‘മോളെ സ്വപ്നങ്ങള്‍ നെയ്തു ജീവിക്കുന്ന ഞങ്ങളുടെ നൂലുകള്‍ ചിലപ്പോഴൊക്കെ പൊട്ടാറുണ്ട്. എന്നാല്‍ അവയെ വീണ്ടും നെയ്‌തെടുക്കാന്‍ പ്രേരിപ്പിച്ച് കരുത്തു പകരുന്ന ചിലരുണ്ട്. അവരൊക്കെ ഞങ്ങള്‍ക്ക് ദൈവത്തിന്റെ മാലാഖാമാരാ…ശരിക്കും മാലാഖമാര്‍.’ സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ ഇങ്ങനെ പറയുന്നത് കേട്ടപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരനുഭൂതിയുണ്ടായി. അമ്പലത്തില്‍ പോകണം എന്ന് ദീപച്ചേച്ചി പറഞ്ഞപ്പോള്‍ ഏറെ ആവേശമുണ്ടായി. എന്നാല്‍ അതിന് തനിക്ക് വിലങ്ങായി നിന്നിരുന്ന അമ്പലപ്പടികളെ മറികടന്ന് ജീവിതത്തില്‍ ആദ്യമായി ഭഗവാനെ തൊഴണം എന്ന അവരുടെ ജീവിതാഭിലാഷമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത് എന്നറിഞ്ഞപ്പോള്‍, ഞങ്ങളെല്ലാം മാലാഖാമാരാണെന്ന് പറഞ്ഞപ്പോള്‍, അവരോടൊപ്പം ഞങ്ങളും പറക്കുകയായിരുന്നു. സ്വപ്‌നസാക്ഷാത്കാരത്തിന്റെ ചിറകുകള്‍ വിടര്‍ത്തി. അമ്പലപ്പടികള്‍ കടന്ന് ചെന്ന് തൊഴുതപ്പോള്‍ അവര്‍ക്ക് ഭഗവാനെ നേരിട്ടുകണ്ട പ്രതീതി. ഇത് കണ്ട് മനസ്സ് നിറയാന്‍ ഭാഗ്യം ലഭിച്ചതാവട്ടെ പരപ്പനങ്ങാടിയില്‍ വെച്ച് നടന്ന ‘ഗ്രീന്‍പാലിയേറ്റീവിന്റെ’ പെണ്‍ശലഭക്കൂട്ടത്തിലെ ഒരു പറ്റം സന്നദ്ധസേവകര്‍ക്കും.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മനസ്സുകളും സ്വപ്‌നങ്ങള്‍ക്കുപിറകെ പറക്കുകയാണ്. എന്നാല്‍ അവയെ എത്തിപ്പിടിക്കുന്നവര്‍ കുറവാണ്. ചിലര്‍ക്ക് സ്വപ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് കോര്‍ത്തു കൊടുക്കാനാവും പ്രിയം. ചിലര്‍ക്കാവട്ടെ, അവരുടെ സ്വപ്നങ്ങള്‍ പെയ്തു തീര്‍ക്കാന്‍ പലരെയും കൂട്ടുപിടിക്കേണ്ടിവരും. ഇങ്ങനെ സ്വപ്‌നങ്ങളെ നെയ്‌തെടുത്തവരില്‍ ചിലരാണ് ചേളാരി പടിക്കല്‍ സ്വദേശിനി നൂര്‍ജഹാന്‍, തിരുവനന്തപുരം പലവിള സ്വദേശിനി ദീജ, തിരൂര്‍ക്കാരി സല്‍മ തുടങ്ങിയവര്‍. വിധിയെ പഴിച്ചും മറ്റുള്ളവരുടെ സഹതാപമേറ്റും ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. സമയവുമില്ല. കരുത്തുറ്റ മനസ്സോടെ എന്തിനെയും നേരിടുന്നതോടൊപ്പം കാണുന്ന സ്വപ്‌നങ്ങള്‍ പൂവണിയിക്കാനുള്ള തിരക്കിലാണിവര്‍. സ്വപ്‌നങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുമ്പോള്‍ ഇവര്‍ക്ക് മനസ്സ് നിറയെ സന്തോഷവും സംതൃപ്തിയുമാണ്. ഒരിക്കലും നിരാശയെ പുല്‍കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ക്ക് ചുറ്റും കൂട്ടിനായി നന്മയുടെ മരങ്ങളും ഉണ്ട്.
നൂര്‍ജഹാന്‍
ലോകത്തിന്റെ വെളിച്ചമാകാന്‍ വന്ന അവള്‍ക്ക് ഏറ്റവും പ്രിയം കിനാവ് കാണാനാണ്. ആ കിനാവുകള്‍ താലോലിക്കാന്‍ അവള്‍ കൂട്ടുപിടിച്ചത് അക്ഷരങ്ങളെയും. പഠനത്തില്‍ മിടുക്കിയായ അവരിപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ചെയ്യുന്നു. കുറെ പഠിക്കുക, ഉയര്‍ന്ന ജോലി ലഭിക്കുക എന്നതൊക്കെയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങള്‍.
രണ്ടു സഹോദരിമാരും രണ്ടു സഹോദരന്മാരുമടങ്ങുന്ന കുടുംബത്തിലെ ഇളയ മകള്‍. കുന്നോളം സ്‌നേഹം ലഭിക്കുന്ന റാണി. ഞങ്ങളുടെ പ്രിയ നൂര്‍ജഹാന്‍. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് വീല്‍ചെയറിലായ നൂര്‍ജഹാന് ജീവിതത്തെ സ്‌നേഹിച്ച് ഇപ്പോഴും കൊതി തീര്‍ന്നിട്ടില്ല. ‘നല്ലവരായ ആളുകളുടെ ഇടയിലാണ് താനെന്നും അതിനാല്‍ തന്റെ മുഖത്തെ ചിരി മായാറില്ല’ എന്നും പറയുമ്പോള്‍ ആ മുഖത്ത് ഒരു പുഞ്ചിരി ബാക്കിയായിരുന്നു.
പഠനം കഴിഞ്ഞ ഉടനെ തന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യുക എന്നതാണ് വളരെ കാലങ്ങളായി കൊണ്ടുനടക്കുന്ന അവരുടെ ഒരാഗ്രഹം. തന്റെ ചുറ്റുപാടുമുള്ള വീല്‍ചെയര്‍ രോഗികളായ സ്ത്രീകളും അവരുടെ അനുഭവങ്ങളും ഇന്നും സമൂഹശ്രദ്ധയില്‍നിന്നും അന്യമാണ്. തന്റെ പുസ്തകത്തിലൂടെ സമൂഹത്തിന്റെ ശ്രദ്ധ അവരിലേക്കെത്തിക്കുക എന്നതാണ് നൂര്‍ജഹാന്‍ രാപ്പകലില്ലാതെ കാണുന്ന സ്വപ്‌നം. ചേളാരി പടിക്കല്‍ സ്വദേശിനിയായ ഇവര്‍ അക്ഷരങ്ങള്‍ ആയുധമാക്കി എഴുത്തില്‍ നിറഞ്ഞു നില്‍ക്കുകയുമാണ്.
ദീജ
മുത്തുകള്‍കൊണ്ട് ജീവിതം കോര്‍ക്കുന്ന തിരുവനന്തപുരം പലവിള മുത്താന സ്വദേശി ദീജാസാണ് മറ്റൊരു സ്വപ്‌നപ്പറവ. ഊര്‍ജസ്വലതയും ഉന്മേഷവും ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്ന ദീജയോട് സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കു പോലും ഉണര്‍വും ഊര്‍ജവും ലഭിക്കും. അച്ഛനുമമ്മക്കുമുള്ള രണ്ടുപെണ്‍കുട്ടികളില്‍ ഇളയവള്‍. വീല്‍ചെയറിലാണെങ്കിലും സ്വന്തമായി പണം സമ്പാദിച്ച് അഭിമാനത്തോട്കൂടി ജീവിക്കുന്നു. കൂട്ടു കൂടാനും സംസാരിക്കാനുമാണ് ഇവര്‍ക്കേറെ പ്രിയം. അതിരുകളില്ലാത്ത സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതത്തെ നിരാശക്കും തളര്‍ച്ചക്കും ഒരിക്കലും വിട്ടു കൊടുക്കാതെ വളരെ മനോഹരങ്ങളായ ആഭരണങ്ങള്‍ നിര്‍മിച്ച് ആവശ്യാനുസരണം സുഹൃദ് വലയത്തിലേക്കവര്‍ എത്തിക്കും.
ലോകം പിടിച്ചടക്കുകയൊന്നും വേണ്ട, പകരം തലയുയര്‍ത്തിപ്പിടിച്ച്, തനിക്ക് സ്വന്തമായുള്ള താന്‍ നിര്‍മിച്ച ആഭരണങ്ങള്‍ വലിയ രീതിയില്‍ കച്ചവടമാക്കണം എന്ന സ്വപ്‌നം മനസ്സില്‍ കോര്‍ത്തു വെച്ചിരിക്കുകയാണ് ഇവര്‍. കാലത്തിനനുസൃതമായ മോഡലുകളില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്ന ദീജ ഇതുവരെ തന്റെ ഉപഭോക്താക്കളെ നിരാശപ്പെടുത്തിയിട്ടില്ല. മുത്തുകള്‍ക്ക് നടുവിലെ ജീവിതമായതിനാലാവാം ആ മനോഹാരിത ആ വ്യക്തിത്വത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
തന്നെപോലുള്ളവരുടെ പല ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പോരാടുന്ന ചിലരില്‍ ഒരാളാണ് ദീജ. മന്ത്രിമാരടക്കമുള്ള പലരെയും ചെന്നുകണ്ട് സംസാരിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ അവര്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയും ചെയ്തു. പൊതുരംഗത്ത് തിളങ്ങി നില്‍ക്കുന്ന ഇവര്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ ഉല്പന്നം സമൂഹത്തിലെത്തിക്കുന്നത്. പങ്കുവയ്ക്കാന്‍ കഥകളേറെയുള്ള ദീജക്ക് എല്ലാവരോടും സ്‌നേഹം മാത്രമേ ഉള്ളു.
സല്‍മ
കുഞ്ഞുകുഞ്ഞു സ്വപ്‌നങ്ങളെല്ലാം ചേര്‍ത്തുവെച്ച് അവയെ യാഥാര്‍ത്ഥ്യമാക്കുന്ന തിരക്കിലാണ് തിരൂര്‍ സ്വദേശിനി സല്‍മ. ജീവിതമെന്നും സല്‍മക്ക് സുന്ദരമാണ്. ജീവിതത്തിനു ഏതുനിറം കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും എല്ലാത്തിനും തനിക്ക് കഴിയുമെന്നും മനസ്സിലുറപ്പിക്കുമ്പോഴാണ് ജീവിതം വര്‍ണ്ണാഭമാകുന്നത് എന്നാണവര്‍ വിശ്വസിക്കുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട തയ്യലില്‍ തന്നെപോലുള്ളവരെ കൂടെ ചേര്‍ത്തുനിര്‍ത്തി ഒരു വലിയ സംരംഭം തുടങ്ങണം എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്‌നം. വീടകങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ചിറകുയര്‍ത്തി പറന്ന് ഭൂമിയെ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണവര്‍.
തന്നെപോലുള്ളവര്‍ക്കുമുണ്ട് എല്ലാം മനസ്സിലാക്കാനും അറിയാനുമുള്ള മനസ്സും ചിന്തയും, അതുകൊണ്ടുതന്നെ തങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങളും എന്നവര്‍ പറയുമ്പോള്‍, ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ തിളക്കം ആ കണ്ണുകളില്‍ കാണാമായിരുന്നു. തന്റെ ഏറ്റവും വലിയ സ്വപ്‌നമായ ടൈലറിംഗ് യൂണിറ്റ് ഇപ്പോള്‍ സഫലമായ സന്തോഷത്തിലാണ് സല്‍മ. തന്റെ വാക്കുകളെ കോറിയിടാന്‍ കൊതിക്കുന്ന ഇവര്‍ നല്ലൊരു എഴുത്തുകാരിയും കവിയത്രിയുമാണ്. അവരുടെ വാക്കുകളില്‍ തിളങ്ങിനില്‍ക്കാറുള്ളത് മനസ്സിന്റെ തെളിച്ചമാണ്. ആ തെളിച്ചം അവര്‍ അക്ഷരങ്ങളിലൂടെ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുന്നു എന്നതാണവരുടെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസത്തിലും എഴുത്തിലും മറ്റു പലമേഖലകളിലും പടിപടിയായി മുന്നേറുന്ന ഇവര്‍ നാളേക്കായി പല പ്രതീക്ഷകളും വാക്കുകളും നമുക്ക് നല്‍കുന്നു.
ഇവരെല്ലാം സമൂഹത്തിനുള്ള ഉത്തരങ്ങളാണ്. ഇന്നും നമ്മളിലൊരാളായ ഇവരെ ശ്രദ്ധിക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും അവഗണിക്കുന്നവര്‍ക്കുമുള്ള ഉത്തരങ്ങള്‍. ഇവര്‍ ജീവിതത്തില്‍ വിജയിച്ചവര്‍. ഇനിയുമൊരുപാട് സ്വപ്‌നങ്ങളെ പൂവണിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ശലഭക്കൂട്ടങ്ങള്‍. തങ്ങളുടെ പരിമിതികളെ ചൊല്ലി പരിതപിച്ചിരിക്കുന്നവരല്ല, ഉയര്‍ന്നു പറക്കുന്ന സ്വപ്നങ്ങള്‍ കാണാന്‍ കരുത്തുള്ള മനസ്സുള്ളവരാണ് ഇവര്‍. നമുക്കിടയിലാണ് കഴിഞ്ഞ് കൂടുന്നത്. നമ്മളില്‍ ഒരാളായി തന്നെ. എല്ലാം സൗകര്യങ്ങളുണ്ടായിട്ടും ജീവിതം മടുത്ത് നിരാശപ്പെട്ടു നടക്കുന്നവര്‍ക്ക് മുന്നിലൂടെ അവര്‍ ജീവിതം മനോഹരമായി വരച്ചു കാട്ടിത്തരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ…