നിങ്ങളീ ചരിത്രം കേട്ടിട്ടുണ്ടോ? പണ്ഡിതര്‍ രേഖപെടുത്തിയതിനെ ഞാനിവിടെ കുറിക്കാന്‍ ശ്രമിക്കാം. ഇമാം അബ്ദുല്ല ഇബ്‌നു മുഹമ്മദ് എന്നവരെ തൊട്ട് പ്രസിദ്ധ പണ്ഡിതരായ ഇമാം ഔസാഇയാണ് സംഭവം വിവരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അബ്ദുല്ല എന്നവര്‍ മിസ്‌റിലായിരുന്നു. അദ്ദേഹം സമുദ്രതീരത്തിലൂടെ നടന്നു നീങ്ങുന്നു. കുറച്ചു ദൂരെ ഒരു കൂര, അടുത്തു ചെന്നപ്പോള്‍ അതില്‍ ആളനക്കമുണ്ട്. മഹാനവര്‍കള്‍ ആ കൂരയിലേക്ക് ചെന്നു. അദ്ദേഹം അവിടെ കണ്ട മനുഷ്യ രൂപത്തെ ചരിത്രകാരന്മാര്‍ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്. കയ്യും കാലും ആ ശരീരത്തിന് കൂട്ടില്ല. കേള്‍വിയും കാഴ്ചയും അദ്ദേഹത്തിനു വഴങ്ങാന്‍ തയ്യാറുമല്ല. പിന്നെ ആ ശരീരത്തില്‍ അദ്ദേഹത്തിന്റെ ഇച്ഛക്ക് വഴങ്ങുന്നതായിട്ട് നാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഹാനവര്‍കള്‍ അവിടേക്ക് കയറിചെല്ലുമ്പോള്‍ ആ ശരീരം ഉരുവിട്ടുകൊണ്ടിരുന്നതിങ്ങനെയാണ്: ” പടച്ച റബ്ബേ, എനിക്ക് നീ ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്കും മറ്റുള്ളവരില്‍ നിന്ന് എനിക്ക് നീ നല്‍കിയ ശ്രേഷ്ടതക്കും നന്ദിചെയ്യാനും സ്തുതി പറയാനുമുള്ള കഴിവിനെ എനിക്ക് നീ പ്രധാനം ചെയ്യണേ”. അബ്ദുല്ല എന്നവര് തുടര്‍ന്ന് പറയുകയാണ്. കേള്‍വിയും കാഴ്ചയും മറ്റുവൈകല്യങ്ങളുമുള്ള താങ്കള്‍ക്കെങ്ങെനെയാണ് ഈ പ്രാര്‍ത്ഥന പഠിക്കാന്‍ സാധിച്ചത് എന്നും ഇത് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക ജ്ഞാനം വഴി ലഭിച്ചതാണോ എന്നും നിങ്ങള്‍ക്ക് അല്ലാഹു തആല ചെയ്ത അനുഗ്രഹങ്ങളും മറ്റുള്ളവരില്‍ നിന്ന് കൂടുതലായി കിട്ടിയ ശ്രേഷ്ടതയും എന്താണെന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ചോദ്യം കേട്ടയുടനെ അദ്ദേഹത്തിന്റെ മറുപടി വന്നു: ‘ഹേ മനുഷ്യാ, എന്റെ റബ്ബ് എനിക്കു ചെയ്ത അനുഗ്രഹങ്ങളെ താങ്കള്‍ കാണുന്നില്ലേ? റബ്ബെങ്ങാനും ആകാശത്തു നിന്നും തീയ്യാണ് വര്‍ഷിപ്പിച്ചിരുന്നതെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കരിഞ്ഞു പോകുമായിരുന്നു. പര്‍വ്വതങ്ങളോടെങ്ങാനും അവനൊരു കല്‍പ്പന നടത്തിയിരുന്നുവെങ്കില്‍ അവകളാ നിമിഷത്തിലെന്നെ നാമാവശേഷമാക്കിയേനെ. സമുദ്രങ്ങള്‍ക്ക് ഒരു ഉത്തരവ് നല്‍കിയിരുന്നുവെങ്കില്‍ അവകളെന്നെ മുക്കിനശിപ്പിച്ചേനെ. ഭൂമികൊണ്ട് അവനെന്നെ പരീക്ഷിക്കാമായിരുന്നു. അതൊന്നുമുണ്ടായില്ല, പിന്നെ ഞാനെങ്ങെനെ എന്റെ റബ്ബിന് നന്ദിചെയ്യാതിരിക്കും’.എന്നിട്ട് അയാള്‍ പറഞ്ഞു ‘ഓ അബ്ദുല്ലാ എന്നവരെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ ഏത് അവസ്ഥയിലാണ് ഉള്ളത് എന്ന് അങ്ങ് കാണുന്നുണ്ടല്ലോ? എന്റെ ശരീരം കൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, അതു കൊണ്ടു തന്നെ എന്റെ കാര്യങ്ങള്‍ ചെയ്തു തരാന്‍ വേണ്ടിയും നിസ്‌കാര സമയത്ത് വുളൂഅ് എടുപ്പിക്കാന്‍ വേണ്ടിയും വിശന്നാലും ദാഹിച്ചാലും ഭക്ഷിപ്പിക്കാനും കുടിപ്പിക്കാനും വേണ്ടിയും എനിക്ക് ഒരു മകന്‍ സഹായത്തിനുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അവനെ കാണുന്നില്ല. നിങ്ങള്‍ എനിക്കു വേണ്ടി അവനെ ഒന്ന് അന്വേഷിക്കാമോ?’ അബ്ദുല്ല എന്നവര് തുടര്‍ന്ന് പറഞ്ഞു: ‘ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഒരു സൃഷ്ടി മറ്റൊരാളുടെ കാര്യത്തിന് വേണ്ടി തന്റെ ഊര്‍ജ്ജം ചിലവഴിക്കുക എന്നതു തന്നെ പ്രതിഫലാര്‍ഹമാണ്. അത് നിങ്ങളെ പോലോത്ത ഒരാള്‍ക്ക് കൂടിയാകുമ്പോള്‍ ആ പ്രതിഫലത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അങ്ങനെ ഞാന്‍ ആ കുട്ടിയെ അന്വേഷിച്ച് ഇറങ്ങി. മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും അധികം വിദൂരത്തല്ലാതെ ഒരു മണല്‍ കൂനയുടെ അടുത്ത് വന്യമൃഗങ്ങളുടെ അക്രമണത്തില്‍പ്പെട്ട് മാംസമെല്ലാം നഷ്ട്ടപ്പെട്ട് ആ കുട്ടിയുടെ ശരീരം അവിടെ അസ്ഥി പഞ്ചരമായി കിടക്കുന്നുണ്ടായിരുന്നു. എങ്ങെനെ ഇത് അദ്ദേഹത്തോട് അവതരിപ്പിക്കുമെന്നോര്‍ത്ത് അബ്ദുള്ള എന്നവര്‍ ആകുലപെട്ടു. അപ്പോഴാണ് അദ്ദേഹത്തിന് അയ്യൂബ് നബി(അ)മിന്റെ ചരിത്രം ഓര്‍മ വന്നത്. അബ്ദുള്ള എന്നവര്‍ പെട്ടെന്ന് തിരിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അയാള്‍ അദ്ദേഹത്തോട് ചോദിച്ചു: ”നിങ്ങള്‍ എന്റെ കൂട്ടുകാരനെ കണ്ടുവോ?” ”അതേ ഞാന്‍ കണ്ടു”- അബ്ദുല്ല എന്നവര്‍ പറഞ്ഞു. എന്നിട്ട് അവനെവിടെ? അയാളുടെ ഈ ചോദ്യത്തിന് മറുപടിയായി അബ്ദുല്ല എന്നവര് അയാളോട് തിരിച്ചു ചോദിച്ചു: ”നിങ്ങളാണോ അതോ അയ്യൂബ് നബി(അ)യാണോ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി?” അയാള്‍ പറഞ്ഞു: ”തീര്‍ച്ചയായും അയ്യൂബ് നബി(അ) തന്നെ.” അബ്ദുല്ല എന്നവര് അയാളോട് തുടര്‍ന്ന് പറഞ്ഞു: ”എന്താണ് അല്ലാഹു മഹാനരെക്കൊണ്ട് ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? അല്ലാഹു അവരെ രോഗം കൊണ്ട് പരീക്ഷിച്ചില്ലേ?(തൊലിക്കും എല്ലിനുമിടിയില്‍ ഉള്ള ഒരു രോഗം) അദ്ദേഹം പറഞ്ഞു: അതെ, അപ്പോള്‍ അയ്യൂബ് നബിയുടെ പ്രിതികരണം എങ്ങിനെയായിരുന്നു. അയ്യൂബ് നബി ആ പരീക്ഷണത്തില്‍ ക്ഷമിക്കുകയും അല്ലാഹുവിന് നന്ദിപറയുകയും സ്തുതികളര്‍പ്പിക്കുകയും ചെയ്തു ആയാള്‍ പറഞ്ഞു. ഈ വിശദീകരണങ്ങള്‍ക്ക് ശേഷം അബ്ദുല്ല(റ)പറഞ്ഞു: ‘ഞാന്‍ താങ്കളുടെ കുട്ടിയെ ഒരു മണല്‍ കൂനയില്‍ വന്യമൃഗങ്ങളാല്‍ അക്രമിക്കപ്പെട്ട് കൊല്ലപെട്ടതായിട്ടാണ് കണ്ടത്. ഉടനെ തന്നെ അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ”എനിക്ക് അല്ലാഹു തെറ്റുകള്‍ ചെയ്യുന്ന നരകം കൊണ്ട് ശിക്ഷിക്കപ്പെടുന്ന ഒരു മകനെ നല്‍കിയില്ലല്ലോ? തൊട്ടടുത്ത നിമിഷം അയാള്‍ അബ്ദുല്ല എന്നവരുടെ മുമ്പില്‍ വെച്ചു മരണപ്പെട്ടു.
ഇദ്ദേഹത്തെ ഇവിടെ കിടത്തി പോകാന്‍പറ്റില്ല. വല്ല പിടിമൃഗങ്ങളും പിടിക്കും. അബ്ദുല്ല എന്നവര്‍ അവരുടെ മൃതശരീരം ഒരു ശീലയില്‍ പൊതിഞ്ഞെടുത്തു. അപ്പോഴാണ് ആ വഴിയിലൂടെ നാലാളുകള്‍ പോകുന്നതായി അവരുടെ ശ്രദ്ധയില്‍ പെട്ടത്.അവര്‍ അബ്ദുല്ല(റ)വിനോട് കാര്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തോട് മയ്യിത്തിന്റെ മുഖം കാണിക്കാനാവശ്യപ്പെട്ടു. ആ പ്രസന്നമായ മുഖം കണ്ടയുടനെ അവര്‍ ആ മുഖത്തും കയ്യിലും ആവേശത്തോടെ ചുംബനങ്ങളര്‍പ്പിച്ചു. അവര്‍ പറഞ്ഞു: അല്ലാഹു നിഷിദ്ധമാക്കിയതിനെ കാണാത്ത കണ്ണാണിത്, സൃഷ്ടി ചരാചരങ്ങള്‍ സുഖസുഷുപ്തിയിലാണ്ടിരിക്കുമ്പോള്‍ പടച്ചറബ്ബിന്റെ മുമ്പില്‍ സുജൂദില്‍ വീണുകിടന്ന നെറ്റിത്തടമാണിത്. ഇതാരാണെന്ന് നിങ്ങള്‍ക്കറിയുമോ? അബ്ദുല്ല എന്നവരവരോട് ചോദിച്ചു. അല്ലാഹുവിനെയും പ്രവാചകരേയും അങ്ങേയറ്റം പ്രിയം വെച്ച ഇബ്‌നു അബ്ബാസ് തങ്ങളുടെ കൂട്ടുകാരന്‍ അബൂ കിലാബയാണിതെന്ന് അവര്‍ പ്രതിവചിച്ചു. പിന്നെ മഹാനവര്‍കളുടെ മരണാനന്തര ക്രിയകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. പിന്നീട് സ്വപ്‌നത്തിലദ്ദേഹത്തെ സ്വര്‍ഗത്തിന്റെ സുഖാഢംബരങ്ങളാസ്വദിച്ചിരിക്കുന്നത് ദര്‍ശിച്ച അബ്ദുല്ല(റ) ചോദിച്ചു: എന്തു കാരണം കൊണ്ടാണ് നിങ്ങള്‍ ഇത്രമാത്രം സ്ഥാനം കൈവരിച്ചത്? അദ്ദേഹം പറഞ്ഞു: പരീക്ഷണ സമയത്ത് ക്ഷമിച്ചാലും ഐശര്യമുള്ള സമയത്ത് അല്ലാഹുവിന് നന്ദി ചെയ്താലും രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയപ്പെട്ടാലും അല്ലാഹു അളവറ്റ സ്ഥാനമാനങ്ങള്‍ നല്‍കും.-(കിതാബുസ്സ്വിഖാത്ത്-ഇബ്‌നു ഹിബ്ബാന്‍)
ഈ സംഭവ ചരിത്രം നമുക്ക് തത്ക്കാലം ഇവിടെ അവസാനിപ്പിക്കാം. ഇനി നമുക്കൊന്ന് ആത്മ വിചിന്തനം നടത്താം. അബൂ കിലാബ(റ)വിന്റെ ചരിത്രം കേട്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? എന്റെ അനുഭവം പറയട്ടെ, ആരോഗ്യവും സര്‍വ്വ ഐശര്യങ്ങളും ആസ്വദിച്ചുള്ള ഈ ജീവിതത്തിലെ പ്രതാപങ്ങളില്‍ ഒരു നിമിഷം ലജ്ജ തോന്നിയ നിമിഷമാണ് ഈ ചരിത്ര വായനയുടെ സമയം. ഐശ്വര്യങ്ങളുടെയും സന്തോഷങ്ങളുടെയും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴും നമ്മുടെ പരാതികളും പരിപവങ്ങളും അവസാനിക്കാറില്ല. ജീവിതത്തിലെ ഒരു കൊച്ചു പരീക്ഷണത്തെ പോലും ധീരമായി നേരിട്ട് വിജയം വരിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതാവരുത് വിശ്വാസികളുടെ ജീവിതം. ഇസ്‌ലാമിനെ അടുത്തറിഞ്ഞു ജീവിക്കുന്ന ഒരാള്‍ക്കും പരീക്ഷണങ്ങളില്‍ പരിതപിക്കേണ്ടി വരില്ല. കാരണം ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും എങ്ങിനെ നേരിടണം എന്ന് ഇസ്‌ലാം വിശ്വാസികളെ വ്യക്തമായി തര്യപ്പെടുത്തുന്നുണ്ട്. സന്തോഷവും സന്താപവും ദേഷ്യവും സമാധാനവും പുഞ്ചിരിയും കരച്ചിലും തുടങ്ങിയ എല്ലാ വികാരങ്ങളെയും എങ്ങിനെ കൃത്യമായി ഉപയോഗിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ചരിത്ര പുരുഷന്‍ പ്രത്യക്ഷ കാഴ്ചയില്‍ ഇല്ലായ്മയുടെ പടുകുഴിയില്‍ ജീവിക്കുന്നവരാണെങ്കിലും വ്യക്തിപരമായി ഈ ലോകത്തിലെ ഏറ്റവും കൂടുതല്‍ സുഖ സന്തോഷമനുഭവിക്കുന്നവര്‍ താനാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് കരുത്തു പകര്‍ന്നു നല്‍കിയത് ഇസ്‌ലാം എന്ന മഹിത ദര്‍ശനമാണ്.
ഉര്‍വത്തു ബ്‌നു സുബൈര്‍(റ)വിനെ കൂടെ പാരമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. മഹാനവര്‍കളുടെ കാലിനൊരസുഖം ബാധിച്ചു. ഡോക്ടര്‍മാര്‍ കാല് മുറിച്ചു മാറ്റാന്‍ വിധിയെഴുതി. കാല് മുറിച്ചു മാറ്റിയപ്പോള്‍ മഹാന്‍ പറഞ്ഞു: ”അല്ലാഹുവെ നിനക്ക് സ്തുതി ഒന്ന് നീ എടുത്തെങ്കിലും ഇനിയും ബാക്കിവച്ചല്ലോ. എന്നെ പരീക്ഷിച്ചെങ്കിലും എനിക്ക് നീ ആരോഗ്യം തന്നല്ലോ. തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ മഹാനവര്‍കളുടെ മക്കളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപെട്ട മകന്‍ ഒരു മൃഗത്തിന്റെ കുത്തേറ്റ് മരിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞത്, ”അല്ലാഹുവേ നിനക്കാണ് സര്‍വ്വ സ്തുതികളും ഒന്നിനെ നീ എടുത്തങ്കിലും നീ ബാക്കിവച്ചല്ലോ” എന്നാണ്. എന്തുകൊണ്ടാണ് താങ്കളിങ്ങനെ പറയുന്നതെന്ന് മഹാനവര്‍കളോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയില്‍ നമുക്ക് ഒരുപാട് പാഠങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു: ”എനിക്ക് രണ്ട് കയ്യും കാലുമായി നാലുഭാഗങ്ങളുണ്ട് അതില്‍ അല്ലാഹു ഒന്നേ തിരിച്ചെടുത്തിട്ടൊള്ളൂ ബക്കി മൂന്നും ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തിലാണ് അതുകൊണ്ടാണ് ഞാനാദ്യം അങ്ങനെ പറഞ്ഞത്. രണ്ടാമത് പറയാനുള്ള കാരണം എനിക്ക് ഏഴ് മക്കളാണ്. അതില്‍ ഒന്നല്ലേ അല്ലാഹു എടുത്തുളളൂ ബാക്കി ആറും ഇപ്പോഴും ബാക്കിയാണല്ലോ. എന്റെ മുന്‍കഴിഞ്ഞ ജീവിതത്തിലൊക്കെയും ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ഈയിടെ മാത്രമാണ് എന്റെ ആരോഗ്യത്തിന് ഭംഗം വന്നു തുടങ്ങിയത്. പിന്നെ ഞാനെങ്ങെനെ എന്റെ റബ്ബിന് നന്ദി ചെയ്യാതിരിക്കും.(മൗസൂഅത്തു ഫിഖ്ഹില്‍ ഇബ്തിലാഅ്)
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന് ജീവിതത്തിലെ ഏത് നിമിഷങ്ങളെയും ഭയപ്പെടാതെ സ്വീകരിക്കാന്‍ സാധിക്കും. കാരണം അവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന/നേരിടുന്ന ഓരോ പ്രതിസന്ധികള്‍ക്കും അല്ലാഹു നല്‍കുന്ന പ്രതിഫലം വിവരണാതീതമാണ്. ഇമാം ബുഖാരി(റ) അനസ് ബ്‌നു മാലിക്ക്(റ)നെ തൊട്ട് ഉദ്ധരിക്കുന്ന ഒരു തിരുവരുള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അനസ് തങ്ങള്‍ പറയുന്നു: ”നബി തങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”അല്ലാഹു പറഞ്ഞു: എന്റെ അടിമയെ അവന്‍ ഇഷ്ടപെട്ട രണ്ടു കാര്യങ്ങള്‍ (രണ്ടു കണ്ണകള്‍) കൊണ്ട് ഞാന്‍ പരീക്ഷച്ചാല്‍ ആ രണ്ടിനു പകരമായി ഞാന്‍് അവന് സ്വര്‍ഗം നല്‍കും”. ഇത്തരം ഓഫറുകളുടെ അനവധി പ്രവാചകാദ്ധ്യാപനങ്ങള്‍ ഇനിയും കാണം. അവയെ മുഴുവന്‍ എടുത്ത് ഉദ്ധരിക്കാന്‍ ഇവിടെ ഇടം പോര. വീല്‍ ചെയറിലായും മറ്റു ശാരീരിക പരീക്ഷണങ്ങളനുഭവിക്കുന്ന കൂട്ടുകാരോട് ചിലത് പറയട്ടെ, നിങ്ങള്‍ ഭാഗ്യവന്മാരാണ്. കാരണം യഥാര്‍ത്ഥവിജയമാകുന്ന പാരത്രിക വിജയത്തിലേക്കുള്ള എളുപ്പ വാതായനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് തുറന്നുവെച്ചിരിക്കുന്നു. അനസ് ബ്‌നു മാലിക്ക്(റ)വിനെ നമുക്ക് ഒന്നു കൂടെ കൊണ്ടുവരാം. മഹാനവര്‍കള്‍ പറയുന്നു പ്രവാചകര്‍ പറഞ്ഞിട്ടുണ്ട്: ലോകാവസാന ദിനത്തില്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി തുലാസിനെ കൊണ്ടുവരും. എന്നിട്ട് നിസ്‌കരിച്ചവരേയും നോമ്പെടുത്തവരേയും ധര്‍മം(സ്വദഖ)ചെയ്തവരേയും ഹജ്ജ് ചെയ്തവരേയും കൊണ്ടുവരും എന്നിട്ട് അവരുടെ പ്രവര്‍ത്തനങ്ങളെ തിട്ടപ്പെടുത്തിയതിനു ശേഷം അവര്‍ക്ക് അവരുടെ പ്രതിഫലം നല്‍കും. ശേഷം അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ക്ക് ഇരയായവരെ കൊണ്ടുവരും അവര്‍ക്ക് പ്രത്യേക തുലാസോ മറ്റു അളവുപകരണങ്ങളോ ഉണ്ടാവുകയില്ല അവരുടെ പ്രവര്‍ത്തനങ്ങളുടെ തോത് എഴുതിവെക്കാന്‍ ഏടുകളോ രേഖകളോ ഉണ്ടാവുകയില്ല എന്നിട്ട് പ്രവാചകര്‍ പറഞ്ഞു: അല്ലാഹു അവര്‍ക്ക് കയ്യും കണക്കുമില്ലാതെ പ്രതിഫലത്തെ വാരിക്കോരി ചൊരിഞ്ഞു കൊടുക്കും. എത്രത്തോളൊമെന്നു വെച്ചാല്‍ ഈ ഭൗതിക ലോകത്ത് ആരോഗ്യത്തോടു കൂടി ജീവിച്ച ആളുകള്‍ ഇതു കാണുമ്പോള്‍ കൊതിച്ചു പോവുംമത്രേ ‘ഞങ്ങളുടെ ശരീരങ്ങള്‍ ഭൗതികലോകത്ത് വെച്ച് ഈര്‍ച്ച വാളുകൊണ്ട് നെടുകെ പിളര്‍ന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെയെന്ന്, എങ്കില്‍ ഞങ്ങള്‍ക്കും ഇവരുടെ പ്രതിഫലം എത്തിക്കാമായിരുന്നുവല്ലോ’-(തഫ്‌സീറു ഇബ്‌നു മന്‍ജവയ്ഹി)
‘ഞങ്ങളൊന്ന് പുറത്തിറങ്ങിയാല്‍ അത്ഭുത ജീവികളെ നോക്കുന്നത് പോലെ നിങ്ങള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നു. സഹതാപം കൊണ്ട് ഞങ്ങളെ നിസാരവത്കരിക്കുന്നു’ തുടങ്ങി നിങ്ങളുടെ ആകുലതകളും പരിഭവങ്ങളും മനസ്സിലാക്കുന്നുണ്ട്. പക്ഷെ, ഈ ഇഹലോകത്തിന്റെ ഭ്രമണം അങ്ങനെയാണ്. നിങ്ങളനുഭവിക്കുന്ന ഓരോ പ്രയാസങ്ങള്‍ക്കും അളവറ്റ പ്രതിഫലമുണ്ട്, തീര്‍ച്ച. എന്തേ, നിങ്ങള്‍ക്ക് ഉറപ്പില്ലേ? ഈ ഭൗതിക ലോകത്ത് നീതി നടപ്പിലാക്കാന്‍ നമ്മള്‍ കോടതിയേയും പോലിസിനെയും നിയമ പാലകരേയും ഏല്‍പ്പിച്ചിട്ടുണ്ടങ്കില്‍ ജന്മം കൊണ്ടുതന്നെ നീതി ലഭിച്ചില്ല എന്ന് നമ്മള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതിനൊരു പരിഹാരം കാണാതെ അല്ലാഹു ഈ പ്രകൃതിയുടെ ക്രയവിക്രയങ്ങളെ സൃഷ്ടിക്കുമോ? ഇല്ല, തീര്‍ച്ച നിങ്ങളനുഭവിച്ചതിന്റെ പ്രതിഫലവും അതിലുപരിയും അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. അതില്‍ വിജയിക്കാന്‍ അല്ലാഹു വെച്ച ഒരേയൊരുടമ്പടി അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസ(ഈമാന്‍)മാണ്. കൂടെ ക്ഷമയും നന്ദിയും .അബദുല്ലാഹിബനു ഇബ്‌നു അംറ്(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസ്: നബിതങ്ങള്‍ പറയുന്നു: അല്ലാഹുവിന്റെ അടുത്ത് ഒരാള്‍ ക്ഷമയുള്ളവനും ഇല്ലാത്തവനും നന്ദിയുള്ളവനും ഇല്ലാത്തവനും ആകും. അവിടുന്ന് തുടര്‍ന്നു: മതപരമായ വിഷയങ്ങളില്‍ തന്നെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരിലേക്ക് നോക്കുകയും അവരെ മാതൃകയാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും ഭൗതിക വിഷയങ്ങളില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുകയും എന്നിട്ട് അല്ലാഹുവിന് സ്തുതികളര്‍പ്പിക്കുകയും ചെയ്യുന്നവന്‍ അല്ലാഹുവിന്റെ അടുത്ത് ക്ഷമയും നന്ദിയും ഉള്ളവനാണ്. എന്നാല്‍ ഇതിന്റെ നേര്‍വിപരീതം നോക്കുന്നവര്‍ അഥവ മതപരമായ വിഷയങ്ങളില്‍ തന്റെ താഴെ ഉള്ളവരിലേക്കും ഭൗതിക വിഷയങ്ങളില്‍ തന്റെ മുകളിലുള്ളവരിലേക്കും നോക്കുന്നവന്‍ ക്ഷമയും നന്ദിയും ഇല്ലാത്തവനുമാണ്. (സുനനു തുര്‍മുദി). ചുരുക്കത്തില്‍ അല്ലാഹു നമുക്ക് നല്‍കിയ പരീക്ഷണങ്ങളില്‍ ഇതിലും കൂടുതല്‍ അനുഭവിക്കുന്നവര്‍ ഈ ഭൂമിലോകത്തുണ്ട് എന്ന് മനസ്സിലാക്കി അവന് സ്തുതികളര്‍പ്പിച്ചും നമുക്ക് ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞും ജീവിക്കാന്‍ നാം സന്നദ്ധരാവുക. അങ്ങനയെങ്കില്‍ ഇന്‍ഷാഅല്ലാഹ് വിജയം സുനിശ്ചിതം. പൂര്‍ണ ഈമാനോടു കൂടെ അല്ലാഹുവിന്റെ പരീക്ഷണങ്ങളെ അതിജയിച്ച് ജീവിച്ച് മരിക്കാന്‍ അല്ലാഹു നമുക്ക് ഭാഗ്യം നല്‍കട്ടെ.