ഏഴാം വയസ്സിലാണ് മസ്‌കുലാര്‍ ഡിസ്ട്രാഫി ബാധിച്ച് ഞാന്‍ വീല്‍ചെയറിലാകുന്നത്. ഇപ്പോള്‍ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പിന്നിട്ടു. ജീവിതം നാലു ചക്രങ്ങളിലാണെങ്കിലും വെറുതെയിരിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ ചെമ്മാടിനോടടുത്ത് മൂന്നിയൂര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സ് കഴിഞ്ഞിരിക്കുകയാണ് ഞാന്‍. ഹൈവയിലൂടെ ഇലക്ട്രിക് വീല്‍ചെയര്‍ ഓടിച്ചാണ് ക്ലാസ്സിനു പോകാറുള്ളത്. സ്‌കൂള്‍, ക്ലാസ്സ്, കൂട്ടുകാര്‍, അദ്ധ്യാപകര്‍..അങ്ങനെ മനോഹരമായ നാളുകള്‍. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നിറങ്ങള്‍ വാരിയെറിയുന്ന കൂട്ടൂകാര്‍.. ഒരു വീല്‍ചെയറുകാരന്‍ എന്ന പരിഗണനയല്ല മറിച്ച് ഒരു ചങ്ങാതിയോടെന്ന പോലെ സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് അവരുടെ ഈ അടുപ്പത്തിനു കാരണം.
വീല്‍ചെയറിന്റെ മായാലോകത്തായ ശേഷം ഞാന്‍ കേട്ട സ്വരങ്ങള്‍ അധികവും നെഗറ്റീവുകള്‍ മാത്രമായിരുന്നു. നിനക്ക് കഴിയും, നീയത് ചെയ്യണം എന്ന് ചുരുക്കം ചിലരേ പറഞ്ഞിരുന്നുള്ളൂ. അവരെങ്കിലും കൂട്ടിനുണ്ടായത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു.. അല്‍ഹംദുലില്ലാഹ്.. വീല്‍ചെയറിലായതില്‍ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. കണ്ണില്‍ കാണുന്നതെന്തും മനസ്സിനെ മുറിപ്പെടുത്തി. എല്ലാം ഉള്ളിടത്ത് നിന്ന് പൂജ്യത്തിലേക്കുള്ള വീഴ്ചയായിരുന്നില്ലേ. ജീവിക്കാന്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. വലിയ വലിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെയൊക്കെ വലിപ്പം കുറഞ്ഞ് കുന്നിക്കുരുവോളമായി. കരഞ്ഞ് തലയണ നനച്ച ഒരു രാത്രി എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഉറക്കം കിട്ടാത്ത ആ രാത്രി.. മറ്റൊന്നും ഓര്‍മയില്‍ എത്തുന്നില്ല.. കുറെ പഴകിയത് പോലെ തോന്നുന്നത് കൊണ്ടാകാം. ”ഞാനെന്താ നടക്കാത്തത്” എന്നൊരു ചോദ്യം എന്റെ അവസ്ഥ എന്തെന്ന് ഞാന്‍ പോലും അറിഞ്ഞിട്ടില്ലാത്ത ഒരു കാലത്ത് ഉമ്മയോട് ചോദിക്കുകയുണ്ടായി. വ്യക്തമായൊരുത്തരം നല്‍കാന്‍ ഉമ്മാക്ക് കഴിഞ്ഞില്ല, പടച്ചോന്റെ അനുഗ്രഹമാണിതെന്ന് പറയാഞ്ഞിട്ടാകാം. ഈ അവസ്ഥ എനിക്കൊരു അനുഗ്രഹം തന്നെയാണ്. ഒത്തിരി തെറ്റുകളില്‍ ചെന്ന് പെടാതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കുറച്ച് വൈകിയാണെങ്കിലും സ്‌കൂളില്‍ ചേര്‍ന്നു. അതൊരു നല്ല മുന്നേറ്റമായിരുന്നു. എന്നെ ഞാനെന്ന മനുഷ്യന്റെ പകുതിയാക്കിയത് എന്റെ ചെറിയ ക്ലാസുകളായിരുന്നു. പുറത്ത് വിശാലമായ ഒരു ലോകമുണ്ടെന്നും അത് ജിവിതത്തിന് നിറം പകരാന്‍ പല വര്‍ണ്ണങ്ങള്‍കൊണ്ട് കാത്തിരിക്കുകയാണെന്നും എന്നെ കാണിച്ചു. കഥയില്ലാത്തവന്റെ കഥ തുടങ്ങുന്നതവിടെ നിന്നാണ്. ആര്യ വൈദ്യശാലയുടെ ഇരുട്ടറയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ മനസ്സും ശരീരവും കഷായത്തിന്റെ കയ്പ്പും എല്ലാം വീര്‍പ്പുമുട്ടിച്ച എന്റെ ജീവിതത്തിലേക്ക് പലതും പലരും കയറി വന്നു, പല നിറത്തിലും രൂപത്തിലും..
ഇതിനിടയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. അത് തരണം ചെയ്യുന്നുമുണ്ട്. ഇത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. പറയാതെ വയ്യ. തരണം ചെയ്യാതെ നിവര്‍ത്തിയുമില്ല. മറികടന്ന് പറക്കാന്‍ ശ്രമിക്കുമ്പോള്‍ ചില ബന്ധനങ്ങള്‍ തളച്ചിട്ടിട്ടുണ്ട്, ജീവിതത്തെ. സമൂഹം ബന്ധുക്കള്‍ എന്തിനേറെ സ്വന്തം വീട്ടുകാര്‍ വരെ അതില്‍ അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പതിപ്പിക്കുന്നുമുണ്ട്.
ഒരു പൊതു സ്ഥലത്ത് പോയാല്‍ നൂറ് കണ്ണായിരിക്കും ചുറ്റിലും. അത് പോലെ തുരു തുരെയുള്ള ചോദ്യങ്ങളും. തീര്‍ത്തും അസഹ്യമാണിത്. നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ ആദ്യം കരുതിയത് അത് സഹതാപത്തിന്റെ നോട്ടമാണെന്നാണ്. കുറച്ചൊക്ക ശരി തന്നെ. എന്നാല്‍ മുക്കാല്‍ ഭാഗവും ചലനാധിപത്യത്തിന്റെ മേല്‍ക്കോയ്മായാണെന്ന് ഈ അടുത്ത കാലത്താണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ നോട്ടവും ഒരു തരം മാനസികപരമായ ഇടപെടലാണ്. ഇത്തരം ഇടപെടലിലൂടെ സമൂഹം ഞങ്ങളെ ഉള്‍വലിയാന്‍ സമ്മര്‍ദ്ദം ചൊലുത്തുകയാണ് ചെയ്യുന്നത്. ആ സമ്മര്‍ദ്ദത്തിന് വഴങ്ങി അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാന്‍ കഴിയില്ല. പരിഗണനയുടെ കണ്ണുകള്‍ കൊണ്ട് ഞങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കുന്നു.