പോരാളികള്‍ എന്നല്ലാതെ ഞങ്ങളെ എന്താണ് വിളിക്കേണ്ടത്..! ഞാനടങ്ങുന്ന വികലാംഗ സമൂഹത്തിന് അതല്ലാതെ മറ്റൊരു പേരുണ്ടാകുമോ? അറിയില്ല. എന്നിട്ടും അടിച്ചമര്‍ത്തപ്പെട്ട, അകത്തളങ്ങളിലെ ഇരുട്ടിനോടും, അവഗണനകളോടും പോരടിക്കുന്ന ഞങ്ങളെ നിങ്ങള്‍ വിളിച്ചത് വികലാംഗര്‍ എന്നല്ലേ? ‘വികല’മായ അംഗം. നിങ്ങളങ്ങനെ വിളിച്ചപ്പോള്‍ തന്നെ മനസ്സ് അപകര്‍ഷതയിലേക്കു കൂപ്പുകുത്തിക്കഴിഞ്ഞിരുന്നു. എന്തോ, ആരുടേയും മുന്നിലേക്ക് ഇറങ്ങി നില്‍ക്കാന്‍ കൊള്ളരുതാത്ത വസ്തു.
ആ വിളികേട്ടു തുടങ്ങിയതു മുതല്‍ മനസ്സ് പ്രതിഷേധത്തിലേക്കാണ് പോയത് എന്നുപറഞ്ഞാല്‍ തര്‍ക്കിക്കാനാവില്ല തന്നെ. ഞങ്ങളുടെ ഇരവും പകലും നിറംകെട്ടതായിരുന്നു…
ഞങ്ങളുടെ ചിന്തകളെ ഞങ്ങളിലേക്ക് തന്നെ ഒതുക്കാന്‍ ഞങ്ങള്‍ തയ്യാറായതും ഇതൊക്കെ കൊണ്ടുതന്നെ എന്ന് നിസ്സംശയം പറഞ്ഞോട്ടെ. ആരും ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു നേടിയെടുക്കുന്നതല്ല ഇങ്ങനെ ഒരു ജീവിതം. ജനിച്ചയുടന്‍ അറിഞ്ഞിരുന്നുവെങ്കില്‍, അന്നേ തിരിച്ചറിവ് ദൈവം തന്നെങ്കില്‍, അന്നേ ഈ ഭൂവാസം അവസാനിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ക്കാത്ത ഒരാളുണ്ടാവില്ല. ഞങ്ങളുടെ ഇടയില്‍ ജീവിതത്തോടു ഘോരയുദ്ധം ചെയിതു വിജയിച്ചവരാണെങ്കില്‍ പോലും ഒരു നിമിഷമെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവും എന്നത് ഉറപ്പാണ്. നമ്മളെക്കുറിച്ചു നമ്മളല്ലാതെ ആരുമനസ്സിലാക്കാന്‍. ചെറുപ്രായത്തില്‍ കുഞ്ഞിക്കാലടിവച്ചു ഈ മണ്ണിലൂടോടിനടന്നൊരാ ബാല്യം. അതൊരു സുന്ദരകാലം തന്നെയല്ലേ, നമ്മളില്‍ ചിലര്‍ക്ക് വീണുകിട്ടിയ ഭാഗ്യം!
അന്നൊക്കെ ഓടിച്ചാടി നടക്കുമായിരുന്നു. തീര്‍ന്നുപോകുമെന്ന് അറിഞ്ഞിട്ടാണോ, അതോ കുഞ്ഞുമനസ്സിലെ ചെറുബോധ്യമാണോ എന്തോ ആ സമയം ചെയ്തുതീര്‍ക്കാവുന്ന വികൃതികളെല്ലാം ഉണ്ടാകുമായിരുന്നു കൈയ്യില്‍.
മൂത്തസഹോദരങ്ങളുടെ കൈപിടിച്ചു നടക്കാതെ, വേണെങ്കില്‍ അവരെക്കൂടി ഇങ്ങെടുത്തു ഒക്കത്തുവെച്ചാലോന്ന് ധരിച്ചുകളയുമായിരുന്നു അന്നേരം. അങ്ങനെയിരിക്കുമ്പോഴായിരുന്നു ഇരുട്ടടി പോലെ ആ വീഴ്ച്ച. അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന, ഒറ്റപ്പെടുന്നൊരു കൂട്ടത്തിലേക്ക് ഞാനും വീണുകഴിഞ്ഞെന്ന്. ആദ്യത്തിലൊന്നും ഈ ഒറ്റപ്പെടലിന്റെ ആഴവും പരപ്പും തിരിച്ചറിയാനേ സാധിക്കില്ല. എന്തോ നാളെയോ മറ്റന്നാളോ ഈ ‘പനി’ മാറും എന്നൊരു വിശ്വാസം.
അവിടുന്നിങ്ങോട്ടൊരു യാത്രയായിരുന്നു. ആ യാത്രകള്‍ വല്ലാതെ മടുപ്പിയ്ക്കുന്നതാണെന്നു പിന്നെ പിന്നെ തിരിച്ചറിയുകയായിരുന്നു. ആശുപത്രി, അവിടെ കഴുത്തില്‍ കുഴലുപോലെ മാലയിട്ട ഡോക്ടര്‍ മാമന്‍. കൂടെ അന്നുമിന്നും ഏറെ സന്തോഷിപ്പിക്കുന്ന വെള്ള ഉടുപ്പിട്ട മാലാഖമാരും. ഇതാണ് എന്റെ ലോകമെന്നു തിരിച്ചറിയുകയായിരുന്നു അന്ന്. ഞാനൊക്കെ അല്ലെങ്കില്‍ ഞാനുള്‍പ്പെടുന്ന നമ്മുടെ കൂട്ടം ഈ അനുഭവത്തില്‍ കൂടിയല്ലാതെ കടന്നുപോയിട്ടുണ്ടാവില്ല. പല വൈദ്യന്മാര്‍, പല ചികിത്സാരീതികള്‍, ചിലര്‍ നമ്മെ അവരുടെ കൈയ്യിലെ കളിമണ്ണാക്കും. അവര്‍ക്കുപോലും അറിവില്ലാത്ത ചികിത്സാരീതികള്‍. എണ്ണ, കിഴി, കഷായം…. ബ്ലാഹ് ചര്‍ദ്ദിക്കാന്‍ വരുന്നു. അമ്മയോടൊക്കെ കെഞ്ചും ആ മരുന്ന് നാളെ തരല്ലേ എന്ന്. അതെല്ലാം കഴിഞ്ഞിട്ട് വീട്ടിലേക്കൊരു വരവുണ്ട്. ഓര്‍ത്തുനോക്കിയിട്ടുണ്ടാവുമോ ആരെങ്കിലും. ചേച്ചിയും ചേട്ടനും ഇക്കാക്കയും ഇത്താത്തയും എല്ലാവരും അതുപോലെ തന്നെ. നമ്മളെന്താ ഇങ്ങനെ. ആരും കാണാതെ കുഞ്ഞിക്കാലില്‍ ഒരൊറ്റയടി വെക്കും ‘ആഹാ അത്രക്കായോ, നീ കാരണമല്ലേ എനിക്ക് മുറ്റത്തോട്ടിറങ്ങാന്‍ കഴിയാതെ പോയത്’ അപ്പോഴേക്കും കണ്ണുകളിലൂടെ കണ്ണുനീര്‍ വരും. അമ്മയെങ്ങാനും കണ്ടാലോ, അല്ലെങ്കിലെ അമ്മക്കു ഈയിടയായിട്ട് മുഖത്ത് ചിരി ഇല്ല. എപ്പോഴും കരഞ്ഞപോലെ, അച്ഛനെങ്ങാനും വഴക്കുപറഞ്ഞിട്ടായിരിക്കുമെന്നേ അന്ന് തോന്നിയിരുന്നുള്ളൂ.
ഞാന്‍ എണീറ്റ് വന്നിട്ട് എന്റെ അമ്മയെ, കൈയ്യില്‍ പിടിച്ചോണ്ട് ദോശക്കടയില്‍ പോകുന്നതോര്‍ത്തു സന്തോഷിക്കും. അപ്പോള്‍ എന്റെ അമ്മയുടെ മുഖത്ത് ആ ചിരി കാണാമല്ലോ.
പക്ഷെ, ആ കിടപ്പു തുടരും, ഡോക്ടറും വൈദ്യനും മാലാഖമാരും സൂചിയും കഷായവും ആവര്‍ത്തിക്കും, പുറത്തു കനത്തു പെയ്യുന്ന മഴ ജനലിന്റെ ഒരൊറ്റപ്പാളിയിലൂടെ കണ്ടുകൊണ്ടു ഒന്നോടിയിറങ്ങാന്‍ കൊതിച്ചു. അപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല, ഇനിയില്ലൊരു കാല്‍പ്പാടും ഈ മണ്ണിലെന്റേതായിട്ടെന്ന്. അച്ഛന്റെ തോളില്‍ കിടന്നു കൊണ്ടേ പിന്നെ ആകാശത്തെ കാണാന്‍ പറ്റിയിട്ടുള്ളൂ. അല്ലേ, ആകാശത്തിരിക്കുന്ന മേഘത്തെ കാണിച്ചിട്ട് മൂത്ത സഹോദരങ്ങള്‍ ആ മേഘങ്ങള്‍ക്കൊക്കെയും ഓരോ പേരിടും. കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന കാണാനും തൊടാനും കൊതിച്ചയാകാശത്തെ പിന്നേപ്പിന്നേ ഒന്നുകണ്ടെങ്കിലായി. ആ വലിയ ആകാശത്തെ ഇനിയൊരിക്കലും കണ്ടും തൊട്ടും അടുത്തിടപഴകാന്‍ പറ്റില്ലെന്നറിയുന്നൊരു തിരിച്ചറിവുണ്ടല്ലോ അതനുഭവിച്ചവര്‍ക്കേ അറിയൂ. പയ്യെപ്പയ്യെ യാഥാര്‍ഥ്യത്തോട് നമ്മളടുക്കുന്നത് ഒരു 7,8 വയസ്സുകളിലാവും, സ്‌കൂള്‍ എന്നതന്നുമിന്നും കൊതിപ്പിക്കുന്നതാവും. ചേച്ചിയും, ഇത്തയും, അപ്പുറത്തെ അജയനും റസീനയും ഒരുങ്ങിപ്പോകുമ്പോള്‍ കൊതിച്ചു പോയിട്ടില്ലേ നമ്മളും, ആഗ്രഹിച്ചുപോയിട്ടില്ലേ?
ഇങ്ങനെ നിങ്ങള്‍ സ്ഥിരമായി ചെയ്യുന്നപ്രവര്‍ത്തിയെ ചെയ്യാന്‍ വേണ്ടി സ്വപ്‌നം കണ്ട് പ്രാര്‍ത്ഥിക്കുന്നവരാണ് ഞങ്ങള്‍ അഥവാ നിങ്ങള്‍ വിളിക്കുന്ന ‘വികലാംഗര്‍’. അവിടുന്നിങ്ങോട്ട് ഒരു വല്ലാത്ത കാലമായിരുന്നു. ഓണവും, പെരുന്നാളും, ക്രിസ്തുമസും സന്തോഷത്തിന്റെ, കളികളുടെ ഒക്കെയാണെന്നു കരുതിയ ആ ബാല്യകാലത്തെ വെറുക്കും. ഊഞ്ഞാലാടാന്‍, പൂപറിക്കാന്‍, മൈലാലാഞ്ചി അരച്ചു കൈ ചുവപ്പിക്കാന്‍ കുര്‍ബാന കൂടാന്‍ പറ്റാത്ത ആ ബാല്യകാലം. എനിക്ക് അങ്ങിനെയായിരുന്നു. അതുപോലെ തന്നെയായിരിക്കും എന്റെ കൂട്ടുകാരോരോരുത്തരുമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. അങ്ങനെ കൗമാരത്തിലേക്ക് പോകും നിറങ്ങളോടിഷ്ട്ടമുള്ള കുഞ്ഞുസ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്ന ആ കാലം. ‘അരുതുകള്‍’ കൂട്ടുകാരില്‍ നിന്നുപോലും അനുഭവിക്കും. അവര്‍ കല്യാണം, ഇഷ്ടം എന്നൊക്കെ പറയുമ്പോള്‍ നമ്മളോട് പറയുന്നൊരു വാക്കുണ്ട് ‘കൊച്ചിന് അതൊന്നുമുണ്ടാവില്ല അല്ലേ.’
ആ പ്രായത്തില്‍ അതൊക്കെ ഒരു തിരിച്ചറിവാണ്. പ്രണയവും വിവാഹവും എന്നൊക്കെ പറഞ്ഞാല്‍ അന്നൊക്കെ വെറുമൊരാകര്‍ഷണമേ ഉണ്ടാകൂ. എന്നാലും നമുക്കതു പാടില്ലാത്തതാണ് എന്നു നമ്മളെ പറഞ്ഞു പഠിപ്പിക്കും. പിന്നെ നിസ്സഹായതയോടെ ആരുടെയെങ്കിലും ദയ പ്രതീക്ഷിച്ചു കാത്തിരിക്കും. ഇതില്‍ ചിലര്‍ ചില നന്മമരങ്ങളുടെ ദയയില്‍ കാരുണ്യത്തില്‍ പുറംലോകത്തേക്കെത്തും. അവിടെ നിന്നു ഒരു വെല്ലുവിളിപോലെ ജീവിതത്തെ കണ്ടു പതിയെപതിയെ മുന്‍നിരയിലേക്ക് എത്തിപ്പെടും. അങ്ങനെ അല്ലാത്തവരാണേറെയും. അങ്ങനെ ഞാനെന്നാല്‍, നമ്മളെന്നാല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ ആണെന്ന് നമുക്കും ഉറപ്പായിട്ടുണ്ടാവും. പല അവസരങ്ങളിലും ഞാനെന്നാല്‍ ഏതോലോകത്തെ ‘അത്ഭുതജീവി’ ആണെന്ന് തോന്നി പോകാറുണ്ട് പലരുടെയും തുറിച്ചു നോട്ടവും പെരുമാറ്റവും കാണുമ്പോള്‍.
അങ്ങനെ കൗമാരം ഒന്നും സംഭവിക്കാതെ കടന്നുപോകും. കൂടെ 18 വയസ്സാകുന്നു എന്നറിയിക്കുന്ന, വോട്ടവകാശമെത്തിനോക്കുന്നഘട്ടമെത്തുന്നു എന്നത് സന്തോഷം നല്‍കുന്നതാണ്.
ആദ്യം തന്നെ പിന്തിരിപ്പന്‍ നയങ്ങളാകും. എനിക്ക് അറിയുന്ന ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ട് ‘നിനക്കിപ്പോള്‍ വോട്ടില്ലെങ്കിലെന്താ അല്ലെങ്കില്‍ ആരാ കൊണ്ടുപോണത് ‘എന്നു. ശ്ശൊ..എന്തൊരു ലോകമാണിത്? ഞാനും നീയും എന്ന വേര്‍തിരിവില്ലാതെ ജീവിക്കാന്‍ നാമേവരും ആഗ്രഹിച്ചിട്ടില്ലേ? കരഞ്ഞുകൊണ്ടുറങ്ങാത്ത രാവുകള്‍ നമുക്ക് ചിലര്‍ക്കെങ്കിലും അന്യമല്ല. മാറിവരുന്ന സര്‍ക്കാരുകളും സ്ഥാപനങ്ങളും നമ്മളോട് വിവേചനം കാണിച്ചിട്ടേയുള്ളു. നാമെന്തിനു ഹെലന്‍ കെല്ലറിനെയും മറ്റും ഓര്‍ക്കണം?. നമ്മുടെ ഇടയില്‍ ജീവിച്ച, ജീവിക്കുന്ന പൊരുതിനേടിയ നേടിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളെത്രയോ. നേടിയവരെ ‘രാജാക്കന്മാരെന്നേ’ വിശേഷിപ്പിക്കാവൂ. കാരണം നമ്മുടെ വിജയം അതിന് ഒരു കടലിന്റെ ആഴം ഉള്ളതാണ്. ഭരണാധികാരികളെ കുറിച്ച് പറഞ്ഞല്ലോ ഞാന്‍. ഒരുനേരത്തെ മരുന്നിനു നമ്മളില്‍ ചിലര്‍ക്ക് 1000രൂപ വരെ ചിലവുണ്ടെന്നിരിക്കെ ഭിക്ഷപോലെ എന്നെങ്കിലും ഒരിക്കല്‍ ഇട്ടുതരുന്ന പെന്‍ഷന്‍ എന്ന ചില്ലിക്കാശില്‍ ആശ്വാസം തെല്ലുമില്ല. ഞങ്ങള്‍ക്ക് ഒരിടത്തു സ്വാതന്ത്ര്യമായി സഞ്ചരിക്കാനാകുന്നുണ്ടോ? ആരാണ് അന്വേഷിക്കാന്‍. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ആണിയടിച്ചുവെച്ചത് ഈ ഭരണാധികാരികളും കൂടെയാണ്. ഞങ്ങളില്‍ ഒട്ടുമുക്കാലും ദരിദ്രകുടുംബങ്ങളില്‍ പെട്ടവരാണ് എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാകില്ല. അതൊന്നു മനസിലാക്കിക്കൊടുക്കാനിറങ്ങിയാല്‍ വാക്കിനൊന്നും അത്ര വിലയും ഉണ്ടാവുകയില്ല. ഇങ്ങനെ സഹതാപം മാത്രം ലഭിക്കുന്ന വര്‍ഗ്ഗം..
ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നതും ആ വാക്കാണ്. ഒരു ഫലവും ഇല്ലാത്ത വാക്ക്. പ്രവര്‍ത്തിയില്‍ കൂടെയുണ്ടെന്നോര്‍മ്മപ്പെടുത്തല്‍. ‘അതുമതിയെന്നെത്രവട്ടം പറഞ്ഞിട്ടുണ്ട്’ ഇങ്ങനെ ചങ്ങലയിട്ട കൈകാലുകളും കൊണ്ടു ഒറ്റയാള്‍പോരാട്ടം.
ചിലപ്പോള്‍ മടുത്തുപോകും ചിലനേരം ഊര്‍ജ്ജം കിട്ടും. ഇങ്ങനെ ഞങ്ങളിലെ ദിനങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കും. മുതിര്‍ന്നവര്‍ ഒന്നൊന്നായി വീടൊഴിഞ്ഞു അവരുടെ ജീവിത്തിലേക്ക് പോകുന്നതു സന്തോഷത്തോടെ നോക്കി കാണും എന്നാല്‍ താഴെയുള്ളവര്‍ പോകുമ്പോള്‍ ഉണ്ടാകുന്ന വിഷമം എനിക്കും ഉണ്ടായെങ്കില്‍ എന്നത് ഒരു നെടുവീര്‍പ്പായവശേഷിക്കും. പ്രണയമാണ് ഒരാളെ കൂടുതല്‍ സൗന്ദര്യമുള്ളവരാക്കുന്നത് എന്നാണല്ലോ. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഓരോ ദിവസവും സ്വപ്‌നം വലുതാകും. എനിക്ക് എന്റേത് എന്നുപറയാന്‍ ഒരാള്‍ ഉണ്ടാവുക എന്നൊക്കെ ഞാന്‍ കൊതിക്കും. ശരീരത്തിനപ്പുറം എല്ലാവരെയും പോലൊരു ഹൃദയത്തെ തന്നെയാണ് ഞങ്ങള്‍ക്കും പടച്ചവന്‍ തന്നത് എന്ന് പലരും ഓര്‍ക്കില്ല ഉണ്ടെങ്കില്‍ ചുരുക്കം പേര്‍. എനിക്കും മനസ്സില്‍ പ്രണയമുണ്ടായി എന്ന് തുറന്നു പറഞ്ഞാല്‍ ‘നിനക്കോ?’ എന്ന ആ അരുത് വീണ്ടും ആവര്‍ത്തിക്കപ്പെടും. എന്നാല്‍ പ്രണയം ഉണ്ടായിക്കഴിഞ്ഞാലോ അവര്‍ക്ക് താന്‍ ഇങ്ങനെ ഒരാളെ ആണ് ഇഷ്ട്ടപെടുന്നതെന്നു പറയാന്‍ മടിയാകും. പലര്‍ക്കും നാണക്കേടാകും. ഒരു കുറവുള്ള പെണ്ണിനെ രഹസ്യമായിട്ടു നിന്നെക്കൂടെ കൂട്ടുകയും പോറ്റുകയും ചെയ്തോളാം എന്നു പറയുന്ന ആണുങ്ങളെ ഞാനടക്കമുള്ളവര്‍ കണ്ടിട്ടുണ്ട് എന്നു തുറന്നുപറയുന്നതില്‍ യാതൊരു മടിയും ഇല്ലാ. ചുരുക്കത്തില്‍ എല്ലായിടത്തും അരുതുകള്‍, മാറ്റിനിര്‍ത്തപ്പെടലുകള്‍, അവഗണനകള്‍, നിസ്സഹായതയുടെ അങ്ങേയറ്റം കണ്ടിട്ടുണ്ട്. നെഞ്ചുപൊട്ടിക്കരഞ്ഞിട്ടുണ്ട്. അപ്പോഴും ഓര്‍ക്കും, ആരും ഒന്നും കാണരുത് അറിയരുത് എന്ന്. ഇപ്പോള്‍ ഞങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാനുള്ള ഉപാധികള്‍ വര്‍ദ്ധിച്ചു. അപകടങ്ങളില്‍ മരിച്ചുപോകുന്നവരെ കുറിച്ച് കുറെ കണ്ണീര്‍ വാര്‍ത്തു മറന്നുപോകും. അപകടങ്ങള്‍ അവശേഷിപ്പിക്കുന്ന ചിലരുണ്ടിവിടെ, ‘അടിപൊളി’ എന്നവാക്കുകൊണ്ട് ആഹ്ലാദിച്ചവര്‍ പിന്നീട് കിടക്കയിലും ചക്രകസേരയിലും അഭയം തേടിപ്പോയവര്‍. അവര്‍ കൂടെ നമ്മളീ വര്‍ഗ്ഗത്തോടുകൂടെ കൂടിയപ്പോള്‍ വികലമായ അംഗം ഉള്ളവര്‍ മിക്ക വീടുകളിലും ആയി. ഒരു സന്തോഷവും കൂടെ കിട്ടി ‘ഭിന്നശേഷി’ക്കാരെന്ന വിളിപ്പേര്. യുവതലമുറ നമ്മളില്‍ ചിലരെ എങ്കിലും അവരോടുകൂടെ കൂട്ടി.. (അവിടെയും ചിലര്‍ എന്നുപറയേണ്ടിയിരിക്കുന്നു എല്ലാ യുവാക്കളും യുവതികളും അല്ല) സോഷ്യല്‍മീഡിയ പോലെയുള്ള നവമാധ്യമങ്ങള്‍ ഭിന്നശേഷിക്കാരനു പ്രതീക്ഷ നല്‍കി വീട്ടില്‍ നിന്നും പുറത്തേക്കു പോകാന്‍ ധൈര്യം കിട്ടിത്തുടങ്ങി.
നമ്മെ സഹതാപത്തോടെ നോക്കുന്ന ജനങ്ങളോട് ‘ഞാനും സഹോദരാ നിങ്ങളിലൊരാളാണ്’ എന്നു സധൈര്യം പറയാന്‍ ചങ്കൂറ്റം ഉണ്ടായി. നമ്മളാല്‍ കഴിയുന്ന ജോലി ചെയ്തു നമുക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കളെ പോറ്റണമെന്ന് അതിയായി മോഹിച്ചു പോകുന്നുണ്ടെന്നു പറയാം. ഞങ്ങളുടേത് നിങ്ങളെപോലുള്ള ചിന്തകളെന്ന് നിങ്ങളാണറിയേണ്ടതെന്നേ അന്നും ഇന്നും എന്നും പറയാനുള്ളൂ.. എടുത്തു നന്ദിപറയപ്പെടേണ്ട ഒരുകൂട്ടര്‍ ഞങ്ങളെപ്പോലുള്ളവരുടെ മാതാപിതാക്കളാണ്. ഞങ്ങള്‍ക്കുവേണ്ടി അവര്‍ ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്.
അപകടങ്ങളില്‍ വീണുപോയവരുടെ ജീവിത പങ്കാളികളും. ഞാനും നീയും അവരും എന്ന വേര്‍തിരിവില്ലാതെ ഞങ്ങള്‍ എന്ന് ഏവരും പറയുന്ന ആ നല്ലകാലവും പ്രതീക്ഷിച്ച് ഒരുകൂട്ടം ഭിന്നശേഷിക്കാര്‍. വെല്ലുവിളികള്‍ പലതുമായപ്പോള്‍ ജയിച്ചു കാണിക്കണം എന്നു ചിന്തിച്ചു പോയിട്ടുണ്ട്. ചിലര്‍ തയ്യല്‍ ജോലി എടുത്തും മറ്റും തങ്ങളാല്‍ കഴിയുന്ന ജോലികളുമായി മുന്നോട്ടു പോയി.
അതെ, ഞങ്ങള്‍ പൊരുതുകയാണ്. ഞങ്ങളുടെ ജീവന്മരണപോരാട്ടമാണിത്. ജീവിതം ഇത്ര ദുരിതമാണെന്ന് ഒരാളും ഒരു ഭിന്നശേഷിക്കാരനും ഇനി കരുതിയിരിക്കരുത്. ഞാന്‍ ഒന്നുമില്ലായ്മയിലേക്ക്, നിരാശയിലേക്കു വീണുപോയപ്പോള്‍ എന്നെ ജീവിതത്തിലേക്ക്, അതിന്റെ പച്ചപ്പിലേക്ക് കൈ പിടിച്ചുനടത്തിയവരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇനിയും പൊരുതാന്‍ ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്.