിച്ചത്. ഞാന്‍ ഏത് ഭാഷ സംസാരിക്കുന്ന പ്രദേശത്താണ് ജനിക്കേണ്ടതെന്നതിലോ ധനികന്റെ/ ദരിദ്രന്റെ മകനായാണോ ജീവിക്കേണ്ടെതെന്നതിലോ നമുക്ക് തെരഞ്ഞെടുപ്പിനധികാരമില്ല. അപ്പോള്‍ ദേശവൈകല്യത്തിലോ ധനവൈകല്യത്തിലോ ശാരീരിക വൈകല്യത്തിലോ അകപ്പെടാത്ത ആരുമില്ല. അതിലൊരു അനീതിയുമില്ല. തെരഞ്ഞെടുപ്പിനവകാശവുമില്ല.
അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്. ലോകത്തെ എല്ലാവരും സമന്മാരാണ്. വര്‍ണ, വര്‍ഗ, ഭാഷ, ദേശ വൈചാത്യമന്യേ എല്ലാവരും തുല്യരാണ്. കുബേരനും കുചേലനും ബുദ്ധിവൈകല്യമുള്ളവനും അംഗവൈകല്യമുള്ളവനും കറുത്തവനും വെളുത്തവനുമെല്ലാം. കാരണം, ഒന്നാമതായി തെരഞ്ഞെടുപ്പിനവസരമില്ലാതെ ഒന്നല്ലെങ്കില്‍ മറ്റൊരു വൈകല്യങ്ങളെ പേറുന്നവരാണ് ഓരോരുത്തരും. രണ്ടാമതായി, ലക്ഷ്യം ആരാധന നിര്‍വഹിക്കലാണ്. എല്ലാവരും തുല്യരായല്ല സല്‍കര്‍മ്മം ചെയ്യേണ്ടത്. മറിച്ച് തനിക്ക് ദൈവം നല്‍കിയ പ്രാപ്തിക്കും കഴിവിനും അനുസരിച്ചാണ്. മൂന്നാമതായി, നാം ശാശ്വതമായി ദുനിയാവില്‍ ഈ നിലയില്‍ തുടരാനുള്ളവരല്ല, അങ്ങനെയെങ്കിലല്ലേ ഖേദത്തിന് വഴിയുള്ളൂ. അനന്തമായ പാരത്രിക ജീവിതത്തെ അപേക്ഷിച്ച് ഒന്നു കണ്ണ് ചിമ്മിത്തുറക്കാനുള്ള കുറഞ്ഞ സമയം മാത്രം ജീവിക്കാനുള്ള നൈമിഷിക ലോകം. ശാശ്വത പാരത്രിക ജീവിതത്തില്‍ ആര്‍ക്കും യാതൊരു വൈകല്യങ്ങളുമില്ല. നാലാമതായി, ഇത് പരീക്ഷണ ലോകമാണ്. പരീക്ഷണത്തില്‍ വിജയിക്കുക മാത്രമാണ് ലക്ഷ്യം. മരണത്തെയും ജീവിതത്തെയും നിങ്ങളിലാരാണ് കര്‍മ്മത്തിനാല്‍ ഉന്നതനെന്ന് പരീക്ഷിക്കാനാണ് സൃഷ്ടിച്ചതെന്നാണല്ലോ ഖുര്‍ആന്‍ വാക്യം. ആയതിനാല്‍ ഈ കുറഞ്ഞ സമയം ചില പ്രത്യേക അവസരങ്ങള്‍ തന്ന് ആഖിറത്തിലേക്ക് തയ്യാറാവാനുള്ള പരീക്ഷണ നിമിഷങ്ങളാണ്. ആയതിനാല്‍ എല്ലാവരും പരീക്ഷിക്കപ്പെടുന്നവരാണ്.
ഒരധ്യാപകന്‍ ക്ലാസ്സില്‍ വന്ന് പത്ത് കുട്ടികളെ പരീക്ഷിക്കുകയാണ്. ഒരാള്‍ക്ക് കുട നിര്‍മ്മിക്കുവാനുള്ള ചേരുവകള്‍ നല്‍കി. മറ്റൊരാള്‍ക്ക് സോപ്പ് നിര്‍മ്മിക്കാനുള്ളവ, ബുക്ക് നിര്‍മ്മിക്കുവാനും കവര്‍ നിര്‍മ്മിക്കുവാനും ബാഗ് നിര്‍മ്മിക്കുവാനും അങ്ങനെയങ്ങനെ. അപ്പോള്‍ ഇവര്‍ക്കെല്ലാം നല്‍കുക ഒരേ ചേരുവകളല്ല. അങ്ങനെ വേണമെന്ന് കുട്ടികള്‍ വാശി പിടിച്ചിട്ട് കാര്യവുമില്ല. അങ്ങനെയാകുമ്പോള്‍ അധ്യാപകന്‍ കരുതിയ ഫലം ലഭിക്കില്ലല്ലോ. തനിക്ക് കിട്ടിയ ഈ വസ്തുക്കളുപയോഗിച്ച് ഏറ്റവും ഭംഗിയായി നിര്‍ദ്ദേശിക്കപ്പെട്ടവ പൂര്‍ത്തീകരിക്കാനേ നിര്‍ദേശമുള്ളൂ.
ഇതു പോലെയാണ് മനുഷ്യന്റെ കാര്യവും. ഒരാളെയും ദൈവം മറ്റൊരാളെപ്പോലെ സൃഷ്ടിച്ചിട്ടില്ല. ആയതിനാല്‍ താന്‍ എത്തിപ്പെട്ട രംഗമാണെന്റേതെന്ന വിശ്വാസത്തില്‍ ആ മേഖലയില്‍ വിജയിക്കാനാണ് നാം തയ്യാറാവേണ്ടത്. എല്ലാവര്‍ക്കും ഒരേ ചേരുവകളല്ല തന്നിട്ടുള്ളത്. ഒരു പണക്കാരനോട്, പുരുഷനോട്, കാഴ്ചയുള്ളവനോട്, കേള്‍വിയുളളവനോട്, കൈകാല്‍ ശേഷിയുള്ളവനോട് ചോദിക്കുന്ന ചോദ്യങ്ങളല്ല ഒരു പാവപ്പെട്ടവനോട്, സ്ത്രീയോട്, അന്ധനോട്, ബധിരനോട്, വാതമുള്ളവനോട്് ചോദിക്കുക. ഓരോരുത്തരും തനിക്ക് നല്‍കപ്പെട്ട രംഗങ്ങളില്‍ വിജയിച്ചാല്‍ ആഖിറം രക്ഷപ്പെടും. അപ്പോള്‍ ധനികനായില്ലല്ലോ, ആണായില്ലല്ലോ, പെണ്ണായില്ലല്ലോ, ശേഷിയുള്ളവനായില്ലല്ലോ എന്ന ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല.
പാരത്രിക ജീവിതത്തിലേക്ക് നോക്കുമ്പോള്‍ നാമേവരും സമന്മാരാണെന്ന് ബോധ്യപ്പെട്ടു. ആഖിറം മാത്രമാണ് യാഥാര്‍ത്ഥ്യവും ശാശ്വതവുമെന്നത് തീര്‍ച്ചയുമാണ്. എങ്കില്‍ പിന്നെ ഇഹലോകത്തെ ശേഷിക്കുറവ് ദുനിയാവിലേക്ക് നോക്കുമ്പോള്‍ തന്നെ ഒരു കുറവല്ല. കാരണം എല്ലാവരും മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ സാഹചര്യപരമായോ വൈകല്യമുള്ളവരാണല്ലോ. അതു പോലെ ആത്യന്തിക ലക്ഷ്യമായ എന്നെന്നും നിലനില്‍ക്കുന്ന ആഖിറത്തിലേക്ക് വേണ്ടി ഈ ദുനിയാവിലെ പരീക്ഷണങ്ങളില്‍ അംഗ വൈകല്യമുള്ളവര്‍ക്ക് പെട്ടെന്ന് പാസ്സാകാം. കഷ്ടപ്പെട്ട് മഴയും വെയിലുമേറ്റ് വീട്ടിലിരിക്കാതെ അഞ്ച് നേരവും പള്ളിയില്‍ പോയാല്‍ ലഭിക്കുന്ന പ്രതിഫലം, സ്ത്രീക്ക് വീടാണുത്തമമെന്നതിനാല്‍ ഈ കഷ്ടപ്പാടൊന്നുമില്ലാതെ വീട്ടില്‍ നിന്ന് നിസ്‌കരിക്കുമ്പോഴേക്ക് സ്ത്രീകള്‍ക്ക് അത് ലഭിക്കുന്നു. അതു പോലെ കാഴ്ചയും കേള്‍വിയുമുള്ളവന്‍ അറിവു നേടാന്‍ മജ്‌ലിസുകളിലേക്കും പള്ളി ദര്‍സിലേക്കും പോയി പഠിക്കുന്ന പ്രതിഫലം അതാഗ്രഹിച്ച് വീട്ടിലിരിക്കുന്ന അന്ധനും ബധിരനും ശേഷിയില്ലാത്തവനും ലഭിക്കുന്നു. അടിയന്തിര സാഹചര്യം വന്നാല്‍ യുദ്ധത്തിന് പോകലും നാടും വീടും സ്വശരീരവും അവഗണിച്ച് മരണപ്പെടാന്‍ തയ്യാറാവലും പുരുഷന് നിര്‍ബന്ധമെങ്കില്‍ ചെയ്തില്ലെങ്കില്‍ പരലേകത്ത് അതിനെ പ്രതി, ചോദ്യം ചെയ്ത് ശിക്ഷിക്കുമെങ്കില്‍ കഴിവില്ലാത്തവര്‍ക്കും സ്ത്രീകള്‍ക്കും ഇത് മുടക്കിയതിന്റെ പേരില്‍ ഒരാക്ഷേപവുമില്ല. ചുരുക്കത്തില്‍ ആഖിറത്തിലെത്തുമ്പോള്‍ അര്‍ഹതപ്പെട്ടതേ ചോദിക്കൂ. ആയതിനാല്‍ ഇവിടെ ഏറ്റവ്യത്യാസങ്ങളുടെ പ്രശ്‌നം തന്നെ ഉദിക്കുന്നില്ല.
ഇതിന് പുറമെ പൈശാചിക സ്വാധീനം വേറെ ഉള്ളതിനാല്‍ കണ്ണുള്ളവര്‍ ഒരുപാട് തെറ്റ് കാണുന്നു. കാതുള്ളവന്‍ ഏഷണിയും പരദൂഷണവും കേള്‍ക്കുന്നു. കൈയും കാലുമുപയോഗിച്ച് തിന്മയിലേക്ക് നടക്കുകയും തിന്മക്കായി സഹായിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ, ഈ അവയവങ്ങളെ കൊണ്ട് ചെയ്യുന്ന നന്മകളേക്കാള്‍ അധികമായി. അപ്പോള്‍ ഇത്തരക്കാര്‍ക്ക് വൈകല്യമുള്ള അവയവങ്ങളെ കൊണ്ട് തെറ്റ് ചെയ്യാതെ, അപരനെ ആക്രമിക്കാതെ അത്രയും വിജയിക്കാനാവും.
ഏതെങ്കിലും ഒരു അവയവം കഴിവ് നഷ്ടപ്പെട്ടവനായി വല്ലവനും ഉണ്ടാവുകയും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്ക് പുറമെ കൂടുതല്‍ ആരാധനകള്‍ ഇല്ലെങ്കിലും അവന്‍ പാതിയെങ്കിലും ഈയൊരു വൈകല്യത്തിനു മേല്‍ ക്ഷമിച്ചതു കാരണം, നീതിമാനായ രാജാവ്, ഇതരര്‍ നൈമിഷിക ദുനിയാവില്‍ ആ അവയവം കൊണ്ട് ആസ്വദിച്ചതിനു പകരമായി സ്വര്‍ഗത്തില്‍ ഇവനെ പ്രവേശിപ്പിക്കും. അങ്ങനെ ശേഷം വൈകല്യങ്ങളില്ലാതെ ശാശ്വതമായി ആസ്വദിച്ചാസ്വദിച്ച് അവന് ജീവിക്കാം. അവന്‍ സംതൃപ്തിയോടെ ദുനിയാവില്‍ ക്ഷമിക്കണമെന്ന് മാത്രം. എന്നാല്‍ തല്‍സമയം ഭൂമിലോകത്ത് അഹങ്കരിച്ച് പാവപ്പെട്ടവരെ കാണുമ്പോള്‍ അവരെ അവഗണിച്ച് തെമ്മാടിത്തരം ചെയ്ത് നടന്ന കാഴ്ചയും കേള്‍വിയും ബുദ്ധിയും ആരോഗ്യവും ധനവുമുള്ളവരെല്ലാം അവര്‍ ചെയ്ത തിന്മയുടെ ഫലമായി കാലാകാലം തിളച്ചു മറിയുന്ന ശിക്ഷയില്‍ ആപതിക്കുമെങ്കില്‍ ശേഷിയുളളവരുടെ ഈ ശേഷിക്കെന്തര്‍ത്ഥം. ബലഹീനരുടെ ബലഹീനത എന്ത് മാത്രം പവിത്രം.
ആയതിനാല്‍ ശേഷിയുള്ളവനെപ്പോലെത്തന്നെയാണ് ശേഷിയില്ലാത്തവനെന്ന് മാത്രമല്ല നാം പറയേണ്ടി വരിക. മറിച്ച് അവര്‍ ശേഷിയുള്ളവരേക്കാള്‍ ഭാഗ്യവാന്മാരാണ്. കാരണം, ദുനിയാവ് നശ്വരവും ആഖിറം അനശ്വരവുമാണ്. ഒരു ഹദീസില്‍ കാണാം, അല്ലാഹുവിനോട് ധാരാളമായി പ്രാര്‍ത്ഥിച്ച അടിമ, അന്ത്യദിനം വരുമ്പോള്‍ അവനോട് അല്ലാഹു ചോദിക്കും. ഇന്നാലിന്ന വിഷമം നീ നേരിട്ടപ്പോള്‍ അത് നീങ്ങാന്‍ നീ പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഞാനതിന് ഉത്തരം നല്‍കിയില്ലേ. അടിമ പറയും, അതെ. അല്ലാഹു പറയും, അത് ഞാന്‍ നിനക്ക് ദുനിയാവില്‍ തന്നെ ഉളരിപ്പിച്ച് തന്നതാണ്. പിന്നീട് ചോദിക്കും, എന്നാല്‍ നിനക്കെത്തിയ ഇന്നാലിന്ന പ്രശ്‌നത്തില്‍ നീ പ്രാര്‍ത്ഥിച്ചപ്പോള്‍ അത് നീങ്ങിയില്ലല്ലോ… അത് ഞാന്‍ ഇവിടേക്ക് വെച്ചതാണ്. നിനക്ക് സ്വര്‍ഗത്തില്‍ അതിനു പകരം ഇന്നാലിന്നതെല്ലാമുണ്ട്. തുടര്‍ന്ന് നബി തങ്ങള്‍ പറയുന്നു. അങ്ങിനെ സ്വര്‍ഗത്തില്‍ കിട്ടുന്ന അളവറ്റ പ്രതിഫലം കണ്ട് അടിമ പറയും, എനിക്കെന്റെ ഒരു പ്രാര്‍ത്ഥനക്കും ദുനിയാവില്‍ വെച്ച് ഉത്തരം ലഭിക്കാതിരുന്നില്ലെങ്കിലെന്ന്. അത്രയും വലുതായിരിക്കും ഈ പ്രതിഫലം. ഈ ഹദീസ് പോലെയാണ് അംഗവൈകല്യമുള്ളവരുടെ കാര്യവും. ദുനിയാവില്‍ അല്ലാഹു അവര്‍ക്ക് നിഷേധിച്ച ഒരനുഗ്രഹത്തിനു പകരം പതിന്മടങ്ങ് ആഖിറത്തില്‍ ലഭിക്കുമ്പോള്‍ അവര്‍ പറയും, മറ്റൊരു അംഗത്തിനു കൂടെ ആവതില്ലാതിരുന്നങ്കിലെന്ന്. എല്ലാ ശേഷിയുമുള്ളവന്‍ പറയും, നമുക്കും പലതിനും ശേഷിയില്ലാതിരുന്നെങ്കിലെന്ന്. കാരണം, കുറഞ്ഞ കാലം ക്ഷമിച്ചതിനാല്‍ കൈവരുന്നത് തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങളാണ്. ആയതിനാല്‍ ഇവര്‍ ശേഷി കുറഞ്ഞവരോ അബലകരോ അല്ല. മറിച്ച് മഹാ ഭാഗ്യവാന്മാരാണ്.
അങ്ങനെ അംഗവൈകല്യങ്ങളുള്ള നാം നമ്മുടെ സ്ഥാനവും മഹത്വവും തിരിച്ചറിഞ്ഞ് നിഷ്‌ക്രിയത്വം കൈവെടിഞ്ഞ് ഊര്‍ജ്ജസ്വലതയോടെ ഇവിടെ ജീവിക്കണം. ഒരാള്‍ക്ക് കിട്ടാനുളള ഏറ്റവും വലിയ അനുഗ്രഹം മനസ്സിന്റെ ആരോഗ്യമാണ്. അത് നമുക്കുണ്ട്. മനസ്സില്ലാത്തവന് ആഗ്രഹങ്ങളോ ദു:ഖങ്ങളോ ഇല്ലല്ലോ. ആരോഗ്യമുള്ളതിനാല്‍ വിമല്‍കര ചിന്തകള്‍ക്കും അപകര്‍ഷതാ ബോധത്തിനും മനസ്സിനെ വിട്ടു കൊടത്ത് കൂടുതല്‍ ബലഹീനരാവാതെ ഉള്ള അംഗവൈകല്യത്തെ കൂടി മറികടക്കുന്ന ഇരട്ടി ഊര്‍ജം മനസ്സിന് നല്‍കി നാം ഉണര്‍ന്നെണീക്കണം. എന്നാല്‍ കാലവും ചരിത്രവും നമുക്ക് മുന്നില്‍ കൈകൂപ്പും. ഇങ്ങനെ അവശതകളെ അതിജയിച്ച ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇസ്ലാമിക പണ്ടിത ലോകത്തെ തുല്ല്യതയില്ലാത്ത സ്ഥാനം നേടിയ മഹാനാണ് ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ). നൂറ്റാണ്ടുകള്‍ക്ക് ശേഷവും മഹാനെ പുകഴ്ത്താനും മഹാന്‍ രചിച്ച റാത്തീബുകള്‍ പതിവാക്കാനും ഗ്രന്ഥപാരായണം നടത്തി ആത്മാവിനെ സ്ഫുടം ചെയ്യാനും ഇന്നത്തെ ഉന്നത പണ്ഡിത രെ മത്സരിക്കുകയാണ്. പക്ഷെ ഈ മഹാന്‍ ഒരു അന്ധനായിരുന്നു. അന്ധനായിട്ടും കാഴ്ചയുള്ള ഒരായിരംപേര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലുപരി അവിടുന്ന് ചെയ്തു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ അന്ധനായ വിദ്യാര്‍ത്ഥി മഅ്ദിന്‍ അക്കാദമിയില്‍ ഇന്നുമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലെ കുലപതി ഹെലന്‍ കെല്ലര്‍ 19 മാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടവളാണ്. പക്ഷേ സ്വന്തം ഇച്ഛാശക്തി കൊണ്ടും കഠിനയത്‌നം കൊണ്ടും സാഹിത്യം, സാമൂഹ്യ പ്രവര്‍ത്തനം, അദ്ധ്യാപനം എന്നിവയില്‍ കഴിവ് തെളിയിച്ചു. പത്താം വയസ്സു മുതല്‍ കഥകളെഴുതാന്‍ തുടങ്ങി. ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ആത്മകഥ മലയാളത്തിലുള്‍പ്പടെ 44 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അത്‌പോലെ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് ഏകദേശം ശരീരം മുഴുവന്‍ തളര്‍ച്ച ബാധിച്ച ആളാണ്. 17-ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി അവിടെ ഗവേഷണ വിദ്യാര്‍ത്ഥിയായി പഠിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് നാഡീരോഗം പിടിപെട്ട് കൈകാലുകള്‍ തളര്‍ന്ന് പോയത്. എങ്കിലും അജയ്യമായ പോരാട്ടം കൊണ്ട് ഏത് ശാസ്ത്രജ്ഞരും ഇന്ന് അദ്ദേഹത്തിന്റെ പുസ്തകം നോക്കി പഠിക്കുന്ന ഒരു തലത്തിലേക്ക് അദ്ദേഹം വളര്‍ന്നു. ജ്യോതിശസ്ത്രമാണ് മുഖ്യ ഗവേഷണ മേഖലയെങ്കിലും ഏകദേശം ശാസ്ത്ര വിഷയങ്ങളിലെല്ലാം ഇന്നും അദ്ധേഹം അനുപമ ഗവേഷണ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
തിരൂരങ്ങാടി വെള്ളിക്കോട് എന്ന ഗ്രാമത്തിലെ കെ.വി റാബിയയും വലിയ ചരിത്രം സൃഷ്ടിച്ചവരാണ്. കാലിന് തളര്‍ച്ച ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ പഠനത്തിന് ദീര്‍ഘദൂരം സൈക്കിളിന് പുറകിലും മറ്റുമായി വീണും പരിക്കുകളേറ്റും പഠിക്കാന്‍ പോയി. പി.എസ്.എം.ഒ യില്‍ പഠിക്കുന്നതിനിടയില്‍ തുടര്‍ന്ന് പഠിക്കാനാകാതെ പഠിപ്പ് നിറുത്തയെങ്കിലും ശേഷം സ്വയം പുസ്തകങ്ങള്‍ വായിച്ച് വിദ്യ നേടി. 1990 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയില്‍ പങ്കാളിയായി ആ ഗ്രാമം മുഴുവനുള്ള അക്ഷരാഭ്യാസമില്ലാത്തവരെ അഭ്യസ്ഥ വിദ്യരായി മാറ്റിയെടുത്തു. അങ്ങനെ കളക്ടര്‍ ആദ്യമായി ആ നാട്ടിലേക്ക് ഇവളെ കാണാന്‍ വരികയും വെളിച്ചം പോലും എത്തിയിട്ടില്ലാതിരുന്ന ആ നാട്ടിലേക്ക് വൈദ്യുതി പാസാക്കുകയും ചെയ്യുക വഴി കാലിനു വയ്യാത്ത റാബിയ നാടിന് ഒന്നടങ്കം അനുഗ്രഹമായി. മറ്റാര്‍ക്കും ചെയ്യാനാകാത്തത് ഇവള്‍ക്ക് ചെയ്യാനായി. 1994 ല്‍ നാഷണല്‍ യൂത്ത് അവാര്‍ഡിന് അവരെ തെരഞ്ഞെടുക്കുകയുമുണ്ടായി.
ഒരു കാര്യം തീര്‍ച്ചയാണ്, ഒരു അവയവത്തിന് ശേഷിയില്ലാത്തവന്റെ മറ്റൊരു അവയവത്തിന് ഇരട്ടി ശേഷിയുണ്ടാകും. ഒപ്പം ഒരു വാശിയോടെ തന്നെ മനസ്സിന് ഒരായിരം ഊര്‍ജ്ജം നല്‍കി ഞാനും ഈ ലോകത്ത് എന്റേതായ വ്യക്തിപ്രഭാവങ്ങള്‍ കാഴ്ചവെക്കുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കുക. എന്നാല്‍ മുമ്പ് സൂചിപ്പിച്ചത്് പ്രകാരം ക്ഷമിച്ച് നിന്ന് ആഖിറത്തില്‍ സ്വര്‍ഗ്ഗം നേടുന്നത് പോലെ ഈ ലോകത്തും നമുക്ക് സ്വര്‍ഗ്ഗ രാജ്യം പണിയാം. പിന്നെ നാം അബലകളും ചപലകളുമല്ല, നാമാണ് കരുത്തര്‍, നാമാണ് പോരാളികള്‍..