ഹജ്ജ് കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു. യാത്രാ സംഘം മദീന ലക്ഷ്യം വെച്ച് യാത്ര തിരിച്ചു. ഒട്ടകപ്പുറത്തുള്ള യാത്ര. ശരീരം മദീനയിലെത്തിയിട്ടില്ലെങ്കിലും മനസ്സ് എപ്പോഴോ മദീനയിലാണ്. ഉമര്‍ ഖാളി(റ)ഉം സംഘവും മദീനയിലെത്തി. റൗളാ ശരീഫിന്റെ അടുത്തെത്തിയതും ആ പ്രണയിനിയുടെ മനസ്സ് തന്റെ അധരത്തിലൂടെ കവിതയായും കണ്ണിലൂടെ അശ്രുകണങ്ങളായും അണപൊട്ടിയൊഴുകി. പ്രശസ്തമായ ഖസീദത്തുല്‍ ഉമരിയ്യക്ക് രൂപം കൊള്ളുന്നത് അവിടെ വെച്ചാണ്. ചുറ്റുമുണ്ടായിരുന്ന സഹയാത്രികര്‍ക്കു പുറമെ അറബികളും ആ പ്രണയ പ്രകീര്‍ത്തനത്തിന്റെ മാധുര്യത്തില്‍ മതിമറന്ന് ഓരോ ബൈത്തിനു ശേഷവും ഏറ്റു ചൊല്ലി: സ്വല്ലിം അലൈഹി വസ്വല്ലിമൂ തസ് ലീമാ..
ഇതിന് സ്വല്ലല്‍ ഇലാഹ് ബൈത്ത് എന്നും പേരുണ്ട്. മഹാനവര്‍കളുടെ ഈ കവിതാ സമാഹാരം ലോക പ്രശസതിയാര്‍ജ്ജിച്ച പല അറബിക്കവികളെയും അവരുടെ കവിതകളെയും തുലനം ചെയ്തു നോക്കാന്‍ മാത്രം പ്രൗഢഗാംഭീര്യമുള്ളതുമാണ്. ഇത് അതിലെ ഓരോ വരികളും സൂക്ഷമ വീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും. അറബി സാഹിത്യകാരന്മാര്‍ക്കിടയില്‍ അംഗീകാരം ലഭിക്കപ്പെട്ടതും അതിനു പുറമെ ഇസ്്‌ലാമിക തത്വ ചിന്താപരമായി ജനഹൃദയങ്ങളെ പല വശങ്ങളിലേക്ക് ചിന്തിപ്പിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഓരോ വരികളും മഹാനവവറുകള്‍ രൂപപ്പെടുത്തിയത്.
ഖസീദത്തുല്‍ ഉമരിയ്യയിലെ ‘യാ അക്‌റമല്‍ കറമാ….’
ഈ വരികള്‍ ചൊല്ലിയപ്പോഴാണ് പൂട്ടികിടന്നിരുന്ന റൗളാ ശരീഫ് പ്രണയിനിക്കായ് തുറക്കപ്പെട്ടത്. മഹാനവറുകള്‍ തികഞ്ഞ അറബി ഗദ്യ കാവ്യ സാഹിത്യകാരനായിരുന്നു. എന്തൊരു സംഭവം നടന്നാലും തന്റെ ഭാവനയില്‍ അത് കവിതയായ് പുനര്‍ജനിപ്പിച്ചവതരിപ്പിക്കുമായിരുന്നു. ഗുരുനാഥന്മാര്‍ക്കും സുഹൃത്തുക്കള്‍ ശിഷ്യന്മാര്‍ക്കുമൊക്കെ അയച്ചിരുന്ന കത്തുകളൊക്കെയും അറബി പദ്യരൂപങ്ങളിലായിരുന്നു.
ഖസീദത്തുല്‍ ഉമരിയ്യക്കു പുറമെ ഒട്ടനവധി നബി പ്രകീര്‍ത്തന കാവ്യങ്ങള്‍ വേറെയും ആ പ്രണയനിയുടെ കവിമനസ്സില്‍ നിന്നും രൂപം കൊണ്ടിട്ടുണ്ട്. പുള്ളിയുള്ള അക്ഷരങ്ങള്‍ കൊണ്ട്് മാത്രവും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ടു മാത്രവും ഓരോ പദ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ പുള്ളിയുള്ള അക്ഷരങ്ങള്‍ കൊണ്ടെഴുതിയ പദ്യത്തില്‍ ആദ്യവരിയില്‍ ഒരു പ്രണയിനി തന്റെ പ്രാണ സഖി അവളില്‍ നിന്നും അകറ്റിയതിന്റെ ദുഃഖത്തെ കുറിച്ചു പറയുന്നു. അതിനു ശേഷമുള്ള വരികളില്‍ നബിയോടുള്ള പ്രണയവും അവിടുന്ന് രക്ഷകനാക്കുന്നതും പ്രണയ ഭാജനമാക്കുന്നതിന് നബിക്കുളള അര്‍ഹതയുമൊക്കെ പറയുന്നു.
എന്നാല്‍ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ക്കൊണ്ടുള്ള കാവ്യശകലത്തില്‍ നബിതങ്ങളുടെ ജനനം കൊണ്ടാണ് തുടങ്ങുന്നത്. നബി തങ്ങളുടെ വിശേഷണങ്ങളാണധികവും. ഈ രണ്ട്് കാവ്യങ്ങള്‍ക്കു പുറമെ മഞ്ചല്‍ ചുമക്കുന്ന അമ്മാലന്മാരുടെ ശബ്ദത്തിനും താളത്തിനുമനുസരിച്ച് അതേ രീതിയിലെഴുതിയ മറ്റൊരു കവിതയിലും ഇതിവൃത്തം പ്രവാചക പ്രകീര്‍ത്തനമാണ്. നബി(സ്വ) തങ്ങള്‍ ജനിക്കലോടു കൂടി സംഭവിച്ച അത്ഭുതങ്ങള്‍ പറഞ്ഞ് കൊണ്ടാണ് ഈ കവിതാ സമാഹാരം തുടങ്ങുന്നത്.
ഉമര്‍ ഖാളി(റ)
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് കടലോര ഗ്രാമമായ വെളിയങ്കോട് ആലി മുസ്്‌ലിയാരുടെയും ആമിനയുടെയും മകനായി ഹിജ്‌റ 1177 റബീഉല്‍ അവ്വല്‍ പത്തിന് (കൃസ്തു വര്‍ഷം 1765) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ അടുക്കല്‍ നിന്നു തന്നെ ആയിരുന്നു. എട്ടാം വയസ്സില്‍ ഉമ്മയും പത്താം വയസ്സില്‍ ഉപ്പയും മരണപ്പെട്ടു. പതിനൊന്നാമത്തെ വയസ്സില്‍ താനൂരിലെ ദറസില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. പൊന്നാനിയിലെ മഖ്ദൂം വംശജനായ തുന്നം വീട്ടില്‍ അഹമ്മദ് മുസ്്‌ലിയാരായിരുന്നു മുദരിസ്സ്. അവിടുന്നാണ് ഇബ്‌നു മാലിക് തങ്ങളുടെ പ്രശസ്തമായ അല്‍ഫിയ്യ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പഠിച്ചത്. പഠനകാലത്തെ സംസാരങ്ങള്‍ പോലും കാവ്യമയമുള്ളവയായിരുന്നു. താന്‍ സന്ദര്‍ശിക്കുന്ന പള്ളികളിലും ഭവനങ്ങളിലും അറബി കവിതാ ഈരടികള്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു. സാഹിത്യത്തില്‍ മാത്രമല്ല രാഷ്ട്രീയ വിഷയങ്ങളിലും വളരെ സജീവമായിരുന്നു. ഇന്ത്യയിലെ എല്ലാ മതക്കാരെയും ഒരൊറ്റ ജനതയായി കണ്ട് പറങ്കികളെ അവരുടെ ശത്രുക്കളായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. ഇന്ത്യയിലൈ നാട്ടുരാജക്കാന്മാരോട് അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. സാമൂതിരി രാജാവ് മഹാനവറുകളെ ആദരിച്ചിരുന്നു. നികുതി നിഷേധ പ്രസ്ഥാനമെന്ന ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി മുന്നോട്ട് വെച്ചത് മഹാനവറുകളാണ്. ഇതിന്റെ പേരില്‍ മഹാനവറുകളെ തുറങ്കല്‍ അടക്കുകയും ചെയ്തിട്ടുണ്ട്. ഒരു മുസ്‌ലിം പണ്ഡിതനെന്നതിലുപരി ഒരു ദേശാഭിമാനി കൂടിയായിരുന്നു ഉമര്‍ഖാളി(റ).