‘വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറുക’ എന്നത് മലയാളത്തിലെ ഒരു ആലങ്കാരിക പ്രയോഗമാണ്. ജീവിതത്തിന്റെ ഉയരങ്ങളിലെത്തിയവരെ വിശേഷിപ്പിക്കാന്‍ നമുക്കിങ്ങനെ ഒരു പ്രയോഗം തന്നെയുണ്ടെങ്കിലും പടിക്കെട്ടുകള്‍ കാരണം തോറ്റു പോകുന്ന ഒരുപാട് ജീവിതങ്ങളെ കുറിച്ച് നാം പലപ്പോഴും ഓര്‍ക്കാറില്ല.
ജന്മനാ, അല്ലെങ്കില്‍ എന്തെങ്കിലും രോഗം ബാധിച്ച് അതല്ലെങ്കില്‍ അപകടമോ വാര്‍ദ്ധക്യമോ മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഈ ഒരു അവസ്ഥ വരുന്നതോടെ ഉപയോഗശൂന്യമായ ഒരു വസ്തു എന്നപോലെ ഇങ്ങനെയുള്ളവരെ നാം ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ മാറ്റി നിര്‍ത്തുകയാണ്. ഈ അവസ്ഥയിലുള്ളവര്‍ക്ക് ലഭിക്കുന്ന ഏതൊരു സന്തോഷവും മറ്റുള്ളവരുടെ ഔദാര്യമോ നന്മയോ മാത്രമായി മാറുകയും ആരോഗ്യമുള്ള മറ്റു മനുഷ്യരെപ്പോലെ അഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള അവകാശം ഇവര്‍ക്കും ഉണ്ട് എന്നത് നാം സൗകര്യപൂര്‍വ്വം മറന്നു കളയുകയും ചെയ്യുന്നു!
ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തു നിര്‍ത്തുവാന്‍ ഉപകാരപ്രദമായ ധാരാളം നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളുമൊക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടെങ്കിലും ‘ഏട്ടിലെ പശു പുല്ലു തിന്നില്ല’ എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ ഏറെയും. ഇതൊക്കെ നടപ്പിലാക്കേണ്ടവര്‍ക്ക് പോലും ഇക്കാര്യത്തില്‍ വേണ്ട ധാരണയോ ഇതൊക്കെ പാലിക്കപ്പെടണം എന്ന ആത്മാര്‍ത്ഥമായ വിചാരമോ ഇല്ലാത്തത് കാരണവും, ഇതൊക്കെയും ഉത്തരവാദപ്പെട്ടവരെ നിരന്തരമായി ഓര്‍മ്മിപ്പിക്കാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും ഇവര്‍ക്കുള്ള പരിമിതികള്‍ മൂലവും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ട് തങ്ങള്‍ ഒന്നിനും കൊള്ളാത്ത ജന്മങ്ങളാണെന്ന ആത്മനിന്ദയോടെ ജീവിതം തള്ളി നീക്കുകയാണ് ഈ വിഭാഗത്തില്‍ ബഹുഭൂരിപക്ഷവും.
സര്‍ക്കാര്‍ ഓഫീസുകളിലും, നിശ്ചിത അളവിനു മുകളിലുള്ള സ്വകാര്യ കെട്ടിടങ്ങളിലും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് സുഗമമായി കയറിച്ചെല്ലാന്‍ റാമ്പ് സൗകര്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന് ഇവിടെ നിയമവും ഉണ്ട്. അതല്ലെങ്കില്‍ കെട്ടിടത്തിന് ലൈസന്‍സ് പോലും അനുവദിക്കാന്‍ പറ്റില്ല. ഈ നിയമം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നത് നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ തന്നെ അറിയാന്‍ സാധിക്കും. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഗ്രീന്‍ പാലിയേറ്റീവ്’ എന്ന സംഘടന ‘വീല്‍ ചെയര്‍ ഫ്രന്‍ഡ്‌ലി സ്റ്റേറ്റ് ക്യാമ്പയിന്’ തുടക്കം കുറിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട ഒരു റാലിയുടെ സമാപന ചടങ്ങിലേക്ക് അന്നത്തെ മലപ്പുറം കലക്ടറെ ക്ഷണിക്കാന്‍ വേണ്ടി കലക്ടറേറ്റില്‍ എത്തിയപ്പോഴാണ് എത്രയോ കാലം പഴക്കമുള്ള, പലവിധ ആവശ്യങ്ങള്‍ക്കായി നിത്യേന ഒരുപാട് പേര്‍ വീല്‍ചെയറില്‍ എത്തുന്ന മലപ്പുറം കലക്‌ട്രേറ്റില്‍ പോലും റാമ്പ് സൗകര്യം ഇല്ല എന്നത് അന്നത്തെ കലക്ടര്‍ ഭാസ്‌കരന്‍ സാറിന്റെ ശ്രദ്ധയില്‍ പെടുന്നത്. മനുഷ്യസ്‌നേഹിയായ ആ ഉദ്യോഗസ്ഥന്‍ ഉടനെ തന്നെ അവിടെ റാമ്പ് നിര്‍മ്മിക്കാന്‍ ആളെ ചുമതലപ്പെടുത്തുകയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും റാമ്പുകള്‍ നിര്‍മ്മിക്കാനും മുകള്‍ നിലയിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി വീല്‍ചെയറില്‍ കഴിയുന്ന ആരെങ്കിലും വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ താഴെ ഇറങ്ങി വന്നു കക്ഷിയെ കണ്ട് വേണ്ടത് ചെയ്തു കൊടുക്കണം എന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇന്ന് മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക് അടക്കം വീല്‍ചെയര്‍ ഫ്രന്‍ഡ്‌ലി ആയി മാറിയത് അദ്ദേഹത്തിന്റെ ഉത്സാഹം മൂലമാണ് എന്നതും സാന്ദര്‍ഭികമായി ഓര്‍മ്മിക്കട്ടെ. അതുപോലെയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ലോര്‍ ബസ്സുകളില്‍ വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യം. അന്നത്തെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഗ്രീന്‍ പാലിയേറ്റിവ് നല്‍കിയ നിവേദന ഫലമായി സര്‍ക്കാര്‍ അതിനു വേണ്ട ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പറഞ്ഞു വരുന്നത് ഇടപെടാനും ബോധ്യപ്പെടുത്താനും ആളുണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ സാധിക്കും എന്നതാണ്. പക്ഷെ ശരീരം തളര്‍ന്നു വീല്‍ ചെയറില്‍ അഭയം തേടുന്ന സഹജീവികളോട് പൊതു സമൂഹത്തിന്റെയും പലപ്പോഴും വീട്ടുകാരുടെയും സ്വന്തക്കാരുടെയുമൊക്കെ നിലപാട് എന്താണ് എന്നത് ആരായുമ്പോഴാണ് വല്ലാതെ നിരാശ തോന്നുക.
ഏതൊരു രക്ഷിതാക്കള്‍ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളുമുണ്ടാകും. കളിയും ചിരിയും കുസൃതികളുമായി വളരുന്ന ഓമനപൈതലിന്റെ ചിത്രമായിരിക്കും എപ്പോഴും ഉള്ളില്‍. പക്ഷെ പിറന്നു വീഴുന്നത് ശാരീരികമായോ ബുദ്ധിപരമായോ വെല്ലുവിളി നേരിടുന്ന ഒരു കുഞ്ഞാണെങ്കില്‍ അന്ന് മുതല്‍ ആ മാതാപിതാക്കളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എന്നെന്നേക്കുമായി അസ്തമിക്കുകയാണ്. പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ആ കുഞ്ഞിനുവേണ്ടി അവരുടെ ജീവിതം ഉഴിഞ്ഞു വെക്കുന്നു. ചിലപ്പോഴെങ്കിലും ഇങ്ങനെ ഒരു കുഞ്ഞ് പിറന്നതിന്റെ ‘കുറ്റം’ മതാവില്‍ ചാരി ഇട്ടേച്ചു പോകുന്ന പിതാക്കള്‍ ഉണ്ട്. അതുപോലെ കുടുംബം പുലര്‍ത്താന്‍ പിതാവ് വിദേശത്തു ജോലി ചെയ്യുകയാണെങ്കിലും വീടിന്റെ ചുമതലയോടൊപ്പം ഈ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതല മതാവില്‍ മാത്രം അര്‍പ്പിതമാവുകയാണ്. മറ്റു കുഞ്ഞുങ്ങളേക്കാളും ഇത്തരം കുഞ്ഞുങ്ങളെ സ്‌നേഹത്തോടെയും കരുതലോടെയും പരിചരിക്കാന്‍ മാതാവിന് യാതൊരു മടിയും ഉണ്ടാവാറില്ല. എന്നാല്‍ കൂട്ടു കുടുംബത്തില്‍ പോലും പലപ്പോഴും ഇങ്ങനെയുള്ള കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നതില്‍ അടുത്ത ബന്ധുക്കളുടെ പോലും സഹകരണം ഉണ്ടാവാറില്ല. എന്നാല്‍ കുട്ടികളുടെ ഭാഗത്തു നിന്നും അനിഷ്ടകരമായ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായാല്‍-പ്രത്യേകിച്ചും ബുദ്ധിമാന്ദ്യമോ ഓട്ടിസമോ ഉള്ള മക്കളില്‍ നിന്ന്- വളരെ കര്‍ശനമായും ക്രൂരമായും ഇടപെടുന്ന വീട്ടുകാര്‍ പോലുമുണ്ട്. സഹതാപമോ പരിഹാസമോ നിറഞ്ഞ ചോദ്യങ്ങളും നോട്ടങ്ങളും നേരിടാനുള്ള മടികൊണ്ട് ബന്ധുവീടുകളിലെ വിശേഷങ്ങളില്‍ പോലും ഇങ്ങനെയുള്ള കുട്ടികളെ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയാണ്.
ശരിയായ ചികിത്സ ലഭിച്ചാല്‍ ഭേദപ്പെട്ട ഒരു സ്ഥിതിയിലെത്താന്‍ സാധ്യതയുള്ള കുട്ടികളുടെ കാര്യത്തില്‍ പോലും ബന്ധുക്കളുടെയും അയല്‍വാസികളുടെയും തെറ്റായ ഉപദേശങ്ങള്‍ കൊണ്ട് ഫലപ്രാപ്തിയിഇല്ലാത്ത ചികിത്സകള്‍ക്കും മന്ത്രവാദങ്ങള്‍ക്കും പിന്നാലെ പോയി കൂടുതല്‍ വഷളായ അവസ്ഥകളില്‍ എത്തുന്നവരുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് വേണ്ട പരിശീലനങ്ങളും പരിചരണങ്ങളും ലഭിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകളില്‍ കുഞ്ഞുങ്ങളെ വിടാന്‍ നിത്യവും പോകേണ്ടി വരുന്ന ഉമ്മമാര്‍ പലപ്പോഴും നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും ബന്ധുക്കളുടെ ശാസനകളും കേട്ട് മാനസികമായി തകര്‍ന്നു പോകാറുണ്ട്. ഈ കുട്ടികള്‍ വളര്‍ന്നു വരുംതോറും മാതാപിതാക്കളുടെ ഉള്ളില്‍ ആധി പെരുകുകയാണ്. തങ്ങളുടെ കാലശേഷം ഈ മക്കളെ ആരു തിരിഞ്ഞു നോക്കും എന്ന ചിന്ത, പെണ്‍കുട്ടികളാണെങ്കില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുമോ എന്ന പേടി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ ജനിച്ച ഓരോ മാതാപിതാക്കളും നമ്മുടെ സമൂഹത്തില്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ ചെറിയൊരു അംശം മാത്രമാണിത്.
ബുദ്ധിയും തിരിച്ചറിവും ചിന്തയും എല്ലാം ഉണ്ടായിട്ടും ശരീരം തളര്‍ന്നു ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ സമൂഹത്തിന്റെ അവഗണന അനുഭവിക്കേണ്ടി വരികയാണ് ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങിപ്പോയവര്‍. ജന്മനാ അല്ലെങ്കില്‍ കുഞ്ഞുന്നാളിലേ രോഗം വന്ന് ഇവരെ ഉപയോഗശൂന്യമായ ഒരു വസ്തു എന്ന നിലയിലാണ് നമ്മുടെ സമൂഹം പൊതുവെ കാണുന്നത്. അങ്ങനെയുള്ള വ്യക്തികളെ അടുത്തറിയാനോ അവരുടെ കഴിവുകളെയും ചിന്തകളെയും സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചു മനസ്സിലാക്കാനോ ആരും ശ്രമിക്കാറില്ല. എന്തിന് വീട്ടില്‍ വിരുന്നു വരുന്നവര്‍ പോലും ഇങ്ങനെ കിടപ്പിലായിപ്പോയവരെ പലപ്പോഴും കാണാനോ ശ്രദ്ധിക്കാനോ മെനക്കെടാറില്ല. പോളിയോ ബാധിച്ച താന്‍ വീട്ടു വരാന്തയില്‍ ഇരിക്കുന്നതിനാല്‍ സഹോദരങ്ങള്‍ക്ക് വന്ന വിവാഹാന്വേഷണങ്ങള്‍ മുടങ്ങിപ്പോയതും വീട്ടിലേക്ക് ആരെങ്കിലും വരുമ്പോള്‍ അകമുറിയില്‍ ഒളിച്ചിരുന്നതും പെരുവണ്ണാമൂഴിയിലെ ജോണ്‍സനെ കുറിച്ചുള്ള ജീവിതക്കുറിപ്പില്‍ കാണാം. ഈ അനുഭവം ഒട്ടേറെപ്പേര്‍ക്ക് ഉള്ളതാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ക്രൂരമായി ശിക്ഷിച്ചു രസിക്കുന്ന സമൂഹമാണ് പലപ്പോഴും ശരീരം തളര്‍ന്നു പോയവരെ മാനസികമായി തളര്‍ത്തുന്നത്.
ശരീരം കൊണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ എളുപ്പം കഴിയില്ലെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് ഉയരങ്ങളില്‍ ചിന്തിക്കുന്ന, ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ആളുകളാണ് വീല്‍ചെയറില്‍ കഴിയുന്നവരില്‍ ഏറെയും. പഠിക്കാനും തൊഴില്‍ പരിശീലനത്തിനും സര്‍ഗ്ഗപരമായ കഴിവുകളെ വളര്‍ത്താനും വേണ്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ചെയ്തു കൊടുത്താല്‍ സാധാരണ ആളുകളേക്കാളും മികച്ച രീതിയില്‍ ഈ രംഗങ്ങളില്‍ ശ്രദ്ധേയരാവന്‍ ഇവര്‍ക്ക് കഴിയും. അങ്ങനെ അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിക്കും. ശരീരം തളര്‍ന്നു പോയവര്‍ക്ക് വേണ്ട മികച്ച പരിചരണ രീതികളും ചികിത്സയും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തൊഴിലുകളുടെയും കാര്യത്തില്‍ വിദേശ രാജ്യങ്ങളൊക്കെ ഏറെ മുന്നേറി കഴിഞ്ഞെങ്കിലും നാമിപ്പോഴും പിറകിലായിപ്പോകാനുള്ള കാരണം നമ്മുടെ സമൂഹത്തിന്റെ മനോഭാവവും അധികാര കേന്ദ്രങ്ങള്‍ക്ക് ഈ കാര്യത്തിലുള്ള അലസതയുമാണ്. സര്‍ക്കാര്‍ ആയാലും പൊതുസമൂഹമായാലും സഹതാപത്തോടെ ചുരുട്ടി വെച്ചു കൊടുക്കുന്ന ഏതാനും നോട്ടുകള്‍ കൊണ്ട് നമ്മുടെ കടമ തീര്‍ന്നു എന്നതാണ് പൊതുധാരണ. സത്യത്തില്‍ അതിലൂടെ ഇത്തരക്കാരെ മടിയന്മാരും കര്‍മ്മവിമുഖരും ആക്കി തീര്‍ക്കുക കൂടിയാണ് നാം പലപ്പോഴും ചെയ്യുന്നത്. സാമ്പത്തിക സഹായം നല്‍കേണ്ടത് അലസരായി ജീവിക്കുവാന്‍ വേണ്ടിയാവരുത്. അവര്‍ക്ക് വേണ്ട ഉപജീവന മാര്‍ഗ്ഗം ഒരുക്കുവാന്‍ വേണ്ടിയാവണം.
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് ജീവിക്കാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അവരുടെ കൂടി ആത്മാഭിമാനം ഇല്ലാതാക്കുന്ന രീതിയിലാണ് പലപ്പോഴും സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഇടപെടലുകള്‍. നമ്മുടെ ആരാധനാലയങ്ങളും വായനാശാലകളും ലൈബ്രറികളും വിനോദ കേന്ദ്രങ്ങളും പൊതുവാഹനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ ഇവര്‍ക്ക് കൂടി യഥേഷ്ടം എത്തിച്ചേരാന്‍ സൗകര്യപ്പെടുന്ന വിധത്തില്‍ ആയിത്തീരണം. ജീവിതം തന്നെ മടുത്ത് ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് മാനസികമായി ലഭിക്കുന്ന വലിയൊരു തുറവാകും അത്. നാം നിര്‍മ്മിക്കുന്ന പള്ളികള്‍ നിസ്‌കാരം കഴിഞ്ഞു തിരക്കിട്ടോടുന്നവരെ കൊണ്ടു നിറയുമ്പോള്‍ ഏറെ നേരം ഈ പള്ളികള്‍ക്കകത്ത് ഇരിക്കാന്‍ കൊതിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴും പള്ളികളുടെ പടിക്കെട്ടുകള്‍ തടസ്സമായതിനാല്‍ പുറത്താണ്. കമനീയമായി നിര്‍മ്മിച്ച അല്ലാഹുവിന്റെ ഭവനങ്ങള്‍ ദൂരെ നിന്നും കണ്ടു നെടുവീര്‍പ്പിടാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. അവരില്‍ പലരും ഒരു കാലത്ത് നമ്മെപ്പോലെ ഓടിച്ചാടി പള്ളികളില്‍ വന്നവരാണ്. ഓരോ വഖ്തിലും ഉത്സാഹത്തോടെ മുന്‍ നിരയില്‍ നിവര്‍ന്ന് നിന്ന് നിസ്‌കരിച്ചവരാണ്. അപകടമോ രോഗമോ മൂലം ശരീരം തളര്‍ന്നു പോയതിനാല്‍ അല്ലാഹുവിന്റെ ഭവനം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു പോവുക എന്നത് എത്ര വേദനാജനകമാണ്. മഹല്ല് കമ്മറ്റികളിലും പള്ളി പരിപാലനത്തിലും അഭിപ്രായങ്ങളും ചിന്തകളും പങ്കുവെക്കാന്‍ അവര്‍ക്കും അവസരം നല്‍കേണ്ടതില്ലേ. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ടു അവര്‍ക്ക് ചെയ്യാവുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ അവര്‍ക്കും സാധിക്കും.
വീല്‍ചെയറില്‍ ആയിപ്പോകുന്ന പുരുഷന്മാര്‍ അനുഭവിക്കുന്നതിലും കൂടുതല്‍ ഒറ്റപ്പെടലും വേദനയുമാണ് ശരീരം തളര്‍ന്നു പോയ സ്ത്രീകള്‍ അനുഭവിക്കുന്നത്. ഒരു പുരുഷന് കിട്ടുന്ന പരിഗണനയോ പരിചരണമോ ഒരു സ്ത്രീക്ക് പലപ്പോഴും സ്വന്തം വീട്ടില്‍ നിന്ന് പോലും ലഭിക്കുന്നില്ല. പുതിയ കാലത്ത്, കിടപ്പിലായവര്‍ക്കും വീല്‍ചെയര്‍ രോഗികള്‍ക്കും മൊബൈല്‍ ഫോണ്‍ വലിയൊരു ആശ്വാസമാണ്. കൂട്ടായ്മകള്‍ ഉണ്ടാക്കാനും വിളിച്ചും മെസേജിലൂടെയും ബന്ധപ്പെടാനും പല കാര്യങ്ങളും ചെയ്യാനും അവര്‍ക്ക് അവസരമുണ്ട്. എന്നാല്‍ ഇതിനൊക്കെ സ്ത്രീകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. വിവാഹിതനായ ഒരു പുരുഷന്‍ അപകടത്തില്‍ പെട്ട് ശരീരം തളര്‍ന്നു കിടപ്പിലായാല്‍ അയാളെ മരണം വരെ ശുശ്രൂഷിച്ചു കൂടെ നില്‍ക്കാന്‍ പ്രിയതമയുണ്ടാകും. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീക്ക് ഈ അവസ്ഥ വന്നാല്‍ ഇങ്ങനെ ആവണമെന്നില്ല. എത്രയും പെട്ടെന്ന് ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും ഇത്രയും കാലം കൂടെ നിന്ന ഭാര്യയെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലേക്ക് ഇട്ടെറിഞ്ഞു പോകുകയും ചെയ്യുന്നവരുണ്ട്. ആരോടും പറയാതെ ഉള്ളിലൊതുക്കിയ സങ്കടങ്ങളുടെ അഗ്‌നിപര്‍വ്വതങ്ങളാണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീകളുടെ അകത്തളങ്ങളില്‍ നിറയെ. ആശുപതി കള്‍ പോലും വീല്‍ ചെയര്‍ രോഗികള്‍ക്ക് ഒട്ടും സൗകര്യപ്രദമല്ലാത്ത രീതിയില്‍ നിര്‍മ്മിച്ച നമ്മുടെ നാട്ടില്‍ ആരാണ് ഇതേ കുറിച്ചൊക്കെ ചിന്തിക്കുന്നത്.
‘വിധി’ എന്ന രണ്ടക്ഷരങ്ങള്‍ കൊണ്ട് നമുക്കിതൊക്കെ സൗകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കാം. വാഹനാപകടങ്ങള്‍ നിത്യ സംഭവമാകുന്ന ഈ കാലത്ത് ഈ അവസ്ഥയൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം എന്നു നാം ഓര്‍ക്കാറില്ല. തിരക്ക് പിടിച്ചോടുന്ന നമ്മുടെ ലോകത്ത് പാതിവഴിയില്‍ വീണുപോയവരെ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും നേരമില്ലല്ലോ. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു എന്നത് കൊണ്ട് ഒരാളും ഒന്നിനും കൊള്ളാതാവുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ് മുതല്‍ ഇങ്ങു നമ്മുടെ തൊട്ടടുത്തു ജീവിക്കുന്ന റഈസും മാരിയത്തും ജെസ്ഫറുമടങ്ങുന്ന ഒരുപാട് മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും സമൂഹത്തിനു വേണ്ടി കര്‍മ്മോന്മുഖരായി തീര്‍ക്കുന്നത് നമുക്കറിയാം. നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായാലും ഭിന്നശേഷിക്കാര്‍ക്കായാലും വേണ്ടത് നമ്മുടെ സഹതാപമോ ഔദാര്യമോ അല്ല. സാധാരണ മനുഷ്യര്‍ എന്ന നിലയിലുള്ള പരിഗണനയാണ്. അവരെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നത് നമ്മുടെ ബാധ്യതയാണ്. ചേര്‍ത്തു പിടിക്കാനും കൈ പിടിച്ചു നടത്താനുമുള്ളൊരു മനസ്സുണ്ടായാല്‍, അവകാശപ്പോരാട്ടങ്ങളില്‍ അവരോടൊപ്പം നില്‍ക്കാനുള്ളൊരു ഹൃദയം ഉണ്ടായാല്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും; സാധിക്കണം. അത് നാം ഓരോരുത്തരുടെയും കടമയാണ്.