No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

മഅ്ദിനില്‍ പരിഹാരത്തിന്റെ ഉറവയുണ്ട്‌

മഅ്ദിനില്‍ പരിഹാരത്തിന്റെ ഉറവയുണ്ട്‌
in Articles
April 25, 2017
രിള്‌വാൻ അദനി

രിള്‌വാൻ അദനി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉമ്മയും മകനും എന്നെ കാണാന്‍ വേണ്ടി വന്നു. വരവിന്റെ ഉദ്ദേശ്യം ദുആ ചെയ്യിപ്പിക്കലാണെങ്കിലും ആ ഉമ്മ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞ കാര്യമാണ് എന്നെ അത്ഭുതപ്പടുത്തിയത്. 'തങ്ങളെ ഞാന്‍ മരിക്കാന്‍ വേണ്ടി തങ്ങളൊന്ന് ദുആ ചെയ്യണം , അല്ലെങ്കില്‍ എന്റെ മകന്‍ മരിച്ചു കിട്ടാന്‍ വേണ്ടി നിങ്ങള്‍ ദുആ ചെയ്യണം.'

Share on FacebookShare on TwitterShare on WhatsApp

മഅ്ദിന്‍ എന്ന പേരിന്റെ അര്‍ത്ഥം എന്താണെന്നറിയുമോ നിങ്ങള്‍ക്ക്? ‘ഉറവ’. ഇതൊരു സത്യമാണ്. വൈജ്ഞാനിക വിപ്ലവങ്ങളുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സഹകരണങ്ങളുടെയും സംഗമ ഭൂമിയും ഉറവിടവുമാണ് മഅ്ദിന്‍ അക്കാദമി. പിറവി കൊണ്ടിട്ട് ഇരുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഈ സ്ഥപനത്തിന്റെ വളര്‍ച്ചയും പ്രശസ്തിയും ഇടപെടലും അന്താരാഷ്ട്രതലങ്ങളില്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. എന്താണ് മഅ്ദിനിനെ ഇതര സ്ഥാപനങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്നത് എന്ന് ചോദിച്ചാല്‍ സാമൂഹിക ആവശ്യകതകള്‍ കണ്ടറിഞ്ഞു കൊണ്ടുള്ള സ്ഥപനത്തിന്റെ ഇടപെടലുകളും നൂതനമായ സംവിധാനങ്ങളുമാണ്. ആതുര സേവന രംഗങ്ങളിലും മറ്റുമുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും ചെയര്‍മാന്‍ സയ്യിദ് ഇബ്‌റഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ കാഴ്ചപ്പാടുകളുമാണ് ഇത്തവണ ഗുരുമുഖത്തില്‍. വളരെ വിജയകരമായും ശാസ്ത്രീയമായും നടത്തിവരുന്ന മഅ്ദിന്‍ അന്ധ, ബധിര, മൂക വിദ്യാലയം, ബുദ്ധി മാന്ദ്യ പരിചരണ കേന്ദ്രം, രോഗ പീഡകളാല്‍ വലയുന്ന രോഗികള്‍ക്ക് ആതുര ശുശ്രൂഷകള്‍ക്ക് വേണ്ടിയുള്ള ഹോസ്‌പൈസ്, ആംബുലന്‍സ് സര്‍വീസ്, വീല്‍ചെയര്‍ രോഗികള്‍ക്കും മറ്റുയാതനകളനുഭവിക്കുന്നവര്‍ക്കുമുള്ള എബിലിറ്റി സമ്മിറ്റുകള്‍, വീല്‍ചെയര്‍ ഫ്രണ്ട്‌ലി പള്ളികളും സ്ഥാപനങ്ങളും തുടങ്ങിയ സേവനങ്ങളെല്ലാം മഅ്ദിന്‍ വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.

കഴിഞ്ഞ മാര്‍ച്ച് പതിനാലിന് മുബശ്ശിര്‍ മുഹമ്മദ് വിനീതിനെ ഫോണില്‍ വിളിച്ച് ചോദിച്ചു: ”ഇന്ന് ഗ്രീന്‍ പാലിയേറ്റീവിന്റെ കുറച്ച് പ്രവര്‍ത്തകര്‍ ഖലീല്‍ തങ്ങളെ കാണാനാഗ്രഹിക്കുന്നുണ്ട്.” ഞാന്‍ ഉടനെ തന്നെ ഉസ്താദിനു വിളിച്ചു. മൂന്നുമണിയാകുമ്പോഴേക്ക് അവരോട് എത്താന്‍ പറയണം എന്ന് ഉസ്താദ് പറഞ്ഞു. ഏകദേശം മൂന്നര ആയപ്പോഴേക്കും ഗ്രീന്‍പാലിയേറ്റീവ് പ്രവര്‍ത്തകരായ ജസ്ഫര്‍ കോട്ടക്കുന്നും റഈസ് ഹിദായയും ഇഖ്ബാല്‍ അരീക്കലും മഅ്ദിനിലെത്തി. ഉസ്താദിന്റെ റൂം സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. ഈ തിരക്കിനിടയില്‍ ഉസ്താദ് ഇവര്‍ക്ക് വേണ്ടി എത്ര സമയം മാറ്റിവെക്കുമെന്ന് ആര്‍ക്കറിയാം എന്ന് ഞാന്‍ ആത്മഗതം ചെയ്തു. എന്തുകൊണ്ടായിരിക്കാം ഇവര്‍ ഉസ്താദിനെ കാണാന്‍ ഇത്ര തിടുക്കം കാണിക്കുന്നത്് എന്ന ചോദ്യം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇത്തരം പ്രയാസങ്ങളനുഭവിക്കുന്നവരോടുളള ഉസ്താദിന്റെ പരിഗണനയും ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഉസ്താദ് മുന്നോട്ട് വെക്കുന്ന വ്യതിരിക്തമായ പദ്ധതികളുമാണ് ഇവരെ ഉസ്താദിലേക്ക് ആകര്‍ഷിക്കുന്നത് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. മുമ്പ് ജനുവരി പതിനാലിന് പാലിയേറ്റീവ് ദിനത്തില്‍ മഅ്ദിനില്‍ വെച്ച് നടന്ന വീല്‍ചെയര്‍ രോഗികള്‍ക്കായുള്ള എബിലിറ്റി സമ്മിറ്റില്‍ പങ്കെടുത്ത ആളുകളുടെ പ്രതികരണത്തിന്റെ ഒരു ഏകദേശ ചിത്രം ആ ലക്കം ഉറവ നിങ്ങള്‍്ക്ക നല്‍കാന്‍ ശ്രമിച്ചിരുന്നു. അന്ന് ആ സംഗമത്തില്‍ ജാതി മത ഭേദമന്യേ പങ്കെടുത്ത എല്ലാവരും ഉസ്താദിനെ മനസ്സിലാക്കി, അവരുടെ ആവശ്യങ്ങള്‍ പറഞ്ഞാല്‍ ചെവികൊള്ളാനും വേണ്ട നടപടികള്‍ എടുക്കാനുമുള്ള അത്താണിയാണ് ഉസ്താദെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. പാലിയേറ്റീവ് ദിനത്തിലെ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പലപദ്ധതികളും മഅ്ദിനില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഉസ്താദ്. ഇത്തരം രോഗികള്‍ക്ക് ഒന്നിച്ച് ചേരാനും കമ്പ്യൂട്ടര്‍ പഠിക്കാനും തൊഴില്‍ പരിശീലനത്തിനുമുള്ള ബില്‍ഡിംഗുകളുടെ പണി ഇപ്പോള്‍ മഅ്ദിനില്‍ തകൃതിയായി നടക്കുന്നുണ്ട്. ഉസ്താദിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹം തന്നെയായിരിക്കാം ഇവരെയും ഇവിടെ എത്തിക്കാനുള്ള കാരണം.

ഇവരും ഉസ്താദും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരണത്തിന് മുമ്പ് ഞാന്‍ മറ്റൊരു കൂടിക്കാഴ്ച്ചയെ ഇവിടെ കുറിക്കാം. ഒരിക്കല്‍ ഉസ്താദിനോട് ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം എന്ന ആശയം തുടങ്ങാനുള്ള സാഹചര്യത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ഉസ്താദ് തന്ന മറുപടി മാത്രം മതി ഈ മേഖലയില്‍ നമ്മള്‍ ബോധവന്മാരേകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍. ഉസ്താദ് പറഞ്ഞു: എന്നെ കാണാനും ജീവിത പ്രാരബ്ദങ്ങളും പ്രതിസന്ധികളും പറയാനും ദിനം പ്രതി നിരവധിയാളുകള്‍ വരാറുണ്ട്. എല്ലാവര്‍ക്കും അപ്പോള്‍ തന്നെ അതിനാവശ്യമായ നിര്‍ദ്ദേശങ്ങളും പ്രതിവിധികളും പറഞ്ഞു നല്‍കാറുണ്ടങ്കിലും ചിലര്‍ നമ്മോട് പങ്കുവെക്കുന്ന ആകുലതകളും ആവലാതികളും അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് മായുകയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉമ്മയും മകനും എന്നെ കാണാന്‍ വേണ്ടി വന്നു. വരവിന്റെ ഉദ്ദേശ്യം ദുആ ചെയ്യിപ്പിക്കലാണെങ്കിലും ആ ഉമ്മ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞ കാര്യമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ‘തങ്ങളെ ഞാന്‍ മരിക്കാന്‍ വേണ്ടി തങ്ങളൊന്ന് ദുആ ചെയ്യണം അല്ലെങ്കില്‍ എന്റെ ഈ മകന്‍ മരിച്ചു കിട്ടാന്‍ വേണ്ടി നിങ്ങള്‍ ദുആ ചെയ്യണം.’ ആവശ്യം കേട്ടയുടനെ ഞാന്‍ ചോദിച്ചു: ”ജീവന്‍ അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരിക്കലും നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ നമ്മള്‍ ജനിച്ചത്. ജനനത്തില്‍ നമുക്ക് ഒരിടപെടലുമില്ലായിരുന്നു. മരണത്തിലും അങ്ങനെ തന്നെ. അല്ലാഹു നമുക്ക് ഒരു ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട്. അത് വരെ സമാധാനപരമായും അല്ലാഹുവും അശ്‌റഫുല്‍ ഖല്‍ഖും പറഞ്ഞതനുസരിച്ച് ജീവിക്കല്‍ നമ്മുടെ ഉത്തരവാദിത്വമല്ലേ? ഞാനിത്രയും പറഞ്ഞപ്പോള്‍ ആ ഉമ്മ എന്റെ മുമ്പില്‍ അവരുടെ പരിഭവങ്ങളുടെ കെട്ടഴിച്ചു. ഒരു മാതാവും അറിയാതെ പോലും ആഗ്രഹിക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളിലേക്ക് താനെത്താനുണ്ടായ സാഹചര്യം അവര്‍ വിവരിക്കാന്‍ തുടങ്ങി. എന്റെ ഈ മകന് 26 വയസ്സ്. ഇവന് നാല് വയസ്സ് തികഞ്ഞതിനു ശേഷം ഞാനിന്നുവരെ എന്റെ ബന്ധു വീട്ടുകളിലേക്കോ മറ്റു കല്യാണമടക്കമുള്ള ചടങ്ങുകളിലേക്കോ പോയിട്ടില്ല. എന്റെ ഉപ്പ മരിച്ചു, ആങ്ങളമാര്‍ക്ക് ആക്‌സിഡന്റുകളില്‍ പരിക്കുപറ്റി, കുടുംബത്തില്‍ നിരവധി വിവാഹങ്ങളും സത്കാരങ്ങളും ഉണ്ടായി…പക്ഷെ ഇവക്കൊന്നിനും ഞാന്‍ പങ്കെടുത്തിട്ടില്ല. അല്ലെങ്കില്‍ എന്റെ ഈ മകന്‍ കാരണം എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. സ്ഥിരചിത്തതയില്ലാത്ത ഇവന്‍ എന്റെ കണ്ണൊന്നു തെറ്റിയാല്‍ അയല്‍പക്കത്തെ വീടുകളിലേക്ക് ചെല്ലും. അവിടുത്തെ കോഴി കുഞ്ഞുങ്ങളുടെ കഴുത്തു ഞെരിച്ചു കൊല്ലും, ചെടികള്‍ പിഴുതെടുക്കും, അവിടുത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കും, സഹിക്കെട്ട അയല്‍ക്കാര്‍ വീട്ടില്‍ വന്ന് ഒരുപാട് ശകാരിക്കും ഒച്ചവെക്കും അവനെ ചങ്ങലക്കിട്ടുകൂടെ എന്ന് ആക്രോശിക്കും. ഒരു മാതാവ് എന്ന നിലക്ക് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണിത്. അവര്‍ പറഞ്ഞു നിറുത്തി. ഉസ്താദ് തുടര്‍ന്നു: ”അങ്ങനെ എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് അവര്‍ എന്നെ കാണനെത്തുന്നതും മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നതും. ഇങ്ങനെ നിരവധി സംഭവങ്ങള്‍ തുടരെ വന്നുകൊണ്ടിരുന്നപ്പോഴാണ് ഇവര്‍ക്ക് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കുമെന്ന ചിന്ത എന്നിലുയരുന്നതും മഅ്ദിന്‍ ബുദ്ധിമാന്ദ്യ പരിചരണകേന്ദ്ര തുടങ്ങുന്നതും.”

ജീവിതത്തില്‍ ഉസ്താദിന്റെ മുമ്പില്‍ ആവലാതിയുമായെത്തിയവര്‍ക്ക് പരിഹാരം നല്‍കാന്‍ വേണ്ടി തന്നെയാണ് മഅ്ദിന്‍ അന്ധവിദ്യാലയവും മൂകവിദ്യാലയവും ബധിരവിദ്യാലയവും എല്ലാം തുടങ്ങുന്നത്. ഉസ്താദ് ഇവരുടെ വിഷയത്തില്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വീട്ടില്‍ ഇത്തരം അസുഖമുള്ള കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ സമപ്രായക്കാരായ മറ്റു കൂട്ടുകാരെല്ലാം സ്‌ക്കൂളിലും മറ്റും പോകുമ്പോള്‍ ഇത്തരം കുട്ടികള്‍ക്കും സ്വഭാവികമായും സ്‌കൂളിലും മറ്റും പോകാനുള്ള ആശ ഉദിക്കുകയും അവര്‍ അതിനു ശ്രമിക്കുകയും ചെയ്യും. എന്നാല്‍ നമ്മള്‍ അവരുടെ ഇത്തരം പ്രതികരണങ്ങളെ നിരുത്സഹപ്പെടുത്തും. അവസാനം ഇത് അക്രമണത്തിനും മറ്റു പരാക്രമങ്ങള്‍ക്കും വഴിവെക്കും. അത് കൊണ്ട് തന്നെ ഇതിനുള്ള പരിഹാരം ഇത്തരം കുട്ടികളെ ഒരുമിച്ച് കൂട്ടുകയും അവര്‍ക്ക് അവരുടേതായ സിലബസോടുകൂടിയ ക്ലാസുകളും പഠന സംവിധാനങ്ങളും ഒരുക്കുകയുമാണ്. ഉസ്താദിന്റെ ഇത്തരം പുരോഗമന പരമായ ചിന്തകള്‍ വലിയൊരളവില്‍ സാമൂഹിക പുരോഗതിക്ക് പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹിക വളര്‍ച്ചക്ക് മുതല്‍ കൂട്ടായ#ിട്ടുണ്ട്.

ഇനി നമുക്ക് ഗ്രീന്‍ പാലിയേറ്റീവിന്റെ പ്രവര്‍ത്തകരിലേക്ക് തിരിച്ചുവരാം. ഉസ്താദിന്റെ അവരുമായുള്ള കൂടികാഴ്ച്ചയും ഉസ്താദ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും നേരിട്ട് വിവരിക്കുകയാണ് ഇനി ഞാനിവിടെ കുറിക്കുന്ന ഓരോ അക്ഷരങ്ങളും. റഈസും ജസ്ഫറും ഇഖ്ബാലും ഉസ്താദിന്റെ റൂമിലേക്ക് കയറി. അവരുടെ കൂടെ ഗ്രീന്‍പാലിയേറ്റീവ് വളണ്ടിയര്‍മാരായ നജീബ് മൂടാടിയും മുബശ്ശിര്‍ മുഹമ്മദുമുണ്ട്. ഉസ്താദ് എഴുന്നേറ്റ് ചെന്ന് അവരെ സ്വീകരിച്ചു.’റഈസേ ഞാന്‍ വീട്ടിലേക്കു വരുമായിരുന്നുവല്ലോ, ഈ അവസ്ഥയില്‍ റഈസെന്തിനാണ് കഷ്ടപ്പെട്ട് വന്നത്?’ ഉസ്താദ് സട്രെച്ചറില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന റഈസിനോടായി ചോദിക്കുന്നത്.

റഈസിന്റെ ശരീരത്തില്‍ അവന്റെ കല്‍പനക്ക് വഴങ്ങി കൊടുക്കുന്ന ഒരു അവയവമേയുള്ളൂ. അദ്ദേഹത്തിന്റെ ശിരസ്സ്. അതും പെട്ടെന്നൊന്നും വഴങ്ങില്ല, പലതവണ പറഞ്ഞാല്‍ പതിയെ പതിയെ മാത്രം . എന്നിട്ടും റഈസ്, ഉസ്താദിന്റെ ഈ ചോദ്യത്തിന് അവേശത്തോടെ മറുപടി പറഞ്ഞു ‘ഇല്ല തങ്ങളെ എനിക്കിങ്ങനെ യാത്രചെയ്യുന്നതിഷ്ടമാണ്’. റഈസിന്റെ കൂടെ ജസ്ഫര്‍ കോട്ടക്കുന്നും ഇഖ്ബാല്‍ അരീക്കലുമുണ്ടെന്ന് നമ്മള്‍ നേരത്തെ പറഞ്ഞുവല്ലോ. രണ്ടുപേരും വീല്‍ചെയറില്‍. ജസ്ഫര്‍ ലോക പ്രശസ്തനായ ഒരു ചിത്രകാരനാണെന്ന് സാന്ദര്‍ഭികമായി പറയട്ടെ. അവരുടെ വരവിന്റെ ഉദ്ദേശ്യം ഉസ്താദിനോട് പങ്കുവെച്ചപ്പോള്‍ അന്ന് ഉസ്താദിന്റെ റൂമിലുണ്ടായിരുന്ന, രണ്ടുകാലില്‍ കുത്തനെ നില്ക്കുന്ന ഞാനടക്കമുള്ള എല്ലാവര്‍ക്കും കാലിന്റെ ചെറുവിരല്‍ മുതല്‍ മൂര്‍ദ്ധാവുവരേ ശരവേഗത്തിലൊരു കൊള്ളിയാന്‍ മിന്നിയിരിക്കണം. രണ്ടു കാലില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ അപമാനം തോന്നിയ ജീവിതത്തിലെ ആദ്യ നിമിഷം. അവര്‍ ഒരേ ശബ്ദത്തില്‍ പറഞ്ഞു ‘സമൂഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഞങ്ങള്‍ക്ക് മതം പഠിക്കണം, തൊഴില്‍ പഠിക്കണം, പള്ളിയില്‍ പോകണം, അവഗണനകള്‍ക്കുമുമ്പില്‍ ആര്‍ജവത്തോടെ എഴുന്നേറ്റു നില്‍ക്കണം. തങ്ങളെ, ഞങ്ങളെന്തിനും തയ്യാറാണ്. നിങ്ങള്‍ കൂടെയുണ്ടാകണം’. ഇവര്‍ മൂന്നു പേര്‍ പ്രതിനിധികളാണ് ഇതുപോലോത്ത നിരവധി പേരുടെ.

ഓരോ നാട്ടിലെയും മദ്‌റസ അദ്ധ്യാപകര്‍ക്ക് രാവിലെ കഴിഞ്ഞാല്‍ തന്റെ മഹല്ലിലെ ഇത്തരം പ്രയാസമനുഭവിക്കുന്നവര്‍ക്ക് ക്ലാസെടുക്കാനോ അല്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ സ്ഥിരം ക്ലാസിലെത്തിക്കാനോ ഉള്ള തീരമാനത്തെ കുറിച്ച് കമ്മിറ്റിക്കും ഉസ്താദുമാര്‍ക്കും കൂടിയാലോചിച്ചു കൂടെ?’ റഈസ് ഉസ്താദിനോട് ചോദിച്ചു. അവര്‍ പറഞ്ഞ കാര്യങ്ങളോരോന്നും സശ്രദ്ധം കേട്ട് ഉസ്താദ് തന്നെ നോട്ടു ചെയ്തു. മഅ്ദിനുമായി ബന്ധപ്പെട്ട ഇവരുടെ കാര്യങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്താന്‍ അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കി. മറ്റുസ്ഥലങ്ങളില്‍ പറയാമെന്ന് വാക്കു കൊടുത്തു. തൃശൂരിലെ പണ്ഡിതരുടെ സംഗമത്തിനു മുമ്പായിരുന്നു ഈ കൂടിക്കാഴ്ചയെങ്കില്‍ കേരളത്തിലെ ഇരുപത്തിഅയ്യായിരം പണ്ധിതരോടും ഞാനിതു പറയുമായിരുന്നുവെന്ന് ഉസ്താദ് അവരെ അവേശപ്പെടുത്തി. ഇത്തരം ആളുകള്‍ക്ക് ടൈലറിംഗും കമ്പ്യൂട്ടര്‍ ഡിസൈനിംഗടക്കമുള്ള പദ്ധതികള്‍ മഅ്ദിനില്‍ ഉടന്‍ തുടങ്ങുമെന്ന് ഉസ്താദ് വാഗ്ദാനം ചെയ്തു.

ഉസ്താദിനെ കാണാനെത്തിയ നിരവധിയാളുകള്‍ പുറത്തു നില്‍പ്പുണ്ട്. ‘വളരെ ചുരുങ്ങിയ സമയമേ തങ്ങള്‍ ഞങ്ങളോടൊപ്പം പങ്കിടൂ എന്നേ ഞങ്ങള്‍ കരുതിയുള്ളൂ. ഇതിപ്പോ ഒരു മണിക്കൂറിലധികം തങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചു’. റൂമില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അവര്‍ ആവേശത്തോടെ പറഞ്ഞു. പിറ്റേന്ന് ബുഖാരി സബ്ഖില്‍ ഉസ്താദ് ഇവരുടെ സന്ദര്‍ശനം വിശദീകരിച്ചു കൊണ്ടു ഞങ്ങളോട് ചോദിച്ചു ”നിങ്ങള്‍ ക്രിയാത്മകമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഭാരമെത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? റബ്ബ് നിങ്ങള്‍ക്ക് നല്‍കിയ ആരോഗ്യത്തെ കുറിച്ചുള്ള ഹിസാബിനെ(വിചാരണ)നിങ്ങള്‍ ഭയപ്പെടുന്നില്ലേ’ ശരിക്കും ഞങ്ങളൊരോരുത്തരുടെയും ഇടനെഞ്ചു പിളര്‍ക്കാന്‍ കരുത്തുണ്ടായിരുന്നു ആ ചോദ്യങ്ങള്‍ക്ക്. സബ്ഖിനു ശേഷം ഞാനും ഉസ്താദിനോടൊപ്പം വണ്ടിയില്‍ കയറി. നൂറുകൂട്ടം പരിപാടികളും ചിന്തകളുമായി ആ മനസ്സ് നിബിഢമാണെന്നറിയാം. എന്നിട്ടും ഉസ്താദ് ഏറ്റെടുത്ത കാര്യങ്ങളെ നടപ്പിലാക്കിതിരിക്കലില്ല. ജസ്ഫറും കൂട്ടരും വന്നപ്പോള്‍ അവരുടെ മുമ്പില്‍ ഉസ്താദ് കാണിച്ചത് നാലാളുകളുടെ മുമ്പിലുള്ള പ്രകടന പരതയായിരുന്നില്ല. ആ യാത്രയിലും ഉസ്താദ് റഈസിനെ വിളിച്ചു. ഇന്നലെ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ പുരോഗതി പങ്കുവെച്ചു.

ഇന്ന് മഅ്ദിനില്‍ ഇത്തരം ആളുകളുടെ ടൈലറിംഗും കമ്പ്യൂട്ടര്‍ ഡിസൈനിംഗിനും മറ്റു ജോബ് ഓറിയന്റഡ് കോഴ്‌സുകള്‍ക്കും വേണ്ടി മാത്രം ഒരു ബില്‍ഡിംഗിന്റെ അവസാന മിനുക്കുപണി തകൃതിയായി നടക്കുന്നു. ഈ പദ്ധതി കഴിഞ്ഞ മാസം മഅ്ദിനില്‍ വെച്ചു നടന്ന ഇവരുടെ സംഗമത്തില്‍ ഉസ്താദ് പ്രഖ്യാപിച്ചതായിരുന്നു. ജസ്ഫറിനോടും സംഘത്തോടും ബില്‍ഡിംഗിന്റെ പ്രവര്‍ത്തന പുരോഗതി അന്വേഷിക്കാനും ആവശ്യമായ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനും ഉസ്താദ് പ്രത്യേകം പറഞ്ഞിരുന്നു. ഉസ്താദിനെയും അവരുടെ പ്രവര്‍ത്തനങ്ങളേയും ഇവിടെ എഴുതി തീര്‍ത്തു കളയാം എന്ന വ്യാമോഹമൊന്നും എനിക്കില്ല. എന്നാലും ഒരപേക്ഷയുണ്ട്. ഉസ്താദിനെ പോലെയാവാന്‍ സാധിച്ചില്ലെങ്കിലും നമ്മളാലാവുന്നതെങ്കിലും ഈ സമൂഹത്തിനു വേണ്ടി ചെയ്യാന്‍ മനസ്സ് വിശാലമാക്കാന്‍ നമുക്ക് സാധിക്കില്ലേ? എന്തു കൊണ്ട് ഇനി നമ്മുടെ നാട്ടിലുണ്ടാക്കുന്ന പുതിയ പള്ളികള്‍ക്കും ബില്‍ഡിംഗുകള്‍ക്കും ഒരു റാമ്പ് നിര്‍മിച്ച് ‘വീല്‍ചെയര്‍ ഫ്രണ്ട്‌ലി’ ആക്കി കൂടെ?. നമ്മുടെ മഹല്ലുകളിലെ ഇത്തരം രോഗപീഡകളനുഭവിക്കുന്നവരെ മതം പഠിപ്പിക്കാനും അവര്‍ക്കുവേണ്ട പരിചരണം നല്‍കാനും നമ്മള്‍ നാട്ടുകാരൊന്ന് കൂടിയിരുന്നാല്‍ സാധിക്കില്ലേ? ഇവരോട് സഹതപിച്ച് അവര്‍ പുറത്തിറങ്ങുമ്പോള്‍ അവരെ തുറിച്ച് നോക്കാതിരുന്നു കൂടെ? ഇവരും നമ്മെപോലെ പലതരം കഴിവും പ്രാപ്തിയുമുള്ള മനുഷ്യരാണ്. അസുഖത്തിന്റെയും അവരുടെ നിസ്സഹായതയുടെയും പേരുപറഞ്ഞ് നമ്മള്‍ അവരെ നിഷ്‌ക്രിയരാക്കരുത്. അവരുടെ ക്രിയാത്മകത ഒരു പക്ഷെ നമ്മെ അത്ഭുതപെടുത്തിയേക്കാം.

Share this:

  • Twitter
  • Facebook

Related Posts

www.freepik.com
Articles

പ്രതിരോധിക്കാം; അഞ്ചാംപനിയെ

November 20, 2022
Photo by Shreshth Gupta on Unsplash
Articles

കണ്ണു തുറന്ന് കാവലിരിക്കുക

August 17, 2022
Photo by Mohsen Golriz on Unsplash
Articles

ഇമാം ശാദിലി: ആത്മജ്ഞാനത്തിന്റെ ഉറവ വറ്റാത്ത നിർഝരി

July 6, 2022
പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ
Articles

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

June 30, 2022
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×