ഇരുമ്പുഴിയിലെ ഒരു വാടകവീട്.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ മക്കളൊന്നുമില്ലാത്ത അബ്ദുവും ആമിനയും (പേരുകള്‍ സാങ്കല്‍പികം) മാത്രമടങ്ങുന്ന കുടുംബം.
വീട്ടുവാടക മാത്രമായി മാസത്തില്‍ 2500 രൂപ വരുന്നു, നിത്യചെലവുകള്‍ക്കായി വലിയൊരു സംഖ്യ വേറെയും.
സാധാരണപോലെ ജോലിക്ക് പോയ അബ്ദുവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നു.
ആളുകള്‍ ചേര്‍ന്ന് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അങ്ങനെ അഡ്മിറ്റിനു വേണ്ടി നിര്‍ദ്ദേശം വന്നു.
ഹോസ്പിറ്റലിലെ ഒരു ദിവസത്തെ ചെലവ് മാത്രം 5000 രൂപ. ഉറ്റവരും ഉടയവരുമില്ലാത്ത ആ കുടുംബത്തിന്റെ ഏക അത്താണി കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന അബ്ദു മാത്രമായിരുന്നു. ഇനിയെന്തു ചെയ്യും? ആ കുടുംബം ആകെ വലഞ്ഞു.
ആ സമയത്താണ് മറ്റൊരു രോഗിയുമായി ആ ഹോസ്പിറ്റലില്‍ എത്തിയ മഅ്ദിന്‍ ഹോസ്‌പൈസ് വോളന്റിയര്‍മാര്‍ ഈ വിവരമറിയുന്നത്. അവര്‍ അബ്ദുവിന്റെയടുത്തേക്ക് വന്നു. ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും ചികിത്സക്കും മരുന്നിനുമാവശ്യമായ നല്ലൊരു തുക അവര്‍ക്കായി വകവെക്കുകയും ചെയ്തു.
ഇന്ന് അവര്‍ക്ക് മഅ്ദിന്‍ ഒരാശ്രയമാണ്. മഅ്ദിന്‍ പ്രവര്‍ത്തകര്‍ നിശ്ചിത ദിവസം വീട്ടില്‍ ചെന്ന് ആവശ്യവസ്തുക്കളും മറ്റും വാങ്ങികൊടുക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ശുശ്രൂഷയെ ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമില്‍ നിന്ന് കിട്ടേണ്ട അവകാശമായി നിചപ്പെടുത്തുന്നുണ്ട്. ” അടിമയെ മോചിപ്പിക്കലും വറുതിയുള്ള നാളില്‍ യതീമിനും അഗതിക്കും ആഹാരമൂട്ടലുമാണത്. അതോടൊപ്പം വിശ്വാസികള്‍ക്കൊപ്പമായിരിക്കും സഹനവും അനുതാപവും” (സൂറത്തുല്‍ ബലദ്). വിശ്വാസി തന്റെ സഹജീവിയോട് കാണിക്കേണ്ട അനുതാപ മനസ്സിന് നിരവധി തെളിവുകള്‍ ഖുര്‍ആനില്‍ കാണാം. അശരണരും അബലരും രോഗികളുമായ നമ്മുടെ സഹജീവികളെ പരിഗണിക്കേണ്ട ബാധ്യത വെറും പാലിയേറ്റീവ് പ്രസ്ഥാനക്കാര്‍ക്ക് മാത്രമല്ല. ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.
കനിവിന്റെയും അലിവിന്റെയും സാന്ത്വന സ്പര്‍ശങ്ങള്‍ക്കായി ചിലര്‍ നമ്മെ കാത്തിരിക്കുകയാണ്. മാറാരോഗങ്ങളെ കൊണ്ട് അലയുന്നവരും വീല്‍ചെയറുകളില്‍ മനുഷ്യത്വത്തിന്റെ സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് ഒരു കനിവിനായി കാത്തിരിക്കുന്നവരുമായ മനുഷ്യ ജന്മങ്ങള്‍. കാണാമറയത്തും ഇമ വെട്ടാതെ കട്ടിലില്‍ പരിചാരകനെ പ്രതീക്ഷിച്ചിരിക്കുന്ന പഴയ ജന്മങ്ങളുടെ പുതിയ പകര്‍പ്പ്. അവര്‍ക്കെല്ലാം വേണ്ടത് സ്‌നേഹം തുളുമ്പുന്ന ഒരു വാക്ക് മാത്രമാണ്. അവര്‍ മൗനമായി അതിജീവന മന്ത്രങ്ങള്‍ ഉരുവിടുന്നു. രോഗത്താല്‍ ചുഴറ്റിയെറിയപ്പെട്ട ജീവിതങ്ങളിലേക്ക് വൈദ്യ വൃത്തിയുടെ മേലങ്കിയണിഞ്ഞ് പരിചാരക ദൗത്യവുമായി കടന്ന് ചെല്ലുകയാണ് മഅ്ദിന്‍ ഹോസ്‌പൈസ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍.
കണ്ണീരില്‍ കുതിര്‍ന്ന അനുഭവമാണ് പല രോഗികള്‍ക്കും. ദുരിതങ്ങളുടെ കാല്‍പ്പാടുകളാല്‍ പിന്തുടരപ്പെടുമ്പോഴും നാഥനില്‍ വിശ്വാസമര്‍പ്പിച്ച് പ്രതിസന്ധികളോട് സമരസപ്പെടുകയാണ് ഇവര്‍. ഇവര്‍ ഒന്നേ ആഗ്രഹിക്കുന്നുള്ളൂ. കണ്ണീര്‍ തുടക്കാന്‍ ആരെങ്കിലും കൂടെ വേണം. മഅ്ദിന്‍ ഹോസ്‌പൈസ് ഇവര്‍ക്കൊരാശ്രയമാണ്. ധനവും ആരോഗ്യവും അറിവും നന്മയും അവനവന്റെ ആവശ്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങളിലേക്ക് ചേര്‍ക്കപ്പെടേണ്ടതാണെന്ന ഉത്തമ ധാരണയില്‍ നിന്നാണ് മഅ്ദിന്‍ ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സമീപ പ്രദേശങ്ങളിലെ നൂറ്റിപ്പത്ത് വീടുകള്‍ മഅ്ദിന്‍ ഹോസ്‌പൈസിന്റെ ഉപഭോക്താക്കളാണ്. അതില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുന്നവരുണ്ട്. കിഡ്‌നി തകരാറിലായി വീടിനകത്തിരിക്കുന്നവരുണ്ട്, കാന്‍സര്‍ രോഗികളുണ്ട്, പല്ല് തേക്കാനും, കുളിക്കാനും അന്യനെ ആശ്രയിക്കുന്നവരുണ്ട്. പലര്‍ക്കും ആശ്വാസ വാക്കുകളാണാവശ്യം. നാഥനിലേക്ക് പുഞ്ചിരിച്ച് മടങ്ങണം. കട്ടിലില്‍ കിടന്ന്് ഈറനണിയുന്ന ഖല്‍ബുമായി ഇവര്‍ ഞങ്ങളോട് സംസാരിക്കുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റും. മാറാ രോഗികള്‍ സൗഖ്യ ശ്രമങ്ങളില്‍ പരാജയപ്പെടുമ്പോള്‍ ശമനവും സ്വാസ്ഥ്യവും നല്‍കുന്ന തിരുനബി വചനങ്ങള്‍ ഞങ്ങള്‍ ചൊല്ലിക്കൊടുക്കുമ്പോള്‍ അവര്‍ക്കൊരാവേശമാണ് അത് കേള്‍ക്കുമ്പോള്‍. നിഷ്‌കളങ്ക മനസ്സോടെ അവര്‍ ഏറ്റുചൊല്ലും. ഞങ്ങളുടെ കൈകളില്‍ മുത്തം വെക്കും. ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടെന്ന് അറിയാതെ പറയും.
പലരും കൊതിക്കുന്നത് ആശ്വാസ വാക്കുകളാണ്. സഹൃദയരുടെ പ്രാര്‍ത്ഥനകളാണ്. കലക്‌ട്രേറ്റില്‍ ജോലിചെയ്യുന്ന ഒരാള്‍ തന്റെ വീട്ടിലേക്കുള്ള മത്സ്യം വാങ്ങാന്‍ പോകുമ്പോള്‍ എതിരെ വരുന്ന വാഹനം ഇടിച്ച് തലയില്‍ നിരവധി മുറിവ് പറ്റി, മരണം കാത്ത് വീട്ടില്‍ കിടപ്പിലാണ്. മഅ്ദിന്‍ പ്രവര്‍ത്തകര്‍ ആശ്വാസ വാക്കുകള്‍കൊണ്ട് അവരെ സമാധാനിപ്പിച്ചു. അവര്‍ക്ക് വേണ്ട പരിചരണം നിരന്തരം ചെയ്ത് കൊടുക്കുന്നു. ജുമുഅ നിസ്‌കരിക്കാന്‍ മഅ്ദിന്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ പ്രത്യേക വാഹനത്തില്‍ കൊണ്ടുവരുന്നു.
വര്‍ഷങ്ങളായി ജുമുഅക്ക് വരാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുന്ന മഅ്ദിന്‍ പരിസരത്തുള്ള ഒരു വൃദ്ധനെ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലേക്ക് വാഹനത്തില്‍ കൊണ്ടുവരുന്നു. അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ഈമാനോടെ മരിക്കണം, അതിനായി പ്രാര്‍ത്ഥിക്കണം. 23 കൊല്ലങ്ങള്‍ക്ക് ശേഷം ജുമുഅ നിസ്‌കരിക്കുന്ന ഒരു സഹോദരന്‍. ജന്മനാ വീല്‍ചെയറില്‍ അഭയം തേടാന്‍ വിധിക്കപ്പെട്ട സുഹൃത്ത്. അദ്ദേഹത്തെ മഅ്ദിന്‍ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ സന്തോഷത്താല്‍ കരഞ്ഞുപോയി. ജുമുഅ നിസ്‌കാരം നഷ്ടപ്പെടുന്നതിന്റെ യാതനകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. അദ്ദേഹം ഇപ്പോള്‍ എല്ലാ ജുമുഅക്കും മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെത്തി സായൂജ്യമടയുന്നു.
ഒരേ ശരീരത്തിന്റെ അവയവങ്ങള്‍ പോലെ നിങ്ങള്‍ അന്യോന്യം സഹകരിക്കണമെന്ന് തിരുനബി (സ) വിശ്വാസികളോട് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആതുരസേവന രംഗത്ത് വലിയ പ്രാധാന്യം ഇസ്‌ലാം നല്‍കുന്നുണ്ട്. വിശ്വാസിയുടെ ധര്‍മ്മം സഹനവും സഹകരണവുമാണ്. രണ്ട് കിഡ്‌നിയും തകരാറിലായി വീട്ടിലിരിക്കുന്ന ഒരു ഉമ്മ മഅ്ദിന്‍ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ കരയുകയാണ്. അവരെ സമാധാനിപ്പിക്കാന്‍ സമാശ്വാസ വചനങ്ങളില്ല. അവര്‍ക്ക് വേണ്ടത് പ്രാര്‍ത്ഥനകള്‍ മാത്രം. ഒന്നിടവിട്ട ദിവസങ്ങളില്‍ അവര്‍ക്ക് ഡയാലിസിസ് ചെയ്യണം. ഭര്‍ത്താവ് അസുഖ ബാധിതനായി വീട്ടില്‍ കിടപ്പിലാണ്. മൂത്തമകന്‍ ബുദ്ധി മാന്ദ്യം സംഭവിച്ചവനും. ഇവര്‍ക്ക് ഏക ആശ്രയം മകന്‍ ജോലി ചെയ്ത് മാസത്തില്‍ കിട്ടുന്ന 8000 രൂപ. ഉമ്മക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 2000 രൂപക്ക് ഡയാലിസിസ് ചെയ്യണം. മാസത്തില്‍ ചെലവ് വരുന്നത് 30,000 രൂപ. മഅ്ദിന്‍ നല്‍കുന്ന പരിചരണവും സാമ്പത്തിക സഹായവും മാത്രമാണ് ഇവര്‍ക്കാശ്രയം.
ജീവിതം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. മനുഷ്യന്റെ ജീവിത ശൈലി വളരെ പ്രധാനപ്പെട്ടതാണ്. രോഗം വരുന്നതിന് മുമ്പ് അത് വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. ക്യാന്‍സര്‍ ഒരു മാരക രോഗമാണ്. ലോകത്ത് ഏതാണ്ട് 50 ലക്ഷത്തോളം രോഗികള്‍ ക്യാന്‍സര്‍ ബാധിച്ച് മരണം കാത്തിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാനുഭവങ്ങള്‍ പലര്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ മരണത്തെ ആശിക്കുന്നു. ചിലര്‍ ഭീതിയാല്‍ മറ്റൊരു യുദ്ധമുഖത്തോട് മല്ലടിക്കുന്നു. ക്യാന്‍സര്‍ തുടങ്ങിയ രോഗം വന്നാല്‍ നമ്മില്‍ പലര്‍ക്കും തുടര്‍ ജീവിതത്തില്‍ പ്രതീക്ഷയില്ല. അവര്‍ മരണം കാത്ത് കഴിയുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് മഅ്ദിന്‍ നല്‍കുന്ന ശുശ്രൂഷകള്‍ പ്രത്യേക പരിചരണത്തിലൂടെയാണ്. സ്വലാത്ത് നഗര്‍ പരിസരത്തെ ഒരു ക്യാന്‍സര്‍ രോഗി. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു മുഴ വന്ന് വലുതായി പൊട്ടിയൊലിച്ച് രോഗം മൂര്‍ഛിച്ചതോടെ അദ്ദേഹം മരണപ്പെട്ടു. വീട്ടില്‍ അവിവാഹിതരായ 3 പെണ്‍മക്കളുണ്ട്. മഅ്ദിന്‍ പ്രവര്‍ത്തകര്‍ ആ കുടുംബത്തിന്റെ ജീവിത വൃത്തിക്കുള്ള സര്‍വ്വ സംവിധാനങ്ങളും ഒരുക്കി കൊടുക്കുന്നു. വീട്ടിലേക്കുള്ള ധാന്യ വസ്തുക്കളും സാമ്പത്തിക സഹായവും മഅ്ദിന്‍ ഹോസ്‌പൈസിന് കീഴില്‍ ഒരുക്കുന്നുണ്ട്. ഇന്ന് അവര്‍ക്കുള്ള ഏക ആശ്രയം മഅ്ദിന്‍ ഹോസ്‌പൈസ് മാത്രമാണ്. ക്യാന്‍സര്‍ ബാധിച്ച് കിടപ്പിലായ 8 കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും ആവശ്യമായ ശുശ്രൂഷയും സൗജന്യമായി മഅ്ദിന്‍ നല്‍കുന്നുണ്ട്.
സന്തോഷത്തോടെ ബിരിയാണി ചോദിച്ച ഒരു കൊച്ചുകുട്ടിയുടെ അനുഭവം ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്; പതിനൊന്ന് വയസ്സ് പ്രായമായ ഒരു കുട്ടി വീണ് എല്ലു പൊട്ടി, ക്യാന്‍സര്‍ ബാധിതനായി. പിതാവ് മുമ്പേ ക്യാന്‍സര്‍ രോഗിയായി ആര്‍.സി.സിയില്‍ കഴിയുകയാണ്. വീട്ടില്‍ രണ്ട് പെണ്മക്കളുണ്ട്. ക്യാന്‍സര്‍ രോഗിയായ ആ കൊച്ചുകുട്ടിയുമായി ആ കുടുംബം മഅ്ദിന്‍ പാലിയേറ്റീവ് സെന്ററില്‍ ചെന്ന് വിവരം പറയുകയും ഉടന്‍ തന്നെ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി പരിചരിക്കുകയും ചെയ്തു. കുട്ടി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞുവത്രെ,”എനിക്ക് ബിരിയാണി വേണം” അപ്പോള്‍ ആ കുട്ടിയുടെ അപൂര്‍വ്വചിരി കണ്ട് ഉമ്മ പൊട്ടിക്കരഞ്ഞത് ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ വേദനയോടെ സ്മരിക്കുന്നു.
ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്? മാറാവ്യാഥികള്‍ക്ക് അടിമപ്പെട്ട് കൊണ്ട് മനസ്സറിഞ്ഞ് ഒന്നു പുഞ്ചിരിക്കാന്‍ പോലും കഴിയാത്ത എത്രയെത്ര പേര്‍? അവര്‍ക്ക് തുണേേയകാന്‍ നാമോരോരുത്തരും മുന്നിട്ട് വരേണ്ടതുണ്ട്. അവര്‍ നിരന്തരമായി നമ്മോട് കനിവിനായി തേടിക്കൊണ്ടിരിക്കുകയാണ്. വീല്‍ചെയറില്‍ ജീവിതം ഹോമിക്കപ്പെടുമ്പോഴും നമുക്ക് മുമ്പില്‍ വേദനയോടെ സന്തോഷത്തിന്റെ അശ്രുകണങ്ങള്‍ പൊഴിക്കുകയാണവര്‍. സര്‍വ്വശക്തനായ റബ്ബിന്റെ പരീക്ഷണങ്ങള്‍ക്കടിമപ്പെട്ടപ്പോഴും അവര്‍ സഹിച്ച് ക്ഷമിച്ച് നമുക്കിടയില്‍ കഴിഞ്ഞ് കൂടുകയാണ്. നിഷ്‌കളങ്കമായ മനസ്സുമായി കരുണാവാനായ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പരലോകത്ത് ആരോഗ്യവാന്മാരായിത്തീരാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണവര്‍. എന്നാല്‍ സന്തോഷം നിറഞ്ഞ്് നില്‍ക്കേണ്ട വീടകങ്ങളില്‍ ഇത്തരം നിത്യരോഗികള്‍ സങ്കടക്കാഴ്ചയായി ബാക്കിയാവുകയാണ്. ജീവിതം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അവര്‍ പൊരുതുകയാണ്. കിഡ്‌നി സംബന്ധമായ രോഗം ബാധിച്ച ആറു പേര്‍ക്ക് ഇന്ന് മഅ്ദിന്‍ അഭയ കേന്ദ്രമാണ്. ചികിത്സാചെലവുകള്‍ വഹിക്കുന്നതിന് പുറമെ അവരുടെ കുടുംബത്തിലേക്ക് ധാന്യങ്ങളും പച്ചക്കറികളും മാംസവുമടങ്ങുന്ന കിറ്റുകള്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ നിരന്തരം എത്തിച്ച് കൊടുക്കുന്നുണ്ട്. തളര്‍വാതം ബാധിച്ച 21ഓളം പേര്‍ക്ക് ഇന്ന് മഅ്ദിന്‍ ആശ്രയമാണ്. നിത്യരോഗികളുടെ വീടുകള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെ ചെന്ന് രോഗവിവരങ്ങള്‍ തിരക്കിയും ചികിത്സക്ക്് വേണ്ടി അവരിലൊരാളായി നിന്ന് കൊണ്ട് അവര്‍ക്കൊരു കൈത്താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ഇന്ന് മഅ്ദിന്‍ ഹോസ്‌പൈസ് വിഭാഗം. ഭര്‍ത്താവിന്റെ അഭാവത്തില്‍ കുടുംബം പോറ്റാന്‍ നന്നേ പാടുപെടുന്ന 500ഓളം വിധവകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ‘വിധവാപെന്‍ഷന്‍ പദ്ധതി’ മഅ്ദിനിന്റെ പുതിയ സംരംഭമാണ്. പിതാവ് നഷ്ടപ്പെട്ട കുഞ്ഞുമക്കളെ മഅ്ദിന്‍ പോറ്റിവളര്‍ത്തുന്നു. നിലവില്‍ 80 കുടുംബങ്ങള്‍ മഅ്ദിന്‍ ഹോം കെയര്‍ പദ്ധതിയുടെ ഉപഭോക്താക്കളാണ്.
ഇസ്്‌ലാം ഒരു ജീവിത വ്യവസ്ഥയാണ്. സസ്യങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടും കരുണാമയത്തില്‍ കൈനീട്ടം സമര്‍പ്പിക്കാന്‍ കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രലോഭനങ്ങള്‍ക്കടിമപ്പെടാതെ അബൂബക്കര്‍ സിദ്ധീഖ്(റ)വും ഉമര്‍(റ)വും ശുശ്രൂഷയുടെയും സാന്ത്വനപ്രവര്‍ത്തനങ്ങളുടെയും ഈറനണിയുന്ന മനസ്സുമായി അധഃസ്ഥിതര്‍ക്കിടയിലേക്കിറങ്ങിച്ചെന്നത്. മുത്ത് നബി(സ്വ)യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സാരോപദേശവും അതായിരുന്നു. ക്ഷീണിച്ച് തളര്‍ന്ന വൃദ്ധയായ സ്ത്രീയില്‍ നിന്ന് വിറകുകെട്ട് വാങ്ങി വീട്ടിലെത്തിച്ച മുത്ത് നബിയുടെ സാന്ത്വന സ്പര്‍ശത്തിന്റെ അരികുപറ്റി ജീവിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടതാണ്. ഉമര്‍(റ) പട്ടിണി കിടക്കുന്ന കുടുംബത്തിന്റെ വിവരമറിഞ്ഞ് റേഷന്‍ കടയില്‍ നിന്ന് ആ കുടുംബത്തിനനുവദിച്ച ധാന്യവസ്തുക്കള്‍ സ്വന്തം ചുമലിലേറ്റിയത് കണ്ട്, അല്ലെയോ ഉമറേ, ഞാന്‍ ചുമക്കാമെന്ന് ഭൃത്യന്‍ ചോദിക്കുമ്പോള്‍ പരലോകത്തെ വിചാരണയെ ഭയപ്പെട്ട ഉമര്‍(റ) നമുക്ക് പ്രേരണയാണ്. മഅ്്ദിന്‍ ഈ ദൗത്യമാണ് നിറവേറ്റുന്നത്. കനിവിന്റെ വിസ്‌ഫോടനത്തില്‍ ഭൂമിയില്‍ അതിരുകളില്ലാത്ത സമാശ്വാസത്തിന്റെ പ്രകാശം നിറയട്ടെ, നാഥന്‍ തുണക്കട്ടെ…