ബാല്യത്തില്‍ തന്നെ എന്റെ സ്വപ്‌നങ്ങളെ വീല്‍ ചെയറിന്റെ രണ്ടു ചക്രങ്ങള്‍ക്കുരുട്ടാന്‍ വിധികല്‍പിക്കപ്പെട്ടു. വഴിക്കടവ് മരുത പ്രദേശത്ത് കോയ-റംലത്ത് ദമ്പതികളുടെ മൂത്ത മകളായിട്ടാണ് ഞാന്‍ ജനിക്കുന്നത്. നാലു വയസ്സുവരെ വൈകല്യത്തിന്റെ യാതൊരു ലക്ഷണവും എനിക്കുണ്ടായിരുന്നില്ല. പിന്നീട് മസിലുകളില്‍ ബലം കുറഞ്ഞ് പോകുന്നൊരു അവസ്ഥ കണ്ടു. ഡോക്ടറെ കാണിച്ചപ്പോഴാണ് അത് മസ്‌കിലോടിസ്ട്രഫി എന്നൊരു അസുഖമാണന്നറിഞ്ഞത്. ഈ അസുഖത്തിന്റെ പ്രത്യേകത, കാണുന്ന കാഴ്ചയില്‍ ആര്‍ക്കും ഒരു പ്രയാസമായി തോന്നില്ല. ഒരു നോര്‍മല്‍ രോഗി വീല്‍ചെയറിലിരിക്കുന്നു. പക്ഷെ കാലിന്റെ ചെറു വിരല്‍ മുതല്‍ തല വരെ ഈ അവസ്ഥ ബാധിച്ചിരിക്കും ആ വ്യക്തിയുടെ ശരീരത്തിന് എപ്പോഴും വല്ലാത്തൊരു ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. ഭാരമുള്ള ഒരു വസ്തുവും എടുത്തുയര്‍ത്താന്‍ കഴിയില്ല. ചിലര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പ്രയാസമായിരിക്കും. ഈ പ്രയാസങ്ങളില്‍ ചിലതെല്ലാം എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏഴാം ക്ലാസില്‍ പഠനം നിറുത്തേണ്ടി വന്നു. വര്‍ഷങ്ങളോളം എന്റെ മുറിക്കപ്പുറം ഒരു ലോകം എനിക്കില്ലായിരുന്നു. ശാരീരികമായിട്ടും മാനസികമായിട്ടും ഞാന്‍ തളര്‍ന്നൊരവസ്ഥ. എനിക്ക് മാത്രമല്ല, വര്‍ഷങ്ങളോളം മുറിക്കുള്ളിലിരുന്നാല്‍ ഏതൊരാള്‍ക്കും വരും ഈ അവസ്ഥ. അത് എനിക്കും വന്നു. ഈ അവസ്ഥയില്‍ നിന്നും എനിക്കൊരു മാറ്റം വേണം! ഒരു കട്ടിലിലോ വീല്‍ ചെയറിലോ ഇരുന്ന് കരിഞ്ഞുണങ്ങിപ്പോവാനുള്ളതല്ല ഞാന്‍. പക്ഷെ എങ്ങനെ? സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച എന്റെ ഉപ്പ ഒരു കടയില്‍ ജോലിക്കാരനായിരുന്നു. അവിടെ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഞങ്ങള്‍ക്കുള്ള ഏക ആശ്രയം. പക്ഷെ അതും അധിക കാലം തുടരാന്‍ ഉപ്പക്കായില്ല. ആസ്തമയുടെ അസുഖം കാരണം പൊടി പടലങ്ങളും അലര്‍ജിയും മൂലം തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നെയുള്ളത് ഉമ്മയാണ്. ഉമ്മ ജോലിക്ക് പോയാല്‍ ഞങ്ങള്‍ രണ്ടു പേരാണ് വീട്ടില്‍. ഞാനും എന്റെ അനിയന്‍ റിഷാദും. (അവനും എന്റെ അതെ അസുഖമാണ്.) ഉമ്മ ജോലിക്ക് പോയാല്‍ ഞങ്ങളുടെ കാര്യങ്ങളെല്ലാം ആര് നോക്കും? പോവാതിരുന്നാല്‍ പട്ടിണിയാവില്ലെ? എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. പക്ഷെ എന്ത്? എങ്ങനെ? രാത്രി കിടന്നപ്പോള്‍ ഉറക്കം വരുന്നത് വരെ പല കാര്യങ്ങളും ചിന്തിച്ചു. ഒരുപാട് പരിമിതികളുള്ള നീ എന്ത് ചെയ്യാനാണ്. (മാത്രമല്ല ഒരു പെണ്‍കുട്ടിയെ കുടുംബത്തിലെ വലിയ കാരണവന്‍മാര്‍ അംഗീകരിക്കുമോ?) എന്ത് വന്നാലും അതിനെ നേരിടണം മനസ്സ് മന്ത്രിച്ചു. രണ്ടും കല്‍പിച്ചു ഞാന്‍ ഉപ്പായോട് പറഞ്ഞു: ”നമുക്കൊരു കട തുടങ്ങിയാലോ?” നിന്നെകൊണ്ട് അതിലിരിക്കാന്‍ കഴിയുമോ?-ഉപ്പ തിരിച്ചു ചോദിച്ചു. എന്താ കഴിയാത്തത്! കഴിയും, കഴിയില്ല എന്നത് ഒരു തോന്നലാണ്. എന്റെ ദൃഢ നിശ്ചയത്തിനുമുന്നില്‍ എല്ലാ സപ്പോര്‍ട്ടും തന്ന് ഉപ്പയും ഉമ്മയും കൂടെ നിന്നു. വിഗകലാംഗ ലോണ്‍ എടുത്ത് വീടിന്റെ അടുത്ത് തന്നെ ചെറിയ ഒരു കട തുറന്നു. അതിലേക്കുള്ള സാധനങ്ങള്‍ ഉപ്പ കൊണ്ടുവരും. ഏതൊരു ജോലിയും ആദ്യം ബുദ്ധിമുട്ടും പ്രയാസവുമൊക്കെ ഉണ്ടാവില്ലേ? അതു പോലെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ, മത്സരം എന്നോട് തന്നെ ആയതുകൊണ്ട് ്യൂഞാന്‍ തോറ്റില്ല. പല ആളുകളും എന്നെ പല തരത്തില്‍ നോക്കി. ചിലരെന്നെ സഹതാപത്തോടെ നോക്കിയിട്ട് ചോദിച്ചു- നിനക്ക് ഒരു ഭാഗത്ത് അടങ്ങി ഇരുന്നൂടെ. ചില സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍ എനിക്ക് കഴിയില്ല. പിന്നെ നീ എന്തിനാ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചവരുമുണ്ട്. എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് ഞാനും തിരിച്ച് ചോദിക്കാന്‍ തുടങ്ങി. വൈകല്യമുള്ളവളാണന്ന് കരുതി വീട്ടിലിരിക്കണോ? എനിക്കും ജീവിക്കണം. എന്റെ സ്വന്തം കാലില്‍ നില്‍ക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കണം. എന്റെ കുറ്റം കൊണ്ടല്ല ഞാനിങ്ങനെ ആയത്, ഇത് ദൈവ നിശ്ചയമാണ്. കിടന്ന് കരഞ്ഞ് ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല. വൈകല്യം ശരീരത്തിനാണ്, മനസ്സിനല്ല. അവരവരെ കൊണ്ട് കഴിയുന്ന തൊഴിലെടുത്ത് ജീവിക്കണം. കഴിവതും ആരെയും ആശ്രയിക്കാതെ മുന്നിട്ടിറങ്ങണം.
നമുക്ക് വൈകല്യമുണ്ടെന്നത് സത്യമാണെന്ന് കരുതി അതില്‍ കുടുങ്ങിക്കിടക്കേണ്ട. കുറഞ്ഞ പക്ഷം വീട്ടുകാര്‍ക്ക് ഒരു ഭാരമാവാതെ അവര്‍ക്കൊരു തണലായി മാറിക്കൂടെ? ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് അവസാനം ജീവിതം ഒരു ചോദ്യചിഹ്നമായി മാറുമ്പോള്‍ വീട്ടുകാര്‍ കണ്ടത്തുന്ന ഒരു വഴിയാണ് ഏതെങ്കിലും പ്രായം ചെന്ന വ്യക്തിക്കോ അല്ലെങ്കില്‍ രണ്ടാം കെട്ടുകാരനോ വിവാഹം ചെയ്ത് കൊടുക്കുക എന്നത്. അങ്ങനെ ആരുമറിയാതെ രാത്രി വന്ന് രാവിലെ പോവുന്ന ആളുടെ ഭാര്യയായി കുറച്ച് കാലം ജീവിച്ചിട്ട് അതിലൊരു കുഞ്ഞിനെയും തന്ന് അയാള്‍ ഉപേക്ഷിച്ച് പോയാല്‍ ജീവിതം പിന്നെയും ബാക്കിയാണ്. പോരാത്തതിന് മുമ്പത്തേക്കാള്‍ ദുരിതവും. സ്ത്രീകള്‍ സ്വയം പര്യാപ്തരായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. എല്ലാ മതത്തിലും സ്ത്രീകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും കഴിവുകളുണ്ട്, പലര്‍ക്കും പലതരത്തിലാണ്. അതിനെ കണ്ടെത്തി മുന്നിലേക്ക് വരണം. ഒരാളും നമ്മെ നോക്കി സഹതപിക്കാനുള്ള ഒരവസരം നമ്മളായിട്ട് കൊടുക്കരുത്. കട തുടങ്ങി എന്ന് കരുതി അതില്‍ തന്നെ ഇരിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എനിക്ക് പഠിക്കണം എന്ന് തോന്നി. വിദ്യഭ്യാസം ഇന്നത്തെ സമൂഹത്തിന് അനിവാര്യമാണ്. പക്ഷെ വൈകല്യമുള്ള സ്ത്രീകളില്‍ എത്ര പേര്‍ വിദ്യഭ്യാസമുള്ളവരുണ്ട്? വ്യത്യസ്ത കാരണങ്ങളാല്‍ പല സ്ത്രീകളും ഉള്‍വലിയും. എനിക്ക് വേണമെന്ന് തോന്നി. അതിനുള്ള വഴികള്‍ ഞാന്‍ ആലോചിച്ചു കണ്ടെത്തി. പത്താം ക്ലാസ്സ് എന്ന കടമ്പ കടക്കാന്‍ കുറെ കഷ്ടപ്പെട്ടു. പരീക്ഷക്കൊരു സ്‌ക്രൈബിനെ വെക്കാം എന്ന് ടീച്ചര്‍ പറഞ്ഞു . പക്ഷെ, ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സ്‌ക്രൈബ് ശരിയാവില്ല. അവസാനം സ്‌കൂള്‍ അധികൃതരോട് ഞാന്‍ ചോദിച്ചു എഴുതാനറിയുന്ന ഒരു കുട്ടിയെ എന്നെ സഹായിക്കാനിരുത്തുമോ? എന്റെ ചോദ്യത്തിന് പ്രിന്‍സിപ്പാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: പെര്‍മിഷനില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. നിനക്കുവേണമെങ്കിലെഴുതാം, അല്ലങ്കില്‍ ഉപേക്ഷിക്കാം. വിറക്കുന്ന കൈകളോടെയും നിറയുന്ന കണ്ണുകളോടെയും ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതന്ന പ്രാര്‍ത്ഥനയോടെയും വൈകല്യത്തോട് ഞാന്‍ പൊരുതിയ ദിവസമായിരുന്നു അന്ന്. എത്ര വര്‍ഷം കഴിഞ്ഞാലും എന്നും നൊമ്പരത്തോടെ ഞാനോര്‍ക്കുന്നൊരു കാര്യമാണ് പത്താം ക്ലാസ്സ് പരീക്ഷ.
തുടര്‍ന്ന് പ്ലസ്ടു പരീക്ഷയും ഞാനെഴുതി. ഈ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ കോഴ്‌സും പൂര്‍ത്തിയാക്കുന്നു. അതിനിടയില്‍ കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ എനിക്കൊരു ജോലി ശരിയായി. പക്ഷെ വീല്‍ചെയര്‍ ഫ്രണ്ട്‌ലി അല്ലാത്തതു കാരണം എനിക്കത് ഉപേക്ഷിക്കേണ്ടി വന്നു. വൈകല്യമുള്ളവര്‍ക്ക് ജോലിചെയ്യാനുള്ള മനസ്സുണ്ടായിട്ട് കാര്യമില്ല. കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തില്‍ അതിനുള്ള സൗകര്യമുണ്ടോ? എന്ത് കൊണ്ട് ഈ സമൂഹം സാധാരണക്കാരെ പോലെ ഭിന്നശേഷിക്കാരെ കാണുന്നില്ല? അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല? അവരെ ഒരു സാധാരണക്കാരെ പോലെ ഈ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നില്ല.
സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഈ സമൂഹത്തിലുള്ളത്? ദൂരം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് എന്നെ ക്യാമ്പിനു വിളിക്കുമ്പോള്‍ ഒറ്റക്കൊരു വാഹനത്തില്‍ എന്നെ വിടാന്‍ എന്റെ വീട്ടുകാര്‍ക്ക് പേടിയാണ. കുറച്ചു നേരം വൈകിയാല്‍ അവര്‍ക്ക് ആധിയാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ‘പൂര്‍ണ ആരോഗ്യമുള്ള സ്ത്രീകള്‍ പോലും സുരക്ഷിതരല്ല, പിന്നെ നിന്നെ പോലെ തളര്‍ന്നൊരു പെണ്ണിന്റെ കാര്യം പറയാനുണ്ടോ? എന്നാണവര്‍ ചോദിക്കുന്നത്.’ ഈ അവസ്ഥക്കൊരു മാറ്റം വരുത്താന്‍ സമൂഹത്തിനാകുമോ? സാധാരണക്കാരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ റെഡിയാണ്. മാത്രമല്ല ഏതൊരവസ്ഥയിലായാലും യാത്ര ചെയ്യാനും ജോലി ചെയ്യാനും ഈ സമൂഹത്തിന്റെ ഭാഗമാവാനും ഞങ്ങള്‍ (ഭിന്ന ശേഷിക്കാരായ സ്ത്രീകള്‍)ക്ക് താല്‍പര്യമുണ്ട്. മനസ്സുണ്ട്. ഞങ്ങളെ പിന്തുണക്കാന്‍ ഈ സമൂഹമുണ്ടാകുമോ? മുന്നേറാന്‍ മനസ്സുണ്ടായിട്ട് കാര്യമില്ല പിന്തുണക്കാന്‍ ആളുണ്ടാവണം! ഒരു ഭിന്നശേഷിക്കാരിയായി പിറന്നതില്‍ സങ്കടമില്ല. പക്ഷെ ഭിന്നശേഷിക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോട് ഈ സമൂഹം കാണിക്കുന്ന അനീതികളും അക്രമങ്ങളും കാണുമ്പോള്‍ വല്ലാതെ സങ്കടം തോന്നുന്നുണ്ട്.